നീയും ഞാനും.. 🧡 ഭാഗം 24

neeyum njanjum shamseena

രചന: ശംസീന

പാറുവിന്റെ വീടിനു മുന്നിൽ കല്യാണപ്പന്തൽ ഉയർന്നു...ലതയുടെ കുടുംബക്കാരും അയൽവാസികളും വീടിന്റെ ഓരോ മൂലയിൽ ഇരുന്ന് കുശലം പറഞ്ഞു.. ചിലരാണെങ്കിൽ അടുക്കളയിൽ ജോലിയിലും... മുറിയുടെ ഒത്തനടുവിൽ കസേരയിൽ ഇരിക്കുകയാണ് പാറു.. ചുറ്റും കസിൻസുകളും അണിനിരന്നിട്ടുണ്ട്...അതിലൊരാൾ അവളുടെ ഇരുകൈകളിലും ഭംഗിയിൽ മെഹന്തി ഇടുന്നുണ്ട്... അവരുടെ കയ്യടികളും ആർപ്പുവിളികളും പാറുവിന് അരോചകമായി തോന്നി...എങ്ങനെയും അവിടുന്ന് പുറത്തേക്ക് കടന്നാൽ മതിയെന്നായി അവൾക്ക്... അതിനിടക്കാണ് മീര മുറിയിലേക്ക് കടന്നു വന്നത് കൂടെ തൻവിയും... തൻവിയെ കണ്ടതും പാറു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "പാർവണ ഇരിക്ക്.. " കസേരയിൽ ഇരുന്നിരുന്ന തൻവി അവളേയും തന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുത്തി... "എന്റെ മിസ്സാണ്... " പരിചിതമില്ലാതെ ആളെ കണ്ടത് പോലെ നോക്കുന്ന കസിൻസിനോടായി അവൾ പറഞ്ഞു...പാറു അങ്ങനെ പറഞ്ഞതും അവർക്കൊരു ശല്യമാവാതെ അവരെല്ലാം പുറത്തേക്കിറങ്ങി...

"പാർവണ എന്നെ വിവാഹത്തിന് ക്ഷണിച്ചില്ലല്ലോ... ഒന്നുമില്ലേലും തനിക്ക് കുറച്ചു ദിവസം അറിവ് പകർന്നു തന്നൊരു ആളല്ലേ ഞാൻ... " ഉള്ളിലെ പുച്ഛം തൻവിയുടെ വാക്കുകളിൽ പ്രകടമായിരുന്നു... "മിസ്സേ ഞാൻ... ഞാൻ അങ്ങനെ ആരേയും ക്ഷണിച്ചിട്ടില്ല..." പാറു നിസ്സഹായയായി... "അത് സാരമില്ല വിളിച്ചില്ലേലും ഞാൻ വരും.. എന്റെ ജിത്തുവിന് വേണ്ടപ്പെട്ടവരല്ലേ നിങ്ങളൊക്കെ..." അവൾ ജിത്തുവിന്റെ പേര് പറഞ്ഞതും പാറു മീരയെ നോക്കി...അവൾ കണ്ണുകൾ അടച്ചു മറുപടിയൊന്നും കൊടുക്കേണ്ട എന്ന് പറഞ്ഞു... "ദാ ഇതിരിക്കട്ടെ.... " കൈയിലുള്ള ഗിഫ്റ്റ് തൻവി അവളെ ഏൽപ്പിച്ചു... അത് വാങ്ങിക്കാതെ മടിയോടെ നിന്ന പാറുവിന്റെ കയ്യിലേക്ക് അത് വെച്ചു കൊടുത്തു... "ഞാൻ ഇറങ്ങട്ടെ.. ഭാഗ്യമുണ്ടെൽ ഇനിയും കാണാം.. പിന്നെ ഞാൻ മുൻപ് പറഞ്ഞതൊന്നും മറക്കേണ്ട..." തൻവി പാറുവിനെ ഓർമിപ്പിച്ചു കൊണ്ട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി... തൻവി പോയെന്നുറപ്പായതും പാറു കയ്യിലുള്ള ഗിഫ്റ്റ് വലിച്ചെറിഞ്ഞു പൊട്ടികരഞ്ഞു... മീരാ ആരെങ്കിലും കാണുന്നതിന് മുന്നേ മുറിയുടെ വാതിൽ അടച്ചു പാറുവിന്റെ അടുത്തേക്ക് ചെന്നു.. "നിക്ക് വയ്യ മീരേ ഇതുപോലെയൊരു കോമാളി വേഷം കെട്ടാൻ..മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു കളിച്ചു ഇരിക്കുന്നെന്നെ ഉള്ളൂ എന്റെ ഉള്ള് നോവുന്നത് എനിക്ക് മാത്രമല്ലേ അറിയൂ..."

"പാറു.. മോളെ കരയാതെടി...നമുക്ക് എന്തെങ്കിലും വഴികാണാം.." മീര അവളെ ആശ്വസിപ്പിച്ചു.. "ഇനി എന്ത് വഴി..എല്ലാ വഴിയും എന്റെ മുന്നിൽ അടഞ്ഞു,, ജീവിതകാലം മുഴുവൻ ഇതുപോലെ മറ്റുള്ളവരുടെ മുന്നിലും അഭിനയിച്ചു ജീവിക്കണ്ടേ എന്നാലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..." പാറുവിന്റെ തേങ്ങലുകൾ ഉയർന്നു... മീരക്കും തന്റെ കൂട്ടുകാരിയുടെ അവസ്ഥ കണ്ടു കണ്ണീർ വാർക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ... **** കല്യാണതലേന്നുള്ള ആളും ആരവങ്ങളുമെല്ലാം ഒഴിഞ്ഞതും പാറു തന്റെ മുറിയിലേക്ക് കയറി കതകടച്ചു... വേഗം കിടന്നുറങ്ങി നേരത്തെ എഴുന്നേൽക്കാനും വാതിൽ അടിക്കുന്നതിനു മുന്നേ ലത പറയാൻ മറന്നില്ല.... നാളെ മുതൽ താൻ ഓടിക്കളിച്ചു വളർന്ന തന്റെ വീട് തനിക്ക്‌ അന്യമാവും.. പക്ഷേ ആ ഓർമയിൽ ചെറു നോവ് പോലും അവൾക്കനുഭവപ്പെട്ടില്ല...ഒരു പക്ഷേ അത്രമാത്രം വേദനകൾ ചുരുങ്ങിയ ദിവസം കൊണ്ട് അനുഭവിച്ചതിനാലാവാം... പാറു മുറിയിലെ ജനൽ തുറന്നിട്ടു പുറത്തേക്ക് മിഴികൾ പായിച്ചു...വിടർത്തിയിട്ടിരുന്ന മുടിയിഴകൾ കാറ്റിൽ പാറിപറന്നു...

മിഴികളിലൂടെ നീർതുള്ളികൾ ഒഴുകി കവിളുകളിൽ ചാലുകൾ തീർത്തു... ആ സമയമാണ് മിഴികൾ ദൂരെ മാറി നിൽക്കുന്ന ഒരാളിൽ ഉടക്കിയത്... അതാരാണെന്ന് പെട്ടന്ന് തന്നെ മനസ്സിലായി പാറുവിന്.. വർഷങ്ങളോളം ഒരു നിഴൽ പോലെ പിറകെ നടന്നിരുന്നതല്ലേ... ജിത്തുവിനെ കുറിച്ചാലോചിക്കുന്തോറും മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു... നാളെ മുതൽ ഇതിനുള്ള അവകാശം പോലും തനിക്കില്ല...തന്റെ മനസ്സും ശരീരവും മറ്റൊരാൾക്ക് സ്വന്തമായിരിക്കും...ജിത്തേട്ടനെയല്ലേ താൻ പ്രണയിച്ചത് ആ മാറോട് ചേരാനല്ലേ താൻ ഇക്കാലമത്രയും കൊതിച്ചത്... എല്ലാം വെറും പാഴ് മോഹങ്ങളായിരുന്നെന്ന് കാലം തെളിയിച്ചു... ഗൗരി ടീച്ചറും ജ്യോതിചേച്ചിയും തന്നെ കാണാൻ വന്നിരുന്നു... ജോയേച്ചിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല അവരുടെ ഭർത്താവിന്റെ കുടുംബത്തിൽ ഒഴിച്ചു കൂടാനാവതൊരു വിവാഹമുണ്ട് ആ കാരണത്താൽ... ഒന്നാലോചിച്ചാൽ അതും നല്ലതാണെന്നു തോന്നി ഒരാളുടെ മുന്നിലുള്ള അഭിനയമെങ്കിലും കുറക്കാമല്ലോ... ജിത്തു കണ്ണിൽ നിന്ന് മാഞ്ഞതും അവന്റെ ഓർമകളെയും പാതിയിൽ ഉപേക്ഷിച്ചു പാറു കട്ടിലിൽ വന്നു കിടന്നു...കണ്ണടച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ലവൾക്ക്...തിരിഞ്ഞും മറിഞ്ഞും കിടന്നു കണ്ണിൽ ഉറക്കം പിടിച്ചപ്പോഴാണ് വാതിലിൽ ശക്തമായി തട്ടുന്നത് കേട്ടത്..

അവൾ ഉറക്കച്ചടവോടെ ചെന്നു വാതിൽ തുറന്നു.. "ഇതുവരെ എഴുന്നേറ്റില്ലേ പാറു.. ചെല്ല് വേഗം ചെന്നു കുളിച്ചിട്ടു വാ.. " ലത മുറിക്കകത്തേക്ക് കയറി തിടുക്കത്തോടെ അവളെ ബാത്റൂമിലേക്ക് കയറ്റി...പാറു കുളിച്ചിറങ്ങിയപ്പോഴേക്കും ലത ഒരു സെറ്റും മുണ്ടും അവൾക്കു വേണ്ടി റെഡിയാക്കി വെച്ചിരുന്നു.. അത് വൃത്തിയിൽ അവർ തന്നെ ഉടുപ്പിച്ചു... "മോൾക്ക് അമ്മയോട് നീരസമൊന്നും തോന്നരുത്.. അമ്മയുടെ ഈ തീരുമാനമാണ് ശെരിയെന്നു മോൾക്ക് പിന്നീട് മനസ്സിലാവും.. " അവളുടെ മുടി പിന്നുന്നതിനിടയിൽ ലത പറഞ്ഞു... "അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടു വാ.. മീര മുറ്റത്ത് കാത്തു നിൽക്കുന്നുണ്ട്... " ലത അവളെ ക്ഷേത്രത്തിലേക്ക് പറഞ്ഞുവിട്ടു.. അമ്പലത്തിലേക്ക് നടക്കുമ്പോൾ ഇരുവരും പരസ്പരം മൗനത്തിലായിരുന്നു...സാധാരണ എവിടേക്കെങ്കിലും പോവുമ്പോൾ വാ തോരാതെ സംസാരിക്കുന്നവരാണ് ഇപ്പോൾ ഒന്നും പറയാനില്ലാതെ നടക്കുന്നത്... കൈകൾ കൂപ്പി കണ്ണന് മുന്നിൽ നിൽക്കുമ്പോഴും പാറുവിന് യാതൊരു വികാരവും തോന്നിയില്ല മനസ്സ് അത്രമേൽ കല്ലായി പോയിരുന്നു...

ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ ഇതുപോലൊരു അവസ്ഥ ഇനി ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെയെന്ന്... ***** അമ്പലത്തിൽ നിന്നും തിരികെയെത്തിയ പാറു കാണുന്നത് വീടിനു മുന്നിൽ തടിച്ചു കൂടി നിൽക്കുന്ന ആളുകളെയാണ്.... അവളെ കണ്ടതും അവരെല്ലാം പരസ്പരം എന്തൊക്കെയോ അടക്കം പറഞ്ഞു കൊണ്ടിരുന്നു... വേഗതയിൽ പാറു മുന്നോട്ട് നടന്നു... തന്റെ അമ്മക്കോ ഏട്ടനോ എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നായിരുന്നു ചിന്ത മുഴുവൻ... എത്രയൊക്കെ പുറമെ വെറുപ്പ് കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ഇന്നും അവർ തന്റെ ദൈവങ്ങളുടെ സ്ഥാനത്താണ്... പാറു വീടിനകത്തേക്ക് കയറുമ്പോഴേ കേട്ടു അകത്തു നിന്നുമുള്ള വാക്ക് തർക്കങ്ങളും ബഹളങ്ങളും... അവൾ ചുറ്റും കൂടി നിൽക്കുന്നവരെ വകഞ്ഞു മാറ്റി കോലായിലേക്ക് കടന്നു.. എല്ലാ കണ്ണുകളും അവളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു.. "ഈ കല്യാണം ഇനി നടക്കില്ല.. വേറൊരുത്തന്റെ കൂടെ അതും സ്വന്തം അദ്ധ്യാപകന്റെ കൂടെ അഴിഞ്ഞാടി നടക്കുന്നവളെ ഞങ്ങളുടെ ചെറുക്കന് വേണ്ട..." അവിനാഷിന്റെ അമ്മാവന്റെ വാക്കുകൾ ചാട്ടുള്ളി അവളുടെ കാതുകളിൽ വന്നു പതിച്ചു... വിച്ചുവിന്റെയും ലതയുടെയും മുഖം അപമാനത്താൽ താഴ്ന്നു..

. "അമ്മാവാ നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് അങ്ങനൊന്നും.." വിച്ചു അവരെ സമാധാനിപ്പിക്കാൻ നോക്കി.. "പിന്നെ എങ്ങനെയാനുള്ളത്.. ആര് കള്ളം പറഞ്ഞാലും നമ്മുടെ കണ്ണുകൾ കള്ളം പറയില്ലല്ലോ.. ദാ നോക്ക് നിന്റെ പെങ്ങളുടെ ലീലാവിലാസങ്ങൾ... " അയാൾ അവിനാഷിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വിച്ചുവിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു.. അതിൽ പാറുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ജിത്തുവിനെ കണ്ടതും അവന്റെ മുഖം കോപത്താൽ വിറച്ചു.. "ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒന്നും ചോദിക്കാനും പറയാനുമില്ല ഞങ്ങളിറങ്ങുന്നു.." അയാൾ അത്രയും കോപത്തോടെ പറഞ്ഞു തിരിഞ്ഞത് പാറുവിന്റെ മുന്നിലേക്കായിരുന്നു... "ആഹാ വന്നല്ലോ കഥാ നായിക...പറയേണ്ടതെല്ലാം അവിടെ പറഞ്ഞിട്ടുണ്ട്... എങ്ങനെ തോന്നി കൊച്ചേ ഞങ്ങളുടെ കൊച്ചിനോട് ഈ ചതി ചെയ്യാൻ..." അയാൾ പറഞ്ഞതും അവൾ പിന്നിൽ നിൽക്കുന്ന അവിനാഷിന്റെ മുഖത്തേക്ക് നോക്കി,, അവനെന്നാൽ അവളിൽ നിന്നും മുഖം വെട്ടിച്ചു പുറത്തേക്കിറങ്ങി... വന്നവരെല്ലാം മടങ്ങിയതും പാറുവിന്റെ ശരീരവും മനസ്സും ഒരുപോലെ വിറച്ചു... അവൾ വിച്ചുവിനെയും അമ്മയേയും നോക്കി... അവരുടെ മുഖത്തെ ഭാവം അവൾക്ക് വിവേചിച്ചെടുക്കാൻ കഴിഞ്ഞില്ല...

പൊടുന്നനെ വിച്ചു വന്നവളുടെ മുഖമടച്ചു കൊടുത്തു...പാറുവിന്റെ കണ്ണുകൾ നിറഞ്ഞു...അത്രയും ശക്തിയിലുള്ള അടിയായത് കൊണ്ട് ചുണ്ട് പൊട്ടി ചോര വന്നു... കലി തീരാതെ വീണ്ടും വിച്ചു അവളെ അടിച്ചു കൊണ്ടിരുന്നു... വേച്ചു വീഴാൻ പോയവളെ മീര താങ്ങി നിർത്തി... "എന്ത് കാണാൻ നിൽക്കുവാണ് എല്ലാവരും ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്... " അവൻ അവിടെയുള്ളവരെ നോക്കി അലറിയതും അവരെല്ലാം അവിടുന്ന് സ്ഥലം കാലിയാക്കി...പാറുവിന്റെ അടുത്ത് നിന്നും മാറാതെ നിന്ന മീരയെ അവളുടെ അച്ഛനും അമ്മയും പിടിച്ചു വലിച്ചു വീട്ടിലേക്ക് കൊണ്ടുപോയി... "കുടുംബത്തിന്റെ മാനം കളഞ്ഞപ്പോൾ സമാധാനമായില്ലെടി നിനക്ക്... നീ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോടി അസത്തെ..." "അമ്മേ ഞാൻ.. ഞാനൊന്നും അറിഞ്ഞിട്ടില്ല... " അവൾ അവരോട് കരഞ്ഞു പറഞ്ഞു.. "അറിഞ്ഞിട്ടില്ല പോലും,, നീയും അവനും കൂടി ഞങ്ങളെ ചതിക്കുവായിരുന്നു അല്ലേ.. എങ്ങനെ തോന്നിയെടി ഞങ്ങളോട് നിനക്കിത് ചെയ്യാൻ.. കാണേണ്ട ഞങ്ങൾക്ക് നിന്നെ ഇതുപോലൊരു കൂടപ്പിറപ്പ് എനിക്കോ ഒരു മകൾ അമ്മക്കോ ഇല്ല...

ഇറങ്ങിപ്പോടി ഞങ്ങളുടെ മുന്നിൽ നിന്നും.." വിച്ചുവിൽ നിന്നും കേട്ട വാക്കുകൾ അവളുടെ ഉള്ളിൽ ഒരു കൂരമ്പ് പോലെ തുളഞ്ഞു കയറി...വിച്ചു കോപത്തോടെ അവളുടെ മുടിക്കുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി... പാറു മുറ്റത്തേക്ക് വീഴുന്നതിന് മുന്നേ രണ്ട് കരങ്ങൾ അവളെ താങ്ങി... അവൾ മുഖമുയർത്തി നോക്കി... കോപത്തോടെ വിച്ചുവിനെ നോക്കുന്ന ജിത്തേട്ടനും ടീച്ചറമ്മയും... ഉള്ളിലെവിടെയോ ആ കൊച്ചു പെണ്ണിനോട് അവർക്ക് സഹതാപം തോന്നി... "വിച്ചു കാര്യമറിയാതെ നീ ഇവളെ ഉപദ്രവിക്കരുത്.. " ഗൗരി ടീച്ചർ ശാസനയോടെ പറഞ്ഞു... "എല്ലാം അറിഞ്ഞിട്ടു തന്നെയാണ് പറയുന്നത്..ഇവളെ ഇനി ഞങ്ങൾക്ക് വേണ്ടാ,,ഈ വീടുമായി ഇവൾക്കിനി യാതൊരു ബന്ധവുമില്ല... അത്രക്കും ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ അപമാനിതരായി...ഇനിയും വയ്യാ നാണം കെട്ട് ജീവിക്കാൻ..." വിച്ചു നുരഞ്ഞു വന്ന ദേഷ്യത്തോടെ അവരോട് പറഞ്ഞു.... "അനുവാദത്തിന് കാത്തു നിൽക്കുന്നില്ല കൊണ്ടുപോകുവാണ് ഞങ്ങളിവളെ...ഒന്നോർത്താൽ മറുഭാഗത്ത് എന്റെ മകനാണ് അപ്പോൾ അതിന്റെ ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്..സത്യമെന്തെന്നറിയാതെ ഈ പെണ്ണിന് നേരെ കയ്യുയർത്തിയ നീ ഒരുനാൾ പശ്ചാതപിക്കും അന്ന് നീ ഞങ്ങളെ തേടി വരും..

. ഇവളെ ഇതുപോലെ പാതി വഴിയിൽ ഉപേക്ഷിച്ചു പോവുമോ എന്നോർത്തു പേടിക്കേണ്ടാ എന്റെ മകന്റെ ഭാര്യയായി അവൾ കാണും ഞങ്ങളുടെ വീട്ടിൽ ഇത് എന്റെ തീരുമാനമാണ്..." ഗൗരി ടീച്ചറുടെ വാക്കുകളിൽ ജിത്തു ഉൾപ്പടെ എല്ലാവരും ഞെട്ടി... നാട്ടുകാരിൽ നിന്നും വിവരമറിഞ്ഞു അന്വേഷിച്ചു വന്നതാണ് ജിത്തുവും ടീച്ചറും.. പക്ഷേ അവർ മുന്നും പിന്നും നോക്കാതെ ഇതുപോലൊരു തീരുമാനം എടുക്കുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... "അമ്മേ.. " അവൻ നിസ്സഹായതയോടെ വിളിച്ചു.. "ഈ ഒരു കാര്യത്തിൽ നീ എന്നെ എതിർക്കരുത് ജിത്തു... ഈ അവസ്ഥയിൽ നമ്മൾ പാറുവിനെ ഇവിടെ ഉപേക്ഷിച്ചു പോയാൽ നാളെ ചിലപ്പോൾ അതോർത്തു ദുഖിക്കേണ്ടി വരും... ഇനിയും ഈ കൊച്ചിനെ ഇവർ ഉപദ്രവിച്ചെന്നിരിക്കും...വെറുതെ നമ്മളും കൂടി അതിന് വേദന നൽകണോ.." ടീച്ചറെ എതിർക്കാൻ അവനു കഴിഞ്ഞില്ല... അമ്മയുടെ തീരുമാനത്തിന് അവൻ വാക്ക്കൊണ്ട് സമ്മതം നൽകി... തല്ലു കൊണ്ട് അവശയായി നിൽക്കുന്ന പാറുവിനേയും ചേർത്ത് പിടിച്ചു ഗൗരി ടീച്ചർ അവരുടെ വീട്ടിലേക്ക് പോയി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story