നീയും ഞാനും.. 🧡 ഭാഗം 25

രചന: ശംസീന

ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു... അതൊന്നും വകവെക്കാതെ ഗൗരി ടീച്ചർ അവളേയും ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു... പിന്നിലായി ഹൃദയം നുറുങ്ങുന്ന വേദനയോടെ ജിത്തുവും.. ജിത്തുവിന്റെ വീടെത്തിയതും പാറുവിന്റെ കാലുകൾ താനേ നിശ്ചലമായി... "എന്തേ നിന്നു കളഞ്ഞത് അകത്തേക്ക്‌ വാ.. " ടീച്ചർ വാത്സല്യത്തോടെ പറഞ്ഞതും അവൾ ജിത്തുവിനെ നോക്കി... ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ അകത്തേക്ക് കയറി... "മോള് വാ,, അവനൊരു മുൻശുണ്ഠിക്കാരനാണ്..." അവളെ സമാധാനപ്പെടുത്തി ടീച്ചർ അകത്തേക്ക് കൊണ്ടുപോയി.. "മോളിവിടിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം... " അവർ അവളെ ഹാളിലുള്ള സോഫയിൽ ഇരുത്തി അടുക്കളയിലേക്ക് പോയി... പാറുവിന്റെ ശരീരം അപ്പോഴും വിറക്കുന്നുണ്ടായിരുന്നു കണ്ണുകൾ അപ്പോഴും മിഴിനീർ വാർക്കുന്നുണ്ടായിരുന്നു...ഒന്നുറക്കെ പൊട്ടിക്കരയണമെന്ന് തോന്നിയവൾക്ക് പക്ഷേ അതിന് പോലും നിർവാഹമില്ലാതായിപ്പോയി... ഇതിനോടകം എല്ലാവരും വിവരമറിഞ്ഞിരുന്നു,,,

ജ്യോതിയും ഭർത്താവും വീട്ടിലേക്ക് വരുമ്പോൾ കാണുന്നത് ടീച്ചറോടൊപ്പം സോഫയിൽ ഇരിക്കുന്ന പാറുവിനെയാണ്... എന്തോ ചോദിക്കാനായി വന്ന ജ്യോതിയെ ടീച്ചർ കണ്ണുകൾ കൊണ്ട് തടഞ്ഞു... പറയാൻ വന്നത് വിഴുങ്ങി അവൾ പാറുവിന്റെ അടുത്ത് വന്നിരുന്നു...ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു വിതുമ്പുന്നവളുടെ കൈകളിൽ തലോടി കൊണ്ടിരുന്നു.. "നീയിങ്ങനെ കരഞ്ഞിരുന്നാൽ പ്രശ്നങ്ങൾ തീരുമോ,,,! കണ്ണ് തുടക്ക് ഇനി കരഞ്ഞാൽ നല്ല അടിവെച്ചു തരും ഞാൻ..." "ജ്യോതി നീ അവളേയും കൊണ്ട് അകത്തുപ്പോയി ആ വേഷമൊക്കെ മാറ്റിച്ചേ രാവിലെ മുതലുള്ള ഇരിപ്പാണ്..." ടീച്ചർ പറഞ്ഞപ്പോൾ ജ്യോതി അവളേയും കൂട്ടി തന്റെ മുറിയിലേക്ക് പോയി... അലമാരയിൽ നിന്നും പാറുവിന് പകമാവുന്ന ഒരു ചുരിദാർ തിരഞ്ഞെടുത്ത് അവളോട് ഫ്രഷായി വരാൻ പറഞ്ഞു... പെട്ടന്നാണ് പാറു അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞത്... "മോളെ പാറു... " ജ്യോതി അവളുടെ മുതുകിൽ തടവി കൊണ്ടിരുന്നു... "ചേച്ചി,, ഞാൻ,, ഞാൻ ഒന്നും അറിഞ്ഞതല്ല,,, ഞാൻ അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ല..."

കരച്ചിലിനിടയിലും അവൾ പറഞ്ഞു... "ആര് പറഞ്ഞു നീയാണ് തെറ്റ് ചെയ്തതെന്ന്.. എല്ലാം നിന്റെ തോന്നലാണ്.. നിന്നേയും ജിത്തുവിനേയും എനിക്കറിയാവുന്നതല്ലേ... ആ നിങ്ങൾ ഒരു തെറ്റ് ചെയ്യില്ലെന്ന് ആരേക്കാളും നന്നായി എനിക്കറിയാം... കഴിഞ്ഞു പോയതിനെ പറ്റി സംസാരിച്ചിട്ട് യാതൊരു കാര്യവും ഇല്ല ഇനി മുന്നോട്ടുള്ളത് ചിന്തിക്കാം.. നീയിപ്പോ പോയി വേഷമൊക്കെ മാറി വാ ഞാൻ ഇവിടിരിക്കാം..." ജ്യോതി അവളെ നിർബന്ധിച്ചു ബാത്റൂമിലേക്ക് കയറ്റി കട്ടിലിൽ ഇരുന്നു... അവളുടെ ചിന്തകൾ പാറുവിനേയും ജിത്തുവിനേയും കുറിച്ചായി... അറിഞ്ഞുകൊണ്ടവർ ഇങ്ങനെ ചെയ്യില്ലെന്ന് അവർക്കുറപ്പായിരുന്നു പക്ഷേ ഇത് ചെയ്തത് ആരായിരിക്കും അയാളുടെ ലക്ഷ്യം എന്തായിരിക്കും..?അവളുടെ ചിന്തകൾ കാടുകേറി... എന്നിരുന്നാലും തൻവി അവളുടെ മുന്നിലൊരു ചോദ്യചിന്നമായി നിന്നു.... ****** മുറിയിലുള്ള കസേരയിൽ ആലോചനയോടെ ഇരിക്കുകയായിരുന്നു ജിത്തു അപ്പോഴാണ് ഉമ്മറത്തു നിന്നും ആരുടെയൊക്കെയോ ഒച്ചപ്പാടും ബഹളവും കേൾക്കുന്നത്.. അവൻ തിടുക്കത്തിൽ താഴേക്കിറങ്ങി...

തൻവിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന തന്റെ അമ്മയെ കണ്ടപ്പോൾ അവന്റെ നെഞ്ചോന്ന് പിടഞ്ഞു...എല്ലാവരുടെ ജീവിതവും ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞ പാറുവിനോടവന് തീർത്താൽ തീരാത്ത വെറുപ്പ് മുളപൊട്ടി... "ആഹാ പുതുമണവാളൻ അറക്കകത്ത് കേറിയിരിക്കുകയായിരുന്നോ...? " അവനെ കണ്ടതും തൻവിയുടെ അച്ഛൻ പുച്ഛത്തോടെ ചോദിച്ചു... "കുറച്ചു കൂടി മാന്യമായി സംസാരിക്കണം... " ജ്യോതിയുടെ ഭർത്താവ് കിരൺ അവരോട് പറഞ്ഞു.. "ഞങ്ങടെ കൊച്ചിനെ ചതിച്ചു കൂട്ടുകാരന്റെ പെങ്ങളെ കെട്ടിഎഴുന്നള്ളിച്ചു കൊണ്ടുവന്ന ഇവനോടൊക്കെ ഇത്രയും മാന്യത മതി... ഞങ്ങൾക്കിപ്പോൾ ഒരു തീരുമാനം അറിയണം ഞങ്ങടെ കൊച്ചിനെ എന്തു ചെയ്യണം... കല്യാണത്തോട് അടുക്കുമ്പോഴാണ് നിങ്ങൾ ഞങ്ങളോട് ഈ നെറികേട് കാണിച്ചത്...അതുകൊണ്ട് തന്നെ ഇതിനൊരു തീരുമാനം അറിഞ്ഞിട്ടേ ഞങ്ങൾ ഇവിടെ നിന്ന് പോവുന്നുള്ളൂ.." കൂട്ടത്തിലൊരാൾ പറഞ്ഞു... "തീരുമാനം ഞങ്ങൾ ഫോണിലൂടെ അറിയിച്ചു ഈ വിവാഹത്തിൽ നിന്നും പിന്മാറുന്നു എന്നത് അതിൽ കൂടുതലൊന്നും പറയാനില്ല..."

ഗൗരി ടീച്ചർ ഗൗരവം വെടിയാതെ പറഞ്ഞു... "എത്ര നിസ്സാരമായിട്ടാണ് നിങ്ങൾ പറയുന്നത്.. ഊണിലും ഉറക്കത്തിലും നിങ്ങളുടെ മകനെ മാത്രം സ്വപ്നം കണ്ട് നടന്ന എന്റെ മകളെന്താ വിഡ്ഢിയാണോ...അന്നേ ഞാൻ അവരോട് പറഞ്ഞതാണ് ഈ പട്ടിക്കാട്ടിലെ ചെറുക്കനെയൊന്നും വേണ്ടാ എന്ന് എന്നിട്ടിപ്പോൾ അവസാനം എന്തായി... എന്തായാലും നിങ്ങളുടെ ചതിയനായ മകനെ ഓർത്ത് എന്റെ മകളുടെ ജീവിതം നശിച്ചു പോവാത്തൊന്നും ഇല്ല ഇവനെക്കാൾ യോഗ്യതയുള്ള ഒരാളെകൊണ്ട് ഞാൻ എന്റെ കുട്ടിയുടെ വിവാഹം നടത്തും..." അവരെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് വന്നവരെയും കൊണ്ട് തൻവിയുടെ അച്ഛൻ ആ വീടിന്റെ പടിയിറങ്ങി... ജിത്തുവിന്റെ ദേഷ്യത്തോടെയുള്ള നോട്ടം ജ്യോതിയുടെ പിന്നിൽ മറഞ്ഞു നിൽക്കുന്ന പാറുവിൽ ചെന്ന് നിന്നു... "ഇപ്പൊ തൃപ്തിയായില്ലേടി നിനക്ക്,,,ആരുടെ മനസ്സ് വേദനിച്ചാലെന്താ നീ നിന്റെ ആഗ്രഹം സാധിച്ചെടുത്തില്ലേ സന്തോഷിക്കെടി നീ ഉള്ളു തുറന്നു സന്തോഷിക്ക്..." തന്റെ കോപവും സങ്കടവും അവൻ വാക്കുകൾ കൊണ്ട് പാറുവിന്റെ മേൽ ചൊരിഞ്ഞു...

അതെല്ലാം കേട്ടു നിന്ന അവളുടെ എങ്ങലടികൾ ഉച്ചത്തിലായി കണ്ടുനിന്നവർക്ക് ആരുടെ ഭാഗത്ത് നിൽക്കണം എന്നറിയുന്നുണ്ടായിരുന്നില്ല... "ജിത്തു ഇനി നീ മിണ്ടരുത് കേറി പ്പോ അകത്ത്..." ഒടുവിൽ ടീച്ചറുടെ ശബ്ദം ഉയർന്നതും മുന്നിലുള്ള കസേര തട്ടിത്തെറിപ്പിച്ചു ജിത്തു പുറത്തേക്കിറങ്ങിപ്പോയി... ജ്യോതി തളർന്നു നിൽക്കുന്ന പാറുവിനേയും ചേർത്ത് പിടിച്ചു മുറിയിലേക്ക് പോയി... ***** "ചേച്ചി,,ഞ്ഞെ ഇവിടെ നിന്ന് വേറെ എവിടേക്കെങ്കിലും കൊണ്ടു പോവുമോ.. നിക്കിവിടെ നിക്കാൻ കഴിയില്ല... " കണ്ണുകൾ തുടച്ചുകൊണ്ട് പാറു അടുത്തിരുന്ന ജ്യോതിയോട് പറഞ്ഞു... "നീയെവിടെ പോവാനാ ഇനി മുതൽ ഇതാണ് നിന്റെ വീട്..." "നിക്ക് വയ്യ ചേച്ചി,, ജിത്തേട്ടൻ തിരിച്ചു വന്നാൽ വീണ്ടും ന്നെ വഴക്ക് പറയും നിക്ക് പേടിയാ.... " "സാരമില്ല പോട്ടെ അവൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ലേ അവന്റെ അവസ്ഥ കൂടെ ആലോചിക്കണ്ടേ... ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരെങ്കിലും വിചാരിച്ചോ... എല്ലാവരും എല്ലാത്തിനോടും പൊരുത്തപ്പെടാൻ സമയമെടുക്കും അത് വരെ എല്ലാം സഹിച്ചേ പറ്റൂ..."

"വേണ്ടാ ചേച്ചി,, ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക് പൊക്കോളാം ആർക്കും ഒരു ശല്യമാവാതെ... ചെയ്യാത്ത തെറ്റിന് ഇതുപോലെ മറ്റുള്ളവരുടെ പഴി കേൾക്കുന്നതിനേക്കാൾ നല്ലതല്ലേ എവിടേക്കെങ്കിലും പോവുന്നത്..." അവൾ നിർവികരതയോടെ പറഞ്ഞു... "ആരും എവിടെയും പോവുന്നില്ല,,, നിന്നെ വിളിച്ചിറക്കി കൊണ്ടുവന്നത് ഞാനാണ് അപ്പോൾ നിന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും എനിക്കാണ് ഇനി ഇതുപോലൊരു ചർച്ച വേണ്ടാ... " കർക്കശത്തോടെ പറഞ്ഞുകൊണ്ട് ടീച്ചർ അവിടെ നിന്നും പോയി...അവളോട് ക്ഷീണമുണ്ടെങ്കിൽ കിടന്നോളാൻ പറഞ്ഞുകൊണ്ട് ജ്യോതിയും മുറിവിട്ടിറങ്ങി.... ****** നേരമിത്രയായിട്ടും തന്റെ ഏട്ടന്റെയും അമ്മയുടേയും പിണക്കം മാറാത്തതിൽ അവളെറെ വിഷമിച്ചു... അവക്ജ്ഞയോടെ തന്നെ നോക്കുന്ന അവരുടെ മുഖം കൂരമ്പ് പോലെ അവളുടെ ഉള്ളിൽ വന്നു തറച്ചു... അവരുടെ മുന്നിലും ജിത്തുവിന്റെ മുന്നിലും തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് അവളേറെ വേദനിച്ചു...ആരോരുമില്ലാത്ത ഒരു അനാഥയായല്ലോ താനെന്നോർക്കേ ജീവിതം പോലും ഒരുനിമിഷം കൊണ്ട് തീർന്ന് പോയെങ്കില്ലെന്നവൾ അതിയായി ആഗ്രഹിച്ചു...

ഇനി മുന്നോട്ട് എന്ത്‌ എന്നുള്ളത് ഒരു ചോദ്യം ചിന്നമായി തന്നെ നിന്നു... ഓരോന്നും ആലോചിച്ചു കിടന്നതുകൊണ്ട് കണ്ണുകൾ അടഞ്ഞു പോയത് അവൾ അറിഞ്ഞിരുന്നില്ല.. ജിത്തുവിന്റെ ഉയർന്ന ശബ്‍ദമാണ് അവളുടെ ശാന്തമല്ലാത്ത ഉറക്കത്തെ മുറിച്ചത്... "കല്യാണമോ... ആരുടെ കല്യാണമാണെന്നാണ് അമ്മ പറയുന്നത്... എന്റെ വിവാഹം ഒരിക്കൽ ഉറപ്പിച്ചതാണ് ഞാൻ സ്നേഹിച്ച പെൺകുട്ടിയുമായി അവളെ മറന്ന് അകത്തിരിക്കുന്നവളെ സ്വീകരിക്കണോ ഞാൻ...പറയ്,, നിങ്ങൾ ആരെങ്കിലും സത്യമെന്താണെന്ന് ഇതുവരെ എന്നോടൊന്ന് ചോദിച്ചോ അത് പോട്ടെ എന്റെ തീരുമാനം എന്താണെന്ന് ചോദിച്ചോ... ഇതൊന്നും നോക്കാതെ നാളെ കല്യാണം നടത്തുകയാണെന്ന്..." അവൻ പറയുന്ന ഓരോ വാക്കുകളും അവളുടെ ഹൃദയ വേദന കൂട്ടി... ശബ്ദം പുറത്തു വരാതെ വാ മൂടികൊണ്ടവൾ കരഞ്ഞു.... "എന്റെ തീരുമാനം ഞാൻ പറയുന്നു പാർവണയെ എനിക്കൊരിക്കലും സ്വീകരിക്കാൻ കഴിയില്ല അവളെ എന്റെ ഭാര്യയുടെ സ്ഥാനത്തു ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല...അമ്മ അവളെ തിരികെ കൊണ്ടുവിട്..."

"ജിത്തു... " ടീച്ചർ അത്യധികം ദേഷ്യത്തോടെ വിളിച്ചു... "നീയെന്ത് ഭ്രാന്താണ് പറയുന്നത് തിരികെ കൊണ്ടുവിടുകയോ,, നിനക്ക് വേണ്ടെങ്കിൽ വേണ്ടാ അവളെ ഞാൻ നോക്കിക്കോളാം എന്റെ മരണം വരെ പിന്നെ അവിടെ തീരും നീയും ഞാനുമായുള്ള ബന്ധം..." ടീച്ചറുടെ വാക്കുകൾ കേട്ടുനിന്നവരുടെ ഉള്ളിൽ കോളിളക്കം സൃഷ്ടിച്ചു... താൻ കാരണം ഈ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണല്ലോ എന്നോർത്ത് അവൾക്ക് സ്വയം വെറുപ്പ് തോന്നി... "അമ്മയെന്താ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുവാണോ... " അവൻ പുച്ഛത്തോടെ ചോദിച്ചു... "അല്ല ജിത്തുട്ടാ,,, നീയൊന്ന് ആലോചിച്ചു നോക്കിക്കേ ആ കുട്ടിയുടെ അവസ്ഥ.. ആരോരുമില്ലാത്ത അതിനെ നമ്മള് കൂടെ കൈവിട്ടാൽ നാളെ അതോർത്തു വേദനിക്കേണ്ടിവരും..." ടീച്ചർ ശാന്തമായി അവന്റെ അടുത്തിരുന്നു പറഞ്ഞു... "അപ്പോൾ തൻവിയോ..? അവളും ഇവളെ പോലൊരു പെണ്ണല്ലേ അവൾക്കുമുണ്ടാവില്ലേ വേദനയും വിഷമവും..." ജിത്തു വാശിയോടെ ചോദിച്ചു.. "ഉണ്ടാവും,, ഇല്ലെന്ന് അമ്മ പറഞ്ഞില്ലല്ലോ... തൻവിമോൾ വിദ്യാഭ്യാസവും പക്വതയും ഉള്ള കുട്ടിയാണ് അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവും പിന്നെ അവൾക്ക് ചുറ്റും താങ്ങായും തണലായും അവളുടെ അച്ഛനും അമ്മയുമുണ്ട്

ഈ വേദനയെല്ലാം അവൾക്ക്‌ വേഗത്തിൽ മറക്കാൻ സാധിക്കും... പക്ഷേ അതുപോലെയാണോ പാറു അതിന്റെ അമ്മയും കൂടപ്പിറപ്പും അതിനെ കൈവിട്ടില്ലേ നീയും കണ്ടതല്ലേ അവൻ ഒരു പട്ടിയെ തല്ലുന്നത് പോലെ ആ കുട്ടിയേ ഇട്ട് തല്ലുന്നത് നീയും കണ്ടതല്ലേ ഇനിയും അതിനെ കൊല്ലാ കൊല ചെയ്യാൻ അങ്ങോട്ട് വിടണോ നീ തന്നെ പറ..." ടീച്ചർ പറഞ്ഞു നിർത്തി... മറുപടി പറയാൻ കഴിയാതെ ജിത്തു ഇരു കൈകൾ കൊണ്ടും മുഖം മറച്ചിരുന്നു... കൈകൾക്കുള്ളിലൂടെ ചുടു കണ്ണീർ ചാലിട്ടൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു... ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവനുരുകി... തന്നോട് ചേർന്ന് പുഞ്ചിരി തൂകി നിൽക്കുന്ന തൻവിയുടെ മുഖം അവന്റെ മുന്നിലൂടെ മിന്നിമാഞ്ഞു... കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ തന്റെ തീരുമാനം അവരെ അറിയിച്ചു...ടീച്ചർ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു ഈശ്വരന് നന്ദി പറഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story