നീയും ഞാനും.. 🧡 ഭാഗം 26

neeyum njanjum shamseena

രചന: ശംസീന

മഞ്ഞ ചരടിൽ കോർത്ത താലി മുന്നിൽ നിൽക്കുന്നവളുടെ കഴുത്തിലേക്ക് അണിയിച്ചു കൊടുക്കുമ്പോൾ അവന്റെ ശരീരം വിറപൂണ്ടിരുന്നു...താലികെട്ട് കഴിഞ്ഞതും ജ്യോതി നൽകിയ പുടവ ജിത്തു പാറുവിന്റെ മുന്നിലേക്ക് നീട്ടി... അവളത് സ്വീകരിച്ചതും നിറഞ്ഞു വന്ന കണ്ണുകളെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിച്ച് ഒരു നുള്ള് സിന്ദൂരം എടുത്തവൻ അവളുടെ നെറുകയിൽ ചാർത്തി... കണ്ണുകളടച്ചു കൈകൾ കൂപ്പി മുന്നിൽ നിൽക്കുന്ന പാറുവിൻറെ സ്ഥാനത്തവൻ ഒരു നിമിഷം തന്റെ എല്ലാമെല്ലാമായ തൻവിയെ കണ്ടു... അവൾ മിഴികൾ തുറന്ന അതേ നിമിഷം തന്നെ അതൊരു സ്വപ്നം മാത്രമായിരുന്നെന്ന് മനസ്സിലായി...അനിയത്തിയെ പോലെ കണ്ടിരുന്നവൾ ഇന്ന് തന്റെ താലിയും അണിഞ്ഞു നിൽക്കുന്നത് അവന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു...അവൻ എല്ലാവരിൽ നിന്നും മുഖം വെട്ടിച്ചു നിന്നു... പാറു ജിത്തുവിന് തന്നോടുള്ള ദേഷ്യവും വെറുപ്പും അറിയാവുന്നത് കൊണ്ട് അവൾ ഒരിക്കൽ പോലും അവനെ നോക്കാനായി മുതിർന്നില്ല.... ആളും ആരവവും ഇല്ലാത്ത തീർത്തും ശാന്തമായൊരു അന്തരീക്ഷത്തിലുള്ള വിവാഹം ആയിരുന്നു അവരുടേത്... ഇന്നലെ നടന്ന കാര്യങ്ങളെല്ലാം നാട് മുഴുവൻ പരന്നിട്ടുണ്ട് അതുകൊണ്ട് തന്നെ

ഇങ്ങനൊരു വിവാഹം അവിടെ നടക്കുമ്പോൾ ക്ഷേത്രം പരിസരത്തുള്ളവരെല്ലാം നോക്കി നിൽക്കുന്നുണ്ട് ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു കേൾക്കുകയും ചെയ്യുന്നുണ്ട്...ആ കൂട്ടത്തിൽ ലതയും ഉണ്ടായിരുന്നു... ജിത്തു പാറുവിന്റെ കഴുത്തിൽ താലി ചാർത്തുന്ന കാഴ്ച അവർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു...ഗൗരി ടീച്ചർ പൂമാലയെടുത്തു പാറുവിന്റെയും ജിത്തുവിന്റെയും കൈകളിലേക്ക് വെച്ചു കൊടുത്തു...മുഖം വെട്ടിച്ചു നിൽക്കുന്ന ജിത്തുവിന്റെ കഴുത്തിലേക്കവൾ ഏന്തി വലിഞ്ഞു ഹാരം അണിയിച്ചു.. തിരിച്ചവനും കോപത്തോടെ ഹാരം അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തതും ശാസനയോടെയുള്ള ഗൗരി ടീച്ചറുടെ നോട്ടം അവനെ തേടിയെത്തിയിരുന്നു...അടുത്തത് കന്യാധാനം ആയിരുന്നു അത് ആര് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോഴാണ് ജ്യോതിയുടെ ഭർത്താവ് കിരൺ മുന്നിലേക്ക് വന്നു താൻ ആ ചടങ്ങ് നടത്താമെന്ന് പറഞ്ഞത്...ജ്യോതിക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല... ഒരു മൂത്ത സഹോദരന്റെ സ്ഥാനത്തു നിന്ന് കിരൺ ആ ചടങ്ങ് നടത്തി...

ഒരുവേള അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു... "ഇനി പ്രദക്ഷിണം വെച്ചോളൂ... " തിരുമേനി പറഞ്ഞതും അവർ പ്രദക്ഷിണം ചെയ്യാൻ തുടങ്ങി... ജിത്തുവിന്റെ ഉള്ളിലെ കോപം നുരഞ്ഞു പൊന്തി അതിന്റെ ഉച്ഛസ്ഥായിൽ എത്തിയതും ആ കുഞ്ഞു കൈ അവന്റെ കൈകൾക്കിടയിൽ ഞെരിഞ്ഞമർന്നു....വേദന കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും മറ്റുള്ളവരിൽ നിന്നും അവളതിനെ മറച്ചു പിടിച്ചു... വേദന അസഹ്യമായപ്പോൾ കൈ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജിത്തു കൂടുതൽ കരുത്തോടെ പിടിക്കുകയാണ് ചെയ്തത്... അവൻ നൽകുന്ന വേദനയിൽ അവളുടെ ഹൃദയം മുറിവേറ്റു... പ്രദക്ഷിണം വെച്ചു കഴിഞ്ഞതും തിരുമേനി ടീച്ചറുടെ അനുഗ്രഹം വാങ്ങിക്കാനായി പറഞ്ഞു... ഇരുവരും ടീച്ചറുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി...ടീച്ചർ പാറുവിനെ ചേർത്ത് നിർത്തി അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... "കഴിഞ്ഞതെന്ത് എന്നുള്ളതല്ല ഇനി മുന്നോട്ടുള്ളതാണ് ജീവിതം... അതാലോചിച്ച് ഇപ്പോഴേ തളർന്നാൽ താങ്ങായി ആരും കൂടെ ഉണ്ടാവണമെന്നില്ല...ഇനി മുതൽ നീയെന്റെ മരുമകളല്ല ദാ ഇവളെപ്പോലെ എന്റെ മോള് തന്നെയാണ്..."

വാത്സല്യത്തോടെ പറഞ്ഞുകൊണ്ട് അവർ പാറുവിന്റെ നെറ്റിയിൽ ചുംബിച്ചു... ഗൗരി ടീച്ചറുടെ അടുത്ത് നിൽക്കുമ്പോൾ അവൾക്ക് തന്റെ അമ്മയേയും വിച്ചേട്ടനെയും ഓർമവന്നു... ഒരുവട്ടമെങ്കിലും അവരെ കണ്ട് ആ കാലിലൊന്ന് വീണു മാപ്പ് പറയാൻ കഴിഞ്ഞെങ്കിലെന്നവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു... അവളുടെ മനസ്സറിഞ്ഞപോലെ ജ്യോതി വന്നവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിറകണ്ണുകളോടെ നിൽക്കുന്ന ലതയിൽ പാറുവിന്റെ മിഴികളുടക്കിയത്...അവൾ അമ്മേ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി... പാറു അടുത്തേക്ക് വരുന്നത് കണ്ടതും അവളെ അവഗണിച്ചു കൊണ്ട് ലത കൂടിനിന്ന ആളുകളെ വകഞ്ഞു മാറ്റി മുന്നോട്ട് നടക്കാനാഞ്ഞു.. "അമ്മേ... " നിലവിളിച്ചു കൊണ്ടവൾ അവരുടെ കൽക്കലേക്ക് വീണു.. കൂടി നിന്നവരെല്ലാം ഒരു നിമിഷം എന്തായിരിക്കും സംഭവിക്കാൻ പോവുന്നതെന്നറിയാതെ സ്ഥബ്ദരായി നിന്നു... "അമ്മേ എന്നോട് ക്ഷമിക്കമ്മേ... ഞാൻ അറിഞ്ഞു കൊണ്ടല്ല ഒന്നും ന്നോട് ക്ഷമിക്കമ്മേ... "

കരഞ്ഞുകൊണ്ടവൾ പറയുന്നത് കേട്ടിട്ടും അവരുടെ മനസ്സൊന്നലിഞ്ഞതു പോലുമില്ല... അവളെ തട്ടി മാറ്റി പോകാനൊരുങ്ങവേ പാറു ലതയുടെ കാലിൽ മുറുകെ പിടിച്ചു പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു... "ചി കയ്യെടുക്കെടി എന്റെ അമ്മയുടെ ദേഹത്തു നിന്നും... " കോപത്തോടെ വിച്ചു പറയുന്നതിനൊപ്പം പാറുവിനെ ലതയുടെ അടുത്ത് നിന്നും വലിച്ചെഴുന്നേൽപ്പിച്ചു മുന്നോട്ട് തള്ളി... മണ്ണിലേക്ക് വീഴാൻ പോയവളെ കിരണും ജ്യോതിയും കൂടി താങ്ങി നിർത്തി...സങ്കടം സഹിക്കവയ്യാതെ പാറു ജ്യോതിയുടെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു... "ഇനി നിന്നെ ഞങ്ങളുടെ കൺവെട്ടെത്തെങ്ങാനും കണ്ടാൽ വെട്ടിനുറുക്കി ആറ്റിൽ തള്ളും ഞാൻ... എന്നെ കൊണ്ട് ആ പാപം ചെയ്യിക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്... " "വിച്ചു.. ഇത് അമ്പലമുറ്റമാണ് അവിടെ നിന്ന് എന്തൊക്കെ അസംബന്ധമാണ് നീയീ വിളിച്ചു പറയുന്നത്...വാ വിട്ട വാക്ക് പിന്നീട് തിരിച്ചെടുക്കാൻ കഴിഞ്ഞെന്നു വരില്ല ഓർത്തോ നീ...." കോപത്തോടെ നിൽക്കുന്ന വിച്ചുവിന് നേരെ ടീച്ചർ കയർത്തു... "ഞാൻ പറയുന്നതാണോ കുറ്റം നിങ്ങൾ ഈ കാണിച്ചു കൂട്ടുന്നതൊന്നും തെറ്റല്ലേ...കൂടപ്പിറപ്പിനെ പോലെ നിന്നെ സ്നേഹിച്ച എന്നോട് തന്നെ നീ ഈ ചതി ചെയ്തല്ലോടാ...ചത്താലും വിച്ചു ഇതൊന്നും മറക്കില്ല..."

അവൻ ജിത്തുവിനെ നോക്കി പറഞ്ഞതും മറുപടി പറയാൻ കഴിയാതെ അവൻ തലതാഴ്ത്തി..... "ഈ നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു... ഇനി നീയും ഞാനും എന്നുള്ളത് വെറും ഒരു അടഞ്ഞ അദ്ധ്യായം മാത്രമായിരിക്കും തികച്ചും അപരിചിതർ...ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് നിങ്ങളുടെ കടന്നുവരവ് ഒരിക്കൽപോലും ആഗ്രഹിക്കുന്നില്ല...." ഇടറുന്ന വാക്കുകളോടെ പറഞ്ഞുകൊണ്ട് മറുപടിക്ക് പോലും കാത്തു നിൽക്കാതെ വിച്ചു അവരുമായുള്ള എല്ലാ ബന്ധങ്ങളും ആ ക്ഷേത്രസന്നിധിയിൽ ഉപേക്ഷിച്ചു ലതയെയും കൂട്ടി വീട്ടിലേക്ക് നടന്നു.. തകർന്നടിഞ്ഞ മനസ്സോടെ പാറു വാവിട്ട് കരഞ്ഞു...ജിത്തു അപ്പോഴും വിച്ചു താനുമായുള്ള സൗഹൃദവലയം മുറിച്ചു കളഞ്ഞു എന്നുള്ളത് വിശ്വസിക്കാൻ കഴിയാതെ മരവിച്ചു നിൽക്കുകയായിരുന്നു... തൻവിയെ ഉപേക്ഷിച്ചതിനേക്കാൾ വേദനയായിരുന്നു അവനാ നിമിഷം അനുഭവിച്ചു കൊണ്ടിരുന്നത്..എല്ലാം പാർവണ ഒരാൾ കാരണമാണല്ലോ എന്നോർക്കേ അവനാകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി....

ജ്യോതിയുടെ തോളിൽ തലചായ്ച്ചു തേങ്ങുന്നവളെ കോപത്തോടെ നോക്കി അവൻ തന്റെ ബൈക്കും എടുത്ത് അവിടെ നിന്നും പോയി...പാറുവിന്റെ കരച്ചിൽ ഒന്നടങ്ങിയതും ജ്യോതി അവളേയും കൂട്ടി കാറിനകത്തേക്ക് കയറി... **** ടീച്ചർ കൊടുത്ത നിലവിളക്കുമായി പാറു വലതുകാൽ വെച്ച് വീടിനകത്തേക്ക് കയറി... കരഞ്ഞു തളർന്ന മുഖവുമായി അവൾ ആ വിളക്ക് പൂജാ മുറിയിലേക്ക് വെച്ച് കൈകൾ കൂപ്പി കണ്ണുകളടച്ചു നിന്നു... പ്രാർത്ഥിക്കാൻ ഒന്നും തന്നെയില്ലാതെ മനസ്സ് ശൂന്യതയിലേക്ക് ആണ്ടു പോയിരുന്നു...ചലനമേതുമില്ലാതെ നിൽക്കുന്ന പാറുവിനെ ജ്യോതി തട്ടി വിളിച്ചു അകത്തേക്ക് കൊണ്ടുപോയി... "പാറു ഇനിയും കരഞ്ഞു അസുഖം വരുത്തി വെക്കാതെ... വിച്ചു അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ... കാലം മുന്നോട്ട് പോവുമ്പോൾ ഓർമ്മകൾക്കും മങ്ങൽ സംഭവിക്കും അന്ന് ഇതെല്ലാം വെറും കെട്ടുകഥകളായി മാറും... നിന്റെ അമ്മയേയും വിച്ചേട്ടനെയും നിനക്ക് തിരികെ ലഭിക്കുകയും ചെയ്യും വിഷമിക്കാതെ സമാധാനമായിട്ടിരിക്ക്..." വീണ്ടും കരഞ്ഞു തുടങ്ങിയ പാറുവിനെ ജ്യോതി അരികിലിരുത്തി ആശ്വസിപ്പിച്ചു... "ഈ പാറുവേച്ചി എന്തിനാ അമ്മേ എപ്പോയും കരഞ്ഞു കൊണ്ടിരിക്കുന്നെ..." കൊഞ്ചാലോടെ ജ്യോതിയുടെ മടിയിലിരുന്ന അച്ചു മോൾ ചോദിച്ചു...

"അതോ... അതുണ്ടല്ലോ പാറുവേച്ചിയുടെ കയ്യിലൊരു ഉവ്വാവു... അത് വേദനിച്ചിട്ടാ ചേച്ചികരയുന്നെ.." ജ്യോതി ആ കുരുന്നിനോട് പറഞ്ഞു... "ആണോ എവിടേ... അച്ചുമോൾ ഊതി തരാവേ... ജിത്തുമാമക്ക് ഉവ്വാവു ആവുമ്പോൾ അച്ചുമോളാ മരുന്ന് പുരട്ടുന്നെ പാറുവേച്ചിക്കും അച്ചുമോള് പുരട്ടി തരാവേ... " നിഷ്കളങ്കതയോടെ ആ കുഞ്ഞു പറയുന്നത് കേട്ടപ്പോൾ പാറുവും തന്റെ കരച്ചിലടക്കി അച്ചുമോളെ വാരിയെടുത്തു മടിയിലേക്ക് ഇരുത്തി... "അച്ചുമോളെ ഇനി മുതൽ പാറുവേച്ചിയെന്നല്ല മാമി എന്നാണ് വിളിക്കേണ്ടത് കേട്ടോ... " "അതെന്തിനാ അമ്മേ അങ്ങനെ വിളിക്കുന്നെ... നിക്ക് പാറുവേച്ചിയെന്ന് വിളിച്ചാൽ മതി..." അവൾ കൊഞ്ചികൊണ്ട് പാറുവിന്റെ തോളിലേക്ക് തലചായ്ച്ചു... "അതുണ്ടല്ലോ മോൾടെ ജിത്തുമാമ നമ്മുടെ പാറുവേച്ചിയെ കല്യാണം കഴിച്ചില്ലേ അപ്പൊ ഇനി മാമിയെന്നാണ് വിളിക്കേണ്ടത്...അച്ചുമോൾ അങ്ങനെ വിളിക്കില്ലേ..." "ആണോ..!എന്നാൽ ഇനി അച്ചുമോളും അങ്ങനെ വിളിക്കാട്ടോ..." ജ്യോതി വാത്സല്യത്തോടെ പറഞ്ഞതും അച്ചുമോള് അത് സമ്മതിച്ചു...

കളിക്കാൻ പുതിയ കൂട്ട് കിട്ടിയ സന്തോഷത്തിൽ അവൾ പാറുവിന്റെ മടിയിൽ നിന്നും ഇറങ്ങിയോടി.... "നീയൊന്ന് കിടന്നോ... മനസ്സ് ശാന്തമാക്കി പുതിയൊരു പാറുവായി പുറത്തേക്ക് വന്നാൽ മതി..." ജ്യോതി അത്രയും പറഞ്ഞുകൊണ്ട് മുറിവിട്ട് പുറത്തേക്കിറങ്ങി.... താൻ കാരണം മറ്റുള്ളവരും വേദന അനുഭവിക്കുകയാണെന്നോർക്കേ അവളുടെ സങ്കടം കൂടിയതല്ലാതെ കുറഞ്ഞില്ല... എന്നിരുന്നാലും ടീച്ചറുടെയും ജ്യോതിയുടെയും സന്തോഷത്തിന് വേണ്ടി അവൾ പുഞ്ചിരിയുടെ മൂടുപടമണിഞ്ഞു... ക്ഷേത്രത്തിൽ നിന്നും ദേഷ്യത്തോടെ പോയതിന് ശേഷം ജിത്തു ഉച്ചയായിട്ടും മടങ്ങി വന്നിരുന്നില്ലേ.... സദ്യയും വിളമ്പി എല്ലാവരും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം... ടീച്ചറുടെ നിർബന്ധം കാരണം പാറു കുറച്ചു ചോറ് കഴിച്ചു എഴുന്നേറ്റു... വൈകീട്ട് ജ്യോതിയുടെ കൂടെ തൊടിയിലൂടെയും മറ്റും നടന്നു സമയം തള്ളി നീക്കി....

സന്ധ്യാ നേരത്ത് ഉമ്മറത്തിരുന്ന് വിളക്ക് കത്തിച്ചു നാമം ജപിക്കുമ്പോഴാണ് ജിത്തു മടങ്ങി വന്നത്... കാത് തുളച്ചു കയറുന്ന ഇരമ്പലോടെ അവന്റെ ബുള്ളറ്റ് മുറ്റത്ത് വന്നു നിന്നു...പാറു വിളക്കണച്ച് എഴുന്നേൽക്കാൻ തുടങ്ങുന്നതിനു മുന്നേ ജിത്തു ഉമ്മറത്തേക്ക് കയറിയിരുന്നു... അവളെ പാടെ അവഗണിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറി... അകത്തു നിന്നും ടീച്ചർ ജിത്തുവിനെ ശകാരിക്കുന്നത് കേട്ടതും അവളുടെ മുഖം മങ്ങി... അത് കണ്ടപ്പോൾ അച്ചുമോൾക്കും സങ്കടം വന്നു.... അച്ചു വിഷമിച്ചു നിൽക്കുന്നത് കണ്ട പാറു മുഖത്തൊരു ചിരി എടുത്തണിഞ്ഞു അവളേയും എടുത്ത് മുറ്റത്തേക്കിറങ്ങി... ജിത്തേട്ടന് ഒരിക്കലും തന്നെ അംഗീകരിക്കാൻ കഴിയില്ലെന്ന സത്യം അവളാ കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സിലാക്കിയിരുന്നു... എന്നിരുന്നാലും തന്റെ പഠനം പൂർത്തിയാവുന്നത് വരെ എങ്ങനെയും ഇവിടെ പിടിച്ചു നിൽക്കണമെന്നവൾ മനസ്സിൽ ഉറപ്പിച്ചു...സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തയാവുമ്പോൾ ജിത്തേട്ടനെ ഈ ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് മനസ്സ് കൊണ്ടവൾ തീരുമാനമെടുത്തു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story