നീയും ഞാനും.. 🧡 ഭാഗം 27

neeyum njanjum shamseena

രചന: ശംസീന

കല്ലുങ്കിൽ ഒറ്റക്കിരിക്കുമ്പോൾ മടുപ്പ് തോന്നി ജിത്തുവിന്... കഴിഞ്ഞ ദിവസം വരെ നിഴൽ പോലെ കൂട്ടിനുണ്ടായിരുന്നവൻ ഇന്ന് തന്നോടൊപ്പം ഇല്ല.... ചെയ്യാത്ത തെറ്റിന്റെ പേരിൽ അവൻ തന്നെ നിഷ്കരുണം തള്ളി കളഞ്ഞിരിക്കുന്നു...ആര് മനസ്സിലാക്കിയില്ലെങ്കിലും അവൻ തന്നെ മനസ്സിലാക്കുമെന്നൊരു വിശ്വാസം കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ വരെ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോഴതില്ല.... തന്റെ ജീവിതത്തിന്റെ ഭാഗമായി താൻ ഹൃദയത്തോട് ചേർത്തു വെച്ച രണ്ട് പേർ തന്നിൽ നിന്നും എന്നന്നേക്കുമായി അകന്നു പോയിരിക്കുന്നു... ഇനി മുന്നോട്ടുള്ള ജീവിതം താൻ ആരെയാണോ വെറുക്കുന്നത് അവളുടെ കൂടെ... അവളുമായൊരു കുടുംബ ജീവിതം തനിക്ക് സാധ്യമാവുമോ... അവൾക്കതിന് തനിക്കത് ഈ ജന്മം കഴിയില്ല.... ദൈവം എന്തിനാണ് തന്നോട് ഇതുപോലൊരു ചതി ചെയ്തത്... അല്ലെങ്കിലും ദൈവത്തിനെ പഴിച്ചിട്ടെന്തു കാര്യം... ഇതിനെല്ലാം പിന്നിൽ അവളല്ലേ പാർവണ... എന്നാലും അവൾ ഇതുപോലൊരു പ്രവർത്തി കാണിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ലായിരുന്നു... ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ നൽകിയിരിക്കും പാർവണ... അവൻ മനസ്സിൽ ഓരോന്നും കണക്ക് കൂട്ടി അവിടെ കിടന്നു....ആരോ തട്ടിവിളിക്കുമ്പോഴാണ് കണ്ണുകൾ തുറന്നത്..

നോക്കുമ്പോൾ കിരൺ ആണ് നേരം ഇത്രയായിട്ടും തന്നെ കാണാത്തത് കൊണ്ട് തിരഞ്ഞു വന്നതാവും... ജിത്തു അവിടുന്നെഴുന്നേറ്റു...അഴിഞ്ഞു തുടങ്ങിയ മുണ്ട് ഒന്നുകൂടെ മുറുക്കിയുടുത്ത് കിരണിനൊപ്പം വീട്ടിലേക്ക് നടന്നു... "നീ വണ്ടിയും കൊണ്ടല്ലേ വന്നത് എന്നിട്ടതെവിടെ.. " കിരൺ കല്ലുങ്കിന്റെ അവിടേക്ക് ടോർച് അടിച്ചു നോക്കി ചോദിച്ചു... "അത് വർക്ക്‌ ഷോപ്പിൽ ഉണ്ട് എഞ്ചിൻ പ്രോബ്ലം ആണെന്ന് തോന്നുന്നു... " "മ്മ് നടക്ക്... " ജിത്തു പറഞ്ഞ മറുപടി വിശ്വാസം വരാത്തത് പോലെ അമർത്തിയൊന്ന് മൂളി കിരൺ ടോർച്ച് തെളിച്ചു മുന്നേ നടന്നു... "തൻവി വിളിച്ചിരുന്നോ... " കിരൺ ഭാവമേതുമില്ലാതെ ചോദിച്ചു... "വിളിച്ചിരുന്നു,, എടുത്തില്ല,,, അറ്റന്റ് ചെയ്താൽ തന്നെ എന്ത് പറയാനാണ് എല്ലാം ഒരു നിമിഷം കൊണ്ടല്ലേ തകിടം മറിഞ്ഞത്...ഇനി പരസ്പരം പഴി ചാരാം എന്നല്ലാതെ എന്ത് പ്രയോജനം..." ചങ്ക് പൊടിയുന്നത് കിരൺ അറിയാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു... "കഴിഞ്ഞു പോയതിനെ ഓർത്ത് സങ്കടപെടാതെ വരാനിരിക്കുന്ന നല്ലകാലം ഓർത്ത് സന്തോഷത്തോടെയിരിക്ക് ജിത്തു..."

"ഇനിയെന്ത് നല്ലകാലം,,, എന്റെ ജീവിതത്തിലെ വസന്തമെല്ലാം പൊഴിഞ്ഞുപോയി അവിടെ വേനൽ ഇടം പിടിച്ചിരിക്കുന്നു... ആ വരൾച്ചയെ മറികടക്കാൻ ഒരു പേമാരിക്കും കഴിയില്ല കിരൺ അത്രക്കും മുരടിച്ചു പോയി ഈ രണ്ട് ദിവസം കൊണ്ടെന്റെ മനസ്സ്...." ഒരു ഗദ്ഗദം വന്നവന്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നു.. "ജിത്തു... " അവന്റെ വാക്കുകളിലെ നോവ് മനസ്സിലായതും കിരൺ അലിവോടെ അവനെ വിളിച്ചു... ഇത്രയും തളർന്നൊരവസ്ഥയിൽ അവനും ആദ്യമായി കാണുകയായിരുന്നു ജിത്തുവിനെ... "കിരണിനറിയോ തൻവി പോയതിനേക്കാൾ എന്നെ ഏറെ വിഷമിപ്പിച്ചത് ഇത്രയും നാൾ കൂടെ നടന്ന എന്റെ വിച്ചു കളഞ്ഞിട്ട് പോയപ്പോഴാണ്... അവൻ എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും മുതിർന്നില്ല...പാർവണ ചെയ്ത തെറ്റിന് ശിക്ഷിക്കേണ്ടത് എന്നെയാണോ...ഞാനാണോ എല്ലാത്തിനും കാരണക്കാരൻ..." ജിത്തു ക്ഷുഭിതനായി... "നീ പറഞ്ഞുവരുന്നതെന്താ പാറുവാണ് എല്ലാം ചെയ്തതെന്നാണോ... അവൾക്ക് വിച്ചു എങ്ങനെയാണോ അത് പോലെ തന്നെ അല്ലായിരുന്നോ നീയും... പോരെങ്കിൽ അവളുടെ വിവാഹം നടക്കേണ്ടതും അല്ലായിരുന്നോ അങ്ങനെയുള്ളപ്പോൾ പാറു എന്തിന് ഇതുപോലൊരു കാര്യം ചെയ്യണം..."

കിരണിന്റെ സംശയത്തിന് അവൻ പുച്ഛത്തോടെ ചിരിച്ചു... "നിങ്ങൾക്കൊന്നും അറിയാത്ത ഒരു പാറുവുണ്ട്....ഒമ്പതാം ക്ലാസ്സ് മുതൽ ഒരു പ്രണയത്തെ അല്ലെങ്കിൽ വെറുമൊരു മോഹത്തെ മാറോടു ചേർത്ത് പിടിച്ചവൾ.... പലതവണ സൗമ്യമായ ഭാഷയിൽ പിന്തിരിപ്പിക്കാൻ നോക്കി എന്നിട്ടും ആ മോഹം അവൾ ഉപേക്ഷിക്കില്ലെന്ന് കണ്ട് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു... വർഷങ്ങൾ കഴിഞ്ഞ് അവൾ പുതിയൊരു ബന്ധത്തിന് സമ്മതം മൂളിയപ്പോൾ എല്ലാം ഉപേക്ഷിച്ചിട്ടായിരിക്കും എന്ന് കരുതിയ വിഢിയായിരുന്നു ഞാൻ.... അതിന് പിന്നിൽ ഇതുപോലൊരു ചതി ഒളിഞ്ഞു കിടപ്പുണ്ടെന്ന് അറിയാൻ വൈകി... അറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അത്രയും നാൾ നിധിപോലെ സൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ തകർന്നടിഞ്ഞിരുന്നു..." നിറഞ്ഞു വന്ന കണ്ണുകളെ ജിത്തു അമർത്തി തുടച്ചു മുന്നോട്ട് നടന്നു... അപ്പോഴും അവൻ പറഞ്ഞതെല്ലാം കേട്ട് വിശ്വാസം വരാത്തത് പോലെ മരവിച്ചു നിൽക്കുകയായിരുന്നു കിരൺ... "അപ്പൊ പാറു നിന്നെ പ്രണയിച്ചിരുന്നോ... " "മ്മ്.. " കിരൺ സംശയത്തോടെ ചോദിച്ചപ്പോൾ അവൻ ബലമില്ലാതെയൊന്ന് മൂളി...

"വിച്ചുവിന് അറിയുമോ ഇത്...? " "ഇല്ലെന്ന് കരുതുന്നു... ഉണ്ടായിരുന്നേൽ അവൻ എന്നേ എന്നോട് ഇതിനെ പറ്റി ചോദിക്കുമായിരുന്നു... " "അറിഞ്ഞിട്ടും അവൻ മിണ്ടാതിരുന്നതാണെങ്കിലോ... അതുമല്ല പെട്ടന്നുള്ള പാറുവിന്റെ കല്യാണം ഉറപ്പിക്കലും നടത്തലും ഇതിന്റെ ഭാഗമായിട്ടാണെങ്കിലോ...? " "എനിക്കറിയില്ല കിരൺ ആലോചിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല...എല്ലാം ഇട്ടെറിഞ്ഞു എവിടേക്കെങ്കിലും ഓടിപ്പോവാന തോന്നുന്നേ..." "നീ വിഷമിക്കാതെടാ എല്ലാം കലങ്ങി തെളിയും... നീ പാറുവിനെ വെറുതെ പ്രതി സ്ഥാനത്തു നിർത്തി ഓരോന്നും ചിന്തിച്ചു കൂട്ടേണ്ട..ഈ കാര്യത്തിൽ അവൾ നിരപരാധി ആയിരിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്... അല്ല അത് തന്നെയാണ് സത്യം... നീ ധൈര്യമായിട്ടിരിക്ക്..." കിരൺ അവന്റെ തോളിലൊന്ന് തട്ടി.... ജിത്തുവിൽ നിന്നൊരു നെടുവീർപ്പുയർന്നു... വീടെത്തിയതും കയ്യിലുള്ള ടോർച് അണച്ചു കൊണ്ട് ഇരുവരും പഠിപ്പുര കടന്ന് ഉമ്മറത്തേക്ക് കയറി... "എവിടെ പോയി കിടക്കുവായിരുന്നു ജിത്തു നീയിത്രയും നേരം...നീ ഞങ്ങളെക്കൂടെ വിഷമിപ്പിക്കാൻ വേണ്ടിയാണോ ഇങ്ങനെ ചോദിക്കാതെയും പറയാതെയും ഇറങ്ങിപ്പോവുന്നെ.." അത്രയും നേരം ജിത്തുവിനെ കാണാതിരുന്ന് വിഷമിച്ചിരുന്ന ഗൗരി ടീച്ചർ ദേഷ്യത്തിൽ ചോദിച്ചു...

"ഞാൻ കാരണം ആരും വിഷമിക്കേണ്ട... എന്റെ സങ്കടത്തിനും വേദനക്കുമൊന്നും ഇവിടെ യാതൊരു വിലയും ഇല്ലെ..." ദേഷ്യം വന്ന ജിത്തു പരിസരം മറന്നു കൊണ്ട് ചോദിച്ചു... "നിങ്ങളെന്താ കൊച്ചു കുട്ടികളെ പോലെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുന്നെ... ജിത്തു നീ അകത്തേക്ക് പോയേ... ജ്യോതി നീ അമ്മയെയും വിളിച്ചു കൊണ്ട് പോ..." കിരൺ ഇരുവരേയും അനുനയിപ്പിച്ചു അകത്തേക്ക് പറഞ്ഞുവിട്ടു.... **** "ഇത് പിടിച്ചേ... ചടങ്ങുകളൊന്നും തെറ്റിക്കേണ്ട... " ജ്യോതി കയ്യിലുള്ള പാൽ ഗ്ലാസ്‌ പാറുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു... "തുടക്കം തന്നെ നിങ്ങൾ രണ്ട് പേരും പരസ്പരം അകന്നു നിന്നാൽ ആ അകൽച്ച കൂടുകയേ ഉള്ളൂ.. നേരെ മറിച് ഒരു മുറിയിൽ താമസിക്കുന്ന രണ്ട് പേർ എങ്ങനെ കാലങ്ങളോളം മിണ്ടാതെയിരിക്കും..! മിണ്ടിയേ തീരൂ,,, ആദ്യം ചിലപ്പോൾ കുറച്ചു പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായെന്നിരിക്കും എന്നാൽ പോകെ പോകെ അതും ഇല്ലാതായിക്കോളും... നിന്റെ ജീവിതത്തിന്റെ പുതിയൊരു തുടക്കം ഇന്ന് മുതൽ ഇവിടെ തുടങ്ങുകയാണ്... ഇങ്ങനെ സങ്കടപ്പെട്ടു നിൽക്കാതെ ധൈര്യമായിട്ട് ചെല്ല്..." പോകാൻ മടിച്ചു നിൽക്കുന്ന പാറുവിനെ ജ്യോതി ഉന്തി തള്ളി മുകളിലെ മുറിയിലേക്ക് പറഞ്ഞയച്ചു ...

"പാവം കുട്ടി,, അതിനെ അവൻ വേണ്ടാത്തതൊന്നും പറഞ്ഞു നോവിക്കാതിരുന്നാൽ മതിയായിരുന്നു... " അവൾ പോവുന്നതും നോക്കി നിന്ന ജ്യോതി പറഞ്ഞു... "ന്റെ ജിത്തു അത്രക്ക് ദുഷ്ടനൊന്നും അല്ല... ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നു എന്നേ ഉള്ളൂ ആളൊരു പാവമാ... " "മ്മ് അത് കണ്ടറിയാം,, രാവിലെ അതിന്റെ പല്ലും നഖവുമെങ്കിലും ബാക്കി കിട്ടിയാൽ മതിയായിരുന്നു... " "നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും ജ്യോതി.... " ജ്യോതി തമാശ രൂപേണ പറഞ്ഞതും ഗൗരിയമ്മ അവളെ കർക്കഷത്തോടെ നോക്കി.. അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും സ്ഥലം വിട്ടു... **** പാറു ജിത്തുവിന്റെ മുറിയുടെ അടുത്തെത്തി ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും വാതിൽ പതിയെ തുറന്നു അകത്തേക്ക് നോക്കി... അകത്ത് ആരുമില്ലെന്ന് കണ്ടതും അവൾ അങ്ങോട്ട് കയറി.. അതേ നിമിഷം തന്നെയാണ് ബാത്റൂമിന്റെ ഡോർ തുറന്ന് ജിത്തു പുറത്തേക്ക് വന്നതും... അവളെ കണ്ടെങ്കിലും ആ ഭാവം കാണിക്കാതെ അവൻ ഷെൽഫിൽ നിന്നും ഒരു ബനിയൻ എടുത്തിട്ടു...

പാറുവാണേൽ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ജിത്തു വാതിൽ ശക്തിയിൽ അടച്ചത്...അവളൊന്ന് ഞെട്ടി.. കയ്യിലുള്ള ഗ്ലാസിൽ നിന്നും പാൽ തുളുമ്പി താഴെ പോയി... "ആ ലൈറ്റ് ഒന്നണച്ചാൽ മറ്റുള്ളവർക്കൊന്ന് കിടക്കാമായിരുന്നു.... " അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ ലൈറ്റ് അണച്ചു ബെഡ്‌ ലാമ്പ് ഓൺ ചെയ്തു....താൻ എവിടെ കിടക്കും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് മേലേക്ക് ഒരു പുതപ്പും തലയിണയും വന്നു വീണത്.. "ആ മൂലയിലെങ്ങാനും ചുരുണ്ട് കൂടിക്കോ.... " അവൻ തീർത്തും ഒരു അപരിചിതനോടെന്ന പോലെ പറഞ്ഞു ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു കണ്ണുകളടച്ചു.... നിശബ്‍ദം തേങ്ങിക്കൊണ്ടവൾ ആ പുതപ്പിനെ നിലത്തേക്ക് വിരിച്ചു അതിലേക്ക് ചുരുണ്ട് കൂടി.... നേരം ഒരുപാടായിട്ടും ഇരുവർക്കും നിദ്രയെ പുൽകാൻ കഴിഞ്ഞില്ല...അവരുടെ മനസ്സാകെ കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു.... പാറുവിന് ഏട്ടനെയും അമ്മയേയും കുറിച്ചോർക്കുമ്പോൾ സങ്കടം ഇരട്ടിയായി.... തേങ്ങൽ ചീളുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.... കരഞ്ഞു തളർന്നു ഒടുവിൽ എപ്പോഴോ മയങ്ങി പോയിരുന്നു.... ഉറങ്ങി കിടക്കുന്ന പാറുവിനെ നോക്കി ജിത്തു വാതിൽ ചാരി പുറത്തേക്കിറങ്ങി...

നന്നേ ക്ഷീണം ഉണ്ടെങ്കിലും ഒരു പോള കണ്ണടക്കാൻ അവനു കഴിഞ്ഞില്ല...അവൻ ഉമ്മറത്തെ വാതിൽ തുറന്നു വിച്ചുവും അവനും അധികവും ഒത്തുകൂടാറുള്ള കുളത്തിലേക്ക് പോയി... ശാന്തമായി ഒഴുകുന്ന വെള്ളം... അത് പോലെ തന്റെ ഉള്ളും സംഘർഷങ്ങൾ നീങ്ങി ശാന്തമായെങ്കിൽ എന്നവൻ ആഗ്രഹിച്ചു....അവിടെ തനിയേ ഇരിക്കുമ്പോൾ പഴയ ഓർമ്മകൾ അവനെ കുത്തി നോവിച്ചു കൊണ്ടിരുന്നു... അവൻ ആ പടവിലേക്ക് കിടന്നു.... ആകാശത്തു ഒരു താരകം പോലും ഉണ്ടായിരുന്നില്ല... കറുത്ത മഴമേഘങ്ങളാൽ അവയെല്ലാം മൂടപ്പെട്ടിരിക്കുന്നു... അത് പോലെയാണ് തന്റെ ജീവിതവും എന്നവന് തോന്നി... സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുന്നു... ഇനി ആ നിഴലിനെ മായ്ക്കാൻ തക്ക വിധത്തിലുള്ള പ്രകാശം തന്റെ ജീവിതത്തിൽ ഉണ്ടാവുമോ എന്ന് പോലും സംശയമായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story