നീയും ഞാനും.. 🧡 ഭാഗം 28

neeyum njanjum shamseena

രചന: ശംസീന

പുലർച്ചെ വാതിൽ തള്ളി തുറക്കുന്ന ഒച്ച കേട്ടാണ് പാറു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്... കരഞ്ഞു തളർന്നൊടുവിൽ എപ്പോഴോ മയങ്ങി പോയിരുന്നു... അവളെ ഒന്ന് ശ്രദ്ധിക്കുക കൂടെ ചെയ്യാതെ ജിത്തു ബെഡിലേക്ക് കിടന്നു.... പാറു കിടന്നിടത്തു നിന്നും എഴുന്നേറ്റു... തറയിൽ തണുപ്പടിച്ചു കിടന്നതു കൊണ്ടാകണം ശരീരമെല്ലാം വല്ലാതെ നോവുന്നുണ്ടായിരുന്നു... അവൾ ചുമരിൽ തൂക്കിയിരിക്കുന്ന വലിയ ക്ലോക്കിലേക്ക് നോക്കി... സമയം അഞ്ചാവുന്നു... അടുത്തുള്ള അമ്പലത്തിൽ നിന്നും പ്രഭാത കീർത്തനം കേൾക്കുന്നുണ്ട്... അവൾ മാറിയുടുക്കാനുള്ള വസ്ത്രമെടുത്ത് ബാത്‌റൂമിലേക്ക് കയറി... തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോൾ വല്ലാത്തൊരു കുളിരും ഉന്മേഷവും തോന്നിയവൾക്ക്.. പെട്ടന്ന് തന്നെ ഫ്രഷായി ഇറങ്ങി താഴേക്ക് ചെന്നു...താഴെ വെളിച്ചമൊന്നും കാണാത്തതുകൊണ്ട് ആരും എഴുന്നേറ്റിട്ടില്ലെന്ന് മനസ്സിലായി... അവൾ പൂജാ മുറിയിലേക്ക് കയറി വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു... അവിടെ വെച്ചിരുന്ന തട്ടിൽ നിന്നും ഒരു നുള്ള് ഭസ്‌മം എടുത്ത് നെറ്റിയിൽ തൊട്ടു... മറ്റൊരു തട്ടിൽ ഇരിക്കുന്ന കുങ്കുമത്തിലേക്ക് അവളുടെ കണ്ണുകൾ നീണ്ടെങ്കിലും മനപ്പൂർവം അതിനെ അവഗണിച്ചു...

മുറിയിൽ വ്യാപിക്കുന്ന കർപ്പൂര ഗന്ധം അറിഞ്ഞാണ് ടീച്ചർ കണ്ണുകൾ തുറന്നത്... ആരായിരിക്കും ഈ അതിരാവിലെ പൂജമുറിയിൽ കയറിയിരിക്കുന്നതെന്നവർ സംശയിച്ചു... അവർ മുടി വാരിചുറ്റി കതക് തുറന്നു പുറത്തേക്ക് വന്നു...അടുക്കളയിലെ വെളിച്ചം കണ്ടവർ അവിടേക്ക് പോയി... തിളയ്ക്കുന്ന വെള്ളത്തിലേക്ക് കാപ്പിപ്പൊടിയും മധുരവും ഇട്ടിളക്കി പാകമാക്കിയെടുക്കുന്ന പാറുവിനെ അവർ കൗതുകത്തോടെ നോക്കി നിന്നു... തന്റെ മകൾ പോലും ഇത്രയും നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ കയറി ഒരു തുള്ളി വെള്ളം പോലും തിളപ്പിക്കില്ലെന്ന് ഓർത്തു പോയി... പാറു കാപ്പി പകർത്താൻ ഗ്ലാസിന് വേണ്ടി തിരഞ്ഞപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന ടീച്ചറെ കണ്ടത്.... അവൾ അവരെ നോക്കി പുഞ്ചിരിച്ചു സ്റ്റാന്റിൽ നിന്നും ഗ്ലാസുകളെടുത്തു... "പാറു ഇത്ര നേരത്തെ എഴുന്നേൽക്കുമോ... " "രണ്ട് കൊല്ലം മുന്നേ വരെ ഇല്ലായിരുന്നു.. പിന്നെ കോളേജിൽ പോക്ക് തുടങ്ങിയപ്പോൾ നേരത്തെ എണീക്കാതെ പറ്റില്ലായിരുന്നു..." പറയുന്നതിനൊപ്പം അവൾ ഒരു ഗ്ലാസ്‌ കാപ്പിയെടുത്തു അവരുടെ നേരെ നീട്ടി... "അതെന്തായാലും നന്നായി...!അതുകൊണ്ട് നേരത്തെ ഒരു ഗ്ലാസ്‌ കാപ്പി കിട്ടിയല്ലോ..." അവരത് വാങ്ങി ചുണ്ടോട് അടുപ്പിച്ചു... "മോള് കുടിച്ചു കഴിഞ്ഞു ബാക്കിയുണ്ടേൽ ആ കാണുന്ന ഫ്ലാസ്കിൽ ഒഴിച്ചു വെച്ചേക്ക്...

ഇല്ലെങ്കിൽ അവരെല്ലാം എണീറ്റ് വരുമ്പോഴേക്കും ചൂട് പോവും... " നേര്യതിന്റെ മുന്താണി എളിയിൽ കുത്തിക്കൊണ്ടവർ പറഞ്ഞു.. ശേഷം ഇടിയപ്പത്തിനുള്ള വെള്ളമെടുത്ത് അടുപ്പിലേക്ക് വെച്ചു... "ഇതെന്താ ടീച്ചറെ അടുപ്പിൽ,, ഗ്യാസ് ഇരിപ്പുണ്ടല്ലോ..." അടുപ്പിൽ തീ കത്തിക്കുന്ന ടീച്ചറെ കണ്ടവൾ ചോദിച്ചു... "ഇവിടുത്തെ സാറിന് ഗ്യാസിൽ ഭക്ഷണം ഉണ്ടാക്കിയാൽ പറ്റില്ല... അതെല്ലാം ശരീരത്തിന് ദോഷമാണെന്നാണ് പറയുന്നത്... അടുപ്പിൽ വെച്ചാലേ വായ്ക്ക് രുചിയായി വല്ലതും കഴിക്കാൻ പറ്റൂ എന്നാ പറയാറ്..." അവർ പുകഞ്ഞു കൊണ്ടിരിക്കുന്ന അടുപ്പൊന്ന് ഊതി .... "പക്ഷെ മിക്ക ദിവസങ്ങളിലും ജിത്തുവാണ് രാവിലത്തെ പലഹാരത്തിന്റെ ജോലികൾ ചെയ്യാറ്... ഉച്ചക്കത്തേക്ക് മാത്രമേ എനിക്ക് അടുക്കളയിലേക്ക് പ്രവേശനമുള്ളൂ...അവൻ ഇല്ലാത്തത് കൊണ്ടാണ് ഞാനിപ്പോൾ കിടന്നു ഊതേണ്ടി വരുന്നത്..." അവർ വീണ്ടും അടുപ്പിലേക്ക് ഊതിയതും തീ ആളിക്കത്തി... "ഇനിയങ്ങോട്ട് കത്തിക്കോളും.." അതും പറഞ്ഞു കൊണ്ടവർ അവിടുന്ന് നീങ്ങി...

ടീച്ചറിലൂടെ പാറു അറിയുകയായിരുന്നു മറ്റൊരു ജിത്തുവിനെ... കറിക്ക് പച്ചക്കറി അരിഞ്ഞും ഇടിയപ്പത്തിന്റെ അച്ചിൽ പിടി വലി കൂടിയും പാറു ടീച്ചറോടൊപ്പം കൂടി... എല്ലാവരും എണീറ്റ് വരുമ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് എല്ലാം റെഡിയാക്കി പാറുവും ടീച്ചറും കൂടെ ടേബിളിൽ വെച്ചിരുന്നു... "മോള് പോയി ജിത്തുവിനെ വിളിച്ചിട്ട് വാ... " "ഞാനോ... നിക്ക് പേടിയാ... " അവൾ പരിഭ്രാന്തിയോടെ പറഞ്ഞു.... "പിന്നെ നീയല്ലാതെ ഞങ്ങൾ പോയി വിളിക്കണോ... കളിക്കാതെ പോയി വിളിച്ചോണ്ട് വാ പെണ്ണേ..." അവിടേക്ക് വന്ന ജ്യോതിയും ടീച്ചർ പറഞ്ഞതിനെ ശെരിവെച്ചു... അവരുടെ നിർബന്ധം കാരണം വേറൊരു വഴിയില്ലാത്തത് കൊണ്ട് പാറു സന്ദേഹത്തോടെ കോണിപ്പടി കയറി... മുറിയുടെ മുന്നിലെത്തിയ പാറു അകത്തേക്കൊന്ന് എത്തി നോക്കി... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുന്ന ജിത്തുവിനെ കണ്ടതും വാതിൽ പടിയിലേക്ക് നീങ്ങി നിന്നു... വാതിലിനടുത്തൊരു നിഴൽ വെട്ടം കണ്ടതും ജിത്തു തലചെരിച്ചു നോക്കി... "ടീച്ചർ...താഴേക്ക് വരാൻ പറഞ്ഞു... " അവൾ പരിഭ്രമത്തോടെ പറഞ്ഞു... "മ്മ്... " കനത്തിലൊന്ന് മൂളി കയ്യിലുണ്ടായിരുന്ന ചീർപ്പിലേക്കൊന്ന് ഊതി... "ഇനിയെന്താ... " വീണ്ടും അവിടെ നിന്ന് തിരിയുന്നത് കണ്ട പാറുവിനോടവൻ ഒച്ചയെടുത്തു...പേടിച്ചുപോയ പാറു താഴേക്കൊരോട്ടം വെച്ചു കൊടുത്തു.... ****

"നീ എവിടെയെങ്കിലും പോവാൻ ഇറങ്ങിയതാണോ...? " ഒരുങ്ങി ഇറങ്ങി വരുന്ന ജിത്തുവിനെ കണ്ട് ടീച്ചർ ചോദിച്ചു... "മ്മ്,, കോളേജിലേക്ക്..." അവൻ ഫുൾ സ്ലീവ് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊണ്ട് മറുപടി കൊടുത്തു... "അതിനിന്ന് ശനിയാഴ്ചയല്ലേ... " ജ്യോതി സംശയം പ്രകടിപ്പിച്ചു... "സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്... " അവളെ നോക്കാതെ പറഞ്ഞുകൊണ്ട് ജിത്തു ബാഗും എടുത്ത് പോയി... "എടാ നിനക്ക് ചായ വേണ്ടേ.... " "വേണ്ടാ..എന്റേത് കൂടെ അകത്തുള്ളവൾക്ക്‌ കൊടുത്തേക്ക്..." പുച്ഛത്തോടെ പറഞ്ഞിട്ടവൻ ബൈക്ക്‌ സ്പീഡിൽ റോഡിലേക്കിറക്കി.... "ഈ ചെറുക്കന്റെ ഒരു കാര്യം... " ജ്യോതി ഇതും പറഞ്ഞു തിരിഞ്ഞപ്പോഴാണ് പിറകിൽ കണ്ണ് നിറച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെ കാണുന്നത്... "അതവൻ ചുമ്മാ പറയുന്നതല്ലേ... പാറൂസ് അത് കാര്യമാക്കേണ്ട... വാ നമുക്ക് ചായകുടിക്കാം..." ജ്യോതി അവളേയും കൂട്ടി അകത്തേക്ക് നടന്നു... ***** "ടീച്ചറെ... " "എന്താ കുട്ടി എന്തെകിലും വേണോ... " പാറുവിന്റെ വിളികേട്ട് ചോറിന്റെ വേവ് നോക്കുകയായിരുന്ന ഗൗരിയമ്മ തിരിഞ്ഞു നോക്കി ചോദിച്ചു...

"അത് ഞാനും കോളേജിൽ പൊക്കോട്ടെ... " അവൾ മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു... "ഇത് ഞാൻ അങ്ങോട്ട് പറയാൻ നിൽക്കുവായിരുന്നു...ഇവിടിങ്ങനെ ചടഞ്ഞു കൂടിയിരുന്നാൽ വിഷമം കൂടത്തെ ഉള്ളൂ... കോളേജിൽ പോവുന്നതായിരിക്കും എന്ത് കൊണ്ടും നല്ലത്...." "പക്ഷെ ന്റെ പുസ്തകങ്ങളൊക്കെ വീട്ടിലല്ലേ അതെങ്ങനെ കിട്ടും.... " "ഇനി പുസ്തകവും ചോദിച്ചു കൊണ്ട് അങ്ങോട്ട് ചെന്നാൽ നിന്റെ വിച്ചേട്ടൻ വാളും പരിചയും എടുക്കും... അതിലും നല്ലത് പുറത്തു നിന്ന് പുസ്തകം വാങ്ങിക്കുന്നതാ....ഞാൻ കിരണേട്ടനോട് പറഞ്ഞു നോക്കാം നീ എന്താ വേണ്ടതെന്ന് വെച്ചാ ലിസ്റ്റ് എഴുത്...." അടുത്ത് നിന്ന ജ്യോതി വിച്ചുവിനെ കുറിച്ച് പറഞ്ഞത് കേട്ട് ചെറിയൊരു സങ്കടം തോന്നിയെങ്കിലും അവളതിനെ മറച്ചു പിടിച്ചു മുറിയിലേക്ക് ചെന്നു.... "നീയെന്തിനാടി അതിനോട് അങ്ങനെ പറഞ്ഞത്.. ആ കൊച്ചിന് വിഷമം ആയെന്നാ തോന്നുന്നേ... " പാറു പോയതും ടീച്ചർ ജ്യോതിയുടെ നേരെ തിരിഞ്ഞു... "അറിയാതെ വായിൽ നിന്ന് വന്നു പോയതാണ്... വിച്ചുവിൽ നിന്നും പ്രതീക്ഷിക്കാത്ത പലതും ആണല്ലോ നടന്നത്.... "

"കഴിഞ്ഞത് കഴിഞ്ഞു.... ഇനിയിപ്പോ അങ്ങനെ സമാധാനിക്കാനേ ഒക്കൂ..." നെടുവീർപ്പോടെ ടീച്ചർ പറഞ്ഞു നിർത്തി... ***** പിറ്റേന്ന് നേരത്തെ എണീറ്റ് റെഡിയാവുന്ന പാറുവിനെ കണ്ട് നെറ്റിച്ചുളിച്ചു.... അവൾ എവിടേക്കാണ് പോവുന്നതെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും അവൻ അതിന് തുനിഞ്ഞില്ല.... "ടാ ജിത്തു നീ പോവുമ്പോൾ പാറുവിനെ കൂടെ കൂട്ടിക്കോ,,, രണ്ടാളും ഒരിടത്തേക്കല്ലേ..... " "ഒരിടത്തേക്കോ.... " ജിത്തു കണ്ണുകൾ കുറുക്കി... "ആ കോളേജിലേക്ക്... വെറുതെ ഇവിടെ ഇരുന്ന് പഠിപ്പ് മുടക്കേണ്ടല്ലോ...." ടീച്ചർ പറയുമ്പോഴേല്ലാം പാറു തലയും താഴ്ത്തി നിന്നതേയുള്ളൂ... "ഇതുവരെ എങ്ങനെയാണോ പോയിരുന്നത് അങ്ങനെ തന്നെ ഇനിയും പോയാൽ മതി... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.... " "ജിത്തു.... " ടീച്ചർ ദേഷ്യത്തിൽ വിളിച്ചു... "ഇതിൽ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല,,, ഞാൻ അനുസരിക്കില്ല..." അവൻ കോപത്തോടെ പറഞ്ഞുകൊണ്ട് ബൈക്കും എടുത്ത് പോയി... പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാനായി വെമ്പി നിന്നു... "സാരമില്ല ടീച്ചറെ ഞാൻ ഇവിടുന്ന് ബസിൽ പൊക്കോളാം..." ഇടറുന്ന ശബ്‍ദത്തോടെ പറഞ്ഞുകൊണ്ടവൾ ചെരുപ്പിട്ട് ഉമ്മറത്തേക്കിറങ്ങി.... "പാറു അവിടെ നിന്നേ... ഞാൻ കൊണ്ടുവിടാം ബസ് സ്റ്റോപ്പ്‌ വരെ...

വഴിയിൽ കാണുന്നവരെല്ലാം ഓരോന്നും ചോദിച്ചു വേദനിപ്പിക്കും,,,നമ്മുടെ നാട്ടുകാരല്ലേ വാ മൂടി ഇരിക്കില്ല..." പറഞ്ഞുകൊണ്ട് ടീച്ചർ അവളുടെ കയ്യും പിടിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു..ഇരുവരും നടന്നു പോവുന്നത് കണ്ടപ്പോൾ അവരെ അറിയാവുന്നവർ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്... അവരെയെല്ലാം ഒരു നോട്ടം കൊണ്ട് ടീച്ചർ ശാസിച്ചു നിർത്തി.... "പാറു.... " അവളെ കണ്ടതേ ബസ് കാത്ത് നിന്നിരുന്ന മീര അടുത്തേക്ക് വന്നു.... "നിനക്ക് സുഖമാണോടി... " പാറുവിനെ കണ്ട സന്തോഷത്തിൽ മീര കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു... "മ്മ്... " മൂളിയെന്നല്ലാതെ മറ്റൊന്നും പാറു മറുപടിയായി നൽകിയില്ല... "ഇനി ടീച്ചർ പൊക്കോ ഞാൻ മീരയുടെ കൂടെ പൊക്കോളാം... " "ഉറപ്പാണോ... " "മ്മ്... " ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ അവൾ മൂളിയതും പാറുവിനെ മീരയെ ഏൽപ്പിച്ചു ടീച്ചർ വീട്ടിലേക്ക് പോയി....

"മീരേ,,, അമ്മയും ഏട്ടനും... " മനസ്സിന്റെ വിങ്ങൽ മറച്ചു വെച്ചു കൊണ്ടവൾ ചോദിച്ചു.... "അവിടെയുണ്ട്... നീ പോയതിൽ പിന്നെ ആ വീട് ഉറങ്ങി...ഞാൻ അവിടേക്ക് പോവാറില്ല...ചിലപ്പോൾ അമ്മ ചെന്ന് എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുക്കാറുണ്ട്....അത് തന്നെ അവർ കഴിച്ചാൽ കഴിച്ചു... വിച്ചേട്ടൻ ഇപ്പോൾ കടയിലേക്കൊന്നും പോവുന്നില്ല വീട്ടിൽ തന്നെ ഇരിപ്പാണ്..." "മതി മീരേ ഇനിയും എനിക്ക് കേൾക്കാനുള്ള ത്രാണിയില്ല.... ഞാൻ ചെയ്ത തെറ്റിന് എന്റെ ചുറ്റുമുള്ളവരാണല്ലോ വേദനിക്കുന്നതെന്നോർക്കുമ്പോൾ ചങ്ക് പൊട്ടുവാടി..." ഇടറുന്ന വാക്കുകളോടെ പാറു തന്റെ ഉള്ളിലെ നോവ് മീരയോട് പറഞ്ഞു... "ജിത്തേട്ടൻ... " മീര ചോദിച്ചതിനവൾ അകലെ നിന്നും വരുന്ന ബസ്സിലേക്ക് നോക്കി നിന്നു... മറുപടിയൊന്നും പറയാതെ മുന്നിൽ വന്നു നിന്ന ബസിലേക്കവൾ കയറി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story