നീയും ഞാനും.. 🧡 ഭാഗം 29

neeyum njanjum shamseena

രചന: ശംസീന

"നീ ആള് കൊള്ളാമല്ലോടി...!പൂച്ചയെ പോലെ പതുങ്ങി നിന്നിട്ട് പഠിപ്പിച്ചിരുന്ന സാറിനെ തന്നെ വല വീശിപ്പിടിച്ചല്ലോ.... " പാറു ക്ലാസ്സിലേക്ക് വരുന്നത് കണ്ട സുചിത്ര മറ്റു കുട്ടികളോടൊപ്പം ചേർന്ന് പാറുവിനെ നോക്കി പറഞ്ഞതും അവരെല്ലാം അവളെ പരിഹാസത്തോടെ നോക്കി ചിരിച്ചു....സുചിത്ര മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല... അതുകൊണ്ടെന്താ കോളേജിലെ ഒട്ടുമിക്ക കുട്ടികൾക്കും അവളെ കാണുന്നതേ ഇഷ്ടമല്ല.... "സുചിത്രേ,,,നീ നിന്റെ പണിയെടുത്താൽ മതി വെറുതെ മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ കയറി അഭിപ്രായം പറയാനോ അവരെ പരിഹസിക്കാനോ നിൽക്കേണ്ട....." അവളുടെ വർത്തമാനം കേട്ട് ദേഷ്യം വന്ന മീര പ്രതികരിച്ചു... മീരയുടെ മുഖത്തെ ദേഷ്യം തിരിച്ചറിഞ്ഞ പാറു നിറകണ്ണുകളാലെ അവളോട് വേണ്ടെന്ന് പറഞ്ഞു അവളേയും വലിച്ചു സീറ്റിൽ പോയിരുന്നു.... "ആര് എന്ത് പറഞ്ഞാലും കണ്ണും നിറച്ചു നിന്നോണം....അവൾ അത് പറയുമ്പോൾ നിന്റെ വായിലെന്താടി പഴം തിരുകി വെച്ചേക്കുവാണോ മറുപടി പറയാതിരിക്കാൻ..."

സീറ്റിലേക്കിരിക്കുന്നതിനിടയിൽ മീര പാറുവിന്റെ നേരെ തിരിഞ്ഞു ദേഷ്യത്തോടെ ചോദിച്ചു.... "എനിക്ക് പെട്ടന്ന് അവളങ്ങനെ പറഞ്ഞത് കേട്ടപ്പോൾ തെറ്റ് മുഴുവൻ എന്റെ ഭാഗത്താണെന്ന് തോന്നി...അവർക്കറിയില്ലല്ലോ ഇവിടെ വരുന്നതിനു മുന്നേ ജിത്തേട്ടനെ ഞാൻ പ്രണയിച്ചിരുന്നെന്ന്..കോളേജിൽ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതിയാണ് ഞാൻ വന്നത് തന്നെ എന്നിട്ടിപ്പോൾ...." പാറു നിസ്സഹായതയോടെ ഡസ്കിലേക്ക് തലവെച്ചു കിടന്നു... "ആരും ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല...!പിന്നെ ഇന്നലെ ഇവിടെ തൻവി മിസ്സ്‌ വന്നിരുന്നു സർട്ടിഫിക്കറ്റ്സ് വാങ്ങിക്കാൻ അപ്പോൾ സുഷമ മിസ്സിനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അവര് വഴിയാണ് അവൾ കാര്യങ്ങൾ അറിഞ്ഞത് അവരുടെ ബന്ധുവാണല്ലോ സുചിത്ര... പിന്നെ പറയേണ്ടല്ലോ പത്രത്തിൽ കൊടുത്താൽ പോലും ഇത്ര പെട്ടന്ന് ന്യൂസ്‌ എല്ലാവരിലേക്കും എത്തില്ല.... " മീരയുടെ വാക്കുകളിൽ സുചിത്രയോടുള്ള അമർഷം വ്യക്തമായിരുന്നു... "എന്നാലും ആർക്കായിരിക്കും എന്നോടിത്രയും ദേഷ്യം...

അല്ലെങ്കിൽ പിന്നെ ഇതുപോലൊരു പ്രവർത്തി ചെയ്യുമോ... ഞങ്ങൾ പോലും അറിയാതെ ഞങ്ങളുടെ ഫോട്ടോ എടുത്ത് അവിനാഷിന് അയക്കണമെങ്കിൽ അത്രക്കും ഞങ്ങളോട് പകയുള്ള ആരെങ്കിലും ആയിരിക്കില്ലേ... പക്ഷേ അയാൾക്ക് ഇത് കൊണ്ടെന്ത്‌ ഗുണം...." ഇത്രയും നാൾ തന്റെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന ചോദ്യങ്ങൾ അവൾ മീരയുമായി പങ്കുവെച്ചു... "ചിലപ്പോൾ നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് അയാൾ ഇങ്ങനൊരു കാര്യം ചെയ്തതെങ്കിലോ.... എന്തായാലും ഒരു കാര്യത്തിൽ എനിക്ക് ഇത് ചെയ്തവനോട് നന്ദിയുണ്ട്...!എന്റെ പാറുക്കുട്ടിയുടെ ഏറെ നാളത്തെ ആഗ്രഹം പൂവണിഞ്ഞല്ലോ... " മീര സന്തോഷത്തോടെ പാറുവിന്റെ കവിളിൽ പിച്ചി... "നീ പറഞ്ഞതൊക്കെ ശെരി തന്നെ എന്റെ ഏറെ നാളത്തെ മോഹമായിരുന്നു ജിത്തേട്ടന്റെ കൂടെയുള്ള ജീവിതം പക്ഷേ...!പ്രതീക്ഷിക്കാത്ത നേരത്ത് അത് ദൈവം എന്റെ മുന്നിലേക്ക് വെച്ചു നീട്ടിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുടുംബമല്ലേ,, അവരുടെ സ്നേഹവും ലാളനയുമല്ലേ.. നിനക്കറിയോ ഇന്ന് ഞാൻ ആരുമില്ലാത്തൊരു അനാഥയാണ് ..."

ആ ഓർമയിൽ പാറുവിന്റെ നെഞ്ച് പിടഞ്ഞു.... "എല്ലാം ശെരിയാവുമെടി.. നിന്റെ അമ്മയും വിച്ചേട്ടനുമല്ലേ അവർക്ക് എത്ര നാൾ നിന്നോടിങ്ങനെ മിണ്ടാതേയും പറയാതെയും ഇരിക്കാൻ കഴിയും... അധികം വൈകാതെ അവർ നിന്റെ നിരപരാധിത്വം തിരിച്ചറിയും എന്നിട്ട് പഴയതിനേക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുകയും ചെയ്യും ഉറപ്പ്.... " മീരയുടെ വാക്കുകൾ അവളിൽ നേരിയ പ്രതീക്ഷയുണർത്തി....എന്നാലും മനസ്സിനുള്ളിലെ സങ്കടത്തിന് ശമനമൊന്നും വന്നിരുന്നില്ല.... പ്രവി ക്ലാസ്സിലേക്ക് കയറി വരുമ്പോഴാണ് അപ്രതീക്ഷിതമായി പാറു ഇരിക്കുന്നത് കണ്ടത്..അവൻ ഓടി വന്നവളെ ഇറുകെ കെട്ടിപ്പിടിച്ചു തന്റെ സന്തോഷം പ്രകടിപ്പിച്ചു.... "നീ ഇനി ഈ വഴിക്കൊന്നും വരില്ലാ എന്നാണ് കരുതിയെ... എന്തായാലും വന്നല്ലോ സന്തോഷമായി...." അവന്റെ ഉള്ളിലെ ആഹ്ലാദം വാക്കുകളാൽ പുറത്തേക്ക് പ്രവഹിച്ചതും പാറുവിന്റെ ചുണ്ടിലും ഒരിളം പുഞ്ചിരി മൊട്ടിട്ടു... "നിന്റെ കണവൻ എന്ത് പറയുന്നു... ഇപ്പോഴും പഴയത് പോലെ മസിലും പിടിച്ചു നടക്കുവാണോ... " ജിത്തുവിനെ കുറിച്ച് ചോദിച്ചതും പാറുവിന്റെ മുഖം മങ്ങി...

കണ്ണുകൾ നിറച്ചു കൊണ്ടവൾ പ്രവിയെ നോക്കി... "ഏയ്‌ പാറു നീയെന്തിനാ കണ്ണ് നിറച്ചിരിക്കുന്നെ ഞാൻ ചുമ്മാ ചോദിച്ചതാ..." പാറുവിന്റെ സങ്കടം കണ്ട പ്രവി പരിഭ്രമത്തോടെ പറഞ്ഞു...ഇത് കേട്ട മീര പ്രവിയെ കണ്ണുരുട്ടി പേടിപ്പിച്ചു... "പാറു കരയല്ലേ... സോറി.... " അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു.... "ജിത്തേട്ടന് ഇപ്പോൾ എന്നോട് പഴയതിനേക്കാൾ ദേഷ്യം കൂടുതലാണ്..പലപ്പോഴും എന്നെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിക്കും അപ്പോൾ എന്റെ നെഞ്ചും പിടയും...മനസ്സ് നിയന്ത്രണം വിട്ട് പോകും എന്ന് തോന്നിയപ്പോഴാണ് കോളേജിലേക്ക് വന്നത് ഇവിടെ വന്നപ്പോഴും പലരുടേയും നോട്ടം കാണുമ്പോൾ തന്നെ..." ബാക്കി പറയാൻ കഴിയാതെ അവൾ വിതുമ്പി.... "നീ ഇത്രയും വിഷമം ഉള്ളിൽ വെച്ചു കൊണ്ടാണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു... ജിത്തേട്ടന് നിന്നോടുള്ള ദേഷ്യം കുറച്ചെങ്കിലും കുറഞ്ഞിട്ടുണ്ടാവും എന്നാണ് കരുതിയത്..." പ്രവിയിൽ കുറ്റബോധം ഉടലെടുത്തു...

"സാരമില്ല പ്രവി എനിക്കിപ്പോൾ ഇതൊക്കെ ശീലമാണ്...പിന്നെ നിങ്ങൾ രണ്ട് പേരും എന്റെ കൂടെയുള്ളതാണ് ഏക ആശ്വാസം.." പാറു ഇരുവരേയും നോക്കി കൊണ്ട് പറഞ്ഞതും അവർ അവളെ ഇറുകെ പുണർന്നു... "ഇനി നിന്നെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഞങ്ങൾ പറയില്ല...നിന്റെ എല്ലാ സങ്കടങ്ങളും ഇനി ഞങ്ങളുടേത് കൂടെയാണ്.. അതുകൊണ്ട് എന്ത് വിഷമം തോന്നുവാണേലും വന്നു പറഞ്ഞോണം ഇല്ലേൽ അറിയാലോ ഞങ്ങളെ.." അവർ പറയുന്നത് കേട്ട് പാറു തല കുലുക്കി ചിരിച്ചു... പിന്നെ മൂവരും ഓരോന്നും പറഞ്ഞിരുന്നു സമയം നീക്കി കൊണ്ടിരുന്നു...പാറു തന്റെ വേദനകളെല്ലാം മറന്നു അവരോടൊപ്പം കൂടി... പലപ്പോഴും കരുതാറുണ്ട് തന്റെ സങ്കടങ്ങളെല്ലാം എങ്ങനെയാണ് ഇവർ നിഷ്പ്രയാസം മാറ്റിയെടുക്കുന്നതെന്ന് അതിനിവർ എന്ത് മായാജാലമാണ് കാണിക്കുന്നതെന്ന്... സൗഹൃദം എന്നതിനേക്കാൾ ഉപരി ഇവർക്ക് തന്നോടെന്തോ ആത്മബന്ധം ഉള്ളതായവൾക്ക് തോന്നി... ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് സർ ക്ലാസ്സിലേക്ക് വന്നു അതുവരെ ശബ്ദ കോലാഹളങ്ങൾ കൊണ്ട് നിറഞ്ഞ ക്ലാസ്സ്‌ പെട്ടന്ന് നിശബ്‍ദമായി....

പിന്നീട് ക്ലാസ്സ്‌ കഴിയുന്നത് വരെ ആരും അറിയാതെ പോലും പരസ്പരം മിണ്ടിയില്ല.... ക്ലാസ്സ്‌ കേൾക്കാൻ യാതൊരു താല്പര്യവും പാറുവിന് തോന്നിയില്ല എന്നാലുമവൾ താല്പര്യം ഉള്ളത് പോലെ ശ്രദ്ധയോടെ ഇരുന്നു...മനസ്സപ്പോഴും വിച്ചേട്ടനെയും അമ്മയേയും കുറിച്ചുള്ള ഓർമയിൽ ഉഴയുകയായിരുന്നു... ***** ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു ക്ലാസ്സിലേക്ക് പോകുന്ന വഴി വരാന്തയുടെ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്ന ജിത്തുവിനെ കണ്ടതും അവളുടെ കാലുകൾ നിശ്ചലമായി... ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയം ഉടലെടുത്തു...ആരേയും ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കി നടന്നിരുന്ന ജിത്തു പെട്ടന്ന് തലയുയർത്തിയതും തനിക്കെതിരെ നടന്നു വരുന്ന പാറുവിനെ കണ്ടു... ഗൗരവമുറ്റിയ അവന്റെ മുഖം കൂടുതൽ വലിഞ്ഞു മുറുകി.. ദേഷ്യത്തോടെ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലേക്കിട്ടു മുന്നോട്ട് നടന്നു.... അവൾ തന്റെ ചുരിദാറിന്റെ ഷാളിൽ കൈകൾ മുറുക്കി തന്റെ ഭയത്തെ നിയന്ത്രിച്ചു കൊണ്ടിരുന്നു... അവളുടെ അടുത്തെത്തിയതും അവനൊന്ന് നിന്നു...

അവനെ നോക്കാൻ പോലുമുള്ള ശക്തി ഇല്ലാത്തത് കൊണ്ടവൾ തലതാഴ്ത്തി നിന്നു... "നിനക്കെന്താ ക്ലാസ്സ്‌ ഇല്ലെ...?" നെറ്റിച്ചുളിച്ചു കൊണ്ട് മയത്തിൽ ചോദിച്ചതും പാറുവൊന്ന് അമ്പരന്നു... "ചോദിച്ചതിന് ഉത്തരമില്ലെ...?" മറുപടി പറയാതെ നിൽക്കുന്നത് കണ്ട പാറുവിനെ നോക്കി അവൻ ദേഷ്യത്തിൽ ചോദിച്ചു... "അത്... പിന്നെ ഉണ്ട് ഞാൻ... പോകാൻ തുടങ്ങുവായിരുന്നു.... " അവൾ പതർച്ചയോടെ പറഞ്ഞതും അവനൊന്ന് ഗൗരവത്തിൽ മൂളി... "മ്മ് എന്നാൽ വേഗം ചെല്ലാൻ നോക്ക്... " പറഞ്ഞു കൊണ്ട് ജിത്തു മുന്നോട്ട് നടന്നതും അവൾ ശ്വാസമൊന്നാഞ്ഞു വലിച്ചു... ശേഷം ധൃതിയിൽ നടന്നു പോകുന്ന ജിത്തുവിനെ തിരിഞ്ഞു നോക്കി... ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ചെറിയൊരു ആനന്ദം നുരഞ്ഞു പൊന്തി... നാളുകൾക്ക് ശേഷം ജിത്തേട്ടൻ തന്നോട് ദേഷ്യമേതുമില്ലാതെ രണ്ട് വാക്കെങ്കിൽ രണ്ട് വാക്ക് സംസാരിച്ചല്ലോ എന്ന ആഹ്ലാദത്തിൽ അവളുടെ മിഴികൾ ആർദ്രമായി... കണ്ണിൽ നിന്നും ആ രൂപം മറഞ്ഞു തുടങ്ങിയതും ചെറു പുഞ്ചിരിയോടെ അവൾ ക്ലാസ്സിലേക്ക് നടന്നു.... ****

"സർ ഒരു വിസിറ്റർ ഉണ്ട്.... " സ്റ്റാഫ്‌ റൂമിലിരുന്ന് കുട്ടികളുടെ ടെസ്റ്റ്‌ പേപ്പർ നോക്കുന്നതിനിടയിലാണ് പ്യൂൺ വന്നു ഇക്കാര്യം പറഞ്ഞത്...ആരായിരിക്കും തന്നെ കാണാൻ വന്നിരിക്കുന്നതെന്ന സംശയത്തോടെ ജിത്തു പേപ്പേഴ്സ് തന്റെ ബാഗിലേക്ക് തന്നെ വെച്ചു വിസിറ്റേഴ്‌സ് റൂമിലേക്ക് നടന്നു.... വിസിറ്റേഴ്‌സ് റൂമിൽ ഇരിക്കുന്ന തൻവിയെ കണ്ടതും അവന്റെ മിഴികൾ സചലമായി... ഹൃദയം എന്തിനെന്നറിയാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി... മുന്നോട്ടൊരടിപോലും അനങ്ങാൻ കഴിയാതെ നിൽക്കുന്ന ജിത്തുവിനെ നോക്കി ചെറുപുഞ്ചിരിയോടെ തൻവി അടുത്തേക്ക് വന്നു... "പഴയ ബന്ധം പുതുക്കി ആരേയും വേദനിപ്പിക്കാൻ വന്നതല്ല ജിത്തു...ഈ നാട്ടിൽ നിന്നും പോവുന്നതിനു മുന്നേ നിന്നെയൊന്ന് കാണണമെന്ന് തോന്നി..." നഷ്ടബോധത്തോടെയുള്ള തൻവിയുടെ വാക്കുകൾ കേട്ടവൻ നിർവികാരനായി നിന്നു...

"നമുക്കൊന്ന് പുറത്തു പോയാലോ ജിത്തു... ഇവിടെ എന്തോ വല്ലാത്തൊരു വീർപ്പുമുട്ടൽ,, ചിലപ്പോൾ പഴയ ഓർമ്മകൾ കുത്തി നോവിക്കുന്നത് കൊണ്ടാവാം.... " വേദനയോടെ പറഞ്ഞു കൊണ്ട് തൻവി പുറത്തേക്കിറങ്ങി... ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ജിത്തു തന്റെ ബുള്ളറ്റ് എടുത്തു അവളുടെ മുന്നിലായി വന്നു നിന്നു...തൻവി അവന്റെ പിന്നിൽ കയറി ഒരല്പം അകലം പാലിച്ചിരുന്നു... ആ നിമിഷം ഇരുവരുടേയും ഹൃദയം വേദനയാൽ പിടയുന്നുണ്ടായിരുന്നു...ദിശയറിയാതെ അവരേയും വഹിച്ചു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് പാഞ്ഞു... ഇരുവരും പോവുന്നതും നോക്കി വരാന്തയിൽ നിന്നിരുന്ന പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അത്രയും നേരം ജിത്തുവിന്റെ ഓർമ്മകളിൽ തുടികൊട്ടിയിരുന്ന ഹൃദയം പൊടുന്നനെ സങ്കടത്താൽ വീർപ്പുമുട്ടി.... ഹൃദയ വേദന താങ്ങാൻ കഴിയാതവൾ ബാഗുമെടുത്ത് ആരോടും പറയാതെ കോളേജിന് പുറത്തേക്ക് നടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story