നീയും ഞാനും.. 🧡 ഭാഗം 3

neeyum njanjum shamseena

രചന: ശംസീന

"പാറു.. ഇത് അമ്മയുടെ കയ്യിൽ കൊടുത്തേക്ക് ബ്ലൗസ്സിനുള്ള തുണിയാണ്.. അളവ് അതിന്റെ കൂടെ വെച്ചിട്ടുണ്ട്.. " "ശെരി ടീച്ചറെ.. " പാറു അത് വാങ്ങി ബാഗിലേക്ക് വെച്ചു.. "നേരം ഇരുട്ടിയല്ലോ.. ഇനിയിപ്പോ കുട്ടിയെങ്ങനെയാ തനിയെ അത് വരെ പോവുന്നേ.. " പുറത്തേക്ക് കണ്ണുകൾ പായിച്ചു ഗൗരിയമ്മ ആവലാതി പൂണ്ടു.. "നേരം ഇരുട്ടിയിട്ടൊന്നും ഇല്ല..മഴക്കാർ ഉണ്ട് അതിന്റെയാ.. കുറച്ചല്ലേ നടക്കാൻ ഉള്ളൂ ഞാൻ പൊക്കോളാം.." പാറു ബാഗ് എടുത്ത് രണ്ട് തോളിലേക്കും ഇട്ടു.. "ഏയ്‌ അത് വേണ്ടാ... നീ നിൽക്ക്.. ഞാൻ ജിത്തൂട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ അവൻ വായന ശാലയിലോ മറ്റോ ഉണ്ടാവും.. " അത് കേട്ടപ്പോൾ അവളൊട്ട് എതിർക്കാനും തുനിഞ്ഞില്ല.. അങ്ങനെയെങ്കിലും കാണാമല്ലോ.. കുറച്ച് നേരമെങ്കിൽ കുറച്ച് നേരം അടുത്തിരിക്കാമല്ലോ.. ഗൗരിയമ്മ അകത്തേക്ക് പോയി ഫോൺ എടുത്തിട്ട് വന്നു.. ജിത്തുവിന്റെ നമ്പറിലേക്ക് വിളിച്ചു വേഗം ഇങ്ങോട്ട് വരാനായി പറഞ്ഞു.. പാറു ജിത്തുവിനേയും കാത്ത് ഉമ്മറത്തെ തിണ്ണയിൽ കാലും ആട്ടി കൊണ്ടിരുന്നു... കുറച്ച് സമയത്തിനുള്ളിൽ തന്നെ ജിത്തു അവിടേക്ക് വന്നു..

"അമ്മേ.. അമ്മേ.. " ഉമ്മറത്തിരിക്കുന്ന പാറുവിനെയൊന്ന് നോക്കി അകത്തേക്ക് നോക്കി വിളിച്ചു.. "എന്താടാ... " ഗൗരിയമ്മ പുറത്തേക്ക് വന്നു.. "അമ്മയെന്തിനാ വരാൻ പറഞ്ഞേ..എന്തെങ്കിലും അത്യാവശ്യം ആണോ.. എനിക്ക് വായനശാലയിൽ ഇത്തിരി കൂടി പണിയുണ്ട്.." പറഞ്ഞുകൊണ്ട് മുണ്ടിനെ മടക്കി കുത്തി വെച്ചു.. "നിന്റെ അത്യാവശ്യമൊക്കെ അവിടെ നിൽക്കട്ടെ.. നീയേ ഈ കൊച്ചിനെയൊന്ന് വീട്ടിൽ കൊണ്ടുവിട്ടേ.. " "അതെന്താ ഇവൾക്ക് അങ്ങോട്ടുള്ള വഴി അറിയില്ലേ.. " തിരിഞ്ഞു നിന്ന് പാറുവിനോടായി ചോദിച്ചു.. എന്ത് പറയണമെന്നറിയാതെ അവൾ ഇരുന്നിടത്ത് നിന്നും പരുങ്ങിക്കൊണ്ട് എഴുന്നേറ്റു.. "ഇന്നത് തനിയേ ഉള്ളൂ... മറ്റേ കുട്ടിക്ക് പനിയോ മറ്റോ ആണെന്ന്..ഇരുട്ടായില്ലേ ഞാനാ പറഞ്ഞത് തനിയേ പോവേണ്ടാ എന്ന്.." "മ്മ് നടക്ക്.." പറഞ്ഞിട്ടവൻ മുന്നേ നടന്നു.. ടീച്ചറെ നോക്കി പോകുവാണെന്നു തല കുലുക്കി പറഞ്ഞു അവളും പിറകെ നടന്നു ... "ഇങ്ങോട്ട് മുന്നേ കേറി നടക്ക് കൊച്ചേ.. പിറകെയിങ്ങനെ പതുങ്ങി നടക്കാതെ.. " പിന്നിലേക്ക് തിരിഞ്ഞു നോക്കി കൊണ്ടവൻ പറഞ്ഞു..

ഒരു മാഷിന്റെ എല്ലാ കർക്കാശവും ഉണ്ടായിരുന്നു വാക്കുകളിൽ .. പാറു അവനെ പേടിയോടെ നോക്കി നടത്തതിന്റെ ആക്കം കൂട്ടി.. "നിന്റെ എക്സാം കഴിഞ്ഞോ... " "ആ..ഇനി അടുത്ത മാസം ആനുവൽ എക്സാം ആണ്.." പറയുമ്പോൾ നന്നേ പതിഞ്ഞു പോയിരുന്നു സ്വരം.. "വല്ലതും പഠിക്കുന്നുണ്ടോ..!" കണ്ണുകൾ കുറുക്കി കൊണ്ടവൻ ചോദിച്ചു.. "ഞാൻ പഠിക്കുന്നൊക്കെ ഉണ്ട്.. " ചുണ്ടുകൾ കൂർപ്പിച്ചു പരിഭവിച്ചു.. ഇരുട്ട് പടർന്ന ഇടവഴിയിലേക്ക് കടന്നതും ജിത്തു അവളുടെ കയ്യിൽ പിടിച്ചു നടന്നു.. അന്നേരം അവളുടെ ശരീരത്തിലൂടെ കറന്റ് പാസ് ചെയ്തപോലെ തോന്നി.. തന്റെ ഓർമയിൽ ആദ്യമായിട്ടാണ് ജിത്തേട്ടൻ തന്നെ സ്പർശിക്കുന്നത്.. അവളിൽ പറഞ്ഞറിയിക്കാൻ ആവാത്തൊരു അനുഭൂതി ഉടലെടുത്തു.. കൊച്ചു കുട്ടികളെ കൈ പിടിച്ചു നടത്തുന്ന പോലെ തോന്നിയവൾക്ക്.. മിഴികൾ വിടർത്തി കൗതുകത്തോടെ അവനെ നോക്കി.. എന്നാലവൻ ഇതൊന്നും അറിയുന്നില്ല..ഏതോ സ്വപ്നലോകത്തെത്തിയ പോലെ അവനോടൊപ്പം അവളുടെ കാലുകളും ചലിച്ചു... "പൊക്കോ.. "

വേലിക്കടുത്തെത്തിയതും കൈകൾ വിടുവിച്ചു കൊണ്ട് പറഞ്ഞു.. അവനെ നോക്കി തലയാട്ടി പാറു വീടിനകത്തേക്ക് കയറിപ്പോയി..അവൾ അകത്തേക്ക് കയറുന്നത് വരേയും അവനാ വേലിക്കരികിൽ നിന്നു..ശേഷം ഇരുളിലേക്ക് നടന്നു നീങ്ങി.. **** "അമ്മേ.. അമ്മേ.." "നീയെന്താടി പെണ്ണേ രാവിലെ തന്നെ കിടന്ന് കാറുന്നെ.. " ദേഷ്യത്തോടെ പറഞ്ഞിട്ട് അവിടേക്ക് വന്നു.. "ഈ മുടിയൊന്ന് പിന്നിയിട്ട് താ.. എനിക്ക് പോവാൻ സമയം ആയി ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതാണ്.." ചീർപ്പെടുത്ത് അവരുടെ കയ്യിൽ കൊടുത്തു... "തിരിഞ്ഞു നിൽക്കങ്ങോട്ട്.. " അവളെ തിരിച്ചു നിർത്തി രണ്ട് വശവും നല്ല വൃത്തിയിൽ മെടഞ്ഞിട്ട് കൊടുത്തു.. ചീർപ്പ് അവളുടെ കയ്യിലേക്ക് തന്നെ വെച്ചു കൊടുത്ത് അവർ മറ്റു പണികളിലേക്ക് തിരിഞ്ഞു... "ശോ..ഈ യൂണിഫോം ഇട്ടിട്ടാണ് ഒട്ടും പക്വത തോന്നിക്കാത്തത്,, എന്നാണാവോ ഇതിൽ നിന്നൊരു മോചനം.." കണ്ണാടിയിൽ നോക്കി സ്വയമേ പറഞ്ഞു നെടുവീർപ്പിട്ടു കൊണ്ടവൾ ബാഗും എടുത്ത് പുറത്തേക്കിറങ്ങി.. "അമ്മേ പോകുവാണേ... "

ചെരുപ്പിടുന്നതിനിടയിൽ പറഞ്ഞു വാച്ചിലേക്കൊന്ന് നോക്കി ഓടി.. വേലിക്കടുത്തു എത്തിയപ്പോഴേക്കും മീരയും വന്നിരുന്നു.. പിന്നെ രണ്ടാളും കൂടിയായി നടത്തം.. വഴിയിൽ കൂടി കാണുന്ന പൂവിനേയും പൂമ്പാറ്റയേയും കുറിച്ചെല്ലാം സംസാരിച്ചാണ് അവരുടെ നടപ്പ്.. വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക്.. അവരെ കൂടാതെ വേറെ കുറച്ച് കുട്ടികളും നടന്നു പോവുന്നുണ്ട്.. ക്ലാസ്സ്‌ ഇൻ ചാർജ് കുറച്ച് സ്ട്രിക്ട് ആയത് കൊണ്ട് ഫസ്റ്റ് ബെൽ അടിക്കുന്നതിനു മുന്നേ രണ്ടാളും ക്ലാസ്സിൽ കയറി.. "ഡീ മീരേ.. ഇന്നലെ ജിത്തേട്ടൻ എന്റെ കയ്യിൽ പിടിച്ചു.. " ക്ലാസ്സിനിടയിൽ പാറു മീരയുടെ ചെവിയിൽ അടക്കം പറഞ്ഞു... "ഓ അതിപ്പോ എല്ലാരും ചെയ്യുന്നേ അല്ലേ.. ഞാനും നിന്റെ കയ്യിൽ പിടിക്കാറില്ലേ.. " സാറിന്റെ മുഖത്ത് നിന്നും ശ്രദ്ധ മാറ്റാതെ തന്നെ വല്യ താല്പര്യമില്ലാത്ത രീതിയിൽ മീര മറുപടി കൊടുത്തു..

"അതുപോലാണോ ഇത്..." "അത് പോലെ തന്നെയാ.. വലിയ വ്യത്യാസം ഒന്നുമില്ല.. ആവശ്യമില്ലാത്ത ഓരോ മോഹങ്ങൾ മനസ്സിൽ കയറ്റി വെച്ചാൽ ഒടുവിൽ വിഷമിക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ടാ.." മുന്നറിയിപ്പെന്ന പോലെ മീര പറഞ്ഞു നിർത്തി.. "മീരേ.. അങ്ങനെയൊന്നും പറയല്ലെടി.. ജിത്തേട്ടൻ എന്റെ മാത്രമാണെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.." സങ്കടം വന്നു തൊണ്ടകുഴിയിൽ തടഞ്ഞു നിന്നു.. "നിനക്കെന്താ പാറു.. ആഹ്.." മീരയെന്തോ പറയാൻ ഒരുങ്ങുമ്പോഴാണ് ഒരു ചോക്ക് കഷ്ണം അവളുടെ നെറ്റിയിൽ വന്നു കൊണ്ടത്..തലയുയർത്തി നോക്കിയപ്പോൾ കണ്ടു തങ്ങളുടെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു വരുന്ന മാഷിനെ.. അവർ യന്ത്രികമായി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. "നിങ്ങളിവിടെ പഠിക്കാൻ വരുന്നതാണോ അതോ ആഭ്യന്തരകാര്യങ്ങൾ ചർച്ച ചെയ്യാനോ.." മാഷ് അടുത്തേക്ക് വന്നു

ഡസ്കിൽ ശക്തമായി അടിച്ചു കൊണ്ട് ചോദിച്ചു.. പേടികൊണ്ടവർ പിന്നിലേക്കൊന്നാഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു... "പഠിക്കാനാണെന്നും പറഞ്ഞു രാവിലെ ഒരുങ്ങി കെട്ടി വന്നോളും മനുഷ്യനെ മെനക്കെടുത്താൻ.." മാഷ് നിർത്താൻ ഉദ്ദേശമില്ലാതെ വായിൽ വന്നതെല്ലാം പറഞ്ഞു കൊണ്ടിരുന്നു.. ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും ശ്രദ്ധ അവരിൽ ആണ്.. അത് മനസ്സിലായെന്ന പോൽ ജാള്യതയോടെ തല താഴ്ത്തി.. " Get out of my class. " പുറത്തേക്ക് കൈ ചൂണ്ടി അലറി.. പേടിച്ചരണ്ട മീരയും പാറുവും പുസ്തകവും എടുത്ത് പുറത്തേക്കോടി.. "മീരേ.. സോറി ഡീ.. " വരാന്തയുടെ തൂണിൽ ചാരി നിൽക്കുന്ന മീരയോടവൾ കെഞ്ചി.. "ചുപ്.. " ചുണ്ടുകൾക്ക്‌ മേൽ വിരൽ പാറു പറയാൻ വന്നതിനെ തടഞ്ഞു.. "ഇവിടെ നിന്നിട്ടെങ്കിലും സർ എടുക്കുന്ന പോർഷൻ ഒന്ന് കേട്ടോട്ടെ.. ദയവ് ചെയ്ത് ശല്യം ചെയ്യല്ലേ .." പാറുവിനെ കടുപ്പിച്ചൊന്ന് നോക്കി ബുക്കും നിവർത്തി പിടിച്ചു തൂണിലേക്ക് ചാരി സർ പറയുന്നത് ശ്രദ്ധിച്ചു.... ദുഃഖം തളം കെട്ടിയ മുഖത്തോടെ പാറു അവിടെ നിന്നും ഗ്രൗണ്ടിലുള്ള മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു.. അവൾ പോകുന്നത് മീര ഇടം കണ്ണാലെ കണ്ടെങ്കിലും തിരിച്ചു വിളിക്കാൻ തുനിഞ്ഞില്ല..ഈ സമയം അവളെ തനിയേ വിടുന്നതാണ് നല്ലതെന്നവൾക്ക് തോന്നി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story