നീയും ഞാനും.. 🧡 ഭാഗം 30

neeyum njanjum shamseena

രചന: ശംസീന

കോളേജ് കഴിഞ്ഞു നേരത്തേ വരുന്ന പാറുവിനെ കണ്ടപ്പോൾ ഗൗരി ടീച്ചർ അവളുടെ അടുത്തേക്ക് വന്നു.... ഇവിടെ നിന്ന് പോവുമ്പോൾ ഉണ്ടായിരുന്ന തെളിച്ചമൊന്നും അവളുടെ മുഖത്തിനപ്പോൾ ഉണ്ടായിരുന്നില്ല... "എന്താ പറ്റിയേ കുട്ട്യേ... ആകെ വാടി തളർന്നല്ലോ.. " അവർ തന്റെ നേര്യതിന്റെ തുമ്പ് കൊണ്ട് അവളുടെ മുഖം തുടച്ചു കൊടുത്തു.... "ഇന്നെന്താ നേരത്തേ കോളേജ് കഴിഞ്ഞോ പാറു.. " മോളെയും എടുത്തു ഒക്കത്ത് വെച്ച് കൊണ്ട് ജ്യോതി അവിടേക്ക് വന്നു... പാറുവിനെ കണ്ടതും മോള് അവളുടെ മേലേക്ക് ചാഞ്ഞു... അവളെ നോക്കി നേർമയോടെ പുഞ്ചിരിച്ചു കൊണ്ട് പാറു മോളെയെടുത്ത് എളിയിലേക്ക് വെച്ചു... "ഉച്ച കഴിഞ്ഞപ്പോൾ വല്ലാത്തൊരു തലവേദന... പിന്നെ ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല കിട്ടിയ ബസ്സിനിങ് പോന്നു... " മനസ്സിന്റെ വിങ്ങൽ അടക്കി പിടിച്ചു പറഞ്ഞു കൊണ്ടവൾ മോളെയും എടുത്ത് അകത്തേക്ക് കയറി... "ഈ കുട്ടിക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്... " പിറുപിറുത്തു കൊണ്ട് ഗൗരി ടീച്ചറും അപ്പുറത്തേക്ക് പോയി..... മുറിയിലെത്തിയ പാറു അച്ചുവിനെ ബെഡിലേക്കിരുത്തി... "അയ്യോ ചേച്ചി ന്നെ ഇവിടെ ഇരുത്തല്ലേ... " അച്ചു ബെഡിൽ നിന്നും എഴുന്നേറ്റ് താഴെയിറങ്ങി... "അതെന്തേ... " കാര്യം മനസ്സിലാവാതിരുന്ന പാറു നെറ്റിചുളിച്ചു...

"അതുണ്ടല്ലോ ജിത്തു മാമ വഴക്ക് പറയും...മാമക്ക് ഈ മുറിയിൽ ആരും കയറുന്നത് ഇഷ്ടമല്ല.. ഈ അച്ചുമോൾക്ക് തന്നെ എത്ര വഴക്ക്‌ കേട്ടിട്ടുണ്ടെന്നോ..." ജിത്തുവിനെ കുറിച്ച് കേട്ടതും അവൻ തൻവിയുമായി ബൈക്കിൽ പോവുന്നത് അവളുടെ മനസ്സിലേക്ക് ഓടിയെത്തി... മറക്കാൻ ശ്രമിക്കുന്തോറും അത് തന്നെ ഒരു പെരുമ്പാമ്പ് കണക്കെ ചുറ്റി വരിയുന്നതായവൾക്ക് തോന്നി...അല്ലെങ്കിലും ചില ഓർമകൾക്കെന്നും കൈപ്പു രസമായിരിക്കുമല്ലോ.... "മോൾടെ ജിത്തുമാമയോട് ഞാൻ പറഞ്ഞോളാം.. മോളിവിടിരുന്നോട്ടോ... " പാറു വീണ്ടും അച്ചുവിനെ പിടിച്ചു ബെഡിലേക്കിരുത്തിയതും അവൾ നിച്ച് പേടിയാണെന്നും പറഞ്ഞു താഴെക്കോടി... "കുറുമ്പി... " അവൾ പോവുന്നതും നോക്കി ചിരിച്ചു കൊണ്ട് പാറു മുറിയുടെ വാതിലടച്ചു... ഷെൽഫിൽ ഉടുത്തുമാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി.... കുളിച്ചിറങ്ങിയപ്പോൾ ചെറിയൊരാശ്വാസം തോന്നി... പനിയുടെ തുടക്കമാണെന്ന് തോന്നുന്നു വല്ലാത്ത തലവേദനയും തൊണ്ട വരൾച്ചയും... അവൾ ഫാൻ ഓഫ്‌ ചെയ്തു ജനൽ പാളി തുറന്നിട്ടു...

വൈകുന്നേരം പാടത്തു നിന്നും വീശുന്ന ഇളം തണുപ്പുള്ള കാറ്റ് മുറിയിലാകെ വ്യാപിച്ചു...അതിന്റെ ആലസ്യത്തിൽ അവൾ കട്ടിലിലേക്ക് കിടന്നു.... ജിത്തുവിന്റെ മുഖമാണ് മനസ്സുനിറയെ... ജിത്തേട്ടൻ തന്റെ സ്വന്തമല്ലെന്ന് എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും അനുസരിക്കാതെ വീണ്ടും വീണ്ടും മനസ്സ് ജിത്തേട്ടന്റെ സ്നേഹത്തിനായി കൊതിക്കുന്നത് പോലെ....ജിത്തേട്ടനെ വിവാഹമെന്ന ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു ദൂരെ എവിടേക്കെങ്കിലും ഓടി പോവണമെന്ന് ബുദ്ധി പറയുന്നുണ്ടെങ്കിലും ഉള്ളിലിരുന്ന് മാറ്റാരോ പറയുന്നു ജിത്തേട്ടൻ തന്റെ സ്വന്തമാണെന്ന്,,, വൈകിയാണെങ്കിലും ആ സ്നേഹം നിന്നിലേക്ക് തന്നെ എത്തിച്ചേരുമെന്ന്....ഇനിയും ഓരോന്ന് ചിന്തിച്ചു കൂട്ടിയാൽ തലക്ക് ഭ്രാന്ത്‌ പിടിക്കുമെന്ന് ഓർത്തതും അവൾ കണ്ണുകൾ അടച്ചു കിടന്നു... **** ബീച്ചിനടുത്തുള്ള കടയുടെ മുന്നിൽ ബൈക്ക് ഒതുക്കി ഇരുവരും ഇറങ്ങി....വൈകുന്നേരം ആയതു കൊണ്ട് തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു ബീച്ചിൽ... ആളൊഴിഞ്ഞ സ്ഥലം തേടി ഇരുവരും മുന്നോട്ട് നടന്നു.... കുറച്ചു നടന്നതും ജിത്തു അവിടെയുണ്ടായിരുന്ന സിമന്റ് ബെഞ്ചിലേക്കിരുന്നു... തൻവിയും അവനോടൊപ്പം വന്നിരുന്നു... ഇരുവരിലും ഓർമകൾ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു...

പഴയ കാല മധുരമുള്ള ഓർമ്മകൾ ഒരു തിരമാല കണക്കെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഞ്ഞു വീശി...വീണ്ടും കുത്തി നോവിക്കാനെന്ന പോലെ... "നിനക്ക്‌ ഓർമ്മയുണ്ടോ ജിത്തൂ,,,എത്രയോ തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കൂട്ടുകാരോടൊപ്പം നമ്മൾ ഇവിടെ വന്നത്... പോകെ പോകെ പിന്നെ നമ്മൾ രണ്ടുപേരും തനിച്ചായി ഇവിടെ വരവ്... ഒന്നും പറയാനില്ലെങ്കിൽ കൂടി കൈകൾ കോർത്തു പിടിച്ചു നമ്മളിങ്ങനെ തിരമാലകൾക്കരികിലൂടെ നടക്കും കാലുകൾ കഴക്കുവോളം...." കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലയിലേക്ക് നോക്കി തൻവി പറഞ്ഞു... ജിത്തുവിന്റെ ഓർമകളും അവരുടെ പഴയ കോളേജ് ദിനങ്ങളിലേക്ക് പോയി...ആരുടേയും നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി ഉല്ലസിച്ചു നടന്നിരുന്ന കാലത്തിലേക്ക് ഒരിക്കൽ കൂടെ തിരികെ പോവാൻ അവന്റെ ഹൃദയം വെമ്പൽ കൂട്ടി... "ഒരു പക്ഷേ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..പക്ഷേ എന്റെ ഉള്ളിൽ ഇപ്പോഴും നിന്നോടുള്ള ഇഷ്ടത്തിന്റെ അവശേഷിപ്പുകൾ ചിന്നി ചിതറി കിടപ്പുണ്ട്.. ഒരിക്കലും കൂട്ടി യോജിപ്പിക്കാൻ കഴിയാത്തത് പോലെ.... " നോവോടെ പറയുന്നവളെ ജിത്തു നിറ കണ്ണുകളോടെ നോക്കി.... "തൻവി... എനിക്കിപ്പോൾ നിന്നോട് പഴയത് പോലൊരു ഇഷ്ടമില്ല...

ഒരല്പം വേദനയോടെ ആണെങ്കിലും ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വിധി ഇതാണെന്ന്,,, ഇനി ഒരിക്കലും നീ എന്റെയോ ഞാൻ നിന്റെയോ സ്വന്തമല്ലെന്ന്...ആദ്യമൊക്കെ നിന്നേയും കൂട്ടി എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ അപ്പോഴും മുന്നിൽ നിസ്സഹായയായ പാർവണയുടെ മുഖം ഓടിയെത്തും... അവൾ ചെയ്ത തെറ്റിന്റെ ശിക്ഷയായിട്ടായിരിക്കാം ഇന്നവൾ ആരുമില്ലാത്തവളെ പോലെ എന്റെ വീട്ടിൽ കഴിയുന്നത്...അവളുടെ പഠനമെല്ലാം കഴിഞ്ഞു സ്വന്തമായിട്ടൊരു വരുമാന മാർഗം കണ്ടെത്തുന്നത് വരെ എനിക്കവളെ സംരക്ഷിച്ചേ മതിയാവൂ... " "അത് കഴിഞ്ഞാലോ... " തൻവിയുടെ ചോദ്യം കേട്ട അവന്റെ തൊണ്ടക്കുഴിയിലൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു... "അത് കഴിഞ്ഞാൽ...! എനിക്കറിയില്ലടോ,,,പക്ഷേ ഒന്നറിയാം പക്വത ഇല്ലാത്ത പ്രായത്തിൽ നടന്ന ഞാനുമായുള്ള വിവാഹം അവൾക്കൊരു തെറ്റാണെന്ന് അല്ലെങ്കിൽ ഒരു ബാധ്യതയാണെന്ന് തോന്നുന്ന നിമിഷം യാതൊരു പരിഭവവുമില്ലാതെ ഒഴിഞ്ഞു കൊടുക്കും.. " അവൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു മുന്നോട്ട് നടന്നു... "എനിക്കും വീട്ടിൽ നിന്ന് നല്ല പ്രഷർ ഉണ്ട് മറ്റൊരു വിവാഹത്തിന്...ഇതുവരെ പിടികൊടുത്തില്ല... എല്ലാത്തിൽ നിന്നൊരു ഒളിച്ചോട്ടമാണ് ത്രിവാൻഡ്രത്തേക്കുള്ള ട്രാൻസ്ഫർ..."

അവൾ പറഞ്ഞതെല്ലാം അവനൊരു മൂളലോടെ കേട്ടു... "നമുക്ക് മടങ്ങിയാലോ ജിത്തു... " ഇരുവർക്കിടയിലും മൗനം മൂടിയപ്പോൾ തൻവി ചോദിച്ചു... അവരൊരുമിച്ചു ബൈക്കിനടുത്തേക്ക് നടന്നു... "അവിടെ ഇറക്കിയാൽ മതി ജിത്തു.. " ബൈക്കിൽ കയറി കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞതും അടുത്തുള്ള ബസ്റ്റോപ്പിലേക് കൈ ചൂണ്ടി കൊണ്ടവൾ പറഞ്ഞു... അവൻ ബൈക്ക് നിർത്തിയതും അവൾ അതിൽ നിന്നും ഇറങ്ങി... "എന്നെങ്കിലും നിങ്ങൾക്കിടയിൽ പ്രണയം ഉണ്ടാവുകയാണെങ്കിൽ പാർവണയോടെന്റെ സോറി പറയണം...അവളെ ഞാൻ നിന്റെ പേരും പറഞ്ഞു ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്... ചിലപ്പോൾ അതിനുള്ള ശിക്ഷയായിട്ടായിരിക്കാം ഞാനിപ്പോൾ അനുഭവിക്കുന്നതെല്ലാം.... എന്നാൽ പോട്ടെ... ഇനി ഒരിക്കലും ഒരു കൂടിക്കാഴ്ചക്ക്‌ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിക്കാം..." മറുപടിക്ക് കാത്തു നിൽക്കാതവൾ മുൻപിൽ വന്നു നിന്ന ബസ്സിലേക്ക് കയറി... അവൾ പോവുന്നത് കണ്ടതും അവന്റെ മിഴിക്കോണിൽ നിന്നൊരു നീർതുള്ളി അടർന്നു നിലത്തേക്ക്‌ വീണു...തൻവിയെ കുറിച്ചോർത്തവന്റെ നെഞ്ചം വേദനയാൽ പിടഞ്ഞു..... ***** അച്ചുമോൾക്ക് പാല് ചൂടാറ്റി ഗ്ലാസ്സിലേക്ക് പകർന്നു കൊടുക്കുമ്പോഴാണ് ആരോ മണിയടിക്കുന്ന ശബ്ദം ജ്യോതി കേട്ടത്...

എളിയിൽ ഇരുന്നിരുന്ന അച്ചുവിനെ അടുക്കള സ്ലാബിലേക്കിരുത്തി അവൾ ഡോർ തുറക്കാനായി ചെന്നു... "അല്ല ആരിത് മീരയോ...!കുറേ നാളായല്ലോ ഈ വഴിയൊക്കെ കണ്ടിട്ട്... " മുറ്റത്തു നിൽക്കുന്ന മീരയെ കണ്ടതും ജ്യോതി ചോദിച്ചു.... മീര അതിനുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി... "ആരാ ജ്യോതി അത്...? " "മീരയാണമ്മേ... " അകത്തു നിന്നും ടീച്ചർ ചോദിച്ചതും ജ്യോതി വിളിച്ചു പറഞ്ഞു...മീരയാണെന്ന് അറിഞ്ഞത് കൊണ്ടാവണം ടീച്ചർ ഉമ്മറത്തേക്ക് വന്നു... "എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്,,, കയറി വാ കുട്ടീ... " ടീച്ചർ അകത്തേക്ക് ക്ഷണിച്ചതും അവൾ മടിയോടെ കോലായിലേക്ക് കയറി... "പാറു ഇങ്ങോട്ട് വന്നോ ടീച്ചറേ.... " പതർച്ചയോടെ ചോദിക്കുന്നവളെ കണ്ട് ടീച്ചറും ജ്യോതിയും മുഖത്തോട് മുഖം നോക്കി... "ഉവ്വ്,,,മുകളിലെ മുറിയിലുണ്ട്... അപ്പോൾ നിന്നോട് പറഞ്ഞിട്ടില്ലേ അവൾ വീട്ടിലേക്ക് വരുന്നത്..." നെറ്റിച്ചുളിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു... "ഇല്ല... എനിക്ക് ആർട്സിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു... അത് കഴിഞ്ഞു വന്നു ഒപ്പം പോവാമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു..

മീറ്റിംഗ് കഴിഞ്ഞു വന്നപ്പോൾ ആളെ കാണാനില്ല... ക്ലാസ്സിലെ കുട്ടിയോട് ചോദിച്ചപ്പോൾ പാറു ബാഗും എടുത്ത് പുറത്തേക്ക് പോവുന്നത് കണ്ടെന്നു പറഞ്ഞു.. ഞാൻ കോളേജ് മുഴുവൻ തിരഞ്ഞിട്ടും അവളെ കണ്ടില്ല അതാ ഇവിടെയും കൂടെ ഒന്നന്യോശിക്കാമെന് വിചാരിച്ചത്..." മീര കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു... "നേരത്തെ വരുന്നത് കണ്ടപ്പോൾ ഞങ്ങൾ തിരക്കിയിരുന്നു.. അപ്പോൾ തലവേദനയാണെന്നാണ് പറഞ്ഞത്...പാറു മുകളിലെ മുറിയിലുണ്ട് മോള് ചെന്ന് എന്താണെന്നൊന്ന് അന്യോഷിക്ക്... ടീച്ചർ അപ്പോഴേക്കും ചായ എടുക്കാം..." ടീച്ചർ അടുക്കളയിലേക്ക് പോയതും മീര മുകളിലേക്കുള്ള പടികൾ കയറി... അടഞ്ഞു കിടന്നിരുന്ന വാതിൽ തള്ളിത്തുറന്നു കൊണ്ട് അകത്തേക്ക് കയറി... കതകിന്റെ ഉറക്കെയുള്ള ശബ്‍ദം കേട്ടത് കൊണ്ടാവണം പാറു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു... മുന്നിൽ കലിപ്പോടെ നിൽക്കുന്ന മീരയെ കണ്ടതും അവൾക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ ബെഡിൽ എഴുന്നേറ്റിരുന്നു... "എന്നെ തീ തീറ്റിച്ചിട്ട് നീ ഇവിടെ വന്നു സുഖമായിട്ട് ഉറങ്ങുവാണല്ലേ... ഞാനും പ്രവിയും കൂടെ നിന്നെ എവിടെയെല്ലാം അന്യോഷിച്ചെന്നോ.. വിളിക്കാനാണെങ്കിലോ മൊബൈലും ഇല്ല.... " മീര അവളുടെ കൈത്തണ്ടയിൽ നോവാത്ത വിധം അടിച്ചു കൊണ്ട് പറഞ്ഞു...

"പെട്ടന്നൊരു തലവേദന നിങ്ങളോട് പറഞ്ഞിട്ട് പോരാമെന്ന് വിചാരിച്ചപ്പോൾ കണ്ടതുമില്ല..." പാറു വായിൽ വന്ന കള്ളം പറഞ്ഞു... "നിന്റെ തലവേദനയുടെ കാരണമൊക്കെ എനിക്ക് മനസ്സിലായി...ഞാനും കണ്ടിരുന്നു ജിത്തേട്ടനും തൻവി മിസ്സും ബൈക്കിൽ ഒരുമിച്ചിരുന്ന് പോവുന്നത്..." അവരെ കുറിച്ച് പറഞ്ഞതും അവളുടെ മുഖം വാടി.... "എനിക്കെന്തോ അത് കണ്ടപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ... എങ്ങനെയും ഈ പഠിപ്പൊന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ജിത്തേട്ടനെ ഈ താലിയിൽ നിന്നും മോചിപ്പിച്ചു എവിടേക്കെങ്കിലും പോവാമായിരുന്നു... " മനസ്സിനുള്ളിലെ വിങ്ങൽ സഹിക്ക വയ്യാതവൾ പറഞ്ഞു... "അതിനാണോ ഞാനും പ്രവിയും ഇത്രയും കഷ്ടപ്പെട്ടത്..." പറഞ്ഞു കഴിഞ്ഞാണ് താൻ എന്താണ് പറഞ്ഞതെന്ന ബോധം മീരക്ക് വന്നത്... അബദ്ധം പിണഞ്ഞത് പോലെയവൾ പാറുവിന് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു... "എന്താ.. എന്താ പറഞ്ഞത് നീ....!" പകപ്പോടെ പാറു ചോദിക്കുന്നത് കേട്ടതും അവൾ മറുപടി പറയാനാവാതെ കുഴങ്ങി.. "ഞാൻ.. ഞാനൊന്നും പറഞ്ഞില്ലല്ലോ.. നിനക്ക് തോന്നിയതാവും... വാ നമുക്ക് താഴേക്ക് പോവാം ടീച്ചർ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു..." ബെഡിൽ കിടന്നിരുന്ന ബാഗെടുത്ത് തോളിലേക്കിട്ട് മീര വെപ്രാളം കൂട്ടി... ഉള്ളിൽ പല സംശയങ്ങളും മുളച്ചു പൊന്തിയെങ്കിലും എന്നെങ്കിലും സത്യങ്ങൾ മറ നീക്കി പുറത്തു വരുമെന്ന പ്രതീക്ഷയോടെ പാറുവും മീരയുടെ കൂടെ താഴേക്ക് ചെന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story