നീയും ഞാനും.. 🧡 ഭാഗം 31

neeyum njanjum shamseena

രചന: ശംസീന

മീര പാറുവിനോട് യാത്ര പറഞ്ഞു പോവാൻ തുടങ്ങുമ്പോഴാണ് ജിത്തു കോളേജിൽ നിന്നും തിരികെ വന്നത്.. അവരെ ഒരുമിച്ചു കണ്ടതും അവൻ മുഖം വെട്ടിച്ചു അകത്തേക്ക് കയറിപ്പോയി...മീര ദയനീയമായി പാറുവിനെ നോക്കി.. "മോള് അതൊന്നും കാര്യമാക്കേണ്ട... മാഷാണ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല ഇപ്പോഴും ദേഷ്യത്തിനും വാശിക്കും ഒരു കുറവും വന്നിട്ടില്ല..." ഗൗരി ടീച്ചർ അവരെ സമാധാനപ്പെടുത്തി... "ഞാൻ ഇറങ്ങുന്നു.. ഇനിയും വൈകിയാൽ ചിലപ്പോൾ അമ്മ പേടിക്കും... " മീര പോയതും പാറു ഒരു നെടുവീർപ്പോടെ അകത്തേക്ക് കയറി... വല്ലാത്ത ദാഹം തോന്നിയപ്പോൾ അവൾ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുകളിൽ നിന്നും ഉച്ചത്തിലുള്ള വിളി കേട്ടത്... "പാർവണാ,,, പാർവണാ... " അവൾ ഞെട്ടികൊണ്ട് ചുറ്റും നോക്കി... പിന്നെ ഓരോട്ടമായിരുന്നു മുകളിലുള്ള മുറിയിലേക്ക്... അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച അവളിലെ ഭയത്തെ വർധിപ്പിച്ചു...മീരയുമായി സംസാരിച്ചു എണീറ്റു പോയതിന് ശേഷം മുറി വൃത്തിയാക്കിയിടാൻ അവൾ മറന്നു പോയിരുന്നു... "എന്താ ഈ കാണിച്ചു വെച്ചിരിക്കുന്നെ..എന്ത് തോന്നിവാസവും ആവാമെന്നാണോ...."

അലങ്കോലമായി കിടക്കുന്ന ഷെൽഫിലേക്കും താഴെ ചിന്നി ചിതറി കിടക്കുന്ന വസ്ത്രങ്ങളിലേക്കും ചൂണ്ടി കൊണ്ടായിരുന്നു ജിത്തുവിന്റെ ചോദ്യം...അവൾ ഭയത്താൽ ഒരടി പിറകിലേക്ക് നീങ്ങി നിന്നു... "നിന്നോടാ ചോദിച്ചത് പാർവണാ... " മറുപടിയൊന്നും തന്നെ കിട്ടാതെ വന്നപ്പോൾ ജിത്തു വീണ്ടും ശബ്‍ദമുയർത്തി... "അത് ജിത്തേട്ടാ,,, ഞാൻ പെട്ടന്ന്.. ശ്രദ്ധിച്ചില്ല... ഞാൻ ഇപ്പൊ വൃത്തിയാക്കി വെക്കാം..." പറയുന്നതിനിടയിൽ അവൾ വസ്ത്രങ്ങൾ ഓരോന്നും പെറുക്കിയെടുത്തു.... "മ്മ് അഞ്ചേ അഞ്ചു മിനിറ്റ് ഞാൻ കുളിച്ചു വരുന്നതിന് മുന്നേ ഈ മുറി മുഴുവൻ വൃത്തിയാക്കിയിരിക്കണം അല്ലേൽ അറിയാലോ എന്റെ സ്വഭാവം...!" കോപത്തോടെ പറഞ്ഞുകൊണ്ടവൻ ബാത്റൂമിലേക്ക് കയറി വാതിൽ വലിച്ചടച്ചു... അവൻ പോയെന്ന് കണ്ടതും അത്രയും നേരം പിടിച്ചു വെച്ചിരുന്ന ശ്വാസം അവൾ പുറത്തേക്ക് വിട്ടു... അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് തന്നെ അവൾ മുറി പെട്ടന്ന് തന്നെ വൃത്തിയാക്കിയെടുത്തു... കുളി കഴിഞ്ഞിറങ്ങിയ ജിത്തു മുറി വൃത്തിയായി കിടക്കുന്നത് കണ്ടതും മുഖത്തെ ഗൗരവം എടുത്തു കളഞ്ഞു...

വേഷമെല്ലാം മാറി ഒരു കൈലിയും ബനിയനുമിട്ട് താഴേക്ക് ചെന്നു... അമ്മ കൊടുത്ത കട്ടൻ കാപ്പിയും വാങ്ങി മുറ്റത്തേക്കെല്ലാമൊന്നിറങ്ങി.... മുറ്റത്തിരുന്ന് കളിക്കുന്ന അച്ചുമോളെ കണ്ടതും അവൻ അടുത്തേക്ക് ചെന്നു... "മോളിവിടെ തനിച്ചിരുന്ന് കളിക്കുവാണോ...? " അവൻ വാത്സല്യത്തോടെ ചോദിച്ചു... "അല്ലല്ലോ എന്റെ കൂടെ പാറുവേച്ചിയും ഉണ്ട്.. ദേ നോക്കിക്കേ.." അച്ചു മോൾ കൈ ചൂണ്ടിയ ഇടത്തേക്കവൻ നോക്കി... കൊച്ചു കുട്ടികളെ പോലെ കയ്യിലും ഉടുത്തിരുന്ന വസ്ത്രത്തിലുമെല്ലാം ചെളിയാക്കി നിൽക്കുന്ന പാറുവിനെ കണ്ടതും ജിത്തുവിന്റെ മുഖം വലിഞ്ഞു മുറുകി...അവൻ ദേഷ്യത്തിൽ അവിടെ നിന്നെഴുന്നേറ്റ് തൊടിയിലേക്കിറങ്ങി...അവന്റെ ദേഷ്യത്തോടെയുള്ള പോക്ക് കണ്ട പാറു ചെളിയെല്ലാം കഴുകി കളഞ്ഞു പിൻവശത്തേക്കോടി... "അമ്മേ കുറച്ചു വെള്ളമിങ്ങെടുത്തെ... " തൊടിയിൽ നിന്നും ജിത്തുവിന്റെ ശബ്‍ദം കേട്ടതും ടീച്ചർ വെള്ളവുമായി അവിടേക്ക് പോവാനൊരുങ്ങുമ്പോഴാണ് ഓടി കിതച്ചു വരുന്ന പാറുവിനെ കണ്ടത്... "മോളിതൊന്ന് അവന് കൊണ്ടു കൊടുത്തേ...എനിക്ക് അടുക്കളയിൽ ഒരിത്തിരി കൂടെ ജോലിയുണ്ട്..." പാറു വെള്ളവുമായി തൊടിയിലേക്ക് ചെന്നു...വാഴക്ക് തടമെടുക്കുന്ന ജിത്തുവിനെ കണ്ടതും അവളവനടുത്തേക്ക് നടന്നു...

"വെള്ളം... " ശ്വാസം അടക്കി പിടിച്ചു കൊണ്ടായിരുന്നു പറഞ്ഞത്... "നിന്നോടാണോ വെള്ളം കൊണ്ടുവരാൻ പറഞ്ഞത്...!അമ്മയെവിടെ..? " മടക്കി കുത്തിയ കൈലി നേരെയിട്ട് കൊണ്ടവൻ ചോദിച്ചു... "ടീച്ചർക്കവിടെ ജോലിയുണ്ടെന്ന് പറഞ്ഞു... " "മ്മ്.. ഇങ്ങ് താ.. " പരിഭ്രമിച്ചു നിൽക്കുന്നവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി അവൻ വായിലേക്കൊഴിച്ചു...അവന്റെ ഓരോ പ്രവർത്തിയും അവൾ കൗതുകത്തോടെ നോക്കി നിന്നു... "മ്മ് എന്താ... " "മ്മ്ച്ചും... " അവൾ നോക്കുന്നത് കണ്ടവൻ ചോദിച്ചതും ഒന്നുമില്ലെന്ന് ചുമ്മൽ കൂച്ചി അവൾ അവിടുന്നോടി... കൊച്ചു കുഞ്ഞുങ്ങളെ പോലെയുള്ള അവളുടെ ഓട്ടം കണ്ടതും ജിത്തുവിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... അതേ പുഞ്ചിരിയോടെ തന്നെ അവൻ തന്റെ ജോലിയിലേക്ക് തിരിഞ്ഞു... **** "അയ്യോ ടീച്ചറെ പതിയെ... നിക്ക് വേദനയെടുക്കുന്നുണ്ട്..." ഉമ്മറത്ത് നിന്നും കേൾക്കുന്ന കരച്ചിലും ബഹളവും കേട്ടാണ് പൈപ്പിൻ ചുവട്ടിൽ നിന്നും കയ്യും കാലും കഴുകുകയായിരുന്ന ജിത്തു വെപ്രാളത്തോടെ അവിടേക്ക് ചെന്നത്... പാറുവിന്റെ കാൽ മുട്ടിലേക്ക് മരുന്ന് വെച്ചു കൊടുക്കുന്ന ടീച്ചറേ കണ്ടതും അവൻ കാര്യം മനസ്സിലാവാതെ കുറച്ചു നേരം നോക്കി നിന്നു....

ടീച്ചർ മരുന്ന് വെച്ച് കഴിഞ്ഞ് അവളുടെ അടുത്ത് നിന്നും മാറിയപ്പോഴാണ് കയ്യിലും കാലിലുമായി മുറിവുമായി ഇരിക്കുന്ന പാറുവിനെ അവൻ ശെരിക്കും കണ്ടത്... "നിനക്ക് വെള്ളം തന്ന് തിരികെ വരുന്നതിനിടയിൽ അടുക്കള ഭാഗത്തൊന്ന് വഴുതി വീണതാണ്..." അവൻ നോക്കി നിൽക്കുന്നത് കണ്ട ജ്യോതി പറഞ്ഞു... "അതിന് നല്ല വേദനയുണ്ടെന്ന് തോന്നുന്നു.. നീയൊന്ന് മോളെ മുറിയിൽ കൊണ്ട് ചെന്നു കിടത്ത്... " ടീച്ചർ പറയുന്നത് കേട്ടവന്റെ സർവ്വനാഡി ഞരമ്പുകളും വലിഞ്ഞു മുറുകി... "തന്നെ താനെയങ്ങ് പോയാൽ മതി... കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ തെന്നി വീഴാൻ... അതെങ്ങനാ ആകാശത്തേക്കും നോക്കിയല്ലെ നടപ്പ് മനുഷ്യനെ മെനക്കെടുത്താൻ.... " അവൻ ദേഷ്യം സഹിക്കവയ്യാതെ ഓരോന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു... "ചേച്ചിയൊന്ന് പിടിച്ചാൽ മതി ഞാൻ മുറിയിലേക്ക് പൊക്കോളാം..." അവന്റെ വായിലുള്ളതെല്ലാം കേട്ട് കഴിഞ്ഞതും പാറു ജ്യോതിയെ നോക്കി... "മ്മ് എണീക്ക്... " ജ്യോതി ജിത്തുവിനെ ദേശിച്ചു നോക്കി പാറുവിന്റെ അടുത്തേക്ക് വന്നു...ജ്യോതി താങ്ങി എണീപ്പിക്കുന്നതിന് മുന്നേ ജിത്തു ഇരുകൈകൾ കൊണ്ടും പാറുവിനെ പൊക്കിയെടുത്തിരുന്നു.... പാറുവിന്റെ ശരീരമാകെ വിറപൂണ്ടു...

ആദ്യമായാണ് ഇത്രയും അടുത്ത് ജിത്തുവിന്റെ സാമീപ്യം അവൾ അറിയുന്നത്.... അവനിൽ നിന്നും വമിക്കുന്ന വിയർപ്പിന്റെയും ചന്ദ്രികാ സോപ്പിന്റെയും സമിശ്ര ഗന്ധം അവളുടെ രോമകൂപങ്ങളെ ഉണർത്തി...കണ്ണടച്ചു തുറക്കുന്നതിന് മുന്നേ അവൻ അവളുമായി മുറിയിലേക്കെത്തിയിരുന്നു.. മുറിയിലെത്തിയതും ജിത്തു അവളെ കട്ടിലിലേക്കിട്ടു... "അയ്യോ അമ്മേ... " പെട്ടന്നുള്ള വീഴ്ചയായതിനാൽ അവളുടെ നടുവൊന്ന് വിലങ്ങി... "ശ്ഹൂ...മിണ്ടി പോവരുത്... അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നോണം... ഇനി എന്റെ അനുവാദമില്ലാതെ ഈ മുറിയിൽ നിന്നെങ്ങാനും പുറത്തിറങ്ങിയാൽ നിന്റെ മറ്റേ കാല് കൂടെ ഞാൻ തല്ലിയൊടിക്കും... ഇപ്പോഴും കുഞ്ഞുകളി കളിച്ചു നടക്കേണ്ട പ്രായമാണെന്നാണ് വിചാരം.." അവളെ തറപ്പിച്ചു നോക്കി കൊണ്ടവൻ മുറിവിട്ട് പുറത്തേക്ക് പോയി... അവനത്രയൊക്കെ ദേഷ്യപ്പെട്ടിട്ടും അവൾക്കുള്ളിൽ യാതൊരു വിഷമവും തോന്നിയില്ല.. മറിച്ചു സന്തോഷമാണ് തോന്നിയത്... അങ്ങനെയെങ്കിലും ജിത്തേട്ടൻ തന്നോടൊന്ന് മിണ്ടിയല്ലോ എന്നോർത്തുള്ള സന്തോഷം...അവന്റെ നെഞ്ചോട് ചേർന്ന് കിടന്ന നിമിഷങ്ങളോർക്കെ അവൾക്കുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തു.... അത് പോലെ ഈ ജീവിത കാലം മുഴുവൻ കിടക്കാൻ കഴിഞ്ഞെങ്കിലെന്നവൾ വെറുതെയാണെങ്കിലും മോഹിച്ചു.... ****

രാത്രിക്കത്തേക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് കയറി വരുന്ന ജ്യോതിയെ കണ്ടപ്പോൾ പാറു കിടന്നിടത്ത് നിന്നും എഴുന്നേറ്റു... "ചേച്ചിയെന്തിനാ ബുദ്ധിമുട്ടി ഇതുമായി ഇവിടേക്ക് വന്നത്.... ഞാൻ അവിടേക്ക് വരുമായിരുന്നല്ലോ...." "അതൊന്നും സാരമില്ല,,, കോളേജ് കഴിഞ്ഞ് വന്നത് തൊട്ട് ഒന്നും കഴിച്ചില്ലല്ലോ... ദാ കഴിക്ക്..." ജ്യോതി അവളുടെ അരികിൽ വന്നിരുന്നു... "വേദനക്ക് കുറവുണ്ടോ...? " "ആശ്വാസം തോന്നുന്നുണ്ട്... " കഴിക്കുന്നതിനിടയിൽ പാറു മറുപടി പറഞ്ഞു.... "ജിത്തേട്ടൻ... " അവൾ മടിച്ചു മടിച്ചു ചോദിച്ചു... "താഴെയുണ്ട്,, കട്ട കലിപ്പിലാണ്...കുറച്ചു കഴിഞ്ഞാൽ ശെരിയാവുമായിരിക്കും.... എനിക്കും അമ്മയ്ക്കും കിട്ടി വയറു നിറയെ നിന്റെ കുട്ടിക്കളിക്ക് ഞങ്ങൾ കൂട്ട് നിൽക്കുവാണെന്നും പറഞ്ഞ്..." "അയ്യോ ഒത്തിരി വഴക്ക് കേട്ടോ. ടീച്ചർക്ക് എന്നോട് ദേഷ്യം ആയിക്കാണുമല്ലേ..." "ഒന്ന് പോയേ കൊച്ചേ,,, നിന്നോട് ആർക്കും ഒരു ദേഷ്യവുമില്ല... നമ്മൾ ഇഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് വേദനിക്കില്ലേ അത് തന്നെയാ ഇവിടെയും സംഭവിച്ചത്... നിന്റെ ജിത്തേട്ടന് ഉള്ളിലെവിടെയോ നിന്നോടൊരു കുഞ്ഞിഷ്ടം തോന്നി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു....

ഇതുപോലെയങ്ങ് പൊക്കോട്ടെ എന്നാലേ ആ വെട്ട് പോത്തിനെ മെരുക്കിയെടുക്കാൻ കഴിയൂ...." ജ്യോതി പറയുന്നത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി... ഹൃദയം അതി വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.... ജ്യോതി ഗുഡ്നൈറ്റും പറഞ്ഞു മുറിവിട്ട് പോയതും അവൾ ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി വന്നു കിടന്നു.... മുറിയുടെ വേദനയും തളർച്ചയിൽ കാരണം കിടന്നതേ അവൾ ഉറങ്ങിപ്പോയിരുന്നു....കിടക്കാനായി മുറിയിലേക്ക് വന്ന ജിത്തു കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന പാറുവിനെയാണ്... ഉറങ്ങുന്നവളെ വിളിച്ചുണർത്താനായി തുനിഞ്ഞെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു... ഷർട്ടഴിച്ചു ഹാങറിൽ തൂക്കി ഇന്നലെ വായിച്ചു പകുതിയിൽ നിർത്തിയിരുന്ന പുസ്തകം ഷെൽഫിൽ നിന്നും എടുത്തു... അതുമായി കസേരയിലേക്കിരുന്നു വായന തുടങ്ങി... ഇടക്കുള്ള ഞരങ്ങലും മൂളലും അധികരിച്ചപ്പോൾ പുസ്തകം മടക്കി വെച്ചവൻ കട്ടിലിൽ കിടക്കുന്ന പാറുവിനെ നോക്കി...പുറത്തു നല്ല മഴയും ഫാനിന്റെ സ്പീഡും കാരണം കൊണ്ടായിരിക്കും അവളിങ്ങനെ തണുത്തു വിറക്കുന്നതെന്നവൻ ഊഹിച്ചു...

ജിത്തു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കട്ടിലിൽ കിടന്നിരുന്ന കമ്പിളിയെടുത്ത് അവളെ പുതപ്പിക്കാനൊരുങ്ങി... അപ്പോഴാണ് അവളുടെ തെന്നി മാറിയ പാവാടക്കിടയിൽ നിന്നും മുട്ടിലെ മുറിവ് കണ്ടത്... മുറിവുള്ള ഭാഗം ചുവന്നു കിടപ്പുണ്ട്... അവൻ പതിയെ സ്നേഹത്തോടെ അവിടമൊന്ന് തലോടി... പിന്നീടെന്തോ ചിന്തിച്ചതുപോലെ പൊടുന്നനെ കൈകൾ പിൻവലിച്ചു പാവാട നേരെ പിടിച്ചിട്ടു... പുതപ്പെടുത്ത് പുതപ്പിച്ച ശേഷം അവൻ മുറിവിട്ട് പുറത്തേക്കിറങ്ങി... നീയെന്താ ജിത്തു കാണിച്ചത്...അവൾ നിന്റെ ആരുമല്ല,,,എന്നെങ്കിലുമൊരിക്കൽ നിന്നിൽ നിന്നും അടർത്തി മാറ്റപ്പെടേണ്ടവളാണ്,,, അങ്ങനെയുള്ള അവളോട് യാതൊരു സിംപതിയുടെയോ സ്നേഹത്തിന്റെയോ ആവശ്യമില്ല... കഴിഞ്ഞ് പോയ ഓരോ കാര്യങ്ങളും മനസ്സിലേക്ക് ഒരു പേമാരിപോലെ ഇരച്ചെത്തിയതും അവൻ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു...ഇനിയും എത്ര നാൾ ഇങ്ങനെ നീറി നീറി ജീവിക്കേണ്ടി വരുമെന്ന് യാതൊരു നിശ്ചയവും അവനുണ്ടായിരുന്നില്ല... മുന്നോട്ട് ഇനിയെന്ത് സംഭവിക്കും എന്നുള്ളതും അവന്റെ മുന്നിലൊരു വലിയ ചോദ്യ ചിന്നമായിരുന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story