നീയും ഞാനും.. 🧡 ഭാഗം 32

neeyum njanjum shamseena

രചന: ശംസീന

രാവിലെ അലാറം മുഴങ്ങുന്ന ഉച്ചത്തിലുള്ള ശബ്‍ദം കേട്ടു കൊണ്ടാണ് പാറു എഴുന്നേറ്റത്... ഇന്നലെ രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നോ എവിടെയാണ് കിടന്നതെന്നോ എന്നൊന്നും അവൾക്ക് യാതൊരു ഓർമയും ഉണ്ടായിരുന്നില്ല...പുതപ്പ് ദേഹത്തു വലിച്ചു മാറ്റി കണ്ണുകൾ തിരുമ്മി കൊണ്ട് എഴുന്നേറ്റു...കാലിലെയും കയ്യിലേയും മുറിവ് കാറ്റുകൊണ്ട് ഉണങ്ങാൻ തുടങ്ങുന്നത് കൊണ്ടാവണം വലിഞ്ഞു മുറുകി കിടപ്പുണ്ട്.. ഒപ്പം അസഹ്യമായ വേദനയും... മുറിവിന്റെ വേദന കാരണം എഴുന്നേൽക്കാൻ തോന്നുന്നില്ലെങ്കിൽ കൂടി ഇന്ന് കോളേജുള്ള കാര്യം ആലോചിക്കുമ്പോൾ എണീക്കതിരിക്കാനും വയ്യ.... മുറിയിലേക്ക് വെളിച്ചം തട്ടി തുടങ്ങാത്തത് കൊണ്ട് അവൾ ഇരുട്ടിൽ തപ്പി തടഞ്ഞാണ് എഴുന്നേറ്റത്..നിലത്ത് കാലുകളൂന്നി മുന്നോട്ട് നടക്കാനൊരുങ്ങവേ അവൾ എന്തിലോ തട്ടി വീണിരുന്നു... "അമ്മേ.... " താഴെ കിടന്ന് ഉറങ്ങുകയായിരുന്ന ജിത്തുവിന്റെ ദേഹത്തേക്കായിരുന്നു അവൾ വീണത്... ജിത്തു ഞെട്ടിപിടഞ്ഞു കണ്ണുകൾ തുറന്നു ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു... പേടിച്ചു വിറച്ചു കണ്ണുകളടച്ചു തന്റെ നെഞ്ചിൽ കിടക്കുന്ന പാറുവിനെ കണ്ടതും അവനൊന്ന് പകച്ചു...ഫ്ലാഷ് ലൈറ്റ് കണ്ണുകളിലേക്ക് കുത്തി തുളഞ്ഞു കയറിയതും ഇറുകെ മൂടിയിരുന്ന കണ്ണുകളെ തുറന്നു കൊണ്ട് അവൾ ജിത്തുവിനെ നോക്കി...

"സോ.. സോറി,,, അറിയാണ്ട് പറ്റിയതാണ്..." അവന്റെ മുഖത്തെ രൗദ്ര ഭാവം അവളിലെ ഭയത്തെ വർധിപ്പിച്ചു... വെപ്രാളം പൂണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നിലത്ത് വിരിച്ചിരുന്ന പുതപ്പിൽ വഴുതി അവൾ വീണ്ടും അവന്റെ ദേഹത്തേക്ക് തന്നെ വീണു... "ഓ നാശം എഴുന്നേറ്റ് പോടി... " അവൻ അലറിയെങ്കിലും രണ്ടാമത്തെ വീഴ്ചയിൽ മുട്ടിലെ മുറിവ് നിലത്തിടച്ചത് കൊണ്ട് പാറുവിന് എഴുന്നേൽക്കാൻ കഴിയുന്നിലായിരുന്നു.... ജിത്തു കോപത്തോടെ അവിടെ കിടന്ന് കൊണ്ട് തന്നെ അവളേയും ചേർത്ത് പിടിച്ചു മലക്കം മറിഞ്ഞു... ഇപ്പോൾ അവൾ താഴേയും അവൻ മുകളിലും... പാറുവിന്റെ ശരീരമാകെ വിറപൂണ്ടു... തനിക്കേറെ പ്രിയപ്പെട്ടവന്റെ ശരീരത്തിലെ ചൂട് അവൾ പോലുമാറിയാതെ അവളിലെ പ്രണയിനിയെ ഉണർത്തി... മങ്ങിയ വെളിച്ചത്തിൽ പാറുവിന്റെ കണ്ണുകൾ ജിത്തുവിന്റെ മുഖമാകെ ഓടി നടന്നു... ഇരുവരുടേയും കണ്ണുകൾ പരസ്പരം ഇടഞ്ഞതും ജിത്തു കോപത്തോടെ അവളുടെ ദേഹത്തു നിന്നും എഴുന്നേറ്റ് പോയി...പാറുവിന്റെ അധരങ്ങൾ മനോഹരമായി പുഞ്ചിരി പൊഴിച്ചു... അവന്റെ ഗന്ധവും ചൂടും ഇപ്പോഴും തന്നിൽ തങ്ങി നിൽക്കുന്നതായവൾക്ക് അനുഭവപ്പെട്ടു....അതിന്റെ ആലസ്യത്തിൽ നിലത്ത് തന്നെ അവൾ ചുരുണ്ട് കൂടി... *****

രാവിലെ നടന്ന സംഭവങ്ങളുടെ മായാ ലോകത്ത് തന്നെയായിരുന്നു പാറു അപ്പോഴും... ചെയ്യുന്നതെല്ലാം യാന്ത്രികമായി അവൾ തന്റെ സ്വപ്‌ന ലോകത്തിലങ്ങനെ പാറി പറന്നു നടക്കുകയായിരുന്നു... "ഈ കുട്ടി ഇതെന്താ ചെയ്യുന്നേ... " ചോറ്റു പാത്രത്തിലേക്ക് ചോറിടാതെ താഴേക്കിടുന്നത് കണ്ടതും ടീച്ചർ ശകാരിച്ചു... അപ്പോഴാണ് അവൾക്കും ബോധം വന്നത്... അവൾ അവരെ നോക്കി ചമ്മിയൊരു ചിരി പാസാക്കി താഴെനിന്നും വറ്റുകളെല്ലാം പെറുക്കിയെടുത്തു... "മ്മ് കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു... നീയി ലോകത്തൊന്നും അല്ലല്ലോ..." ടീച്ചർ അവളെ ഒന്നർത്ഥം വെച്ചു നോക്കി... "അതുണ്ടല്ലോ ടീച്ചറമ്മേ... ആ ഇന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട് അപ്പൊ അതിന്റെയൊരു ടെൻഷൻ... അല്ലാതെ വേറൊന്നുമില്ല..." കള്ളം പിടിക്കപ്പെട്ട കുട്ടികളെ പോലെ അവൾ അവരെ നോക്കി പറഞ്ഞു... "ഇപ്പൊ തന്നെ സമയം വൈകി ഇനിയും വൈകിയാൽ ചിലപ്പോൾ ബസ് കിട്ടില്ലാട്ടോ... " അത്രയും പറഞ്ഞുകൊണ്ട് ടീച്ചർ തന്റെ ജോലികളിലേക്ക് തിരിഞ്ഞു... പാറു റെഡിയായി പോകുവാണെന്നു പറയാൻ അടുക്കളയിലേക്ക് ചെന്നപ്പോഴാണ് ടീച്ചർ ഒരു പൊതി ചോറു കൂടെ അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തത്...

"നിന്റെ സാറ് ഇന്ന് ഉച്ചക്കത്തേക്കുള്ള ചോറ് കൊണ്ടുപോയിട്ടില്ല...എന്തോ അത്യാവശ്യം ഉണ്ടെന്നും പറഞ്ഞു നേരത്തേയിറങ്ങി... നീ ഇതവന് കൊടുത്തേക്ക് അല്ലേൽ ഉച്ചക്ക് ഒന്നും കഴിക്കത്തില്ല..." "ഞാൻ തന്നെ കൊടുക്കണോ ടീച്ചറേ... " "എന്റെ പൊന്നു കൊച്ചേ അവൻ നിന്നെ പിടിച്ചു തിന്നത്തൊന്നും ഇല്ല... ഇനി ഇതിന്റെ പേരിൽ അവൻ നിന്നെ വഴക്ക് പറയുവാണേൽ എന്നോട് വന്നു പറ... അപ്പൊ ഞാൻ അവന് നല്ല തല്ല് വെച്ചു കൊടുത്തോളം പോരെ... " ടീച്ചറുടെ സംസാരം കേട്ടതും പാറു ചിരി കടിച്ചു പിടിച്ചു തലകുലുക്കി സമ്മതിച്ചു... "നല്ല ബെസ്റ്റ് അമ്മായിയമ്മയും മരുമോളും... " ഇതെല്ലാം കേട്ട് കൊണ്ട് നിന്ന ജ്യോതിയായിരുന്നു അത് പറഞ്ഞത്... "നീ പോടി ഇവൾ എന്റെ മരുമോളൊന്നും അല്ല എന്റെ മോള് തന്നെയാ..." അവർ വാത്സല്യത്തോടെ അവളുടെ കവിളിൽ തഴുകി... "ഞാൻ ഇറങ്ങുവാണേ ടീച്ചറേ... ഇപ്പൊ തന്നെ വൈകി....പോട്ടെ ചേച്ചി..." അവൾ ബാഗുമെടുത്ത് ധൃതിയിൽ പുറത്തേക്കോടി... "പാവം കുട്ടി... " ടീച്ചറിൽ നിന്നൊരു നെടുവീർപ്പുയർന്നു... ****

കോളേജിൽ എത്തി പഴയത് പോലെ ചടഞ്ഞു കൂടിയിരിക്കാതെ മീരയോടും പ്രവിയോടും ഒപ്പം കളിച്ചും ചിരിച്ചും നടന്നു... ഇന്ന് ഉച്ചക്ക് ശേഷമുള്ള പിരിയഡാണ് ജിത്തുവിന്റെ അതവൾക്കും ഒരു ആശ്വാസമായിരുന്നു.... രാവിലെ തന്നെ അവന്റെ വീർത്തു കെട്ടിയ മുഖം കാണേണ്ടല്ലോ എന്നുള്ള ആശ്വാസം... ഉച്ചക്ക് ലഞ്ച് ബ്രേക്കിനുള്ള ബെൽ മുഴങ്ങിയപ്പോഴാണ് ടീച്ചർ കൊടുത്തു വിട്ട ചോറിന്റെ കാര്യം പാറുവിന് ഓർമ വന്നത്... അവൾ മീരയോട് ഇപ്പൊ വരാമെന്നും പറഞ്ഞു ചോറ് പൊതിയെടുത്ത് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു... "പാർവണ ജിത്തു സാറിനെ അന്യോഷിച്ചു വന്നതാണോ...കയ്യിലൊരു പൊതിയൊക്കെ ഉണ്ടല്ലോ...?" സ്റ്റാഫ്‌ റൂമിനു മുന്നിൽ നിന്ന് കറങ്ങുന്ന പാറുവിനെ കണ്ട ജോസഫ് സർ ചോദിച്ചു... "അത്.. സാറിനുള്ള ചോറുമായിട്ട്... " അവൾ കിടന്നു പരുങ്ങി.. "ജിത്തു മീറ്റിംഗ് ഹാളിൽ ഉണ്ട്...അവിടേക്ക് പൊക്കോളൂ..." നേർത്ത ചിരിയോടെ പറഞ്ഞു കൊണ്ട് ജോസഫ് സർ അവിടെ നിന്നും പോയി... മീറ്റിംഗ് ഹാളിന് മുന്നിലെത്തിയ പാറു അകത്തേക്കൊന്ന് പാളി നോക്കി...

സീനിയേഴ്സായ കുട്ടികളോട് കാര്യമായി എന്തോ സംസാരിക്കുകയാണ്... അവൾ എങ്ങനെ വിളിച്ചു തുടങ്ങുമെന്നാലോചിച്ചു സങ്കോചം പൂണ്ടു... തിരികെ പോയി പ്രവിയുടെ അടുത്ത് കൊടുത്തു വിടാമെന്ന് കരുതി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും ജിത്തുവിന്റെ സ്വരം കേട്ടത്... "നീയെന്താ ഇവിടെ... " അവൻ കനത്ത സ്വരത്തിൽ ചോദിച്ചതും അവൾ ചുറ്റുമൊന്ന് നോക്കി... ഇരുവരേയും ഒരുമിച്ചു കണ്ടത് കൊണ്ടാവണം അതിലെ നടന്നു പോവുന്ന കുട്ടികൾ കളിയാക്കി ചിരിക്കുന്നുണ്ട്... അത് കൂടെ കണ്ടതും പാറുവിന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി... അതേ വിറയലോടെ തന്നെ ചോറ് പൊതി അവനു നേരെ നീട്ടി... "ടീച്ചർ... തന്നു വിട്ടതാ.... ഇന്ന് ഉച്ചക്കത്തേക്കുള്ളത് കൊണ്ടു വന്നില്ലെന്ന് പറഞ്ഞു...." അവൾ പരിഭ്രമത്തോടെ പറയുന്നത് കേട്ടതും അവനുള്ളിൽ ചിരിപൊട്ടി.. എന്നിരുന്നാലും മുഖത്തെ ഗൗരവത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല.... "നീ കഴിച്ചോ...? " പെട്ടന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ അത്ഭുതം കൂറി... "ഇല്ല... ചെന്നിട്ട് വേണം... " പരിഭ്രമം അപ്പോഴും വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല...

"മ്മ്... " കനപ്പിച്ചൊന്ന് മൂളിക്കൊണ്ട് ജിത്തു അവിടെ നിന്നും നടന്നു നീങ്ങി... ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം അടക്കിപിടിച്ചു കൊണ്ടവൾ ക്ലാസ്സിലേക്കോടി.... ***** വൈകീട്ട് കോളേജ് വിട്ട് ബസ്സ്റ്റോപ്പിലേക്ക് മീരയോടൊപ്പം നടക്കുമ്പോഴാണ് ജിത്തു ബുള്ളറ്റുമായി പാറുവിന്റെ മുന്നിൽ വന്നു നിന്നത്... "കയറ്..." ഒരു നിമിഷം അവൾ കാണുന്നത് സ്വപ്നമാണോ എന്ന് വരെ ചിന്തിച്ചുപോയി... "മിഴിച്ചു നിൽക്കാതെ കയറെടി... " അവൻ ശബ്‍ദമുയർത്തിയതും അവൾ അവനു പിറകിൽ കയറി... ബുള്ളറ്റ് മുന്നോട്ടെടുത്തതും അവൾ മീരക്ക് കൈ വീശി കാണിച്ചു... അവളുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം തിരികെ മീരയും അവൾക്കായൊരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.... "അടങ്ങി ഇരിക്കാൻ അറിയില്ലേ നിനക്ക്... " ബൈക്കിന് പിന്നിലിരുന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുന്ന പാറുവിനോടവൻ ചോദിച്ചു.. "ഷാൾ.." പറഞ്ഞിട്ടവൾ ഷാൾ പിടിച്ചു നേരെയിട്ടു.... ബുള്ളറ്റിന്റെ സ്പീഡ് കൂടുന്നതിനനുസരിച്ച് അവളുടെ മുടിയിഴകൾ കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു...

ഇടക്ക് മുഖത്തേക്ക് പാറിവീഴുന്ന മുടിയിഴകളെ കൈ വിരലുകൊണ്ട് മാടിയൊതുക്കി വെക്കുന്നുണ്ടായിരുന്നു....തന്റെ പ്രണയമായവനോടൊത്തുള്ള ആദ്യ യാത്ര അവൾ ആസ്വദിക്കുകയായിരുന്നു... പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അവന്റെ കൂടെ ചേർന്നിരുന്നിട്ടുള്ളൊരു ബൈക്ക് യാത്ര...പക്ഷേ നാളുകൾക്കു ശേഷം ഇന്നാണത് സാധ്യമായത്.... ഇടക്കെപ്പോഴോ സൈഡ് മിററിലൂടെ അവന്റെ നോട്ടം പാറുവിൽ തെന്നി വീണു... കാറ്റിൽ പാറിപറക്കുന്ന മുടിയിഴകളും അതിനുള്ളിൽ കാണുന്ന കുഞ്ഞു വട്ട മുഖവും അവൻ കൗതുകത്തോടെ നോക്കിയിരുന്നു... നെറ്റിയിലെ കറുത്ത കുഞ്ഞു വട്ടപൊട്ട് അവളിലെ ഭംഗി വർധിപ്പിച്ചതായവന് തോന്നി...രാവിലത്തെ അവളോടൊത്തുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു...അവളുടെ പിടക്കുന്ന മിഴികളും വിറക്കുന്ന അധരങ്ങളും ചുവന്നു തുടുത്ത കവിളിണകളും ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങളും ഒരു നിമിഷം അവന്റെ മനസ്സിനെ പിടിച്ചുലച്ചു... പൊടുന്നനെ ആക്സിലേറ്ററിൽ കൈകൾ അമർന്നതും മുന്നിലുള്ള ഹംബ് അവന്റെ ശ്രദ്ധയിൽ പെട്ടില്ല... പെട്ടന്ന് ഹംബ് ചാടിയതും സ്വപ്‌ന ലോകത്തായിരുന്ന ഇരുവരും ഒരുപോലെ ഞെട്ടിത്തരിച്ചു ...ഭീതിയോടെ അവളുടെ കൈകൾ ജിത്തുവിന്റെ തോളിലമർന്നു...

അപ്പോഴാണ് ജിത്തുവും സ്വബോധത്തിലേക്ക് വന്നത്....താൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയതെന്നോർക്കേ അവന്റെ ഉള്ളിൽ കുറ്റബോധം നുരഞ്ഞു പൊന്തി... "പേടിച്ചോ...? " ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി അവളുടെ നേരെ തല ചെരിച്ചു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു...അവൾ തലയനക്കി ഇല്ലെന്ന് പറഞ്ഞതും അവൻ സമാധാനത്തോടെ ബുള്ളറ്റ് മുന്നോട്ടെടുത്തു... കവലയിൽ എത്തിയപ്പോൾ അവരെ ഒരുമിച്ചു കണ്ടത് കൊണ്ടാവണം ആളുകളെല്ലാം ഏതോ അത്ഭുത ജീവിയെ കണ്ടത് പോലെ കണ്ണുകൾ തള്ളി നോക്കുന്നുണ്ടായിരുന്നു...

തന്റെ പ്രിയപ്പെട്ടവരുടെ സാമീപ്യം തിരിച്ചറിഞ്ഞതും അവൾ ചുറ്റും കണ്ണുകളോടിച്ചു.... തയ്യൽ കടയുടെ മുന്നിൽ നിൽക്കുന്ന വിച്ചുവിനെയും അമ്മയേയും കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു...മിഴിനീർ മൂടി മങ്ങിയ കാഴ്ചയിലും അവൾ കണ്ടു വെറുപ്പോടെ തന്നെ നോക്കുന്ന വിച്ചേട്ടനെയും അമ്മയേയും... "കണ്ണെന്താ കലങ്ങിയിരിക്കുന്നെ... " ബുള്ളറ്റ് ഓഫ് ചെയ്ത് ഇറങ്ങിയ ജിത്തു അവളുടെ കലങ്ങിയ കണ്ണുകൾ കണ്ട് ചോദിച്ചു... "അത്.. കരട് വീണതാണ് ... " അവന് മുഖം കൊടുക്കാതെ പറഞ്ഞുകൊണ്ടവൾ അകത്തേക്ക് നടന്നു... പക്ഷേ അവളുടെ വാക്കുകൾ അവനത്ര വിശ്വാസം പോരായിരുന്നു... 'നിങ്ങൾ രണ്ട് പേരും ഒരുമിച്ചാണോ വന്നത്... " പാറുവിന്റെ പിന്നാലെ തന്നെ വീട്ടിലേക്ക് കയറി വരുന്ന ജിത്തുവിനെ കണ്ട് ടീച്ചർ ചോദിച്ചു... "മ്മ് " ഒരു മൂളൽ മാത്രം മറുപടിയായി നൽകികൊണ്ട് ജിത്തു മുറിയിലേക്ക് നടന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story