നീയും ഞാനും.. 🧡 ഭാഗം 33

neeyum njanjum shamseena

രചന: ശംസീന

"എന്തേ വരുമ്പോഴുണ്ടായിരുന്ന ഉത്സാഹം ഇപ്പൊ ഇല്ലല്ലോ എന്തു പറ്റി... " എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്ന പാറുവിനെ കണ്ട് ജിത്തു ചോദിച്ചു.. "ഒന്നുമില്ല... " അവൾ ഒഴിഞ്ഞുമാറാൻ നോക്കി... "വിച്ചുവിനെയും അമ്മയേയും കണ്ടിരുന്നു അല്ലേ... " "മ്മ്... " അപ്പോഴേക്കുമവളുടെ കണ്ണുകൾ നിറഞ്ഞു തൂവാൻ തുടങ്ങിയിരുന്നു... "നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല... അവർ കവലയിൽ നിൽക്കുന്നത് ഞാനും കണ്ടിരുന്നു...നിന്നെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതിയാണ് കാണിച്ചു തരാതെ ഇരുന്നത്..." "നിക്ക് സങ്കടമൊന്നുമില്ല... അല്ലെങ്കിലും ഈ വിധി ഞാനായിട്ട് വരുത്തി വെച്ചതല്ലേ... അതിൽ ആരേയും പഴി ചാരിയിട്ട് ഒരു കാര്യവുമില്ല... ജിത്തേട്ടനും എന്നോട് ദേഷ്യമല്ലേ ഇപ്പോൾ കാണിക്കുന്ന ഈ കുഞ്ഞു പരിഗണന പോലും എന്നോടുള്ള സഹതാപത്തിന്റെ പുറത്താണെന്ന് എനിക്കറിയാം... ഈ പാറു തനിച്ചാണ് അവൾക്കിന്ന് ആരുമില്ല ആരും..." വിതുമ്പലോടെ പറഞ്ഞു കൊണ്ടവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി...

അവളെ ചേർത്ത് നിർത്തി തനിച്ചല്ല കൂടെ ഞാനുണ്ട് എന്ന് പറയണമെന്ന് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള സമയമായിട്ടില്ലെന്ന് തന്റെ അരികിലിരുന്ന് ആരോ പറയുന്നത് പോലെ....അവൾക്കിപ്പോൾ തന്നോടുള്ള അഭിനിവേഷം അവസാനിക്കുമ്പോൾ തന്നോട് തോന്നിയ പ്രണയവും ഒരു തെറ്റായിരുന്നെന്ന് മനസ്സിലാക്കുമായിരിക്കും... അങ്ങനെയെങ്കിൽ ഇപ്പോൾ താൻ അവളെ ചേർത്ത് നിർത്തിയാൽ അന്ന് ഇതിനേക്കാൾ ഇരട്ടി താൻ വേദനിക്കേണ്ടി വരുമെന്നവൻ ഓർത്തു.... അവൾക്ക് തന്നോടുള്ള പ്രണയം വെറുമൊരു കൗതുകത്തിന്റെ പുറത്ത് ഉണ്ടായതല്ല മറിച്ച് ആത്മാർത്ഥമായിട്ടുള്ളതാണെന്ന് മനസ്സിലാക്കുന്നത് വരെ അവൾ തന്നിൽ നിന്നും കുറച്ചകന്നു നിൽക്കുന്നതാണ് നല്ലതെന്നവനും തോന്നി... **** "ദാ മോനേ ചായ...." ഉമ്മറത്തിരിക്കുന്ന വിച്ചുവിനരികിൽ വന്നിരുന്ന് കൊണ്ട് ലത പറഞ്ഞു... "നീയെന്താ ആലോചിക്കുന്നെ കുറേ നേരമായല്ലോ...? " "ഒന്നുമില്ലമ്മേ... ഞാൻ വെറുതെ...!" "അമ്മയൊരു കാര്യം പറഞ്ഞാൽ എന്റെ കുഞ്ഞ് അനുസരിക്കോ...? " അവർ ഒന്ന് ശങ്കിച്ചു...

"അമ്മയിന്നുവരെ പറഞ്ഞ എന്തെങ്കിലും കാര്യം ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ...? " അവൻ ചോദ്യ ഭാവേന അവരെ നോക്കി... "ഇല്ല.. എന്നാലും... " "അമ്മ കാര്യം പറ... " വിച്ചുവിന്റെ സ്വരം കടുത്തു... "നമ്മുടെ അക്കരെയുള്ള ശാരധ വന്നിരുന്നു ഇന്നലെ അവൾടെ മോൾടെ കല്യാണം ക്ഷണിക്കാൻ ആക്കൂട്ടത്തിൽ വേറൊരു കാര്യം കൂടെ പറഞ്ഞു..." "എന്ത് കാര്യം...? " പതർച്ചയോടെ പറയുന്ന ലതയെ തന്നെ അവൻ നോക്കിയിരുന്നു... "അവൾടെ അകന്ന ബന്ധത്തിൽ ഒരു കൊച്ചുണ്ടെന്ന്... നിനക്ക് നന്നായി ചേരുമെന്നാണ് അവൾ പറഞ്ഞത്... പോരാത്തതിന് നല്ല കുടുംബക്കാരും... എന്ത് കൊണ്ടും നമുക്ക് യോജിച്ച ബന്ധമാണിതെന്ന് എന്റെ മനസ്സ് പറയുന്നു..." "ഞാനിപ്പോൾ ഒരു വിവാഹം കഴിച്ചു കുടുംബ ജീവിതം നയിക്കാനുള്ള മാനസികാവസ്ഥയിൽ ഒന്നുമല്ല...മനുഷ്യന് നൂറു കൂട്ടം ടെൻഷനും കാര്യങ്ങളുമാണ്... അതിനിടക്ക് ഇപ്പോഴൊരു വിവാഹം എനിക്ക് വേണ്ടാ..." അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു... "വേണ്ടെന്ന് വെച്ചാ കാലാകാലം ഇങ്ങനെ ഒറ്റത്തടിയായി ജീവിക്കാനാണോ നിന്റെ ഭാവം...

ആർക്ക് വേണ്ടി...ആർക്ക് വേണ്ടിയായിട്ടായിരുന്നു പൊടിമീശ മുളച്ച കാലം മുതൽക്കേ രാവും പകലുമില്ലാതെ നീ തെണ്ടിക്കാൻ പോയിരുന്നത്... ആ അവൾ തന്നെ നമ്മളെ കളഞ്ഞിട്ട് ഇറങ്ങിപ്പോയില്ലേ... നീയും കണ്ടതല്ലേ ഇന്ന് അവൾ എത്ര സന്തോഷത്തോടെയാ ജിത്തുവിന്റെ കൂടെ പോവുന്നതെന്ന്.... ധണ്ണമുണ്ടെടാ എനിക്ക്....എനിക്കിനി അധിക കാലമൊന്നും ആയുസ്സ് ഉണ്ടാവുമെന്ന് തോന്നുന്നില്ല അത്രക്കും തളർന്നു പോയിട്ടുണ്ട് മനസ്സും ശരീരവും...അതിന് മുന്നേ നിനക്ക്‌ താങ്ങായും തണലായും ഒരു കുട്ടി ഈ കുടുംബത്തേക്ക് കയറി വരണമെന്ന് ആഗ്രഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്... പറയെടാ,,,അല്ലെങ്കിൽ തന്നെ ഞാനാരാ ഇതൊക്കെ പറയാൻ... കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്നിരുന്നവൾ അവളുടെ ഇഷ്ടം തേടി പോയി ഇനി നീയും ജീവിച്ചോ നിന്റെ ഇഷ്ടം പോലെ അതിന് മുന്നേ ഈ അമ്മയുടെ ജീവൻ പോകാനങ് പ്രാർത്ഥിച്ചേക്കണം..." "അമ്മേ... " കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് അവൻ ഉറക്കെ വിളിച്ചു...നെഞ്ച് പൊട്ടി കരഞ്ഞു കൊണ്ടവർ അവന്റെ അടുത്ത് നിന്നും എഴുന്നേറ്റ് പോയി...

അച്ഛൻ ഉപേക്ഷിച്ചു പോയ കാലം തൊട്ട് കാണുന്നതായിരുന്നു അവൻ അമ്മ അവർക്ക് വേണ്ടി കഷ്ടപ്പെടുന്നത്...അത് കണ്ട് സഹിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമായിരുന്നു പഠിപ്പ് പോലും പാതി വഴിയിൽ ഉപേക്ഷിച്ചു താൻ ജോലിക്ക് പോവാൻ തുടങ്ങിയത്... ഇന്നുവരെ അമ്മയെ ഇത്രയും തകർന്നൊരവസ്ഥയിൽ കണ്ടിട്ടില്ല .. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ തേടി പോയപ്പോൾ പോലും സധൈര്യം അതിനെ നേരിട്ടൊരാളായിരുന്നു തന്റെ അമ്മ...ഇതിന് മുൻപ് പാറു ഈ വീടിന്റെ പടിയിറങ്ങിയപ്പോഴായിരുന്നു അമ്മ ഇത്രയധികം വേദനിച്ചത്... ചിലപ്പോൾ ഇതിനേക്കാൾ കൂടുതൽ... അമ്മക്കെന്നും അവളോട് തന്നേക്കാളും ഒരുപടി സ്നേഹം കൂടുതലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... പക്ഷേ അതിലിന്നുവരെ താൻ ഒരു പരിഭവം പോലും കരുതിയിട്ടില്ല... അമ്മ അവളെ എന്നേക്കാൾ കൂടുതൽ സ്‌നേഹിക്കുന്നതായിരുന്നു തനിക്കും ഇഷ്ടം...പാറുവിനെ കുറിച്ചോർത്തതും അവന്റെ ഉള്ളിൽ അവളോടുള്ള വെറുപ്പിന്റെ ആഴം കൂടി വന്നു..ഇനിയും അമ്മയെ വിഷമിപ്പിച്ചു കൂടാ എന്ന് കരുതിയവൻ ലതയുടെ മുറിയിലേക്ക് നടന്നു...

"അമ്മേ... " കട്ടിലിൽ കിടന്ന് കണ്ണീർ വാർക്കുന്ന ലതയെ അവൻ സ്നേഹത്തോടെ വിളിച്ചു.. "മ്മ് എന്തു വേണം... " അടഞ്ഞ ശബ്‍ദത്തിൽ ലത ചോദിച്ചു... "അമ്മ ശാരദേട്ടത്തിയോട് വിളിച്ചു പറഞ്ഞോളൂ ഉടനെ പെണ്ണ് കാണാൻ നമ്മളങ്ങോട്ട് വരുന്നുണ്ടെന്ന്... " അവൻ പറഞ്ഞത് കേട്ട് അവർക്ക് സന്തോഷമായെങ്കിലും മറുപടിയൊന്നും നൽകാതെ പരിഭവിച്ചു കിടന്നു.. "അമ്മേ..ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ...? " ചെരിഞ്ഞു കിടന്നിരുന്ന അമ്മയെ അവൻ തനിക്കഭിമുഖമായി തിരിച്ചു കിടത്തി... "നീ പറയുന്നത് ഞാൻ വിശ്വസിച്ചോട്ടെ,, വാക്ക് കൊടുത്തോട്ടെ അവർക്ക്... " അവർ വീണ്ടും ഉറപ്പിക്കാനെന്ന പോലെ ചോദിച്ചു... "അമ്മക്കെന്താ എന്നെ വിശ്വാസമില്ലേ...? " അവർ ഉണ്ടെന്നർത്ഥത്തിൽ തലയാട്ടി... "ആ എന്നാൽ അവരോട് വിളിച്ചു പറഞ്ഞേക്ക്.." പറഞ്ഞിട്ടവൻ അവിടെ നിന്നും എഴുന്നേറ്റ് പോയി... ലത മുകളിലേക്ക് നോക്കി സന്തോഷത്തോടെ ഈശ്വരനോട് നന്ദി പറഞ്ഞു... **** "പാറു നീയറിഞ്ഞോ,,, നിന്റെ വിച്ചേട്ടന്റെ വിവാഹം ഉറപ്പിച്ചു... ഉടനെ ഉണ്ടാവുമെന്നാണ് കേട്ടത്... "

മീര പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ പാറു പകച്ചിരിന്നു.... "നീയെന്താ മീരേ പറയുന്നത് വിച്ചേട്ടന്റെ വിവാഹമോ...!അതും ഞാനറിയാതെ..." പാറു ഇടറുന്ന വാക്കുകളാൽ ചോദിച്ചു... "നീയറിഞ്ഞിരിക്കാൻ നീയും അവരുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലല്ലോ... തന്നെയുമല്ല അധികമാരും ഇക്കാര്യം അറിഞ്ഞിട്ടുമില്ല... ഇന്നലെ അമ്മ ലതേച്ചിയെ കാണാൻ അങ്ങോട്ട് ചെന്നപ്പോഴാണ് കാര്യം അറിഞ്ഞത് തന്നെ... " "എന്നേയും ക്ഷണിക്കുമായിരിക്കും അല്ലേ വിവാഹത്തിന്...?" ദയനീയമായിരുന്നു അവളുടെ ചോദ്യം... "നിനക്ക് തോന്നുന്നുണ്ടോ പാറു...?" പാറുവിനെ നിരുത്സാഹാപ്പെടുത്താനേ അവൾക്ക് കഴിഞ്ഞുള്ളൂ... അല്ലെങ്കിൽ അവൾ അക്കാര്യവും ആലോചിച്ചു സങ്കടപ്പെട്ട് ദിവസങ്ങൾ തള്ളി നീക്കുമെന്ന് മീരക്കറിയാമായിരുന്നു....പാറു മറുപടി പറയാതെ ബാഗുമെടുത്ത് ക്ലാസ്സിലേക്ക് നടന്നു... "ഇന്ന് പ്രവിയെ കാണാനില്ലല്ലോ... ഏത് പെണ്ണുങ്ങളുടെ വായും നോക്കി നടക്കുവാണാവോ... " മീര ക്ലാസ്സിന് പുറത്തേക്ക് നോക്കി ചോദിച്ചു....അവൻ വന്നാലേ പാറു ഒന്നുകൂടെ ഉഷാറാവുകയുള്ളൂ...

"നീയെവിടെ പോയി കിടക്കുവായിരുന്നെടാ... " പ്രവി ഓടിക്കിതച്ചു അടുത്ത് വന്നിരുന്നതും മീര ചോദിച്ചു... "ഒന്നും പറയേണ്ടാ നമ്മുടെ സീനിയേഴ്‌സും സാറ്മാരും തമ്മിൽ മുട്ടനടി..." കിതച്ചു കൊണ്ടവൻ പറഞ്ഞു... "എന്തിന്... " അന്ന് കുറച്ചു സീനിയേഴ്സിനെ ഡ്രഗ്സ് യൂസ് ചെയ്തതിന് സസ്പെൻസ് ചെയ്തില്ലേ അതിന്റെ തുടർച്ചയാണ്... ഇന്നും ലഹരി ഉപയോഗിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നൊക്കെ കേട്ടു... " "എന്നിട്ടെന്താ സംഭവിച്ചേ...? " ജിത്തുകൂടെ ഈ സംഭവത്തിൽ ഉണ്ടെന്നറിഞ്ഞതും പാറു ഭയന്നു...പകപ്പോടെ ചോദിക്കുന്ന പാറുവിനെ പ്രവി തറപ്പിച്ചൊന്ന് നോക്കി... "അത് ചോദിക്കാൻ ചെന്ന ജിത്തുസാറും വേറെ രണ്ട് മാഷ്മാരും ചെക്കന്മാരെ എടുത്തിട്ട് കുടഞ്ഞു... ലഹരി അടിച്ചു വെളിവില്ലാതെ ഇരിക്കുന്നവരല്ലേ അവർക്ക് ഗുരു നാഥനാണെന്നോ അച്ഛനാണെന്നോ എന്നൊക്കെയുണ്ടോ അറിയുന്നു.. അതിലൊരു സാറിനെ കൂട്ടത്തിലൊരുത്തൻ അടിച്ചു... ഇത് കണ്ട ജിത്തു സാറുണ്ടോ അടങ്ങുന്നു പിള്ളേരെ ശെരിക്കുമിട്ടങ് പെരുമാറി.... പിന്നെ അങ്ങോട്ടുമിങ്ങോട്ടും മുട്ടൻ വഴക്കായി..

പോലീസിനെയൊക്കെ വിളിച്ചിട്ടുണ്ട്... ഇന്ന് മിക്കവാറും കോളേജ് വിടാൻ സാധ്യതയുണ്ട്..." പ്രവി ഒരു യുദ്ധം നടക്കുന്ന പ്രതീതിയിൽ പറഞ്ഞു... പറഞ്ഞു കഴിഞ്ഞതും വരാന്തയിലൂടെ കുട്ടികൾ പരിഭ്രാന്തിയോടെ ഓടുന്നതവർ കണ്ടു... അവരുടെ ക്ലാസ്സിലെ പിള്ളേരും കൂടെ ഓടാൻ തുടങ്ങിയതും അവരും പിന്നാലെ ഗ്രൗണ്ടിലേക്കോടി... ചെന്നപ്പോൾ കണ്ട കാഴ്ച സിനീയേഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നതാണ്... പാറുവിന്റെ കണ്ണുകൾ ജിത്തുവിനെ തേടി അലഞ്ഞു.... പക്ഷേ എത്ര തിരഞ്ഞിട്ടും അവനെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല... സീനിയേഴ്‌സിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് മറ്റു സീനിയേഴ്‌സ് രംഗത്തിറങ്ങി... പ്രിൻസിയുടെ മുറിക്കു മുന്നിൽ തടിച്ചു കൂടി അവർ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു...പ്രിൻസി മൈക്കിലൂടെ കോളേജിന് രണ്ട് ദിവസം അവധിയാണെന്ന് പ്രഖ്യാപിച്ചു എല്ലാ കുട്ടികളോടും വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു... എന്നാൽ പ്രതിഷേധക്കാർ അറസ്റ്റ് ചെയ്ത സീനിയേഴ്സിനെ പോലീസ് വെറുതെ വിടുന്നത് വരെ ഒരു സ്റ്റുഡന്റസിനെ പോലും കോളേജ് വിട്ട് പുറത്തു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു....

സമരം ആക്രമാസക്തമാവുന്നെന്ന് കണ്ടതും പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി... പേടിച്ചരണ്ട കുട്ടികൾ ചിന്നി ചിതറി ഓടാൻ തുടങ്ങി...പ്രവി നേരത്തേ തന്നെ ക്ലാസ്സിലെ മറ്റു ആൺപിള്ളേരുടെ കൂടെ പോയത് കൊണ്ട് പാറുവും മീരയും എങ്ങോട്ടോടും എന്നറിയാതെ പകച്ചു നിന്നു... തിക്കിനും തിരക്കിനിടയിലും പെട്ടവർ ഞെരിപിരിപൂണ്ടു... ക്ലാസ്സിലേക്ക് തന്നെ തിരികെ പോകാൻ തുടങ്ങുമ്പോഴാണ് ഓടിക്കിതച്ചു കൊണ്ട് ജിത്തു അവരുടെ അടുത്തേക്ക് വന്നത്... "വാ ... " ജിത്തു അവരേയും വലിച്ചു ആ തിരക്കിനിടയിലൂടെ കോളേജിന് പുറത്തേക്കോടി...റോഡിലൂടെ പോവുന്ന ഓട്ടോക്ക് കൈ കാണിച്ചവൻ അടുത്തേക്ക് വിളിച്ചു... "കയറ്... " അവൻ വെപ്രാളത്തോടെ പറഞ്ഞു.. "അയ്യോ ജിത്തേട്ടാ നെറ്റിയിൽ നിന്നും ചോര വരുന്നു... " പാറു അവന്റെ നെറ്റിയിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടതും പരിഭ്രാന്തി പൂണ്ടു...അപ്പോഴേക്കും അവളുടെ ശരീരമാകെ തളർന്നു തുടങ്ങിയിരുന്നു.... "അതൊന്നുമില്ല...നിങ്ങൾ പെട്ടന്ന് പോവാൻ നോക്ക്... ചേട്ടാ ഇവരെ ന്യൂ സിറ്റി ജംഗ്ഷനിൽ ഇറക്കിയേക്ക്..." ഓട്ടോക്കാരനോട് അത്രയും പറഞ്ഞു അവൻ കോളേജിനകത്തേക്ക് തന്നെ ഓടി... ജിത്തുവിന്റെ പരിക്കിനെ കുറിച്ചോർക്കുന്തോറും അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു... മീരയുടെ തോളിൽ തലചായ്ച്ചു കിടന്നവൾ നിശബ്‍ദമായി കണ്ണീർ വാർത്തു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story