നീയും ഞാനും.. 🧡 ഭാഗം 34

neeyum njanjum shamseena

രചന: ശംസീന

ജിത്തു വരാൻ വൈകുന്തോറും അവളുടെ ഉള്ളിലെ ഭയവും അധികരിക്കാൻ തുടങ്ങി.... സമാധാനമില്ലാതെ ടീച്ചറുടെ ഫോണിൽ നിന്നും നിരവധി തവണ അവന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അറ്റന്റ് ചെയ്തില്ല... മുറിയിൽ ഇരുന്ന് ഇരിപ്പുറക്കാതെ പാറു ടെൻഷനായി ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... "എന്റെ കുട്ടീ അവനിങ്ങോട്ട് വന്നോളും... കുഴപ്പമെന്തെങ്കിലും ഉണ്ടെങ്കിൽ അവൻ വിളിച്ചു പറയേണ്ടതല്ലേ.. ഇതിപ്പോ അങ്ങനെയൊന്നും ഇല്ലല്ലോ..." ടീച്ചർ അവളെ ആശ്വസിപ്പിക്കാനെന്ന പോലെ പറഞ്ഞെങ്കിലും അവരുടെ ഉള്ളിലും ചെറിയൊരു ഭയം ഉണ്ടായിരുന്നു... "കുഴപ്പമില്ലാതാണോ ജിത്തേട്ടന്റെ നെറ്റിയിൽ നിന്നും രക്തം വന്നിരുന്നത്... എന്തോ പറ്റിയിട്ടുണ്ട് ടീച്ചറേ..." കൊച്ചു കുട്ടികളെ പോലെയവൾ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു... "അയ്യേ ഇത്ര ധൈര്യമേ ഉള്ളൂ നിനക്ക്... അവനൊന്നും സംഭവിച്ചിട്ടുണ്ടാവില്ല നീ പത്തു വരെ എണ്ണുമ്പോഴേക്കും അവനിവിടെ എത്തിയിട്ടുണ്ടാവും..." ജ്യോതി കൊച്ചു കുഞ്ഞുങ്ങളോട് പറയുന്ന കണക്കെ അവളെ അടുത്തിരുത്തി പറഞ്ഞു...പാറു സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ചു എണ്ണിത്തുടങ്ങിയതും ജിത്തുവിന്റെ ബുള്ളറ്റ് പഠിപ്പുര കടന്നു വന്നതും ഒരുമിച്ചായിരുന്നു...

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റ് ഉമ്മറത്തേക്കോടി...അവനടുത്തേക്ക് പോവാൻ ധൈര്യമില്ലാതെ അവൾ കട്ടിളപ്പടിയിൽ ചാരി നിന്ന് അവനെ നോക്കി...നെറ്റിയിൽ ബന്റേഡ്ജ് കെട്ടി അകത്തേക്ക് കയറി വരുന്ന ജിത്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... "നീ വന്നോ..." അടക്കിപ്പിടിച്ച ചിരിയോടെയായിരുന്നു ജ്യോതി അവനോടായി ചോദിച്ചത്... "മ്മ് കോളേജിൽ പിള്ളേര് തമ്മിൽ ചെറിയൊരു പ്രശ്നം അതാണ് വൈകിയേ..." "അത് ഞങ്ങൾക്ക് മനസ്സിലായി അതുകൊണ്ടാണല്ലോ ഇവിടെ ഒരാൾ നീ വരുന്നതും നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്..." അടക്കിപ്പിടിച്ച ചിരിയോടെ പറഞ്ഞിട്ട് ജ്യോതി പാറുവിനെ തിരിഞ്ഞു നോക്കി... അപ്പോഴാണ് ജിത്തുവും അവളെ കാണുന്നത്...കണ്ണും മുഖവുമെല്ലാം വിങ്ങി വീർത്തിട്ടുണ്ട്...അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കിയതും മിഴികൾ നിറച്ചവൾ തല താഴ്ത്തി നിന്നു.... "വലിയ മുറിവാണോടാ... " ടീച്ചർ മുറിവിലൊന്ന് തലോടി കൊണ്ട് ചോദിച്ചു... "അല്ല അമ്മാ ഇത് ചെറുത് പിള്ളേര് കല്ലോ മറ്റോ ഉപയോഗിച്ച് എറിഞ്ഞതാണ്.. നാല് സ്റ്റിച്ചുണ്ട്..

.ഞാനൊന്ന് ഫ്രഷായിട്ട് വരാം അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്ക്..." അമ്മയോടായി പറഞ്ഞിട്ടവൻ പാറുവിനരികിലൂടെ മുറിയിലേക്ക് പോയി... "ഇപ്പൊ നിനക്ക് സമാധാനമായില്ലേ...ഇനി പോയി വല്ലതും കഴിക്കാൻ നോക്ക്..." വാത്സല്യം കലർത്തിയ തമാശ പോലെ പറഞ്ഞുകൊണ്ട് ജ്യോതി അകത്തേക്ക് പോയി... **** ജിത്തു കുളിച്ചിറങ്ങി വന്നപ്പോഴേക്കും പാറു ഭക്ഷണം എടുത്ത് ടേബിളിലേക്ക് വെച്ചിരുന്നു... ശേഷമവൾ അടുക്കളയിൽ മറഞ്ഞു നിന്നു... "കഴിച്ചു തുടങ്ങിയോ,,, പാറുവിനെ കൂടെ വിളിക്കായിരുന്നില്ലേ നിനക്ക്... ആ കുട്ടി കോളേജിൽ നിന്ന് വന്നത് മുതൽ ഒരേ ഇരിപ്പായിരുന്നു നീ വരുന്നതും നോക്കി... ഒന്നും കുടിച്ചിട്ടുമില്ല കഴിച്ചിട്ടുമില്ല...." ടീച്ചർ അവനടുത്തേക്ക് വന്നു പറഞ്ഞു...ജിത്തുവിന്റെ മുഖം ചുളിഞ്ഞു അവൻ അടുക്കളയിലേക്ക് എത്തി നോക്കി...

വാതിലിനു മറവിൽ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ കണ്ടതും അവനനിൽ അറിയാതെ തന്നെ ചിരിപൊട്ടി... പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ചവൻ പാറുവിനെ വിളിച്ചു... "പാർവണാ... " കനത്തിലുള്ള അവന്റെ വിളികേട്ടതും അവൾ വാതിലിനു മറവിൽ നിന്നും അവന്റെ മുന്നിലേക്ക് വന്നു... "ഒരു പ്ലേറ്റ് എടുത്ത് വാ ഭക്ഷണം കഴിക്കാൻ... " "ഞാൻ... ഞാൻ പിന്നെ കഴിച്ചോളാം... " അവൾ മുഖമുയർത്താതെ മറുപടി പറഞ്ഞു... "പിന്നെയല്ല ഇപ്പോൾ കഴിക്കണം... ദേഷ്യം പിടിപ്പിക്കാതെ പ്ലേറ്റ് എടുത്ത് വരാൻ നോക്ക്... " മുറുകിയ മുഖ ഭാവത്തോടെ ജിത്തു പറഞ്ഞതും അവൾ വേഗം തന്നെ ഒരു പ്ലേറ്റ് എടുത്ത് വന്നു അവനരികിൽ ഇരുന്നു... അവളെ തറപ്പിച്ചൊന്ന് നോക്കി അവൻ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി.... "ഇനി കഴിക്കാൻ പ്രത്യേകം പറയണോ..." കഴിക്കാതെ ചിന്തയോടെ ഇരിക്കുന്ന പാറുവിനെ കണ്ടതും അവൻ കടുപ്പത്തിൽ ചോദിച്ചു... ഇനിയും അവനെ ദേഷ്യം പിടിപ്പിച്ചാൽ അവന്റെ അടുത്ത് നിന്നും കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കുമെന്ന് ഉറപ്പായതും പാറു പതിയെ കഴിച്ചു തുടങ്ങി... പാറുവിനെ വഴക്ക് പറഞ്ഞതിന് ജിത്തുവിനു നേരെ ടീച്ചർ കണ്ണുരുട്ടി...ജിത്തു ചെറു പുഞ്ചിരിയോടെ അവരെ നോക്കി കണ്ണ് ചിമ്മി... ****

രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പാറുവിനെ നിദ്രാദേവി പുൽകിയില്ല... അവൾ ഇടയ്ക്കിടെ തലയുയർത്തി കട്ടിലിൽ കിടക്കുന്ന ജിത്തുവിനെ നോക്കും... അവനത് അറിയുന്നുണ്ടെങ്കിലും അറിയാത്തത് പോലെ ഉറക്കം നടിച്ചു കിടന്നു... രാത്രിയുടെ ഏതോ യാമത്തിൽ ആരുടെയോ ഞരക്കവും മൂളലും കേട്ടതും പാറു കണ്ണുകൾ തിരുമ്മി എഴുന്നേറ്റിരുന്നു.... കട്ടിലിൽ കിടകന്നു ഞെരങ്ങുന്ന ജിത്തുവിനെ കാൺകെ അവൾ പൊടുന്നനെ നിലത്ത് നിന്നും എഴുന്നേറ്റ് അവനരികിലേക്കിരുന്നു... "ജിത്തേട്ടാ.. ജിത്തേട്ടാ... " കുറേ തവണ തട്ടി വിളിച്ചെങ്കിലും ഞെരങ്ങിയതല്ലാതെ അവൻ കണ്ണുകൾ തുറന്നില്ല... പാറു പതിയെ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി അതേ നിമിഷം തന്നെ അവൾ കൈകളെ പിൻവലിച്ചു... ചുട്ടുപൊള്ളുന്ന പനിച്ചൂടിൽ അവന്റെ ശരീരമാകെ വിറകൊള്ളുന്നുണ്ടായിരുന്നു... അവന്റെ അവസ്ഥ കണ്ട് പരിഭ്രമം പൂണ്ടവൾ ടീച്ചറേ വിളിക്കാനായി ഒരുങ്ങിയെങ്കിലും ഉറങ്ങുന്നവരെ വിളിച്ചുണർത്തേണ്ടാ എന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു... അവൾ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് കൊണ്ടു വന്നു...

ഒരു കോട്ടൺ തുണിയെടുത്ത് ആ വെള്ളത്തിൽ മുക്കി അവന്റെ നെറ്റിയിലേക്ക് വെച്ചു കൊടുത്തു.... അവന്റെ നെറ്റിയിലെ ചൂട് ആ തുണിയുടെ നനവിനെ പെട്ടന്ന് തന്നെ വലിച്ചെടുത്തു... അതിനനുസരിച്ചവൾ വീണ്ടും വീണ്ടും തുണി നനച്ചു നെറ്റിയിൽ വെച്ചു കൊണ്ടിരുന്നു....ആ സമയം അവളുടെ മനസ്സ് പ്രണയിനിയിൽ നിന്നും ഭാര്യയിലേക്ക് പരിണമിച്ചിരുന്നു.... **** രാവിലെ എഴുന്നേൽക്കാൻ തുടങ്ങിയതും ജിത്തുവിന് തന്റെ നെഞ്ചിലൊരു ഭാരം പോലെ അനുഭവപ്പെട്ടു... തലയുയർത്തി നോക്കിയപ്പോഴാണ് തന്റെ നെഞ്ചിൽ തല വെച്ച് കിടന്നുറങ്ങുന്ന പാറുവിനെ കണ്ടത്... അതോടൊപ്പം തന്നെ നെറ്റിയിൽ നനച്ചിട്ടിരുന്ന തുണിയും അവന്റെ മുന്നിലേക്ക് വീണു... അവനതെടുത്ത് സംശയത്തോടെ തന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു നോക്കി... നന്നായി വിയർത്തിരിക്കുന്നത് കൊണ്ട് രാത്രിയിൽ നല്ലത് പോലെ പനിച്ചിട്ടുണ്ടെന്ന് അവനു മനസ്സിലായി.....

രാത്രിയിൽ ഉറങ്ങാതെ തന്നെ പരിചരിച്ച പാറുവിനെ കുറിച്ചോർക്കേ അവന്റെയുള്ളിൽ അവളോടുള്ള സ്നേഹത്തിന്റെ ഉറവ അതിരുകൾ ബേധിച്ചു ഒഴുകുന്നതായവന് തോന്നി....കുറച്ചു സമയം തന്റെ നെഞ്ചിൽ കിടന്നു ശാന്തമായുറങ്ങുന്ന പാറുവിനെ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു... പതിയെ അവളെ തട്ടിയുണർത്തി... "പാറു,, പാറു... " പാർവണ എന്നതിന് വിപരീതമായി പാറു എന്നായിരുന്നു അവൻ വിളിച്ചത്... നല്ല ഉറക്കത്തിലായിരുന്ന പാറു ഒന്ന് ഞെരങ്ങി... "പാറു.. " അവന്റെ പതിഞ്ഞ സ്വരം വീണ്ടും കാതുകളിൽ അലയടിച്ചതും ഉറക്കത്തിനിടയിലും അവളുടെ അധരങ്ങൾ പുഞ്ചിരി തൂകി... തന്റെ ചുറ്റും ഒരുപാട് വർണങ്ങളിലുള്ള ചിത്രശലഭങ്ങൾ പാറി നടക്കുന്നതായവൾ കണ്ടു... അവക്കിടയിലൂടെ ഒരു പൂത്തുമ്പിയെ പോലെ പാറി നടക്കുന്ന അവളുടെ അരികിലേക്ക് അവൻ പതിയെ പതിയെ നടന്നടുത്തു... "പാർവണാ..." അവൻ ഉച്ചത്തിൽ വിളിച്ചതും മനോഹരമായ സ്വപ്നം കണ്ടുറങ്ങിയിരുന്ന അവൾ ചാടിയെഴുന്നേറ്റു... "എ.. എന്താ... " അവൾ പരിഭ്രമത്തോടെ ചോദിച്ചു...

"എന്റെ നെഞ്ചത്ത് കയറി കിടന്നിട്ട് എന്നോട് എന്താണെന്നോ... " അവൻ പുരികം ചുളിച്ചു കപട ഗൗരവത്തിൽ പറഞ്ഞു...അബദ്ധം പിണഞ്ഞത് പോലെ അവൾ സ്വയം നെറ്റിയിലൊന്നടിച്ചു... "ഇന്നലെ രാത്രി സാറിനെ ചുട്ടു പൊള്ളുകയായിരുന്നു.. ഞാൻ കുറേ തവണ വിളിച്ചെങ്കിലും സാറ് എണീറ്റില്ല... അവസാനം ഞാൻ തുണി നനച്ചു നെറ്റിയിലിട്ടപ്പോഴാണ് പനി കുറഞ്ഞത്... സാറിന്റെ അടുത്തിരുന്നിരുന്ന ഞാൻ അറിയാതെ എപ്പോഴോ അവിടെ കിടന്നുറങ്ങി പോയതാണ്... സോറി സർ..." അവൾ ചുണ്ടുകൾ പിളർത്തി അവനെ നോക്കി... "മ്മ് ഇനി ഇതാവർത്തിക്കരുത്... എണീറ്റ് പൊക്കോ... " അവൻ അനുവാദം കൊടുത്തതും മറുത്തൊന്നും പറയാതെ അവൾ എഴുന്നേറ്റ് പോയി...ജിത്തു ചിരിയോടെ കട്ടിലിലേക്ക് തന്നെ ചാഞ്ഞു... *****

കുളിച്ചിറങ്ങിയ പാറുവിന്റെ ചുണ്ടിൽ ആരും കാണാതെ ഒരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു... ഇന്നലെ രാത്രി മുഴുവൻ താൻ ജിത്തേട്ടന്റെ നെഞ്ചിലാണ് ഉറങ്ങിയതെന്നോർക്കേ അവളുടെ ഉടലാകെ കുളിരുകോരി...അവനെ കുറിച്ചോർക്കുന്തോറും അവളുടെ മനസ്സിൽ പലവിധത്തിലുള്ള വികാര വിചാരങ്ങൾ മുളച്ചു പൊന്തി... ഒരു കൗമാരക്കാരിക്ക് താൻ ആഗ്രഹിക്കുന്ന പുരുഷനോട് തോന്നുന്ന മോഹങ്ങൾ...മനസ്സിന്റെ കഴിഞ്ഞാൺ പൊട്ടിപ്പോകുമെന്നുറപ്പായ നിമിഷം അവൾ തന്റെ വികാര വിചാരങ്ങളെ നിയന്ത്രിച്ചു നിർത്തി മറ്റു പണികളിലേക്ക് മുഴുകി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story