നീയും ഞാനും.. 🧡 ഭാഗം 36

neeyum njanjum shamseena

രചന: ശംസീന

"മതി ടീച്ചറേ,, വയറു നിറഞ്ഞു,, ദേ നോക്കിയേ... " മുന്നിലേക്ക് നീട്ടി പിടിച്ച ഉരുള കൂടെ വായിലാക്കി പാറു ചിണുങ്ങി... "അത് പറഞ്ഞാൽ പറ്റില്ല... ഇത് കൂടെ കഴിച്ചേ പറ്റൂ.... " ടീച്ചർ വാൽസല്യത്തോടെ പറഞ്ഞതും അവൾക്കത് നിരസിക്കാൻ തോന്നിയില്ല... വേണ്ടാതിരുന്നിട്ട് കൂടെ അവൾ ഓരോ ഉരുളകളും അവരുടെ കയ്യിൽ നിന്ന് വാങ്ങി കഴിച്ചു... ഈ കാഴ്ച്ച കണ്ട് കൊണ്ടാണ് കിരണിന്റെ കൂടെ പുറത്തേക്ക് പോയ ജിത്തു വരുന്നത്.... ജിത്തുവിനെ കണ്ടതും പാറു പേടിയോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "അവിടെ ഇരിക്ക് കൊച്ചേ.." ടീച്ചർ ഗൗരവത്തിൽ പറഞ്ഞതും പാറു അവിടെ തന്നെ ഇരുന്നു... "ഇവളെന്താ കൊച്ചു കുട്ടിയാണോ ഇങ്ങനെ അടുത്തിരുത്തി ഊട്ടാൻ... " ജിത്തു ഇഷ്ടപ്പെടാത്തത് പോലെ ചോദിച്ചു... "ഇവളെനിക്ക് കൊച്ചു കുട്ടി തന്നെയാ... നിനക്ക് അങ്ങനെ കാണാൻ കഴിയാത്തത് കൊണ്ടാവും നീ ഇവൾടെ കയ്യിനെ അടിച്ചു ശെരിപ്പെടുത്തിയത് അല്ലേ... " ദേഷ്യത്തോടെ പ്ലേറ്റ് ടേബിളിലേക്ക് വെച്ച് ടീച്ചർ അവനെ നോക്കി... "പ്രശ്നം ഗുരുതരമാണ്... " അവൻ മനസ്സിൽ ആലോചിച്ചു....

 "ശെരിപ്പെടുത്തിയെങ്കിൽ അതിന് തക്കതായ കാരണവും ഉണ്ട്...ഞാൻ പറഞ്ഞു കൊടുക്കുന്നത് പഠിച്ചില്ലെങ്കിൽ ഇനിയും കിട്ടും....അതിന് അമ്മയെ എന്നല്ല ആരെ കൂട്ട് പിടിച്ചിട്ടും കാര്യമില്ല.. മര്യാദക്ക്‌ പഠിച്ചാൽ അവൾക്ക് കൊള്ളാം..." പറയുന്നതിനിടയിൽ ജിത്തു പാറുവിനെ കൂർപ്പിച്ചു നോക്കി... അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചു ടീച്ചറുടെ പിന്നിലേക്ക് മറഞ്ഞു നിന്നു... "അവൾക്കല്ല നിനക്കാ കൊള്ളേണ്ടത്.. ഇമ്മാതിരി തോന്നിവാസം കാണിച്ചതിന്.. ഇനി പഠിക്കാത്തതിന്റെ പേരും പറഞ്ഞു നീ കൊച്ചിനെയെങ്ങാനും അടിച്ചെന്ന് ഞാൻ അറിഞ്ഞാൽ എന്റെ പഴയ ചൂരൽ ഇപ്പോഴും തട്ടിൻ പുറത്തുണ്ട്... അത് ഞാനിങ്ങോട്ട് എടുത്ത് കൊണ്ടുവരും...പോത്തുപോലെ വളർന്ന നിന്നെ അടിക്കാൻ എനിക്കും യാതൊരു മടിയും ഇല്ല..." ടീച്ചർ പറയുന്നത് കേട്ടതും പാറു ചിരിയമർത്തി പിടിച്ചു ടീച്ചറുടെ പിന്നിൽ നിന്നും എത്തി നോക്കി....ജിത്തുവിന്റെ കല്ലിച്ച മുഖം കണ്ടതും അവൾ പിന്നിലേക്ക് തന്നെ വലിഞ്ഞു... "ഓ ആയിക്കോട്ടെ..." പിന്നിൽ നിൽക്കുന്ന പാറുവിനെ കടുപ്പിച്ചൊന്ന് നോക്കി അവൻ മുകളിലേക്ക് പോയി... *****

തനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരൻ ബഷീറിന്റെ ബാല്യകാല സഖി എന്ന നോവൽ വായിച്ചു മട്ടുപ്പാവിലെ നീളൻ വരാന്തയോട് ചേർന്ന തിണ്ണയിൽ ഇരിക്കുകയാണ് ജിത്തു....രാത്രിയായത് കൊണ്ട് നനുത്ത ഇളം തണുപ്പുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു... അതിന്റെ അനുഭൂതിയിൽ അവൻ ആ പുസ്തകം മുഴുവനും വായിച്ചു മടക്കി വെച്ചു... എത്ര വായിച്ചാലും തനിക്ക് മടുപ്പ് വരാത്ത നോവലുകളിൽ ഒന്നാണ് ഇതെന്നവൻ ഓർത്തു... അത്രയും ആഴത്തിൽ മനസ്സിൽ പതിഞ്ഞ രണ്ട് പേരുകളാണ് മജീദും സുഹറയും... അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കുറച്ചു സമയം വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... ഉള്ളിൽ തന്റെ കളിക്കൂട്ടുകാരനായ വിച്ചുവിനെ കുറിച്ചുള്ള ഓർമ്മകൾ മിന്നി മാഞ്ഞു... ഇന്ന് ജിത്തു ടൗണിലേക്ക് പോയപ്പോൾ അവിചാരിതമായാണ് വിച്ചുവിനെ കാണുന്നത്.. നാളുകൾക്കു ശേഷം നേർക്ക് നേരെ കണ്ടത് കൊണ്ട് വിച്ചു വെറുപ്പോടെ മുഖം വെട്ടിച്ചു തിരിഞ്ഞു നടക്കാനൊരുങ്ങി... അപ്പോഴേക്കും ജിത്തു അവന്റെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു... "കയ്യെടുക്ക് ജിത്തു... "

വിച്ചു അവനു നേരെ മുരണ്ടു... "ആരോടാടാ ഈ ദേഷ്യവും വാശിയുമൊക്കെ...!വർഷങ്ങളോളം കൂടെ നിഴല് പോലെ നടന്ന എന്നോടോ അതോ നിന്റെ കൂടപ്പിറപ്പായ ആ പാവം പെണ്ണിനോടോ..." ജിത്തുവിന്റെ സ്വരം അത്രയും ദയനീയമായിരുന്നു.... "നിങ്ങളുമായി എനിക്കെന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഈ ദേഷ്യത്തിന്റെയും വാശിയുടെയും ആവശ്യമുള്ളൂ... നീ അവളേയും കൂട്ടി എന്ന് എന്റെ വീടിന്റെ പടിയിറങ്ങിയോ അന്ന് എന്റെ മനസ്സിൽ നിന്നും നിങ്ങൾ പടിയിറങ്ങി എന്നന്നേക്കുമായി...ഇനി ഇങ്ങനൊരു കൂട്ടുകാരനോ പെങ്ങളോ എന്റെ ജീവിതത്തിലെന്ന് ഞാൻ അന്നേ തീരുമാനം എടുത്തതാണ് ഞാൻ മരിക്കേണ്ടി വന്നാൽ പോലും അതിലിനി ഒരു മാറ്റവും ഉണ്ടാവില്ല...." "വിച്ചു... " വിച്ചുവിന്റെ ഉള്ളിലെ അമർഷം വാക്കുകളായി പുറത്തു വന്നതും ജിത്തു ദേഷ്യത്തോടെ അവനെ വിളിച്ചു... "വൈശാഖ്...അതാണെന്റെ പേര്... എനിക്ക് പ്രിയപ്പെട്ടവർക്ക് മാത്രമാണ് ഞാൻ വിച്ചു... ഒരു അപേക്ഷയേ ഉള്ളൂ ദയവ് ചെയ്ത് ഇനി സുഹൃത്ത് ബന്ധത്തിന്റെയോ രക്ത ബന്ധത്തിന്റെയോ കണക്ക് പറഞ്ഞു എന്റെയോ എന്റെ അമ്മയുടെയോ മുന്നിലേക്ക് നീയും നിന്റെ ഭാര്യയും വരരുത്...പ്ലീസ്...."

കൈ കൂപ്പി തൊഴുത് ജിത്തുവിനോട് പറഞ്ഞുകൊണ്ട് വിച്ചു അവനെ മറി കടന്നു പോയി... അവന്റെ കണ്ണുകളിൽ കണ്ട വെറുപ്പ് ജിത്തുവിന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു... കുറച്ചു നിമിഷം മുന്നേ നടന്ന കാര്യങ്ങൾ ഓർക്കേ ജിത്തുവിന്റെ ഉള്ളിൽ നിന്നും വല്ലാത്തൊരു പിടച്ചിൽ ഉയർന്നു... വർഷങ്ങൾ പഴക്കമുള്ള സൗഹൃദമാണ് ഒറ്റ നിമിഷം കൊണ്ട് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് തകർന്നടിഞ്ഞത്... അത്രക്കും ബലഹീനമായിരുന്നോ ഞങ്ങൾ തമ്മിലുള്ള സൗഹൃദം...അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു... പഴയതെല്ലാം ആലോചിച്ചു മനസ്സിന്റെ സമാധാനം നഷ്ടപ്പെടുമെന്ന് തോന്നിയതും ജിത്തു മുറിയിലേക്ക് നടന്നു... നിലത്ത് ഷീറ്റ് വിരിച്ചു സുഖമായി കിടന്നുറങ്ങുന്ന പാറുവിനെ കണ്ടതും അത്രയും നേരം മനസ്സിൽ മുറുകി കൂടിയിരുന്ന സങ്കടങ്ങൾക്ക് അയവ് വന്നതായവന് തോന്നി... അവൻ പതിയെ അവളുടെ അടുത്തേക്കിരുന്നു....താൻ അടികൊടുത്തു വേദനിപ്പിച്ച വലതു കരം അവളുടെ മുഖത്തിന് കീഴെ നിന്നും വലിച്ചെടുത്തു... അടിച്ചിടം തിണർത്തു നിലിച്ചു കിടക്കുന്നത് കണ്ടതും അവന്റെയുള്ളിൽ ഇത്രയും വേദനിപ്പിക്കേണ്ടായിരുന്നു എന്നുള്ള കുറ്റബോധം തോന്നി... അവൻ പതിയെ അവളുടെ കൈ വെള്ളയിലേക്ക് ഊതി...

തണുത്ത നിശ്വാസം മുറിവിൽ തട്ടിയതും അവളൊന്ന് ചിണുങ്ങി തിരിഞ്ഞു കിടന്നു... ഇനിയും നിന്നാൽ അവൾ ഉണരുമെന്ന് മനസ്സിലാക്കിയ ജിത്തു അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് കട്ടിലിലേക്ക് കിടന്നു.... **** "ഇനി പാറുവേച്ചി ഒളിക്ക് അച്ചുമോൾ എണ്ണാം..." കൊഞ്ചലോടെ പറഞ്ഞിട്ട് അവൾ ചുവരിലേക്ക് മുഖം പൊത്തി എണ്ണാൻ തുടങ്ങി... രാവിലെ തന്നെ അച്ചുവിന്റെ വാശി പുറത്ത് അവളോടൊപ്പം ഒളിച്ചു കളിക്കുകയാണ് പാറു.. എവിടേ പോയി ഒളിക്കുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് പാറു കോണിക്കടിയിലുള്ള ഒഴിഞ്ഞു കിടക്കുന്ന ഭാഗം കണ്ടത്... അവൾ പതുങ്ങി പതുങ്ങി അവിടെ പോയി ഒളിച്ചിരുന്നു... എണ്ണി കഴിഞ്ഞതും അച്ചു പാറുവിനെ തിരയാൻ തുടങ്ങി... അച്ചു മുറികളിലും അടുക്കളയിലുമെല്ലാം നോക്കി ഉമ്മറത്തേക്കിറങ്ങിയതും ഒളിച്ചിരുന്ന പാറു പുറത്തേക്ക് വന്നു സാറ്റ് അടിക്കാനായി ഓടിയതും എതിരെ വന്ന ജിത്തുവുമായി കൂട്ടിയിടിച്ചു... പ്രതീക്ഷിക്കാത്ത ഇടി ആയതിനാൽ ഇരുവരും വലിയൊരു ശബ്‍ദത്തോടെ നിലത്തേക്ക് വീണു... ശബ്‍ദം കേട്ട് അടുക്കളയിൽ പണിയിൽ മുഴുകിയിരുന്ന ജ്യോതിയും ടീച്ചറും അവിടേക്ക് ഓടി വന്നു...അച്ചു വാ പൊത്തി തൂണിന് മറവിലേക്ക് ഒളിച്ചു നിന്നു...

വീണു കിടക്കുന്ന പാറുവിനേയും ജിത്തുവിനേയും ജ്യോതിയും ടീച്ചറും കൂടെ എഴുന്നേൽപ്പിച്ചു... ദേഷ്യത്തിൽ നിലത്ത് നിന്നും എഴുന്നേറ്റ ജിത്തു പാറുവിന്റെ മുഖമടച്ചു ഒന്ന് കൊടുത്തു... വേദന യോടെ കവിൾ പൊത്തി പാറു കണ്ണ് നിറച്ചവനെ നോക്കി.... "നീയെന്താ കൊച്ചു കുട്ടിയാണെന്നാണോ വിചാരം ഇപ്പോഴും പിള്ളേരുടെ കൂടെ കുതിര കളിച്ചു നടക്കാൻ... എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക് അതോ മനപ്പൂർവം മനുഷ്യനെ മെനക്കെടുത്താൻ ഓരോന്നും ചെയ്തു വെക്കുന്നതാണോ.. ഏത് നേരത്താണാവോ ഇതിനെ എടുത്ത് പെടലിയിൽ വെക്കാൻ തോന്നിയത്... എന്നെ പറഞ്ഞാൽ മതി അല്ലെങ്കിൽ ഒരല്പമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ ഈ മന്തബുദ്ധിയെ എടുത്ത് തലയിൽ വെക്കില്ലല്ലോ...." "ജിത്തു... " വാക്കുകൾ അതിരു കടക്കുന്നുവെന്ന് തോന്നിയതും ടീച്ചർ കോപത്തോടെ വിളിച്ചു...

"അമ്മ ഇക്കാര്യത്തിൽ ഇവളുടെ പക്ഷം പിടിക്കേണ്ട...അമ്മയാണ് ഇവൾക്ക് എല്ലാത്തിനും വളം വെച്ചു കൊടുക്കുന്നത്...ഇപ്പോൾ വീണതെ ഉള്ളൂ നാളെ ഇവളുടെ കയ്യിലിരിപ്പ് കൊണ്ട് വേറെ വല്ലതും സംഭവിച്ചാൽ..." അവൻ ദേഷ്യത്തിൽ ടീച്ചറുടെ നേരെ തിരിഞ്ഞു... പാറു അപ്പോഴും അവനിൽ നിന്നും ഉതിർന്ന വാക്കുകളിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു... "മതി നിർത്ത് ജിത്തു... നിന്റെ വാക്കുകൾ അതിര് കടക്കുന്നു... അപ്പുറത്തു പോ..." "അമ്മേ.. " "നിന്നോട് പോവാനാ പറഞ്ഞത്... " ടീച്ചർ അവൻ പറയാൻ വന്നതിന് ചെവി കൊടുക്കാതെ ശബ്‍ദം ഉയർത്തിയതും ജിത്തു രോഷത്തോടെ പുറത്തേക്കിറങ്ങി പോയി... "മോള് വാ... " നിശബ്‍ദമായി തേങ്ങുന്ന പാറുവിനേയും കൂട്ടി ടീച്ചർ തന്റെ മുറിയിലേക്ക് കയറിപ്പോയി..........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story