നീയും ഞാനും.. 🧡 ഭാഗം 37

neeyum njanjum shamseena

രചന: ശംസീന

തന്റെ മുന്നിലിരുന്ന് കണ്ണീർ വർക്കുന്ന ആ പാവം പെണ്ണിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് ഗൗരി ടീച്ചർക്കും അറിയില്ലായിരുന്നു... "മോള് വിഷമിക്കാതെ അവൻ എന്തോ ദേഷ്യത്തിന്റെ പുറത്ത് അടിച്ചതാവും.. അല്ലാതെ വേണമെന്ന് കരുതിയിട്ടാവില്ല..." അവർ പതിയെ അവളുടെ മുടിയിലൊന്ന് തഴുകി... "നിക്കറിയാം ടീച്ചറേ... തെറ്റ് എന്റെ ഭാഗത്തല്ലേ അതുകൊണ്ട് നിക്കൊരു വിഷമവും ഇല്ല..." വാക്കുകൾ കൊണ്ടവൾ തന്റെ നോവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ അവിടേയും അവളെ തോൽപ്പിച്ചു കളഞ്ഞിരുന്നു... "ഇനി കരഞ്ഞു കരഞ്ഞു അസുഖമൊന്നും വരുത്തി വെക്കേണ്ടാ...കണ്ണും മുഖവും കഴുകി കഴുകിയിട്ട് വാ... അവനുള്ളത് ഞാൻ കൊടുത്തോളം..." "വേണ്ട ടീച്ചറേ,,, ജിത്തേട്ടനുമായിട്ട് വഴക്കൊന്നും ഉണ്ടാക്കേണ്ട... ടീച്ചർ ജിത്തേട്ടനെ വഴക്ക് പറയുമ്പോൾ നിക്കും സങ്കടാവും..." സങ്കടം കടിച്ചു പിടിച്ചു കൊണ്ടവൾ അവരെ നോക്കി... "നിന്റെ ജിത്തേട്ടനെ ഞാനായിട്ട് ഒന്നും പറയുന്നില്ല... നിന്റെ ഈ സ്നേഹമൊന്നും അവൻ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്താ ന്റെ സങ്കടം... ങ്ഹാ.. എല്ലാം ശെരിയാവുന്ന ഒരു കാലം വരുമായിരിക്കും എന്ന് കരുതി ആശ്വസിക്കാം...അപ്പോൾ നിന്റെ മനസ്സും അവൻ അറിയുമായിരിക്കും...."

അവരിൽ നിന്നൊരു നെടുവീർപ്പുയർന്നു... "ഇന്നിനി അവന്റെ മുന്നിലേക്കൊന്നും പോവേണ്ടാ... നിന്നെ വേദനിപ്പിച്ചതല്ലേ അവനും കുറച്ചു ടെൻഷനിടക്കട്ടെ..." പറഞ്ഞിട്ടവർ എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി... തന്റെ അമ്മയേക്കാൾ സ്നേഹവും വാത്സല്യവും പലപ്പോഴും ടീച്ചറിൽ നിന്ന് തനിക്ക് കിട്ടുന്നുണ്ടെന്നവൾക്ക് തോന്നി... അമ്മയും കൂടപ്പിറപ്പും തള്ളി പറഞ്ഞപ്പോൾ തന്റെ മകനെ പോലും എതിർത്ത് ചേർത്ത് പിടിച്ചവരാണ് ടീച്ചർ... ഇന്നും ആ ക സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല...ഒരു പക്ഷേ താൻ നൊന്തു പ്രസവിച്ച മക്കളെക്കാളേറെ ഇന്നവർ തന്നെ സ്നേഹിക്കുന്നുണ്ട്... തന്റെ കണ്ണൊന്നു നിറയുന്നത് പോലും ആ ഹൃദയത്തിന് താങ്ങാൻ കഴിയാറില്ല...ടീച്ചറേ കുറിച്ചോർക്കേ അവളുടെ ഉള്ളം ശാന്തമായി തുടങ്ങി..... ***** ജിത്തു വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് കുളത്തിനരികിലേക്കാണ്... പാറുവിനെ തല്ലിയതോർക്കേ അവനു സ്വയം കുറ്റബോധം തോന്നി..... കഴിഞ്ഞ ദിവസത്തെ കേസിന്റെ കാര്യത്തിന് പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അവൾ തന്നെ വന്നിടിച്ചത്...

അപ്പോഴത്തെ ടെൻഷനും മറ്റും കാരണം പെട്ടന്നുള്ള ദേഷ്യത്തിൽ അടിച്ചുപോയതായിരുന്നു... അടിച്ചു കഴിഞ്ഞാണ് ചെയ്തു പോയ തെറ്റിനെ വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലായത്... "അവൾക്ക് തന്നോട് ദേഷ്യം തോന്നിക്കാണുമോ...? " അവൻ സ്വയം ചോദിച്ചു... അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി... എന്തു തന്നെയായാലും അടിക്കാൻ പാടില്ലായിരുന്നു... ചെയ്തത് തെറ്റാണെന്നുള്ള പൂർണ ബോധ്യം ഉള്ളത് കൊണ്ട് അവളോട് ക്ഷമ ചോദിക്കുന്നതിൽ തെറ്റില്ലെന്നവന്റെ ബുദ്ധിയും മനസ്സും തർക്കിച്ചു കൊണ്ടിരുന്നു.... കുറച്ചു നേരം അവനാ കുളക്കടവിൽ ഇരുന്നു... പണ്ടൊക്കെ തന്റെ കൂടെ വിച്ചുവും ഉണ്ടാവുമായിരുന്നു... ഇന്നിപ്പോൾ അവന്റെ ഭാഗ്യം ശൂന്യമായി തന്നെ നിൽക്കുന്നു... ഓർമ്മകൾ മനസ്സിനെ കുത്തി നോവിച്ചു തുടങ്ങിയതും അവൻ കണ്ണുകളടച്ചു കുളപ്പടവിലേക്ക് കിടന്നു...മനസ്സൊന്നു ശാന്തമായതും അവൻ അവിടെ നിന്നും എഴുന്നേറ്റ് ബൈക്കുമെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പോയി... ***** അന്നേ ദിവസം പാറു അറിയാതെ പോലും അവന്റെ മുന്നിലേക്ക് പോയില്ല.... കിടപ്പ് പോലും ടീച്ചറുടെ അടുത്തേക്ക് മാറ്റി...പലപ്പോഴും അവൻ തന്നെ തിരയുന്നത് അവൾ ഒളിഞ്ഞു നിന്ന് ആസ്വദിക്കുകയായിരുന്നു...

ആ സമയം അവളുടെ ചൊടികളിൽ നാണത്തിൽ കലർന്ന മനോഹരമായൊരു പുഞ്ചിരി വിടരും... തന്നെ പ്രണയിക്കാൻ പഠിപ്പിച്ച മനുഷ്യനോട് അടങ്ങാത്ത സ്നേഹവും.... "ഇന്ന് തന്നെ പോവണോ ചേച്ചി... " തിരികെ കിരണിന്റെ നാട്ടിലേക്ക് പോവാൻ ബാഗ് പാക്ക് ചെയ്യുന്ന ജ്യോതിയുടെ അടുത്ത് വന്നിരുന്നു കൊണ്ട് പാറു വിഷമത്തോടെ ചോദിച്ചു... "പിന്നെ പോവാതെ... എന്നും ഇവിടിങ്ങനെ നിൽക്കാൻ ഒക്കുവോ..." ജ്യോതിക്ക് ആ പെണ്ണിനോട് വല്ലാത്തൊരു അലിവ് തോന്നി... "എന്നാലും ചേച്ചിയും മോളും കൂടെ പോയാൽ ഞാനിവിടെ തനിച്ചാവില്ലേ... " "ആര് പറഞ്ഞു... നിനക്ക് ഞങ്ങളേക്കാൾ കൂട്ട് അമ്മയോടല്ലേ... അമ്മ എവിടേയും പോവുന്നില്ലല്ലോ..പിന്നെ അവിടുത്തെ അച്ഛനും അമ്മയ്ക്കും വയ്യാതിരിക്കുവല്ലേ എത്രയെന്നു വെച്ചാ കിരണേട്ടനേയും കൂട്ടി ഇവിടെ നിൽക്കുന്നേ മൂപ്പർക്കും ഉണ്ടാവില്ലേ സ്വന്തം വീട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം നിൽക്കാൻ മോഹം.." പറയുന്നതിനൊപ്പം ജ്യോതി അവളുടെ കവിളിലൊന്ന് തഴുകി... പാറു മറുപടിയായി നേർമയിലൊന്ന് മൂളി...അടുത്തിരുന്ന അച്ചുമോളെയും എടുത്ത് താഴേക്ക് പോയി... "അമ്മേ ഞങ്ങളിറങ്ങുവാ...പാറു പോട്ടെടി... ജിത്തു..." ജ്യോതി എല്ലാവരോടും യാത്ര പറഞ്ഞു അച്ചുമോളെ പാറുവിന്റെ കയ്യിൽ നിന്നും വാങ്ങി...

"പാറുവേച്ചി...അച്ചു മോള് പോവാട്ടോ... ഇനി മാമ വഴക്ക് പറയുവാണേൽ ഞങ്ങടെ വീട്ടിലോട്ട് വരണേ... അവിടെ ചേച്ചിയെ ആരും വഴക്ക് പറയില്ല...." അച്ചു പാറുവിന്റെ കവിളിൽ അമർത്തി മുത്തിയിട്ട് കൊഞ്ചലോടെ പറഞ്ഞു... പാറു ജിത്തുവിനെ ഇടം കണ്ണിട്ട് നോക്കി... ടീച്ചറാണേൽ ദേഷ്യത്തോടെയും... അച്ചു മോൾടെ പറച്ചിലിൽ താൻ ഉരുകി ഇല്ലാതാവുന്നത് പോലെ തോന്നിയവന്... അവൻ വേഗം ചെന്ന് കാറിൽ കയറി... അമ്മയോടും പാറുവിനോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞു ജ്യോതി കിരണും കാറിലേക്ക് കയറി... കാർ അകന്നു പോവുന്നതും നോക്കി നിന്ന പാറു വിഷമത്തോടെ ടീച്ചറുടെ തോളിലേക്ക് ചാഞ്ഞു... ****** "ജിത്തു നീ ഇന്നലെ ചെയ്തത് ഒട്ടും ശെരിയായില്ല... മോൾക്ക് വരെ മനസ്സിലായി നിന്റെ സ്വഭാവം..." യാത്രക്കിടയിൽ ജ്യോതി അവനെ നോക്കി കെർവിച്ചു... ഇന്നലെ തന്നെ അവനോട് ഇക്കാര്യം ചോദിക്കണമെന്നവൾ കരുതിയതായിരുന്നു പക്ഷേ അതിനുള്ള അവസരം ഒത്തു വന്നിരുന്നില്ല.... "എന്റെ പൊന്നു ജ്യോതി നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ മനപ്പൂർവം ചെയ്തതാണെന്ന്..

അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ സംഭവിച്ചു പോയി... അതിനവളോട് മാപ്പ് പറയാനും ഞാൻ തയ്യാറാണ്..." എല്ലാവരും തന്നെ ഒരു തെറ്റുകാരനായി കാണുകയാണെന്ന് മനസ്സിലായതും അവൻ തന്റെ ഭാഗം വ്യക്തമാക്കി... "എന്നിട്ടിത്ര നേരമായിട്ടും നീ അവളോട് സോറി പറഞ്ഞോ...? " ജ്യോതിയുടെ നെറ്റി ചുളിഞ്ഞു.. "അതിനവളൊന്ന് മുന്നിലേക്ക് വരണ്ടേ... എന്റെ തലവെട്ടം കണ്ടാൽ ആമ തൊടിനുള്ളില്ലേക്ക് ഒളിക്കുന്നത് പോലെ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും പിന്നെങ്ങനാ..." അവൻ പറയുന്നത് കേൾക്കെ കിരണും ജ്യോതിയും പൊട്ടി വന്ന ചിരി അടക്കി പിടിച്ചിരുന്നു... "അമ്മയാണ് അവളുടെ മെന്റർ... നിന്റെ മുന്നിലേക്ക് അറിയാതെ പോലും വന്നു പോവരുതെന്നാണ് അമ്മയുടെ ഓർഡർ..." "എനിക്കപ്പോഴേ തോന്നിയിരുന്നത്... എന്റെ സംശയം അതിപ്പോൾ നമ്മുടെ അമ്മയാണോ അതോ അവളുടെയാണോ എന്നാണ്..." ജിത്തു പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു... "അതിനൊട്ടും സംശയം വേണ്ട... അവളുടെ അമ്മ തന്നെയാ... ചിലപ്പോൾ അവരുടെ സ്നേഹം കാണുമ്പോൾ എനിക്ക് പോലും അസൂയ തോന്നാറുണ്ട്..." ജ്യോതി പറയുന്നത് കേൾക്കെ ജിത്തുവിന്റെ ഉള്ളിൽ അമ്മ പാറുവിനെ ചേർത്ത് പിടിച്ചു അവളുടെ വീടിന്റെ പടിയിറങ്ങിയത് ഓർമ വന്നു..

അന്ന് തൊട്ടിന്നുവരെ അവൾക്കും അമ്മയാവുകയായിരുന്നു തന്റെ അമ്മ... റെയിൽവേ സ്റ്റേഷനു മുന്നിൽ എത്തിയതും ജിത്തു കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി... അപ്പോഴേക്കും കിരൺ ഡിക്കിയിൽ നിന്നും ബാഗുകളും മറ്റും എടുത്തിരുന്നു.... അച്ചു എടുക്കാൻ പറഞ്ഞു വാശി പിടിച്ചതും ജിത്തു അവളേയും എടുത്ത് അവരോടൊപ്പം പ്ലേറ്റ് ഫോമിലേക്ക് നടന്നു... അവിടെ എത്തി കുറച്ചു കഴിഞ്ഞതും പോവാനുള്ള ട്രെയിൻ വന്നിരുന്നു... ജിത്തു ഒരു ബോട്ടിൽ വെള്ളവും മോൾക്ക് കഴിക്കാൻ കുറച്ചു സ്‌നാക്ക്സും വാങ്ങി അവരുടെ കയ്യിലേക്ക് കൊടുത്തു... "ജീവിതം ഒന്നേയുള്ളൂ....അത് എത്രത്തോളം എൻജോയ് ചെയ്യാൻ പറ്റുമോ അത്രത്തോളം എൻജോയ് ചെയ്യുക... പാറു നല്ലൊരു കുട്ടിയാണ്... അവൾ നിനക്ക് ചേരും.... അവളെ നഷ്ടപ്പെടുത്തിയാൽ നാളെ ചിലപ്പോൾ അതോർത്ത് നീ ഖേദിക്കേണ്ടിവരും....

ഓരോ തീരുമാനം എടുക്കുമ്പോഴും ആലോചിച്ചെടുക്കുക... ഒരു നിമിഷത്തെ കൈപിഴ ജീവിതം ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴാൻ..." അത്രയും പറഞ്ഞുകൊണ്ട് കിരൺ അവനെ പുണർന്നു... "എന്നാൽ ശെരി .. ഇനി അടുത്ത അവധിക്ക് കാണാം... " കിരൺ ജ്യോതിയേയും കുഞ്ഞിനേയും കൂട്ടി ട്രെയിനിനുള്ളിലേക്ക് കയറി.... ട്രെയിൻ പതിയെ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങിയതും ജിത്തു അവർക്കു നേരെ കൈ വീശി കാണിച്ചു..... അവർ കണ്ണിൽ നിന്നും മറഞ്ഞതും ജിത്തു തിരികെ വീട്ടിലേക്ക് മടങ്ങി... യാന്ത്രികമായി കാർ ഓടിക്കുന്നുണ്ടെങ്കിലും കിരൺ പറഞ്ഞ വാക്കുകൾ അത്രയുമായിരുന്നു അവന്റെയുള്ളിൽ...ശെരിയാണ് ജീവിതം ഒന്നേയുള്ളൂ... ഈ ജീവിതത്തിൽ തന്റെ പാതി അവളും... അവളുടെ മനസ്സ് ഇനിയും താൻ കണ്ടില്ലെന്ന് നടിച്ചാൽ ഒരു പക്ഷേ ദൈവം പോലും തന്നോട് പൊറുക്കില്ലെന്നവന് തോന്നി...ഇന്ന് തന്നെ പാറുവിനോട് ചെയ്തു പോയ തെറ്റിന് സോറി പറയണമെന്നവൻ തീരുമാനിച്ചു.........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story