നീയും ഞാനും.. 🧡 ഭാഗം 39

neeyum njanjum shamseena

രചന: ശംസീന

കോളേജ് കഴിഞ്ഞ് പാറുവിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയാണ് ജിത്തു.. മീരയുടേയും പ്രവിയുടെയും കൂടെ പോവാൻ നിന്ന അവളെ അതിന് സമ്മതിക്കാതെ അവൻ നിർബന്ധിച്ചു കൂടെ കൂട്ടുകയായിരുന്നു... "ഇന്ന് രാത്രി എന്റെ അടുത്ത് കിടന്നാൽ മതി.... " "എന്താ... " അവളൊരു ഞെട്ടലോടെ ചോദിച്ചു... "അല്ല,,, ഇന്ന് രാത്രി എന്റെ മുറിയിൽ കിടന്നാൽ മതി എന്ന്... അമ്മയുടെ അടുത്ത് കിടക്കേണ്ട..." "അതെന്താ... " അവൾ മനസിലാവാത്ത പോലെ വീണ്ടും ചോദിച്ചു... "കൂടുതൽ ചോദ്യമൊന്നും വേണ്ടാ.. പറഞ്ഞതങ്ങ് കേട്ടാൽ മതി..." അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ അവനിൽ നിന്നും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു.... "ഇങ്ങേരെന്താ റേഡിയോ ആണോ പറഞ്ഞത് മാത്രം കേൾക്കാൻ... " അവൾ ഇരുന്ന് പിറുപിറുത്തു... ഇത് കേട്ട ജിത്തു കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിഭിംഭത്തെ നോക്കി ദേശിച്ചു കണ്ണുകൾ കൂർപ്പിച്ചു... പാറു പിന്നെ ഒന്നും പറയാതെ അടങ്ങി ഒതുങ്ങിയിരുന്നു... മുഖം വീർപ്പിച്ചു ബുള്ളറ്റിൽ നിന്നും ഇറങ്ങി വരുന്ന പാറുവിനെ കണ്ട് ടീച്ചർ വേവലാതിയോടെ അടുത്തേക്ക്‌ ചെന്നു... "എന്താ മോൾടെ മുഖം വല്ലാതിരിക്കുന്നേ... " ടീച്ചർ ചോദിച്ചപ്പോൾ അവൾ ജിത്തുവിനെ തിരിഞ്ഞു നോക്കി... "ഒന്നുമില്ലമ്മേ ഇന്ന് രാത്രി ഞാൻ നോട്സ്‌ പറഞ്ഞുകൊടുക്കാം എന്ന് പറഞ്ഞതിനാ...

ഒരു വക ക്ലാസ്സിൽ ശ്രദ്ധിക്കില്ല ആ പിള്ളേരുടെ കൂടെ കൂടി കുതിര കളിച്ചു നടക്കുവാ..." അവൻ സാധാരണ പോലെ പറയുന്നത് കേട്ടതും പാറുവിന്റെ കണ്ണുകൾ തള്ളി വന്നു... അവളെ ഇരുത്തിയൊന്ന് നോക്കി ജിത്തു മുറിയിലേക്ക് പോയി... "കള്ള ബടുവ എത്ര പെട്ടന്നാ കള്ളം പറഞ്ഞത്... " അവൾ മനസ്സിൽ അവനെ നന്നായൊന്ന് സ്മരിച്ചു... ടീച്ചറോട് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു അകത്തേക്ക് കയറി... **** "ടീച്ചറേ നമുക്ക്‌ ക്ഷേത്രത്തിലൊന്ന് പോയാലോ...? " മുറ്റത്തെ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരിക്കുന്ന ടീച്ചറിനോടവൾ ചോദിച്ചു... "ഇപ്പോഴോ...നടയടക്കാനായിട്ടുണ്ടാവും...." അവർ ഹോസ് താഴെയിട്ട് കൈ തന്റെ നേര്യതിൽ തുടച്ചു... "ആവുന്നതേ ഉള്ളൂ.. നമുക്ക് പെട്ടന്ന് പോയിട്ട് വരാം... " അവൾ കെഞ്ചി... "നിക്ക് വയ്യ കുട്ട്യേ അത്രടം വരെ നടക്കാൻ...കാലിനൊക്കെ ഭയങ്കര വേദനയാ...മോള് മീരയേയും കൂട്ടി പൊക്കോ..." അവർ വല്ലായ്മയോടെ അവളെ നോക്കി... "അവൾക്ക് അമ്പലത്തിൽ കയറാൻ പറ്റില്ലെന്ന്... " പറയുന്നതിനൊപ്പം പാറുവിന്റെ മുഖവും വാടി തുടങ്ങിയിരുന്നു....

"ഇന്നെന്താപ്പോ പതിവില്ലാതെ അമ്പലത്തിലൊക്കെ പോവണമെന്നോരാഗ്രഹം... വിഷമിക്കാതെ മോള് പോയി റെഡിയായി വാ ഞാൻ ജിത്തുവിനോട് പറയാം കൊണ്ടുപോവാൻ..." പറഞ്ഞിട്ടവർ ദൃതിയിൽ അകത്തേക്ക് കയറി... "പാറു... " കുറച്ചു കഴിഞ്ഞതും മുറിക്ക് പുറത്ത് നിന്നും ജിത്തുവിന്റെ വിളികേട്ടു.. അവൾ നെറ്റിയിലൊരു പൊട്ടും തൊട്ട് കണ്ണാടിയിലൊന്ന് കൂടെ നോക്കി ചെന്ന് വാതിൽ തുറന്നു.. "പോവാം.. " അവൻ ഷർട്ടിന്റെ സ്ലീവ് മടക്കി വെക്കുന്നതിനിടയിൽ ചോദിച്ചു.. "മ്മ്... " മറുപടിയായൊന്ന് മൂളി അവൾ അവന്റെ പിന്നാലെ ചെന്നു... ടീച്ചർ ജിത്തുവിനെ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയപ്പോൾ അവളിൽ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല അവൻ കൂടെ വരുമെന്ന്...പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ അവളുടെ മനസ്സും സന്തോഷത്താൽ ആനന്ദനൃത്തമാടി... "നടന്നു പോവാം... " ബൈക്കിൽ കയറാൻ ഒരുങ്ങിയ ജിത്തുവിനെ തടഞ്ഞു കൊണ്ടവൾ പതിയെ ചോദിച്ചു... മറുപടിയൊന്നും പറയാതെ ബൈക്കിൽ നിന്നും കീ ഊരിയെടുത്ത് പോക്കറ്റിലേക്കിട്ടു.. "നടക്ക്... " ഗൗരവത്തിൽ പറഞ്ഞിട്ടവൻ മുന്നോട്ട് നടന്നു കൂടെ അവളും... അവന്റെ കൈകളിൽ കോർത്തു പിടിച്ചു കിന്നാരം പറഞ്ഞു നടക്കണമെന്ന് ഉള്ളം വെമ്പൽ കൂട്ടുന്നുണ്ടെങ്കിലും അവൾ തന്റെ മനസ്സിനെ നിയന്ത്രിച്ചു നിർത്തി...

പഠിപ്പുര കഴിഞ്ഞവർ കുറച്ചു മുന്നോട്ട് നടന്നു പാട വരമ്പിലേക്കിറങ്ങി...രാവിലെ മഴ പെയ്തത് കൊണ്ട് വരമ്പിലെല്ലാം ചെളി കെട്ടി വഴുക്കുന്നുണ്ടായിരുന്നു... "സൂക്ഷിച്ച്... " വേച്ചു വീഴാൻ പോയ പാറുവിനെ താങ്ങി നിർത്തികൊണ്ടവൻ പറഞ്ഞു... അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു... അവന്റെ ഇടക്കുള്ള ഈ കരുതലും സ്നേഹം അവൾ ആസ്വദിക്കുകയായിരുന്നു... പുറമെ എത്ര തന്നെ വെറുപ്പ് കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ജിത്തേട്ടന് തന്നോട് സ്നേഹമുണ്ടെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ അവൾക്ക് തോന്നി...അവനോടൊത്തുള്ള ഓരോ നിമിഷവും അവൾക്ക് ഓരോ വ്യത്യസ്ത അനുഭവങ്ങളായിരുന്നു പകർന്നു നൽകിയിരുന്നത്... പാടം കഴിഞ്ഞാൽ പിന്നെ നേരെ കയറി ചെല്ലുന്നത് ക്ഷേത്രത്തിന്റെ മുൻവശത്തേക്കാണ്... അവർ അകത്തേക്ക് കയറി...അപ്പോഴും അവന്റെ കൈക്കുള്ളിൽ അവളുടെ കൈകൾ ഭദ്രമായിരുന്നു... തിരു നടയുടെ മുന്നിലെത്തിയതും അവൻ അവളുടെ കൈകളെ മോചിപ്പിച്ചു...തൊഴുതു കൊണ്ട് ശ്രീ കോവിലിനു മുന്നിൽ നിൽക്കുമ്പോൾ എന്നും ഈ സ്നേഹം കൂടെയുണ്ടാവാണേ എന്ന പ്രാർത്ഥന മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ...

തൊഴുതു കഴിഞ്ഞതും തിരുമേനി ഇലച്ചീന്തിൽ പ്രസാദം നീട്ടി...പാറു അതിൽ നിന്നും ഒരു നുള്ള് കുങ്കുമവും ചന്ദനവുമെടുത്ത് നെറ്റിയിൽ തൊട്ടു... "ഞാൻ തൊട്ട് തന്നോട്ടെ... " പ്രസാദം തൊടാനൊരുങ്ങിയ ജിത്തുവിനോട് പാറു നേർത്ത സ്വരത്തോടെ ചോദിച്ചു... "മ്മ്... " അവനിൽ നിന്നൊരു മൂളൽ ഉയർന്നതും അവൾ മോതിര വിരലിൽ ചന്ദനം എടുത്തു... തന്റെ നെഞ്ചിനൊപ്പം മാത്രം പൊക്കമുള്ള പാറുവിന് അവൻ തലയൊന്ന് താഴ്ത്തി കൊടുത്തതും അവൾ നിറഞ്ഞ ചിരിയോടെ നെറ്റിയിൽ പ്രസാദം തൊട്ട് കൊടുത്തു.... "നല്ല മഴക്കാറുണ്ട് വേഗം പോവാം... " മാനം ഇരുണ്ട് തുടങ്ങിയത് കണ്ടതും ജിത്തു പറഞ്ഞുകൊണ്ട് ധൃതിയിൽ പാറുവിനേയും വലിച്ചു പടിക്കെട്ടുകളറിങ്ങി...പാട വരമ്പിലേക്കിറങ്ങുന്നതിന് മുന്നേ മഴ ആർത്തലച്ചു പെയ്തിരുന്നു... ജിത്തു അവളേയും വലിച്ചു അടുത്തു കണ്ട ആൽമരത്തിന്റെ ചുവട്ടിലേക്ക് നിന്നു... "തല മുഴുവൻ നനഞ്ഞല്ലോ... " അവൻ ഉടുത്തിരുന്ന തുണിയുടെ തലപ്പ് കൊണ്ട് അവളുടെ തല തുടച്ചു... അവന് തന്നോടുള്ള സ്നേഹം കാണെ അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പി നിന്നു... "ജിത്തേട്ടനും നനഞ്ഞല്ലോ... " അവൾ ചെറു കുറുമ്പോടെ ചോദിച്ചു.. "എനിക്ക് ഇത്തിരി മഴ കൊണ്ടാലും പ്രശ്നമില്ല അത് പോലാണോ നീയ്യ്...

മഴ എന്ന് കേട്ടാൽ പനി വരുന്ന ഐറ്റമാ...ഈ കാരണം കൊണ്ട് വിച്ചു നിന്നേയും എടുത്ത് എത്ര തവണ ആശുപത്രികളിലേക്ക് ഓടിയിട്ടുണ്ടെന്നോ..." അവൻ പെട്ടന്ന് വിച്ചുവിന്റെ പേര് പറഞ്ഞതും അവളുടെ മനസ്സിലേക്ക് കുട്ടിക്കാലത്തെ ഓർമ്മകൾ ഓടിയെത്തി... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി... പറഞ്ഞു കഴിഞ്ഞാണ് എന്താണ് പറഞ്ഞതെന്ന് അവനും ഓർത്തത്... "ഇനി അതും ആലോചിച്ചു നിൽക്കേണ്ട.. ഞാൻ പറഞ്ഞെന്നെ ഉള്ളൂ...അവന് എന്റെ മുന്നിൽ വരാതിരിക്കാനല്ലേ പറ്റൂ എന്നിലുള്ള അവന്റെ ഓർമകളെ മായ്ച്ചു കളയാൻ പറ്റില്ലല്ലോ..." ജിത്തുവിന്റെ വാക്കുകളിലെ വേദന പാറുവിന് മനസ്സിലാക്കാൻ കഴിയുമായിരുന്നു... "മഴ കുറഞ്ഞെന്ന് തോന്നുന്നു.. നമുക്ക് പതിയെ അങ്ങോട്ട് നടക്കാം..." ജിത്തു പറഞ്ഞു...തുണിയിലെ വെള്ളമൊന്ന് കുടഞ്ഞു മടക്കി കുത്തി അവൻ നടന്നു തുടങ്ങി... തോരാതെ പെയ്യുന്ന കണ്ണുകളെ അമർത്തി തുടച്ച് കൊണ്ട് പാറുവും അവന്റെ പിറകെ ചെന്നു... ***** രാത്രിയിൽ ടീച്ചർ നേരത്തെ കിടന്നത് കൊണ്ട് പാറു വേറെ വഴിയില്ലാതെ ജിത്തുവിന്റെ മുറിയിലേക്ക് തന്നെ ചെന്നു... അവൾ വാതിൽ തള്ളി... അത് പൂട്ടിയിട്ടുണ്ടായിരുന്നില്ല...അവൾ മടിയോടെ അകത്തേക്ക് പ്രവേശിച്ചു... "കുറ്റിയിട്ടേക്ക്... " കുട്ടികളുടെ പേപ്പേഴ്സ് നോക്കി കൊണ്ടിരുന്ന ജിത്തു തലയുയർത്താതെ തന്നെ പറഞ്ഞു... പാറു വാതിൽ കുറ്റിയിട്ടു ഷെൽഫിൽ നിന്നും തലയിണയും പുതപ്പും എടുത്ത് നിലത്ത് വിരിച്ചു...

"നല്ല തണുപ്പുണ്ട് താഴെ കിടക്കേണ്ട..കട്ടിലിൽ കിടന്നോ... " "അപ്പൊ ജിത്തേട്ടനോ... " ഭാവഭേദമൊന്നുമില്ലാതെ ജിത്തു പറഞ്ഞതും അവൾ അറിയാതെ ചോദിച്ചു പോയി... "ഞാനും കട്ടിലിൽ അല്ലാതെ എവിടെ കിടക്കാനാ..." അവൻ നോക്കികൊണ്ടിരുന്ന പേപ്പറുകളെല്ലാം പെറുക്കി തന്റെ ബാഗിലേക്ക് വെച്ചു... "അയ്യോ അത് വേണ്ടാ.. ഞാനിവിടെ കിടന്നോളാം.. " പതർച്ചയോടെ പറഞ്ഞിട്ടവൾ നിലത്ത് വിരിച്ച ഷീറ്റിലേക്ക് തന്നെ കിടന്നു... ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചു ജിത്തു ചെറു ചിരിയോടെ കട്ടിലിൽ വന്നു കിടന്നു... കിടന്നിട്ടുറക്കം വരാത്തത് കൊണ്ടവൻ ഷെൽഫിൽ നിന്നും ഒരു ബുക്കെടുത്തു... തലയിണയെ ചുവരിലേക്ക് ചേർത്ത് വെച്ച് അവൻ ബുക്കുമായി ബെഡിലേക്കിരുന്നു... മുറിയിലെ വെളിച്ചം കാരണം പാറുവിന്റെ ഉറക്കം നഷ്ടപ്പെടേണ്ട എന്ന് കരുതിയവൻ ലൈറ്റ് ഓഫ് ചെയ്തു നേരിയ വെട്ടത്തിലുള്ള ബെഡ്‌ ലാമ്പ് ഓൺ ചെയ്തു... പിന്നീട് പുസ്തകതിന്റെ ഓരോ വരികളിലൂടെയും തന്റെ കണ്ണുകൾ പായിച്ചു വായന തുടങ്ങി..........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story