നീയും ഞാനും.. 🧡 ഭാഗം 4

neeyum njanjum shamseena

രചന: ശംസീന

"പാറു.. നീയെന്നോട് പിണക്കമാണോ.. " ഒന്നും മിണ്ടാതെ നടക്കുന്ന പാറുവിനോട് മീര ചോദിച്ചു.. അല്ലെങ്കിൽ ഓരോന്നും പറഞ്ഞു വീടെത്തുന്നത് വരെ സ്വയ്ര്യം തരാത്തവളാ....അവളോർത്തു.. മൂന്നാല് തവണ വിളിച്ചിട്ടും പാറുവിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല.. "നീയെന്തിനാ പാറു ഇങ്ങനെ മിണ്ടാതെ നടക്കുന്നേ.. എനിക്ക് സങ്കടം വരുന്നുണ്ട്ട്ടോ.. " മുന്നോട്ടു നടക്കുന്ന പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ നേരെ തിരിച്ചു... "നിനക്ക് മാത്രമല്ല സങ്കടവും ദേഷ്യവുമെല്ലാം.. എനിക്കും ഉണ്ട്... ഇത്ര ദിവസം നീ മിണ്ടാതെ നടന്നപ്പോഴും ഞാൻ സങ്കടപ്പെട്ടിരുന്നു ഇതിനേക്കാൾ കൂടുതലായി... " കണ്ണുകൾ നിറച്ചു മൂക്ക് വലിച്ചു.. "നീ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടല്ലേ ഞാൻ മിണ്ടാതെ നടന്നത്.. ജിത്തേട്ടനും നീയും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന് നിനക്കറിയോ.. അങ്ങനെയുള്ളപ്പോ ആരെങ്കിലും നിന്റെ പ്രണയത്തെ അംഗീകരിക്കുമോ.. നീയൊന്ന് ആലോചിച്ചു നോക്ക്‌.." മീരയുടെ ഉറച്ച വാക്കുകൾ പാറുവിന്റെ ഹൃദയത്തെ കീറിമുറിച്ചു..

"പ്രണയത്തിനങ്ങനെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ മീരേ,,, എല്ലാവരും അതൊക്കെ നോക്കിയാണോ പ്രണയിക്കുന്നത് എന്നിട്ടെന്തേ എനിക്ക് മാത്രം അതിന് കഴിഞ്ഞില്ല..ഞാ.." തളർന്ന സ്വരത്താലവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്നും ജിത്തുവിന്റെ ബുള്ളെറ്റ് വരുന്നത് കണ്ടത്.. പാറു വേഗം മുഖവും കണ്ണും അമർത്തി തുടച്ചു മീരയേയും കൂട്ടി മുന്നോട്ട് നടന്നു.. അവനെ ഒരു നോക്ക് കാണുവാനായി കണ്ണുകൾ തുടിക്കുന്നുണ്ടെങ്കിലും മീരയെ ഇനിയും പിണക്കേണ്ടന്ന് കരുതിയവൾ മനസ്സിനെ അടക്കി നിർത്തി... ഇടവഴിയുടെ ഓരം ചേർന്ന് നടന്നു പോവുന്ന പാറുവിനേയും മീരയേയും കണ്ടതും ജിത്തു ബൈക്ക് സ്ലോ ആക്കി... "നിങ്ങളെന്താ ഇന്ന് വൈകിയേ.. " അവൻ അവരെയൊന്ന് സൂക്ഷിച്ചു നോക്കി.. "അത്.. " "ഞങ്ങളൊരു ഫ്രണ്ടിന്റെ വീട്ടിൽ പോയി.." പാറു പറയാനായി ഒരുങ്ങിയപ്പോഴേക്കും മീര പെട്ടന്ന് പറഞ്ഞു... "ഏത് ഫ്രണ്ട്.. " "അത്,, സ്കൂളിന്റെ അവിടെ ഉള്ളതാ ജിത്തേട്ടന് അറിയില്ല.." വീണ്ടും മീര തന്നെയാണ് പറഞ്ഞത്..

പാറു അപ്പോഴൊക്കെയും ചുറ്റുമുള്ളതെല്ലാം മറന്ന് അവനെ മാത്രം നോക്കി നിൽക്കുകയായിരുന്നു.. സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൾ തന്റെ ഉള്ളിലേക്ക് ആവാഹിച്ചു.. പൊതുവെ ജിത്തു അധികം ചിരിക്കാറില്ല.. എപ്പോഴും ഗൗരവം നിറഞ്ഞ സ്ഥായി ഭാവമാണ് മുഖത്തുണ്ടാവാറുള്ളത്.. പക്ഷേ ഇടക്ക്‌ ആ ചൊടിയിൽ വിരിയുന്ന പുഞ്ചിരി കാണാൻ പ്രത്യേക അഴകാണ്..ചുറ്റുമുള്ളതിനെയെല്ലാം വിസ്മരിച്ചു നോക്കി നിന്ന് പോകും.. "ഇത് പാറുവിന്റെ ബുക്സ് അല്ലേ.. " ജിത്തു തന്റെ ബാഗിൽ നിന്നും രണ്ട് നോട്സ്‌ എടുത്ത് പാറുവിന് നേരെ നീട്ടി.. ബുക്സ് വാങ്ങിക്കാതെ ജിത്തുവിനെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ തോള് കൊണ്ടൊരു തട്ട് കൊടുത്തു മീര അവന്റെ കയ്യിൽ നിന്നും ബുക്സ് വാങ്ങിച്ചു... പാറുവൊന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്നു... "ജിത്തേട്ടന് ഇതെവിടുന്നു കിട്ടി.. " ബുക്സ് പാറുവിന്റെ ബാഗിലേക്ക് വെച്ചു കൊടുക്കുന്നതിനിടയിൽ മീര തിരക്കി... "നിങ്ങളുടെ മാഷ് ഏൽപ്പിച്ചതാ.. അവിടെ ലാബിൽ നിന്ന് കിട്ടിയതാണത്രേ..ഇതൊക്കെ അവിടെ ഇട്ടിട്ട് പോന്നാൽ പിന്നെ എന്തിൽ നോക്കിയാ കൊച്ചേ പഠിക്കുന്നെ..."

അവൻ ചോദിച്ചതിന് പാറു മറുപടിയൊന്നും പറഞ്ഞില്ല.. തല താഴ്ത്തി നിന്നു.. "എന്നാൽ ശെരി ഞാൻ പോകുവാ.. നിങ്ങളും ഇവിടെ നിന്ന് അധികം ചുറ്റി തിരിയാതെ വീട്ടിലേക്ക് വിട്ടോ.." പാറുവിന്റെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ ജിത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവരെയൊന്ന് നോക്കി അവിടെ നിന്നും പോയി.. ബുള്ളെറ്റ് ദൂരേക്ക് മറയുന്നത് വരെ അവളുടെ കണ്ണുകൾ അവനെ പിന്തുടർന്നു... മുന്നോട്ട് പോകുന്തോറും തന്നെ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ സൈഡ് മിററിലൂടെ കണ്ടതും ജിത്തുവിന്റെ നെറ്റിചുളിഞ്ഞു..മുഖത്ത് അസ്വസ്ഥത പടർന്നു.. നെറ്റിയിൽ വിരലുകളാൽ അമർത്തി തടവികൊണ്ട് ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി അവിടെ നിന്നും വേഗത്തിൽ പോയി.. ***** പാറു വീട്ടിൽ എത്തിയതും ആദ്യം ചെന്നൊന്ന് കുളിച്ചു.. സ്കൂൾ വിട്ട് നടന്നു വരുന്നത് കൊണ്ട് ആകെ വിയർപ്പും പൊടിയും ആയിരിക്കും ശരീരത്തിലും വസ്ത്രത്തിലും.. കുളികഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു,,

അമ്മയെ അവിടെ കണ്ടില്ല..എങ്ങോട്ടെങ്കിലും നീങ്ങിയിട്ടുണ്ടാവും.. ഗ്രാമ പ്രദേശം ആയത് കൊണ്ട് അടുത്തടുത്ത വീടുകളിലെ സ്ത്രീകളെല്ലാം എതെങ്കിലും ഒരു വീട്ടിൽ ഒരുമിച്ചിരുന്ന് വർത്തമാനം പറയുന്നത് വൈകുന്നേരങ്ങളിലെ സ്ഥിരം കാഴ്ചയാണ്..പിന്നെ വിളക്ക് കൊളുത്താനുള്ള സമയം ആവുമ്പോഴേ എല്ലാവരും വീടണയൂ.. ഫ്രിഡ്ജിൽ നിന്നും പാലെടുത്തു തിളപ്പിച്ച്‌ അതിലേക്ക് പഞ്ചസാരയും ഒരു സ്പൂൺ ഹോർലിക്‌സ് പൊടിയും ചേർത്ത് പാകമാക്കിയെടുത്തു.. ചൂട് പോവാനായി പരന്നൊരു കിണ്ണത്തിലേക്ക് ഒഴിച്ചു വെച്ചു..തീരെ മെലിഞ്ഞു പോയെന്നും പറഞ്ഞു വിച്ചേട്ടൻ കഴിഞ്ഞയാഴ്ച തനിക്ക് കുടിക്കാൻ വേണ്ടി കൊണ്ടുവന്നതാണ് ഹോർലിക്സ്..തനിക്കാണേൽ അത് കുടിക്കുന്നത് തന്നെ ഇഷ്ടമല്ല.. വിച്ചേട്ടനെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതിയാണ് കുടിക്കുന്നത് തന്നെ.. ഹോർലിക്‌സ് ഗ്ലാസിലേക്കൊഴിച്ചു ഒരു നേന്ത്ര പഴവും എടുത്തു ഉമ്മറത്തേക്ക് ചെന്നു.. അതുമായി ചുവന്ന കാവി മെഴുകിയ തിണ്ണയിലേക്കിരുന്നു.. വെറുതെ ഇരിക്കുമ്പോഴെല്ലാം ജിത്തേട്ടനെ കുറിച്ചുള്ള ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്..

കുട്ടിക്കാലത്ത് എത്രയോ തവണ തന്നെ എടുത്ത് ഒക്കത്ത് വെച്ച് നടന്നിരിക്കുന്നു.. സ്കൂൾ വിട്ടാൽ വിച്ചേട്ടന്റെ കൂടെ ഇവിടേക്ക് വന്നു തന്നെ കണ്ടതിനു ശേഷമാണ് ജിത്തേട്ടൻ വീട്ടിലേക്ക് പോവുക.. താൻ മുതിർന്നപ്പോൾ പിന്നെ അധികം ഇവിടേക്ക് വരാതെയായി.. വന്നാലും അമ്മയോടാവും കൂടുതൽ വർത്തമാനം.. ഒന്നോ രണ്ടോ വാക്കുകളിൽ ചുരുക്കും തന്നോടുള്ള സംസാരം.. ജിത്തേട്ടനും താനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട്.. പോരെങ്കിൽ തന്റെ ഏട്ടന്റെ സുഹൃത്തും.. മീര പറഞ്ഞതിലും കാര്യമുണ്ട്... തനിക്കിങ്ങനൊരു മോഹം ഉണ്ടെന്നറിഞ്ഞാൽ ചിലപ്പോൾ വിച്ചേട്ടനും ജിത്തേട്ടനും തമ്മിലുള്ള സൗഹൃദം പോലും അവിടെ അവസാനിക്കും.. അങ്ങനെ സംഭവിച്ചാൽ പിന്നീട് എല്ലാവരും തന്നെ വെറുപ്പോടെ അല്ലേ കാണുക.. പോരെങ്കിൽ വയസ്സിനിത്രയും മുതിർന്ന ആളെ പ്രണയിച്ചു എന്നുള്ള പേരുദോഷവും... തന്റെ വിച്ചേട്ടൻ സഹിക്കുമോ ഇത്.. അച്ഛനില്ലാത്ത തന്നെ അതിന്റെ യാതൊരു കുറവും കൂടാതെ ഇതുവരെ വളർത്തി വലുതാക്കി..

അമ്മയും ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് ഞങ്ങൾ മക്കൾക്ക് വേണ്ടി.. അങ്ങനെയുള്ള ഇവരെയൊക്കെ വേദനിപ്പിക്കാൻ തനിക്കാവുമോ.. അതുമല്ല ജിത്തേട്ടനോട്‌ ഇതുവരെ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുമില്ല... ഇനി പറഞ്ഞാൽ തന്നെ എന്തായിരിക്കും പ്രതികരണം??? വഴക്ക് പറയുമായിരിക്കും അല്ലെങ്കിൽ കുറേ ഉപദേശം തരുമായിരിക്കും.. എന്നിട്ടും തന്റെ ഹൃദയം വീണ്ടും ജിത്തേട്ടന് വേണ്ടി വാശി പിടിച്ചാൽ..?? അവൾക്ക് അതിനൊരുത്തരം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല.. "പാറു.. വാ പോവാം.. സമയമായി.. " ചിന്താ ഭാരം വീണ്ടും മുറുകി കൊണ്ടിരുന്നപ്പോഴാണ് വേലിക്കരികിൽ നിന്നും മീരയുടെ ഉച്ചത്തിലുള്ള വിളി കേട്ടത്..ട്യൂഷന് പോകാൻ വിളിക്കുന്നതാണ്..ഇനി അധികം ദിവസങ്ങളില്ല ആനുവൽ എക്സാമിന്.. അതിന് മുന്നേ പാഠങ്ങൾ എല്ലാം ഒന്നൂടെ റിവിഷൻ എടുത്ത് തരാമെന്ന് പറഞ്ഞിട്ടുണ്ട് ഗൗരി ടീച്ചർ..

അതിനായി നേരത്തെ എത്താനും പറഞ്ഞിട്ടുണ്ട്.. തണുത്തുറഞ്ഞ് പാട കെട്ടിയ ഹോർലിക്‌സ് പിന്നീട് കുടിക്കാൻ തോന്നിയില്ല..അതേപോലെ മുറ്റത്തേക്ക് ഒഴിച്ചു കളഞ്ഞു അകത്തേക്ക് കയറി..ടേബിളിൽ ഇരുന്നിരുന്ന ബാഗും എടുത്ത് വാതിലും പൂട്ടി.. കീ അവിടെ കിടന്നിരുന്ന മാറ്റിനടിയിലേക്കിട്ട് മുഖത്തൊരു ചിരി എടുത്തണിഞ്ഞു മീരയുടെ അടുത്തേക് നടന്നു.. സ്കൂളിൽ നിന്നും വരുന്ന വഴിയിൽ അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ട് ഇനി ഒരിക്കലും ജിത്തേട്ടനെ പറ്റി ഓർക്കുകയോ പറയുകയോ ചെയ്യില്ലെന്ന്... അങ്ങനെ പറഞ്ഞെങ്കിലും തനിക്ക് ജിത്തേട്ടനെ ഓർക്കാതിരിക്കാൻ കഴിയുമോ..?? ഇല്ല ഒരിക്കലും കഴിയില്ല അത്രക്കും ആഴത്തിൽ മനസ്സിൽ പതിഞ്ഞല്ലേ ആ മുഖവും രൂപവും..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story