നീയും ഞാനും.. 🧡 ഭാഗം 40

neeyum njanjum shamseena

രചന: ശംസീന

വായനയിലങ്ങനെ മുഴുകി ഇരിക്കുമ്പോഴായിരുന്നു ജിത്തുവിന്റെ മേലേക്ക് വലിയൊരലർച്ചയോടെ എന്തോ വന്നു വീണത്... ഒരു നിമിഷം അവനും ഒന്ന് ഭയന്ന് പോയി... കൊട്ടി പിടഞ്ഞു കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിലെ ലൈറ്റിട്ടതും കണ്ടു കട്ടിലിൽ പേടിച്ചിരിക്കുന്ന പാറുവിനെ......അവളുടെ ഇരുപ്പ് കണ്ട് അന്നേരം അവന് ചിരിപ്പൊട്ടിയെങ്കിലും വിദക്തമായവൻ അതിനെ മറച്ചു പിടിച്ചു... "അത് പിന്നെ... ഇടിവെട്ടിയപ്പോ... പേടിച്ചിട്ട്.... " അവൾ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു... "പേടിച്ചിട്ട്... " ജിത്തു കൈകൾ രണ്ടും നെഞ്ചിലേക്ക് പിണച്ചു വെച്ച് അവളെ കൂർപ്പിച്ചു നോക്കി... "മ്മ് ബാക്കി പറ.." അവൻ ഗൗരവത്തിൽ ചോദിച്ചതും പെണ്ണാകെ വിരണ്ടു പോയിരുന്നു... "ജിത്തേട്ടാ.. അത്... " "ഇത് കൊണ്ടല്ലേ ഞാൻ മോളോട് നേരത്തെ പറഞ്ഞത് കട്ടിലിൽ കയറിക്കിടക്കാൻ എന്നിട്ടെന്തേ അനുസരിക്കാഞ്ഞത്..." അത് ഞാൻ അപ്പോഴത്തെ ആവേശത്തില്. സോറി... ഇനി... ഇനി ഞാൻ ഇവിടെ കിടന്നോട്ടെ.... " അവൾ ദയനീയമായ മുഖഭാവത്തോടെ ചോദിച്ചതും അവൻ അമർത്തിയൊന്ന് മൂളി... പാറു വേഗം തന്നെ പുതപ്പെടുത്ത് മേലേക്കിട്ടു കട്ടിലിന്റെ ഒരരികിലേക്ക് ചുരുണ്ട് കൂടി.... ജിത്തുവും ഒരരിക് പറ്റി മറുവശത്തേക്ക് തിരിഞ്ഞു കിടന്നു...

കണ്ണിൽ ഉറക്കം പിടിച്ചു വരുമ്പോഴാണ് മുതുകിൽ ആരോ തോണ്ടിയത് പോലെ ജിത്തുവിന് തോന്നിയത്...അവൻ തിരിഞ്ഞു നോക്കി... "മ്മ് എന്താ... " ഉറങ്ങാതെ കണ്ണ് മിഴിച്ചു തന്നെ നോക്കി കിടക്കുന്ന പാറുവിനോടവൻ ചോദിച്ചു... "ഇങ്ങോട്ട് തിരിഞ്ഞു കിടക്കാമോ.. എനിക്കെന്തോ പേടിയാവുന്നു... " നിഷ്കളങ്കമായവൾ പറഞ്ഞത് കേൾക്കെ ഉള്ളിലൊരു ചിരിയോടെ ജിത്തു അവൾക്കഭിമുഖമായി കിടന്നു....അവൻ പെട്ടന്നങ്ങനെ ചെയ്തത് കാണെ പാറുവിനും സന്തോഷമായി... അവനെ തന്നെ മനസ്സ് നിറയെ നോക്കിക്കൊണ്ടവൾ എപ്പോഴോ നിദ്രയെ പുൽകി.... ***** എന്നും പതിവ് പോലെ അലാറം അടിച്ചതും പാറു പ്രാർത്ഥനയോടെ എഴുന്നേറ്റു...തമ്മിൽ കൂട്ടി മുട്ടുമോ എന്ന് പേടിച്ചു അവളിൽ നിന്നും കുറച്ചകലം പാലിച്ചു കിടക്കുന്ന ജിത്തുവിനെ കണ്ടതും അവൾ മനസ്സിൽ ഊറി ചിരിച്ചു അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി കട്ടിലിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് കയറി.... ഒരു കാക്ക കുളിയെല്ലാം പാസാക്കി ഇറങ്ങിയപ്പോഴും ജിത്തു നല്ല ഉറക്കത്തിലാണ്... ശാന്തമായി ഉറങ്ങുന്ന അവനെ കാണെ അവൾക്കുള്ളിൽ കുറുമ്പ് നിറഞ്ഞു... പതിയെ ശബ്‍ദമുണ്ടാക്കാതെ നടന്നു അവനടുത്തെത്തി... വെള്ളം ഇറ്റി വീഴുന്ന മുടിതുമ്പ് പിന്നിൽ നിന്നും മുന്നിലേക്ക് വകഞ്ഞെടുത്തു അവന്റെ മുഖത്തേക്ക് അടുപ്പിച്ചു...

തണുത്ത വെള്ളം മുഖത്ത് പതിച്ചതും ഞെരങ്ങി കൊണ്ടവനൊന്ന് തല ചെരിച്ചു വെച്ചു..വീണ്ടും പാറു ഇത് തന്നെ ചെയ്തതും ജിത്തു ഈർഷ്യയോടെ കണ്ണുകൾ തുറന്നു... അവൻ ഉണർന്നു തുടങ്ങിയെന്നു മനസ്സിലായതും പാറു അവിടെന്നിന്ന് ഓടാൻ തുനിഞ്ഞു.. അപ്പോഴേക്കും അവളുടെ കൈയിൽ പിടിച്ചു വലിച്ചവൻ കട്ടിലിലേക്ക് ഇട്ടിരുന്നു... "ഈ കൊച്ചു വെളുപ്പാൻ കാലത്ത് എന്താ മോൾടെ ഉദ്ദേശം.... " അവളുടെ ശരീരത്തിലേക്ക് അമരാതെ കിടന്നു കൊണ്ടവൻ ചോദിച്ചു...പറയുമ്പോഴുള്ള അവന്റെ ചുടു നിശ്വാസം മുഖത്ത് പതിച്ചതും അവൾ കണ്ണ് ചിമ്മി... "പാറു... " അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചവൻ വിളിച്ചതും അവൾ പിടപ്പോടെ കണ്ണുകൾ തുറന്നു... "ഞാൻ വെറുതെ തമാശക്ക്... " പരിഭ്രമത്തോടെ അവൾ പറഞ്ഞതും ജിത്തു എന്തോ ഒന്നാലോചിച്ചു... "തമാശക്കാണോ... " ചോദിക്കുന്നതിനൊപ്പം അവളെ കയ്യിൽ എടുത്തവൻ ബാത്റൂമിലേക്ക് നടന്നിരുന്നു... "ജിത്തേട്ടാ... ഇതെവിടേക്കാ കൊണ്ടുപോവുന്നെ... " അവൾ കൈ കാലിട്ടടിച്ചു... ബാത്റൂമിൽ കയറിയതും ജിത്തു അവളെ താഴെയിറക്കി...

എന്തിനാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നതെന്ന് ഗ്രഹിച്ചെടുത്ത പാറു ഓടാനായി തുനിഞ്ഞതും അവളെ ബലമായി തന്നെ പിടിച്ചുവെച്ച് ഷവറിന് ചുവട്ടിലേക്ക് നിർത്തി ഷവർ ഓൺ ചെയ്തു... നനഞ്ഞ കോഴിയെ പോലെ നിൽക്കുന്ന പാറുവിനെ കണ്ടവൻ പൊട്ടിച്ചിരിച്ചു...അവളുടെ ചുണ്ടുകൾ പരിഭവത്തോടെ കൂർത്തു വന്നതും ചുവന്നു തുടുത്ത മൂക്കിൻ തുമ്പിൽ അവനൊന്ന് ഞൊട്ടി... "ഔച്... " അവൾ മൂക്കിൻ തുമ്പ് അമർത്തി പിടിച്ചു ദേഷ്യത്തോടെ ജിത്തുവിനെ നോക്കി.. "ഇപ്പൊ മനസ്സിലായോ തമാശയാണോ കാര്യമാണോ എന്ന്... " കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് പറഞ്ഞിട്ടവൻ വീണ്ടും പോയി കിടന്നു... അവനോടുള്ള ദേഷ്യത്തിൽ ഷവർ ഓഫ്‌ ചെയ്ത് ചാടി തുള്ളി മുറിയിലേക്ക് വന്നു ഷെൽഫിൽ നിന്നും ഒരു ഡ്രെസ്സെടുത്ത് വീണ്ടും ബാത്റൂമിനകത്തേക്ക് കയറി... അവളുടെ കാട്ടികൂട്ടൽ കണ്ടവൻ മനസ്സിൽ പൊട്ടിച്ചിരിച്ചു... ***** "പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്ക് മറ്റു കാര്യങ്ങൾ തീരുമാനിക്കാം... " കൂട്ടത്തിൽ തലമൂത്ത കാരണവർ പറഞ്ഞതും എല്ലാവരും അതിനെ ശെരിവെച്ചു...

"ഞങ്ങളുടെ തറവാട്ടിൽ വെച്ച് ഏക പെൺതരിയാണിവൾ എന്ന് അറിയാമല്ലോ... അതുകൊണ്ട് തന്നെ ഞങ്ങളുടെ ആൺമക്കൾക്ക് തറവാട് വക സ്വത്തുക്കളിൽ എത്ര അവകാശമുണ്ടോ അത്ര തന്നെ ഇവൾക്കും ഉണ്ടാവും..പിന്നെ പൊന്നും പണവും അതിന് പ്രത്യേകിച്ച് കണക്കൊന്നും പറയുന്നില്ല എന്നാലും പറയുവാണ് നൂറ് പവനിൽ കൂടുക എന്നല്ലാതെ ഒട്ടും കുറവ് വരില്ല... " പെണ്ണിന്റെ അമ്മാവൻ വലിയ എന്തോ സംഭവം പോലെ പറഞ്ഞതും വിച്ചു തന്റെ അടുത്തിരിക്കുന്ന അമ്മയെ തറപ്പിച്ചൊന്ന് നോക്കി... അവർ ഒന്നും മിണ്ടരുതെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും അവൻ തന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരുന്നു... "വൈശാഖന്റെ അമ്മ എന്ത് പറയുന്നു..." പറഞ്ഞു കഴിഞ്ഞതും അയാൾ ലതയെ നോക്കി ചോദിച്ചു... വിച്ചു പെട്ടന്ന് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു...അവന്റെ ഭാവമാറ്റം കണ്ടതും പെണ്ണിന്റെ വീട്ടുകാരും ഒന്നമ്പരന്നു... "അമ്മാവൻ എന്നോട് ക്ഷമിക്കണം... ഞങ്ങൾ നിങ്ങളുടെ മോൾക്ക് നിങ്ങൾ എന്ത് കൊടുക്കുന്നു എന്നതിന്റെ അളവും തൂക്കവും എടുക്കാൻ വേണ്ടി വന്നതല്ല... മറിച്ച് എനിക്ക് നല്ലൊരു ഭാര്യയേയും എന്റെ അമ്മക്ക് നല്ലൊരു മകളേയും അന്വേഷിച്ചു വന്നതാണ്..." വിച്ചു അടുക്കള വാതിലിൽ നിൽക്കുന്ന നിമിഷയെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്...

"നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കുന്നു എന്നത് നിങ്ങളുടെ ഇഷ്ടം അതിൽ ഒരഭിപ്രായം പറയാൻ എനിക്കോ എന്റെ അമ്മക്കോ യാതൊരു അവകാശവും ഇല്ല...എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെട്ടിയ പെണ്ണിനെ അന്തസ്സായി പോറ്റാനുള്ള കഴിവ് എനിക്കുണ്ട്...അതിലേക്ക് സംഭാവനയായി ആരുടേയും ഒരു തരി പൊന്ന് പോലും എനിക്ക് വേണ്ടാ..." ഇനിയും ഉള്ളിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കിൽ തന്റെ ആത്മാഭിമാനത്തിന് പോലും ചിലപ്പോൾ വിള്ളൽ വീഴുമെന്നവൻ മനസ്സിലാക്കി... വിച്ചു പറയുന്നത് നിർത്തിയതും നിമിഷയുടെ അമ്മാവൻ ഗൗരവം പൂണ്ട മുഖത്തോടെ അവനടുത്തേക്ക് വന്നു... "എന്ത് കൊണ്ടും എന്റെ മരുമോൾക്ക് യോജിച്ച വരൻ നീ തന്നെയാ... നിന്റെ കൈകളിൽ ആയിരിക്കും അവൾ ഏറ്റവും സുരക്ഷിത അതിൽ യാതൊരു സംശയവുമില്ല..." അയാൾ നിറഞ്ഞ മനസ്സോടെ പറഞ്ഞതും വിച്ചുവിന്റെ ചുണ്ടുകളും അറിയാതെ വിരിഞ്ഞിരുന്നു... "മോളെ നിമിഷേ,,,എന്നാൽ ഞങ്ങളിത് ഉറപ്പിക്കുവാണ് കേട്ടോ... " അയാൾ അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും നാണിച്ചു കൊണ്ടവൾ അവിടെ നിന്നും അപ്പുറത്തേക്ക് ഓടിയിരുന്നു... *****

കുട്ടികൾ പരസ്പരം ഒന്നടുത്തറിഞ്ഞിട്ട് വിവാഹം മതിയെന്നായിരുന്നു മുതിർന്നവരുടെ തീരുമാനം.. നിമിഷയുടെ പിജി കംപ്ലീറ്റ് ചെയ്യാൻ ഇനിയും ഒരു വർഷം ഉള്ളത് കൊണ്ട് വിവാഹം അത് വരേക്കും നീട്ടി വെച്ചു... അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചു ഒരു ലളിതമായ മോതിരം മാറൽ ചടങ്ങ് നടത്തി... മീര പറഞ്ഞറിഞ്ഞു പാറുവും ഈ വിവരം അറിഞ്ഞിരുന്നു...അവൾക്കുള്ളിൽ അതിയായ വേദന അനുഭവപ്പെട്ടു... തന്നെ മാറ്റി നിർത്താൻ മാത്രം അവർക്കുള്ളിൽ തന്നോട് അത്രയും വെറുപ്പുണ്ടയിരുന്നോ എന്നവൾ ചിന്തിച്ചു..ജിത്തുവിനോടവൾ ഇക്കാര്യം പറഞ്ഞെങ്കിലും അവൻ സാരമില്ല പോട്ടെ എന്ന ആശ്വാസവാക്കിൽ ഒതുക്കുക മാത്രമാണ് ചെയ്തത്..

. അവനും അറിയില്ലായിരുന്നു അവളെ എന്ത് പറഞ്ഞു സമാധാനിപ്പിണമെന്ന്... കോളേജിലേക്ക് പോവുന്ന വഴിയിൽ ഇടക്ക് അമ്മയേയും വിച്ചുവിനെയും പാറു കാണാറുണ്ടെങ്കിലും അവളെ കാണുമ്പോൾ അവർ മുഖം തിരിച്ചു കടന്നു പോകും.. പതിയെ പതിയെ പാറുവും ആ സാഹചര്യങ്ങളോട് ഒത്തു പോകാൻ പഠിച്ചു... അവരെ മുന്നിൽ കാണുമ്പോൾ അവളും കാണാത്ത ഭാവം നടിച്ചു നടന്നു പോവും....ഉള്ളിൽ വിഷമമുണ്ടെങ്കിൽ കൂടി അത് മറച്ചു വെച്ച് അവരിൽ നിന്നും മുഖം വെട്ടിക്കും...പോകെ പോകെ അതൊരു ശീലമായി... ഓരോ അവഗണനയും ഓരോ പാഠങ്ങളാണ് എന്ന് പറയുന്നത് പോലെ ചില അവഗണനകൾ നമുക്ക് മുന്നോട്ട് ജീവിക്കാനുള്ള കരുത്ത് പകരും... പണ്ടെങ്ങോ പഠിപ്പിച്ച മലയാളം സർ പറഞ്ഞ വാചകങ്ങൾ അന്നേരം മനസ്സിലേക്ക് ഓടിയെത്തും........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story