നീയും ഞാനും.. 🧡 ഭാഗം 41

neeyum njanjum shamseena

രചന: ശംസീന

ദിവസങ്ങൾ അതി വേഗത്തിൽ കടന്നുപോയി...പാറു ഫൈനൽ ഇയർ എക്സാമിനോട് അടുക്കുകയാണ്... അതിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്... ഒരു സപ്ലി പോലും ഇല്ലാതെ പാസാവണം എന്നുള്ളത് അവളുടെ വാശിയായിരുന്നു... തന്നെ തള്ളിക്കളഞ്ഞ തന്റെ വീട്ടുകാരോടുള്ള വാശി... സന്ധ്യ കഴിഞ്ഞാൽ പാതിരാവോളം പാറു പഠിത്തത്തിൽ ആയിരിക്കും ജിത്തു അവളെ പഠിപ്പിക്കലിലും...ഇടക്ക് അവളെ തല്ലാനായി ചൂരൽ എടുക്കുമെങ്കിലും ടീച്ചറുടെ കൂർപ്പിച്ചുള നോട്ടത്തിൽ അവൻ ആ ഉദ്യമം ഉപേക്ഷിക്കും... "ജിത്തേട്ടാ ഇനി മതി എനിക്ക് ഉറക്കം വരുന്നു... " പഠിക്കുന്നതിനിടയിലവൾ ചിണുങ്ങി... "നീയല്ലേ പറഞ്ഞത് നല്ല മാർക്കോടെ പാസാവണമെന്ന് അപ്പൊ കുറച്ചു കഷ്ടപ്പെടേണ്ടിയൊക്കെ വരും... " "പ്ലീസ് ജിത്തേട്ടാ ഇനി നാളെ പഠിക്കാം... " ആ സമയം അവളൊരു കൊച്ചു കുഞ്ഞിനെ പോലെയായി മാറുകയായിരുന്നു.. അവന്റെ ഉള്ളിൽ അവളോട് അതിയായ വാത്സല്യം തോന്നി... "മിണ്ടാണ്ടിരുന്ന് പഠിച്ചേ നീയ്യ്... " അവൻ കപട ദേഷ്യത്തിൽ ഒച്ചയെടുത്തതും കെർവിച്ചു കൊണ്ടവൾ പുസ്‌തകത്തിലേക്ക് തന്നെ മിഴികൾ താഴ്ത്തി... ജിത്തു ചില പോഷൻസ് വായിച്ചു കൊടുക്കുന്നതിനവൾ അലസമായി മൂളിയിരുന്നു... ഇടക്ക് അതും നിന്നപ്പോൾ ജിത്തു തലചെരിച്ചവളെ നോക്കി...

.അവന്റെ തോളിലേക്ക് തലചായ്ച്ചു സുഖ നിദ്രയിലാണവൾ... അവന്റെ അധരങ്ങൾ വിടർന്നു... അവളെ ഉണർത്താതെ തന്നെ തോളിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് ചായ്ച്ചു കിടത്തി... മുറിയിലെ ലൈറ്റ് ഓഫ് ചെയ്തവൻ പുറത്തേക്കിറങ്ങി... "പാറു എവിടെ..? ഇതവൾക്ക് കൊടുത്തേക്ക്... " കോണിപ്പടി കയറി മുകളിലേക്കെത്തിയ ടീച്ചർ ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി അവന്റെ നേരെ നീട്ടി.. "അവളുറങ്ങി... അതിങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം... " അവൻ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചു... "മ്മ് നിന്റെ പീഡനം സഹിക്കാഞ്ഞിട്ട് ഉറങ്ങി പോയതാവും.. പുസ്തകത്തിലേക്ക് തന്നെ നോക്കി നല്ല തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു... അതെങ്ങനാ പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു അതിനൊരു സമാധാനം കൊടുക്കത്തില്ലല്ലോ നീയ്... " ടീച്ചറുടെ മുഖം ഇരുണ്ടു... "അവൾക്ക് കൂടി വേണ്ടിയിട്ടല്ലേ അമ്മേ ഞാനും കൂടി ഇങ്ങനെ കഷ്ടപ്പെടുന്നേ..നമ്മളവളെ ഇവിടേക്ക് കൂട്ടി കൊണ്ടു വന്നിട്ട് അവളുടെ ഭാവി കളഞ്ഞെന്ന് വിച്ചൂവിനും ലതാമ്മക്കും തോന്നരുത് അതുകൊണ്ടു കൂടിയല്ലേ എനിക്ക് ചെയ്തു തീർക്കേണ്ട ജോലികൾ എത്രയോ ഉണ്ടായിട്ട് കൂടെ അതെല്ലാം അവിടെയിട്ട് ഞാനീ പണിക്കിറങ്ങിയത്..." അമ്മയെ ദയനീയമായി നോക്കി കൊണ്ടവൻ അവിടെ നിന്നും പോയി...

ജിത്തുവിന്റെ മാറ്റം കണ്ട് അവർക്കും അതിയായ സന്തോഷം തോന്നിയിരുന്നു... എത്രയും പെട്ടന്ന് തന്നെ അവർ തമ്മിൽ നല്ലൊരു ജീവിതം നയിക്കുമെന്ന് അവർ മനസ്സാലെ ആശിച്ചു... **** പരീക്ഷ ഹാളിലേക്ക് കയറാനുള്ള ബെൽ മുഴങ്ങിയതും സർവ്വ ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ചു പാറു അകത്തേക്ക് കയറി...നന്നായി പഠിച്ചത് കൊണ്ട് അല്ല ജിത്തു പഠിപ്പിച്ചത് കൊണ്ട് തന്നെ അധികം ആയാസമില്ലാതെ അവൾക്ക് എക്സാം എഴുതാനായി സാധിച്ചു... പരീക്ഷ കഴിഞ്ഞിറങ്ങിയതും അവളെ കാത്ത് ജിത്തു പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു... അവനെ കണ്ടതും സന്തോഷത്തോടെ അടുത്തേക്ക് ഓടിച്ചെന്നു... "എങ്ങനെയുണ്ടായിരുന്നു...? " അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു കൊണ്ടവൻ കുസൃതിയോടെ ചോദിച്ചു.. "തരക്കേടില്ലായിരുന്നു... " അവളും അതേ കുസൃതിയിൽ മറുപടി കൊടുത്തു... പിന്നീടവർ അവിടെ നിന്നും നേരെ ഒരു കോഫി ഷോപ്പിലേക്ക് പോയി.... അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ട റോബസ്റ്റ കോഫിയും പാസ്റ്ററെയും വാങ്ങിച്ചു കൊടുത്തു...

അവളത് ആസ്വദിച്ചു കഴിക്കുന്നതവൻ കൗതുകത്തോടെ നോക്കിയിരുന്നു... ഇടയിൽ ഒരു സ്പൂൺ പാസ്റ്ററി അവന്റെ നേരെയവൾ നീട്ടി...നിരസിക്കാതെ യാന്ത്രികമായവൻ അത് വാങ്ങി കഴിച്ചു...അവൾക്കുള്ളിൽ വല്ലാത്ത സന്തോഷം തോന്നി...ജീവിതത്തിലെ ആദ്യ അനുഭവമാണ് ഇതെല്ലാം... എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു അവൾക്ക് തോന്നിയത്.... ദിവസങ്ങളങ്ങനെ ഒരൊഴുക്കിൽ കടന്നുപോയി... പാറുവിനെ എക്സാമിന് കൊണ്ടുപോയി തിരികെ കൊണ്ടു വരുന്നത് മാത്രമായിരുന്നു ജിത്തുവിന്റെ ആ ദിവസങ്ങളിലെ ജോലി... എക്സാം ഡ്യൂട്ടി അവനും ഉണ്ടായിരുന്നെങ്കിലും അവളുടെ കാര്യങ്ങൾക്ക് യാതൊരു കുറവും അവൻ വരുത്തിയിരുന്നില്ല... അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞതിന്റെ ആശ്വാസത്തിൽ പാറു ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.... പതിവ് പോലെ ജിത്തുവിനെ പുറത്തെങ്ങും കാണാതിരുന്നതും അവൾ ഫോണെടുത്ത് അവനെ വിളിക്കാനായി ഒരുങ്ങി... അപ്പോഴാണ് കുറച്ചു മാറി ജിത്തു ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്‍ദം അവൾ കേട്ടത്... "ജിത്തേട്ടാ... " ഉറക്കെ വിളിച്ചുകൊണ്ടവൾ അവനടുത്തേക്ക് ഓടിയെങ്കിലും അവനത് കേൾക്കാതെ ബുള്ളറ്റും എടുത്ത് വേഗത്തിൽ കോളേജ് ഗേറ്റ് കടന്നു പോയി...അവന്റെ പെട്ടന്നുള്ള അവഗണന സഹിക്കവയ്യാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കണ്ണുനീർ മുന്നിലുള്ള കാഴ്ചയെ മറച്ചു തുടങ്ങിയതും അതിനെ തുടച്ച് നീക്കി കൊണ്ടവൾ പതിയെ പുറത്തേക്ക് നടന്നു.... ******

ജിത്തുവിന്റെ ബുള്ളറ്റ് റോഡിലൂടെ അലക്ഷ്യമായി മുന്നോട്ട് പാഞ്ഞു..... അവന്റെ മനസ്സും അത് പോലെ തന്നെയായിരുന്നു...നിയന്ത്രണങ്ങളൊന്നുമി ല്ലാതെ എവിടേക്കൊക്കെയോ സഞ്ചരിക്കുന്നു... സീബ്ര ലൈനിലൂടെ റോഡ് ക്രോസ്സ് ചെയ്യുകയായിരുന്ന ഒരാളുടെ നേരെ ബുള്ളറ്റ് നിയന്ത്രണം തെറ്റി മുട്ടാനായി ആഞ്ഞതും ജിത്തു സഡൻ ബ്രേക്കിട്ടു ബുള്ളറ്റ് നിർത്തി...അപ്പോഴേക്കും അയാൾ നിലത്തേക്ക് വീണു കഴിഞ്ഞിരുന്നു.... "എവിടെ നോക്കിയാടോ ഓടിക്കുന്നെ... " കണ്ടു നിന്ന ആളുകൾ അവനു നേരെ കയർത്തു... "സോറി ചേട്ടാ ... പെട്ടന്ന് ബ്രേക്ക്‌ കിട്ടിയില്ല..... " വേവലാതിയോടെ അവൻ തന്റെ നെറ്റിയൊന്നുഴിഞ്ഞു... ബുള്ളറ്റിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തേക്ക് ചെന്നു പേഴ്സിൽ നിന്നും കുറച്ചു ക്യാഷെടുത്തു കൊടുത്തു പ്രശ്നം ഒതുക്കി അവൻ അവിടെ നിന്നും പോയി... ഒടുവിൽ അവന്റെ ബൈക്ക് ആളൊഴിഞ്ഞ പുഴയോരത്തായിരുന്നു വന്നു നിന്നത്... സംഘർഷഭരിതമായ മനസ്സോടെ അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി... പുഴയോരത്തിറങ്ങി ശൂന്യതയിലേക്ക് നോക്കി നിൽക്കുമ്പോൾ തണുത്ത ഇളം കാറ്റവനെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു...

പക്ഷേ ആ കുളിരൊന്നും അവന്റെ മനസ്സിൽ ആളി കത്തുന്ന നോവിനെ അണക്കാൻ മാത്രം കഴിവുള്ളതായിരുന്നില്ല... കുറച്ചു നിമിഷം മുന്നേ നടന്ന കാര്യങ്ങൾ ഓർക്കേ അവന്റെയുള്ളിൽ ആരോടൊക്കെയുള്ള അമർഷം കുമിഞ്ഞു കൂടി... എക്സാം ഡ്യൂട്ടി കഴിഞ്ഞ് പാറുവിനെ വിളിക്കാൻ വേണ്ടി എക്സാം നടക്കുന്ന ഹാളിലേക്കവൻ ചെന്നു...എന്നാൽ അവളെ അവിടെയൊന്നും കാണാതെ വന്നപ്പോൾ തിരിച്ചു പോവാനൊരുങ്ങുമ്പോഴാണ് സ്റ്റയറിന്റെ താഴെ നിന്നും സംസാരിക്കുന്ന പ്രവിയേയും മീരയേയും അവൻ കണ്ടത്... എന്നാൽ അവരോട് പാറു എവിടെയാണെന്ന് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് നടന്നതും അവർ പറയുന്ന കാര്യങ്ങൾ കേട്ട് അവന്റെ കാലുകൾ നിശ്ചലമായി...താൻ കേട്ടതെല്ലാം സത്യം തന്നെയാണോ എന്നറിയാൻ അവർ കാണാതെ ഒരു കോണിലേക്ക് മാറി നിന്നു... "നീ പേടിക്കാതെ മീരേ... ആരും ഒന്നും അറിയാൻ പോവുന്നില്ല...വർഷം ഒന്നാവാറായി,,,അറിയാനാണേൽ എന്നേ അറിയേണ്ടതായിരുന്നു... "

വളരെ പതിഞ്ഞ സ്വരത്തിൽ പ്രവി മീരയോട് കയർത്തു... "എടാ എന്നാലും...ആരോടെങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞാൽ മനസ്സിനൊരു ആശ്വാസം കിട്ടുമെന്ന് തോന്നുന്നു..." മീരയുടെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയം പിടിമുറുക്കി... "ഒരെന്നാലും ഇല്ല...ഇനി നീയായിട്ട് സത്യങ്ങൾ വിളിച്ചു പറഞ്ഞു പാറുവിന്റെ ജീവിതം തകർക്കാൻ നോക്കേണ്ട..." പ്രവി തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന മട്ടിൽ ചുറ്റുമൊന്ന് നോക്കി... "ഇപ്പൊ തന്നെ കണ്ടില്ലെ പാറു എത്ര സന്തോഷത്തിലാ.. കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും അവൾക്ക് ജിത്തു സാറിന്റെ മനസ്സിൽ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞില്ലേ... ഇനി അഥവാ നമ്മളാണ് ജിത്തു സാറിന്റെയും തൻവി മിസ്സിന്റെയും വിവാഹം മുടക്കാൻ വേണ്ടി ആ ഫോട്ടോസ് എടുത്ത് അയച്ചത് എന്നറിഞ്ഞാൽ ജിത്തു സർ വെറുതെ ഇരിക്കുമോ... അതുമൂലം നമ്മൾ കഷ്ടപ്പെട്ടതെല്ലാം വെറുതെയാവില്ലേ... പാറുവിന്റെ ജീവിതം എന്നുന്നേക്കുമായി തകർന്നു പോവില്ലേ....ഇനി ഇതേ കുറിച്ചൊരു സംസാരമില്ല... നമ്മുടെ കോളേജ് ജീവിതം ഇവിടെ അവസാനിച്ചു അതോടൊപ്പം ഈ രഹസ്യവും ഇവിടെ ഈ നിമിഷം മണ്ണിട്ട് മൂടുന്നു...

നമ്മൾ കാരണം നമ്മുടെ പ്രിയപ്പെട്ടവളുടെ ജീവിതം തകരരുത്...." പ്രവി പറഞ്ഞതൊക്കെയും ഒരു തരം ഞെട്ടലോടെയാണ് ജിത്തു കേട്ടത്... ആ ഫോട്ടോ പുറത്ത് വന്നതിന് പിന്നാലെ നടന്ന കോലാഹലങ്ങളും പ്രശ്നങ്ങളും ഓർക്കേ അവന്റെ ഉള്ളിൽ അവരോട് തീർത്താൽ തീരാത്ത വെറുപ്പ് തോന്നി...ഇതിന്റെയെല്ലാം പിന്നിൽ പാറുവിനും പങ്കുണ്ടായിരിക്കുമെന്നവൻ ഉറച്ചു വിശ്വസിച്ചു... ഇത്രയും ദിവസം അവൾക്ക് താൻ കൊടുത്ത പരിഗണനയും സ്നേഹവും വെറുതെ ആയിരുന്നെവന് തോന്നി... അതെല്ലാം ഓർക്കേ സ്വയം കുറ്റബോധം തോന്നി.... ദേഷ്യത്തിൽ ബുള്ളറ്റും എടുത്ത് അവിടെ നിന്ന് പോവുമ്പോൾ പിറകെ തന്റെ പേര് വിളിച്ചു ഓടി വരുന്ന പാറുവിനെ സൈഡ് മിററിലൂടെ അവൻ കാണുന്നുണ്ടായിരുന്നു... മനഃപൂർവം ആ വിളികൾക്ക് കാതോർക്കാതവൻ മുന്നോട്ട് പാഞ്ഞു........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story