നീയും ഞാനും.. 🧡 ഭാഗം 42

neeyum njanjum shamseena

രചന: ശംസീന

അന്ന് രാത്രി ഏറെ വൈകിയാണ് ജിത്തു പുഴയോരത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയത്...അവന്റെ മനസ്സാകെ കലുഷിതമായിരുന്നു... ഇനി മുന്നോട്ടെന്ത് എന്നുള്ള ചോദ്യം മാത്രം ഉള്ളിൽ അവശേഷിച്ചു... പഠിപ്പുര കടന്നപ്പോഴേ അവൻ കണ്ടിരുന്നു ഉമ്മറപ്പടിയിൽ തന്നെയും കാത്തിരിക്കുന്ന പാറുവിനെ... ഇന്നലെ വരെ അതെല്ലാം സന്തോഷം നൽകുന്ന കാഴ്ചകൾ ആയിരുന്നെങ്കിൽ ഇന്നത് തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു... ജിത്തു വരുന്നത് കണ്ടതും അവൾ ആശ്വാസത്തോടെ ഉമ്മറപ്പടിയിൽ നിന്നും എഴുന്നേറ്റു... ജിത്തു ബുള്ളെറ്റ് ഷെഡിലേക്ക് കയറ്റി നിർത്തി... ഉമ്മറത്തു നിൽക്കുന്ന പാറുവിന്റെ മുഖത്തേക്ക് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി... പെട്ടന്നവനെന്താണ് സംഭവിച്ചതെന്നാലോചിച്ചു പാറു പിറകെ ചെന്നു... "ജിത്തേട്ടന് ചോറ് വിളമ്പട്ടെ... " "വേണ്ട... " കനത്ത സ്വരത്തിൽ പറഞ്ഞിട്ടവൻ മുറിയിലേക്ക് കയറി... അവൻ പോവുന്നതും നോക്കിയവൾ നിന്നു.. പിന്നീടൊരു നെടുവീർപ്പോടെ അടുക്കളയിലേക്ക് പോയി...ടീച്ചർ നേരത്തെ തന്നെ കിടന്നിരുന്നു... ജിത്തു വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് അവളിത്രയും നേരം അവൻ വരുന്നതും നോക്കിയിരിപ്പായിരുന്നു...

വയറ്റിൽ നിന്നും വിശപ്പിന്റെ വിളി ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അവൾക്ക് പിന്നീടൊന്നും കഴിക്കാൻ തോന്നിയില്ല... ചോറിൽ വെള്ളമൊഴിച്ചു ഫ്രിഡ്ജിലേക്ക് വെച്ചു അടുക്കളയിലെ ലൈറ്റും ഓഫ്‌ ചെയ്ത് മുറിയിലേക്ക് നടന്നു... അവൾ മുറിയിൽ എത്തിയപ്പോഴേക്കും ജിത്തു ഉറക്കം പിടിച്ചിരുന്നു... പാറു മുറിയിലേക്ക് വരുന്നതും അടുത്തു വന്നു കിടക്കുന്നതുമെല്ലാം അവൻ അറിഞ്ഞെങ്കിലും ഉറക്കം നടിച്ചു കിടന്നു... അവന്റെ ഭാവമാറ്റത്തിൽ മനം നൊന്ത് പാറുവിന് ആ രാത്രിയിൽ ഉറക്കം പോലും വന്നില്ല... പലതവണ അവനോടിക്കാര്യം ചോദിക്കാനായി ഒരുങ്ങിയെങ്കിലും അവളത് വേണ്ടെന്ന് വെച്ചു... ചുരുങ്ങിയ ദിവസം കൊണ്ട് അവൻ തന്നിലേക്ക് പകർന്നു നൽകിയ സ്നേഹവും കരുതലുമെല്ലാം ഓർക്കേ മിഴിക്കോണിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി... തലയിണയിൽ മുഖം അമർത്തി പിടിച്ചവൾ അവനെയോർത്ത് നിശബ്‍ദമായി തേങ്ങി... ***** തുടരെ തുടരെയുള്ള ദിവസങ്ങളിലുള്ള ജിത്തുവിന്റെ അവഗണന പാറുവിനെ വല്ലാതെ തളർത്തി... പലവട്ടം അവനോട് സംസാരിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അവൾക്ക് മുഖം കൊടുക്കാൻ പോലും അവൻ നിന്നില്ല...

ഇരുവരുടേയും പെരുമാറ്റം കണ്ട് ടീച്ചർ പാറുവിനോട് കാര്യം തിരക്കിയെങ്കിലും അവൾ യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. ജിത്തു ഒരാഴ്ചയായി വീട്ടിൽ ഇല്ലായിരുന്നു... ടീച്ചേഴ്സ് ട്രെയിനിങ്ങിന് വേണ്ടി പോയിരിക്കുകയായിരുന്നു... അവിടെ നിന്ന് ടീച്ചറുടെ ഫോണിലേക്ക് വിശേഷങ്ങൾ അറിയാൻ വിളിക്കുമെങ്കിലും പാറുവിനോട് സംസാരിക്കാൻ പോലും തയ്യാറാവാതെ അവൻ ഒഴിഞ്ഞുമാറി... ഇതെല്ലാം പാറുവിൽ കടുത്ത മനോവിഷമത്തിനിടയാക്കി... ഊണും ഉറക്കവുമില്ലാതെ അവൾ തന്റെ മുന്നോട്ടുള്ള ദിവസങ്ങൾ തള്ളിനീക്കി....അവളുടെ അലസമായുള്ള പെരുമാറ്റവും മുഖത്തെ വിഷാദവുമെല്ലാം കാണുമ്പോൾ ടീച്ചർക്കും അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നിതുടങ്ങി... അവർ തന്നോട് വന്നു പറയുന്നത് വരെ അതിനെ കുറിച്ച് കൂടുതൽ ചോദിച്ചു ഉള്ള പ്രശ്നം വലുതാക്കേണ്ട എന്നവരും കരുതി... അന്നൊരു ഞായറാഴ്ചയായിരുന്നു... മനസ്സിന്റെ അസ്വസ്ഥത താങ്ങാൻ കഴിയാതെ വന്നപ്പോൾ പാറു വൈകീട്ട് ക്ഷേത്രത്തിലേക്ക് പോയി... ഭഗവാന്റെ മുന്നിൽ തന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞപ്പോൾ മനസ്സിന്റെ ഭാരം ഒരല്പം കുറഞ്ഞതായി തോന്നി... "പാറു... " തൊഴുത് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്നും മീരയുടെ വിളി കേട്ടത്...

അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി... കോളേജിൽ നിന്നും പിരിഞ്ഞ ശേഷം ഇന്നാദ്യമായാണ് അവർ കാണുന്നത്... ഫോണിലൂടെ മെസ്സേജും വിളികളും ഒക്കെയുണ്ടെങ്കിലും പാറു ഓരോ തിരക്കുകൾ പറഞ്ഞു അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറും... "നീയെന്താടി ഫോൺ വിളിച്ചിട്ട് എടുക്കാത്തത്... പ്രവിയും പറഞ്ഞിരുന്നു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്..... " മീര അവളുടെ അടുത്തെത്തിയതും പരിഭവത്തോടെ പറഞ്ഞു... "വീട്ടിൽ ഇപ്പൊ ഞാനും ടീച്ചറും തനിച്ചല്ലേ... അപ്പൊ അതിന്റേതായ ഓരോ തിരക്കുകൾ... "നിങ്ങളെന്തെ വിളിച്ചത് വിശേഷമെന്തെങ്കിലുമുണ്ടോ...?" "വിശേഷമുണ്ടെങ്കിലേ നിന്നെ വിളിക്കാൻ പാടുള്ളൂ എന്നുണ്ടോ...? " മീര നെറ്റിച്ചുളിച്ചു... പാറു മറുപടിയൊന്നും തന്നെ പറയാതെ നടത്തം തുടർന്നു.. "പ്രവി നാളെ കഴിഞ്ഞാൽ ഗൾഫിലേക്ക് പോവുകയാണ്...അവന്റെ അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക്..." മീരയിൽ നിന്നൊരു നെടുവീർപ്പുയർന്നു... "നീയെന്താ ഒന്നും മിണ്ടാത്തെ...? " ക്ഷമ നശിച്ചപ്പോൾ മീര സ്വരം കടുപ്പിച്ചു... "ഞാൻ പൊക്കോട്ടെ മീരേ... ടീച്ചർ തിരക്കുന്നുണ്ടാവും... " താൻ പറയുന്നതിൽ ഒന്നുമല്ല അവളുടെ ശ്രദ്ധ എന്ന് മനസ്സിലായ മീര തന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി... പാറു തിടുക്കപ്പെട്ട് അവിടെ നിന്നും നടന്നു പോയി...

അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ടെന്ന് മീര മനസ്സിലാക്കി... അല്ലെങ്കിൽ അവളിങ്ങനെ ഒഴിഞ്ഞു മാറില്ല... ചിന്തിച്ചു നിൽക്കെ മീരയുടെ ഉള്ളിൽ അവളെ കുറച്ചോർത്ത് വല്ലാത്തൊരു ആശങ്ക ഉടലെടുത്തു... ****** പാറു വീട്ടിലേക്കെത്തുമ്പോൾ ജിത്തുവിന്റെ ബുള്ളറ്റ് ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു... അവൻ വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി... ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷത്തോടെ അവൾ അകത്തേക്ക് നടന്നു... ഹാളിലെ സോഫയിലിരുന്ന് ചായ കുടിക്കുന്ന ജിത്തുവിനെ കണ്ടതും അവളൊന്ന് നിന്നു... അവനും അവൾ വന്നിരുന്നത് കണ്ടിരുന്നു... ഗ്ലാസ്സിലെ അവസാന തുള്ളി ചായയും കുടിച്ചവൻ ഗ്ലാസ്‌ അവിടെ വെച്ച് അവളെ മറികടന്നു പോയി... ദിവസങ്ങൾക്ക് ശേഷം തമ്മിൽ കണ്ടിട്ടും അവന്റെ സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലല്ലോ എന്നോർക്കേ അവളുടെ ഹൃദയം വേദനിച്ചു....കണ്ണുകൾ അനുവാദത്തിന് കാത്തു നിൽക്കാതെ നിറഞ്ഞു തുടങ്ങിയതും അവൾ മുറിയിലേക്കോടി... തലയിണയിൽ മുഖം അമർത്തി കരയുമ്പോഴും മനസ്സിന്റെ വിങ്ങലിന് ശമനമൊന്നും ഉണ്ടായിരുന്നില്ല... അതിങ്ങനെ തികട്ടി തികട്ടി വരുകയായിരുന്നു... കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം തന്നെ സന്തോഷിപ്പിച്ചത് ഇത്രയും വലിയൊരു സങ്കടക്കടലിലേക്ക് തള്ളിയിടാനായിരുന്നോ...

എന്തിനാ എന്നെ തിരിച്ചു സ്നേഹിച്ചത് അതുകൊണ്ടല്ലേ എനിക്കിന്ന് ഇത്രയും വേദനിക്കേണ്ടി വരുന്നത്... കണ്ണുനീരിനിടയിലും അവൾ പതം പറഞ്ഞു കൊണ്ടിരുന്നു... അമ്പലത്തിൽ നിന്നും വന്ന പാറുവിനെ താഴെയെങ്ങും കാണാതെ വന്നപ്പോൾ തന്റെ നീര് വന്നു വീർത്ത കാലും വെച്ച് ടീച്ചർ പതിയെ കോണിപ്പടികൾ കയറി... മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന പാറുവിനെയാണ് അവർ കണ്ടത്... അവർ അവളുടെ അടുത്ത് പോയിരുന്നു മുടിയിലൊന്ന് തഴുകി... ആ കൈകളുടെ വാത്സല്യച്ചൂട് തിരിച്ചറിഞ്ഞതും പാറു കരഞ്ഞു വിങ്ങിയ മുഖവുമായി എഴുന്നേറ്റിരുന്നു... "നിനക്കെന്താ വയ്യേ കുട്ടി..മുഖമൊക്കെ വല്ലാണ്ടിരിക്കുന്നു... " വേവലാതിയോടെ അവർ ചോദിക്കെ അവളറിയാതെ വിതുമ്പി പോയി... "മോളെ... എന്തു പറ്റി... " അവർ ആധിപൂണ്ടു.. "ഒന്നുല്ല്യ ടീച്ചറെ ചെറിയൊരു തലവേദന... " തങ്ങൾക്കിടയിലെ പ്രശ്നം അവരെക്കൂടെ അറിയിച്ചു വിഷമിപ്പിക്കേണ്ടെന്ന് കരുതി പാറു വായിൽ വന്ന കള്ളം പറഞ്ഞു അവരെ ആശ്വസിപ്പിച്ചു...

"ഇന്നലെ മുഴുവൻ മഴ കൊള്ളുവല്ലായിരുന്നോ അതിന്റെയാവും.. മോള് കിടന്നോ ടീച്ചറ് പോയി ചുക്ക് കാപ്പി കൊണ്ടുവരാം... " വാത്സല്യത്തോടെ പറഞ്ഞിട്ടവർ അവളുടെ അഴിഞ്ഞുലഞ്ഞ മുടി വാരി ചുറ്റി കെട്ടിക്കൊടുത്തു... അവർ പോവുന്നതും നോക്കി പാറു തളർച്ചയോടെ വീണ്ടും കിടക്കാൻ ആഞ്ഞതും വാതിൽക്കൽ എത്തിയ ടീച്ചർ തിരിഞ്ഞുനോക്കി... "പാറു... " അവരുടെ വിളികേട്ട് പാറു തലയുയർത്തി... "നീയും ജിത്തുവും വല്ല പ്രശ്നവും ഉണ്ടോ...?" അവർ നെറ്റിച്ചുളിച്ചു...എന്ത് പറയണം എന്നറിയാതെ പാറു കുറ്റബോധത്തോടെ മിഴികൾ താഴ്ത്തി... "എന്താണെന്നൊന്നും ഞാൻ ചോദിക്കുന്നില്ല... ഈ പിണക്കം അധികം നീട്ടിക്കൊണ്ടുപോവേണ്ടാ... ചിലപ്പോൾ നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനെ അത് കാര്യമായി ബാധിച്ചെന്നിരിക്കും..." ഒരു മുന്നറിയിപ്പോടെ പറഞ്ഞിട്ടവർ അവിടെ നിന്നും പോയി... ടീച്ചർ പറഞ്ഞതിനെ കുറിച്ച് പാറു കാര്യമായി തന്നെ ആലോചിച്ചു... ഇനിയും ഇത് നീട്ടിക്കൊണ്ടു പോവാൻ കഴിയില്ല... ഇന്ന് തന്നെ ഇതിനൊരു പരിഹാരം കാണണമെന്നവൾ ഉറപ്പിച്ചു.........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story