നീയും ഞാനും.. 🧡 ഭാഗം 43

neeyum njanjum shamseena

രചന: ശംസീന

രാത്രിയിൽ ജിത്തു മുറിയിലേക്ക് വരുന്നത് വരേയും പാറു അവനു വേണ്ടി കാത്തിരുന്നു.... നെഞ്ചിലെരിയുന്ന ഞെരിപ്പോട് കണ്ണുനീരായി പുറത്തേക്ക് പെയ്യുന്നുണ്ടെങ്കിലും വാശിയോടെ അവളത് തുടച്ച് മാറ്റി കൊണ്ടിരുന്നു... സമയം രാത്രി മൂന്നിനോട് അടുത്തുകാണും അപ്പോഴാണ് ജിത്തു മുറിയിലേക്ക് വന്നത്... അലസമായ വസ്ത്രവും പാറിപ്പറന്ന മുടിയിഴകളും അവന്റെയുള്ളിലെ സംഘർഷത്തെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു... കട്ടിലിൽ നിശ്ചലമായി ഇരിക്കുന്ന പാറുവിനെ കണ്ടിട്ടും അവനൊന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി... ഫ്രഷായി ഇറങ്ങി വരുമ്പോഴും അവൾ അതേ ഇരുപ്പ് തന്നെ ഇരിക്കുന്നുണ്ടായിരുന്നു... തലതാഴ്ത്തി ഇരുന്നിരുന്ന പാറു അവനെ കണ്ടതും പൊടുന്നനെ തലയുയർത്തി... അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളും വിങ്ങി വീർത്ത മുഖവും കാണെ അവന്റെ നെഞ്ചോന്ന് പിടഞ്ഞെങ്കിലും അവളത് അറിയാതിരിക്കാൻ അവൻ ശ്രമിച്ചു... "ജിത്തേട്ടാ... " കട്ടിലിലേക്ക് കിടക്കാൻ ഒരുങ്ങുന്നവനെ തടഞ്ഞു കൊണ്ടവൾ വിളിച്ചു... "മ്മ് എന്താ... " അത്രയും നേരം ശാന്തമായിരുന്ന അവന്റെ മുഖഭാവം പെട്ടന്ന് മാറി... "എനിക്കൊരു കാര്യം അറിയണം... " ഉറച്ച ശബ്‍ദത്തിൽ അവൾ ചോദിച്ചെങ്കിലും അവൻ മറുപടിയൊന്നും പറഞ്ഞില്ല...

അവൾ എന്താണ് ചോദിക്കാൻ പോവുന്നതെന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു... "എന്നോടെന്തിനാ മിണ്ടാതെ നടക്കുന്നേ..എന്തിനാ ഈ അവഗണന.... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്..." "അറിയണോ നിനക്ക്... " കരച്ചിലോടെ അവൾ ചോദിച്ചത് കേട്ടതും അവൻ അടിമുടി വിറച്ചു.. കോപം കൊണ്ടവന്റെ നെറ്റിയുടെ അരികെയുള്ള ഞെരമ്പുകൾ പോലും വലിഞ്ഞു മുറുകി... അവന്റെ ഭാവം പെട്ടന്ന് മാറിയതും പാറുവിലും നേരിയ ഭയം ഉടലെടുത്തു.. "എന്ത് തെറ്റാടി ഞാൻ നിങ്ങളോടൊക്കെ ചെയ്തത്...ഇത്രയും നാൾ കൂടെ നടന്നു ചതിക്കുകയായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..." "ജിത്തേട്ടാ... " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൻ രൗദ്രഭാവം പൂണ്ടു... ഇന്നുവരെ അവൾ കാണാത്ത ഒരു ജിത്തുവായിരുന്നു അപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്... "മിണ്ടിപ്പോവരുത്...എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇങ്ങനെ നിന്ന് മോങ്ങിയിട്ട് യാതൊരു പ്രയോജനവുമില്ല... എല്ലാ കാലത്തും എന്നെ മണ്ടനാക്കി ഒന്നുമറിയാത്തത് പോലെ എന്നോടൊപ്പം ജീവിക്കാമെന്ന് കരുതിയോ നീ..." അവൻ വിളിച്ചു പറയുന്ന കാര്യങ്ങളുടെ പൊരുൾ അപ്പോഴും അവൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "ജിത്തേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ.. ആര് ആരെ ചതിച്ചൂവെന്നാ...? "

അവൾ നിസ്സഹായയായി അവനെ നോക്കി... "നീ..." അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി... അവന്റെ ചുവന്നു കലങ്ങിയ കണ്ണുകളും വിറകൊള്ളുന്ന അധരങ്ങളും അവന്റെ കോപത്തെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു... "ഇനിയും ഞാൻ വിശദീകരിച്ചു തരണോ...എന്നാൽ കേട്ടോ..." യാതൊരു പ്രതികരണവുമില്ലാതെ നിൽക്കുന്ന വൈഗയുടെ നേരെ അവൻ അലറി... "നീയും നിന്റെ കൂട്ടുകാരും ചേർന്ന് അതി വിദഗ്ദ്ധമായി തയ്യാറാക്കിയ പ്ലാൻ അനുസരിച്ചു വെറും ഒന്ന് രണ്ട് ഫോട്ടോസ് ഉപയോഗിച്ച് എന്റെയും തൻവിയുടെയും വിവാഹം മുടക്കി...ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം തകർത്തു... എന്നിട്ട് എന്ത് നേടിയെടി നീയൊക്കെ...! സ്വന്തം കാര്യം നടക്കാൻ ഇത്രയും തരം താഴ്ന്ന പ്രവർത്തി ചെയ്യുന്ന നിന്നോടാണല്ലോ ഞാൻ സ്നേഹം കാണിച്ചതെന്നോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു..." അവൻ വെറുപ്പോടെ അവളിൽ നിന്നും മുഖം തിരിച്ചു.. അവൻ ഏൽപ്പിക്കുന്ന വാക്കുകളുടെ ആഘാതത്തിൽ അനങ്ങാൻ പോലും കഴിയാതെ അവൾ തറഞ്ഞു നിന്നു... "നിനക്കറിയുമോടി... നീ കാരണം എന്റെ ചങ്കിൽ കൊണ്ട് നടന്നിരുന്ന കൂട്ടുകാരൻ പോലും എന്നിൽ നിന്നും അകന്ന് പോയി...അവന്റെ അവഗണന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു...

ഒരുപക്ഷെ നീയിപ്പോൾ അനുഭവിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി... ഇത്രയും പേരുടെ ഹൃദയത്തെ കീറി മുറിച്ചു വേദനിപ്പിച്ചുകൊണ്ട് നീ എന്ത് നേടിയെടി... എന്റെ സ്നേഹത്തിന് വേണ്ടിയാണോ നീയിതൊക്കെ ചെയ്തത്... എന്നാ കേട്ടോ..ഇനി ജിത്തുവിന്റെ ജീവിതത്തിൽ പാർവണയില്ല... നിന്നെ പോലൊരുവളോട് കുറച്ചെങ്കിലും സ്നേഹം കാണിച്ചു പോയതിന് ഞാൻ ഖേദിക്കുന്നു... ഇനി നീയോ നിന്റെ കൂട്ടുകാരോ എന്റെ കണ്മുന്നിൽ പോലും വന്നു പോവരുത്...അത്രയ്ക്കും വെറുപ്പാണ് എനിക്കിപ്പോൾ നിന്നോട്....ഈ ലോകത്ത് ഞാൻ വെറുക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും... നീ മാത്രം...." അത്രയും പറഞ്ഞിട്ട് മുന്നിൽ നിന്നും കണ്ണുനീർ വാർക്കുന്നവളെ യാതൊരു ദയയും കൂടാതെ തട്ടി മാറ്റി അവൻ കാറ്റു പോലെ പുറത്തേക്ക് പോയി... പാറു തളർച്ചയോടെ ബെഡിലേക്കിരുന്നു... അപ്പോഴും അവൻ പറഞ്ഞതൊന്നും വിശ്വാസത്തിൽ എടുക്കാൻ അവളുടെ മനസ്സ് വിസമ്മതിച്ചു കൊണ്ടിരുന്നു... താൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു ജിത്തേട്ടൻ വിളിച്ചു പറഞ്ഞിരുന്നത്.. തൻവി മിസ്സിനേയും ജിത്തേട്ടനേയും അകറ്റി ആ സ്ഥാനത്തേക്ക് കയറി വരണമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല...അവിനാഷിനെ ഞാൻ മനപ്പൂർവം ചതിച്ചിട്ടില്ല...

പക്ഷേ ഇതിനിടയിൽ പ്രവിയും മീരയും എന്ത് ചെയ്തു... അവരായിരുന്നോ ആ ഫോട്ടോക്ക് പിന്നിൽ... ചിന്തകൾ ഹൃദയം വേദനിപ്പിച്ചു കൊണ്ടിരുന്നപ്പോൾ പാറു ബെഡിലിരുന്ന ഫോണെടുത്ത് സമയം പോലും നോക്കാതെ മീരക്ക് വിളിച്ചു...സത്യാവസ്ഥ എന്താണെന്നറിയാൻ അവളുടെ ഉള്ളം വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു... പുലർച്ചേയുള്ള ഫോണിന്റെ അലറൽ കേട്ടാണ് മീര ഉറക്കം ഞെട്ടിയത്... പാറുവിന്റെ നമ്പർ കണ്ടതും നേരിയ ഭയത്തോടെ ഫോണെടുത്ത് ചെവിയിലേക്ക് ചേർത്തു.. "ഹെലോ... " "ഇങ്ങോട്ടൊന്നും പറയേണ്ട... ഞാൻ പറയുന്ന കാര്യങ്ങൾ സത്യമാണോ അല്ലയോ എന്ന് മാത്രം എനിക്കറിഞ്ഞാൽ മതി... " അവളുടെ ഉറച്ച ശബ്‍ദം കേൾക്കെ മീരയുടെ ഹൃദയം വേഗത്തിൽ ഇടിച്ചു തുടങ്ങി... "എന്റെയും അവിനാഷിന്റെയും വിവാഹം മുടക്കിയതിന് പിന്നിൽ നിങ്ങളാണോ എന്ന് ...? അവിനാഷിന്റെയും തൻവി മിസ്സിന്റെയും വീടുകളിലേക്ക് എന്റെയും ജിത്തേട്ടന്റെയും ഫോട്ടോ അയച്ചത് നിങ്ങളാണോ...?" പാറുവിൽ നിന്നും ഉതിർന്നു വീണ ചോദ്യങ്ങൾ ശരം കണക്കെ മീരയുടെ നെഞ്ചിൽ വന്നു തറച്ചു...കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ കനത്ത തണുപ്പിലും അവളിരുന്ന് വിയർത്തു...മറുപടി പറയാൻ കഴിയാതെ നാവിൽ കൂച്ചു വിലങ്ങ് വീണത് പോലെയായി...

"പറ മീരേ.. എനിക്കറിയണം എന്താ നടന്നതെന്ന്... " പാറുവിന്റെ ശബ്‍ദം വീണ്ടും കാതുകളിൽ വന്നു പതിച്ചു.. "പാറു... നീ ഞാൻ പറയുന്നതൊന്ന് ആദ്യം കേൾക്ക്... " അവൾ പതറിക്കൊണ്ട് ആമുഖത്തോടെ പറഞ്ഞു തുടങ്ങിയതും പാറുവിന് കാര്യങ്ങൾ മനസ്സിലായിരുന്നു... താനിക്കത്രയും പ്രിയപ്പെട്ട കൂട്ടുകാർ തന്നോടിത് പോലൊരു ചതി ചെയ്തതോർക്കേ മനസ്സിനൊപ്പം ശരീരവും തളർന്നു തുടങ്ങി.... "എനിക്കൊന്നും കേൾക്കണ്ട മീരേ...എന്നാലും എന്നോടിത് വേണ്ടായിരുന്നു... എത്രയൊക്കെ എന്റെ നന്മയെ കരുതിയിട്ടാണെങ്കിലും ഇങ്ങനൊരു ചതി വേണ്ടായിരുന്നു... ഒരു പെണ്ണിന്റെ ജീവിതം തകർത്തു നിങ്ങളെന്നെ സന്തോഷിപ്പിക്കരുതായിരുന്നു... കഴിയുന്നില്ലെടി എനിക്കീ വേദന താങ്ങാൻ... എല്ലാം മറന്നു ജീവിച്ചു തുടങ്ങുയതല്ലായിരുന്നോ ഞാൻ... എന്നിട്ടും വീണ്ടും എന്തിനാ നിങ്ങളെന്നിൽ ജിത്തേട്ടനോടുള്ള മോഹം കുത്തി നിറച്ചത് അതുകൊണ്ടല്ലേ എനിക്ക് വീണ്ടും വീണ്ടും വേദനിക്കേണ്ടി വന്നത്..അത് മാത്രമോ എനിക്ക്.. എനിക്കെന്റെ വിച്ചേട്ടനെയും അമ്മയേയും എന്നുന്നേക്കുമായി നഷ്ടപ്പെടുത്തിയില്ലേ നിങ്ങൾ... പൊറുക്കില്ല മീരേ ഒരിക്കലും പൊറുക്കില്ല ഞാൻ നിങ്ങളോട്..." ആർത്തു കരഞ്ഞുകൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു...

"പാറു.. നീ ഞാൻ പറയുന്നതൊന്ന് കേൾക്കെടി... " മീര പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടും അവൾ പറയുന്നത് പോലും കേൾക്കാൻ നിൽക്കാതെ പാറു കയ്യിലുള്ള ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു... എന്തിനാ... എന്തിനാ എന്നോടിങ്ങനെ ചെയ്തത്... എനിക്കറിയാം എന്നോടുള്ള സ്നേഹത്തിന്റെ പുറത്താണ് നിങ്ങളിങ്ങനെ ചെയ്തതെന്ന്... പക്ഷേ അതെനിക്ക് കൂടുതൽ കൂടുതൽ വേദന നൽകുകയല്ലേ ചെയ്തത്.. ജിത്തേട്ടൻ എന്നെ വെറുത്തില്ലേ... ഉപേക്ഷിച്ചില്ലേ... എനിക്കിപ്പോൾ ആരുമില്ല... ആരുമില്ല...ഈ പാറു എന്നും തനിച്ചാണ്... ആരും കൂട്ടിനില്ലാതെ ആരുടേയും ആശ്വാസ വാക്കുകളില്ലാതെ തനിച്ചാണെന്നും... "നിന്നെ സ്നേഹിച്ചു പോയതിൽ ഞാൻ ഖേദിക്കുന്നു... ഇന്ന് ലോകത്ത് ഞാൻ വെറുക്കുന്ന ഒരേ ഒരാൾ നീ മാത്രമായിരിക്കും....നീ മാത്രം..." ജിത്തുവിന്റെ വാക്കുകളും അവന്റെ കണ്ണുകളിൽ കാണുന്ന അവളോടുള്ള വെറുപ്പും ആലോചിക്കെ ഹൃദയം മുറിവേറ്റ് കൊണ്ടിരുന്നു....ആ മുറിവിൽ നിന്നും രക്തം വാർന്നൊഴുകിയിട്ടും അവളുടെ ഉള്ളിലെ കനൽ മാത്രം കെട്ടടങ്ങിയില്ല............കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story