നീയും ഞാനും.. 🧡 ഭാഗം 44

neeyum njanjum shamseena

രചന: ശംസീന

നേരം വെളുത്ത് ഒരുപാടായിട്ടും പാറുവിനെ താഴേക്ക് കാണാത്തത് കൊണ്ടാണ് ടീച്ചർ മുകളിലുള്ള അവളുടെ മുറിയിലേക്ക് പോയത്... മുറ്റത്ത് ബുള്ളറ്റ് കാണാത്തതിനാൽ ജിത്തു അവിടെയില്ലെന്ന് അവർക്ക് മനസ്സിലായിരുന്നു... അവര് തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ അവർക്കൊട്ടും സമാധാനവും ഉണ്ടായിരുന്നില്ലതാനും... "ഈ കുട്ടിക്കിതെന്തു പറ്റിയോ ആവോ.." അവർ വേവലാതിയോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... മുറിയുടെ മുന്നിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്.. "പാറു.. പാറു... " അവർ കുറേ തട്ടി വിളിച്ചെങ്കിലും യാതൊരു പ്രതികരണവും അകത്തു നിന്നും ഉണ്ടായില്ല... അവർക്കുള്ളിൽ വല്ലാത്തൊരു വെപ്രാളം ഉടലെടുത്തു... എന്ത് ചെയ്യണമെന്നറിയാതെ അവർ തളർച്ചയോടെ ചുവരിലേക്ക് ചാരി നിന്നു... അപ്പോഴും തൊണ്ട പൊട്ടും കണക്കെ അവർ അവളെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു... ഇനിയും സമയം വൈകിച്ചു കൂടാ എന്ന് തോന്നി എങ്ങനെയൊക്കെയോ താഴെയെത്തി ജിത്തുവിന്റെ ഫോണിലേക്ക് വിളിച്ചു... അടിക്കുന്നുണ്ട് എന്നല്ലാതെ അവൻ അതെടുത്തില്ല... ടീച്ചർ വെപ്രാളത്തോടെ പുറത്തേക്കിറങ്ങി...തൊടിയിലെ തെങ്ങിൽ നിന്നും തേങ്ങയിട്ടിരുന്ന നാരായണന്റെ അടുത്തേക്കോടി...

"നാരായണാ ഒന്നങ്ങട് വന്നു നോക്കിക്കേ.. വിളിച്ചിട്ട് ആ കുട്ടി വാതിൽ തുറക്കുന്നില്ല...എനിക്കാകെ പേടിയാവുന്നു..." വിയർത്തു കുളിച്ചു പരിഭ്രമത്തോടെ പറയുന്ന ടീച്ചറെയൊന്ന് നോക്കിക്കൊണ്ടയാൾ അകത്തേക്കോടി... അവരുടെ വെപ്രാളം പിടിച്ച ഓട്ടവും ബഹളവുമെല്ലാം കണ്ടത് കൊണ്ടാവണം അയൽവക്കത്ത് നിന്നും ഒന്ന് രണ്ട് പേര് കൂടെ ഓടിവന്നു... അവരെല്ലാം കൂടെ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചു അകത്തേക്ക് കയറി... മുറിയിലൊന്നും അവളെ കണ്ടില്ല... ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്‍ദം കേട്ട് ടീച്ചർ വാതിൽ തുറന്നു നോക്കി... "അയ്യോ എന്റെ കുഞ്ഞേ..." അവരൊരു നിലവിളിയോടെ അടുത്തേക്ക് ചെന്നു... കയ്യിലെ ഞെരമ്പ് മുറിച്ചു രക്തത്തിൽ കുളിച്ചു കിടക്കുന്ന പാറുവിനെ കണ്ട് കൂടെ വന്നിരുന്നവരും ആദ്യമൊന്ന് പകച്ചു.. പിന്നെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ അവളേയും എടുത്ത് കൊണ്ടവർ ഹോസ്പിറ്റലിലേക്കോടി... ***** രാത്രിയിൽ പാറുവിനോട് കലഹിച്ചു വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ജിത്തു ഉച്ചയോട് അടുക്കുമ്പോഴാണ് തിരികെ വരുന്നത്...

ഉമ്മറത്തെ വാതിലും മറ്റും തുറന്നു കിടക്കുന്നത് കണ്ടവൻ നെറ്റിച്ചുളിച്ചു അകത്തേക്ക് കയറി.. സാധാരണ അങ്ങനെ വാതിൽ തുറന്നിടാത്ത പതിവുള്ളതാണ്.. "അമ്മേ അമ്മേ... " വീട് മുഴുവൻ നടന്നു തിരഞ്ഞിട്ടും അവൻ ആരേയും കണ്ടില്ല... മുകളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് കോണിപ്പടികളിൽ അങ്ങിങ്ങായി ചോരത്തുള്ളികൾ കാണുന്നത്... അവന്റെ ഉള്ളൊന്ന് കാളി... ഓടിപിടച്ചു മുറിയിലെത്തിയപ്പോഴും അവിടേയും ഉണ്ടായിരുന്നു ചോരത്തുള്ളികൾ... അവന്റെയുള്ളിൽ ആവശ്യമില്ലാത്ത ഓരോ ചിന്തകൾ കടന്നു കൂടിയതും വെപ്രാളത്തോടെ താഴേക്ക് തന്നെയോടി.. അമ്മയുടെ ഫോണിലേക്ക് അടിച്ചു നോക്കിയെങ്കിലും അത് വീട്ടിൽ നിന്ന് തന്നെ റിങ് ചെയ്യുന്നുണ്ടായിരുന്നു... "കുഞ്ഞേ... " ഉമ്മറത്ത് നിന്നും നിന്നും ആരോ വിളിക്കുന്നത് കേട്ടതും അവൻ അവിടേക്ക് ചെന്നു..അപ്പുറത്തെ വീട്ടിലെ ആളായിരുന്നു വന്നത്.. "എന്താ ചേച്ചി... " ചെറിയ കിതപ്പോടെ അവൻ ചോദിച്ചു... "ഇവിടുത്തെ മോള് കൈ ഞെരമ്പ് മുറിച്ചു.. എല്ലാവരും കൂടെ ആ കുട്ടിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിരിക്കുവാ... കുഞ്ഞ് അറിഞ്ഞില്ലായിരുന്നോ... " അവർ സംശയ ഭാവത്തോടെ അവനെ ചൂഴ്ന്നു നോക്കി.. "ഇ.. ഇല്ല... ഞാൻ സ്ഥലത്തില്ലായിരുന്നു..

." വിവരം അറിഞ്ഞതിന്റെ പകപ്പ് അവനിൽ നിന്ന് അപ്പോഴും വിട്ടു മാറിയിട്ടില്ലായിരുന്നു...വെപ്രാളത്തോടെയവൻ ഉമ്മറത്തെ വാതിൽ ചാരി ബൈക്കും എടുത്ത് ഹോസ്പിറ്റലിലിലേക്ക് പോയി... ***** "ഇവിടെ കുറച്ചു മുന്നേ കൊണ്ടുവന്ന പാർവണ.. " കിതച്ചു കൊണ്ടവൻ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു.. "ആ സൂയിസൈഡ് കേസ് അല്ലേ... Icu വിൽ ആണ്. സെക്കന്റ്‌ ഫ്ലോർ... " അവൻ പരിഭ്രാന്തിയോടെ അങ്ങോട്ട് ഓടുന്നത് ആളുകൾ പകപ്പോടെ നോക്കുന്നുണ്ടായിരുന്നു... Icu വിന് മുന്നിലെത്തിയതും കരഞ്ഞു തളർന്നു കസേരയിൽ ഇരിക്കുന്ന ടീച്ചറെ കാണെ അവന്റെ കാലുകൾ നിശ്ചലമായി... ഒരുവേള അവരുടെ അടുത്തേക്ക് ചെല്ലാൻ പോലും അവൻ ഭയപ്പെട്ടു..പിന്നീട് എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ അവൻ അവരുടെ അടുത്തേക്ക് ചെന്നു... "അമ്മേ. " അടുത്ത് നിന്നും അവന്റെ സ്വരം കേട്ടതും കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകൾ കൊണ്ടവർ അവനെ തലയുയർത്തി നോക്കി... "അമ്മേ.. പാറു എവിടെ... " അവന്റെ ചോദ്യത്തിന് മറുപടിയായവർ പൊടുന്നനെ കസേരയിൽ നിന്നും എഴുന്നേറ്റ് അവന്റെ കവിളിൽ ആഞ്ഞടിച്ചു... കണ്ടു നിന്നവർ പോലും ഒരു നിമിഷം ശ്വാസമടക്കി നിന്നു... "സമാധാനമായില്ലേടാ നിനക്ക്... ആ പാവം കൊച്ചിനെ കൊലക്ക് കൊടുത്തപ്പൊ തൃപ്തിയായില്ലേ..."

പൊട്ടിക്കരഞ്ഞവർ അവന്റെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു... "അമ്മേ... " ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു.. അമ്മയുടെ അടിയേക്കാൾ അവനെ വേദനിപ്പിച്ചത് ടീച്ചറിന്റെ വാക്കുകളായിരുന്നു... "വിളിച്ചു പോകരുത് നീയെന്നെയങ്ങനെ... പൊക്കോണം എന്റെ കണ്മുന്നിൽ നിന്ന്... എന്റെ കൊച്ചിന് വല്ലതും പറ്റിയാൽ വെറുതെ വിടില്ല നിന്നെ ഞാൻ... " കണ്ണുകൾ തുറിപ്പിച്ചു രൗദ്ര ഭാവത്തോടെ പറഞ്ഞിട്ടവർ അവനെ പിറകിലേക്ക് തള്ളി... ജിത്തു വിറയലോടെ ചുവരിലേക്ക് ചേർന്നു നിന്നു... ഇന്നലെ പെട്ടന്നുണ്ടായ ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുമ്പോൾ കരുതിയില്ല അവളിങ്ങനെയൊരു കടും കൈ ചെയ്യുമെന്ന്.. അറിയാതെയാണെങ്കിലും താനും അതിന് കാരണക്കാരൻ ആണല്ലോ എന്നോർക്കേ അവന്റെയുള്ളിൽ കുറ്റബോധം നിറഞ്ഞു തുടങ്ങി... "നിന്നോട് പോവാനല്ലേ പറഞ്ഞത് ജിത്തു... "

വീണ്ടും അവിടെ തന്നെ നിൽക്കുന്ന ജിത്തുവിനെ കണ്ടവർ ശബ്‍ദമുയർത്തി... പിന്നീടവിടെ നിൽക്കാതെ കണ്ണുനീരോടെയവൻ പുറത്തേക്കിറങ്ങി.... പാറുവിനെ കുറിച്ചോർക്കുന്തോറും ഏത് നശിച്ച നേരത്താണാവോ തനിക്കങ്ങനെ പറയാൻ തോന്നിയതെന്നോർത്ത് അവൻ സ്വയം ശപിച്ചു കൊണ്ടിരുന്നു...അവളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയാതെ അവൻ ഇരുന്ന് ഉരുകി... എന്ത് ചെയ്യണമെന്നറിയാതെ വെരുകിനെ പോലെ വെപ്രാളം പൂണ്ടു എന്തൊക്കെയോ കാണിച്ചു കൂട്ടി... ഒടുവിൽ സമാധാനം നഷ്ടപ്പെടുമെന്ന് തോന്നിയതും icu വിന് അടുത്തേക്ക് തന്നെ ചെന്നു... വിവരങ്ങൾ അറിയാൻ അമ്മ കാണാതെ ഒരിടത്തു മറഞ്ഞു നിന്നു...കുറച്ചു സമയം കഴിഞ്ഞതും icu വിന് അകത്തു നിന്നും ഡോക്ടർ പുറത്തേക്കുവന്നു... അദ്ദേഹം പറയുന്നത് എന്താണെന്നറിയാൻ അവൻ അക്ഷമയോടെ കാത്തു നിന്നു..........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story