നീയും ഞാനും.. 🧡 ഭാഗം 45

neeyum njanjum shamseena

രചന: ശംസീന

ഡോക്ടർ പുറത്തേക്ക് വന്നതും ടീച്ചർ തന്റെ തളർച്ച പോലും മറന്നുകൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു... "ഡോക്ടറേ എന്റെ മോള്... " തോരാത്ത കണ്ണുനീരാൽ അവർ ചോദിച്ചു... "അമ്മ വരൂ... നമുക്ക് അകത്തിരുന്ന് സംസാരിക്കാം... " അദ്ദേഹം ടീച്ചറേയും കൂട്ടി കൺസൽറ്റിങ് മുറിയിലേക്ക് കയറി... ജിത്തുവിനാകെ പരവേശമായി.. അവർ അകത്തു കയറിയതിനാൽ അവനൊന്നും കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല... അവൻ ആശുപത്രി വരാന്തയിലൂടെ ഒരു വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... കുറച്ചു കഴിഞ്ഞതും ടീച്ചർ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നതവൻ കണ്ടു... അമ്മയോട് നേരിട്ട് പോയി വിവരങ്ങൾ ചോദിക്കാമെന്നു വെച്ചാൽ തന്നോടുള്ള ദേഷ്യത്തിന് പുറത്ത് ഒന്നും പറയണമെന്നില്ല... അമ്മ അവിടെ നിന്നൊന്ന് മാറിയിരുന്നെങ്കിൽ തനിക്ക് ഡോക്ടറെ നേരിൽ പോയിക്കണ്ടു വിവരങ്ങൾ തിരക്കാമായിരുന്നു... അങ്ങനെയൊരു അവസരത്തിനായി അവൻ കാത്തിരുന്നു... ദൈവം തുണയായെന്ന് വേണമെങ്കിൽ പറയാം ടീച്ചർ ഫാർമസിയിലേക്ക് പോവുന്നതവൻ കാണാനിടയായി...

പിന്നീടൊട്ടും സമയം പാഴാക്കാതെ അവൻ ഡോക്ടറുടെ മുറിയിലേക്ക് നടന്നു... അദ്ദേഹത്തിന്റെ അനുവാദം വാങ്ങി അകത്തേക്ക് പ്രവേശിക്കുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു... ശീതീകരിച്ച ആ മുറിക്കുള്ളിലിരുന്നവൻ വിയർത്തു കുളിച്ചു... "മനസ്സിലായില്ല... " കൺസൽറ്റിങ് സമയം അല്ലാത്തത് കൊണ്ട് പേഷ്യന്റ് ആയിരിക്കില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു... അതുകൊണ്ട് തന്നെയാണ് അങ്ങനെ ചോദിച്ചതും.. "ഞാൻ പാറുവിന്റെ.. അല്ല പാർവണയുടെ ഹസ്ബെന്റ്..." അവൻ സ്വയം പരിചയപ്പെടുത്തി... "ഓ. യെസ് മനസ്സിലായി...ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നല്ലോ...വേറെ എന്തെങ്കിലും ചോദിക്കാനാണോ വന്നത് .." അദ്ദേഹം അവനെയൊന്ന് ചൂഴ്ന്ന് നോക്കി... "അത് ഡോക്ടർ ഞാനും പാർവണയെ കുറിച്ചറിയാൻ വേണ്ടി വന്നതാണ്.. അമ്മയെ അവിടെയെങ്ങും കണ്ടില്ല.. എന്നാ പിന്നെ ഡോക്ടറേ നേരിൽ കണ്ട് ചോദിക്കാമെന്ന് കരുതി..." ജിത്തു പതർച്ചയോടെ ഡോക്ടറുടെ മുന്നിലൊരു കള്ളം പറഞ്ഞു... " കൊണ്ടു വരുമ്പോൾ കുട്ടിയുടെ കണ്ടീഷൻ ഒരല്പം മോശമായിരുന്നു... പക്ഷേ തക്ക സമയത്തെത്തിച്ചത് കൊണ്ട് ദൈവം തുണച്ചെന്ന് പറയാം...ഇപ്പോഴും ഒബ്സെർവേഷനിലാണ്... ബോധം വീണാൽ നിങ്ങൾക്ക് കയറിക്കാണാം... "

അദ്ദേഹം വളരെ സൗമ്യതയോടെ പറഞ്ഞു... ജിത്തുവിന്റെ ഉള്ളിൽ ഒരല്പം ആശ്വാസം പടർന്നു.. "താങ്ക്യൂ ഡോക്ടർ... " "ഹാ പിന്നെ... " അവൻ പോവാനായി എണീറ്റതും അദ്ദേഹം വീണ്ടും കാര്യമായെന്തോ പറയാനൊരുങ്ങി... "Mr... " അവന്റെ പേരറിയാതെ ഡോക്ടറൊന്ന് നിർത്തി.. "ജിതിൻ... " അവൻ പറഞ്ഞു... "ഹാ. ജിതിൻ..അറിയാലോ ഇതൊരു ആത്മഹത്യാ ശ്രമമാണ്... നിയമപരമായി നോക്കുവാണേൽ ഇതൊരു കുറ്റകൃത്യമാണ് മൂന്ന് മാസം വരെ തടവ് കിട്ടിയേക്കാവുന്ന കുറ്റകൃത്യം... പിന്നെ അറിയാലോ ഒരു ഹോസ്പിറ്റൽ എന്ന് പറയുമ്പോ അവിടെ അതിന്റേതായ റൂൾസ് ആന്റ് റെഗുലേഷൻസ് ഉണ്ടാവും... അതുകൊണ്ട് ഈ വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട് അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു... തന്നോടും ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ..." ഗൗരവത്തോടെ പറയുന്ന ഡോക്ടറുടെ മുഖത്തേക്കവൻ നിർവികാരമായി നോക്കിയിരുന്നു... പിന്നീടൊന്നും മിണ്ടാതെ മുറിവിട്ട് പുറത്തേക്കിറങ്ങി... ജിത്തു ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട ഗൗരി ടീച്ചർ ദേഷ്യത്തോടെ അവനെ ദഹിപ്പിച്ചു നോക്കി മുഖം തിരിച്ചു...

താനതിന് അർഹനാണെന്ന തിരിച്ചറിവോടെ അവൻ തലയും താഴ്ത്തി അവിടെ നിന്നും നടന്നകന്നു... **** രണ്ട് ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി... ജിത്തു ഹോസ്പിറ്റലിൽ ടീച്ചറുടെ മുന്നിൽപ്പെടാതെ പാറുവിന് വേണ്ടി കാത്തിരുന്നു... പാറു icu വിൽ ആയതിനാൽ ടീച്ചർ വീട്ടിലും ഹോസ്പിറ്റലിലുമായി മാറി മാറി നിന്നു...ഇടക്ക് ടീച്ചർ അവളെ കയറി കാണുമായിരുന്നു...ജിത്തു കാണാൻ വന്നാൽ കാണിച്ചു കൊടുക്കരുതെന്ന് അവർ നഴ്സിനോട് നേരത്തേ പറഞ്ഞിരുന്നു...അതുകൊണ്ട് തന്നെ ജിത്തുവിന് അവളെ കയറിക്കാണാനും സാധിച്ചില്ല...നാട്ടിൽ അധികമാരും അറിഞ്ഞിരുന്നില്ല പാറുവിന്റെ കാര്യം...ടീച്ചർക്കും അതൊരു ആശ്വാസമായിരുന്നു... ഉച്ചയോടെ പാറുവിനെ മുറിയിലേക്ക് മാറ്റുമെന്ന് രാവിലെ ഡോക്ടർ റൗണ്ട്സിന് വന്നപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു... അവളെ മുറിയിലേക്ക് മാറ്റുന്ന സമയമായതും കിരണും ജ്യോതിയും അങ്ങോട്ടേക്ക് വന്നു... മോളെ കൊണ്ടു വന്നിട്ടില്ലായിരുന്നു.... വിസിറ്റേഴ്‌സ് ഏരിയയിൽ ഇരിക്കുന്ന ജിത്തുവിനെ അവർ കണ്ടിരുന്നെങ്കിലും കണ്ടതായി ഭാവിച്ചില്ല.. അതവനെ ഏറെ വേദനിപ്പിച്ചു... പാറുവിനെ മുറിയിലേക്ക് കൊണ്ടുവന്നു... ജ്യോതിയും കൂടെയുണ്ടായിരുന്ന ഒരു നഴ്സും കൂടെ ചേർന്ന് അവളെ കട്ടിലിലേക്ക് കിടത്തി...

പാറുവിനെ ഒരു നോക്ക് കാണാനായി ജിത്തു കൂടെ ചെന്നെങ്കിലും അവനെ കണ്ട് ജ്യോതി വാതിൽ ചേർത്തടച്ചു... നിരാശമുറ്റിയ മുഖത്തോടെ തിരിഞ്ഞു പോവാൻ മനസ്സവദിക്കാതെ അവൻ ആ അടഞ്ഞ വാതിലിനു മുന്നിൽ പ്രതീക്ഷയോടെ നിന്നു... പാറുവിന് അവരുടെയെല്ലാം മുഖത്തേക്ക് നോക്കാൻ നന്നേ വിഷമം തോന്നി... ഒരു നിമിഷത്തെ പൊട്ട ബുദ്ധിക്കാണേലും തന്നെ ജീവനോളം സ്നേഹിക്കുന്ന ടീച്ചറേയും മറ്റുള്ളവരെയും മറന്നല്ലോ എന്നോർക്കേ അവൾക്ക് സ്വയം വെറുപ്പ് തോന്നി... ടീച്ചറും കണ്ണുകൾ നിറച്ചു കൊണ്ടവളെ നോക്കിയെന്നല്ലാതെ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല... നഴ്സ് ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറഞ്ഞിട്ടാണ് മുറിവിട്ട് പുറത്ത് പോയത്... ടീച്ചർ വീട്ടിൽ നിന്നും കൊണ്ടുവന്ന കഞ്ഞി ഒരു പരന്ന പാത്രത്തിലേക്കെടുത്ത് ചൂടാറ്റി അവൾക്ക് കോരിക്കൊടുത്തു... നിറ കണ്ണുകളോടെ അവളത് വാങ്ങി കുടിക്കുമ്പോഴും ടീച്ചർ അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല... ഇടയ്ക്കവർ നേര്യത്തിന്റെ തുമ്പ് കൊണ്ട് കണ്ണും മൂക്കും തുടക്കുന്നുണ്ടായിരുന്നു... ഉള്ളിലുള്ള സങ്കടക്കടൽ പാറു അറിയാതിരിക്കാൻ അവർ നന്നേ പാടുപ്പെട്ടു... കഞ്ഞി കുടിപ്പിച്ചു കഴിഞ്ഞ് ടീച്ചർ എണീക്കാൻ ഒരുങ്ങിയതും പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവരുടെ മാറിലേക്ക് വീണു...

ആ നിമിഷം ടീച്ചറുടെയും പിടിവിട്ട് പോയിരുന്നു... അവരും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു... "എന്തിനാ കുഞ്ഞേ നീയീ കടും കൈ ചെയ്തത്..ആരെ തോൽപ്പിക്കാനാ നീ നോക്കിയത്...ഈ പാവം കിളവിയെയോ..." കരച്ചിലിനിടയിലും അവർ പതം പറഞ്ഞു... "ആരേയും തോൽപ്പിക്കാനല്ല ടീച്ചറേ...നിക്ക് സഹിക്കാൻ കഴിയാത്തോണ്ടാ ഞാൻ..." അവളുടെ തേങ്ങലുകൾ ഉച്ചത്തിലായി.. "സാരമില്ല പോട്ടെ... ഇനി ഇങ്ങനെയൊന്നും കാണിക്കരുത്.. ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ... എന്റെ വയറ്റിൽ പിറന്നില്ലന്നേയുള്ളൂ നീയും എനിക്ക് മോള് തന്നെയാ..." ഇവരുടെ സങ്കടം പറച്ചിലും കരച്ചിലും ഇപ്പോഴൊന്നും തീരില്ലെന്ന് കണ്ടതും ജ്യോതിയും കിരണും കൂടെ അവരെ പിടിച്ചു മാറ്റി... കിരൺ അവളെ ഓക്കേയാക്കാൻ വേണ്ടി തമാശകൾ ഓരോന്നായി പറയുന്നുണ്ടെങ്കിലും പൂർണമായും അവൾക്കതിൽ മനസ്സറിഞ്ഞു ചിരിക്കാൻ കഴിഞ്ഞില്ല... ഇടയ്ക്കിടെ കണ്ണുകൾ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നീളും...

എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും മനസ്സ് വീണ്ടും വീണ്ടും അവനെ തേടുന്നത് പോലെ..അവൻ പറഞ്ഞ വാക്കുകളെല്ലാം മനസ്സിൽ കിടന്നു വിങ്ങിപ്പൊട്ടിയിട്ടും അവൻ തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയിൽ അവളിരുന്നു... അല്പ സമയം കഴിഞ്ഞതും രണ്ട് പോലീസുകാർ മുറിയിലേക്ക് കടന്നു വന്നു...സ്ഥലം എസ് ഐ യും കോൺസ്റ്റബിളും ആയിരുന്നു വന്നിരുന്നത്...അവർ പാറുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു...പരീക്ഷയിൽ തോറ്റു പോകുമോ എന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നവൾ പറഞ്ഞു.. പോലീസുകാർക്ക് പൂർണമായും അത് വിശ്വാസം വന്നില്ലെങ്കിലും അവർ അവരുടെയെല്ലാം മൊഴി രേഖപ്പെടുത്തി മുറിവിട്ട് പോയി... "ജിതിൻ... " കണ്ണുകളടച്ചിരിക്കുന്ന ജിത്തുവിനെ എസ് ഐ പരിചിത ഭാവത്തോടെ തട്ടി വിളിച്ചു... അവൻ കണ്ണുകൾ തുറന്നതും മുന്നിൽ നിൽക്കുന്ന പോളിനെ കണ്ട് കണ്ണുകൾ വിടർന്നു... "ഇപ്പോ ഇവിടെ കിടന്നാണോ ഉറക്കം..." പോൾ തമാശ രൂപേണ ചോദിച്ചതും ജിത്തു മെല്ലെയൊന്ന് ചിരിച്ചു.. "നീയെന്താ ഇവിടെ...കോളേജ് കഴിഞ്ഞു ഇപ്പോഴാണല്ലോ നിന്നെ കാണുന്നത്.... " ജിത്തു ഉള്ളിലെ നോവ് മറച്ചു പിടിച്ചു കുശലാന്യോഷണം നടത്തി... "ഞാനിവിടെ ഒരു കേസുമായി ബന്ധപ്പെട്ട് വന്നതാ... ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു...

അവർക്കിതും ചെയ്ത് മിണ്ടാതെ അവിടെയിരുന്നാൽ മതി പുലിവാൽ പിടിക്കുന്നത് ഞങ്ങളെപ്പോലുള്ള പാവം പോലീസുകാരാണല്ലോ... " സംസാരത്തിനിടയിൽ അവർ രണ്ട് പേരും മുന്നോട്ട് നടന്നു.. "എടാ അതെന്റെ വൈഫാണ്.. " ജിത്തു ചെറിയൊരു മടിയോടെ പറഞ്ഞു... "What... പാർവണയാണോ തന്റെ വൈഫ് അപ്പോൾ തൻവി..." പോൾ വിശ്വാസം വരാത്ത മട്ടിൽ ചോദിച്ചു... ജിത്തു അവരുടെ വിവാഹം മുതൽ പാറുവിന്റെ ആത്മഹത്യാ ശ്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ പോളിന്റെ മുന്നിൽ അവതരിപ്പിച്ചു...കേസിൽ നിന്നും പാറുവിനെ എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പറഞ്ഞു.. "ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്... ധരിച്ചിരിക്കുന്ന കാക്കിയോട് കാണിക്കുന്ന നീതികേടാണ്.. എന്നാലും സാരമില്ല നിനക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോൾ ഒരാശ്വാസം.. ഇനിയിപ്പോ ഇതിന് പിന്നാലെ നടന്നു നിന്റെ പെണ്ണിന്റെ ഭാവിയും തുലയേണ്ട..." എല്ലാം കേട്ട് കഴിഞ്ഞു ചെറു ചിരിയോടെ പോൾ പറഞ്ഞു.. നന്ദി സൂചകമായി ജിത്തു അവനെ കെട്ടിപ്പിടിച്ചു... വേറെ ഒന്നു രണ്ടിടത്ത് കൂടെ പോവാനുണ്ടെന്നും പിന്നീട് സമയം പോലെ കാണാമെന്നും പറഞ്ഞു സൗഹൃദ സംഭാഷണം അവിടെ അവസാനിപ്പിച്ചു അവർ പിരിഞ്ഞു.........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story