നീയും ഞാനും.. 🧡 ഭാഗം 46

neeyum njanjum shamseena

രചന: ശംസീന

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം പാറുവിനേയും കൊണ്ട് ടീച്ചറും ജ്യോതിയും വീട്ടിലേക്ക് മടങ്ങി... അവിടെ എത്തിയാലെങ്കിലും അവളെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിയുമല്ലോയെന്ന് ജിത്തു നിനച്ചിരുന്നു... അവൻ വീട്ടിലെത്തുമ്പോൾ ജ്യോതിയും കിരണും പോകാൻ നിൽക്കുവായിരുന്നു... ആശുപത്രിയിൽ നിന്നും മുന്നിൽ കണ്ടാൽ പോലും മുഖം തിരിച്ചു പോവാറുണ്ടായിരുന്ന കിരണും ജ്യോതിയും ആ നേരം അവനോട് പുഞ്ചിരിച്ചു... അവരങ്ങനെയൊക്കെ ചെയ്തെങ്കിലും ജിത്തുവിന് തിരിച്ചു യാതൊരു പിണക്കവും ഉണ്ടായിരുന്നില്ല... അതുകൊണ്ട് അവനും തിരിച്ചൊരു പുഞ്ചിരി നൽകി... "ടാ ജിത്തു ഞങ്ങൾ ഇറങ്ങുവാ... " ജ്യോതി അവന്റെ അടുത്തേക്ക് വന്നു... "രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ട് പോവാടി..." അവൾ കേൾക്കില്ല എങ്കിലും അവൻ പറഞ്ഞു നോക്കി... "അതൊന്നും നടക്കില്ല ജിത്തു... ഇവരെ വീട്ടിൽ ആക്കിയിട്ട് വേണം എനിക്ക് ഡൽഹി വരെ പോവാൻ... രണ്ട് ദിവസത്തെ കോൺഫ്രൻസ് ഉണ്ട്... " കിരണായിരുന്നു മറുപടി പറഞ്ഞത്... "ഇവരോ... " അവൻ ആലോചിച്ചു തീരും മുൻപേ പാറു കയ്യിലൊരു ബാഗുമായി അവിടേക്ക് വന്നിരുന്നു... അവന്റെ നോട്ടം ആദ്യം പതിഞ്ഞത് അവളുടെ ഇടതു കയ്യിലുള്ള മുറിവിലേക്കായിരുന്നു...

അവന്റെ നെഞ്ചൊന്ന് പിടഞ്ഞു... കണ്ണുകളിൽ നീർത്തുള്ളികൾ ഉരുണ്ട് കൂടി... പാറു അവനെ നോക്കാതെ മിഴികൾ താഴ്ത്തി നിന്നു... ഇവളെങ്ങോട്ടാ പോവുന്നതെന്ന് ചോദിക്കാൻ ആഗ്രഹമുണ്ടെങ്കിലും അടുത്ത് നിൽക്കുന്ന ടീച്ചറിന്റെ തുറുപ്പിച്ചുള്ള നോട്ടത്തിൽ അവനത് വേണ്ടെന്ന് വെച്ചു... ജ്യോതി കയ്യിലുള്ള ബാഗ് വാങ്ങി പാറുവിനെ ചേർത്ത് പിടിച്ചു.. "ഇറങ്ങട്ടെടാ... " യാത്ര ചോദിച്ചു കൊണ്ട് ജ്യോതി അവളേയും കൂട്ടി ടാക്സിയിലേക്ക് കയറി... ടീച്ചർ കാറിന്റെ അടുത്തേക്ക് ചെന്നു പാറുവിനോട് സംസാരിക്കുന്നുണ്ടായിരുന്നു.. ഇങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ഒന്നനങ്ങാൻ പോലും കഴിയാതെ ജിത്തു തരിച്ചു നിന്നു... കാർ അകലേക്ക്‌ പോവുന്നത് അവൻ നിർവികാരതയോടെ നോക്കി നിന്നു... ഓടിച്ചെന്ന് അവളെ തിരികെ വിളിക്കണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും ഉള്ളിലെ അപകർഷാ ബോധം മുന്നിൽ തടസ്സം സൃഷ്ടിക്കുന്നത് പോലെ... കാർ പഠിപ്പുര കടന്നതും പാറു ജ്യോതിയുടെ തോളിലേക്ക് ചാഞ്ഞു നിശബ്‍ദമായി മിഴിനീർ വാർത്തു... ജ്യോതിയും കിരണും ഇതെല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ഈ കരച്ചിലോടെ അവളുടെ ഉള്ളിലുള്ള സങ്കടമെല്ലാം കെട്ടടങ്ങട്ടെ എന്ന് കരുതി മൗനം പാലിച്ചു... *****

മീര പാറുവിന്റെ വിവരങ്ങളൊന്നും തന്നെ അറിയാതെ വേവലാതി പിടിച്ചു നടക്കുവായിരുന്നു... അവൾ ഹോസ്പിറ്റലിൽ ആണെന്ന വിവരം കുടുംബശ്രീ കൂടാൻ വന്ന സ്ത്രീകൾ പറയുന്നത് അവൾ കേൾക്കാനിടയായി...പക്ഷേ എന്തിനാണ് ഹോസ്പിറ്റലിൽ കിടക്കുന്നതെന്ന് അവർക്കും അറിയില്ലായിരുന്നു...കേട്ടത് നേരാണോ എന്നറിയാൻ പല തവണ പാറുവിനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ എന്നായിരുന്നു പറഞ്ഞിരുന്നത്... ജിത്തുവിന്റെ വീട്ടിൽ ചെന്ന് തിരക്കാം എന്ന് വെച്ചാൽ വീട്ടിൽ നിന്നും ഇറങ്ങണമെങ്കിൽ അമ്മയുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയേണ്ടി വരും... അത് വിചാരിച്ചു അവൾ ആ ശ്രമം ഉപേക്ഷിച്ചു... എന്നിട്ടും ഇരിപ്പുറക്കാതെ അമ്പലത്തിലേക്കാണെന്നും പറഞ്ഞു അവൾ വീട്ടിൽ നിന്നും ഇറങ്ങി... അമ്മക്ക് സംശയമൊന്നും തോന്നാതിരിക്കാൻ വീടിന്റെ പിന്നിലുള്ള പാടം വഴി ക്ഷേത്രത്തിൽ പോയതിന് ശേഷമാണ് ജിത്തുവിന്റെ വീട്ടിലേക്ക് ചെന്നത്... ഉമ്മറത്തൊന്നും ആരേയും കാണാത്തതിനാൽ അവൾ പിന്നാമ്പുറത്തേക്ക് ചെന്നു... അവിടെ ടീച്ചർ കോഴികൾക്ക് തീറ്റി കൊടുത്തു നിൽപ്പുണ്ടായിരുന്നു... "ടീച്ചറേ... " "ഇതാര് മീരയോ... കുറേ നാളായല്ലോ കണ്ടിട്ട്... "

ടീച്ചർ കയ്യിലുണ്ടായിരുന്ന അരിയുടെ പാത്രം തിണ്ണയിലേക്ക് വെച്ചിട്ട് കുശലം ചോദിച്ചു.. "ഞാൻ ക്ഷേത്രത്തിലേക്ക് വന്നതാ... അപ്പൊ ഇവിടെയൊന്ന് കേറിയിട്ട് പോവാമെന്ന് വെച്ചു... " "എന്നാ കയറിയിരിക്ക് ഞാൻ ചായയെടുക്കാം... " ടീച്ചർ അകത്തേക്ക് പോവാനൊരുങ്ങിയതും അവൾ തടഞ്ഞു.. "അയ്യോ ടീച്ചറേ അതൊന്നും വേണ്ടാ.. എനിക്ക് പോയിട്ട് ഒരല്പം തിരക്കുണ്ട്... പാറു ഇല്ലേ ഇവിടെ,,, ഒന്ന് വിളിക്കാവോ... " അവരൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്ന ഉറപ്പോടെ അവൾ തിരക്കി... "അവളിവിടെ ഇല്ലല്ലോ.. ജ്യോതിയുടെ കൂടെ ട്രിവാൻഡ്രത്താ,,, മോളോട് പറഞ്ഞില്ലായിരുന്നോ..!" ഇത്രയും അടുത്ത സുഹൃത്തുക്കളായിട്ടും ഈ വിവരം എന്തുകൊണ്ട് അറിഞ്ഞില്ല എന്നൊരു ഭാവം ടീച്ചറുടെ മുഖത്തപ്പോൾ ഉണ്ടായിരുന്നു... "ഇ.. ഇല്ല.. ചിലപ്പോൾ അവൾ വിളിച്ചിട്ടുണ്ടാവും എന്റെ ഫോൺ കംപ്ലയിന്റ് ആയിരുന്നത് കൊണ്ട് ഞാൻ അറിയാത്തതാവും.... " "മ്മ്... പാറു വിളിക്കുമ്പോൾ ഞാൻ പറയാം മോള് വന്നിരുന്നെന്ന്..." "അല്ല ടീച്ചറെ അവൾ ഹോസ്പിറ്റലിൽ ആയിരുന്നെന്ന് കേട്ടു... ശെരിയാണോ.. " മനസ്സിലെ കൂട്ടി വെച്ചിരുന്ന ആശങ്ക മടിയോടെ മീര ചോദിക്കെ അവരൊന്ന് പതറി.. "ആ.. അതവൾക്കൊരു പനി.. അഞ്ചാറ് ദിവസം കിടക്കേണ്ടി വന്നു...ഇപ്പൊ കുഴപ്പമൊന്നുമില്ല..."

ഇന്നുവരെ ആരോടും കള്ളം പറയാത്ത ടീച്ചർ അന്നവളോട് പാറുവിന് വേണ്ടി കള്ളം പറഞ്ഞു... "എന്നാ ഞാൻ ഇറങ്ങുവാ ടീച്ചറേ..." മീര പിന്നെയൊന്നും ചോദിക്കാനില്ലാതെ അവിടെ നിന്നും മടങ്ങി... ഉമ്മറത്തെത്തിയപ്പോൾ അവിടെ ബുള്ളറ്റിൽ ചാരി ജിത്തു നിൽപ്പുണ്ടായിരുന്നു... അവൾ പരിഭ്രമത്തോടെ തലയും താഴ്ത്തി അവനെ കടന്നു പോവാനൊരുങ്ങി... "ഒന്നവിടെ നിന്നേ... " അവന്റെ ഗൗരവം നിറഞ്ഞ സ്വരം അവളുടെ കാലുകളെ നിശ്ചലമാക്കി...താൻ പിടിക്കപ്പെട്ടെന്ന് മനസ്സിലായി... "നിങ്ങളൊക്കെക്കൂടി എനിക്ക് തന്ന പണി കൊള്ളാം...സന്തോഷം...കൂട്ടുകാരിയോടൊപ്പം ചേർന്ന് എനിക്കെതിരെ ഇങ്ങനൊരു നീച പ്രവർത്തി ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... സാരമില്ല... പുറമെ കാണുന്നതൊന്നും ആയിരിക്കില്ലല്ലോ മനുഷ്യന്റെ മനസ്സിൽ..." അവൻ പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു....... മീര ഭയം കാരണം അവന്റെ മുഖത്തേക്ക് നോക്കാതെ തലതാഴ്ത്തി ഒരു കുറ്റവാളിയെ പോലെ നിന്നു...പക്ഷേ ഒരു തെറ്റും ചെയ്യാത്ത പാറുവിനെ അവൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നുള്ള ചിന്ത അവളെ അസ്വസ്ഥയാക്കി... ഇപ്പോൾ സത്യങ്ങൾ തുറന്നു പറഞ്ഞാലും അവൻ വിശ്വസിക്കില്ല എന്നുള്ള കാര്യം അവൾക്കുറപ്പായിരുന്നു...

"പിന്നെ ഇനി കൂട്ടുകാരിയേയും തിരക്കി ഇങ്ങോട്ടൊരു വരവ് വേണ്ടാ... അമ്മ പറഞ്ഞിട്ടുണ്ടാവുമല്ലോ കാര്യങ്ങളെല്ലാം... എന്നോട് ചെയ്ത ചതിക്ക് ഞാനായിട്ട് നിങ്ങൾക്കൊരു ശിക്ഷ തരില്ല... ചെയ്തത് തെറ്റായിരുന്നു എന്നുള്ള ഈ കുറ്റബോധം തന്നെ മതിയാവും ജീവിതകാലം മുഴുവൻ നീറി നീറി ജീവിക്കാൻ... മ്മ് പൊക്കോ..." തന്റെ മനസ്സിലുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞിട്ടവൻ ദേഷ്യത്തിൽ അകത്തേക്ക് കയറിപ്പോയി... ജിത്തുവിന്റെ വാക്കുകളാലുള്ള പ്രഹരത്തിൽ നിന്നും മുക്തയായതും ഉള്ളിൽ ആർത്തലച്ചു കരഞ്ഞുകൊണ്ടവൾ തകർന്ന ഹൃദയവുമായി തിരികെ വീട്ടിലേക്ക് നടന്നു.... ****** കിരണിന്റെ വീടുമായി പാറു പെട്ടന്ന് തന്നെ അടുത്തു... കുറേ ദിവസത്തിന് ശേഷം പാറുവിനെ കണ്ടതിന്റെ സന്തോഷം അച്ചുവിനും ഉണ്ടായിരുന്നു... അവളെ ഉമ്മവെച്ചും കൂടെ കിടന്നുറങ്ങിയും കൂടെ കളിച്ചുകൊണ്ടും അവൾ തന്റെ സന്തോഷം പ്രകടിപ്പിച്ചു...

അച്ചുവിനോടൊപ്പം കൂടി തന്റെ വിഷമങ്ങളും അവൾ മറന്നു തുടങ്ങിയിരുന്നു... കിരണിന്റെ വീട്ടിൽ അച്ഛനും അമ്മയും അവന്റെ അനിയത്തിയും ഉണ്ടായിരുന്നു... പാറുവിന്റെ അതേ പ്രായം തന്നെയായിരുന്നു അവൾക്കും... ഡിഗ്രി എക്സാം എഴുതി റിസൾട്ടിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.... പാറുവിന്റെ കയ്യിലെ മുറിവ് കണ്ട് കാവേരി (കിരണിന്റെ സഹോദരി ) അതിനെ പറ്റി ചോദിച്ചെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല... ഒരിത്തിരി കുറുമ്പ് കൂടുതൽ ആയത് കൊണ്ട് അവളെ കൊണ്ട് അത് പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന് കാവേരിയും ഉറപ്പിച്ചു.. ഒടുവിൽ അവളുടെ ശല്യം സഹിക്കവയ്യാതെ പാറു എല്ലാം തുറന്നു പറഞ്ഞു.........കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story