നീയും ഞാനും.. 🧡 ഭാഗം 47

neeyum njanjum shamseena

രചന: ശംസീന

പാറുവിന്റെ കയ്യിലെ മുറിവ് കണ്ട് കാവേരി (കിരണിന്റെ സഹോദരി ) അതിനെ പറ്റി ചോദിച്ചെങ്കിലും അവളൊന്നും വിട്ടു പറഞ്ഞില്ല... ഒരിത്തിരി കുറുമ്പ് കൂടുതൽ ആയത് കൊണ്ട് അവളെ കൊണ്ട് അത് പറയിപ്പിച്ചിട്ടേ അടങ്ങൂ എന്ന് കാവേരിയും ഉറപ്പിച്ചു.. ഒടുവിൽ അവളുടെ ശല്യം സഹിക്കവയ്യാതെ പാറു എല്ലാം തുറന്നു പറഞ്ഞു.... "ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ..." എല്ലാം കേട്ടുകഴിഞ്ഞ് കാവേരി ചിന്താഗ്മതമായി പറഞ്ഞു... "കുറച്ചു കഷ്ടപ്പെട്ടിട്ടാണേലും നിനക്ക് സ്നേഹിച്ച ചെറുക്കനെ തന്നെ കിട്ടിയല്ലോ... ഇല്ലേൽ നീ ആ അവിനാഷിനെ കഷ്ടപ്പെട്ട് ഇഷ്ട്ടപ്പെടേണ്ടി വന്നേനെ... ഹോ... ഇനി എന്റെയൊക്കെ കല്യാണം എന്നാണാവോ...?" അവൾ നെടുവീർപ്പോടെ പറഞ്ഞിട്ട് താടക്ക് കയ്യും കൊടുത്തിരുന്നു... അവളുടെ ഇരുപ്പ് കണ്ട് പാറുവിനും ചിരി വരുന്നുണ്ടായിരുന്നു... ഒരുമാതിരി നിരാശ കാമുകിയെ പോലെ... "നിന്നെ നാളെത്തന്നെ കെട്ടിച്ചു വിടാൻ ഞാൻ കിരണേട്ടനോട് പറയാം...എന്താ അത് മതിയോ കാവൂ..." പിന്നിൽ നിന്ന് ഇതെല്ലാം കേട്ട് കൊണ്ട് വന്ന ജ്യോതി അരയിൽ കൈകൊടുത്തു നിന്ന് കാവേരിയെ നോക്കി കണ്ണുരുട്ടി... "എന്റെ പൊന്നേട്ടത്തി... വേഗം സെറ്റാക്കി തരണേ..."

കുറുമ്പോടെ ജ്യോതിയുടെ കവിളിലൊരു നുള്ള് കൊടുത്തു കാവേരി പുറത്തേക്കോടി... "നിന്നെ കിരണേട്ടൻ അന്യോഷിക്കുന്നുണ്ട്... കയ്യിലെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പോവേണ്ടേ... " അവളുടെ ഓട്ടം കണ്ട് തിരിഞ്ഞ ജ്യോതി പാറുവിന്റെ കയ്യിലേക്ക്‌ വ്യസനത്തോടെ നോക്കികൊണ്ട് പറഞ്ഞു.... "ഇവിടെ നിന്ന് ചെയ്താൽ പോരെ ചേച്ചി...അവര് ചെയ്യുമ്പോ ഭയങ്കര വേദനയാ..." പോവാനുള്ള മടികൊണ്ടും വേദന സഹിക്കാൻ കഴിയാത്തത് കൊണ്ടും പാറു ചിണുങ്ങി... "ഇതുപോലെ വേണ്ടാത്തത് ഒപ്പിച്ചു വെക്കുമ്പോ ആലോചിക്കണമായിരുന്നു ഈ വക കാര്യങ്ങളൊക്കെ... ഇനി ഇവിടെ നിന്ന് നമ്മള് അറിയാത്ത പണി ചെയ്തിട്ട് ഇൻഫെക്ഷൻ ആവുകയോ മറ്റോ ചെയ്താൽ നിന്റെ ടീച്ചറമ്മ എന്റെ തല കൊത്തിപ്പറിക്കും... പൊന്നുമോള് കളിക്കാതെ വേഗം പോവാൻ നോക്കിക്കേ..." ജ്യോതിയുടെ കണ്ണുരുട്ടൽ കണ്ട് കെർവിച്ചു പാറു കിരണിനോടൊപ്പം പോയി.. കാറിലിരുന്ന് ബോറടി ക്കേണ്ടല്ലോ എന്ന് കരുതി കൂട്ടിന് അച്ചുവും കാവേരിയും ഉണ്ടായിരുന്നു... ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും കടന്നു പൊയ്ക്കൊണ്ടേയിരുന്നു... പാറു ഇപ്പോൾ ആ വീട്ടിലെ ഒരംഗം പോലെയാണ്.... കിരണിന് കാവേരി എങ്ങനെയാണോ അത് പോലെയാണ് അവളും...

അല്ലെങ്കിലേ അച്ചുവിന്റെയും കാവേരിയുടെയും കുസൃതി കൊണ്ട് പൊറുതിമുട്ടിയിരുന്ന ജ്യോതി അവരുടെ കൂട്ടത്തിൽ പാറു കൂടെ കൂടിയപ്പോൾ ആകെ വലഞ്ഞു...ഇടക്ക് ജ്യോതിയുടെ കയ്യിൽ നിന്ന് മൂന്ന് പേർക്കും തല്ലും വഴക്കുമൊക്കെ കിട്ടുമെങ്കിലും അവളും അവരുടെ കുറുമ്പുകൾ നന്നായി ആസ്വദിക്കാറുണ്ടായിരുന്നു... എന്തൊക്കെ വേലത്തരങ്ങൾ കാണിച്ചാലും പാറു ദിവസവും മറക്കാതെ ടീച്ചറിനെ ഫോണിൽ വിളിച്ചു സംസാരിക്കും... ടീച്ചർക്കും അവളുടെ വിളി കണ്ടില്ലെങ്കിൽ ഒരു തരം ശ്വാസംമുട്ടലാണ്... അമ്മക്കിപ്പോൾ എന്നെ വേണ്ട പാറുവിനെ മതിയെന്നും പറഞ്ഞു ജ്യോതി ഇടക്ക് പരിഭവിക്കാറുണ്ടെങ്കിലും ടീച്ചറിനെ അതൊന്നും ബാധിച്ചതേയില്ല... ടീച്ചറിന് വിളിക്കുമ്പോൾ ഇടക്ക് ജിത്തുവിന്റെ ശബ്‍ദം അകലേന്നെന്ന പോലെ അവൾക്ക് കേൾക്കാറുണ്ടായിരുന്നു.... എന്നാലും ഒരിക്കൽ പോലും അവൾ ജിത്തുവിനെ കുറിച്ച് ടീച്ചറിനോട് അന്യോഷിച്ചില്ല... ടീച്ചറും അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവനെ കുറിച്ചൊന്നും പറയാറില്ലതാനും...

പാറു പോയതിൽ പിന്നെ ജിത്തു വീട്ടിലങ്ങനെ ഇരിക്കാറില്ലായിരുന്നു... എവിടേക്ക് തിരിഞ്ഞാലും അവളുടെ സാമീപ്യം ഉള്ളത് പോലെ അവന് തോന്നും...എന്നിരുന്നാലും പാറു അവനോട് ചെയ്ത തെറ്റിന് ചെറിയ നീരസമുണ്ടെങ്കിലും ഉള്ളിൽ അവളോടുണ്ടായിരുന്ന വെറുപ്പ് പാടെ അകന്നു പോയിരുന്നു... അതെന്ത് കൊണ്ടാണെന്ന് അവനിപ്പോഴും വ്യക്തമല്ലായിരുന്നു....വീട്ടിൽ ഇരിക്കാത്തത് കൊണ്ട് തന്നെ ടീച്ചറോടുള്ള അവന്റെ സംസാരവും കുറഞ്ഞു ...പാറുവിനെ കുറിച്ച് അവനും ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാറില്ലായിരുന്നു ... പാറുവിന്റെ ഫൈനൽ ഇയർ റിസൾട്ട്‌ വന്നു... സപ്ലിയൊന്നും ഇല്ലാതെ തന്നെ പാസായത് വലിയൊരു ഭാഗ്യമെന്നവൾ കരുതി.. മനസ്സുകൊണ്ടവൾ ഒരായിരം തവണ ജിത്തുവിനോട് നന്ദി പറഞ്ഞു... തന്നെപോലെ തന്നെ അവനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഈ ഒരു റിസൾട്ട് കിട്ടാൻ വേണ്ടി... ദിവസങ്ങൾക്ക് ശേഷം ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങിക്കാനായി പാറു നാട്ടിലേക്ക് തിരിച്ചു... കിരൺ ജോലി സംബന്ധമായി ടൂറിൽ ആയിരുന്നതിനാൽ അവൾക്ക് അവിടെ നിന്നും തനിച്ചു യാത്ര ചെയ്യേണ്ടി വന്നു....ജ്യോതി കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും തനിയേ പോയിട്ടും ശീലിക്കട്ടേയെന്ന് പാറു പറഞ്ഞു...

ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അവൾ വീട്ടിലേക്ക് വരുന്ന വിവരം ടീച്ചറോട് പറഞ്ഞിരുന്നില്ല.... നാട്ടിലെത്തിയപ്പോൾ നേരം രാത്രി പത്തിനോട് അടുത്തിരുന്നു...ട്രെയിനിറങ്ങി അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചവൾ വീട്ടിലേക്ക് വന്നു... നാളുകൾക്ക് ശേഷം വീണ്ടും ആ വീടിന്റെ പടി ചവിട്ടുമ്പോൾ ഓർമ്മകൾ പേമാരി കണക്കെ മനസ്സിലേക്ക് കുത്തിയൊലിച്ചു വരുന്നുണ്ടായിരുന്നു...എന്നിട്ടും തളരാതെയവൾ പിടിച്ചു നിന്നു... ഉമ്മറത്തൊന്നും വെട്ടം കാണാത്തതിനാൽ എല്ലാവരും കിടന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി... കാലിലുള്ള ശൂ അഴിച്ചുമാറ്റി വരാന്തയിലേക്ക് കയറി... കാളിംഗ് ബെല്ലിൽ വിരലുകൾ അമർത്തുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ഉമ്മറത്തെ വാതിൽ തുറന്നു ഉറക്കച്ചടവോടെ ജിത്തു പുറത്തേക്ക് വന്നു... തൊട്ടു പിന്നാലെ ടീച്ചറും... ഇരുട്ടിൽ നിന്നിരുന്ന പാറു വെളിച്ചത്തേക്ക്‌ നീങ്ങി നിന്നതും അതിശയം പൂണ്ടു അവരുടെ മിഴികൾ വിടർന്നു വന്നു..പാറുവിന്റെ കണ്ണുകൾ കൊതിയോടെ ജിത്തുവിന്റെ മുഖമാകെ അലഞ്ഞു നടന്നു.... നാളുകൾക്ക് ശേഷം അവനെ നേരിൽ കണ്ടതിനാലാവണം അവളുടെ ഹൃദയം തരളിതമായി കണ്ണുകൾ ഈറനണിഞ്ഞു...

.ഇരുവരുടേയും മിഴികൾ പരസ്പരം ഇടഞ്ഞ നിമിഷം പാറു തന്റെ കണ്ണുകളെ ബലമായി അവനിൽ നിന്നും പിൻവലിച്ചു... ആദ്യത്തെ അമ്പരപ്പൊന്ന് വിട്ടുമാറിയതും ടീച്ചർ മോളെയെന്നും വിളിച്ചുകൊണ്ട് പാറുവിന്റെ അടുത്തേക്ക്‌ ഓടി വന്നു കെട്ടിപ്പിടിച്ചു.. ജിത്തു അപ്പോഴും അമ്പരപ്പോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു...അവൾ ടീച്ചറിനോട് വർത്തമാനം പറയുന്നതിനിടക്ക് അവന്റെ കണ്ണുകൾ അവളുടെ ഇടതു കൈത്തണ്ടയിലേക്ക് നീണ്ടു..മുറിവിന്റെ അവശേഷിപ്പെന്നോണം അവിടെ ചെറിയൊരു അടയാളം മാത്രമേ ഉണ്ടായിരുന്നുള്ളൂ...വിശേഷമെല്ലാം പറഞ്ഞു കഴിഞ്ഞതും മുന്നിൽ നിൽക്കുന്ന അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ ടീച്ചറെയും ചേർത്ത് പിടിച്ചു അകത്തേക്ക് കയറിപ്പോയി... അവൾ തന്നോടൊന്ന് മിണ്ടുകയോ തന്നെയൊന്ന് നോക്കുകയോ ചെയ്യാത്തതിന്റെ പരിഭവം അവന്റെയുള്ളിൽ അതിയായ നോവ് പടർത്തി...ഉള്ളിന്റെയുള്ളിൽ തനിക്കവളോട് പ്രണയം പൂവിട്ടു തുടങ്ങിയോ എന്ന സന്ദേഹം മാത്രം അവശേഷിച്ചു...എന്നെങ്കിലും അവൾക്ക് തന്നോടുള്ള പരിഭവം മാറുമായിരിക്കുമെന്നവൻ മനസ്സിൽ അതിയായ പ്രതീക്ഷവെച്ചു ഉമ്മറത്തെ വാതിൽ കൊട്ടിയടച്ചു തിരികെ മുറിയിലേക്ക് നടന്നു .........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story