നീയും ഞാനും.. 🧡 ഭാഗം 48

neeyum njanjum shamseena

രചന: ശംസീന

നേരം പുലർന്നു തുടങ്ങിയതും തന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പാറുവിനെ ഉണർത്താതെ ടീച്ചർ എഴുന്നേറ്റു... അവരുടെ ചൂട് നഷ്ടപ്പെട്ടതിനാലാവണം അവൾ ചിണുങ്ങിക്കൊണ്ടൊന്ന് തിരിഞ്ഞു കിടന്നു... അടഞ്ഞു കിടക്കുന്ന കൺപോളകളിൽ പ്രകാശം വന്നു പതിച്ചതും കണ്ണുകൾ പതിയെ തുറന്നവൾ ചുറ്റും നോക്കി... ആദ്യത്തെ അമ്പരപ്പൊന്ന് മാറിയതും താനെവിടെയാണെന്നവൾക്ക് മനസ്സിലായി... അഴിഞ്ഞുലഞ്ഞ മുടി വാരിച്ചുറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു... നാളുകൾക്ക് ശേഷം സുഖമായുറങ്ങിയ ഒരനുഭൂതി അവൾക്കനുഭവപ്പെട്ടു... ഇവിടെ നിന്നും ജ്യോതിചേച്ചിയുടെ വീട്ടിലേക്ക് മാറിയതിന് ശേഷം ജിത്തേട്ടനെ ഓർത്ത് മിഴിനീർ വാർത്തുക്കൊണ്ടല്ലാതെ താൻ ഉറങ്ങിയിട്ടില്ല എന്നവൾ ഓർത്തു...പകൽ മുഴുവൻ ചിരിച്ചു കളിച്ചു നടക്കുമെങ്കിലും രാത്രിയിലെ കനത്ത ഇരുട്ടിന്റെ മറവിൽ താനിന്നും ജിത്തേട്ടന്റെ പ്രണയത്തിന് വേണ്ടി വാശി പിടിക്കുന്ന ആ പഴയ ഒമ്പതാം ക്ലാസുകാരി തന്നെയായിരുന്നു... ഫ്രഷായ ശേഷം പാറു മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... മുട്ടിനു താഴെയുള്ള പാന്റും ഒരു ടീഷർട്ടും ആയിരുന്നു വേഷം... ഇപ്പോഴും കണ്ടാൽ കൊച്ചു കുഞ്ഞുങ്ങളെ പോലെ തോന്നുമായിരുന്നു......

അവൾ നേരെ അടുക്കളയിലേക്കാണ് പോയത്.... അവിടെ ചെന്നു നോക്കുമ്പോൾ ടീച്ചർ തിരക്കിട്ട പണികളിലാണ്... ഏറെ നാളുകൾക്കു ശേഷം തന്റെ മനസപുത്രി അരികിലുണ്ടെന്ന സന്തോഷവും ആശ്വാസവും ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു... പാറു പിന്നിലൂടെ ചെന്നവരെ കെട്ടിപിടിച്ചു... "എഴുന്നേറ്റോ... " അത്യധികം വാത്സല്യത്തോടെ അവർ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു... "ഇന്നെന്താ സ്പെഷ്യൽ ടീച്ചറേ..." കൊഞ്ചലോടെ ചോദിച്ചിട്ടവൾ അവരുടെ തോളിൽ താടികുത്തി നിന്നു... "നിനക്കിഷ്ടപ്പെട്ട ഇടിയപ്പവും മുട്ടക്കറിയും... " ടീച്ചറും അതേ കൊഞ്ചലോടെ മറുപടി പറഞ്ഞു... "അത് അടിപൊളിയായി... എത്ര നാളായെന്നോ രുചിയുള്ള ഭക്ഷണം കഴിച്ചിട്ട്... " അവൾ കൊതിയോടെ സ്ലാബിൽ ഇരിക്കുന്ന ഇടിയപ്പത്തിലേക്ക്‌ കണ്ണുകൾ പായിച്ചു..... "എന്തേ അവിടുത്തെ ഭക്ഷണമൊന്നും പിടിക്കുന്നില്ലേ... " "പിടിക്കാഞ്ഞിട്ടൊന്നുമല്ല... എന്നാലും ടീച്ചറമ്മ ഉണ്ടാക്കുന്നതിന്റെ ആ ടേസ്റ്റ് അങ്ങോട്ട് കിട്ടുന്നില്ല..." "ഇതെല്ലാം ജ്യോതി വൈകീട്ട് വിളിക്കുമ്പോൾ ഞാൻ പറയാം.." അവർ അവളെ ചൊടിപ്പിക്കാനായി വെറുതെ പറഞ്ഞു...

"അയ്യോ ടീച്ചറേ ചതിക്കല്ലേ...എനിക്കിനിയും അവിടേക്ക് തന്നെ പോവാനുള്ളതാ...ഇതറിഞ്ഞാൽ ചേച്ചി എന്നെ കൊന്ന് കൊലവിളിക്കും..." പാറു ദയനീയമായി പറയുന്നത് കേട്ട് ടീച്ചറൊന്ന് മന്ദഹസിച്ചു തന്റെ ജോലികളിലേക്ക് തിരിഞ്ഞു... "അമ്മേ. ചായ... " പാറുവിന്റെയും അമ്മയുടേയും സംസാരം പുറത്ത് നിന്നും കേട്ട് കൊണ്ടിരുന്ന ജിത്തു അടുക്കളയിലേക്ക് എത്തി നോക്കി വിളിച്ചു പറഞ്ഞു.. സാധാരണ അവൻ ടീച്ചറെ ബുദ്ധിമുട്ടിക്കാതെ അടുക്കളയിൽ വന്നു എടുത്ത് കുടിക്കാറാണ് പതിവ്... പക്ഷേ ഇന്ന് ടീച്ചറോടൊപ്പം പാറുവും അവിടെയുള്ളത് കൊണ്ട് അവളുടെ മുന്നിലേക്ക് പോവാൻ അവനെന്തോ മടി...ജിത്തു ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നു അന്നത്തെ പത്രം എടുത്ത് മറിച്ചു നോക്കി... മൊബൈൽ ഫോണിന്റെ വരവോടെ ഒട്ടുമിക്ക മലയാളികളുടേയും രാവിലെയുള്ള പത്രം വായന കുറഞ്ഞു.. എല്ലാവരും സോഷ്യൽ മീഡിയാസ് വഴി അന്നേ ദിവസങ്ങളിലെ ന്യൂസ് അറിയാറാണ് പതിവ്... എന്നാലും തന്റെ അമ്മക്ക് രാവിലെ എണീറ്റാൽ ഒരു ഗ്ലാസ്‌ കട്ടൻ ചായയും കുടിച്ചോണ്ട് ഈ ചാരുകസേരയിലിരുന്ന് പത്രം വായിക്കണം...

അന്നും ഇന്നും ആ ഒരു കാര്യം മാത്രം മാറ്റമില്ലാതെ തുടരുന്നു...അവനൊരു ചെറുചിരിയോടെ ഓർത്തു... മുഖത്തിന്‌ നേരെ ഒരു ഗ്ലാസ്‌ കട്ടൻകാപ്പി നീണ്ടു വന്നതും അവൻ തലയുയർത്താതെ തന്നെ അത് വാങ്ങി കസേരയുടെ തണ്ടിലേക്ക് വെച്ചു... പിന്നീടാണ് എന്തോ ഓർത്തെന്ന പോലെ തലയുയർത്തിയത്... അപ്പോഴേക്കും ചായയുമായി വന്ന പാറു അടുക്കളയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു... "ഇവളിനി തന്നോട് മിണ്ടില്ല എന്നുള്ള വാശിയിലാണോ... അങ്ങോട്ട് ചെന്നൊന്ന് മിണ്ടിയാലോ..." അവൻ ആലോചിച്ചു.... മനസ്സ് അവളിലേക്ക് ചായുമ്പോഴും ബുദ്ധി അതിന് തടസം നിൽക്കുന്നത് പോലെ... ഉള്ളിൽ അവളോട് വെറുപ്പൊന്നുമില്ലെങ്കിൽ കൂടി അവൾ തന്നോട് ചെയ്ത തെറ്റ് അംഗീകരിക്കാൻ കഴിയാത്തത് പോലെ... തന്റെ മനസ്സിനേറ്റ മുറിവ് അത്രത്തോളം ആഴത്തിലുള്ളതായിരുന്നല്ലോ... ഇപ്പോഴും അതെല്ലാം ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങലാണ് മനസ്സിനുള്ളിൽ...തനിക്കിനി ഒരിക്കലും അവളെ പഴയത് പോലെ കാണാൻ കഴിയില്ല എന്നൊരു തോന്നൽ...

അവൾക്കും ഇനി അങ്ങനെ തന്നെയായിരിക്കുമോ... അതുകൊണ്ടായിരിക്കുമോ ഒരകലം തന്നിൽ നിന്നും പാലിക്കുന്നത്..!! അവൻ തന്റെ മനസ്സിൽ ഉടലെടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ട് കണ്ണുകളടച്ചു ചാരു കസേരയിലേക്ക് ചാഞ്ഞു... ***** രണ്ട് ദിവസങ്ങൾ വലിയ മാറ്റങ്ങളൊന്നുമില്ലാതെ കടന്നുപോയി... പരസ്പരം മിണ്ടാതെ രണ്ട് അപരിചിതരെ പോലെ അവർ ഒരു കൂരക്ക് കീഴെ കഴിഞ്ഞു... ആദ്യം ആര് മിണ്ടും എന്നുള്ള ഒരു തരം പിടിവാശിയായിരുന്നു അവർക്കിടയിലെ വില്ലൻ... എല്ലാം കണ്ടിട്ടും ടീച്ചർ അവിടെ മൗനം പാലിച്ചു...തെറ്റുകൾ സ്വയം തിരുത്തി അവർക്കിടയിലെ പിണക്കം അവർ തന്നെ തീർക്കുന്നതാണ് നല്ലതെന്ന് ടീച്ചറിന് തോന്നിയിരുന്നു.... ടീച്ചറിന്റെ കൂടെ സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോവാം എന്നായിരുന്നു പാറു കരുതിയിരുന്നത്...അതിനായി രാവിലെ റെഡിയായി തുടങ്ങുമ്പോഴാണ് ടീച്ചറുടെ കൂടെ വർക്ക്‌ ചെയ്തിരുന്ന അദ്ധ്യാപകൻ അല്പ സമയം മുൻപ് മരണപ്പെട്ടു എന്ന് പറഞ്ഞു ഫോൺ വന്നത്.. ടീച്ചറിനാണേൽ അദ്ദേഹത്തെ കാണാൻ പോവാതിരിക്കാനും കഴിയില്ല അത്രക്കും അടുത്ത സുഹൃത്താണ് മരണപ്പെട്ടിരിക്കുന്നത്...പാറുവിനെ ആണേൽ തനിച്ചു വിടാനും കഴിയില്ല... എന്ത് ചെയ്യും എന്നറിയാതെ ടീച്ചറാകെ വലഞ്ഞു..

. "എനിക്ക് കോളേജിൽ പോവേണ്ട ആവശ്യമുണ്ട് വിരോധമില്ലെങ്കിൽ എന്റെ കൂടെ പോരാം... " എല്ലാം കേട്ട് കൊണ്ടിരുന്ന ജിത്തു മുറിയിലേക്ക് കടന്നു വന്നു കൊണ്ട്... ടീച്ചർ നിസ്സംഗതയോടെ പാറുവിനെ നോക്കി... കാരണം അവന്റെ കൂടെ പോണോ വേണ്ടയോ എന്നുള്ളത് അവളുടെ തീരുമാനം ആണല്ലോ... " ടീച്ചർ മാഷിനെ കാണാൻ പൊക്കോളൂ... ഞാൻ ജിത്തേട്ടന്റെ കൂടെ പൊക്കോളാം... " കുറച്ചു നേരത്തെ മൗനത്തിനു ശേഷം പാറു അവനെ നോക്കാതെ തന്നെ പറഞ്ഞു... "എന്നാ പെട്ടന്ന് റെഡിയായിക്കോ..." പറഞ്ഞിട്ട് ടീച്ചർ തിടുക്കത്തിൽ വേഷം മാറാനായി പോയി... ***** കൊണ്ടുവന്ന ബാഗിൽ നിന്നും പാറു ഫുൾ സ്ലീവ് റൗണ്ട് നെക്ക് ടീഷർട്ടും ജീൻസ് പാന്റും എടുത്ത് ധരിച്ചു...നഗരം ജീവിതം അവളിലും മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു...ട്രെഡിഷണൽ വസ്ത്രങ്ങളിൽ നിന്നും മോഡേൺ വസ്ത്രങ്ങളിലേക്ക് ചുവടു വെച്ചു തുടങ്ങിയിരിക്കുന്നു..സതാ എണ്ണമയം ഉണ്ടായിരുന്ന മുടിയിഴകളിൽ ഇപ്പോൾ ഷാമ്പൂവിന്റെയും കണ്ടീഷ്ണറുടേയും മനം മയക്കും സുഗന്ധമാണ്...പൗഡർ മാത്രം ഉപയോഗിച്ചിരുന്ന മുഖത്തിന്ന് ഫൌണ്ടേഷനും ലിപ്സ്റ്റിക്കുമെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു.....

കാതിലേക്ക് കല്ല് പതിപ്പിച്ച ഒരു സ്റ്റഡ് കൂടെയിട്ട് അവൾ കണ്ണാടിയിലേക്ക് നോക്കി... ടീഷർട്ടിന് പുറത്ത് കിടക്കുന്ന ജിത്തു കഴുത്തിൽ ചാർത്തിയ താലിയെടുത്ത് ഉള്ളിലേക്കിട്ടു... ടേബിളിൽ ഇരുന്നിരുന്ന കുങ്കുമത്തിൽ നിന്നും ഒരു നുള്ളെടുത്ത് പുറത്തേക്ക് കാണാത്ത വിധം നെറുകയിൽ ചാർത്തി... ഒരുങ്ങിക്കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ ജിത്തു അക്ഷമനായി കാത്തു നിൽപ്പുണ്ടായിരുന്നു... അവളെ കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... തന്റെ മുന്നിൽ നിൽക്കുന്നത് പഴയ പാറുവല്ല എന്ന് തന്നെയവൻ ഒരു നിമിഷത്തേക്ക് കരുതി... "ഇറങ്ങാം ജിത്തു..." കണ്ണിമ വെട്ടാതെ അവളെ നോക്കി നിൽക്കുന്ന ജിത്തുവിനെ തട്ടിയുണർത്തി കൊണ്ട് ടീച്ചർ പറഞ്ഞു.. ജിത്തു ചമ്മലോടെ അവളുടെ മുഖത്ത് നിന്നും കണ്ണുകളെ പിൻവലിച്ചു കാറിലേക്ക് കയറി... ടീച്ചറെ ബസ്റ്റാന്റിൽ ഇറക്കി അവർ നേരെ കോളേജിലേക്ക് പോയി... അവിടെ നിന്നും ഫോർമാലിറ്റീസൊക്കെ പൂർത്തിയാക്കി സർട്ടിഫിക്കറ്റും വാങ്ങി അവർ മടങ്ങി... വീട്ടിലേക്ക് പോവുന്ന വഴിയിലൂടെ അല്ലാതെ വേറൊരു വഴിയിലേക്ക് തിരിഞ്ഞ ജിത്തുവിനെ സംശയദൃഷ്ടിയോടെ അവൾ നോക്കി... ആ നോട്ടത്തെ അവഗണിച്ചു അവൻ കാർ ബീച്ച് റോഡിലേക്ക് തിരിച്ചു... "ഇറങ്ങ്... " കാർ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ പാർക്ക് ചെയ്തിട്ടവൻ അവളെ നോക്കി പറഞ്ഞു... പാറു തന്നെ എന്തിനായിരിക്കും ഇങ്ങോട്ട് കൊണ്ടുവന്നതെന്ന ചിന്തയോടെ കാറിൽ നിന്നും പുറത്തേക്കിറങ്ങി........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story