നീയും ഞാനും.. 🧡 ഭാഗം 49

രചന: ശംസീന

"ഇറങ്ങ്... " കാർ തിരക്കില്ലാത്ത ഭാഗത്തേക്ക്‌ പാർക്ക് ചെയ്തിട്ടവൻ അവളെ നോക്കി പറഞ്ഞു... പാറു തന്നെ എന്തിനായിരിക്കും ഇങ്ങോട്ട് കൊണ്ടുവന്നതെന്ന ചിന്തയോടെ കാറിൽ നിന്നും പുറത്തേക്കിറങ്ങി... ഒന്നും മിണ്ടാതെ ജിത്തു മുന്നോട്ട് നടന്നതും അവളും പിന്തുടർന്നു...ജിത്തു ആളൊഴിഞ്ഞ ഇരിപ്പിഡത്തിലേക്ക് ഇരുന്ന്കൊണ്ട് അവളെ നോക്കി... അവനിൽ നിന്നും തെല്ലകലം പാലിച്ചു അവളും കൂടിയിരുന്നു... ഇരുവർക്കുമിടയിൽ കനത്ത മൗനം തളം കെട്ടി നിന്നു... അതിനെ ഭേദിക്കാനെന്നോണം ജിത്തു സംസാരിച്ചു തുടങ്ങി... "മുന്നോട്ടുള്ള പ്ലാൻ എന്താണ്... " കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അവൻ ചോദിച്ചു... "തീരുമാനിച്ചിട്ടില്ല...എന്തെങ്കിലും ജോബിന് ശ്രമിച്ചു നോക്കണം..." മറുപടി പറയുമ്പോൾ അവളും അവനെ നോക്കിയിരുന്നില്ല... "എന്തേ... ഇനി പഠിക്കുന്നില്ലെന്ന് തീരുമാനിച്ചോ... " അവൻ ചോദ്യഭാവേന തിരിഞ്ഞവളെ നോക്കി... "അതുകൊണ്ടല്ല... ഇനിയും ആർക്കും ഒരു ബുദ്ധിമുട്ടാവേണ്ടല്ലോ എന്ന് കരുതിയിട്ടാ... " പറയുമ്പോൾ അവളുടെ വാക്കുകളിലെ ഇടർച്ച അവന് മനസ്സിലാക്കാൻ കഴിയുമായിരുന്നു... "ആർക്കും താനൊരു ബുദ്ധിമുട്ടല്ല... അതെല്ലാം നിന്റെ തെറ്റായ ചിന്താഗതിയാണ്...

അതുകൊണ്ടല്ലേ എടുത്ത് ചാടി ഇതുപോലൊരു മണ്ടത്തരം ചെയ്തു വെച്ചത്..." അവളുടെ കൈത്തണ്ടയിലേക്ക് നോക്കിയവൻ പറഞ്ഞു...അവന്റെ മുഖത്തെ അന്നേരത്തെ ഭാവം മനസ്സിലാക്കിയെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല... "മണ്ടത്തരമല്ലായിരുന്നു ജിത്തേട്ടാ.. അതെന്റെ ശെരിയായിരുന്നു... തെറ്റ് ചെയ്യാതെ ഒരാൾക്ക് മുന്നിൽ കുറ്റവാളിയെ പോലെ പഴികേട്ട് നിൽക്കേണ്ടി വരുന്ന അവസ്ഥയെ പറ്റി ജിത്തേട്ടൻ ചിന്തിച്ചു നോക്കിയിട്ടുണ്ടോ..ജീവിതത്തിലെ ഏറ്റവും വലിയ മോശം അവസ്ഥയായിരിക്കുമത്... തന്നെ മനസ്സിലാക്കാനോ ചേർത്ത് പിടിക്കാനോ ആരുമില്ലെന്ന് തോന്നിപ്പോകുന്ന നിമിഷം ഏതൊരു മനുഷ്യന്റെയും സമനില തെറ്റും... അതുമൂലം വിവേകമില്ലാതെ അവൻ പ്രവർത്തിക്കും.. അത് മാത്രമല്ലെ ഞാനും ചെയ്തുള്ളൂ... ജിത്തേട്ടന് ചിലപ്പോൾ അതൊരു തെറ്റായിരിക്കാം പക്ഷേ അതായിരുന്നെന്റെ ശെരി.. നിർഭാഗ്യവശാൽ ദൈവവും ആ സമയം എന്നെ കയ്യൊഴിഞ്ഞു..." പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അതവനിൽ നിന്നും മറച്ചു പിടിക്കാനെന്നോണം മുഖം തിരിച്ചിരുന്നു... "അപ്പോൾ നിനക്കതിൽ ഒരു പങ്കും ഇല്ലെന്നാണോ പറഞ്ഞു വരുന്നത്...പിന്നെ നീയെങ്ങനെ ഞാൻ വരുന്ന അതേ സമയം തന്നെ അന്നെന്റെ മുന്നിലേക്ക് വന്നു ചാടി...

." അവന്റെ ഉള്ളിലെ സംശയങ്ങൾ അപ്പോഴും കെട്ടടങ്ങിയിട്ടില്ലായിരുന്നു... "എനിക്കറിയില്ല ജിത്തേട്ടാ...." ഒറ്റവാക്കിൽ അവൾ മറുപടി പറഞ്ഞു...അവൾ അന്നത്തെ സംഭവം ഓർത്തെടുക്കാൻ ശ്രമിച്ചു... ആരോ വന്ന് തന്നെ സ്റ്റെപ്പിൽ നിന്നും തള്ളിയിട്ടത് മാത്രമേ ഓർമയുണ്ടായിരുന്നുള്ളൂ... അതാരാണെന്നോ എന്താണെന്നോ ഇപ്പോഴും വ്യക്തമല്ല... ഒരു പക്ഷേ അത് മീരയോ പ്രവിയോ ആയിരിക്കുമോ... അവൾ ചിന്തയോടെയിരുന്നു...ജിത്തുവിന്റെ ശബ്‍ദമാണ് അവളുടെ ചിന്തകൾക്ക് ഭംഗം സൃഷ്ടിച്ചത്... "നിനക്കറിയോ കുറച്ചു ദിവസങ്ങളായി ഞാൻ അനുഭവിക്കുന്ന വേദന എത്രത്തോളമാണെന്ന്...ഉള്ളിലെ കുറ്റബോധം കാരണം ഒരു രാത്രി പോലും എനിക്കൊന്ന് നേരാവണ്ണം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല... ഞാൻ കാരണമാണോ നീയിങ്ങനെ ചെയ്തതെന്നൊരു തോന്നാൽ ഉള്ളിൽ കിടന്നങ്ങനെ വീർപ്പുമുട്ടുകയായിരുന്നു.. എന്റെ മനസ്സ് നിന്നെ എപ്പോഴോ അംഗീകരിച്ചു തുടങ്ങിയിരുന്നു....ആ സമയത്താണ് ഇക്കാര്യങ്ങളെല്ലാം ഞാൻ അറിയാൻ ഇടയായത്...പെട്ടന്നങ്ങനെയെല്ലാം കേട്ട സാഹചര്യത്തിൽ എന്റെ നിയന്ത്രണം വിട്ടുപോയി... എല്ലാം നീയും കൂടി അറിഞ്ഞു കൊണ്ടായിരിക്കുമോ എന്ന തോന്നൽ ഉള്ളിൽ പിടിമുറുക്കി... അതുകൊണ്ടാണ് ഞാൻ അന്നത്രയും ദേഷ്യത്തിൽ നിന്നോട് പെരുമാറിയത്..."

ഇത്രയും നാൾ ഉള്ളിൽ കിടന്നു വീർപ്പുമുട്ടിയതെല്ലാം ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു തീർത്തു... "എനിക്കറിയാം ജിത്തേട്ടാ... ആ സാഹചര്യത്തിൽ ആരായാലും അങ്ങനെയേ പെരുമാറുകയുള്ളൂ... പക്ഷേ അന്നേരത്ത് എനിക്കങ്ങനെയൊന്നും ചിന്തിക്കാനുള്ള വിവേകവും ബുദ്ധിയുമൊന്നും ഉണ്ടായില്ല...എങ്ങനെയും ഈ ഭൂമിയിൽ നിന്ന് ഇല്ലാതായാൽ മതിയെന്ന ചിന്തമാത്രമായിരുന്നു ഉള്ളിന്റെയുള്ളിൽ..." തൊണ്ടക്കുഴിയിൽ നിന്നൊരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു.... ഇനിയും കരയില്ലെന്ന വാശിയോടെ പുറത്തേക്കൊഴുകിയ കണ്ണുനീരിനെ തുടച്ചു മാറ്റി... "കഴിഞ്ഞു പോയതിനെ പറ്റി ഇനി സംസാരിച്ചിട്ട് കാര്യമില്ലല്ലോ...നിന്നോടെല്ലാം തുറന്നു പറഞ്ഞു മനസ്സിലെ ഭാരം ഇറക്കി വെക്കണമെന്ന് തോന്നി അത്രയേയുള്ളൂ..." നിസ്സംഗതയോടെ പറയുന്നവനെ പാറു ഇമ ചിമ്മാതെ നോക്കിയിരുന്നു.... "ജിത്തേട്ടൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ഇതിനെല്ലാം പിന്നിൽ ഞാനാണെന്ന്..." അറിയാതെ അവളിൽ നിന്നും ആ വാക്കുകൾ പുറത്തേക്ക് വന്നു...അവൾ ചോദിച്ചതിന് അവന്റെ പക്കൽ മറുപടിയുണ്ടായിരുന്നില്ല...

അല്ലെങ്കിൽ തന്നെ എന്താ പറയേണ്ടത് ഇപ്പോഴും താൻ വിശ്വസിക്കുന്നത് അങ്ങനെ തന്നെയാണെന്നോ...! "ജിത്തേട്ടനെന്താ ഒന്നും മിണ്ടാത്തത്...ഈ മൗനം അതിനുള്ള ഉത്തരമാണോ..?" നെറ്റിചുളിച്ചു കൊണ്ടവൾ വീണ്ടും ചോദിച്ചു.. "നമുക്ക് പോയാലോ നേരം ഒരുപാടായി... " മറുപടി പറയാതെ അവളുടെ വാക്കുകളെ അവഗണിച്ചു കൊണ്ടവൻ എഴുന്നേറ്റു...മുന്നോട്ട് നടക്കാൻ തുടങ്ങവേ അവന്റെ കൈത്തണ്ടയിൽ അവളുടെ പിടിവീണു.. "അതേയെന്നല്ലേ ഈ മൗനത്തിന്റെ അർത്ഥം...! ജിത്തേട്ടന്റെ മുന്നിൽ ഇനിയും ഞാനെന്റെ നിരപരാധിത്വം തുറന്നു കാണിക്കാൻ ശ്രമിക്കുന്നില്ല കാലം തെളിയിക്കട്ടെ സത്യമേതാണെന്നും മിഥ്യയേതാണെന്നും...അന്നേ ജിത്തേട്ടന്റെ മുന്നിലേക്ക് ഞാൻ വരുകയുള്ളൂ..." ഉറച്ച വാക്കുകളോടെ പറഞ്ഞിട്ടവൾ കയ്യിലെ പിടി അയച്ചു എഴുന്നേറ്റ് മുന്നോട്ട് നടന്നു... അവനപ്പോഴും അവൾ പറഞ്ഞ വാക്കുകളിലെ പൊരുൾ തിരയുകയായിരുന്നു... അവളെ തള്ളാനും ഉൾകൊള്ളാനും കഴിയാതെ അവനാ നിമിഷം നിസ്സഹായനായി പോയിരുന്നു... **** പാറു ജിത്തുവിനോടൊപ്പം കാറിൽ കയറാതെ അവിടെ നിന്നും ഒരോട്ടോ പിടിച്ച് വീട്ടിലേക്ക് വന്നു... അവിടെയെത്തുമ്പോൾ ഉമ്മറത്തു തന്നെ ടീച്ചർ ഇരുപ്പുണ്ടായിരുന്നു....

കരഞ്ഞു വിങ്ങിയ മുഖം കണ്ടാൽ ടീച്ചർ എന്തെങ്കിലും ചോദിക്കുമെന്ന് കരുതി മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു... ഉള്ളിൽ ഒരു കടൽ തന്നെ ഇളകി മറിയുന്നുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നും അതിനെ മറച്ചു പിടിക്കാനുള്ള ഏറ്റവും വലിയ ഉപാധിയാണല്ലോ ചുണ്ടിൽ തെളിയുന്ന പുഞ്ചിരി... "ഇതെന്താ തനിച്ച്..ജിത്തു എവിടെ..." അവൾ കരുതിയിരുന്ന പോലെ തന്നെ ടീച്ചർ ചോദിച്ചു... "അത്... ജിത്തേട്ടന് അത്യാവശ്യമായിട്ടൊരു ഫ്രണ്ടിനെ കാണാൻ പോവാനുണ്ടെന്ന് പറഞ്ഞു.. അതാ ഞാൻ ഓട്ടോ പിടിച്ചിങ്ങ് പോന്നത്... " അവൾ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു...അത് വിശ്വസിച്ചെന്ന ടീച്ചറൊന്ന് അമർത്തി മൂളി... ഇനിയും ചിലപ്പോൾ അവിടെ നിന്നാൽ പിടിക്കപ്പെടുമെന്ന് മനസ്സിലായതും അവൾ മെല്ലെ അകത്തേക്ക് കയറിപ്പോയി... ഒന്ന് കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും മൂഡോഫെല്ലാം മാറിയിരുന്നു... ഉള്ളിൽ ഞെരിപിരി കൊള്ളുന്ന സങ്കടങ്ങളെ മനസ്സിന്റെ ഒരു മൂലയിലേക്ക് മാറ്റി നിർത്തിക്കൊണ്ട് വീണ്ടും പഴയത് ടീച്ചറിന്റെ കുറുമ്പിപ്പെണ്ണായി മാറി...കോളേജിൽ പോയ വിശേഷങ്ങളും മറ്റും ഉമ്മറത്ത് അവരുടെ മടിയിലേക്ക് ചാഞ്ഞു കിടന്ന് പങ്കുവെക്കുമ്പോഴാണ് ജിത്തുവിന്റെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്... അവൾ മടിയിൽ നിന്നും എഴുന്നേറ്റു...

ജിത്തു കാറിൽ നിന്നും ഇറങ്ങി കയ്യിലുണ്ടായിരുന്ന പലഹാരപ്പൊതി ടീച്ചറെ ഏൽപ്പിച്ചു അവളെയൊന്ന് നോക്കി അകത്തേക്ക് നടന്നു... ഇനിയും അവൻ തന്നെയൊന്ന് മനസ്സിലാക്കിയില്ലല്ലോ എന്നോർക്കേ പാറുവിന്റെ മുഖം വാടി.. ****** രണ്ട് ദിവസം കഴിഞ്ഞതും ജിത്തുവിനോട് യാത്ര പോലും പറയാതെ പാറു തിരിച്ചു ട്രിവാൻഡ്രത്തേക്ക് തന്നെ പോയി... അവൾ പോയതിൽ ടീച്ചർക്കായിരുന്നു ഏറെ വിഷമം....അത്രയും ദിവസം പാറുവിന്റെ ശബ്‍ദവും ചിരിയൊച്ചകളും അലയടിച്ച ആ വീട്ടിൽ പഴയത് പോലെ കനത്ത മൗനം തളം കെട്ടി നിന്നു... ജിത്തുവിന്റെ ഉള്ളിൽ അവളെ കുറിച്ചുള്ള ഓർമ്മകൾ കുമിഞ്ഞു കൂടി... അവ തന്നെ വേട്ടയാടുന്നത് പോലെ...സത്യം മനസ്സിലാക്കാതെ അവളെ ഉൾക്കൊള്ളാനോ ചേർത്ത് നിർത്താനോ അവനും കഴിയുമായിരുന്നില്ല... മനസ്സിന്റെയൊരു കോണിൽ അവളോടുള്ള പ്രണയം വന്നു നിറയുമ്പോൾ മറുകോണിൽ അവളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആ പ്രണയത്തെ മറച്ചു പിടിക്കുന്നു....ഇനിയും എത്ര നാൾ ഇതിങ്ങനെ മുന്നോട്ട് പോവുമെന്ന് അവനും നിശ്ചയമില്ലായിരുന്നു...എല്ലാം പെട്ടന്ന് കലങ്ങിത്തെളിഞ്ഞെങ്കിലെന്നവൻ വെറുതെയെങ്കിലും മോഹിച്ചുപോയി........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story