നീയും ഞാനും.. 🧡 ഭാഗം 5

neeyum njanjum shamseena

രചന: ശംസീന

ട്യൂഷന് ഇരിക്കുമ്പോഴും കണ്ണുകൾ വീടിനകത്തും പുറത്തും പാളി വീണു കൊണ്ടിരുന്നു.. താൻ ജിത്തേട്ടനെ നോക്കുന്നത് മീര കണ്ടാൽ പിന്നെ അതുമതി അടുത്ത വഴക്കിന്.. അതുകൊണ്ട് തന്നെ അവളുടെ ശ്രദ്ധ ബുക്കിലേക്ക് തിരിയുമ്പോൾ മാത്രമാണ് കണ്ണുകളെ താൻ സ്വതന്ത്രമായി അലയാൻ വിട്ടത്.. അന്ന് പക്ഷേ കണ്ണിനും മനസ്സിനും തേടി കൊണ്ടിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല..നിരാശയോടെ വീട്ടിലേക്ക് മടങ്ങി.. കട്ടിലിൽ വെറുതെ കിടക്കുമ്പോഴാണ് ഉമ്മറത്തു നിന്നും അമ്മയുടെ ശബ്ദം കേൾക്കുന്നത്.. ആരോടായിരിക്കും ഇത്ര വലിയ വായിൽ സംസാരിക്കുന്നതെന്നാലോചിച്ചു അസ്വസ്ഥതയോടെ കണ്ണുകൾ ഇറുകെ മൂടി... നിമിഷ നേരങ്ങൾക്കുള്ളിൽ മുഴക്കമുള്ളൊരു ശബ്‍ദം കാതിൽ പതിഞ്ഞു.. കണ്ണുകൾ വലിച്ചു തുറന്നു.. ആ സ്വരത്തിനായി വീണ്ടും കാതോർത്തു.. "അതെ ജിത്തുവേട്ടൻ തന്നെ.. " ബുദ്ധിയും മനസ്സും പ്രവർത്തിക്കും മുൻപേ കാലുകൾ ജിത്തേട്ടന്റെ അരികിലേക്ക് പാഞ്ഞിരുന്നു.. കിതച്ചുകൊണ്ട് കട്ടിലപടിയിൽ ചാരി നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ദൂരേക്ക്‌ അകന്നുപോകുന്നൊരു നിഴൽ രൂപത്തെ..

വിശാദം തളം കെട്ടിയ മുഖത്തോടെ പിന്നിലേക്ക് തിരിഞ്ഞതും തൊട്ടു പിന്നിൽ നിൽക്കുന്ന വിച്ചേട്ടനെ കണ്ടു ഭയന്ന് രണ്ടടി പിറകിലേക്ക് നീങ്ങി.. താൻ ജിത്തേട്ടനെ കാണാനാണോ ഇവിടേക്ക് ഓടിവന്നതെന്ന് വിച്ചേട്ടന് മനസ്സിലായി കാണുമോ.. അതാലോചിച്ചതും ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു.. "നീയാരെയാ പാറൂ ഈ നോക്കണേ.. വന്നു അത്താഴം കഴിക്കാൻ നോക്ക്.." അവന് മനസ്സിലായില്ലെന്നുള്ളത് ഉള്ളിൽ തണുപ്പ് പടർത്തി.. വിച്ചുവിനെ നോക്കിയൊന്ന് മൂളി തലയും താഴ്ത്തി അടുക്കളയിലേക്ക് പോയി.. **** രാവിലെ എണീറ്റപ്പോൾ തലയിണയുടെ അരികിലായി ഒരു കവർ ഇരിക്കുന്നത് കണ്ടു.. ഇതാരാ ഇവിടെ കൊണ്ടുവന്നു വെച്ചത്,, കിടക്കുന്നത് വരെ ഇവിടെ ഇത് ഉണ്ടായിരുന്നില്ലലോ.. അവൾ അതെടുത്തു തുറന്ന് നോക്കി.. പൊന്മാൻ നിറത്തിലുള്ളൊരു ദാവണി.. പാറു കട്ടിലിൽ നിന്നും എഴുന്നേറ്റ് ദാവണി മുഴുവനായി നിവർത്തി നോക്കി.. പൊന്മാൻ നിറത്തിന്റെ ഭംഗി എടുത്തു കാണിക്കാൻ എന്നോണം കരിനീല നിറത്തിലുള്ള ബോർഡർ കൊടുത്തിട്ടുണ്ട്..

അവൾക്കത് ഒത്തിരി ഇഷ്ടമായി.. വീണ്ടും കവറിൽ പരതി നോക്കി.. അപ്പോഴതിൽ നിന്നും ദാവണിക്ക് മാച്ചിങ് ആയ കുപ്പിവളയും മാലയും പൊട്ടുമെല്ലാം കിട്ടി.. ഇന്നെന്താ പ്രത്യേകത എന്നവൾ ഓർത്തു.. വേഗം ചുവരിൽ തൂക്കിയിട്ടിരുന്ന കലണ്ടർ എടുത്ത് നോക്കി.. ഇന്ന് തന്റെ പിറന്നാൾ ആണെന്നുള്ളത് അവൾക്കപ്പോഴാണ് ഓർമ വന്നത്.. പെട്ടന്ന് തന്നെ ദാവണിയും എടുത്ത് ഫ്രഷാവാൻ കയറി.. *** തലയിൽ കെട്ടിവെച്ച തോർത്തഴിച്ചു കണ്ണാടിക്ക് മുന്നിൽ നിന്നു.. ഇടതൂർന്ന ചെമ്പ നിറമുള്ള മുടിയിഴകൾ നിതംബം മറയും വിധം ഊർന്നു വീണു... മുടിയെല്ലാം മുൻ വശത്തേക്കിട്ട് വെള്ളമെല്ലാം തുവർത്തി കളഞ്ഞു... ശേഷം തോർത്തു മുണ്ട് കട്ടിലിന്റെ ക്രാസിയിലായി വിരിച്ചിട്ടു.. മുടി വെറുതെയൊന്ന് ചിക്കി കുളിപ്പിന്നൽ കെട്ടി.. പുരിക കൊടികൾക്കിടയിൽ കരിനീല നിറത്തിലുള്ളൊരു വട്ടപൊട്ടും തൊട്ട് വാതിൽ തുറന്ന് പുറത്തിറങ്ങി.. പാറുവിന്റെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്‍ദം കേട്ടതും പത്രം വായിച്ചു കൊണ്ടിരുന്ന വിച്ചു അത് മടക്കി വെച്ചു ഉമ്മറത്തു നിന്നും എഴുന്നേറ്റ് അവിടേക്ക് വന്നു..

"ആഹാ.. ഏട്ടന്റെ കുട്ടി ചുന്ദരിയായല്ലോ.." വിച്ചു പാറുവിനെ ചേർത്ത് നിർത്തി നിറ പുഞ്ചിരിയാലെ പറഞ്ഞു.. "അമ്മേ ഇങ്ങോട്ടൊന്ന് വന്നേ.. " അവളെ ചേർത്ത് നിർത്തി കൊണ്ട് തന്നെയവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു.. "നോക്കിയേ അമ്മേ നമ്മുടെ പാറു ദാവണിയൊക്കെ ഉടുത്തു വലിയ പെണ്ണായി.. " അമ്മ അവിടേക്ക് വന്നതും വിച്ചു സന്തോഷത്താൽ പറഞ്ഞു.. "ഇപ്പോഴേലും കാണാനൊരു മനുഷ്യ കോലമൊക്കെ ഉണ്ട്.. അല്ലേൽ ഒരു കുട്ടി പാവാടയും ബനിയനും ഇട്ട് നടക്കും.." അമ്മ മുഖം ചുളിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും തന്റെ മകളെ ഈ വേഷത്തിൽ കണ്ടതിന്റെ സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നു.. അമ്മ അവരെയൊന്ന് നോക്കി മുറിയിലേക്ക് പോയി.. അവിടെ ചെന്ന് തകരത്തിന്റെ അലമാര തുറക്കുന്ന ചിലമ്പിച്ച ശബ്ദം കേട്ടപ്പോൾ വിച്ചുവും പാറുവും മുഖത്തോട് മുഖം നോക്കി... നിമിഷങ്ങൾക്കകം അമ്മ ഒരു കുഞ്ഞു പൊതിയുമായി പുറത്തേക്ക് വന്നു..പാറുവിന് നേരെ നീട്ടി.. അവളൊന്ന് മടിച്ചു കൊണ്ടത് വാങ്ങിച്ചു തുറന്ന് നോക്കി.. ചുവന്ന കല്ല് വെച്ച കുഞ്ഞു സെക്കന്റ്‌ സ്റ്റഡ് കണ്ടതും അവളുടെ മുഖം പ്രകാശിച്ചു.. സന്തോഷത്തോടെ അവൾ അമ്മയെ ഇറുകെ പുണർന്നു.. വിച്ചുവും അവരെ പൊതിഞ്ഞു പിടിച്ചു..

മൂവരുടേയും കുറച്ച് നിമിഷത്തേ സ്നേഹപ്രകടനങ്ങൾക്ക് ശേഷം അമ്മ അടുക്കളയിൽ ജോലിയുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.. വിച്ചു തന്നെ അവളെ അവിടെ പിടിച്ചിരുത്തി കാതിൽ കിടന്നിരുന്ന ഗ്യാരണ്ടിയുടെ സെക്കന്റ്‌ സ്റ്റഡ് ഊരി കളഞ്ഞു ചുവന്ന കല്ല് പതിപ്പിച്ച സ്റ്റഡ് കാതിലേക്ക് ഇട്ടു കൊടുത്തു.. കുറേ കാലമായി അമ്മയോടും വിച്ചേട്ടനോടും പറയാൻ തുടങ്ങിയിട്ട് ചുവന്ന കല്ല് പതിപ്പിച്ചൊരു സെക്കന്റ്‌ സ്റ്റഡ് വേണമെന്ന്.. അപ്പോഴൊക്കെയും ചിട്ടി കിട്ടട്ടെ എന്നും പറഞ്ഞ് രണ്ടാളും ഒഴിഞ്ഞു മാറും.. എന്തായാലും അപ്രതീക്ഷിതമായി കിട്ടിയ ഈ സമ്മാനത്തിൽ താൻ ഒത്തിരി ഹാപ്പി ആണെന്നവൾക്ക് തോന്നി.. "എങ്ങനുണ്ട്.. " കാതിലൊന്ന് തട്ടികൊണ്ടവൾ ചോദിച്ചു.. വിച്ചു വിരലുകൾ ഉയർത്തി സൂപ്പർ എന്ന് കാണിച്ചു.. ശേഷം അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഒരേട്ടന്റെയും അതിലുപരി ഒരച്ഛന്റെയും വാത്സല്യവും സ്നേഹവും അതിലുണ്ടായിരുന്നു.. *** ഉച്ചക്ക് അമ്മ ചെറുതായിട്ടൊരു സദ്യ ഒരുക്കിയിരുന്നു.. ജിത്തേട്ടനെ ഒഴിച്ചു നിർത്തിയിട്ടൊരു കാര്യവും വിച്ചേട്ടന്റെ ജീവിതത്തിൽ ഇല്ല.. അതുകൊണ്ട് തന്നെ ഉച്ചക്ക് സദ്യ കഴിക്കാൻ വിച്ചേട്ടൻ ജിത്തേട്ടനെ വിളിച്ചു..

ജിത്തേട്ടനും ഗൗരി ടീച്ചറും കൂടി ജ്യോതി ചേച്ചിയുടെ വീട്ടിലേക്ക് പോകുവാണെന്നും ഉച്ച കഴിഞ്ഞേ എത്തുകയുള്ളൂ എന്നും പറഞ്ഞു.. അത് കേട്ടപ്പോൾ ചെറിയൊരു നിരാശ തോന്നി.. കാരണം ഗൗരി ടീച്ചർ ജ്യോതി ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച താമസിക്കാൻ ആണ് പോവുന്നത്.. അതുകൊണ്ട് ട്യൂഷൻ ഉണ്ടാവില്ല,, ഇന്നലെ ട്യൂഷന് പോയപ്പോൾ ടീച്ചർ പറഞ്ഞറിഞ്ഞതാണ് ഈ വിവരം.. ജിത്തേട്ടൻ വീട്ടിൽ ഉണ്ടാവുമെങ്കിലും ട്യൂഷൻ ഉണ്ടെങ്കിലേ കാണാനൊക്കൂ.. വെറുതെ അവിടേക്ക് കയറി ചെല്ലാനൊക്കില്ലല്ലോ..മീരയിപ്പോൾ ജിത്തേട്ടനെ താൻ കാണുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കാറാണ് പതിവ്.. ആകെ കാണുന്നത് ട്യൂഷൻ ഉള്ളപ്പോഴാണ് അതും ഒരു മിന്നായം പോലെ.. ഈ ഒരാഴ്ച്ച ജിത്തേട്ടനെ കാണാതെ ഇരിക്കണമല്ലോ എന്നോർത്തു ഉള്ളിൽ നോവുണർന്നു.. ജിത്തേട്ടനിപ്പോൾ വിച്ചേട്ടന്റെ കൂടെ വീട്ടിലേക്കും വരവ് കുറവാണ്..വന്നാൽ തന്നെ അമ്മയെ കണ്ട് വിശേഷങ്ങൾ ചോദിച്ചു പെട്ടന്നിറങ്ങും.. ഒന്ന് അടുത്ത് കാണണമെന്ന് ഉള്ളം വല്ലാതെ കൊതിച്ചു കൊണ്ടിരുന്നു.. സോഫയിൽ കിടന്നു വെറുതെ ടിവി യുടെ ചാനൽ മാറ്റി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മയൊരു തൂക്കു പാത്രവുമായി അടുത്തേക്ക് വന്നത്..

"പാറു നീയിത് ജിത്തുമോന് കൊണ്ട് കൊടുത്തേ.. കുറച്ച് പായസമാണ്.. വിച്ചുവിനോട് പറഞ്ഞപ്പോൾ അവനെന്തോ കടയിൽ തിരക്കുണ്ടെന്നും പറഞ്ഞിട്ട് ഒരൊറ്റ പോക്കങ്ങ് പോയി..നീയിത് കൊണ്ട് കൊടുത്ത് പെട്ടന്നിങ്ങു വാ.." അമ്മയങ്ങനെ പറഞ്ഞപ്പോൾ ഹൃദയം സന്തോഷത്താൽ അനന്ദനൃത്തമാടി.. ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സന്തോഷം മുഖത്ത് പ്രകടമാക്കാതെ തൂക്കു പാത്രവും വാങ്ങിച്ചു ജിത്തേട്ടന്റെ വീട്ടിലേക്ക് നടന്നു.. മീരയെ മനപ്പൂർവം വിളിച്ചില്ല.. അവൾ കൂടെ വന്നാൽ ജിത്തേട്ടനോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും കഴിയില്ലെന്ന് ഉറപ്പായിരുന്നു.. കാലുകൾക്ക്‌ വേഗത പോരെന്നു തോന്നി.. പാവാട തുമ്പും ഉയർത്തി പിടിച്ചു മുന്നോട്ട് തന്നെ പറ്റാവുന്നത്ര വേഗത്തിൽ നടന്നു.. ജിത്തേട്ടന്റെ വീടിന്റെ പടിപ്പുരയിൽ എത്തിയതും വല്ലാതെ കിതച്ചു പോയിരുന്നു.. കിതപ്പൊന്നടങ്ങിയതും മുഖത്ത് പൊടിഞ്ഞ വിയർപ്പ് ദാവണി തുമ്പാൽ തുടച്ചു.. മുഖത്തേക്ക് ഞാണു കിടന്നിരുന്ന തൂളൻ മുടിയിഴകൾ ചെവിയിടുക്കിലേക്ക് തിരുകി വെച്ചു ഉമ്മറത്തേക്ക് കയറി..

പുറത്ത് തൂക്കിയിട്ടിരുന്ന മണിയിൽ രണ്ട് മൂന്ന് തവണ തട്ടിയിട്ടും അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.. തൂക്ക് പാത്രം തിണ്ണയിൽ വെച്ച് അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് പടിപ്പുര കടന്ന് വരുന്ന ജിത്തുവിനെ പാറു കണ്ടത്.. മുഖത്തൊരു ചിരിയെടുത്തണിഞ്ഞു.. എന്നാലവന്റെ മുഖം സംശയത്താൽ ചുളിയുന്നതവൾ കണ്ടു..അവനടുത്തേക്കെത്തിയതും മുഖത്തേക്ക് നോക്കാതെയവൾ തൂക്ക് പാത്രം അവനു നേരെ നീട്ടി.. "കുറച്ച് പായസമാണ് അമ്മ തന്നു വിട്ടതാ.. " പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു.. വാങ്ങിക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിന്റെ നേരെയവൾ പാത്രം നീട്ടി.. കണ്ണുകളിലെ പിടപ്പ് മനസ്സിലാവാതിരിക്കാൻ തല താഴ്ത്തി പിടിച്ചു.. അവനത് വാങ്ങിച്ചെന്ന് കണ്ടതും പാറു അവിടെ നിന്നും പോകാനൊരുങ്ങി.. "നിൽക്ക് പോകാൻ വരട്ടെ,, ഞാനിപ്പോ വരാം. "

ജിത്തു പാത്രം തിണ്ണയിൽ വെച്ച് അകത്തേക്ക് കയറി പോയി.. അവൻ പോയതും അത്രയും നേരം അടക്കി പിടിച്ചു വെച്ചിരുന്ന ശ്വാസമവൾ പുറത്തേക്ക് വിട്ടു..നെഞ്ചോന്നുഴിഞ്ഞു.. കയ്യിലൊരു പൊതിയുമായി അവനകത്തു നിന്നും വന്നു.. "ഇത് നിനക്കുള്ളതാ,, അമ്മ വാങ്ങിച്ചു വെച്ചതാണ്.. " അവനാ പൊതി അവളുടെ നേരെ നീട്ടി..അവനെ നോക്കാതെ തന്നെ പൊതി വാങ്ങി മാറോടു അടക്കി പിടിച്ചു.. ശേഷം അവനെ പോകുവാണെന്നു തലയൊന്നനക്കി പറഞ്ഞ് പടികളറിങ്ങി.. "പാറു ഒന്നവിടെ നിന്നേ... " പഠിപ്പുര കടക്കാനൊരുങ്ങിയവളെ ജിത്തു പിന്നിൽ നിന്നും വിളിച്ചു.. കൂച്ചു വിലങ്ങിട്ടത് പോലെയവളുടെ കാലുകൾ നിശ്ചലമായി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story