നീയും ഞാനും.. 🧡 ഭാഗം 50

neeyum njanjum shamseena

രചന: ശംസീന

തിരികെ വന്നപ്പോൾ മുതൽ അവിടുത്തെ വിശേഷങ്ങളറിയാൻ പാറുവിന്റെ പിറകെ കൂടിയതാണ് കാവേരി.. വേറെയൊന്നുമല്ല ജിത്തു മിണ്ടിയോ എന്താ പറഞ്ഞ് അവർ തമ്മിലുള്ള പിണക്കമൊക്കെ മാറിയോ എന്നൊക്കെ അറിയാനുള്ള വെറും ത്വര... "ശ്ശോ ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ചു..." എല്ലാം കേട്ട് കഴിഞ്ഞു കാവേരി താടക്ക് കയ്യും കൊടുത്ത് വിഷാദ ഭാവത്തിലിരുന്നു... "നീ നാട്ടിലേക്ക് ചെല്ലുന്നു... ഏറെ നാളുകൾക്ക് ശേഷം നിന്നെ കാണുന്ന ജിത്തേട്ടൻ ഓടിവന്നു നിന്നെ കെട്ടിപ്പിടിക്കുന്നു തെറ്റുകൾ ഏറ്റുപറഞ്ഞ് ഉമ്മകൾ കൊണ്ട് മൂടുന്നു എന്തൊക്കെ പ്രതീക്ഷിച്ചതായിരുന്നു എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായില്ലേ..." കാവേരിയിൽ നിന്നൊരു നെടുവീർപ്പുയർന്നു... "അയ്യേ ഈ പെണ്ണിന് ഒരു നാണവും ഇല്ലേ... പിഞ്ച് കുഞ്ഞായാ എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാൻ... " വിഷയം മാറ്റാനെന്നോണം പാറു പറഞ്ഞു... "ഞാനെന്തിന് നാണിക്കണം.. നാളെ എനിക്കും ആരോടെങ്കിലും പ്രേമം തോന്നി ഇതുപോലൊക്കെ സംഭവിച്ചാലോ.. അതുകൊണ്ടൊരു മുൻകരുതൽ എടുക്കുന്നു എന്നേയുള്ളൂ... " "മ്മ്.. " പാറു അമർത്തിയൊന്ന് മൂളി ആലോചനയോടെ ഇരുന്നു... "എന്തു പറ്റിയെടി...പെട്ടന്നെന്താ നിന്റെ മുഖം വാടിയത്... "

"ഒന്നുമില്ല പെണ്ണേ.. ഞാൻ ജിത്തേട്ടനെ കുറിച്ച് ആലോചിക്കുവായിരുന്നു... ആൾക്ക് ഇപ്പോഴും എന്റെ മേലുള്ള തെറ്റിദ്ധാരണ മാറിയിട്ടില്ലല്ലോ എന്നാലോചിക്കുമ്പോളൊരു വിഷമം..." അവളുടെ ശബ്‍ദമിടറി... "സാരമില്ല പോട്ടെ പാറൂസേ...ജിത്തേട്ടന് നിന്നെ മനസ്സിലാവുന്ന ഒരു ദിവസം വരും.. അന്ന് അങ്ങേര് നിന്റെ പിന്നാലെ റൊമാൻസും കാണിച്ചു തേരാ പാരാ നടക്കും നീ നോക്കിക്കോ... അന്ന് ഇതിനൊക്കെ ചേർത്ത് ഒരു മധുര പ്രതികാരം അങ്ങ് ചെയ്തേക്കണം...അല്ല പിന്നെ..." കാവേരി പറയുന്നത് കേട്ട് ഉള്ളിലെ നോവിനെ മറന്നു പാറു പുഞ്ചിരിച്ചു... "അല്ല ഞാൻ ചോദിക്കാൻ വിട്ടു... നീ നിന്റെ കൂട്ടുകാരെ കണ്ടില്ലേ... " കാവേരിയുടെ ചോദ്യത്തിന് മുന്നിൽ പാറുവിന്റെ തല താഴ്ന്നു... "എന്ത് പണിയാ നീ കാണിച്ചത്..എന്തൊക്കെയായാലും അവർ നിനക്ക് വേണ്ടിയിട്ടല്ലേ തെറ്റാണെന്നറിഞ്ഞിട്ടും ഇതുപോലൊരു കാര്യം ചെയ്തത്... അപ്പോൾ നീ അവരോട് പിണങ്ങി നടക്കുന്നത് ശെരിയാണോ..." "അതൊന്നും എനിക്കറിയില്ല കാവു... അവർ ചെയ്തതൊക്കെ ആലോചിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാ ഇപ്പോഴും...

അവരോടുള്ള എന്റെ പിണക്കം തീരണമെങ്കിൽ ജിത്തേട്ടന് എന്റെ മേലുള്ള തെറ്റിദ്ധാരണ ആദ്യം മാറണം... എന്നാലേ എനിക്ക് അവരോടും ക്ഷമിക്കാൻ പറ്റൂ..." ഇനിയും പാറുവിനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്ന് കാവേരിക്ക് തോന്നിയത് കൊണ്ടാവും അവൾ മൗനം പാലിച്ചു... പാറു വീണ്ടും ഓർമകളെ സ്വസ്ഥമായി വിഹരിക്കാൻ വിട്ടുകൊണ്ട് കാവേരിയുടെ തോളിലേക്ക് തലചായ്ച്ചു... ***** ദിവസങ്ങൾ കടന്നുപോയി... പാറുവും കാവേരിയും ഇന്ന് മുതൽ വീണ്ടും കോളേജിലേക്ക് പോയിത്തുടങ്ങുവാണ്... രണ്ട് പേരും വേറെ വേറെ കോഴ്‌സുകൾ ആണെങ്കിലും ഒരേ കോളേജിൽ തന്നെയായിരുന്നു.. പാറുവിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല തുടർ പഠനത്തിന്... കിരണിന്റെയും ടീച്ചറുടെയും ഒറ്റ നിർബന്ധത്തിന്റെ പുറത്താണ് msc കൂടി ചെയ്യാമെന്ന് തീരുമാനിച്ചത്... മുൻപ് പഠിച്ചിരുന്ന കോളേജിന്റെ കീഴിൽ വരുന്ന യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു അഡ്മിഷൻ എടുത്തിരുന്നത്.... രാവിലെ തന്നെ പുറപ്പെടാനുള്ള തിരക്കിലാണ് കാവേരിയും പാറുവും..

ജ്യോതി അവരുടെ പിറകെ ഓരോന്നും ഓർമപ്പെടുത്തി നടക്കുന്നുണ്ട്... ബസിൽ തിക്കിത്തിരക്കി പോവേണ്ടെന്ന് പറഞ്ഞു കിരൺ അവർക്കൊരു സ്കൂട്ടി വാങ്ങിച്ചു കൊടുത്തു... കാവേരിക്ക് ഓടിക്കാൻ അറിയാം..ടീച്ചറമ്മ ഇല്ലാത്തത് കൊണ്ട് കിരണിന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം വാങ്ങി അവർ കോളേജിലേക്ക് പുറപ്പെട്ടു... ആദ്യ ദിവസം ആയത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടലും മറ്റുമായിരുന്നു... ഉച്ചയോടെ കോളേജ് വിടുകയും ചെയ്തു...അതുകൊണ്ടവർ സിറ്റിയിലൊക്കെയൊന്ന് കറങ്ങി ഒരു സിനിമയൊക്കെ കണ്ടതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്... ജിത്തുവും കോളേജിൽ പോയിത്തുടങ്ങി... പാറു കൂടെയില്ലാതെ അവന് ജീവിതത്തിനോട് തന്നെ വല്ലാത്ത വിരസത തോന്നി... ആരോടും അധികം സംസാരിക്കാതെ ഒഴിവ് സമയങ്ങളിൽ പുസ്തകങ്ങളെ ആശ്രയിച്ചവൻ തന്റെ മനസ്സിന്റെ വേദനകളെ അകറ്റി നിർത്താൻ ശ്രമിച്ചു.... ***** പതിവ് പോലെ അന്നും കോളേജിലേക്ക് പോയതായിരുന്നു പാറുവും കാവേരിയും... കുറച്ച് ഷോപ്പിംഗ് ഉണ്ടെന്ന് പറഞ്ഞവർ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ മാളിൽ കയറി..

അത്യാവശ്യം വേണ്ടതൊക്കെ ഓഫറുകൾ നോക്കി പർച്ചേസ് ചെയ്തു... തിരികെ മടങ്ങുമ്പോൾ പാറുവായിരുന്നു സ്കൂട്ടി ഓടിച്ചത്.. കാവേരിയുടെ കൂടെ കൂടി അവൾ അത്യാവശ്യം ഡ്രൈവിങ്ങൊക്കെ പഠിച്ചിരുന്നു... തിരക്കില്ലാത്ത റോഡിലേക്കെത്തിയതും അവൾ സ്കൂട്ടിയുടെ സ്പീഡ് അല്പമൊന്ന് കൂട്ടി... പെട്ടന്നാണ് മുന്നിലേക്കൊരു പെൺകുട്ടി വന്ന് ചാടിയത്... അവൾ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതും ആ പെൺകുട്ടിയും അവരും ഒരുപോലെ നിലത്തേക്ക് വീണു.. "ആഹ്... " അരിൽ നിന്നും ഒരുപോലെ നിലവിളി ഉയർന്നു... പാറു വെപ്രാളത്തോടെ വീണിടത്ത് നിന്നും കൊട്ടിപ്പിടഞ്ഞെഴുന്നേറ്റു.. "കാവു.. എന്തെങ്കിലും പറ്റിയോ... " പാറു കരച്ചിലിന്റെ വക്കിലെത്തിയിരുന്നു... "എനിക്കൊന്നും പറ്റിയില്ലെടി നീ ആ ചേച്ചിയെ നോക്ക്... " കാവേരി ഡ്രെസ്സിലുള്ള പൊടി തട്ടി നിലത്ത് നിന്നും എഴുന്നേറ്റു... അപ്പോഴേക്കും ആളുകൾ അങ്ങോട്ട് വന്നു തുടങ്ങിയിരുന്നു... "എന്താ.. എന്തു പറ്റി... " ആളുകൾ കാവേരിയോട് തിരക്കി... "സ്കൂട്ടി ചെറുതായൊന്ന് സ്ലിപ്പായതാ... " എങ്ങനെ സ്ലിപ്പാവാതിരിക്കും അമ്മാതിരി വരവാല്ലായിരുന്നോ വന്നിരുന്നത്...

കാവേരി പറഞ്ഞത് അതിലൊരു ചേട്ടൻ പറഞ്ഞു... ഇങ്ങേരിത് കണ്ടിരുന്നെങ്കിൽ പിന്നെ ചോദിക്കേണ്ട ആവശ്യമുണ്ടോ... മനസ്സിൽ പറഞ്ഞു കൊണ്ടവൾ അയാളെ കണ്ണുകളുരുട്ടി പേടിപ്പിക്കുമ്പോഴാണ് പാറു വിളിക്കുന്നത് കേട്ടത്... "കാവു..ഈ കുട്ടിക്ക് ബോധമില്ല.. നെറ്റിയും മുറിഞ്ഞിട്ടുണ്ട് " "വേഗം ആശുപത്രിയിൽ എത്തിക്കാൻ നോക്ക്... " വേറൊരു ചേട്ടൻ മുന്നോട്ട് വന്നു പറഞ്ഞു... അതിലെ പോയൊരു ഓട്ടോയ്ക്ക് കൈ കാണിച്ചു നിർത്തി ആ പെൺകുട്ടിയേ അതിലേക്ക് കയറ്റി കൂടെ പാറുവും കയറി... "നീ സ്കൂട്ടിയെടുത്ത് പിന്നാലെ വാ.. " അന്തം വിട്ട് നിൽക്കുന്ന കാവേരിയോട് പറഞ്ഞിട്ടവൾ ഡ്രൈവറോട് ഓട്ടോ സിറ്റി ഹോസ്പിറ്റലിലേക്ക് വിടാൻ പറഞ്ഞു... ഹോസ്പിറ്റലിലെത്തിയതും ആ പെൺകുട്ടിയെ നേരെ കേഷ്വാലിറ്റിയിലേക്ക് കയറ്റി... "എന്ത് പറ്റിയതാ... " കുറച്ചു സമയം കഴിഞ്ഞതും അകത്ത് നിന്നും ഒരു നഴ്സ് അടുത്തേക്ക് വന്നു പാറുവിനോട് തിരക്കി.. "എന്റെ സ്കൂട്ടിയൊന്ന് തട്ടിയതാ.. " അവൾ നേർത്ത പരിഭ്രമത്തോടെ പറഞ്ഞു.. "ആക്‌സിഡന്റ് ആണല്ലേ.. പോലീസിൽ വിവരം അറിയിച്ചോ.. "

"അയ്യോ പൊന്നു സിസ്റ്ററെ ചതിക്കല്ലേ..അറിയാണ്ട് പറ്റിയതാ..ഞങ്ങൾ എന്ത് വേണേലും ചെയ്യാം.." പാറു അവരുടെ കാൽക്കലേക്ക് വീഴാനൊരുങ്ങി.. "എന്താ കുട്ടി ഈ കാണിക്കുന്നേ... ഇപ്പൊ പോയി ഈ ബില്ലടച്ചിട്ട് വാ... ആ കുട്ടിക്ക് ബോധം തെളിയട്ടെ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം..." സിസ്റ്റർ അവളുടെ അവസ്ഥ മനസ്സിലാക്കി ആശ്വസിപ്പിച്ചു... പാറു ബില്ലടക്കാൻ പോവുമ്പോഴാണ് കാവേരി വരുന്നത് കണ്ടത്.. "എന്തായി പാറു... ബോധം വന്നോ... " കാവേരി വെപ്രാളം പൂണ്ടു.. "ഇല്ലെടി... ഇപ്പൊ ഈ ബില്ല് പേ ചെയ്യാൻ പറഞ്ഞു..." പാറു കയ്യിലുള്ള ബില്ല് അവളുടെ നേരെ നീട്ടി.. "എന്നാൽ വാ നമുക്ക് അടച്ചിട്ട് വരാം... " "പേഷ്യന്റിന്റെ പേരെന്താ... "

റിസപ്ഷനിൽ ഇരുന്നിരുന്ന മധ്യവയസ്കയായ സ്ത്രീ അവരോട് ചോദിച്ചു.. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.. "അതേയ് പേരെന്താണെന്ന്.. ആ സ്ത്രീക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു... "ഡീ ആ ചേച്ചിയുടെ ബാഗ് നിന്റെ കയ്യിലുണ്ടായിരുന്നില്ലേ അതെവിടെ..." എന്തോ ഓർത്തെന്ന പോലെ പാറു ചോദിച്ചു... "വണ്ടിയിലുണ്ട് ഞാനെടുത്തിട്ട് വരാം... " അതും പറഞ്ഞു കാവേരി അവിടുന്ന് പുറത്തേക്കോടി... നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ ബാഗുമായി തിരിച്ചു വന്നു...പാറു അതവളുടെ കയ്യിൽ നിന്നും വാങ്ങി തപ്പി നോക്കി... ആ പെൺകുട്ടിയുടേതാണെന്ന് തോന്നിക്കുന്ന ഐഡന്റിറ്റി കാർഡ് അതിൽ നിന്നും കിട്ടി... പാറു അതിലെ പേര് വായിച്ചു നോക്കി.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story