നീയും ഞാനും.. 🧡 ഭാഗം 51

neeyum njanjum shamseena

രചന: ശംസീന

ആ പെൺകുട്ടിയുടേതാണെന്ന് തോന്നിക്കുന്ന ഐഡന്റിറ്റി കാർഡ് അതിൽ നിന്നും കിട്ടി... പാറു അതിലെ പേര് വായിച്ചു നോക്കി... "നിമിഷ... " "നല്ല പേര് അല്ലേടി... " പേര് കേൾക്കെ കാവേരി പറഞ്ഞതും പാറു അവളെ തറപ്പിച്ചൊന്ന് നോക്കി റിസപ്ഷനിസ്റ്റിന്റെ അടുത്തേക്ക് ചെന്നു... പേരും അഡ്രെസ്സുമെല്ലാം പറഞ്ഞു കൊടുത്ത ശേഷം ഫയലും വാങ്ങി ക്യാശ്വാലിറ്റിയിലേക്ക് ചെന്നു... "ആ കുട്ടിക്ക് ബോധം വന്നിട്ടുണ്ട്..കയറി കണ്ടോളൂ... " അവർ വരുന്നതും നോക്കിയിരുന്നെന്ന പോലെ നഴ്സ് പറഞ്ഞു...ചെറിയൊരു പേടിയോടെ അവർ അകത്തേക്ക് കയറി... കാരണം തെറ്റ് അവരുടെ ഭാഗത്താണല്ലോ... കട്ടിലിൽ ഇരിക്കുന്ന നിമിഷയെ കണ്ടവർ പുഞ്ചിരിക്കാൻ ശ്രമിച്ചു... നെറ്റിയിലൊരു മുറിവുണ്ട് അതിന്റെയാണെന്ന് തോന്നുന്നു കൺതടവും ചെറുതായി നീര് വന്നിട്ടുണ്ട് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല... ഇത് കാണെ അവർക്ക് ചെറിയൊരു ആശ്വാസമായി... "ഇപ്പൊ എങ്ങനെയുണ്ട് ചേച്ചി... വേദന വല്ലതുമുണ്ടോ...? " അവളെങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് കാവേരി ചെറിയൊരു പരിഭ്രമത്തോട് കൂടിയാണ് ചോദിച്ചത്...

"വേദന കുറവുണ്ട്... നിങ്ങളാണോ എന്നെ ഇവിടെ കൊണ്ടുവന്നത്..." ചെറു ചിരിയോടെ നിമിഷ ചോദിക്കെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.. "ചേച്ചി അതുണ്ടല്ലോ... ഇവിടെ കൊണ്ടുവ് വന്നത് ഞങ്ങൾ തന്നെയാ പക്ഷേ ഞങ്ങടെ വണ്ടിയാ ചേച്ചിയെ തട്ടിയത്... സ്പീഡിൽ വന്നപ്പോൾ ചേച്ചി റോഡ് ക്രോസ്സ് ചെയ്യുന്നത് ശ്രദ്ധിച്ചില്ല..." പാറു ദയനീയമായ മുഖത്തോടെ പറഞ്ഞിട്ട് അവളുടെ അടുത്തേക്കിരുന്നു... "അത് സാരമില്ല... എന്റെ ഭാഗത്തും തെറ്റുണ്ട് ഫോൺ ചെയ്ത് നടന്നത് കൊണ്ട് നിങ്ങൾ വരുന്നത് ഞാനും കണ്ടില്ലായിരുന്നു..." അവർക്കിനിയും വിഷമം ആവേണ്ടെന്ന് കരുതി നിമിഷ പറഞ്ഞു... "ദാ ചേച്ചിയുടെ ബാഗ്... എവിടെ പോവേണ്ടതെന്ന് വെച്ചാ പറഞ്ഞാൽ മതി.. ഞങ്ങൾ കൊണ്ടുവിടാം...അല്ലേടി..." നിമിഷക്ക് തങ്ങളോട് ദേഷ്യമൊന്നുമില്ലെന്ന് കണ്ടതും കാവേരി പറഞ്ഞു..പാറുവും അത് ശെരി വെച്ചെന്നോണം തലയാട്ടി...

"ഏയ്‌ അതൊന്നും വേണ്ടാ.. നേരം ഒരുപാടായില്ലേ നിങ്ങളെ വീട്ടിൽ അന്യോഷിക്കില്ലേ.. എന്തായാലും എന്നെ വഴിയിൽ ഉപേക്ഷിച്ചു പോയില്ലല്ലോ അത് തന്നെ മഹാ ഭാഗ്യം... ഞാനെന്റെയൊരു ഫ്രണ്ടിനെ കാണാൻ വന്നതാ ട്രിവാൻഡ്രത്ത്... അവളുടെ അടുത്തേക്ക് പോവുമ്പോഴാ ഇങ്ങനെയൊക്കെ പറ്റിയത്...ഞാൻ അവളെ വിളിച്ചു പൊക്കോളാം... നിങ്ങൾ വീട്ടിൽ പോവാൻ നോക്കിക്കോ..." പറയുന്നതിനൊപ്പം നിമിഷ ഫോണെടുത്ത് കൂട്ടുകാരിയെ വിളിച്ചു.. "അവളിപ്പോൾ വരും...എനിക്കിവിടെയൊന്നും വലിയ പരിചയമില്ല...അല്ല നിങ്ങൾ പോവുന്നില്ലേ..." അവരവിടെ തന്നെ ഇരിക്കുന്നത് കണ്ട് നിമിഷ ചോദിച്ചു.. "ഇല്ല... മറ്റേ ചേച്ചി വന്നിട്ട് ഞങ്ങൾ പൊക്കോളാം... ഇല്ലേൽ സമാധാനമുണ്ടാവില്ല..." പാറു അങ്ങനെ പറഞ്ഞതും നിമിഷ വെറുതെയൊന്ന് ചിരിച്ചു... ഇന്നത്തെ കാലത്തും ഇതുപോലെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള പിള്ളേരൊക്കെ ഉണ്ടോയെന്ന് ആലോചിച്ചു... അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു.. നിമിഷ ഇരുവരേയും കുറിച്ച് ചോദിച്ചറിഞ്ഞു...

തന്റെ വിവാഹം കഴിഞ്ഞതാണെന്ന് പാറു അവളിൽ നിന്നും മനപ്പൂർവം മറച്ചു വെച്ചു... കുറച്ചു കഴിഞ്ഞതും നിമിഷയുടെ കൂട്ടുകാരി അവിടേക്ക് വന്നു... അവളെ കണ്ടതും കാവേരിയും പാറുവും യാത്ര പറഞ്ഞു ഇറങ്ങാനൊരുങ്ങി.. "ഒന്നവിടെ നിൽക്കൂ... " പോവാൻ തുടങ്ങിയതും നിമിഷ അവരെ വിളിച്ചു....അവർ ഒരുപോലെ തിരിഞ്ഞു നോക്കി... "ഈ വരുന്ന ഇരുപത്തിയേഴിന് എന്റെ വിവാഹമാണ് നിങ്ങൾ രണ്ട് പേരും തീർച്ചയായും വരണം..അഡ്രസ്സും മറ്റും അതിലുണ്ട് കൂടെ എന്റെ നമ്പറും..." നിമിഷ ബാഗിൽ നിന്നും അല്പ നേരത്തെ തിരച്ചിലിനൊടുവിൽ ഒരു ഇൻവിറ്റേഷൻ കാർഡ് എടുത്ത് അവരുടെ നേരെ നീട്ടി... നേരം ഇരുട്ടിയത് കൊണ്ടും വീട്ടിൽ നിന്നും ഒരുപാട് തവണ എവിടെയെന്ന് ചോദിച്ചു ഫോൺ വന്നത് കൊണ്ടും അവരത് സന്തോഷത്തോടെ വാങ്ങി തുറന്ന് പോലും നോക്കാതെ ഉറപ്പായും വരാം എന്ന് പറഞ്ഞു ബാഗിലേക്ക് വെച്ചു...നിമിഷയോടും കൂട്ടുകാരിയോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി...... ****

വീടിന് മുന്നിൽ വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജ്യോതിയെ കണ്ടവർ തെല്ലൊന്ന് ഭയപ്പെട്ടു... കിരൺ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു... ഗേറ്റ് കടന്നു വരുന്ന അവരെ കണ്ടതും ജ്യോതി നടത്തം നിർത്തി... "ഡീ അത് ആ മറവിലേക്ക് ഒതുക്കിക്കോ ഇല്ലേൽ വണ്ടി ചളുങ്ങിയത് കാണും.. നമുക്ക് നാളെ കോളേജിലേക്ക് പോകും വഴി വർക്ക്‌ഷോപ്പിൽ കൊടുക്കാം..." സ്കൂട്ടിയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ കാവേരി പാറുവിന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു... പാറു സ്കൂട്ടി ആരുടേയും ശ്രദ്ധ അധികം എത്താത്ത സ്ഥലത്തേക്ക് ഒതുക്കി നിർത്തി... ഇരുവരും ഒരുമിച്ചു തന്നെ അകത്തേക്ക് കയറി... "ആഹാ വന്നല്ലോ.. എവിടെയായിരുന്നു മക്കളെ ഇത്ര നേരം... " ആ സമയം അവിടേക്ക് വന്ന കിരണിന്റെ അമ്മ ചോദിച്ചു... കലിപ്പോടെ നിൽക്കുന്ന ജ്യോതിയെ ഇടം കണ്ണിട്ടൊന്ന് നോക്കി അവർ അമ്മയുടെ അടുത്തേക്ക് ചെന്നു... "നിക്കിനെടി അവിടെ...എവിടെ പോയിരിക്കുവായിരുന്നു രണ്ടും കൂടെ... നേരം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ രണ്ടാൾക്കും...

മനുഷ്യനിവിടെ തീ തിന്നുവായിരുന്നു..." ജ്യോതി അത്യധികം കോപത്തോടെ പറഞ്ഞു... അവളുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടവർ തല താഴ്ത്തി.. "നിക്കുന്നത് കണ്ടില്ലേ യാതൊരു കൂസലുമില്ലാതെ....." "എന്റെ ജ്യോതി നീയൊന്നടങ്ങ്... അവർ കൊച്ചു കുട്ടികളൊന്നും അല്ലല്ലോ ഇങ്ങനെ കിടന്ന് വഴക്ക് പറയാൻ...പോയത് പോലെ തിരിച്ചു വരാൻ അവർക്കറിയാം... അല്ലേ പിള്ളേരെ..." കിരൺ അവരുടെ പക്ഷം ചേർന്നു... അതിനിടയിൽ ജ്യോതി കാണാതെ കണ്ണുകൾ കൊണ്ടവരോട് അകത്തേക്ക് ഓടിക്കോളാൻ പറയുകയും ചെയ്തു... കേട്ടപാതി കേൾക്കാത്ത പാതി അവർ അകത്തേക്കോടി... "കിരണേട്ടനാ അവരെയിങ്ങനെ വഷളാക്കുന്നത്.. അല്ലേ എന്തൊരു പാവം പിടിച്ച കൊച്ചായിരുന്നു പാറു ഇവിടെ വരുമ്പോൾ... ഇപ്പോഴാണേൽ എല്ലാ വേലത്തരവും പഠിച്ചു വെച്ചിട്ടുണ്ട്.. അമ്മക്ക് വിളിക്കുന്നുണ്ട് ഞാൻ... " ജ്യോതി കെർവോടെ പറഞ്ഞുകൊണ്ട് ചാടിത്തുള്ളി അകത്തേക്ക് കയറിപ്പോയി.... പാറുവും കാവേരിയും ഒരു യുദ്ധം ഒഴിവായി എന്ന മട്ടിൽ കുളിച്ചു ഫ്രഷായി കട്ടിലിലേക്ക് വീണു...

ഇവിടെ വന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് പുറത്ത് നിന്ന് വയറൊക്കെ ഫുള്ളാക്കിയിട്ടാണ് വന്നിരുന്നത്.... രാവിലെ മുതലുള്ള അലച്ചിൽ കാരണം ഇരുവരും നന്നേ ക്ഷീണിച്ചിരുന്നു കിടന്നതും അവർ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി... **** "പാറു... നാളെയല്ലേ ഇരുപത്തിയേഴ്‌.. ആ ചേച്ചിയുടെ കല്യാണം.. നമുക്ക് പോയാലോ... " ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനിടയിൽ പെട്ടന്ന് ഇക്കാര്യം ഓർമ വന്നതും കാവേരി പറഞ്ഞു... "എന്റെ പൊന്നു കാവു നീ നടക്കുന്ന വല്ല കാര്യവും പറ...എവിടെയാണെന്ന് വെച്ചാ നമ്മൾ പോവുക... പോരാത്തതിന് കിരണേട്ടനും ചേച്ചിയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ..." പാറു ആദ്യം തന്നെ കൈ മലർത്തി... "ഓ നീ ആദ്യം തന്നെ നെഗറ്റീവടിക്കല്ലേ... നമുക്കൊന്ന് ചോദിച്ചു നോക്കാം... ചിലപ്പോൾ വിട്ടാലോ..." കാവേരി പ്രതീക്ഷ കൈ വിടാതെ പറഞ്ഞു.. "അതിന് നിനക്ക് ആ ചേച്ചിയുടെ വീടറിയോ.." പാറു അവളെ നോക്കി നെറ്റി ചുളിച്ചു... "എടി പൊട്ടിക്കാളി അതിനല്ലേ ഇൻവിറ്റേഷൻ കാർഡ്‌... പോരാത്തതിന് അതിൽ ആ ചേച്ചിയുടെ നമ്പറുമുണ്ട്...

നമുക്ക് എങ്ങനേലും അന്യോഷിച്ചു പോവാടി..പ്ലീസ്..." കാവേരി അതിയായ മോഹത്തോടെ കൊഞ്ചി... "നമുക്കാലോചിക്കാം... നീ ആദ്യം സമ്മതം വാങ്ങിച്ചു വെക്ക്... ബാക്കിയൊക്കെ പിന്നെ... " അത്രയും പറഞ്ഞിട്ട് പാറു എഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു... വൈകീട്ട് വീട്ടിലെത്തിയതും വസ്ത്രം പോലും മാറാതെ കാവേരി ജ്യോതിയുടെ അടുക്കലേക്ക് ചെന്നു... വിവാഹക്കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് അന്ന് നടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു...ശേഷം അമ്മയോടും അച്ഛനോടും ചോദിച്ചു അവർക്കും എതിർപ്പൊന്നും ഇല്ലായിരുന്നു... കിരൺ അവർക്ക് പോവാനുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി... ഇൻവിറ്റേഷൻ കാർഡ് നോക്കി അഡ്രസ്സും മറ്റും നോക്കിയത് കാവേരി തന്നെയായിരുന്നു.. എന്തോ പാറുവിന് ഈ വിവാഹത്തിൽ പങ്കെടുക്കുന്നതിനോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു... കുറച്ചധികം ദൂരം ഉള്ളതിനാൽ അന്ന് രാത്രി തന്നെ അവർ പുറപ്പെട്ടു... എങ്കിലേ മുഹൂർത്ത സമയത്ത് മണ്ഡപത്തിൽ എത്താൻ കഴിയുകയുള്ളൂ... പുലർച്ചയോടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി... ഒരു ഊബർ വിളിച്ചു ബുക്ക്‌ ചെയ്ത ഹോട്ടലിലേക്ക് തിരിച്ചു........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story