നീയും ഞാനും.. 🧡 ഭാഗം 52

neeyum njanjum shamseena

രചന: ശംസീന

 "കാവു.. നമുക്ക് പോവണോ... എനിക്കെന്തോ പോലെ...അറിയാത്തിടത്തേക്കൊക്കെ പോവാന്ന് വെച്ചാ..." പിറ്റേന്ന് രാവിലെ വിവാഹത്തിന് പോവാൻ റെഡിയാകവേ പാറു വിരസതയോടെ പറഞ്ഞു.. "ഒരെന്നാലും ഇല്ല...ക്ഷണിച്ചിട്ടല്ലേ പോവുന്നത്... പിന്നെ ആ ചേച്ചിയെ ഒരു വട്ടം കൂടെ കാണുകയും ചെയ്യാമല്ലോ...ഓർക്കുമ്പോ തന്നെ എനിക്കെന്തൊക്കെയോ തോന്നുന്നു..." കാവേരി ആവേശത്തോടെ പറഞ്ഞു.... "നീ വേഗം ഇറങ്ങാൻ നോക്കിക്കേ.. അഡ്രെസ്സൊക്കെ തപ്പി പിടിച്ചു എത്തുമ്പോഴേക്കും മുഹൂർത്തം കഴിയും... " കാവേരി ധൃതി കൂട്ടിയതും പാറു പാതി മനസ്സോടെ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങി... കണ്ണാടിയിൽ ഒരു വട്ടം കൂടി നോക്കി എല്ലാം ഓക്കേയാണെന്ന് ഉറപ്പു വരുത്തിയ ശേഷം കാവേരിയും അവളുടെ കൂടെയിറങ്ങി... ഇരുവരും അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു നേരെ മണ്ഡപതിലേക്ക് പോയി.. ഓട്ടോക്കാരൻ ആവുമ്പോൾ ഒരുവിധം എല്ലാ സ്ഥലങ്ങളും അറിയുമല്ലോ... അതുകൊണ്ട് തന്നെ അധികം ചുറ്റിത്തിരിയാതെ അവർ അവിടെയെത്തി... *****

"ഇതെന്തൊരു ഇരിപ്പാ ജിത്തു... അവൻ ക്ഷണിച്ചില്ലെന്ന് വെച്ച് കല്യാണത്തിന് പോകാതിരിക്കാൻ ഒക്കുവോ... എത്രയായാലും നിങ്ങൾ കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞവരല്ലേ...പാറുവോ ഒന്നും അറിഞ്ഞിട്ടില്ല ഇനി നമ്മളായിട്ട് ഒന്നും അറിയിക്കേണ്ട അവൾക്ക് കൂടി വിഷമമാവും....ഞാനെന്തായാലും ഇല്ല നീയെങ്കിലും പോയിട്ട് വാ...അങ്ങനെയെങ്കിലും നിനക്കൊരല്പം സമാധാനം കിട്ടുകയാണെങ്കിലോ..." വിച്ചുവിന്റെ വിവാഹമാണെന്ന് അറിഞ്ഞത് മുതൽ ഏറെ വിഷമത്തോടെ നടക്കുകയായിരുന്ന ജിത്തുവിനെ ടീച്ചർ ആശ്വസിപ്പിച്ചു... "വേണ്ടമ്മേ...ഇനി ഞാൻ കയറിച്ചെന്നിട്ട് അവനതൊരു മുഷിച്ചിലാവേണ്ട... ജീവിതത്തിൽ ഏറെ സന്തോഷിക്കുന്ന ദിവസമായിരിക്കില്ലേ ഇന്ന് ഞാനായിട്ട് അതിനൊരു തടസ്സം സൃഷ്ട്ടിക്കേണ്ട..." ഉള്ളിൽ വലിയൊരു അഗ്നി പർവതം തന്നെ എരിയിന്നുണ്ടെങ്കിലും അവനത് പുറത്ത് കാണിക്കാതെ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി... കട്ടിലിൽ കണ്ണുകൾ അടച്ചങ്ങനെ കിടക്കുമ്പോൾ ചെന്നിയിലൂടെ കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു...

കുട്ടിക്കാലം മുതലുള്ള വിച്ചുവുമായുള്ള സൗഹൃദവും കളിയും ചിരിയും അങ്ങനെ ഓർമ്മിക്കാൻ മധുരമുള്ളതെന്തും ഒരു തിരശീലകണക്കെ മുന്നിലൂടെ മിന്നിമാഞ്ഞു... അവന്റെ നിശ്ചയം കഴിഞ്ഞത് മുന്നേ അറിഞ്ഞുവെങ്കിലും വിവാഹമാണെന്ന് അറിയുന്നത് കവലയിൽ ആരോ പറഞ്ഞാണ്... അന്നേരം വലിയ വിഷമമൊന്നും തോന്നിയില്ല... മുട്ടിലിഴയുന്ന പ്രായം തൊട്ട് കൂട്ട് കൂടി നടക്കുന്നതല്ലേ പകയും വിദ്വെഷവുമെല്ലാം മറന്ന് തന്നെയും വിളിക്കുമായിരിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.. തങ്ങളുടെ വീടിന്റെ തൊട്ടടുത്ത വീട് വരെ വന്നു വിവാഹം ക്ഷണിച്ചു ഇവിടെ കയറാതെ പോയപ്പോൾ നെഞ്ചിൽ ഒരു പാറക്കല്ല് കേറ്റി വെച്ചത് കണക്കെ ഭാരമായിരുന്നു... ഇന്നീ നിമിഷം വരെ അത് കൂടി എന്നല്ലാതെ ഒരിഞ്ച് പോലും കുറവ് വന്നിട്ടില്ല...തൻവി തന്റെ ജീവിതത്തിൽ നിന്ന് പോയപ്പോൾ പോലും താൻ ഇത്രമാത്രം വേദനിച്ചു കാണില്ല...അവൻ കമിഴ്ന്നു കിടന്നു തലയിണയിൽ മുഖമമർത്തി തേങ്ങി... ****** മണ്ഡപത്തിൽ എത്തിയതും ഓട്ടോക്കാരന് പൈസ കൊടുത്ത് അവർ അകത്തേക്ക് പ്രവേശിച്ചു...

എല്ലാം അറിയാത്ത ആളുകളായിരുന്നു... ചെറുക്കനും കൂട്ടരും എത്തിയിട്ടില്ലെന്ന് ആരോ പറയുന്നതവർ കേൾക്കാനിടയായി.... ഇടക്ക് അലങ്കരിച്ച വേദിയിലേക്ക് പാറുവിന്റെ കണ്ണുകൾ തെന്നിമാറാൻ തുടങ്ങവേ നിമിഷ അവരെ പിന്നിൽ നിന്നും വിളിച്ചിരുന്നു... "ഇപ്പൊ വന്നേയുള്ളോ..." അവർ തിരിഞ്ഞു നോക്കവേ ആലിംഗനം ചെയ്തു കൊണ്ട് നിമിഷ തിരക്കി.. മുന്നിൽ സർവ്വാഭരണ വിഭൂശികയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നിമിഷയെ കാണെ അവർ കണ്ണിമ വെട്ടാതെ നോക്കി നിന്നു... "ഇപ്പൊ എത്തിയതേയുള്ളൂ ചേച്ചി..." കാവേരിയായിരുന്നു മറുപടി പറഞ്ഞത്... പാറുവിനെന്തോ ആളുകളൊക്കെ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയതും ജാള്യത തോന്നി അവൾ കാവേരിയുടെ പിന്നിലേക്ക് ഒതുങ്ങി നിന്നു... "ഇയാളെന്താ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നേ..." ചെറു ചിരിയോടെ നിമിഷ ചോദിക്കവേ പാറുവും അവളെ നോക്കി പുഞ്ചിരിച്ചു.... "നിങ്ങളിരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. വിഷമമൊന്നും ഇല്ലല്ലോ... " "ഏയ്‌ ചേച്ചി പോയിട്ട് വാ... ഞങ്ങളിവിടെയുണ്ടാവും..."

കാവേരി നിമിഷയെ പറഞ്ഞുവിട്ട് പാറുവിനേയും കൊണ്ട് മധ്യ ഭാഗത്തുള്ള ചെയറിലേക്കിരുന്നു... "ദേ ടി നോക്കിയേ... എന്നാ ചുള്ളൻ ചെക്കന്മാരാ.. എന്റീശ്വരാ ഇതുപോലൊരെണ്ണം നമ്മുടെ നാട്ടിലൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോഴാ..." കുറച്ചു മാറി നിന്ന് ഫോട്ടോയെടുക്കുന്ന ചെക്കന്മാരെ നോക്കി കാവേരിയൊരു നെടുവീർപ്പോടെ പറഞ്ഞു.. "എന്റെ പൊന്നു കാവു ഇവിടെയെങ്കിലും നിന്റെ കോഴിത്തരം പുറത്തെടുക്കാതെ ഡീസന്റായി ഇരിക്കാൻ നോക്ക്... " അവരെ തന്നെ നോക്കിയിരിക്കുന്ന കാവേരിയുടെ തോളിൽ പാറു തട്ടി... "ഒന്ന് പോടി... ഇതിനേക്കാൾ നല്ലയൊരു കല ഈ ലോകത്ത് വേറെയുണ്ടോ...നീ കേട്ടിട്ടില്ലേ പണ്ടാരാണ്ടോ പറഞ്ഞത് പ്രേമം ദുഃഖമാണുണ്ണീ വായ് നോട്ടമല്ലോ സുഖപ്രദം...ഏകദേശം അതുപോലെയൊക്കെ തന്നെയാ ഞാനും.." പറയുമ്പോഴും അവളുടെ കണ്ണുകൾ ആ ചെറുക്കന്മാരിൽ തന്നെയായിരുന്നു...

"നീയൊന്ന് മിണ്ടാണ്ടിരുന്നോ കാവു...നമ്മുടെ സംസാരം കേട്ട് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു... " പാറു ഒരല്പം ഗൗരവത്തോടെ പറഞ്ഞതും കാവേരി പിന്നീടൊന്നും മിണ്ടാതെ അടങ്ങിയിരുന്നു... "എന്ത് നല്ല മാച്ചായ പേരുകൾ അല്ലേ..." കാവേരി പറയുമ്പോഴാണ് പാറു സ്റ്റേജിലേക്ക് ശ്രദ്ധിക്കുന്നത്.... നിമിഷ weds വൈശാഖ് എന്ന് കണ്ടതും അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി... ഒരു നിമിഷം തന്റെ വിച്ചേട്ടനാണോ അതെന്ന് പോലും തോന്നിപ്പോയി... എന്നാൽ ആ തോന്നലിന് അധികം ആയുസ്സുണ്ടായിരുന്നില്ല... ചെറുക്കനും കൂട്ടരും വന്നെന്ന് കാരണവരിൽ ആരോ അത്യധികം സന്തോഷത്തോടെ വിളിച്ചു പറഞ്ഞതും അവളുടെ കണ്ണുകൾ അങ്ങോട്ടേക്ക് ശര വേഗത്തിൽ പാഞ്ഞു... ആൾകൂട്ടത്തിനിടയിലൂടെ കസവു മുണ്ടും ചന്ദനക്കളർ കുർത്തയും ധരിച്ചു പുഞ്ചിരിയോടെ നടന്നു വരുന്ന വിച്ചുവിനെ കാണെ അവളുടെ കണ്ണുകൾ പെയ്തു തുടങ്ങി... ഹൃദയം അതിവേഗത്തിൽ മിടിച്ചു ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലായി... തളർന്നു പോകുമെന്ന് തോന്നിയ നിമിഷത്തിലവൾ ഒരു താങ്ങിനായി കാവേരിയുടെ കൈകളിൽ അമർത്തിപ്പിടിച്ചു...

"പതിയെ പിടിക്കെടി നോവുന്നു... " പെട്ടന്ന് വേദന തോന്നിയ കാവേരി മുഖം ചുളിച്ചു... എന്നാൽ മണവാളനെ നോക്കുന്ന തിരക്കിൽ അവൾ പാറുവിനോടങ്ങനെ പറഞ്ഞു എന്നല്ലാതെ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല... കാവേരിയുടെ കൈകളിലുള്ള പിടുത്തം മുറുകിയതും അവൾ ഈർഷ്യയോടെ പാറുവിനെ നോക്കി... ഇത്രയും നേരം കുഴപ്പമൊന്നുമില്ലാതെ നിന്നിരുന്നവൾ ശബ്ദം പുറത്തേക്ക് വരാതെ വിതുമ്പുന്നത് കാണെ അവളും ഒന്നമ്പരന്നു... "പാറു.. എന്താ പ്രശ്നം..." അവൾ പാറുവിനെ ശക്തിയിൽ പിടിച്ചുലച്ചു... അപ്പോഴും അവൾ തേങ്ങുന്നു എന്നല്ലാതെ കാര്യം പറഞ്ഞില്ല...ഇനിയും ഇവിടെ നിന്നാൽ ആളുകൾ ചിലപ്പോൾ തങ്ങളെ ശ്രദ്ധിക്കുമെന്ന് മനസ്സിലാക്കിയതും കാവേരി അവളേയും പിടിച്ചു വലിച്ചു മണ്ഡപത്തിന്റെ ഒഴിഞ്ഞൊരു കോണിലേക്ക് മാറി നിന്നു... അവിടെയെത്തിയതും പാറു അവളെ കെട്ടിപ്പിടിച്ചു തേങ്ങലടക്കി... "പാറു... എന്താടാ പ്രശ്നം... " കാര്യമായിട്ടെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായതും അവളുടെ പുറത്ത് തടവി കാവേരി വാത്സല്യത്തോടെ ചോദിച്ചു...

"ന്റെ.. ന്റെ വിച്ചേട്ടനാടിയത്.... " കാവേരിയിൽ നിന്നും അകന്ന് മാറി ഏങ്ങി കൊണ്ടവൾ പറയവേ അവൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.... "നീയെന്താ പാറു പറയുന്നത്... നിന്റെ വിച്ചേട്ടനാണെന്നോ... " കാവേരിയുടെ കണ്ണുകളിൽ അതിശയം പൂണ്ടു... "സത്യമാണ് കാവു..എന്റെ അമ്മയും വിച്ചേട്ടനുമാണത്... ഞാൻ.. ഞാനറിഞ്ഞില്ലല്ലോ ഇത്... ഇതെന്റെ വിച്ചേട്ടന്റെ വിവാഹമാണെന്ന്... അവർക്കെങ്ങനെ തോന്നിയെടി എന്നോടിത് പറയാതിരിക്കാൻ.. എത്രയായാലും ഞാൻ... ഞാനവരുടെ പാറുവല്ലേ..." അവളൊരു നിമിഷം പഴയ പാറുവിലേക്ക് അറിയാതെ മാറിയിരുന്നു.... സങ്കടം സഹിക്കവയ്യാതെ അവ കണ്ണുനീരായി മിഴികളിലൂടെ അണപൊട്ടിയൊഴുകി...കാവേരിക്കും അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു... ഇവിടെ അവളെ ആശ്വസിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് തോന്നിയതും കാവേരി അവളുടെ ഉള്ളിലേക്ക് തന്റെ വാക്കുകളാൽ ഊർജം പകർന്നു നൽകി........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story