നീയും ഞാനും.. 🧡 ഭാഗം 53

neeyum njanjum shamseena

രചന: ശംസീന

ഇവിടെ അവളെ ആശ്വസിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് തോന്നിയതും കാവേരി അവളുടെ ഉള്ളിലേക്ക് തന്റെ വാക്കുകളാൽ ഊർജം പകർന്നു നൽകി... "എന്റെ പൊന്നു പാറു നീയിവിടെ വികാരത്തെ മാറ്റി നിർത്തി ബുദ്ധികൊണ്ട് ചിന്തിക്ക്‌.. " അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ പാറു ബാക്കി കൂടി അറിയാനായി കാതുകൾ കൂർപ്പിച്ചു... "നിന്റെ സ്വന്തം ഏട്ടന്റെ കല്യാണം...അതും നിന്നെ ക്ഷണിക്കുക പോയിട്ട് വിവരം പോലും പറയാത്ത കല്യാണം... എന്നിട്ടും ഒരു നിയോഗം പോലെ നീ ഇവിടെ എത്തിയെങ്കിൽ അതിനർത്ഥമെന്താ..?" "ഒന്ന് വ്യക്തമായി പറയെന്റെ കാവു... നിക്കൊന്നും മനസ്സിലാവുന്നില്ല..." പാറുവിന് ദേഷ്യവും സങ്കടവുമൊക്കെക്കൂടെ വന്നിട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു... "അല്ലെങ്കിലും നീയൊരു ട്യൂബ് ലൈറ്റാണല്ലോ പറഞ്ഞിട്ട് കാര്യമില്ല.." കാവേരിയൊരു നെടുവീർപ്പോടെ പറഞ്ഞിട്ട് വീണ്ടും തുടർന്നു... "പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നീ ഈ കരഞ്ഞു പിഴിഞ്ഞുള്ള സെന്റിമെന്റ്സ് സീനൊക്കെ മാറ്റിയൊന്ന് ഉഷാറാവണം... ധൈര്യമായി നിന്റെ ഏട്ടന്റെയും അമ്മയുടേയും മുന്നിൽ ചെന്നു നിന്ന് ഈ വിവാഹം കൂടണം...ഒരു സ്വീറ്റ് റിവഞ്ച്.."

"റിവഞ്ചോ... എനിക്ക് കേൾക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു... അവരുടെ മുന്നിൽ പെട്ടാൽ പിന്നെ പറയേണ്ടാ... ഒരു യുദ്ധം തന്നെ ഇവിടെ നടക്കും..." അവൾ പേടിയോടെ ഇരു കൈകളും കൂട്ടിത്തിരുമ്മി... "ഒരു ചുക്കും നടക്കില്ല.... പ്രത്യേകിച്ച് ഇന്ന്..നിമിഷച്ചേച്ചിയുടെ ക്ഷണം സ്വീകരിച്ചല്ലേ നമ്മൾ ഇവിടെയെത്തിയത്...ധൈര്യമായിട്ട് വാ പെണ്ണേ... അവളുടെ ഒരു പേടി..." കാവേരി അവളേയും വലിച്ചു വീണ്ടും വേദിക്കടുത്തേക്ക് നടന്നു... പാറുവാകെ പരവശയായി...അവർ നേരെ ചെന്ന് അവളുടെ അമ്മയുടെ തൊട്ടടുത്തായി ഇരുന്നു... വേറൊരാളോട് സംസാരിക്കുന്നത് കൊണ്ട് അവർ അതൊട്ടും ശ്രദ്ധിച്ചില്ലതാനും... മുഹൂർത്തമായതും ലതയും കുറച്ചടുത്ത ബന്ധത്തിൽപ്പെട്ട ചെറുക്കന്റെയും പെണ്ണിന്റെയും ആളുകളും വേദിയിലേക്ക് കയറി...പാറു അപ്പോഴൊന്നും മുഖമുയർത്തി നോക്കിയതേയില്ല...

"പാറു,,നീ പതർച്ചയൊക്കെ മാറ്റി നേരെയിരിക്കുന്നുണ്ടോ... എടി ശെരിയേതേന്നോ തെറ്റേതെന്നോ അന്യോഷിക്കാതെ നിന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ട അമ്മയോടും ചേട്ടനോടും ഇത്രയെങ്കിലും ചെയ്യണ്ടേ... അപ്പോഴല്ലേ നിന്റെയുള്ളിലെ കനലിന് ഒരല്പമെങ്കിലും ആശ്വാസം കിട്ടൂ...ഈ അവസരം പാഴാക്കാതെ പരമാവധി ഉപയോഗിക്കാൻ നോക്ക്..." കാവേരി അവളെ ആശ്വസിപ്പിച്ചു... ശെരിയാണെന്നവൾക്കും തോന്നി... താൻ ഈ വിവാഹത്തിൽ പങ്കെടുത്തു എന്നറിഞ്ഞാൽ ഒരുപക്ഷെ അവർ പരിസരം പോലും മറന്ന് പ്രതികരിച്ചെന്നിരിക്കും എന്നിരുന്നാലും അവർക്ക് കൊടുക്കാവുന്നതിൽ ഏറ്റവും വലിയ മധുര പ്രതികാരമല്ലേയിത്... പാറു ചിന്തിക്കാതിരുന്നില്ല... പിന്നെ ഉള്ളിലെ ഭയത്തെ പാടെ എടുത്തുമാറ്റി തലയുയർത്തി തന്നെയിരുന്നു... പൂജാരി നീട്ടിയ താലി വിച്ചു നിമിഷയുടെ കഴുത്തിലേക്ക് ചാർത്തികൊടുക്കുന്നത് നിറകണ്ണുകളോടെ നോക്കിയിരുന്നു... കരയില്ലെന്ന് വിചാരിച്ചതായിരുന്നു പക്ഷേ ഉള്ളിലെ വേദനകൾ അതിനനുവദിക്കാത്തത് പോലെ...

താലി കെട്ടൽ കഴിഞ്ഞു എഴുന്നേറ്റ് നിന്ന് പരസ്പരം ഹാരം അണിയിച്ചു പുടവ കൈമാറി...ശേഷം മുതിർന്നവരുടെ അനുഗ്രഹം വാങ്ങിച്ചു.... അതിഥികളെല്ലാം ഭക്ഷണം കഴിക്കാനായി പോയതും സ്റ്റേജിൽ നിന്ന് ഫോട്ടോയെടുക്കുന്ന വിചുവിന്റെയും നിമിഷയുടേയും അടുത്തേക്ക് കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റുമായി പാറുവും കാവേരിയും ചെന്നു.. തങ്ങളുടെ അടുത്തേക്ക് വരുന്നവരെ കണ്ടതും നിമിഷ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു... നിമിഷയുടെ നോട്ടം പാഞ്ഞിടത്തേക്ക് ഒരു വേള വിച്ചുവിന്റെ കണ്ണുകളും ചലിച്ചു... മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടവന്റെ മിഴികൾ സജലമായി..അവളെ കണ്ടതിന്റെ പകപ്പൊന്ന് വിട്ടുമാറിയതും ഓടിചെന്നവളെ മാറോടു ചേർക്കണമെന്ന് തോന്നി... ആരോടൊക്കെയോയുള്ള വാശിയുടെ പുറത്ത് അവൻ തന്റെയുള്ളിൽ നുരഞ്ഞു പൊന്തിയ വാൽസല്യത്തെ അടിച്ചമർത്തി...

"Happy married life ചേച്ചി... " അവർ ഒരുപോലെ പറഞ്ഞു ഗിഫ്റ്റ് നിമിഷയുടെ കയ്യിലേക്ക് കൊടുത്തു.. അറിയാതെ പോലും അവളുടെ നോട്ടം വിച്ചുവിലേക്ക് തെന്നിമാറിയില്ല...അവന്റെ മുഖത്ത് വിവിധ തരം ഭാവങ്ങൾ മിന്നിമായുന്നത് പാറു വ്യക്തമായി കണ്ടിരുന്നു... അവളൊരു തരം പുച്ഛചിരിയോടെ അവനടുത്തേക്ക് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു... "നല്ലൊരു വൈവാഹിക ജീവിതം എന്റേട്ടന് നേരുന്നു... നിമിഷചേച്ചി നല്ല കുട്ടിയാ... നമ്മുടെ അമ്മയേയും ഏട്ടനെയും പൊന്നു പോലെ നോക്കും... " പോവുന്നതിനിടയിൽ പാറു അവന് കേൾക്കാൻ മാത്രം പാകത്തിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... അവർ അവിടെ നിന്ന് പോയിട്ടും വിച്ചുവിന്റെ പകപ്പ് വിട്ടുമാറിയിരുന്നില്ല... പാറു എങ്ങനെ ഇവിടെയെത്തി എന്നുള്ളതായിരുന്നു അവന്റെ സംശയം... അവൾ ട്രിവാഡ്രത്ത് പഠിക്കാൻ പോയിരിക്കുവാണെന്ന് കൂട്ടുകാരിൽ ആരോ പറയുന്നത് കേട്ടിരുന്നു... പക്ഷേ അവളിപ്പോൾ ഇവിടെയെത്തണമെങ്കിൽ... നിമിഷയുമായിട്ടുള്ള അവൾക്കുള്ള ബന്ധം എന്തായിരിക്കും...?

അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവന്റെ മനസ്സിനെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു... 'എന്തുപറ്റി... ആകെ മൂഡോഫായല്ലോ... " അത്രയും നേരം സന്തോഷത്തോടെ നിന്നിരുന്ന വിച്ചുവിന്റെ പെട്ടന്നുള്ള ഉത്സാഹമില്ലായ്മ കണ്ട് അടുത്ത് നിന്ന നിമിഷ തിരക്കി... "ഏയ്‌.. ഒന്നുമില്ലെടോ.. ഞാൻ ചുമ്മാ... " അവൻ മുഖത്ത് തെളിച്ചമില്ലാത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു... **** വിവാഹം കഴിഞ്ഞു സദ്യയൊക്കെ കഴിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വരാന്തയിൽ നിന്ന് അയൽക്കാരായ സ്ത്രീകളോട് വർത്തമാനം പറയുന്ന ലതയെ പാറു കണ്ടത്... "ഡീ.. നിന്റെ അമ്മ... " കാവേരി സ്വകാര്യം പോലെ പറഞ്ഞു.. "കണ്ടു.. കണ്ടു.. കാണാത്തത് പോലെ നടക്കാം... എന്നാലേ ആ നിൽക്കുന്ന കൂട്ടത്തിലുള്ള ആരെങ്കിലും നമ്മളെ ശ്രദ്ധിക്കൂ..." പാറു രഹസ്യം പോലെ പറഞ്ഞതും കാവേരി നോവാത്ത വിധം അവളുടെ തോളിലൊന്നടിച്ചു.. "എന്റെ കൂടെ കൂടി പെണ്ണിന് ബുദ്ധി വെച്ചു... " "പിശാശ് മനുഷ്യനെ കൊല്ലുമെന്നാ തോന്നുന്നത്... " പാറു പിറുപിറുത്ത് അവളേയും വലിച്ചു മുന്നോട്ട് നടന്നു.. "ലതേച്ചി...നിങ്ങടെ മോളല്ലേയത് പാറു...?" "ശെരിയാണല്ലോ...!!" കൂട്ടത്തിൽ അവളെ അറിയാവുന്നൊരു സ്ത്രീ പറഞ്ഞതും മറ്റുള്ളവരുമതിനെ ശെരിവെച്ചു... ലത തിരിഞ്ഞു നോക്കി....

ആരേയും ശ്രദ്ധിക്കാതെ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ചു വലിച്ചു നടന്നു പോവുന്ന പാറുവിനെ കണ്ടതും അവരുടെ മുഖം ഇരുണ്ട് കയറി... ശെരിയാണ്.. അത് പാറുവാണല്ലോ... ഇവളെന്താ ഇവിടെ... അവർ ചിന്തിക്കാതിരുന്നില്ല... അതറിയാൻ അവളുടെ പിന്നാലെ വെച്ചു പിടിച്ചെങ്കിലും മുന്നിൽ വന്നു നിന്ന ടാക്സിയിലേക്ക് അവർ കയറിയിരുന്നു... കാർ മുന്നോട്ട് ചലിച്ചു തുടങ്ങിയതും തല പുറത്തേക്കിട്ട് പിന്നാലെ പാഞ്ഞു വന്ന ലതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു... ഇത് കൂടെ കണ്ടതും ലതക്കാകെ അരിശം കയറി... അവർ അവിടെ നിന്നും വിച്ചുവിന്റെ അടുത്തേക്ക് നടന്നു... **** "ഹോ.. ഇപ്പോഴാണൊന്ന് സമാധാനമായത്... നെഞ്ചിൽ നിന്നൊരു ഭാരം ഇറക്കി വെച്ചത് പോലെ... " സീറ്റിലേക്ക് ചാരി നെഞ്ചിൽ കൈ വെച്ചു കണ്ണുകളടച്ചു പാറു ശ്വാസം വലിച്ചു വിട്ടു... "താങ്ക്യു... കാവേരി.. നീയില്ലായിരുന്നെങ്കിൽ ഇന്നെന്റെ വിച്ചേട്ടന്റെ വിവാഹമാണെന്ന് പോലും ഞാൻ അറിയില്ലായിരുന്നു..." നന്ദി സൂചകമെന്നോണം പാറു കാവേരിയെ കെട്ടിപ്പിടിച്ചു...പാറുവിന്റെ മുഖത്തെ സന്തോഷം കാണെ കാവേരിയുടെ കണ്ണുകളും എന്തിനെന്നറിയാതെ നിറയുന്നുണ്ടായിരുന്നു...

അവർ നേരെ ഹോട്ടലിലേക്ക് ചെന്നു... വൈകുന്നേരത്തോടെ റൂം വെക്കെറ്റ് ചെയ്ത് റെയിൽവേ സ്റ്റേഷനിലെത്തണം... എങ്കിലേ ട്രിവാൻഡ്രത്തേക്കുള്ള ട്രെയിൻ കിട്ടൂ... അവർ വിവാഹത്തിന് പോവുമ്പോൾ ഒരുങ്ങാൻ വേണ്ടി വലിച്ചു വാരിയിട്ട സാധനങ്ങളെല്ലാം തിരികെ ബാഗുകളിലേക്ക് കുത്തി നിറച്ചു... റെസ്റ്റോറന്റിൽ ഓരോ കോഫിക്ക് ഓർഡർ ചെയ്ത് വരുത്തിച്ചു... അതും കുടിച്ചു അവർ ഹോട്ടലിൽ നിന്നും ഇറങ്ങി....അവിടുന്ന് റെയിൽവേ സ്റ്റേഷനിൽ ചെന്നപ്പോഴാണ് ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണെന്നറിഞ്ഞത്... അവർ അത്രയും നേരം അവിടെ കാത്തിരുന്നു.... കാത്തിരുന്ന് ചടച്ചപ്പോൾ കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചിട്ട് വരാമെന്നും പറഞ്ഞു കാവേരി അടുത്തുള്ള കടയിലേക്ക് പോയി...അങ്ങോട്ട് പോവുമ്പോഴുള്ള സന്തോഷം തിരികെ വരുമ്പോൾ അവൾക്കില്ലായിരുന്നു... "എന്തു പറ്റിയെടി... " പാറു അവളുടെ കയ്യിലുള്ള ലൈസിന്റെ പാക്കറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story