നീയും ഞാനും.. 🧡 ഭാഗം 54

neeyum njanjum shamseena

രചന: ശംസീന

 "എന്തു പറ്റിയെടി... " പാറു അവളുടെ കയ്യിലുള്ള ലൈസിന്റെ പാക്കറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു... "അമ്മയും അച്ഛനും കൂടി മൂകാംബിക പോകുവാണെന്ന് കൂട്ടത്തിൽ ഏട്ടനും ഏട്ടത്തിയുമുണ്ട്... നമ്മളോട് ഇപ്പോഴങ്ങോട്ട് ചെല്ലേണ്ടെന്ന്... ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് വന്ന് അവർ വിളിക്കാമെന്ന് പറഞ്ഞു... " "അതെങ്ങനെ ശെരിയാവും അപ്പൊ നമ്മൾ എവിടെ നിൽക്കും... " ചോദിച്ചു കൊണ്ട് പാറു വേവലാതിയോടെ കയ്യിലെ നഖം കടിച്ചു കൊണ്ടിരുന്നു... "അതല്ലേ രസം... ജിത്തേട്ടൻ നമ്മളെ ഇവിടെ നിന്ന് കൂട്ടാൻ വരുമെന്ന്.. നേരെ അങ്ങോട്ട് വിട്ടോളാൻ..." കാവേരി അവളുടെ അടുത്തേക്കിരുന്നു... "എവിടേക്ക് വീട്ടിലേക്കോ.. ഏയ്‌ അതൊന്നും ശെരിയാവത്തില്ല... " പാറു ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു... "എന്താ ശെരിയാവാത്തെ.. അതേ ശെരിയാവൂ... ആ ദാ വരുന്നുണ്ടല്ലോ കക്ഷി..." അവരുടെ അടുത്തേക്ക് വരുന്ന ജിത്തുവിനെ കണ്ടതും കാവേരി പറഞ്ഞു... പാറു അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു.. പുഞ്ചിരിച്ചു കൊണ്ടുള്ള അവന്റെ നോട്ടവും തന്നിലാണെന്ന് കണ്ടതും പെട്ടന്ന് മുഖം വെട്ടിച്ചു...

"കിരൺ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നു അതാ ഒരല്പം വൈകിയേ...വാ... " പറഞ്ഞിട്ടവൻ അവരുടെ കയ്യിലെ ബാഗുകൾ വാങ്ങി മുന്നോട്ട് നടന്നു.... "കയറ്... " ബാഗുകൾ ഫ്രണ്ട് സീറ്റിലേക്ക് വെച്ച് ബാക്കിലെ ഡോർ തുറന്നവൻ പറഞ്ഞു... അപ്പോഴും അവന്റെ നോട്ടം പാറുവിൽ തന്നെയാണെന്നുള്ളത് അവളിൽ വല്ലാത്തൊരു പരവേശം നിറച്ചു... യാത്രക്കിടയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല... കാവേരിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ കാറിൽ കയറിയതേ അവൾ ഉറക്കം പിടിച്ചിരുന്നു... ജിത്തു ഇടയ്ക്കിടെ ഫ്രണ്ട് മിററിലൂടെ അവളെ നോക്കിക്കൊണ്ടിരുന്നു... അന്നേരം അവളുടെ മുഖത്തെ പരവേശവും വിറയലുമെല്ലാം കാണുമ്പോൾ അറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വന്നു പൊതിയും.... കുറച്ചു സമയത്തിനകം അവർ വീട്ടിലെത്തി... പാറുവിന് അപ്പോഴാണ് ആശ്വാസമായത്....

തോളിൾ തലവെച്ചു കിടന്നുറങ്ങുന്ന കാവേരിയെ തട്ടിവിളിച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങി... ഉമ്മറത്ത് തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്ന ടീച്ചറമ്മയുടെ അടുത്തേക്കോടി ഇറുകെ കെട്ടിപ്പിടിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അവർ വാത്സല്യത്തോടെ അവളുടെ കവിളിലൊന്ന് തഴുകി... "എത്ര നാളായി കണ്ടിട്ട്... നീ ഞങ്ങളെയൊക്കെ മറന്നെന്നാ വിചാരിച്ചത്... " ചോദിക്കുമ്പോൾ അവരുടെ വാക്കുകൾ പോലും ഇടറിപ്പോയിരുന്നു... "അങ്ങനെ മറക്കാനൊക്കുവോ എനിക്കെന്റെ അമ്മയെ...." ചിരിയോടെ ചോദിച്ചുകൊണ്ട് പാറു അവരുടെ തോളിലേക്ക് ചാഞ്ഞു... ജിത്തു ബാഗുകളുമായി വരുന്നത് കണ്ടതും അവളൊരു വശത്തേക്ക് ഒതുങ്ങി നിന്നു... "മോളെ കയറി വാ... " ഉമ്മറത്തു വായും പൊളിച്ചു നിൽക്കുന്ന കാവേരിയെ ടീച്ചർ അകത്തേക്ക് ക്ഷണിച്ചു...

അവളോടും അമ്മയുടേയും അച്ഛന്റെയുമെല്ലാം വിശേഷങ്ങൾ തിരക്കി... ശേഷം ഇരുവരേയും കൂട്ടി മുറിയിലേക്ക് പോയി... "നിങ്ങളൊന്ന് കുളിച്ചു വസ്ത്രമൊക്കെ മാറി വാ അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം..." ടീച്ചർ അടുക്കളയിലേക്ക് നീങ്ങിയതും അവർ പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷായി... പുറത്ത് നിന്നും ടീച്ചറുടെ വിളി കേട്ടതും അവൾ കാവേരിയേയും കൂട്ടി അങ്ങോട്ടേക്ക് നടന്നു... അവരങ്ങോട്ട് ചെല്ലുമ്പോൾ ജിത്തുവും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു... അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങിയോ... മുഖത്തൊരു പുഞ്ചിരി വിടർന്നുവോ... അവന്റെ ചെറിയ ചലനങ്ങൾ പോലും മനസ്സിലാവുന്ന പാറുവിന് അവന്റെ ഈ മാറ്റത്തിന്റെ കാരണം മാത്രം പിടികിട്ടിയില്ല... അവന്റെ അടുത്തുള്ള കസേരയിൽ കാവേരിയോട് ഇരിക്കാൻ പറഞ്ഞിട്ട് അവൾ ടീച്ചറുടെ അടുത്തിരുന്നു...നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് പിന്നെ ആരേയും ശ്രദ്ധിക്കാൻ നിന്നില്ല വേഗം വേഗം കഴിച്ചു കൊണ്ടിരുന്നു... ഇടക്ക് ജിത്തു കഴിച്ചെഴുന്നേറ്റ് പോവുന്നത് അറിഞ്ഞെങ്കിലും അവൾ തലയുയർത്തി നോക്കിയില്ല....

കഴിച്ചു കഴിഞ്ഞു ടീച്ചറിന്റെ കൂടെ അവിടെയെല്ലാം ഒതുക്കി വെച്ച ശേഷം അവർ കിടക്കാനായി പോയി... ടീച്ചറിന്റെ മുറിയിലെ കട്ടിലിന്മേൽ രണ്ട് പേർക്ക്‌ മാത്രമേ കിടക്കാൻ പറ്റൂ... മുറിയിലേക്ക് കയറിയിറങ്ങുന്ന വഴിയായത് കൊണ്ട് നിലത്ത് പാ വിരിച്ചു കിടക്കാനും കഴിയില്ല... കാവേരി ആദ്യം തന്നെ കട്ടിലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്...എന്ത് ചെയ്യും എന്നോർത്ത് പാറുവങ്ങനെ നിൽക്കുമ്പോഴാണ് ടീച്ചർ മുറിയിലേക്ക് വന്നത്... "നീയന്താ ഇവിടിങ്ങനെ നിക്കുന്നെ.. കിടക്കുന്നൊന്നും ഇല്ലേ... " അവർ അവളെ നോക്കി നെറ്റിചുളിച്ചു... "എവിടെ കിടക്കും ടീച്ചറെ... കഷ്ഠി രണ്ടാൾക്കേ കട്ടിലിൽ കിടക്കാൻ പറ്റൂ... " അവൾ ചുണ്ടുകൾ ചുളുക്കി പറഞ്ഞു... "ശെരിയാണല്ലോ ഇനിയിപ്പോ എന്ത് ചെയ്യും... മറ്റേ മുറികളിൽ ആണെങ്കിൽ നിറയെ പൊടിയും അഴുക്കുമാണ്... ആരും ഉപയോഗിക്കാൻ ഇല്ലല്ലോ എന്ന് കരുതി ഞാനൊട്ടും വൃത്തിയാക്കാറുമില്ല... എന്നാ ഒരു കാര്യം ചെയ്യ്... നിങ്ങളിവിടെ കിടന്നോ ഞാൻ പുറത്തെവിടെയെങ്കിലും കിടന്നോളാം..." ഒട്ടൊരു നിമിഷത്തെ ആലോചനക്ക് ശേഷം ടീച്ചർ പറഞ്ഞു...

"ഏയ്‌ അതൊന്നും വേണ്ടാ...എന്നിട്ട് വേണം തറയിലെ തണുപ്പടിച്ച് കാല് വേദന അധികമാവാൻ..." പുറത്തേക്ക് പോവാൻ തുടങ്ങിയ ടീച്ചറെ തടഞ്ഞു നിർത്തിയവൾ പറഞ്ഞു... "അമ്മ ഇവിടെ കിടന്നോ ഞാൻ പുറത്ത് കിടന്നോളാം... " പ്രശ്നത്തിനൊരു പരിഹാരമെന്ന പോലെ പാറു പറഞ്ഞു... "ഓ നിങ്ങൾ രണ്ട് പേരുമെന്തിനാ ഇങ്ങനെ ചിന്തിച്ചു കാട് കയറുന്നെ... അവിടെ മുകളിലെ മുറിയിൽ ജിത്തേട്ടൻ തനിച്ചല്ലേ,, നിനക്ക് അവിടെ പോയി കിടന്നാൽ പോരെ... " ചിരിയടക്കി പിടിച്ചു പറയുന്ന കാവേരിയെ നോക്കി പാറു പല്ല് ഞെരിച്ചു... നിനക്ക് കാണിച്ചു തരാമെടി എന്നൊരു ധ്വനി അതിൽ ഇല്ലാതില്ല... "അത് ശെരിയാണല്ലോ.. ഞാനത് ഓർത്തില്ല... എന്നാ പിന്നെ മോളവിടേക്ക് ചെല്ല്... " ടീച്ചർ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ പറഞ്ഞു... "ടീച്ചറെ...അത്..." "ഒന്ന് വേഗം പോയേ പാറു.. എനിക്ക് കിടന്നുറങ്ങണം... " പോവാൻ മടിച്ചവൾ നിൽക്കുന്നത് കണ്ട് കാവേരി വീണ്ടും പറഞ്ഞു...ദേഷ്യത്തോടെയുള്ള പാറുവിന്റെ കണ്ണുരുട്ടൽ കണ്ടതും തലവഴി പുതപ്പിട്ടവൾ കട്ടിലിലേക്ക് ചാഞ്ഞു...

പാറു മടിച്ചു മടിച്ചു മുറിയിലേക്ക് ചെന്നു... മാസങ്ങൾക്കു ശേഷം വീണ്ടും ആ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ഓർമകളുടെയൊരു വലിയ കൂമ്പാരം തന്നെ മനസ്സിൽ വന്നു മൂടി കിടപ്പുണ്ടായിരുന്നു...മുറിയുടെ മുന്നിലെത്തിയതും വിറക്കുന്ന കൈകളോടെ അവൾ വാതിലിൽ രണ്ട് തട്ട് തട്ടി.... പെട്ടന്ന് തന്നെ മുന്നിലെ വാതിൽ തുറക്കപ്പെട്ടു.... പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടതും അവന്റെ മിഴികൾ അതിശയത്തോടെ വിടർന്നു... അവളൊന്നും മിണ്ടാതെ അകത്തേക്ക് കയറാൻ തുടങ്ങിയതും അവൻ വാതിലിനടുത്ത് നിന്നും കുറച്ച് നീങ്ങി നിന്നു.. പിന്നിലെ കതകടയുന്നതും കൊളുത്ത് വീഴുന്നതും ഒരുതരം വിറയലോടെ കണ്ട് നിന്നു.... ജിത്തു കട്ടിലിൽ വന്നിരുന്നു... അവൻ തന്നെ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞിട്ടും ആ നോട്ടത്തെ അവഗണിച്ചു കൊണ്ടവൾ അലമാരയിൽ നിന്നും പുതപ്പും തലയിണയുമെടുത്ത് തറയിൽ വിരിച്ചു...

"രാത്രിയിൽ നല്ല തണുപ്പുണ്ടാവും... അവിടെ കിടക്കേണ്ട,, കട്ടിലിൽ കയറി കിടക്ക്... " ഗൗരവത്തോടെ അവനങ്ങനെ പറയവേ തലചെരിച്ചവളൊന്ന് നോക്കി...യാതൊന്നും മറുപടി പറയാതെ നിലത്ത് വിരിച്ച ഷീറ്റിലേക്ക് തന്നെ കിടന്നു... "ഒരല്പം സ്നേഹത്തോടെ പറഞ്ഞാലെന്തെ... ഞാൻ അനുസരിക്കില്ലേ... " വാക്കുകളിൽ അവനോടുള്ള പരിഭവമാവോളം കലർന്നിരുന്നു... അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിലെ ലൈറ്റ് അണച്ചു വന്നു കിടന്നു... ഒരിക്കൽക്കൂടി അവൻ തന്നെ വിളിക്കുമായിരിക്കും എന്ന് പ്രതീക്ഷിച്ചു കിടന്നിരുന്ന പാറുവിന്റെ മനസ്സിൽ നിരാശ വന്നു മൂടി.. കണ്ണുകൾ നിറഞ്ഞൊഴുകി... ഒരു തരം വാശിയോടെ അവയെ തുടച്ചു മാറ്റി ഉറക്കം വരുന്നില്ലെങ്കിൽ കൂടി കണ്ണുകളടച്ചു കിടന്നു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story