നീയും ഞാനും.. 🧡 ഭാഗം 55

neeyum njanjum shamseena

രചന: ശംസീന

കണ്ണുകൾ അടച്ചു കിടന്നെപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... "പാറു..." കാതരികിൽ അവന്റെ നേർത്ത സ്വരം.. അവളൊന്ന് ചിണുങ്ങി... "സോറി..." പറയുന്നതിനൊപ്പം അവന്റെ നേർത്ത അദരങ്ങളും മീശത്തുമ്പും ചെവിയിടുക്കിൽ ഇക്കിളിക്കൂട്ടി കടന്നുപോയി....മേലാകെ കുളിരുകോരിയവൾ തിരിഞ്ഞവനെ ഇറുകെ പുണർന്നു... കനത്ത തണുപ്പിൽ വിറകൊള്ളുന്നവളെ അവനും ചെറു ചിരിയോടെ ചേർത്ത് പിടിച്ചു... നാളുകൾക്ക് ശേഷം അവളെയിങ്ങനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു തണുപ്പ് വന്നു പൊതിയുന്നുണ്ടായിരുന്നു... അതിന്റെ ആലസ്യത്തിൽ അവന്റെ ചുണ്ടുകൾ അവളുടെ നെറുകിൽ ഇടതടവില്ലാതെ പതിഞ്ഞു കൊണ്ടേയിരുന്നു... ഏകദേശം ഒരാഴ്ച്ച മുൻപാണെന്ന് തോന്നുന്നു കോളേജിലേക്ക് തന്നെ കാണാനൊരാൾ വന്നു... "ജിത്തു സാറെ ഒരു വിസിറ്ററുണ്ട്... " "ആരാ നാരായണേട്ടാ... " "അറിയുന്നയാള് തന്നെയാ,, സാറങ്ങോട്ട് ചെന്നാട്ടെ... " ഫോണിൽ നിന്നും തലയുയർത്തി ജിത്തുവത് ചോദിക്കുമ്പോൾ ചെറു ചിരിയോടെ മറുപടി പറഞ്ഞു നാരായണേട്ടൻ നടന്നു നീങ്ങിയിരുന്നു... ആരായിരിക്കും വന്നിട്ടുണ്ടാവുക എന്ന ചിന്തയോടെ തന്നെ അവൻ വിസിറ്റിങ് റൂമിലേക്ക് നടന്നു...

വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ കസേരയിൽ തിരിഞ്ഞിരിക്കുന്നയാളെ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല... "ഇതാര് തൻവിയോ.. വല്ലാത്ത സർപ്രൈസ് ആയിപ്പോയല്ലോ... " ജിത്തു ചോദിക്കെ തൻവി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവനെ നോക്കി പുഞ്ചിരിച്ചിരുന്നു... "അതിനേക്കാൾ വലിയൊരു സർപ്രൈസുണ്ട്... വാ... നമുക്ക് രണ്ട് കോഫി കുടിച്ചു സംസാരിക്കാം... " തൻവി അവനേയും കൂട്ടി ക്യാന്റീനിലേക്ക് നടന്നു... "ചേട്ടാ രണ്ട് കോഫി... കഴിക്കാൻ എന്തെങ്കിലും വേണോ... " കടക്കാരനോട് പറഞ്ഞിട്ട് തൻവിയെ നോക്കി ചോദിച്ചു...അവൾ വേണ്ടെന്ന് തലയനക്കി... തൻവി ബാഗിൽ നിന്നും ഒരു കാർഡ് എടുത്ത് അവനു നേരെ നീട്ടി... ജിത്തു അത് വാങ്ങി തുറന്ന് നോക്കെ മുഖത്തൊരു പുഞ്ചിരി വിടർന്നു... എന്നിട്ടും വിശ്വാസം വരാതെ അവളെയൊന്ന് നോക്കി... "എന്റെ വിവാഹമാണ് അടുത്തമാസം,,, നീയും പാറുവും തീർച്ചയായും വരണം..." പാറുവിന്റെ കാര്യം പറഞ്ഞതും അത്രയും നേരം ഉണ്ടായിരുന്ന അവന്റെ മുഖത്തെ തെളിച്ചം മങ്ങി...

"എന്തേ നിന്റെ മുഖം വാടിയത്.. പാറു വരില്ലേ... " തൻവിയുടെ കണ്ണുകൾ ചുരുങ്ങി... "അവളിവിടില്ലെടോ.. ട്രിവാൻഡ്രത്താ ജ്യോതിയുടെ കൂടെ... അവിടുത്തെ യൂണിവേഴ്സിറ്റിയിൽ msc ചെയ്യുന്നു.. " "അതെന്തേ ഇവിടെ നിന്ന് പോയത്.. നിങ്ങൾ തമ്മിൽ വല്ല പ്രശ്നവുമുണ്ടോ...? " തൻവി ചോദിക്കെ അവളോടെങ്ങനെ ഇക്കാര്യങ്ങളെല്ലാം പറയുമെന്നോർത്ത് അവൻ ആശയക്കുഴപ്പത്തിലായി... എന്നായാലും അവളും കൂടെ അറിയേണ്ടതല്ലേയെന്ന് കരുതി എല്ലാം തുറന്നു പറഞ്ഞു... മീരയിൽ നിന്നും പ്രവിയിൽ നിന്നും അറിഞ്ഞ കാര്യങ്ങളും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും പാറുവിന്റെ ആത്മഹത്യാ ശ്രമവും അങ്ങനെയെല്ലാം അവളുടെ മുന്നിൽ തുറന്നു പറഞ്ഞു മനസ്സിലെ ഭാരമങ്ങ് ഇറക്കി വെച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയവന്... "ഇത്രയൊക്കെ കാര്യങ്ങൾ നടന്നിട്ടും നീയെന്തേ ഇത്രയും നാൾ എന്നോടൊന്നും പറഞ്ഞില്ല...അത്രമാത്രം അന്യരായിപ്പോയോ ജിത്തു നമ്മൾ... ഒന്നുമില്ലെങ്കിലും പ്രണയിക്കുന്നതിന് മുന്നേ നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലെടോ...."

സങ്കടം തിങ്ങിയ വാക്കുകളോടെ അവൾ ചോദിച്ചു... "മനപ്പൂർവം പറയാതിരുന്നതാണ് തൻവി.. വെറുതെ നിന്നെ കൂടെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി... " കുറ്റബോധം കൊണ്ടവന്റെ മിഴികൾ താഴ്ന്നു... "അത് വിട്... എന്നിട്ട് നിന്റെ തീരുമാനമെന്താ..." "എനിക്കറിയില്ല തൻവി...ഒരു ഭാഗത്ത് ഹൃദയം അവളോട് പ്രണയമാണെന്ന് പറയുന്നു.. എന്നാൽ മറ്റൊരു ഭാഗത്ത് ബുദ്ധി അതിനെ അവഗണിച്ചുകൊണ്ട് അവളിൽ നിന്നും അകലം പാലിക്കാൻ പറയുന്നു...ഇതിലേത് സ്വീകരിക്കണം എന്നറിയാതെ ഞാനാകെ ആശയക്കുഴപ്പത്തിലാണ്..." അവൻ അസ്വസ്ഥതയോടെ നെറ്റിയൊന്ന് തടവി... "നിന്റെയുള്ളിലെ തെറ്റിദ്ധാരണയാണ് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്.. ആദ്യം അതെടുത്ത് കളയാൻ നോക്ക്.. മീരയേയോ പ്രവിയെയോ കണ്ട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്ക്.. ഒരു പക്ഷേ പാറുവിനിതിൽ പങ്കൊന്നുമില്ലെങ്കിൽ... എത്ര നാളിതിങ്ങനെ മുന്നോട്ട് പോവും.... നിങ്ങൾക്കും വേണ്ടേ സന്തോഷം നിറഞ്ഞൊരു ജീവിതം...പക്വതയില്ലാത്ത പ്രായത്തിൽ അവളൊരു തെറ്റ് ചെയ്തു ആ തെറ്റിന്റെ പേരിൽ ജീവിതം കാലം മുഴുവനും അവളെ വേദനിപ്പിക്കാനാണോ നിന്റെ ഉദ്ദേശം..."

തൻവി പറയവേ നിറഞ്ഞ കണ്ണുകളോടെ ജിത്തു അവളെ തലയുയർത്തി നോക്കി... "നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...എനിക്കറിയാം നിനക്ക് പാറുവിനെ ഇഷ്ടമാണെന്ന്...ആദ്യം തന്നെ സത്യാവസ്ഥ മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നീ വിഷമിക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ..." തൻവി പറയുന്നതെല്ലാം ശെരിയാണെന്നവന് തോന്നി... തെറ്റ് തന്റെ ഭാഗത്തുമുണ്ട്... സത്യാവസ്ഥ എന്താണെന്ന് തിരക്കാതെ എല്ലാ കുറ്റങ്ങളും പാറുവിന്റെ മേലെ ചാർത്തിക്കൊടുത്തു... ഞാൻ കാരണം എന്നും അവൾക്ക് സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നോർക്കേ അവന്റെയുള്ളിൽ കുറ്റബോധം വന്നു മൂടി... "ഞാനിറങ്ങുന്നു ജിത്തു.. വിവാഹത്തിന് വരുമ്പോൾ പാറുവും കൂടെയുണ്ടാവണം... അവളില്ലേൽ നീയും വരേണ്ടതില്ല..." മറുപടിക്ക് കാത്തു നിൽക്കാതെ ബാഗും തോളിലേക്ക് വലിച്ചിട്ടവൾ കാന്റീനിൽ നിന്നും പുറത്തേക്ക് നടന്നു.... ****** മീര കോളേജിൽ നിന്നും മടങ്ങി വരുന്നവഴിയാണ് ഇടവഴിയിലെ കലുങ്കിനടുത്ത് നിൽക്കുന്ന ജിത്തുവിനെ കണ്ടത്...

ഇടയ്ക്കിടെ അവനെ കാണാറുണ്ടെങ്കിലും തന്നെ കാണുമ്പോൾ വെറുപ്പോടെ മുഖം തിരിച്ചിട്ട് കടന്നു പോവും... ഇന്ന് പതിവില്ലാതെ ആരെയോ കാത്ത് നിൽക്കുന്ന ജിത്തുവിനെ തലയുയർത്തി നോക്കുക പോലും ചെയ്യാതെ പോവാനൊരുങ്ങിയതും ജിത്തു അവളെ വിളിച്ചു... "മീരേ... " അവളൊരു സങ്കോചത്തോടെ തിരിഞ്ഞു നോക്കി.. "പോയിട്ട് തിരക്കുണ്ടോ... എനിക്കൊരല്പം സംസാരിക്കണം... " അവനൊരു ആമുഖം പോലെ പറഞ്ഞു... "ഇ.. ഇല്ല.. ജിത്തേട്ടൻ പറഞ്ഞോളൂ..." ആദ്യമൊന്ന് പതറിയെങ്കിലും അവൾ പറഞ്ഞു.. "എനിക്ക് സത്യമെന്താണെന്നറിയണം മീരേ.. അന്ന് ശെരിക്കും എന്താണ് സംഭവിച്ചത്... " അവൾ പരിഭ്രമത്തോടെ അവനെ നോക്കി... "ഞാനൊന്നും ചെയ്യില്ല... പേടിക്കാതെ പറഞ്ഞോ... " അവളുടെ മുഖത്തെ ഭയം കണ്ടവൻ ശാന്തമായി പറഞ്ഞു... "അന്ന് ജിത്തേട്ടന്റെ വിവാഹം തൻവി മിസ്സുമായി ഉറപ്പിച്ചതറിഞ്ഞു പാറു ഭയങ്കര വിഷമത്തിൽ ആയിരുന്നു... എന്നും ഞങ്ങളോട് വന്നു കരച്ചിലും സങ്കടം പറച്ചിലുമായിരിക്കും....

പതിയെ പതിയെ അവളത് അംഗീകരിച്ചു തുടങ്ങി.. ജിത്തേട്ടനെ സ്വന്തമാക്കാൻ കഴിയില്ലെന്നവൾ പൂർണമായും വിശ്വസിച്ചു... ആ ഇടക്കാണ് അവളുടെ അമ്മ പാറുവിന് ജിത്തേട്ടനെ ഇഷ്ടമാണെന്നുള്ള കാര്യമടക്കം അറിയുന്നത്... അവളാലെ ജിത്തേട്ടനൊരു പ്രശ്നവും ഉണ്ടാവരുതെന്ന് കരുതി അവിനാഷുമായി അവളുടെ വിവാഹം ഉറപ്പിച്ചു... വിച്ചേട്ടനും അതിന് കൂട്ട് നിന്നു...വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവൾക്കും സമ്മതം മൂളേണ്ടി വന്നു... കല്യാണം അടുത്ത് വരുന്നതോടെ അവളാകെ മാറിക്കൊണ്ടിരുന്നു... ഒന്നിലും ഒരുത്സാഹമില്ലാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കും... ഇതൊന്നും കണ്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ജിത്തേട്ടനേയും പാറുവിനേയും എങ്ങനെയും ഒരുമിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചത്... അങ്ങനെയിതിക്കുമ്പോഴാണ് അതിനുള്ള ഒരവസരം ഒത്തുവന്നത്... ലൈബ്രററിയിലേക്ക് ഒറ്റക്ക് നടന്നു പോവുന്ന പാറുവിനെ ഞങ്ങൾ കണ്ടു ആ സമയം അവിടേക്ക് വരുന്ന ജിത്തേട്ടനേയും.... പിന്നെ നിങ്ങൾ തമ്മിലുള്ളൊരു ചിത്രം പകർത്തുക എന്നതായിരുന്നു ഉദ്ദേശം.. അതിന് വേണ്ടി മുഖം ഷാള് കൊണ്ട് മറച്ചു ഞാൻ പാറുവിനെതിരെ ഓടി വന്നു അവളെ തട്ടി വീഴ്ത്തി....ഞങ്ങൾ വിചാരിച്ചത് പോലെ തന്നെ അവിടേക്കെത്തിയ ജിത്തേട്ടൻ അവളെ താങ്ങിനിർത്തി...

ഞങ്ങളത് ഫോണിൽ പകർത്തുകയും ചെയ്തു... പിന്നീട് സ്റ്റുഡിയോയിൽ കൊണ്ടുപോയി പ്രിന്റ് ചെയ്തു... പാറുവിന്റെ വിവാഹം മുടക്കിയാൽ മാത്രമേ കാര്യങ്ങൾ ഞങ്ങൾ ഉദ്ദേശിച്ച വഴിക്ക് നടക്കുകയുള്ളൂ എന്ന് മനഡിലാക്കിയാണ് ആ ഫോട്ടോസ് അവിനാഷിന് അയച്ചു കൊടുത്തത്... അല്ലാതെ ജിത്തേട്ടൻ കരുതുന്നത് പോലെ പാറുവിന് ഇക്കാര്യങ്ങളിൽ യാതൊരു പങ്കുമില്ല...മനസ്സിലുള്ള കുറ്റബോധം കാരണം ഇക്കാര്യങ്ങളെല്ലാം നിങ്ങളോടൊക്കെ തുറന്നു പറയണമെന്ന് കരുതിയതായിരുന്നു പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു ...പാറു പോലും ഇക്കാരണത്താൽ ഞങ്ങളോട് പിണങ്ങി..." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു...മീര പറയുന്നതെല്ലാം ഒരു ഞെട്ടലോടെയായിരുന്നു അവൻ കേട്ടുകൊണ്ട് നിന്നത്.. ഇതിന് പിന്നിൽ ഇത്രയേറെ കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നെന്ന് അവനും അപ്പോഴാണ് മനസ്സിലായത്... "മീരേ എന്തായിത്... പൊതുവഴിയാണ് ആളുകൾ ശ്രദ്ധിക്കും.. കണ്ണ് തുടക്ക്... " ജിത്തു പറഞ്ഞത് കേട്ടവൾ കണ്ണും മുഖവും അമർത്തിത്തുടച്ചു അവനെ നോക്കി...

പാറു ഇവിടെ ഇല്ലെന്നറിയാം എന്നാലും ജിത്തേട്ടനോട് ഒരപേക്ഷയേയുള്ളൂ,, പ്രണയത്തെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായ കാലം തൊട്ട് മനസ്സിൽ കൊണ്ടു നടക്കുന്നതാണ് ജിത്തേട്ടനെ,,, ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇനിയും അവളെ വേദനിപ്പിക്കരുത്... ഒരുപക്ഷെ ജിത്തേട്ടന്റെ അവഗണനയാവും ആ പാവത്തിനെ ഏറെ വേദനിപ്പിക്കുന്നത്... ഞാനെന്നാൽ പോവുന്നു... " മീര അവിടെ നിന്നും നടന്നകന്നു... ഇനിയെങ്കിലും തന്റെ പാറുവിനോട്‌ ജിത്തേട്ടന് ഇഷ്ടം തോന്നണേ എന്ന് മാത്രമായിരുന്നു അവളുടെയുള്ളിൽ അപ്പോഴുള്ള പ്രാർത്ഥന... മീര പോയിട്ടും ജിത്തു ഏറെ നേരം കലുങ്കിൽ തനിയെ ഇരുന്നു... അവന്റെയുള്ളിൽ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് പറയുന്ന പാറുവിന്റെ മുഖം ഓടിയെത്തി... മിഴികൾ ഈറനണിഞ്ഞു...ചെയ്തു പോയ തെറ്റുകൾക്ക് മനസ്സുകൊണ്ടൊരായിരം തവണ അവളോട് മാപ്പപേക്ഷിച്ചു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story