നീയും ഞാനും.. 🧡 ഭാഗം 57

neeyum njanjum shamseena

രചന: ശംസീന

ജിത്തു കോളേജിലേക്ക് പോവാൻ റെഡിയായി തുടങ്ങിയതും പാറു കാവേരിയേയും തിരക്കി താഴേക്ക് ചെന്നു... "നീയെന്താടി നട്സ് പോയ അണ്ണാനെ പോലെയിരിക്കുന്നത് എന്തു പറ്റി... " ടിവി യും തുറന്ന് വെച്ച് താടിക്ക് കയ്യും കൊടുത്ത് അന്തം വിട്ടിരിക്കുന്ന കാവേരിയുടെ അടുത്തേക്കിരുന്ന് കൊണ്ട് പാറു ചോദിച്ചു.. "ഇതിൽ കൂടുതൽ എന്ത് പറ്റാൻ..". അവളൊന്ന് നെടുവീർപ്പിട്ട് പാറുവിനെ നോക്കി... "എന്നാലും ഒരൊറ്റ രാത്രി കൊണ്ട് നീ ആ വാദ്യാരേ വഴിപിഴപ്പിച്ചല്ലോടി..." കണ്ണുകൾ തുറിപ്പിച്ചു കൊണ്ട് കാവേരി പറഞ്ഞു... "ഞാനല്ല അങ്ങേര് എന്നെയാണ് വഴിപിഴപ്പിച്ചത്... " കുറച്ച് മുന്നേ നടന്ന കാര്യങ്ങളുടെ ഓർമയിൽ പാറു പിറുപിറുത്തു... "എന്തൊക്കെയായിരുന്നു....ഇപ്പൊ എങ്ങനെ ഇരിക്ക്ണ്..." കാവേരി അവളെ കളിയാക്കി കൊണ്ടിരുന്നു... "ഒന്ന് പോടി കളിയാക്കാതെ...ജിത്തേട്ടൻ ഇങ്ങോട്ട് വന്നു പിണക്കം മാറ്റിയതാണ്... അപ്പൊ പിന്നെ എനിക്ക് മുഖം തിരിക്കാൻ ഒക്കുവോ... ഞാനും ഇത്രയും കാലം അതല്ലേ ആഗ്രഹിച്ചത്...അതിന് വേണ്ടിയല്ലേ കാത്തിരുന്നത്..."

"എന്നാലും ഇത്ര പെട്ടന്നെങ്ങനെയാ അങ്ങേരുടെ ദേഷ്യമൊക്കെ മാറിയതെന്നാ ഞാൻ ആലോചിക്കുന്നെ..." കാവേരി വീണ്ടും ആലോചനയോടെ ഇരുന്നപ്പോൾ തൻവി ജിത്തുവിനെ കാണാൻ വന്നതും വിവാഹത്തിന് ക്ഷണിച്ചതും അവളുടെ നിർദ്ദേശപ്രകാരം മീരയെ ചെന്ന് കണ്ട് സത്യങ്ങൾ അറിഞ്ഞതും അങ്ങനെയെല്ലാം പാറു അവൾക്ക് വിവരിച്ചു കൊടുത്തു... "ഇതിനിടയിൽ ഇങ്ങനെയൊക്കെ നടന്നല്ലേ... ഇതങ്ങേർക്കിത് നേരത്തെ ചെയ്താൽ പോരായിരുന്നോ.. വെറുതെ നിന്റെ കുറേ ചോര വേസ്റ്റാക്കി... " പാറുവിന്റെ ഇടതു കയ്യിൽ പിടിച്ചിട്ടവൾ ചിരിയോടെ പറഞ്ഞു... "കുറേ ചോര പോയെങ്കിലെന്താ ജിത്തേട്ടനെ എനിക്ക് തിരിച്ചു കിട്ടിയില്ലേ... അത് മതിയെനിക്ക്... " പറഞ്ഞുകൊണ്ടവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു...അവളുടെയുള്ളിൽ ജിത്തുവിനോടുള്ള പ്രണയം വീണ്ടും പതിന്മടങ്ങ് വേഗത്തിൽ തളിരിട്ട് തുടങ്ങി...അവന്റെ അധരങ്ങളുടെയും ശരീരത്തിന്റെയും ചൂട് ഇപ്പോഴും തന്നിൽ തങ്ങി നിൽക്കുന്നതായവൾക്ക് തോന്നി.... "ഇങ്ങ് തരൂ ടീച്ചറെ ഞാൻ കൊണ്ടു കൊടുക്കാം... "

ജിത്തുവിനുള്ള ചായയുമായി മുകളിലേക്ക് പോവാൻ തുടങ്ങുന്ന ടീച്ചറുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങിച്ചു കൊണ്ടവൾ പറഞ്ഞു... കഴുത്തിൽ താലി മാലയും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു നിൽക്കുന്ന പാറു അവർക്കൊരു അതിശയമായിരുന്നു... ഇരുവരുടേയും വിവാഹം നടന്ന ദിവസം മാത്രമാണ് അവളെയിത് പോലെ കണ്ടിട്ടുള്ളത്... അവർക്കിടയിലെ പ്രശ്നങ്ങളെല്ലാം തീർന്നതിന്റെയാവം ഈ പുതിയ മാറ്റത്തിന്റെ കാരണം എന്നോർക്കേ അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു... "ടീച്ചർടെ കണ്ണുകൾ നിറഞ്ഞല്ലോ... എന്ത് പറ്റി... " പാറു വേവലാതിയോടെ ചോദിച്ചതും നേര്യതിന്റെ തുമ്പ് കൊണ്ടവർ കണ്ണുകളൊപ്പി.. " കണ്ണിൽ പൊടി പോയതാണെന്ന് തോന്നുന്നു.. ചൂടാറും മുന്നേ മോളിത് കൊണ്ടു കൊടുത്തിട്ട് വാ... " അവളെ മുറിയിലേക്ക് പറഞ്ഞുവിട്ട് ടീച്ചർ അപ്പുറത്തേക്ക് നടന്നു ... **** "ജിത്തേട്ടാ... ദാ ചായ... " ബാഗും പേഴ്‌സും എടുത്ത് പോവാൻ തുടങ്ങുന്ന ജിത്തുവിനരികിലേക്ക് ചെന്ന് ചായ അവനു നേരെ നീട്ടി... "ഇന്ന് നേരത്തെ വരോ... "

കയ്യിലെ നഖം ചുരണ്ടി കൊണ്ടായിരുന്നു അവളത് ചോദിച്ചത്.. "നേരത്തെ വന്നിട്ടെന്തിനാ...സ്പെഷ്യൽ ആയിട്ടെന്തെങ്കിലും....." കുറുമ്പോടെ പറഞ്ഞിട്ടവൻ ഒരു കൈകൊണ്ട് അവളെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്കിട്ടു... "വിട്ടേ ജിത്തേട്ടാ... ആ പെണ്ണിപ്പോ കേറിവരും...എന്നിട്ട് വേണം മനുഷ്യന്റെ ബാക്കിയുള്ള മാനം കൂടെ പോവാൻ..." അവൾ അവനെ തള്ളിമാറ്റാൻ നോക്കി... "വന്നോട്ടെ... ഞാൻ എന്റെ ഭാര്യേനെയല്ലേ പിടിച്ചിരിക്കുന്നെ..." അവൻ അവളിലുള്ള പിടി മുറുക്കി...അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയ സാഗരത്തിൽ താൻ മുങ്ങിത്താഴുമെന്ന് ഉറപ്പായതും പാറു അവന്റെ നെഞ്ചിൽ തന്റെ പല്ലുകളാഴ്ത്തി .. "ഔച്ച്... " അവൻ പെട്ടന്നവളിലുള്ള പിടി അയച്ചു... "നിന്നെ ഞാൻ എടുത്തോളാമെടി കാന്താരി.. " നേരം വൈകിയെന്ന് കണ്ടതും അവളെ നോക്കി കണ്ണുരുട്ടി അവൻ മുറിക്ക് പുറത്തേക്കിറങ്ങി... അവൻ ബുള്ളറ്റും എടുത്ത് പോവുന്നത് അവൾ മുറിയുടെ ജനലിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു..... പഠിപ്പുര കടന്നതും അവൻ തിരിഞ്ഞു നോക്കി...

ജനലഴികളിൽ പിടിച്ചു തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്ന പാറുവിന് മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ച് അവൻ അവിടെ നിന്നും പോയി... ***** "നമ്മളിതെവിടേക്കാ പോവുന്നേ പാറു... " എവിടേക്കാണെന്നൊന്നും പറയാതെ തന്നെയും വലിച്ചു നടക്കുന്ന പാറുവിനോടായി കാവേരി ചോദിച്ചു ... "അതൊക്കെ അവിടെ ചെന്നിട്ടറിയാം.. നീ ആദ്യം നടക്ക്... " പാറു വീണ്ടും മുന്നോട്ട് നടന്നതും കാവേരിയും മടുപ്പോടെ അവളോടൊപ്പം നടന്നു... കുറച്ച് ദൂരം നടന്നതും അവരൊരു വീടിന് മുന്നിലെത്തി.. "ഇതാണോ നിന്റെ വീട്...?" കാവേരി ചോദിച്ചതും പാറു അവളെ തറപ്പിച്ചൊന്ന് നോക്കി.. "ദേ ആ കാണുന്നതാ എന്റെ വീട്.. ഇത് മീരയുടെ വീടാ... " രണ്ട് വീടിനപ്പുറമുള്ള വീട് ചൂണ്ടിക്കാട്ടി പാറു പറഞ്ഞു... "എന്നാ നമുക്ക് അങ്ങോട്ടും കൂടിയൊന്ന് പോയാലോ... " "ചെന്നേച്ചാലും മതി.. എന്റെ അമ്മ ചൂലെടുക്കും... തല്ക്കാലം നീ ഇങ്ങോട്ട് കയറ്..." പാറു അവളേയും കൂട്ടി മീരയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറി.. "രാജിയേച്ചി... " പാറു അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു...

"ഇങ്ങോട്ട് കയറിപ്പോര് കൊച്ചേ.. ഞാനിവിടെ മീൻ നന്നാക്കുവാ.. " ഉടനെ മറുപടിയും വന്നു... "വാ.. " അവർ അകത്തേക്ക് കയറി നേരെ അടുക്കളയിലോട്ട് ചെന്നു..അവരെ കണ്ടതും രാജി ചിരിച്ചു... "അങ്ങോട്ടിരിക്ക്...ഇതിപ്പോ കഴിയും..." പാറുവും കാവേരിയും സ്ലാബിലേക്ക് ചാടിയിരുന്നു... "ഞാൻ മീരയോട് എപ്പോഴും ചോദിക്കും പാറുവിനെ കാണാറില്ലേയെന്ന്...അവളൊന്നും പറയാതെ എന്റെ നേരെ ഒച്ചയെടുക്കും... അതുകൊണ്ട് ഇപ്പൊ ഞാൻ ചോദിക്കാറുമില്ല..." രാജിയേച്ചി പറയവേ അവളുടെ മുഖമൊന്ന് വാടി.. "ഞാനിവിടെ ഉണ്ടായിരുന്നില്ലല്ലോ അതുകൊണ്ടായിരിക്കും... ഇവിടുന്ന് പോവുമ്പോൾ അവളോട് പറയാനൊട്ട് പറ്റിയതുമില്ല... അവളിവിടെ ഇല്ലേ..." പാറു സ്ലാബിൽ നിന്നും ഇറങ്ങി മുറിയിലൊക്കെ നോക്കി.. "അവളിപ്പോ ഇവിടെ ടൗണിലുള്ളൊരു ലാബിൽ ജോലിക്ക് പോവുന്നുണ്ട്...വൈകുന്നേരം ആവും എത്തുമ്പോഴേക്കും..." "ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിന്നോട് ഉച്ച കഴിഞ്ഞ് വന്നാൽ മതിയെന്ന്... " രാജി പറയുന്നത് കേട്ടതും കാവേരി ഇടയിൽ കയറി...

"അല്ല ചോദിക്കാൻ വിട്ടു ഏതാ ഈ കുട്ടി...." മീൻ വൃത്തിയാക്കി കഴിഞ്ഞ് കൈ കഴുകി മാക്സിയിൽ തുടച്ചു കൊണ്ടവർ ചോദിച്ചു... "അരുണേട്ടൻറെ സിസ്റ്ററാ.. നമ്മുടെ ജ്യോതി ചേച്ചിടെ... " "നിക്ക് മനസ്സിലായി... നിങ്ങൾ ഹാളിലോട്ട് വാ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..." "അയ്യോ അതൊന്നും വേണ്ടാ... ടീച്ചർ തിരക്കുന്നുണ്ടാവും ഞങ്ങൾ വൈകീട്ട് വരാം... " "വീട്ടിൽ പോവുന്നുണ്ടോ നീ... എത്രയെന്നു വെച്ചാ ഇങ്ങനെ പിണങ്ങി നിൽക്ക... നീയൊന്ന് ചെന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ..." "അതൊന്നും ശെരിയാവത്തില്ല രാജിയേച്ചി... അമ്മയ്ക്കും ഏട്ടനും ഇപ്പോഴും എന്നോട് ദേഷ്യം തന്നെയാ... അതുകൊണ്ടല്ലേ വിച്ചേട്ടന്റെ കല്യാണം പോലും എന്നോട് പറയാതിരുന്നത്..." അവളുടെ കണ്ണുകൾ നിറഞ്ഞു...കാവേരി വന്നവളെ ചേർത്ത് പിടിച്ചു... "എന്നിട്ടും വിവാഹത്തിന് പങ്കെടുത്ത നീയല്ലേ മിടുക്കി.." അവർ പറഞ്ഞത് കേട്ട് അവളൊന്ന് ചിരിച്ചു... "അത് അപ്രതീക്ഷിതമായി നടന്നൊരു കാര്യമായിരുന്നു... എന്നാലും സന്തോഷമുണ്ട്...ഞങ്ങളെന്നാ ഇറങ്ങട്ടെ... " പാറു കാവേരിയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി... "പാവം.. " അവൾ പോവുന്നതും നോക്കി നിന്ന രാജി സഹതാപത്തോടെ പറഞ്ഞു... ***** പാറുവും കാവേരിയും വൈകീട്ട് വീണ്ടും മീരയെ തിരക്കി വീട്ടിലേക്ക് ചെന്നു.

. "മ്മ് എന്ത് വേണം.. ആരെ കാണാനാ... " ഉമ്മറത്തു നിൽക്കുന്ന പാറുവിനെ കണ്ട് മീര ഗൗരവത്തോടെ ചോദിച്ചു... "ഇവള് നിന്റെ കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞത്... എന്നിട്ടെന്താ അറിയാത്തത് പോലെ സംസാരിക്കുന്നെ... " അടുത്ത് നിന്ന കാവേരി പാറുവിന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു.. "എടി ബുദൂസെ.. ഞാൻ അന്നവളോട് അങ്ങനെയൊക്കെ വിളിച്ചു പറഞ്ഞതല്ലേ അതിന്റെ ദേഷ്യമാ... നീ പേടിക്കാതെ അതിപ്പോ മാറും.." "ചോദിച്ചത് കേട്ടില്ലേ... " ഇരുവരും പിറുപിറുക്കുന്നത് കണ്ട് മീര വീണ്ടും ചോദിച്ചതും പാറു തിണ്ണയിൽ കയറിയിരുന്നു... "കേട്ടു... നിനക്കെന്നെ അറിയില്ലെങ്കിൽ വേണ്ടാ...ഞാനിവിടെ ഇരിക്കും...നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ..." പാറു കൂസലേതുമില്ലാതെ ചോദിച്ചു... "ഉണ്ടല്ലോ... ഇതെന്റെ വീടാ ഇവിടെ ആര് ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാ..." മീര അവളെ തിണ്ണയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി... "അയ്യേ നിങ്ങളെന്താ കൊച്ചു പിള്ളേരെ പോലെ.. ഇതാണോ നീ പറയാറുള്ള നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ സ്വഭാവം...കഷ്ടം.... "

കാവേരി അവരെ നോക്കി പരിഹസിച്ചതും മീര അവളെ നോക്കി കണ്ണുരുട്ടി... "ഇവളേതാ...? " മീര കാവേരിയെ നോക്കി മുഖം ചുളിച്ചു... "നീയെന്നോട് മിണ്ടുന്നില്ലല്ലോ... അതുകൊണ്ടെനിക്ക് പുതിയ ഫ്രണ്ടിനെ കിട്ടി... അവളാണ് ഇവൾ... " "ഞാനാണോ മിണ്ടാത്തെ.. ആരാ എന്നോട് മിണ്ടാതെ നടന്നേ.. ആരാ എന്നെ വിളിച്ചു വഴക്ക് പറഞ്ഞേ... " മീര അവളെ തലങ്ങും വിലങ്ങും നോവാത്ത വിധം കയ്യിലും കാലിലും അടിച്ചു കൊണ്ടിരുന്നു... "തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു... അത് തന്നെയാ എനിക്കും സംഭവിച്ചത്... " പാറു സിനിമാ ഡയലോഗ് എടുത്ത് കാച്ചിയതും മീര അടിക്കുന്നത് നിർത്തി അവളുടെ അടുത്തേക്കിരുന്നു... "സോറി മീരേ... ജിത്തേട്ടൻ അന്നെന്നെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ എന്റെയും നിയന്ത്രണം വിട്ടു പോയി... അതാ ഞാൻ നിന്നെ വിളിച്ചു വഴക്ക് പറഞ്ഞത്... സോറി... " പരിഭവത്തോടെ ഇരിക്കുന്ന മീരയുടെ ഇരുകവിളുകളിലും പിടിച്ചു പാറു കൊഞ്ചലോടെ പറഞ്ഞു... "മ്മ് താൽക്കാലത്തേക്ക് ക്ഷമിച്ചിരിക്കുന്നു... ഇനി ഇതാവർത്തിക്കരുത്..."

മീര അവളെ നോക്കി ഗൗരവത്തോടെ കണ്ണുകൾ കൂർപ്പിച്ചു... "ഇല്ലെന്റെ പൊന്നേ... " പാറു അവളെ ഇറുക്കി പിടിച്ചു കവിളിൽ മുത്തിയതും മീര പുഞ്ചിരി തൂകി.. "ഞാൻ ചായയെടുക്കാം..." മുഖത്തെ ചിരി മായാതെ പറഞ്ഞുകൊണ്ട് മീര അടുക്കളയിൽ ചെന്ന് മൂന്ന് ചായയും കഴിക്കാനുള്ളതും എടുത്തിട്ട് വന്നു... ചായകുടിക്കുന്നതിനിടയിൽ അത്രയും ദിവസത്തെ വിശേഷങ്ങൾ അവർ പരസ്പരം പങ്ക് വെച്ചു...കാവേരിയും അവരുടെ കൂടെ കൂടി...ഇടക്ക് പ്രവിയും വീഡിയോ കാൾ ചെയ്തിരുന്നു... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ തങ്ങളുടെ സൗഹൃദം വീണ്ടും തിരികെ കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.... സന്ധ്യ മയങ്ങിത്തുടങ്ങിയതും നാളെ കാണാമെന്നും പറഞ്ഞു പാറുവും കാവേരിയും തിരികെ വീട്ടിലേക്ക് പോയി.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story