നീയും ഞാനും.. 🧡 ഭാഗം 58

neeyum njanjum shamseena

രചന: ശംസീന

രാത്രിയിൽ ജിത്തു ഏറെ വൈകിയാണ് വന്നത്... ടീച്ചറും കാവേരിയും നേരത്തേ ഭക്ഷണം കഴിച്ചിരുന്നു പാറുവിനെ വിളിച്ചെങ്കിലും ജിത്തേട്ടൻ വന്നിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു അവൾ ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു... "അവൻ വന്നാൽ ഉമ്മറത്തെ ലൈറ്റ് അണക്കണേ... " പഠിപ്പുരയിൽ നിന്നും കണ്ണുകൾ പിൻവലിക്കാതെ അവൾ തലകുലുക്കി... "വാ മോളെ... " ടീച്ചർ കാവേരിയേയും കൂട്ടി മുറിയിൽ കയറി വാതിലടച്ചതിന്റെ പിന്നാലെ ജിത്തുവും വന്നു...ഉറക്കം തൂങ്ങി ഉമ്മറത്തിരിക്കുന്ന പാറുവിനെ കണ്ടവന്റെ മിഴികൾ തിളങ്ങി... ഹെഡ്ലൈറ്റിന്റെ വെളിച്ചം മുഖത്തേക്കടിച്ചതും അവൾ തലയുയർത്തി നോക്കി... ജിത്തുവാണെന്ന് കണ്ടതും മുഖമൊന്നമർത്തി തുടച്ച് പുഞ്ചിരിയോടെ പടിക്കെട്ടിൽ നിന്നും എഴുന്നേറ്റു... "കിടന്നൂടായിരുന്നോ....? " ബൈക്ക് സ്റ്റാൻഡിലിട്ട് അവളുടെ അടുത്തേക്ക് വന്നു കൊണ്ടവൻ ചോദിച്ചു... "ജിത്തേട്ടൻ വന്നിട്ടാവാമെന്ന് കരുതി... എന്തേ ഇന്നിത്ര വൈകിയത്..." അവന്റെ കയ്യിലുള്ള ബാഗ് വാങ്ങി തന്റെ കയ്യിലേക്ക് പിടിച്ചു... "ഇന്നൊരു ഫ്രണ്ടിന്റെ ബാച്ച്ലർ പാർട്ടിയുണ്ടായിരുന്നു...നേരത്തേ ഇറങ്ങണമെന്ന് വിചാരിച്ചതായിരുന്നു പക്ഷേ അവന്മാർ വിട്ടില്ല..." "അപ്പൊ ഡിന്നർ കഴിച്ചായിരുന്നോ... " "മ്മ്.. "

മറുപടിയായവൻ മൂളിയതും അവളുടെ മുഖം വാടി... "ഒന്നും കഴിച്ചില്ലെടോ... ഞാൻ ചുമ്മാ പറഞ്ഞതാ... എനിക്കറിയാലോ എന്റെ പാറുക്കുട്ടി ഇവിടെ കാത്തിരിപ്പുണ്ടാവുമെന്ന്... " ഇട്ടിരുന്ന ഷർട്ടിന്റെ കൈയിലെ ബട്ടൺസ് അഴിച്ചു മുകളിലേക്ക് തെരുത്ത് കയറ്റിക്കൊണ്ടവൻ പറഞ്ഞു...അതിനവളൊന്ന് നാണത്തോടെ പുഞ്ചിരിച്ചു... "ജിത്തേട്ടൻ ഫ്രഷായി അപ്പോഴേക്കും ഞാനെല്ലാം കൊണ്ടു വന്നു വെക്കട്ടെ... " കയ്യിലുള്ള ബാഗ് സോഫയിലേക്ക് വെച്ചിട്ടവൾ അടുക്കളയിലേക്ക് നടന്നു... ജിത്തുവിന് ഭക്ഷണം ഒരല്പം ചൂടോടെ കഴിക്കുന്നതാണിഷ്ടം... ചൂടില്ലെങ്കിൽ മുഖം കറുപ്പിച്ചൊന്നും പറയില്ലെങ്കിലും ആളത് കഴിക്കാതെ നീക്കി വെക്കും.. ഇല്ലേൽ തനിയേ പോയി ചൂടാക്കി കഴിക്കുന്നത് കാണാം... അവൾ എല്ലാമൊന്ന് ചൂടാക്കി എടുത്ത ശേഷം ടേബിളിൽ കൊണ്ടുവെച്ചു... അപ്പോഴേക്കും അവനും കുളി കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു... അവളും അവന്റെ കൂടിയിരുന്നു പ്ലേറ്റിലേക്ക് രണ്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും ഒഴിച്ചു... കഴിക്കാനായി ഒരുങ്ങുമ്പോഴാണ് മുന്നിലേക്കൊരു കൈ നീണ്ടു വന്നത്...

തലയുയർത്തി നോക്കുമ്പോൾ കറിയിൽ മുക്കിയൊരു ചപ്പാത്തി കഷ്ണം അവളുടെ നേരെ പ്രതീക്ഷയോടെ നീട്ടിപ്പിടിച്ചിരിക്കുകയാണ് ജിത്തു...സങ്കടമാണോ സന്തോഷമാണോ ആ നിമിഷം തോന്നിയതെന്നറിയില്ല...കൊതിയോടെ അത് വായിലാക്കി.... വീണ്ടും വീണ്ടും ഇതേ പ്രവർത്തി തുടർന്നു... ജിത്തു കഴിക്കാതെ അവളെ കഴിപ്പിച്ചു കൊണ്ടിരുന്നു... എന്നത്തേക്കാളും രുചി അവൻ നീട്ടുന്ന ഓരോ ഉരുളയ്ക്കും ഉണ്ടെന്ന് തോന്നി...കഴിച്ചു കഴിച്ചു വയറ് പൊട്ടുമെന്ന് തോന്നിയതും മതിയെന്ന് പറഞ്ഞവൾ അവന്റെ കൈ പിടിച്ചു വെച്ചു...അവനൊരു കുസൃതി ചിരിയോടെ എഴുന്നേറ്റ് പോയി... "ഒന്നും കഴിച്ചില്ലല്ലോ... " അവൾ അവിടെ തന്നെ ഇരുന്ന് കൊണ്ട് ചോദിച്ചു... "വയറ് നിറഞ്ഞു.. താൻ അതെല്ലാം എടുത്ത് വെച്ച് മുറിയിലേക്ക് വാ. എനിക്ക് കുറച്ച് പേപ്പർ വർക്കുകളുണ്ട്... " കൈ ടർക്കിയിൽ തുടച്ചിട്ടവൻ മുറിയിലേക്ക് നടന്നു..

. അവിടെയെല്ലാം ഒതുക്കിയിട്ട ശേഷം പാറുവും മുറിയിലേക്ക് ചെന്നു... അവൻ കാര്യമായിട്ടെന്തോ പണിയിലാണെന്ന് കണ്ടതും ശല്യം ചെയ്യാതെ ഫ്രഷായി വന്നു കിടന്നു... കുറച്ചു കഴിഞ്ഞ് മുറിയിലെ ലൈറ്റ് അണച്ച് അവനും അവളുടെ അരികിലായി വന്നു കിടന്നു... ചെരിഞ്ഞു കിടന്ന് കള്ളയുറക്കം നടിക്കുന്നവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു...തന്റെ സാമീപ്യം അറിഞ്ഞത് മുതൽ അവളുടെ ഹൃദയമിങ്ങനെ ശക്തിയിൽ മിടിക്കുന്നത് അവന് കേൾക്കാമായിരുന്നു... "പിണക്കം മാറിയില്ലേ ഇതുവരെ... " കാതരികിൽ അവന്റെ നനുത്ത സ്വരം... അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു...അതറിഞ്ഞെന്ന പോലെ അവന്റെ വിരലുകൾ പതിയെ അവളുടെ ബനിയന്റെയുള്ളിലേക്ക് പ്രവേശിച്ചു... "ജിത്തേട്ടാ... " നേർത്തൊരേങ്ങൽ അവളിൽ നിന്നും ഉയർന്നു... ഒപ്പം അവന്റെ കൈകളിൽ അവളുടെ കൈകളും മുറുക്കത്തോടെ അമർന്നു... "എന്തേ... ഞാൻ തൊടുന്നത് ഇഷ്ടമല്ലേ... " പതിയെ അവൾക്ക് കേൾക്കാൻ പാകത്തിൽ പരിഭവം കലർത്തിക്കൊണ്ടവൻ ചോദിക്കെ തിരിഞ്ഞു കിടന്നവൾ അവന്റെ രോമനിഭിഡമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

. "അത് കൊണ്ടൊന്നുമല്ല.. നിക്കെന്തോ വല്ലാതാകുന്നു... ശരീരത്തിലൂടെ എന്തൊക്കെയോ പായുന്ന പോലെ... " വിറച്ചു വിറച്ചവൾ പറയവേ അവനിലൊരു പുഞ്ചിരി വിടർന്നു...തന്റെ കയ്യിലെ അവളുടെ പിടിത്തത്തെ അയച്ചു കൊണ്ട് വിരലുകൾ അവളുടെ അണിവയറിൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു...അവളുടെ കൈകൾ അവന്റെ പുറം മേനിയിലമർന്നു... ഒടുവിൽ ആ വിരലുകൾ നാഭിച്ചുഴിയിൽ എത്തി നിന്നതും അവളിൽ നിന്നൊരു ശീൽക്കാര ശബ്‍ദം ഉയർന്നു വന്നു... "സ്സ്... " ആഴമുള്ള ആ ചുഴിയിൽ തന്റെ വിരലുകളൊന്ന് കറക്കിയതും അവളുടെ നട്ടെല്ലിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയിരുന്നു...വീണ്ടും അവനത് തുടർന്നതും അവളിൽ നിന്നും ദുർബലമായ എതിർപ്പുകൾ പുറത്തേക്ക് വന്നു... "ജിത്തേട്ടാ... മതി...എനിക്കിനി വയ്യ..." പ്രണയ പരവശയായി കിടക്കുന്നവളുടെ മുഖമാകെ മിഴികൾ പായിച്ച ശേഷം അവൻ തന്റെ വിരലുകളെ പിൻവലിച്ചു...വിയർത്തൊലിച്ചു പരിഭ്രമം പൂണ്ടു കിടക്കുന്നവളെ എടുത്തുയർത്തി തന്റെ ശരീരത്തിന് മുകളിലേക്ക് കിടത്തി..

.പാതി നഗ്നമായ അവന്റെ ശരീരത്തിൽ പഞ്ഞിക്കെട്ട് പോലെയുള്ള അവളുടെ മൃദുലമായ മേനിയമർന്നു...തന്റെ രണ്ട് കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിക്കാനുള്ളതേ അവളുടെ കുഞ്ഞു മേനിയെന്നവൻ ഓർത്തു പോയി... "ക്ഷീണിച്ചോ...ഇപ്പോഴേ ഇങ്ങനെയായാൽ എങ്ങനെയാ... ഇനി എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു..." കുറുമ്പ് നിറച്ചവൻ പറയവേ അവളുടെ അധരങ്ങൾ പരിഭവത്താൽ കൂർത്ത് വന്നു... "ഇനി അതിന് മുഖം വീർപ്പിക്കേണ്ട... എന്തായാലും മോള് ഉദ്ദേശിച്ചത് ഇപ്പോഴൊന്നും നടക്കില്ല... ഇനിയും ഒന്നര വർഷമില്ലേ msc കംപ്ലീറ്റ് ചെയ്യാൻ... അതൊന്ന് കഴിഞ്ഞോട്ടെ ഈ കടമെല്ലാം തീർക്കുന്നുണ്ട് ഞാൻ..." അതിനവൾ നാണത്തോടെയൊന്ന് പുഞ്ചിരിച്ചു... "വിശ്വസിച്ചോട്ടെ ഞാൻ ഈ കാണുന്നതൊന്നും മിഥ്യയല്ലെന്ന്...എന്നോട് ഈ കാണിക്കുന്ന സ്നേഹത്തിനും കരുതലിനും ഇനിയൊരു കോട്ടവും സംഭവിക്കില്ലെന്ന്..." നോവോടെ ചോദിക്കുന്നവളെ ചേർത്ത് പിടിച്ചവൻ എഴുന്നേറ്റിരുന്നു കട്ടിലിന്റെ ക്രാസിയിലേക്ക് ചാഞ്ഞിരുന്നു...മിഴികൾ താഴ്ത്തി തന്റെ മടിയിൽ ഇരിക്കുന്നവളുടെ മുഖം താടിത്തുമ്പിൽ പിടിച്ചുയർത്തി...

"ഈ കാണിക്കുന്നതെല്ലാം അഭിനയമായിട്ട് തോന്നുന്നുണ്ടോ നിനക്ക്... മ്മ്..." ശാന്തനായവൻ ചോദിക്കേ ഇല്ലെന്നവൾ തലയനക്കി... "പിന്നെ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യകതയുണ്ടോ...എനിക്ക് വേണ്ടി ഒത്തിരി വേദന അനുഭവിച്ചതല്ലേ നീ അതിന് പകരമായി എനിക്ക് നിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കണം..." അവളുടെ ഇടതു കൈത്തണ്ടയിലെ മുറിയുടെ അടയാളത്തിലവൻ അമർത്തി ചുംബിച്ചു...അറിയാതെ മിഴിയിൽ നിന്നൊരു തുള്ളിയടർന്നു അതേ കൈത്തണ്ടയിലേക്ക് തന്നെ വീണു.. "ജിത്തേട്ടാ.. " അവൻ കരയുകയാണെന്ന് മനസ്സിലായതും അവൾ ഇരുകൈകളും അവന്റെ കവിളുകളിൽ ചേർത്ത് വെച്ചു... "നിനക്കെന്നോട് പ്രണയം ഉണ്ടെന്നറിഞ്ഞ നിമിഷം മുതൽ ഉരുകിയായിരുന്നു ഞാൻ ജീവിച്ചത്... ജിത്തു ഇതറിഞ്ഞാലുള്ള വിപത്തിനെ പറ്റി ആരേക്കാളും നന്നായി എനിക്കറിയാമായിരുന്നു... അത്രക്കും വിശ്വാസവും സ്നേഹവുമായിരുന്നു അവന് അവന്റെ കുഞ്ഞു പെങ്ങളോട്... അത് കൊണ്ട് തന്നെയാണ് തുടക്കത്തിൽ നിന്നെ ഞാൻ വിലക്കിയതും...

തൻവിയുമായുള്ള എന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ ആശ്വസിച്ചു ഇനിയെങ്കിലും നീ പക്വതയോടെ ചിന്തിച്ച് തീരുമാനമെടുക്കുമെന്ന്... പക്ഷേ അവിടേയും പിഴച്ചു... അവിനാഷുമായുള്ള വിവാഹത്തിന് നീ സമ്മതം മൂളിയെന്ന് ഞാനറിഞ്ഞപ്പോൾ അതിനും ഞാനൊരു കാരണക്കാരൻ ആണോയെന്ന് തോന്നിപ്പോയി... വിധി വീണ്ടും കുറച്ച് ഫോട്ടോകളുടെ രൂപത്തിൽ മുന്നിൽ വന്നു നിന്നു... അമ്മയുടെ ഇഷ്ടപ്രകാരം നിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ എനിക്ക് നിന്നോട് വെറുപ്പായിരുന്നു തോന്നിയിരുന്നത്... അത്രയും കാലം പ്രണയിച്ചിരുന്നവളെ നിഷ്കരുണം തള്ളിക്കളഞ്ഞ് ആ സ്ഥാനത്ത് കയറിപ്പറ്റിയ നിന്നോടെനിക്ക് ദേഷ്യമായിരുന്നു... പക്ഷേ ഞാൻ കൂടെ കൈവിട്ടാൽ നിനക്ക് പിന്നേയൊരു തണലുണ്ടോ എന്നാലോചിക്കെ വെറുപ്പ് സഹതാപത്തിലേക്ക് വഴിമാറി... തൻവിക്കും എന്നോട് ദേഷ്യമൊന്നുമില്ലെന്ന് മനസ്സിലാക്കിയതും പതിയെ ഞാനും തന്നെ അംഗീകരിക്കാൻ തുടങ്ങി... നിന്റെ മുഖത്തെ പുഞ്ചിരി കാണുമ്പോൾ എന്റെ മനസ്സിലെ കാർമേഘങ്ങളും നീങ്ങിത്തുടങ്ങിയിരുന്നു...

ആ നിമിഷം വീണ്ടും ഞാൻ വഞ്ചിക്കപ്പെട്ടോ എന്നുള്ള തോന്നലിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... അതുകൊണ്ടാണ് നിന്റെ അടുത്ത് നിന്ന് അകലം കാണിച്ചതും നിന്നെ അവഗണിച്ചതും... പക്ഷേ നീ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചു അവിടേയും എന്നെ തോൽപ്പിച്ചു കളഞ്ഞു.. എത്രയോ തവണ നിന്നെ ഒരുനോക്ക് കാണാനായി ഞാൻ icu വിന് മുന്നിലും നിന്റെ മുറിക്ക് പുറത്തും വന്നു നിന്നിട്ടുണ്ടെന്നോ... അപ്പോഴൊക്കെ ഒരു ക്രൂരനെ പോലെ അമ്മയും ജ്യോതിയും എന്നെ ആട്ടിയോടിച്ചു... നീ എന്നിൽ നിന്നും അകന്ന് ദൂരേക്ക് പോവുകയാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി...എന്നിട്ടും സത്യങ്ങൾ അറിയാൻ വേണ്ടി ശ്രമിച്ചില്ല... പിന്നീട് തൻവിയെ കാണേണ്ടി വന്നു എനിക്ക് പറ്റിയ തെറ്റ് തിരുത്താൻ... എല്ലാം അറിഞ്ഞ ശേഷം നിന്നെ വന്നു കാണണമെന്ന് കരുതിയതായിരുന്നു പക്ഷേ അവിടെ വന്നു മറ്റുള്ളവരുടെ മുന്നിലൊരു അപഹാസ്യനായി നിൽക്കാൻ മനസ്സനുവദിച്ചില്ല... അതുകൊണ്ടാണ് ജ്യോതി നിങ്ങളെ വീട്ടിലേക്ക് കൊണ്ടുവരാൻ വിളിച്ചു പറഞ്ഞപ്പോൾ തടസ്സമൊന്നും പറയാതെ ഞാൻ വന്നത്...

പിന്നീട് നിന്നോടിത് എങ്ങനെ തുറന്നു പറയുമെന്നായി ചിന്ത... ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞു നിന്നെയെന്റെ നെഞ്ചോട് അടക്കിപ്പിടിച്ചപ്പോൾ ഈ ലോകം തന്നെ എന്റെ കാൽച്ചുവട്ടിലാണെന്ന് തോന്നിപ്പോയി...അത്രക്കും സന്തോഷവാനായിരുന്നു ഞാനാ നിമിഷം..." ഒരൊറ്റ ശ്വാസത്തിൽ അവനെല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇരുവരുടേയും കണ്ണുകൾ ഒരുപോലെ നിറഞ്ഞിരുന്നു... "അപ്പൊ ഇപ്പോൾ സന്തോഷം തോന്നുന്നില്ലേ... " പ്രണയത്താൽ ചാലിച്ച അവന്റെ മറുപടിക്കായവൾ വീണ്ടും കാതോർത്തു... "പിന്നില്ലാതെ... നീ കൂടെയുള്ള ഓരോ നിമിഷവും എനിക്കിപ്പോൾ അമൂല്യമാണ്...ഞാൻ എത്രയോ സന്തോഷവാനാണ്... അതിലുപരി നീയെന്റെ നെഞ്ചോട് ചേർന്നിങ്ങനെ ഇരിക്കുമ്പോൾ എന്നിലെ കാമുകനുണരും മതിവരുവോളം നിന്നെ പ്രണയിക്കാൻ തോന്നും..." അവൾ കേൾക്കാനാഗ്രഹിച്ച മറുപടി കേൾക്കെ അവൾ അവന്റെ കവിളിളുകളിൽ തന്റെ അധരങ്ങളാൽ അമർത്തി ഉമ്മവെച്ചു...അവളെ ചേർത്ത് പിടിച്ചു കൊണ്ട് വീണ്ടും കട്ടിലിലേക്ക് മറിയവേ കുപ്പിവള കിലുങ്ങുന്ന പോലെയുള്ള അവളുടെ ചിരിയൊച്ചകൾ അവിടമാകെ അലയടിക്കുന്നുണ്ടായിരുന്നു............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story