നീയും ഞാനും.. 🧡 ഭാഗം 59

neeyum njanjum shamseena

രചന: ശംസീന

നാളെ കഴിഞ്ഞാൽ പാറുവും കാവേരിയും തിരിച്ചു ട്രിവാൻഡ്രത്തേക്ക് തിരിച്ചു പോകും...പാറുവിന് പോവുന്ന കാര്യം ആലോചിക്കുമ്പോഴേ സങ്കടം വന്നിങ്ങനെ നിറയുന്നുണ്ട്... എന്നാലും പോയല്ലേ പറ്റൂ... ഇവിടെ വന്നിട്ടിതുവരെ അമ്പലത്തിൽ പോയില്ലല്ലോ എന്ന് ടീച്ചറമ്മ രാവിലെ അവരോട് പറഞ്ഞിരുന്നു... അതനുസരിച്ചവർ വൈകീട്ട് അമ്പലത്തിലേക്കിറങ്ങി... കൂടെ മീരയുമുണ്ടായിരുന്നു... "മീരേ,,, ഞാനും വരുന്നു... " പിറകിൽ നിന്നും നിമിഷയുടെ വിളി കേട്ടതും അവർ മൂവരും ഒരു പോലെ തിരിഞ്ഞു നോക്കി... നിമിഷ ഓടിക്കിതച്ചവരുടെ അടുത്തെത്തി... "എന്തൊരു പോക്കാ ഇത്... ഞാൻ എത്ര തവണ വിളിച്ചെന്നോ... " കിതച്ചു കൊണ്ടവൾ പറഞ്ഞു... "ഞാൻ കേട്ടില്ല ചേച്ചി.." പറഞ്ഞിട്ടവർ മുന്നോട്ട് നടന്നു... പാറുവിനേയും കാവേരിയേയും തീർത്തും അവഗണിച്ചു കൊണ്ടായിരുന്നു നിമിഷയുടെ പെരുമാറ്റം... "ഡീ പാറു... ഈ ചേച്ചി നമ്മളെ മറന്നോ... അതോ പിണങ്ങി നിൽക്കുവാണോ... " കാവേരി അവളുടെ ചെവിക്കടുത്തായി പിറുപിറുത്തു..

"അത് തന്നെയാ ഞാനും ചിന്തിക്കുന്നേ... പുള്ളിക്കാരി യാതൊരു മൈന്റും കാണിക്കുന്നില്ലല്ലോ... " പാറു പറഞ്ഞു... "നമുക്ക് ചോദിച്ചു നോക്കിയാലോ... " കാവേരി നിമിഷയെ പാളി നോക്കി... "ഏയ്‌ അത് വേണ്ടാ. കുറച്ചു സമയം കൂടെ കാത്ത് നോക്കാം... എന്നിട്ടും മിണ്ടുന്നില്ലേൽ അങ്ങോട്ട് കയറി മിണ്ടാം..." പാറുവങ്ങനെ പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് കാവേരിക്കും തോന്നി... നിമിഷ മീരയോട് വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്... അന്ന് ഹോസ്പിറ്റലിലും വിവാഹത്തിനും വെച്ച് കണ്ടത് പോലെയല്ല... ആളൊരു സംസാരപ്രിയയാണ്... ക്ഷേത്രത്തിലെത്തിയതും തിരക്ക് വരുന്നതിന് മുന്നേ തൊഴുതിറങ്ങി... അപ്പോഴും നിമിഷ അവരെ ശ്രദ്ധിക്കുന്നു കൂടിയുണ്ടായിരുന്നില്ല.... പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ പാറു മുന്നിൽ പോവുന്ന നിമിഷയുടെ കയ്യിൽ പിടിച്ചു നിർത്തി... "അമ്മയ്ക്കും വിച്ചേട്ടനും എന്നോട് ദേഷ്യമുള്ളത് പോലെ ഏട്ടത്തിയമ്മക്കും എന്നോട് ദേഷ്യമാണോ..." അവളുടെ ഏട്ടത്തിയമ്മ എന്നുള്ള വിളിയിൽ നിമിഷയുടെ എല്ലാ പിണക്കവും മാഞ്ഞുപോയി...

അപ്പോഴേക്കും പാറു വിങ്ങിപ്പൊട്ടി തുടങ്ങിയിരുന്നു... "അയ്യേ പാറു കരയുവാണോ...എനിക്കെന്തിനാ മോളോട് പിണക്കം അറിഞ്ഞു കൊണ്ട് നീയെനിക്കൊരു ദ്രോഹവും ചെയ്തിട്ടില്ല..പിന്നെ മിണ്ടാതെ നടന്നത് ആദ്യം തന്നെ നീയെന്റെയടുത്ത് നിന്ന് എല്ലാം മറച്ചു വെച്ചില്ലേ അതിന്റെയൊരു പരിഭവം... അത്രേയുള്ളൂ..." പറഞ്ഞു കഴിഞ്ഞതും പാറു അവളെ കെട്ടിപ്പിടിച്ചു... "ഇനിയും കരയുവാണോ..!" അവൾ മൂക്ക് വലിക്കുന്ന ശബ്‍ദം കേട്ട് നിമിഷ ചെറു ചിരിയോടെ ചോദിച്ചു.. "സന്തോഷം കൊണ്ടാ... " പാറു കണ്ണുകൾ തുടച്ചു അവളിൽ നിന്നും അകന്നു മാറി... "വിച്ചേട്ടൻ... " ഒരല്പം മടിയോടെ പാറു ചോദിക്കേ നിമിഷ അവളുടെ കൈകൾ കവർന്നു... "വൈശാഖന് നിന്നോടൊരു പിണക്കവുമില്ല... വെറുതെ ജാഡയിട്ട് നടക്കുവാ... അന്ന് നീ മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോവുമ്പോൾ ഞാൻ കണ്ടതാ ആ കണ്ണുകൾ നിറയുന്നത്... അപ്പൊഴെനിക്ക് കാര്യം മനസ്സിലായില്ല പിന്നീട് മീരയാണ് എല്ലാം പറഞ്ഞു തന്നത്... ഈ വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ എനിക്ക് മനസ്സിലായതാണ് നിന്റെ വിച്ചേട്ടന് നിന്നോടുള്ള സ്നേഹം...

അമ്മയെ വിഷമിപ്പിക്കേണ്ടാ എന്ന് കരുതിയാണ് ആള് നിന്നിൽ നിന്ന് അകന്ന് നിൽക്കുന്നത്..." "എല്ലാം ശെരിയാവുമായിരിക്കും അല്ലേ.. " നിമിഷ പറയവേ പാറു വേദനയോടെ ചോദിച്ചു... "ശെരിയാവാതെ എവിടെ പോവാൻ.. പുറമെ കാണുന്ന ദേഷ്യവും വാശിയുമൊക്കെ ഉണ്ടാവുകയുള്ളൂ,,, ഉള്ളുകൊണ്ട് എല്ലാവരും പാവങ്ങളായിരിക്കും... " നിമിഷ വാത്സല്യത്തോടെ അവളുടെ കവിളിലൊന്ന് തലോടി... "കണ്ണിൽ കണ്ടവരോട് വർത്തമാനം പറയാൻ നിൽക്കുവാണോ നീ... നേരം സന്ധ്യയായി വരുന്നുണ്ടോ നീ... " അതുവഴി വന്ന ലത പാറുവിനോട് സംസാരിക്കുന്ന നിമിഷയെ കണ്ട് കയർത്തു... "ദാ വരുന്നമ്മേ... " അവൾ ഉറക്കെ വിളിച്ചു പറഞ്ഞു... അമ്മയിപ്പോൾ എവിടുന്ന് വന്നു... പാറു ചിന്തിക്കാതിരുന്നില്ല... "അമ്മ നേരത്തേ വന്നിരുന്നു... എന്തൊക്കെയോ വഴിപാടുകൾ കഴിക്കാൻ... എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. ഇനിയും നിന്നാൽ ചിലപ്പോഴെന്നെ ശെരിയാക്കും... " ചിരിയോടെ പറഞ്ഞിട്ട് നിമിഷ ലതയുടെ അടുത്തേക്ക് ചെന്നു...തന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ പോവുന്ന ലതയെ കണ്ടവളുടെ നെഞ്ച് വിങ്ങി...

"ഇതിനാണോ നീ ഞാനും അമ്പലത്തിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞത്... " അവർ നെറ്റിച്ചുളിച്ചു കൊണ്ട് ചോദിച്ചു... "കണ്ടപ്പോൾ ജസ്റ്റ്‌ വിശേഷം ചോദിച്ചു വേറൊന്നുമില്ല... " "മ്മ്..എന്നാ ഇനി അങ്ങനെയൊന്നും വേണ്ടാ.. ഞങ്ങൾക്കില്ലാത്ത ഒരു ബന്ധവും നിനക്കും വേണ്ട അവളുമായിട്ട്...അത്രക്ക് ഞങ്ങളെ കണ്ണീര് കുടിപ്പിച്ചിട്ടുണ്ട്.." ഓരോന്നും ആലോചിക്കേ അവരുടെ മുഖം വലിഞ്ഞു മുറുകി... "വർഷമെത്രയായി നിങ്ങളിങ്ങനെ അവളോട് പിണങ്ങി നടക്കാൻ തുടങ്ങിയിട്ട്... അവൾക്കും അവളുടെ ഭാഗം പറയാനൊരു അവസരം കൊടുത്തൂടെ..." നിമിഷ പ്രതീക്ഷയോടെ ലതയുടെ മുഖത്തേക്ക് നോക്കി... "നീയെനിക്ക് മോളെ പോലെയാ... അല്ല മോള് തന്നെയാ... ആ സ്നേഹം നീയായിട്ട് ഇല്ലാതാക്കരുത്..ഇതും പറഞ്ഞു നമ്മൾ തമ്മിലൊരു മുഷിച്ചിൽ വേണ്ടാ.. ..." വളരെ സൗമ്യമായി പറഞ്ഞുകൊണ്ട് ലത മുന്നോട്ട് നടന്നു... "അമ്മക്ക് വിഷമമായെങ്കിൽ സോറി.. ഞാൻ പാറുവിന്റെ സങ്കടം കണ്ടപ്പോൾ അറിയാതെ പറഞ്ഞുപോയതാ... എന്നോട് പിണങ്ങല്ലേ.. " വേഗത്തിൽ നടന്നു പോവുന്ന ലതയുടെ മുന്നിലേക്ക് കയറിനിന്നുകൊണ്ട് നിമിഷ പറഞ്ഞു...

അവളുടെ കണ്ണുകളിലെ സങ്കടം കാണെ അവരുടെ കല്ലിച്ച മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു... "എനിക്ക് പിണക്കമൊന്നുമില്ല...ഇനി അതോർത്ത് വിഷമിക്കേണ്ട..." പറഞ്ഞിട്ടവർ അവളുടെ തലയിലൊന്ന് തഴുകി....നിമിഷയുടെ മുഖത്തും ആ പുഞ്ചിരി പടർന്നു... അവരുടെ കയ്യിൽ പിടിച്ചു കൊണ്ടവൾ വീട്ടിലേക്ക് നടന്നു...ലത അവൾക്ക് അമ്മായിയമ്മ അല്ലായിരുന്നു സ്വന്തം അമ്മ തന്നെയായിരുന്നു... അതുകൊണ്ടാണ് അവരുടെ മുഖമൊന്ന് വാടിയപ്പോൾ അവൾക്കും വിഷമം തോന്നിയത്... എങ്ങനെയും ഇവർ തമ്മിലുള്ള പിണക്കം മാറ്റിയെടുക്കണം എന്നവൾ മനസ്സിലുറപ്പിച്ചു... ****** "ജിത്തേട്ടാ.... " പാറുവിന്റെ വിളികേട്ടതും വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും ജിത്തു തലയുയർത്തി നോക്കി... "കുളി കഴിഞ്ഞായിരുന്നോ... " അവൾ ചോദിച്ചതും അവൻ അതേയെന്ന മട്ടിൽ തലയനക്കി.... കയ്യിലുള്ള ഇലച്ചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത്ത് അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു... "മ്മ് എന്തു പറ്റി മുഖത്ത് വോൾട്ടേജ് കുറവാണല്ലോ... "

പതിവില്ലാതെ അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടവൻ ചോദിച്ചു... "ഒന്നൂല്യ... മറ്റന്ന എപ്പോഴാണ് ട്രെയിൻ എന്നറിഞ്ഞോ... " അവൾ വിഷയം മാറ്റി.. "രാവിലെ പതിനൊന്നു മണിക്ക്... ഒരു പത്തരക്ക് ഇവിടെ നിന്ന് ഇറങ്ങിയാൽ മതിയാവും... " ജിത്തു പുസ്തകം മടക്കി വെച്ച് അവളുടെ അടുത്തേക്ക് വന്നു.. "വാ... " അവൻ അവളേയും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു. . അവിടെയുള്ള നീളൻ വരാന്തയിലേക്ക് അവളെ ഇരുത്തി അടുത്തായി അവനായും ഇരുന്നു.... "ഇനി പറ.. എന്താ എന്റെ കുഞ്ഞിന്റെ വിഷമം... " അവൻ വാത്സല്യത്തോടെ ചോദിച്ചിട്ട് അവളുടെ കൈകൾ പൊതിഞ്ഞു പിടിച്ചു...അവളുടെ മിഴിയിൽ നിന്നൊരു തുള്ളിയടർന്നു അവന്റെ കയ്യിലേക്ക് വീണു... "കരയാൻ മാത്രം എന്താ ഉണ്ടായേ...അമ്മ വഴക്ക് പറഞ്ഞോ...?" അവൾ ഇല്ലെന്ന് തലയനക്കി... "പിന്നെ,,, കാവേരിയുമായിട്ട് പിണങ്ങിയോ...?" അതിനുമവൾ ഇല്ലെന്ന് തലയാട്ടി.... "പിന്നെ... മനുഷ്യനെ ടെൻഷനാക്കാതെ കാര്യം പറ കുഞ്ഞേ..." അവൻ വീണ്ടും ചോദിച്ചതും അവളൊന്ന് തേങ്ങി...

"അമ്മയെ കണ്ടിരുന്നു അമ്പലത്തിൽ വെച്ച്.... എന്നോട് സംസാരിക്കുന്ന നിമിഷേച്ചിയെ കണ്ട് വഴക്ക് പറഞ്ഞു...അറിയാത്തവരോട് സംസാരിക്കേണ്ട എന്ന് പറഞ്ഞു അവിടെ നിന്നും കൊണ്ടുപോയി..." പറഞ്ഞിട്ടവൾ കണ്ണും മൂക്കും ഒരുപോലെ തുടച്ചു... "അയ്യേ.. ഇത്രേയുള്ളൂ കാര്യം...ഇത് പതിവുള്ളതല്ലേ...അതിനിങ്ങനെ വിഷമിച്ചിരുന്നാലോ... എനിക്ക് നിന്നോടുള്ള പിണക്കം മാറിയില്ലേ അത് പോലെ അവരുടേയും മാറും..." ജിത്തു പറഞ്ഞതും അവളുടെ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു... "ഞാനല്ലേ പറയുന്നേ.... നിനക്കെന്നെ വിശ്വാസമില്ലേ... " ചോദിച്ചു കൊണ്ടവൻ അവളുടെ കവിളിലേക്ക് തന്റെ കൈ ചേർത്ത് വെച്ചു.. "മ്മ്... എന്നേക്കാൾ വിശ്വാസമാണ്..."

"എന്നാലാ കണ്ണും മുഖവുമൊക്കെ തുടച്ചേ...കാണുമ്പോൾ തന്നെ എന്റെ നെഞ്ച് നീറുവാ..." അവളൊന്ന് ചിരിച്ചു... അത് കണ്ടതും അവൻ അവിടുന്നെഴുന്നേറ്റ് തന്റെ ലുങ്കിയുടെ തുമ്പ് കൊണ്ട് തന്നെ അവളുടെ മുഖമെല്ലാം തുടച്ചു കൊടുത്തു... "ഇനിയെനിക്കൊരു ചായ ഇട്ടോണ്ട് വാ... നീ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു....ഇനിയിപ്പോ മാസങ്ങൾ കഴിയേണ്ടി വരില്ലേ നിന്റെ കൈകൊണ്ടൊരു ചായ കുടിക്കാൻ..." അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചവൻ പറയവേ അവന്റെ കൈകളെ തട്ടി മാറ്റി ചെറു ചിരിയോടെ ചായയിടാനായവൾതാഴേക്ക് പോയി.............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story