നീയും ഞാനും.. 🧡 ഭാഗം 6

neeyum njanjum shamseena

രചന: ശംസീന

"പാറു ഒന്നവിടെ നിന്നേ... " പഠിപ്പുര കടക്കാനൊരുങ്ങിയവളെ ജിത്തു പിന്നിൽ നിന്നും വിളിച്ചു.. കൂച്ചു വിലങ്ങിട്ടത് പോലെയവളുടെ കാലുകൾ നിശ്ചലമായി.. അവനടുത്തേക്ക് വരുന്നതവൾ അറിയുന്നുണ്ടായിരുന്നു.. ഒരുവേള തിരിഞ്ഞു നോക്കാൻ ഭയപ്പെട്ടു.. ജിത്തു അവളുടെ മുന്നിലായി വന്നു.. എന്നാലവൾ ഒരിക്കൽ പോലും തലയുയർത്തി നോക്കിയില്ല... "നീയെന്തിനാ തല താഴ്ത്തി പിടിച്ചിരിക്കുന്നത്.. തെറ്റ് ചെയ്തവരാണ് തല താഴ്ത്തി നിൽക്കുക.. എന്തേ നീ വല്ല തെറ്റും ചെയ്തിട്ടുണ്ടോ... " കൊള്ളിച്ചു കൊണ്ടുള്ള അവന്റെ സംസാരത്തിൽ പാറു നിന്ന് വിയർത്തു.. "ഞാൻ നിന്നോടാണ് ചോദിക്കുന്നത് പാർവതി.. നീ തെറ്റ് വല്ലതും ചെയ്തിട്ടുണ്ടോ എന്ന്... " വീണ്ടും കടുത്ത സ്വരത്തിൽ തന്നെ ചോദിച്ചു.. "ഞാൻ. അത് പിന്നെ.. " എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി.. കണ്ണുകൾ അപ്പോഴേക്കും കലങ്ങി തുടങ്ങിയിരുന്നു.. "നിന്നെ ഞാൻ ഇന്നും ഇന്നലേയും കാണാൻ തുടങ്ങിയതല്ലല്ലോ.. എനിക്കറിയാം നിന്റെ ഓരോ മാറ്റവും..ഒന്നുമില്ലെങ്കിലും ഞാനൊരു ആധ്യാപകനല്ലേ.. അത് നിനക്ക് ഓർമ വേണം എപ്പോഴും.."

അവനൊന്ന് നിർത്തി അവളെ നോക്കി..ആ തീക്ഷ്‌ണമായ നോട്ടത്തിൽ തടഞ്ഞു വെച്ചിരുന്ന കണ്ണുനീർ പുറത്തേക്കൊഴുകി.. "ഇത് നിന്നെ പോലുള്ള മിക്ക പെൺകുട്ടികൾക്കും ഈ പ്രായത്തിൽ തോന്നുന്നതാണ്.. വെറുമൊരു ഇൻഫെക്റ്റുവേഷൻ.. അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയില്ല..അതുകൊണ്ട് തന്നെ ഇനി മേലിൽ നിന്നിൽ തെറ്റായ രീതിയിലുള്ള ഒരു നോട്ടമോ ചിന്തയോ എന്നിൽ വന്നു പതിക്കരുത് കേട്ടല്ലോ.. വിച്ചു എങ്ങനെയാണോ നിനക്ക് അത് പോലെ തന്നെയാണ് ഞാനും..അങ്ങനെയേ പാടുള്ളൂ..." അവളുടെ ഉള്ളിൽ നിന്നൊരു തേങ്ങൽ പുറത്തേക്ക് വന്നു.. അവനെ നോക്കാതെ സമ്മതമെന്നോണം തലയാട്ടി പഠിപ്പുര കടന്ന് ഓടി.. ആളുകൾ ഒഴിഞ്ഞൊരു സ്ഥലത്തെത്തിയതും കിതച്ചുകൊണ്ടവൾ അവിടെ അണച്ചു നിന്നു.. ജിത്തേട്ടൻ എല്ലാം മനസ്സിലാക്കിയിരിക്കുന്നു.. ഇനി ഇത് ഏട്ടനോടെങ്ങാനും പറഞ്ഞാൽ,,, അതോടെ തീരില്ലേ ഏട്ടന് തന്നോടുള്ള സ്നേഹം... പാടില്ലായിരുന്നു ജിത്തേട്ടനെ താൻ മറ്റൊരു കണ്ണ് കൊണ്ട് കാണാൻ പാടില്ലായിരുന്നു...

ഉള്ളം അലമുറയിട്ടു കൊണ്ടിരുന്നു... ഭയത്താൽ കൈ കാലുകൾ തളർന്നു തുടങ്ങിയിരുന്നു.. എങ്ങനെയൊക്കെയോ വീട്ടിലെത്തി മുറിയടച്ചിരുന്നു.. ഇന്നത്തോടെ ചിലപ്പോൾ എല്ലാം അവസാനിക്കും.. അമ്മയുടേയും ഏട്ടന്റെയും മുഖത്ത് തന്നോടുള്ള വെറുപ്പ് നിറയുന്നത് ആലോചിച്ചപ്പോഴേ അവളുടെ നെഞ്ച് പൊടിഞ്ഞു.. തളർന്നു കൊണ്ടവൾ കട്ടിലിലേക്ക് വീണു.. അമ്മ വന്നു കുറേ തവണ കതകിൽ തട്ടി വിളിച്ചെങ്കിലും തുറക്കാൻ കൂട്ടാക്കിയില്ല..എല്ലാം അവർ അറിഞ്ഞിട്ടുണ്ടാവുമോ എന്ന ഭയം പിറകോട്ട് വലിച്ചു.. വയ്യെന്നും പറഞ്ഞു കിടന്നു.. പിന്നെടൊട്ട് അമ്മ വിളിച്ചതുമില്ല,, അതുമൊരു ആശ്വാസമായി... ചുവരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ സമയം നോക്കി.. ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്.. വിച്ചേട്ടൻ വരാൻ സമയമായി.. ഒമ്പതര കഴിഞ്ഞിട്ടും വിച്ചു വരാതിരുന്നത് അവളിൽ ആശങ്ക നിറച്ചു.. കിടന്നിടത്ത് നിന്നും എഴുന്നേറ്റ് ക്രമാതീതമായ ഹൃദയമിടിപ്പോടെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... മണി പത്താവാറായതും വിച്ചുവിന്റെ ബൈക്കിന്റെ സൗണ്ട് പാറു കേട്ടു..

ജനലിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കണ്ടു വിച്ചുവിനെ വീടിനു മുന്നിൽ ഇറക്കി തിരിച്ചു പോകുന്ന ജിത്തുവിനെ.. അവനെ കണ്ടതും ഇത്രയും നേരം ഉള്ളിൽ കെട്ടി കിടന്നിരുന്ന നൊമ്പരം കണ്ണുനീരായി പുറത്തേക്ക് പ്രവഹിച്ചു... തിരികെ കട്ടിലിൽ തന്നെ വന്നു കിടന്നു.. ഏത് നിമിഷവും വിച്ചുവിന്റെ വിളിയും പ്രതീക്ഷിച്ച്... പുറത്ത് നിന്നും കേൾക്കുന്ന അമ്മയുടെയും വിചുവിന്റെയും സംഭാഷണം കാതോർത്തവൾ കിടന്നു.. പാറു എവിടെ എന്ന് വിച്ചു ചോദിച്ചപ്പോൾ അവൾക്ക് വയ്യ എന്നും നേരത്തെ കിടന്നെന്നും അമ്മ പറയുന്നത് കേട്ടു.. വിളിക്കാൻ തുനിഞ്ഞ അവനെ അമ്മ തന്നെ തടഞ്ഞു അത്താഴം കഴിക്കാൻ കൊണ്ടുപോയി.. അവളിൽ ആശ്വാസത്തിന്റെ തണുപ്പ് പടർന്നു.. ഇനി വിച്ചു അറിഞ്ഞിട്ടുണ്ടെങ്കിലും അതേ പറ്റി ഇപ്പോഴൊന്നും ചോദിക്കില്ല എന്ന ആശ്വാസത്തിലവൾ കണ്ണുകൾ ഇറുകെ മൂടി.. ഉറഞ്ഞു കൂടിയിരുന്ന കണ്ണുനീർ മിഴികോണിലൂടെ ഒഴുകി മുടി ചുരുളിൽ പോയൊളിച്ചു... **** പിറ്റേന്ന് വാതിലിൽ തുടരെ തുടരെ തട്ടുന്ന ശബ്‍ദം കേട്ടാണ് പാറു ഉറക്കം വിട്ടെഴുന്നേറ്റത്...

കരഞ്ഞു തളർന്നൊടുവിൽ രാത്രി എപ്പോഴോ ഉറങ്ങി പോയിരുന്നു.. ബെഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ശരീരമെല്ലാം വല്ലാത്ത വേദന.. തല പൊട്ടി പിളരുന്ന പോലെ.. കട്ടിലിൽ കൈ ഊന്നി പതിയെ എഴുന്നേറ്റ് വേച്ചു വേച്ചു നടന്നു ചെന്ന് വാതിൽ തുറന്നു.. വാടി തളർന്നു തന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടതും വിച്ചു അവളെ ചേർത്ത് പിടിച്ചു... "എന്തുപറ്റിയെടാ ഏട്ടന്റെ കുട്ടിക്ക്... " തലയിൽ തഴുകി വാത്സല്യത്തോടെ ചോദിച്ചു.. മറുപടിയൊന്നും പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരി.. പാറുവിന്റെ നെറ്റിയിൽ കൈവെച്ചു നോക്കിയ വിച്ചു പെട്ടന്ന് കൈ പിൻവലിച്ചു.. "പൊള്ളുന്ന പനിയാണല്ലോ ഈശ്വരാ.. " വിച്ചു അവളെ അവിടെയുള്ള സോഫയിലേക്കിരുത്തി അമ്മയെ വിളിച്ചു.. അപ്പോഴേക്കും പാറുവിന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു.. "വിച്ചു..മോൾക്ക് ഒട്ടും വയ്യെന്ന് തോന്നുന്നു.. നമുക്കുടനെ ആശുപത്രിയിൽ എത്തിക്കാം.." മയങ്ങി തന്റെ തോളിലേക്ക് വീണ പാറുവിനെ ചേർത്ത് പിടിച്ചുകൊണ്ടവർ പറഞ്ഞു.. വാടി തളർന്നു കിടക്കുന്ന തന്റെ മകളെ കണ്ട് അവരുടെ ഉള്ളിലും ആധിയേറിയിരുന്നു.. അമ്മ പറഞ്ഞപ്പോഴേക്കും വിച്ചു അവളെയൊന്ന് നോക്കി പുറത്തേക്കിറങ്ങി.. ഉടനെ ഒരു ഓട്ടോയുമായി തിരികെ വന്നു..

വിച്ചു തന്നെ അവളെ കൈകളിൽ കോരിയെടുത്തു ഓട്ടോയിൽ കയറി.. പിറകെ അമ്മയും... ഹോസ്പിറ്റലിൽ എത്തിയതും വീൽ ചെയറിൽ ഇരുത്തി ക്യാഷ്വലിറ്റിയിലേക്ക് എത്തിച്ചു... അവരെ പുറത്ത് നിർത്തികൊണ്ട് നഴ്സുമാർ അവളുമായി അകത്തേക്ക് പ്രവേശിച്ചു.. വിച്ചു ജിത്തുവിനെ വിളിച്ചു കുറച്ച് പണവുമായി ഉടനെ ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.. ജിത്തു പണവുമായി വന്നതും വിച്ചു കാര്യങ്ങളെല്ലാം ധരിപ്പിച്ചു.. അന്നേരം തന്റെ മുന്നിൽ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിൽക്കുന്ന പാറുവിന്റെ മുഖം അവന്റെ ഉള്ളിലൂടെ മിന്നിമാഞ്ഞു..ഒരുവേള അവളോട് അത്രയും കടുത്ത ഭാഷയിൽ സംസാരിച്ചതിന് കുറ്റബോധം തോന്നി... അല്പ സമയം കഴിഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നു.. "ഡോക്ടർ മോൾക്ക്... " അദ്ദേഹത്തെ കണ്ടതും വിച്ചു അടുത്തേക്ക് ചെന്നു.. "പാർവതിയുടെ.. " "ചേട്ടനാണ്.. " ഡോക്ടർ സംശയത്തോടെ ചോദിച്ചതും അവൻ പറഞ്ഞു.. "പേടിക്കാനൊന്നുമില്ലെടോ..പെട്ടന്ന് പനി കൂടിയതിന്റെയാണ്..ബോധം വന്നിട്ടുണ്ട്.. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്..

അത് കഴിഞ്ഞാൽ പോവാം.." ചിരിയോടെ പറഞ്ഞിട്ടയാൾ അവന്റെ തോളിലൊന്ന് തട്ടി.. "കുട്ടിക്ക് എന്തോ ടെൻഷൻ ഉണ്ട്... ഞാൻ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല.. നിങ്ങൾ ആരെങ്കിലും അത് എന്താണെന്ന് ചോദിച്ചു അതിനുള്ള സോലൂഷൻ കാണൂ... " പോകാനൊരുങ്ങിയ ഡോക്ടർ തിരിഞ്ഞുനിന്ന് വിച്ചുവിനെ ഓർമിപ്പിച്ചു... വിച്ചു അതിന് മറുപടിയെന്നോണം ഒന്ന് മൂളി..... "മോളെ ഒന്ന് കാണാൻ.. " "കയറി കണ്ടോളൂ.. അധികം സ്‌ട്രെസ് കൊടുക്കേണ്ട.. " അമ്മ ചോദിച്ചപ്പോൾ അത്രയും പറഞ്ഞുകൊണ്ടയാൾ നടന്നു നീങ്ങി.. വിച്ചു ക്യാഷ്വലിറ്റിയിലേക്ക് കയറിയതും ജിത്തുവും അമ്മയെ ചേർത്ത് പിടിച്ചു അതിനകത്തേക്ക് കടന്നു.. ഇന്നലെ താൻ അത്രയും രൂക്ഷമായി സംസാരിച്ചതാണ് പാറുവിന് പനി വരാനുള്ള കാരണമെന്ന് അവനപ്പോഴേക്കും മനസ്സിലായിരുന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story