നീയും ഞാനും.. 🧡 ഭാഗം 60

neeyum njanjum shamseena

രചന: ശംസീന

"തല ശെരിക്ക് തുടച്ചില്ലേ... ഇങ്ങോട്ട് തന്നേ... " വിച്ചുവിന്റെ കയ്യിലുണ്ടായിരുന്ന തോർത്ത്‌ വാങ്ങി നിമിഷ അവന്റെ തല നല്ലത് പോലെ തോർത്തി കൊടുത്തു... "മതിയെടി... നീയെന്റെ തലയുടെ പരിപ്പെടുക്കുമെന്നാ തോന്നുന്നേ... " വിച്ചു പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു... അവന്റെ തലയിൽ നിന്നും തോർത്ത്‌ മാറ്റി തോളിലേക്കിട്ട് മുടി മാടിയൊതുക്കി... "ഇവിടെ വെള്ളവും സൗകര്യങ്ങളുമൊക്കെയുള്ളപ്പോൾ ഈ പാതിരാത്രി ആ കുളത്തിൽ പോയി ചാടേണ്ട വല്ല ആവശ്യവും ഉണ്ടോ തനിക്ക്..." അവൾ നേർത്ത പരിഭവത്തോടെ പറഞ്ഞു... "കുഞ്ഞിലേ മുതലുള്ള ശീലമാ.. അത്രപെട്ടന്നൊന്നും വേണ്ടെന്ന് വെക്കാൻ കഴിയില്ല..." അവൻ ഉമ്മറത്തു നിന്നും അകത്തേക്ക് കയറി... "അന്നൊക്കെ ജിത്തുവും ഉണ്ടായിരുന്നിരിക്കണമല്ലോ കൂടെ... ഇപ്പൊ ആൾ കൂടെ ഇല്ലല്ലോ... അതുകൊണ്ട് ഈ ശീലവും വേണ്ടെന്ന് വെച്ചൂടെ... " അതിനവൻ മറുപടി പറഞ്ഞില്ല പകരമൊന്ന് ചിരിച്ചു... "താൻ ചോറെടുത്ത് വെക്ക്... നല്ല വിശപ്പുണ്ട്... "

അവൻ മുടിയൊന്ന് കുടഞ്ഞ് മുറിയിലേക്ക് കയറി ഒരു സ്ലീവ്ലെസ്സ് ബനിയൻ എടുത്തിട്ടു... നിമിഷ അപ്പോഴേക്കും ചോറെടുത്ത് വെച്ചിരുന്നു... അവൻ വന്നതും ഇരുവരും ഒരുമിച്ച് കഴിക്കാനിരുന്നു.... "അമ്മ കഴിച്ചോ... " കറി ചോറിലേക്ക് ഒഴിച്ചുകൊണ്ടവൻ തിരക്കി... "മ്മ്... വയ്യെന്ന് പറഞ്ഞിട്ട് നേരത്തേ കിടന്നു... " "ഈയിടെയായി അമ്മക്ക്‌ നല്ല ക്ഷീണമുണ്ട്.. നാളെ എന്തായാലും ഡോക്ടറുടെ അടുത്തൊന്ന് കൊണ്ടുപോയേക്കാം..." അവൻ കഴിപ്പ് തുടർന്നു... "വിച്ചു ഞാൻ ചോദിച്ചതിന് ഉത്തരം തന്നില്ല..." അവർ മാത്രമുള്ളപ്പോൾ വിച്ചുവെന്നും അല്ലാത്തപ്പോൾ വൈശാഖ് എന്നുമാണ് അവൾ വിളിച്ചിരുന്നത്... പേരിനൊപ്പം ഏട്ടനെന്ന് കൂട്ടിചേർത്ത് വിളിക്കുന്നതിനോട് രണ്ടുപേർക്കും താല്പര്യമുണ്ടായിരുന്നില്ല... "തനിക്കെന്താ അറിയേണ്ടത്... ജിത്തുവിനെ കുറിച്ചല്ലേ.. ഞാനിപ്പോ അതിനെ കുറിച്ചൊന്നും ചിന്തിക്കാറ് കൂടിയില്ല.. വെറുതെയെന്തിനാ ഓരോന്ന് ആലോചിച്ചു നമ്മുടെ ബിപി കൂട്ടുന്നേ... " വിച്ചു വളരെ ലാഘവത്തോടെയായിരുന്നു പറഞ്ഞത്...

എന്നാലും അവന്റെയുള്ളിലെ വേദനയുടെ ആഴം അവൾക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയുമായിരുന്നു... "ആ വിഷയം വിട്ടേക്ക് നിമ്മി... എനിക്കതിനെ കുറിച്ച് കേൾക്കാനോ സംസാരിക്കാനോ താല്പര്യമില്ല... " അവന്റെ മുഖം ചുളിഞ്ഞു.. "ഞാനിന്ന് പാറുവിനെ കണ്ടിരുന്നു അമ്പലത്തിൽ വെച്ച്... പാവം അവൾക്ക് നല്ല വിഷമമുണ്ട് വിച്ചുവും അമ്മയും മിണ്ടാത്തതിൽ..." അവളുടെ കാര്യം നിമിഷ പറഞ്ഞു തുടങ്ങിയതും വിച്ചു കഴിപ്പ് മതിയാക്കി എഴുന്നേറ്റ് കൈ കഴുകി... "ഞങ്ങൾക്ക് വിഷമം ഇല്ലെന്നാണോ താൻ പറയുന്നത്...." കൈ ടർക്കിയിൽ തുടച്ചുകൊണ്ട് കടുപ്പിച്ചവൻ ചോദിച്ചു... "ഞാനങ്ങനെയല്ല പറഞ്ഞത് വിച്ചു...പ്രായത്തിന്റെ പക്വതയില്ലായ്മയിൽ അവൾക്കൊരു തെറ്റ് സംഭവിച്ചു... അത് തിരുത്തി താനും അമ്മയും ചൂണ്ടിക്കാണിച്ച പയ്യനെ വിവാഹം കഴിക്കാൻ തയ്യാറായതല്ലേ അവളും... പിന്നീട് നടന്നതൊക്കെ തികച്ചും യാദൃശ്ചികമായ കാര്യങ്ങളല്ലേ... അതിലവളെ തെറ്റ് പറയാനൊക്കുവോ... നിങ്ങളവളെ കയ്യൊഴിഞ്ഞപ്പോൾ ടീച്ചറിന്റെയും ജിത്തുവിന്റെയും കൂടെ പോവുക എന്നല്ലാതെ മറ്റൊരു മാർഗവും അവൾക്കുണ്ടായിരുന്നില്ല...

വെറുതെ ചെയ്യാത്ത തെറ്റിന്റെ പേരിൽ അവളെയിങ്ങനെ ശിക്ഷിക്കണോ.. നടന്നതെന്താണെന്ന് രാജിയേച്ചി നിങ്ങളോട് വന്നു പറഞ്ഞതല്ലേ... ഇനിയും ആ പാവത്തിനെ വേദനിപ്പിക്കുക എന്ന് വെച്ചാ വല്ലാത്ത കഷ്ടമാണ്..." അത്രയും പറഞ്ഞിട്ട് നിമിഷ കഴിച്ച പാത്രങ്ങളുമെടുത്ത് അടുക്കളയിലേക്ക് നടന്നു... നിമിഷ പറഞ്ഞതൊക്കെയും അവന്റെ മനസ്സിലിങ്ങനെ കിടന്ന് പുകഞ്ഞു കൊണ്ടിരുന്നു... അവൻ ഉമ്മറത്തുള്ള തിണ്ണയിൽ വന്നിരുന്നു... പണ്ടൊക്കെ ഇവിടിങ്ങനെ വന്നിരിക്കുമ്പോൾ പാറുവും ഉണ്ടാവും കൂടെ... തന്റെ മടിയിലേക്ക് തലവെച്ചു കിടന്ന് അന്നത്തെ ഓരോ വിശേഷങ്ങളും ഒന്ന് വിടാതെ അവൾ തന്നെ പറഞ്ഞു കേൾപ്പിക്കും... എത്രയോ സന്തോഷമുള്ള നാളുകളായിരുന്നു അതൊക്കെ.. ഇപ്പൊ അവളോ അവളുടെ ഓർമ്മകളോ ഒന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ല... ഓരോന്നും ഓർക്കേ അവന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു... ലുങ്കിയുടെ മടക്കിൽ നിന്നും ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു... അതിൽ പാറുവുമൊത്തുള്ള ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു..

അവനോരോന്നും എടുത്ത് നോക്കിക്കൊണ്ടിരുന്നു... അവളുടെ മുഖത്തെ പുഞ്ചിരി അതായിരുന്നു തന്റെ സന്തോഷം ഇക്കാലമത്രയും കഷ്ടപ്പെട്ടതും ജീവിച്ചതും അതിന് വേണ്ടി തന്നെയായിരുന്നു... പക്ഷേ എപ്പോഴൊക്കെയോ അവളുടെ കണ്ണുനീരിന് താനും കാരണമായിട്ടുണ്ട്... അമ്മയുടെ വാശിക്കൊപ്പം നിൽക്കേണ്ടി വന്നിട്ടുണ്ട്... ഇടക്ക് അവനും കൂടെ പാറുവും ജിത്തുവും നിൽക്കുന്ന ഫോട്ടോ കണ്ടതും അവന്റെ കണ്ണുകൾ ഈറനണിഞ്ഞു... ഒരു ഓണത്തിന് എടുത്ത ചിത്രമായിരുന്നത്...തങ്ങളുടെ നടുക്ക് കുറുമ്പ് കാട്ടി നിൽക്കുന്ന പാറു... തന്റെ ഫോണിലെ ഏറ്റവും മനോഹരമായ ചിത്രം... അവൻ വെറുതെ ആ ഫോട്ടോയിലൂടെ വിരലുകളോടിച്ചു.. "ആഹാ...എന്നോടങ്ങനെയൊക്കെ പറഞ്ഞിട്ട് വിച്ചു അവരുടെ ഫോട്ടോയും നോക്കിയിരിക്കുവാണോ..." അവൾ അവന്റെ കയ്യിലുള്ള ഫോൺ വാങ്ങി നോക്കി... "ഇതാണല്ലേ ജിത്തു...കേട്ടിട്ടേയുള്ളൂ ഇത് വരെ കാണാൻ പറ്റിയിട്ടില്ല..." പറഞ്ഞിട്ടവൾ ഫോൺ അവന്റെ കയ്യിലേക്ക് തന്നെ കൊടുത്തു... "ഞാൻ പറഞ്ഞത് ആലോചിച്ചു വിഷമിച്ചിരിക്കുകയാണോ വിച്ചു...

ഞാൻ പെട്ടന്നെന്റെ സങ്കടം കൊണ്ട് പറഞ്ഞതാ...പാറുവിനെ അമ്പലത്തിൽ വെച്ച് അമ്മയും കണ്ടിരുന്നു... ഞാനവളോട് സംസാരിക്കുന്നത് കണ്ട് അമ്മക്കെന്നോട് നീരസം തോന്നി...അവൾ ഏട്ടത്തിയമ്മേ എന്നും വിളിച്ചു അടുത്തേക്ക് വന്നപ്പോ എങ്ങനെയാ സംസാരിക്കാണ്ടിരിക്കാ അതുകൊണ്ടാ ഞാൻ... വിച്ചുവിന് ഇഷ്ടമില്ലെങ്കിൽ ഇനി ഞാൻ അവളെ കണ്ടാൽ പോലും മിണ്ടില്ല......" നിമിഷ അവന്റെ തോളിലേക്ക് ചാഞ്ഞു... "അതൊന്നും വേണ്ടടോ...ഒരു കണക്കിന് നോക്കുവായിരുന്നേൽ അമ്മയുടെ എടുത്ത് ചാട്ടവും വാശിയുമായിരുന്നു എല്ലാത്തിനും കാരണം.... ഇനി ഞാൻ കൂടെ ഓരോന്ന് പറഞ്ഞു അമ്മയെ വിഷമിപ്പിക്കേണ്ട എന്ത് കരുതിയാണ് അമ്മ ചെയ്യുന്നതിനെല്ലാം നേരെ കണ്ണടച്ചത്... അമ്മ അത്രക്കും ഞങ്ങളെ വളർത്താൻ വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്... അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോവുമ്പോൾ അവൾക്ക് വെറും ഒന്നര വയസ്സ് മാത്രമാണ് പ്രായം... അന്ന് തൊട്ട് അവൾ ഈ വീടിന്റെ പടിയിറങ്ങുന്ന നിമിഷം വരെ ഈ നെഞ്ചിൽ കിടന്നാ അവൾ വളർന്നത്...

അത്രപെട്ടന്നൊന്നും എനിക്കവളെ ഉപേക്ഷിക്കാൻ കഴിയില്ല...ഒരു കൂടപ്പിറപ്പ് മാത്രമായിരുന്നില്ല അവളെനിക്ക് എന്റെ മകൾ കൂടിയായിരുന്നു...." അവൻ വിതുമ്പലോടെ പറഞ്ഞു... "അവളും ജിത്തുവും തമ്മിലുള്ള ഫോട്ടോസ് കണ്ട നിമിഷം തകർന്നത് എന്റെ നെഞ്ചായിരുന്നു...ജിത്തു അങ്ങനെയൊരു കാര്യം ചെയ്യില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു... പക്ഷേ പാറു... ഞാൻ ആരുടെ കൂടെ നിൽക്കും... ഒരു ഭാഗത്ത് അമ്മയും മറു ഭാഗത്ത് കൂടപ്പിറപ്പും.....എന്ത് കൊണ്ടും ആ സാഹചര്യത്തിൽ അവൾ ജിത്തുവിന്റെ കൂടെ പോവുന്നതാണ് നല്ലതെന്നെനിക്കും തോന്നി... ആര് കൈ വിട്ടാലും അവൻ അവളെ തള്ളിക്കളയില്ലെന്ന് എനിക്കുറപ്പായിരുന്നു... അവൾ പോയി കഴിഞ്ഞ് പ്രശ്നങ്ങളുടെ ചൂടവസാനിക്കുമ്പോൾ പതിയെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാമെന്ന് കരുതി... പക്ഷേ അമ്മ അമ്പിനും വില്ലിനും അടുക്കുന്നുണ്ടായിരുന്നില്ല.. അന്ന് രാത്രി അവളെ തിരിച്ചു കൊണ്ടുവരാൻ ഞാൻ ഇറങ്ങിയതായിരുന്നു പക്ഷേ അമ്മയവിടെ തടസ്സം നിന്നു... അവളെ ഇനി ഇങ്ങോട്ട് കൊണ്ട് വന്നാൽ അമ്മ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു...അമ്മയെ കൂടെ നഷ്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഈ വാശിയുടെയും വെറുപ്പിന്റെയും മുഖം മൂടി എടുത്തണിഞ്ഞത്...

അല്ലാതെ എനിക്ക് ജിത്തുവിനോടോ പാറുവിനോടോ യാതൊരു ദേഷ്യവുമില്ല... ജിത്തു എന്നോട് സംസാരിക്കാൻ വന്ന അവസരങ്ങളിലൊക്കെ അവനെ ഞാൻ വേദനയോടെയാണെങ്കിലും ആട്ടിയകറ്റിയിട്ടുണ്ട് എന്റെ മുന്നിലേക്കിനി വരരുതെന്ന് പോലും പറഞ്ഞിട്ടുണ്ട്...അതിനെല്ലാം ഈശ്വരന്റെ മുന്നിൽ പശ്ചാതപിച്ചു നിന്നിട്ടേയുള്ളൂ ഞാൻ ഇന്നീ നിമിഷം വരെ.... " കരച്ചിലിനിടയിലും അവൻ പറഞ്ഞുകൊണ്ടിരുന്നു... "വിച്ചു...കരയല്ലെടോ...എനിക്കിതൊന്നും അറിയില്ലായിരുന്നു..." നിമിഷയുടെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു... "താനും കരയുവാണോ.. പറഞ്ഞു വന്നപ്പോ പിടിവിട്ടുപോയി അതാ.." അവളെ നോക്കി ചോദിച്ചിട്ടവൻ പെട്ടന്ന് തന്നെ കണ്ണും മുഖവും തുടച്ചു നേരെയിരുന്നു... "തെറ്റുകൾ തിരുത്തി അവളെ ചേർത്ത് പിടിക്കാൻ ഇനിയും വൈകിയിട്ടില്ല വിച്ചു...

ജീവിതത്തിൽ എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും നിങ്ങളില്ലായ്മ അവളിൽ വല്ലാത്ത ശൂന്യത തന്നെയായിരിക്കും... അവളെ ഇനിയുമിങ്ങനെ അകറ്റി നിർത്തണോ..." ചോദിച്ചുകൊണ്ട് നിമിഷ അവന്റെ തോളിൽ കൈകളമർത്തി... "എനിക്കും തോന്നുന്നുണ്ട് നിമ്മി അത്... പക്ഷേ അമ്മ...അമ്മയെ കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ എന്റെ മനസ്സിലെ ആഗ്രഹം അടക്കി വെക്കും.. പാറുവും ജിത്തുവും എന്റെ ആരുമല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.." ഇടറുന്ന വാക്കുകളോടെ അവൻ പറഞ്ഞു നിർത്തി... "അമ്മയെ നമുക്ക് സാവധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം...താനാദ്യം ജിത്തുവിനേയും പാറുവിനേയും കണ്ട് സംസാരിക്കാൻ നോക്ക്..." അവൾ പറയവേ അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു... "നമുക്ക് കിടന്നാലോ... സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല... " ആ സംഭാഷണത്തിന് അവിടെ വിരാമമിട്ടു കൊണ്ട് വിച്ചു അവളുമായി മുറിയിലേക്ക് നടന്നു............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story