നീയും ഞാനും.. 🧡 ഭാഗം 61

neeyum njanjum shamseena

രചന: ശംസീന

"ടീച്ചറമ്മ ഇതെങ്ങോട്ടാ ബാഗൊക്കെ പാക്ക് ചെയ്ത്... " പുറത്തൊന്നും ആരേയും കാണാതെ വന്നപ്പോൾ ടീച്ചറുടെ മുറിയിലേക്ക്‌ വന്ന പാറു ഡ്രെസ്സുകളും മറ്റും ബാഗിൽ നിറക്കുന്ന ടീച്ചറെ കണ്ട് ചോദിച്ചു... "ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ട്...ജ്യോതിയേയും കൊച്ചിനേയുമൊക്കെ കണ്ടിട്ട് നാളൊത്തിരിയായില്ലേ... ഇങ്ങോട്ടൊന്ന് വരാൻ പറഞ്ഞാൽ അവളൊട്ട് കേൾക്കത്തുമില്ല..." അവരൊരു ദീർഘ നിശ്വാസം വിട്ടു... "ചേച്ചിക്കിപ്പോ ഓഫീസിൽ വർക്ക്‌ ലോഡ് കൂടുതലാണ് പോരെങ്കിൽ അച്ചുമോൾ നഴ്സറിയിലും പോകുന്നുണ്ടല്ലോ... അതുകൊണ്ടായിരിക്കും വരാൻ മടിക്കുന്നത്..." ടീച്ചർ കട്ടിലിൽ എടുത്ത് വെച്ച സാധനങ്ങളോരോന്നും അവളെടുത്ത് ബാഗിലേക്ക് വെച്ചു.. "നീയൊക്കെ പാക്ക് ചെയ്‌തോ... " അടുത്തിരുന്ന് മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന കാവേരി ചോദിച്ചു... "ഞാനത് മറന്നു... ഇനിയിപ്പോ കുറച്ചു കഴിഞ്ഞ് ചെയ്യാം..." പാറു നിസ്സാരമട്ടിൽ പറഞ്ഞു... "മ്മ് എന്നിട്ട് സ്റ്റേഷനിൽ എത്തുമ്പോ അതെടുത്തില്ല ഇതെടുത്തില്ലായെന്ന് പറയാൻ നിൽക്കരുത്..." കാവേരി ഓർമപ്പെടുത്തി...

"അതും ശെരിയാ..ഞാനെന്നാലേ അങ്ങോട്ട് ചെല്ലട്ടെ..." പാറു മുറിയിലേക്ക് നടന്നു... ഷെൽഫിൽ നിന്നും അത്യാവശ്യം വേണ്ട സാധനങ്ങളെടുത്ത് ബാഗിലേക്ക് കുത്തി നിറച്ചു... കോളേജിൽ നിന്നും വന്നു കുളികഴിഞ്ഞിറങ്ങിയ ജിത്തു കാണുന്നത് ഈ കാഴ്ചയാണ്... തലയുയർത്തി പാറു അവനെയൊന്ന് നോക്കി...അവനൊന്നും മിണ്ടിയില്ല തലയും തുടച്ച് ഒരു ടീ ഷർട്ടും എടുത്തിട്ട് കട്ടിലിലേക്കിരുന്നു.... എല്ലാം ഒരുക്കി കഴിഞ്ഞതും അവൾ സങ്കടത്തോടെ അവന്റെ മടിയിൽ വന്നിരുന്നു... നോക്കിക്കൊണ്ടിരുന്ന മൊബൈൽ ടേബിളിലേക്ക് വെച്ച് അവളുടെ അരയിലൂടെ വട്ടം ചുറ്റി പിടിച്ചു... "ഇനി നമ്മളെന്നാ കാണാ ജിത്തേട്ടാ... " പരിഭവത്തോടെ ചോദിച്ചിട്ടവൾ മുഖം അവന്റെ തോളിലേക്ക് അമർത്തി വെച്ചു... "ഇനി ഏറിപ്പോയാൽ ഒന്നര വർഷം അത്രയല്ലേയുള്ളൂ... അതിനിടയിൽ എത്രയോ അവധി വരുന്നുണ്ട്... അപ്പോഴൊക്കെ നമുക്ക് കാണാമല്ലോ... ഇത് പോലെ ചേർന്നിരിക്കാമല്ലോ... പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നപോലെ കാത്തിരുന്നു കാത്തിരുന്നു കിട്ടുന്ന പ്രണയത്തിന് മധുരവും ആവേശവും കൂടും...

അതറിയാമോ നിനക്ക്..." ചിരിയോടെ പറഞ്ഞിട്ടവൻ അവളിലുള്ള പിടിമുറുക്കി... "ഈ ജിത്തേട്ടന് ഞാൻ പോവുന്നതിൽ ഒരു വിഷമവുമില്ല..." തോളിൽ നിന്നും മുഖമുയർത്തി അവനെ നോക്കി ചുണ്ടുകൾ കൂർപ്പിച്ചു... "ആര് പറഞ്ഞു വിഷമമില്ലെന്ന്.. മ്മ്... ഞാൻ പോവേണ്ടാ എന്ന് പറഞ്ഞാൽ നീ പോവാതിരിക്കുമോ ഇല്ലല്ലോ..." അവനും കണ്ണുകൾ കൂർപ്പിച്ചവളെ നോക്കി... "ജിത്തേട്ടൻ പോവേണ്ടാ എന്ന് പറയുന്ന നിമിഷം ഞാനീ പാക്ക് ചെയ്തതെല്ലാം അതുപോലെ തിരിച്ചെടുത്തു വെക്കും... പിന്നെ ജിത്തേട്ടൻ പറയാതെ ജിത്തേട്ടനെ വിട്ട് ഞാൻ പോവില്ല..." "അങ്ങനെയാണോ...?" ചോദിക്കുന്നതിനൊപ്പം ജിത്തു അവളെ തിരിച്ചിരുത്തി... അവളുടെ പുറം മേനി അവന്റെ നെഞ്ചിലമർന്നു... ഇടുപ്പിലുള്ള അവന്റെ പിടുത്തം മുറുകി... പുറം മേനിയിൽ വിടർന്നു കിടക്കുന്ന മുടിയിഴകളെ തോളിനൊരു വശത്തൂടെ മുന്നിലേക്കിട്ടു... അവളുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി... "എന്നാലേ എന്റെ കുഞ്ഞൻ ഞാൻ പറയുന്നത് വരെ എന്നെ വിട്ട് എവിടേക്കും പോവേണ്ടാ... "

പറയുന്നതിനൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തിലൂടെ ഉരസി മാറി.. അവളൊന്ന് പുളഞ്ഞു പോയി... അവൻ പറഞ്ഞത് വിശ്വാസം വരാത്തത് പോലെ അവൾ മുഖം തിരിച്ചവനെ നോക്കി... "സത്യമാടോ... രണ്ടാഴ്ച നമുക്ക് എല്ലാം മറന്നൊന്ന് പ്രണയിക്കാം... എന്താ സമ്മതമല്ലേ..." വീണ്ടും കാതരികിൽ ചുണ്ടുകൾ ചേർത്ത് ചോദിക്കേ അവൾ നാണത്താൽ പുഞ്ചിരി പൊഴിച്ചു... "അയ്യോ അപ്പൊ എന്റെ ക്ലാസ്സ്‌... " അവളൊരു ഞെട്ടലോടെ ചോദിച്ചു... "അതൊന്നും ഓർത്ത് ഈ കുഞ്ഞിത്തല പുകക്കേണ്ടാ...ഞാൻ കിരണിനോട് വിളിച്ചെല്ലാം റെഡിയാക്കിയിട്ടുണ്ട്.. അവളുടെ തലയിൽ അമർത്തിക്കൊണ്ടവൻ പറഞ്ഞു... "അല്ല ജിത്തേട്ടാ ഇതെന്താപ്പോ ഇങ്ങനൊരു തോന്നൽ... ഇന്നലെ വരെ ഇതൊന്നും അല്ലായിരുന്നല്ലോ പറഞ്ഞത്... നിന്റെ പഠിത്തമൊക്കെ കഴിയട്ടെ ബാക്കി കാര്യങ്ങളൊക്കെ അത് കഴിഞ്ഞ് എന്നൊക്കെയാണല്ലോ..." അവളൊരു കുറുമ്പോടെ ചോദിച്ചു... "അതൊക്കെ ശെരി തന്നെ... എന്നാലും നിന്റെ കൂടെ നിന്ന് നിന്നെ സ്നേഹിച്ചു മതിയായില്ല കുഞ്ഞാ...

ഇനിയിപ്പോ ഒന്നര വർഷം കഴിയേണ്ടേ ഇതുപോലൊന്ന് അടുത്ത് കിട്ടണമെങ്കിൽ... അപ്പൊ അത് വരേയ്ക്കും ഓർത്തുവെക്കാൻ നമ്മുക്കും എന്തെകിലുമൊക്കെ വേണ്ടേ.." പ്രണയം നിറച്ചവൻ പറയവേ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... "ഇങ്ങനെ ചുവന്നു തുടുത്ത് എന്റെ മുന്നിൽ ഇരിക്കല്ലെട്ടോ... നാളത്തേക്ക് മാറ്റിവെച്ച ഫസ്റ്റ് നൈറ്റ്‌ ചിലപ്പോ ഇപ്പോൾ തന്നെ നടന്നെന്ന് വരും... " അവൻ പറഞ്ഞതും പാറു അവനെ തള്ളിമാറ്റി എഴുന്നേറ്റു... "പോയി പോയി ജിത്തേട്ടന് ഒരു നാണവുമില്ല... എപ്പോഴും വഷളത്തരം മാത്രമേ പറയൂ..." "ഇതൊക്കെയെന്ത്... എന്റെ വഷളത്തരം മോളെന്താന്ന് കാണാൻ കിടക്കുന്നല്ലേയുള്ളൂ.. " അവൻ പ്രണയം തുളുമ്പുന്ന ചിരിയോടെ അവളെ നോക്കി തന്റെ മീശയൊന്ന് പിരിച്ചു... അത് കാണാവേ വീണ്ടും പാറുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പ് പടർന്നു... അതവനിൽ നിന്നും ഒളിപ്പിച്ചു മുറിയിൽ നിന്നും പുറത്തേക്ക് നടക്കാനൊരുങ്ങവേ ജിത്തു അവളെ വലിച്ചു തന്റെ മടിയിലേക്ക്‌ ഇരുത്തിയിരുന്നു... "ജിത്തേട്ടാ... " അവളൊന്ന് ചിണുങ്ങി...

അതേ നിമിഷം തന്നെ അവൻ അവളുടെ അധരങ്ങളെ കവർന്നെടുത്തിരുന്നു... പതിയെ തുടങ്ങിയ ചുംബനം അതിന്റെ തീവ്രതയിലേക്കെത്താൻ അധികം സമയം വേണ്ടി വന്നില്ല.... ഏറെ നേരത്തിനു ശേഷം കിതപ്പോടെ ഇരുവരും അകന്നു മാറി... പാറു ചമ്മൽ മറക്കാൻ വേണ്ടി അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു... നിറഞ്ഞ പുഞ്ചിരിയോടെ ജിത്തു അവളെ ചേർത്ത് പിടിച്ചു... ***** ജിത്തു അമ്മയേയും കാവേരിയെയും സ്റ്റേഷനിൽ കൊണ്ടു വിട്ട് നേരെ കോളേജിലേക്ക്‌ പോയി... പാറു തിരികെ ട്രിവാൻഡ്രത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ കാവേരി അവളെ ഒത്തിരി കളിയാക്കി... വയ്യെന്ന് പറഞ്ഞു പാറു അവരുടെ കൂടെ സ്റ്റേഷനിലേക്ക് പോയിട്ടില്ലായിരുന്നു...ഇടക്ക് ജിത്തു വിളിച്ചു നോക്കിയെങ്കിലും അവൾ കുഴപ്പമില്ലെന്ന് പറഞ്ഞു... ക്ലാസ്സൊക്കെ കഴിഞ്ഞു ഒന്ന് രണ്ട് ഫ്രണ്ട്സിനേയും കണ്ട് വീട്ടിലെത്തിയ ജിത്തു വൈകിയിരുന്നു...ഉമ്മറത്തെ ലൈറ്റിട്ടുണ്ട്...വേറെ അനക്കമൊന്നും കേൾക്കാനില്ല... വൈകുമെന്ന് വിളിച്ചു പറഞ്ഞതുമില്ല അവൻ വേവലാതിയോടെ വാതിലിൽ തട്ടി... വാതിൽ തുറന്നു വരുന്ന മീരയെ കണ്ടവന്റെ മുഖം ചുളിഞ്ഞു... "പാറു അകത്തുണ്ട്... അവൾക്കൊട്ടും വയ്യ...അതാ ഞാൻ വന്നത്..." അവന്റെ പരിഭ്രമം കണ്ടവൾ പറഞ്ഞു...

ജിത്തു ധൃതിയിൽ അകത്തേക്ക് നടന്നു... സോഫയിൽ ചുരുണ്ട് കൂടി കിടക്കുന്ന പാറുവിനെ കണ്ടവന്റെ നെഞ്ച് വിങ്ങി... ഓടിച്ചെന്നവളുടെ അടുത്തേക്കിരുന്നു... "കുഞ്ഞാ... " അവൻ അലിവോടെ വിളിച്ചതും പാറു കണ്ണുകൾ പാതി തുറന്നവനെ നോക്കി.. "ജിത്തേട്ടാ... " അവൾ എഴുന്നേറ്റിരിക്കാൻ നോക്കി... "വേണ്ട കിടന്നോ... എന്തു പറ്റി..." ജിത്തു അവളെ സോഫയിലേക്കമർത്തി കവിളിൽ തലോടി... "പീരിയഡ്‌സിന്റെ വേദനയും ക്ഷീണവുമാണ്... ഇവൾക്കിങ്ങനെ ഇടക്ക് ഉണ്ടാവാറുണ്ട്..." അങ്ങോട്ട് വന്ന മീര പറഞ്ഞു... ജിത്തു തലച്ചെരിച്ചൊന്നവളെ നോക്കി... "ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ് ഇടേണ്ടി വരും അല്ലാതെ ഈ ക്ഷീണം മാറില്ല...വിച്ചേട്ടൻ അങ്ങനെയാണ് ചെയ്യാറ്..." ഉടനെ തന്നെ ജിത്തു അവളെ സോഫയിൽ നിന്നും പൊക്കിയെടുത്തു... "വേണ്ട ജിത്തേട്ടാ... ഇത് നാളത്തേക്ക് മാറുമായിരിക്കും... " തളർച്ചയോടെ അവൾ പറഞ്ഞതും നിറഞ്ഞ മിഴിയാലേ ജിത്തു അവളെ കടുപ്പിച്ചൊന്ന് നോക്കി കാറിലേക്കിരുത്തി... "ഞാനും കൂടെ വരാം... " വാതിൽ പൂട്ടുന്ന ജിത്തുവിനോടായി മീര ചോദിച്ചു...

"വേണ്ട മീരേ...നേരം ഇരുട്ടിയില്ലേ.. രാജിയേച്ചി തിരക്കുന്നുണ്ടാവും താൻ പൊക്കോ..." ചാവി പോക്കറ്റിലേക്കിട്ടു കൊണ്ട് ജിത്തു മറുപടി പറഞ്ഞു... "ഞാൻ കൊണ്ടു വിടണോ... " പോകാതെ മടിച്ചു നിൽക്കുന്ന മീരയോടവൻ ചോദിച്ചു... "വേണ്ട ജിത്തേട്ടാ ഞാൻ പൊക്കോളാം.... ഏട്ടൻ അവളേയും കൊണ്ട് പോവാൻ നോക്കൂ..." മീര പറഞ്ഞു... ജിത്തു കാറെടുത്ത് പെട്ടന്ന് തന്നെ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോയി.. രാത്രിയായത് കൊണ്ട് ഡ്യൂട്ടി ഡോക്ട്ടേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവിടെ എത്തിയപ്പോഴേക്കും അവൾക്ക് കടുത്ത വയറ് വേദനയും ശർദ്ധിയും തുടങ്ങിയിരുന്നു... നേരെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി... പരിശോധിച്ച ശേഷം വേദനക്കുള്ള ടാബ്‌ലെറ്റും കൊടുത്ത് ഡ്രിപ്പിട്ട് കിടത്തി... രണ്ട് ബോട്ടിൽ കേറിക്കഴിഞ്ഞാൽ തിരിച്ചു പോവാമെന്നും പറഞ്ഞു... ക്ഷീണം കാരണം പാറു മയങ്ങിത്തുടങ്ങിയിരുന്നു....ജിത്തു അവളുടെ അടുത്ത് തന്നെയിരുന്നു.............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story