നീയും ഞാനും.. 🧡 ഭാഗം 62

neeyum njanjum shamseena

രചന: ശംസീന

രാത്രിയായത് കൊണ്ട് ഡ്യൂട്ടി ഡോക്ട്ടേഴ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവിടെ എത്തിയപ്പോഴേക്കും അവൾക്ക് കടുത്ത വയറ് വേദനയും ശർദ്ധിയും തുടങ്ങിയിരുന്നു... നേരെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി... പരിശോധിച്ച ശേഷം വേദനക്കുള്ള ടാബ്‌ലെറ്റും കൊടുത്ത് ഡ്രിപ്പിട്ട് കിടത്തി... രണ്ട് ബോട്ടിൽ കേറിക്കഴിഞ്ഞാൽ തിരിച്ചു പോവാമെന്നും പറഞ്ഞു... ക്ഷീണം കാരണം പാറു മയങ്ങിത്തുടങ്ങിയിരുന്നു....ജിത്തു അവളുടെ അടുത്ത് തന്നെയിരുന്നു...ഇടക്ക് നഴ്സ് വന്നു രണ്ടാമത്തെ ബോട്ടിൽ വെച്ചിരുന്നു... അത് പകുതി കയറി കഴിഞ്ഞപ്പോഴേക്കും പാറുവിന് ആശ്വാസം തോന്നിത്തുടങ്ങിയിരുന്നു... അവൾ ഉറക്കം വിട്ടുണർന്നു അടുത്തിരിക്കുന്ന ജിത്തുവിനെ നോക്കി... "ഉണർന്നോ.." ചോദിച്ചുകൊണ്ടവൻ തലയിലൊന്ന് തഴുകി... "മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ...ഇപ്പോഴാണൊന്ന് സമാധാനമായത്..." ചിരിയോടെയാണ് പറയുന്നതെങ്കിലും ആ കണ്ണുകളിലെ നോവവൾക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു... "ജിത്തേട്ടന് ബുദ്ധിമുട്ടായല്ലേ... " നേർത്ത ശബ്‍ദത്തോടെ പാറു ചോദിക്കേ ജിത്തു സൂചി കുത്തിയിരിക്കുന്ന കയ്യിലൊന്ന് തടവി... "നീയിങ്ങനെ ചോദിക്കുന്നതാടോ എനിക്ക് ബുദ്ധിമുട്ട്...നമുക്കിടയിൽ എന്തോ ഒരകലും സൃഷ്ടിക്കപ്പെടുന്ന പോലെ..." അവൻ ഇടർച്ചയോടെ പറഞ്ഞു...

"സോറി ജിത്തേട്ടാ.. ഞാൻ അറിയാതെ... " "ഡ്രിപ് തീർന്നല്ലോ... ഞാൻ സിസ്റ്ററെ വിളിച്ചിട്ട് വരാം... " പറഞ്ഞത് കേൾക്കാത്ത മട്ടിൽ ജിത്തു എഴുന്നേറ്റ് നഴ്സിംഗ് റൂമിലേക്ക് നടന്നു...നഴ്സ് വന്നു കയ്യിലെ നീഡിൽ എടുത്ത് മാറ്റി... കുറച്ചു രക്തം പുറത്തേക്ക്‌ വന്നു...പാറുവിന് ചെറുതായി വേദന തോന്നി....സൂചി കുത്തിയയിടത്ത് അവർ പഞ്ഞി വെച്ചു കെട്ടിക്കൊടുത്തു.... "പോവുമ്പോൾ ഡോക്ടറെയൊന്ന് കണ്ടേക്കൂ... " പുറത്തേക്ക് നടക്കുന്നതിനിടയിൽ നഴ്സ് പറഞ്ഞു...ജിത്തു അവളെ പതുക്കെ എഴുന്നേൽപ്പിച്ചു കൺസൽട്ടിങ് മുറിയിലേക്ക് ചെന്നു.. "വരൂ ജിതിൻ... " അവനെ കണ്ടതും ഡോക്ടർ അകത്തേക്ക് ക്ഷണിച്ചു... "ഇപ്പൊ ആശ്വാസം തോന്നുന്നുണ്ടോ പാർവണ... " അവർ അകത്തേക്ക് കയറിയിരുന്നതും അദ്ദേഹം തിരക്കി.. "ഉവ്വ്... " അവൾ ചിരിയോടെ പറഞ്ഞു... "മ്മ് ഇപ്പോഴത്തെ ആശ്വാസം കണക്കിലെടുക്കണ്ട...ഇനി ഇതുപോലെ വരുന്നതിന് മുന്നേയൊരു ഗൈനക്കിനെ കാണിക്കുന്നതാണ് ഏറ്റവും നല്ലത്...ഇപ്പൊ തല്ക്കാലികമായിട്ടൊരു ട്രീറ്റ്മെന്റ് മാത്രമേ ഞാനെടുത്തിട്ടുള്ളൂ..." അദ്ദേഹം മുന്നോട്ടാഞ്ഞിരുന്ന് വളരെ ഗൗരവത്തോടെ പറഞ്ഞു... "ഡോക്ടർ... " ജിത്തു പകപ്പോടെ അദ്ദേഹത്തെ നോക്കി...

"ഏയ് നിങ്ങൾ പേടിക്കാൻ മാത്രമൊന്നുമില്ല,,,ഇങ്ങനെ വരാൻ കാരണം ഹോർമോൺ ചേഞ്ചസാവാം.. അത് നല്ലൊരു ഗൈനക്കിനെ കണ്ട് പരിഹരിക്കാവുന്നതേയുള്ളൂ അതാ ഞാനുദ്ദേശിച്ചത്.... താൻ പഠിക്കുന്ന കുട്ടിയല്ലേ ഇടയ്ക്കിടെ ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ മെന്റൽ ഹെൽത്തിനെ തന്നെയത് ബാധിച്ചെന്ന് വരാം...do you understand..." അവരുടെ മുഖത്തെ പരിഭ്രമം കണ്ട് ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു... "യെസ് ഡോക്ടർ... " ജിത്തു പറഞ്ഞതും അദ്ദേഹം നോട്ട് പാടിൽ എന്തോ കുത്തികുറിച്ചു... ശേഷമത് ചീന്തിയെടുത്ത് അവനു നേരെ നീട്ടി... "എന്റെ പരിചയത്തിലുള്ള ലേഡി ഡോക്ടറാണ് രേഖ... നിങ്ങളൊന്ന് കണ്ടു നോക്കൂ... ഞാൻ വിളിച്ചു പറയാം... " "താങ്ക്യു ഡോക്ടർ... " ജിത്തു ആ പേപ്പർ വാങ്ങി പോക്കറ്റിലേക്കിട്ടു പാറുവിനേയും കൂട്ടി മുറിവിട്ടിറങ്ങി... "ജിത്തേട്ടാ...എനിക്കെന്തെങ്കിലും വലിയ അസുഖമാണോ..." കാറിൽ കയറിയിരുന്നതും അവൾ വേവലാതിയോടെ ചോദിച്ചു... "എടി പൊട്ടിക്കാളി.. ഇത് അതൊന്നുമല്ല.. ഡോക്ടർ പറഞ്ഞില്ലേ ഹോർമോൺ ചേഞ്ചസിന്റെയാണെന്ന്... നീ കേട്ടിട്ടില്ലേ pcod, pcos എന്നൊക്കെ..."

ജിത്തു തന്റെ സീറ്റ് ബെൽറ്റൊന്ന് വലിച്ചിട്ടു അവളെ നോക്കി.... " കേട്ടിട്ടൊക്കെയുണ്ട്...വീട്ടിൽ ചെന്നിട്ട് ഗൂഗിൾ ചെയ്ത് നോക്കാം അപ്പോൾ കൂടുതലറിയാമല്ലോ... " അവളൊന്ന് സീറ്റിൽ ഇളകിയിരുന്നു... "എന്ത് പറഞ്ഞാലും ഗൂഗിൾ അല്ലെങ്കിൽ യൂട്യൂബ്... നിനക്കൊന്നും വേറെ പണിയില്ലേ കൊച്ചേ...ഡോക്ടറെ കാണുന്നത് വരേ ഗൂഗിളിന്റെയോ യൂട്യൂബിന്റെയോ പരിസരത്തേക്ക് പോയാൽ ആ കൈ ഞാൻ വെട്ടും..." അവൻ താക്കീതോടെ പറഞ്ഞു കാർ മുന്നോട്ടെടുത്തു... "നിനക്ക് കഴിക്കാനെന്തെങ്കിലും വേണോ.. " പരിഭവിച്ചിരിക്കുന്ന പാറുവിന്റെ കവിളിലൊരു കുത്തു കൊടുത്തു കൊണ്ടവൻ ചോദിച്ചതും അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി.... "വേണ്ടെങ്കിൽ വേണ്ടാ... " അതും പറഞ്ഞവൻ ഒരു തട്ടുകടയുടെ മുന്നിൽ കാർ നിർത്തി... "മിണ്ടാണ്ടിരുന്നാൽ വേണ്ടെന്നാണോ.. " അവനൊന്നും ചോദിക്കാതെ കാറിൽ നിന്ന് ഇങ്ങിപ്പോവുന്നത് കണ്ടതും അവളിരുന്ന് പിറുപിറുത്തു...

കയ്യിൽ ഒരു പ്ളേറ്റ് ഭക്ഷണവുമായി വരുന്നത് കണ്ട പാറുവിന്റെ ചുണ്ടുകൾ പരിഭവത്തോടെ ഒന്നുകൂടെ കോർത്തു...നെഞ്ചിലേക്ക് കൈകൾ പിണച്ചു വെച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...അവൻ ഡോർ തുറന്നു കയറുന്നതറിഞ്ഞെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല... നല്ല ചൂട് പൊറോട്ടയുടേയും മീൻ കറിയുടേയും മണം അവിടമാകെ പരന്നു...അവളുടെ നാവിൽ കൊതിയൂറി... ജിത്തുവിനെ ഇടം കണ്ണിട്ടൊന്ന് നോക്കിയപ്പോൾ ആള് കഴിക്കാനുള്ള പുറപ്പാടിലാണ്... തന്നോടൊന്ന് വേണോ എന്നൊന്ന് ചോദിച്ചു പോലുമില്ലല്ലോ എന്നോർത്തവൾ കണ്ണ് നിറക്കാൻ തുടങ്ങിയതും മുന്നിലെക്കൊരു കൈ നീണ്ടു വന്നു... "കഴിക്ക്... " കുസൃതി ചിരിയോടെ പറയുന്നവന്റെ താടിയിൽ പരിഭവത്തോടെ പിടിച്ചു വലിച്ചവൾ അവൻ നീട്ടിയ ഉരുളക്കായി വാ തുറന്നു... "എങ്ങനുണ്ട്... " പൊറോട്ടയുടെ പീസെടുത്ത് മീൻ കറിയിൽ മുക്കി തന്റെ വായിലേക്ക് വെക്കുന്നതിനിടയിലവൻ ചോദിച്ചു...

അവൾ കൈ കൊണ്ട് അടിപൊളിയാണെന്ന് കാണിച്ചതും അവനൊരുരുള കൂടെ വായിലേക്ക് വെച്ചു കൊടുത്തു...ഇരുവരും സന്തോഷത്തോടെ അത് മുഴുവനും കഴിച്ചു തീർത്തു... "ഇനി വേണോ... " സീറ്റിലേക്ക് ചാരിയിരുന്ന് വയറുഴിയുന്ന പാറുവിനെ കണ്ടവൻ ചോദിച്ചു... "അയ്യോ വേണ്ടാ... ഇപ്പൊ തന്നെ വയറ് പൊട്ടാറായി... " അവൾ കിതപ്പോടെ പറഞ്ഞു... "എന്നാ ഞാനിത് കൊണ്ടു കൊടുത്തു വരാം..." അവൻ കഴിച്ച പ്ളേറ്റുമായി തിരികെ പോയി... പ്ളേറ്റ് കടക്കാരനെ ഏൽപ്പിച്ചു ക്യാഷും കൊടുത്ത് തിരികെ വന്നു കാറെടുത്തു വീട്ടിലേക്ക് തിരിച്ചു... ****** "ഇപ്പൊ വേദനയുണ്ടോ കുഞ്ഞാ... " വീട്ടിലെത്തി ഒരു കുളിയൊക്കെ കഴിഞ്ഞു പാറുവിന്റെ അരികിലേക്ക് കിടന്നവൻ ചോദിച്ചു... "മ്മ്ച്ചും... " അവളൊന്ന് ചുമ്മൽ കൂച്ചി മലർന്ന് കിടന്നു... അവൻ അവളുടെ അരികിലേക്കൊന്ന് ചേർന്ന് കിടന്നു ടീഷർട്ടിന് മുകളിലൂടെ വയറിലൂടെ തഴുകിക്കൊണ്ടിരുന്നു...കുറച്ചു സമയം ഇരുവരും ഒന്നും സംസാരിക്കാതെയങ്ങനെ കിടന്നു... അപ്പോഴും ജിത്തുവിന്റെ കൈകൾ അവളുടെ വയറിനെ തഴുകുന്നുണ്ടായിരുന്നു... പാറു അവൻ തഴുകിക്കൊണ്ടിരുന്ന കൈ പെട്ടന്ന് പിടിച്ചു വെച്ചു...

ജിത്തു എന്താണെന്നുള്ള രീതിയിൽ അവളെ നോക്കിയതും പാറു തന്റെ ടി ഷർട്ടൊന്നുയർത്തി അവന്റെ ഇളം ചൂടുള്ള ഉള്ളം കൈ തന്റെ നഗ്നമായ വയറിലേക്ക് ചേർത്ത് വെച്ചു... ആദ്യമായാണ് അവളിൽ നിന്നും ഇതുപോലൊരു സമീപനം..ആ നിമിഷം തന്റെ ധമനികളിലെ രക്തയോട്ടം പോലും നിലച്ചതായവന് തോന്നി... "ഇപ്പോഴാ കൂടുതൽ ആശ്വാസം തോന്നുന്നത്..." അവന്റെ ഉള്ളം കയ്യിന്റെ ചൂട് മേനിയിലാകെ പടർന്നു പിടിക്കവേ അവൾ കണ്ണുകളടച്ചു കിടന്നു... "ജിത്തേട്ടാ..." ഒട്ടൊരു നിമിഷത്തിന് ശേഷം അവൾ വിളിച്ചു... അവൻ നേർമയിൽ മറുപടിയായൊന്ന് മൂളി... "മ്മ്.. " "എന്നോട് ദേഷ്യം തോന്നുന്നുണ്ടോ ജിത്തേട്ടന്... " "എന്തിന്... " അവൻ തഴുകുന്നത് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു..... "അല്ല പീരിയഡ്സായതിൽ... ഇന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട നിമിഷത്തിലേക്ക് കടക്കാൻ ഇരുന്നതല്ലായിരുന്നോ...അപ്പോഴല്ലേ ഇങ്ങനെയൊക്കെ..." എങ്ങനെ പറഞ്ഞു തുടങ്ങും എന്നോർത്തവളൊന്ന് മടിച്ചു... "ഓ അതായിരുന്നോ കാര്യം...തന്നെ ആ ഒരവസ്ഥയിൽ കണ്ടപ്പോൾ ഞാനതിനെ കുറിച്ചെല്ലാം മറന്നിരുന്നു..."

അവൻ കൈകൾ പിൻവലിച്ചു മാറി കിടക്കുന്ന പാറുവിന്റെ ബനിയൻ നേരേയിട്ടു മലർന്നു കിടന്നു... അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നതും അവനൊരു കൈ കൊണ്ടവളെ പൊതിഞ്ഞു പിടിച്ചു... "മ്മ്.. ഒരുപാട് പ്ലാനിങ്ങോടെയായിരുന്നു വന്നത്... എന്നാലും സാരമില്ല ഈയൊരു ജന്മം തന്നെയിങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ നമുക്ക് പ്രണയിക്കാൻ... അപ്പൊ പിന്നെന്തിനാ അതോർത്ത് വിഷമിക്കുന്നത്... സെ*സ് എന്നത് മാത്രമല്ലല്ലോ വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ഘടകം... അവിടെ ഇതുപോലെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങളുമുണ്ടാവും... അവിടെ തന്റെ കൂടെയുള്ളയാളെ തളരാതെ ചേർത്ത് നിർത്തുമ്പോഴല്ലേ ജീവിതം കൂടുതൽ മനോഹരമാകുന്നത്..." പറഞ്ഞിട്ടവൻ ചെരിഞ്ഞു കിടന്നു... "ഇന്ന് നടക്കാതെ പോയ ഫസ്റ്റ് നൈറ്റ്‌ നമുക്ക് പൂർവാധികം ശക്തിയോടെ വീണ്ടെടുക്കാം... എന്റെ വൈഫി അതോർത്ത് ടെൻഷൻ ആവേണ്ടാട്ടോ...നിന്റെ ജിത്തേട്ടനല്ലേ പറയുന്നേ..." കാതോരം വന്നവൻ ആർദ്രമായി പറയുമ്പോൾ അവളാകെ നാണിച്ചു പോയിരുന്നു.... വാകപോലും തോറ്റു പോവുന്ന ചെഞ്ചുവപ്പായിരുന്നു അവളുടെ മുഖത്തിനപ്പോൾ.............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story