നീയും ഞാനും.. 🧡 ഭാഗം 63

neeyum njanjum shamseena

രചന: ശംസീന

തന്റെ മാറിൽ തളർന്നുറങ്ങുന്ന പാറുവിനെ ഒരരികിലേക്ക് മാറ്റി കിടത്തി ജിത്തു കട്ടിലിൽ നിന്നും എഴുന്നേറ്റു... ഫോണെടുത്ത് സമയം നോക്കുമ്പോൾ ഒമ്പത് മണി കഴിഞ്ഞിട്ടുണ്ട്... അപ്പോൾ തന്നെ കോളേജിലേക്ക് വിളിച്ചു രണ്ട് ദിവസത്തെ ലീവ് പറഞ്ഞു ഫ്രഷാവാൻ കയറി...പാറു ഉണരേണ്ടായെന്ന് കരുതി മുറിയുടെ വാതിൽ പതിയെ ചാരി അടുക്കളയിലേക്ക് ചെന്നു... ആദ്യം തന്നെ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് രണ്ട് ചായയിട്ടു...ഒരു ഗ്ലാസ്‌ ചായ അവനുവേണ്ടി ഗ്ലാസ്സിലേക്ക് പകർത്തി ബാക്കിയുള്ളത് ഫ്ലാസ്കിലേക്ക് ഒഴിച്ചു വെച്ചു... ചായയുമായി ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു പത്രമെടുത്ത് അതിലൂടെയൊന്ന് കണ്ണുകളോടിച്ചു...കണ്ണുകളൊന്ന് ഇടവഴിയിലേക്ക് പാളി വീണതും വിച്ചു അതിലൂടെ പോവുന്നത് കണ്ടു... ജിത്തു തന്നെ കണ്ടെന്നു മനസ്സിലായതും ബൈക്കിന്റെ വേഗത കൂട്ടി മുന്നോട്ട് പാഞ്ഞു... ജിത്തുവൊരു ചിരിയോടെ പത്രം മടക്കി വെച്ച് അകത്തേക്ക് നടന്നു... പാറു എണീക്കുമ്പോൾ ജിത്തു അരികിലില്ലായിരുന്നു... ശരീരമെല്ലാം ഇപ്പോഴും വേദനിക്കുന്നത് കൊണ്ടവൾ കിടന്ന കിടപ്പിൽ തന്നെ മൂരി നിവർന്നു എഴുന്നേറ്റിരുന്നു...സമയം പത്താവാറായിരുന്നു...

ഇത്രയും സമയം താനുറങ്ങിയോ എന്ന് ചിന്തിച്ചു കൊണ്ട് വേഗം കുളിച്ചു ഫ്രഷായി വന്നു... ജിത്തുവിനെ അന്യോഷിച്ചു താഴേക്ക് ചെന്നപ്പോൾ അവൻ പറമ്പിലായിരുന്നു... "ജിത്തേട്ടാ... " അടുക്കളയുടെ വാതിൽ പടിയിൽ നിന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു... "ദാ വരുന്നു... " തൊടിയിലെ ഏതോ ഭാഗത്ത് നിന്നും മറുപടി വന്നു... കുറച്ചു കഴിഞ്ഞതും ആള് മുന്നിൽ പ്രത്യക്ഷപ്പെട്ടു... കാവിമുണ്ടും വെള്ളനിറത്തിലുള്ള സ്ലീവ്ലെസ് ബനിയനുമാണ് വേഷം...നന്നായി വിയർത്തിട്ടുണ്ടായിരുന്നു അതിൽ നിന്ന് തന്നെ മനസ്സിലാവും ആളവിടെ നല്ല അധ്വാനത്തിലായിരുന്നെന്ന്... തലയിൽ കെട്ടിയ തോർത്തഴിച്ചു കുടഞ്ഞു തോളിലേക്കിട്ടവൻ... അടുത്തുള്ള പൈപ്പിൽ നിന്നും കാലിലെ ചെളിയെല്ലാം കഴുകിക്കളഞ്ഞു പാറുവിനടുത്തേക്ക് വന്നു... അവനടുത്ത് വന്നതും രണ്ട് കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു നെഞ്ചിലേക്ക് മുഖം വെച്ചങ്ങനെ നിന്നു... "ദേഹം മുഴുവനും വിയർപ്പാ.. നീയങ്ങോട്ട് മാറിയേ... " ജിത്തു അവളെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും ചിണുങ്ങിക്കൊണ്ടവൾ അവനിലെ പിടിത്തം മുറുക്കി...

"പാറു... " "കുറച്ചു നേരം കൂടെ.." സ്വരം കടുത്തതും അവൾ പറഞ്ഞു...ജിത്തു പിന്നീടൊന്നും പറഞ്ഞില്ല അവളേയും ചേർത്ത് പിടിച്ചങ്ങനെ നിന്നു... "ഇന്ന് കോളേജിൽ പോവുന്നില്ലേ... " ഒട്ടൊരു നിമിഷം കഴിഞ്ഞ് അവനിൽ നിന്നും അകന്നു മാറിക്കൊണ്ടവൾ ചോദിച്ചു.. "ഇല്ല.. ലീവാക്കി.. നിനക്ക് വയ്യാത്തതല്ലേ... " അവൻ അവളേയും കൂട്ടി അകത്തേക്ക് കയറി.. "അതൊക്കെ ഇന്നലെ തന്നെ മാറിയില്ലേ... വെറുതെ ലീവെടുത്തു..." "നേരം വൈകിയിട്ടൊന്നുമില്ല ഞാൻ വേണേൽ പോവാം..." കുസൃതി ഒളിപ്പിച്ചവൻ ഗൗരവത്തോടെ പറഞ്ഞതും പാറു കണ്ണുകൾ കൂർപ്പിച്ചോന്ന് നോക്കി... "അങ്ങനെയിപ്പോ പോവേണ്ടാ... " അവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്ത് അടച്ചു വെച്ചിരുന്ന കാസറോൾ തുറന്നു നോക്കി... "ജിത്തേട്ടനാണോ ഉണ്ടാക്കിയെ..." ഇടിയപ്പം കണ്ട് കണ്ണുകൾ വിടർത്തിയവൾ ചോദിച്ചു... "പിന്നെ ഞാനല്ലാതെ ഇവിടെ വേറെ ആരേലുമുണ്ടായിരുന്നോ... " കെർവോടെ ചോദിക്കേ പാറു അവന്റെ കവിളിലൊന്ന് പിച്ചി.. "ഹാ പിണങ്ങല്ലേ മാഷേ...ഞാൻ ചുമ്മാ ചോദിച്ചതല്ലേ..."

"മ്മ് നീയിതൊക്കെയെടുത്ത് ടേബിളിൽ കൊണ്ടുവെക്ക്.. നല്ല വിശപ്പുണ്ട്... ഞാനീ മുഷിഞ്ഞതൊക്കെ മാറിയിട്ട് വരാം..." അവൻ മുറിയിലേക്ക് പോയതും പാറു അതെല്ലാമെടുത്ത് ടേബിളിലേക്ക് വെച്ചു അവനേയും കാത്തിരുന്നു... ജിത്തു വന്നതും ഇരുവരും ഒരുമിച്ചിരുന്ന് വർത്തമാനമൊക്കെ പറഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെഴെന്നേറ്റു... **** ദിവസങ്ങൾ സന്തോഷകരമായി തന്നെ മുന്നോട്ട് നീങ്ങി... ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്ന പോലെയായിരുന്നു ജിത്തു പാറുവിനെ നോക്കിയിരുന്നത്... ഇത്രയും നാൾ അവഗണിച്ചതിനുള്ള പ്രായശ്ചിത്തമായി അവൻ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയായിരുന്നു... ആരുടേയും ശല്യമില്ലാതെ അവർ അവരുടെ ആ കുഞ്ഞു ലോകത്തിൽ പരസ്പരം പ്രണയം പങ്കിട്ടു... രണ്ട് ദിവസം കഴിഞ്ഞ് ജിത്തു കോളേജിലേക്ക് പോയിത്തുടങ്ങി... അവൻ പോയിക്കഴിഞ്ഞാൽ പിന്നെ വരുന്നത് വരെ അവൾക്കവിടെ തനിച്ചിരിക്കുന്നത് വല്ലാത്ത മുഷിപ്പായിരിക്കും... ഇക്കാരണത്താൽ പാറു മിക്ക ദിവസവും അവനുമായിട്ട് പിണങ്ങും..

ആ പിണക്കം പിന്നെ മാറണമെങ്കിൽ ഒന്നുകിൽ അവളേയും കൂട്ടി പുറത്തേക്ക് പോവണം അല്ലേൽ കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ പിന്നെ എവിടേക്കും പോവാതെ അവളുടെ അടുത്ത് തന്നെയിരിക്കണം... ഈ കൊച്ചു കൊച്ചു പിടിവാശികൾക്കെല്ലാം യാതൊരു മടിയും കാണിക്കാതെ ജിത്തു കൂട്ടുനിൽക്കും... ഇടക്ക് ഒരുദിവസം രേഖ ഡോക്ടറെ പോയിക്കണ്ടിരുന്നു... ടെസ്റ്റുകളെല്ലാം കഴിഞ്ഞ് ആദ്യം തന്നെ ഡോക്ടർ ചോദിച്ചത് ഇപ്പോഴൊരു ബേബിക്ക് പ്ലാൻ ചെയ്യുന്നുണ്ടോ എന്നായിരുന്നു..ഇല്ലെന്ന് രണ്ട് പേരും ഒരുപോലെ പറഞ്ഞു...വേറെ കാര്യമായിട്ട് കുഴപ്പങ്ങളൊന്നുമില്ല കുറച്ച് രക്തക്കുറവ് കാണുന്നുണ്ടെന്ന് പറഞ്ഞു മൂന്ന് മാസത്തേക്കുള്ള വിറ്റാമിൻ ടാബ്ലറ്റുകൾ കുറിച്ച് കൊടുത്തു... "ഡോക്ടർ പറഞ്ഞത് കേട്ടില്ലേ ബേബി പ്ലാനിങ് ഉണ്ടോന്ന്..." കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് വലിച്ചിട്ടു കൊണ്ട് ജിത്തു കുസൃതിയോടെ അവളെ നോക്കി...യാതൊരു ചമ്മലും കൂടാതെ അവൻ പറയുന്നത് കേൾക്കെ അവൾക്കാകെ എന്തോ പോലെ തോന്നി...

എന്തെന്നില്ലാത്തൊരു പരവേശം ഉടലാകെ വന്നു മൂടുന്ന പോലെ... "എപ്പോ ഇതിനെ പറ്റി പറഞ്ഞാലും നീയിങ്ങനെ ചുവക്കുന്നതെന്തിനാ... അത് കാണുമ്പോഴാ എന്റെ കണ്ട്രോൾ മൊത്തം പോവുന്നത്..." കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ അവളുടെ കവിളിലൂടെ വിരലുകളാൽ തഴുകിക്കൊണ്ടവൻ പറഞ്ഞു... "ജിത്തേട്ടാ.. " അവളൊന്ന് ചിണുങ്ങി നാണത്തോടെ മുഖം പൊത്തി.. "ഈ നാണമൊക്കെ ഞാൻ മാറ്റുന്നുണ്ട് വീട്ടിലൊന്നെത്തിക്കോട്ടെ.." വീണ്ടും അവനിൽ കുറുമ്പ് നിറഞ്ഞു...വണ്ടി അപ്പോഴേക്കും മെയിൻ റോഡിലേക്ക് കയറിയിരുന്നു...റോഡിൽ നല്ല തിരക്കുള്ളത് കൊണ്ട് തന്നെ പിന്നീടൊരു സംസാരത്തിന് നിൽക്കാതെ ജിത്തു ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു...പാറു അറിയാതെ പോലും അവനെയൊന്ന് നോക്കിയില്ല... വീട്ടിലെത്തി നടക്കാൻ പോവുന്ന കാര്യങ്ങളാലോചിക്കേ അവൾക്കുള്ളിൽ നാണമോ പരവേഷമോ അങ്ങനെയെന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു... ****

ജിത്തുവിന്റെ ഉത്സാഹമോ അതോ പാറുവിന്റെ പരവേഷമോ എന്തുകൊണ്ടാണെന്നറിയില്ല പെട്ടന്ന് തന്നെ വീടെത്തി... ജിത്തു കാർ പോർച്ചിലേക്ക് കയറ്റിയിടുന്ന സമയം കൊണ്ട് പാറു അതിന്റെ ഫയലും മരുന്നുകളുമൊക്കെയെടുത്ത് ഇറങ്ങി അകത്തേക്ക് കയറിയിരുന്നു... ജിത്തു ചെല്ലുമ്പോൾ കാണുന്നത് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് കുടിക്കുന്ന പാറുവിനെയാണ്.. തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ പാറു അവനെ കണ്ടിരുന്നില്ല... ജിത്തു പിറകിലൂടെ ചെന്നവളെ ചുറ്റിപ്പിടിച്ചു...പേടിച്ചുപോയാ പോയ പാറുവിന്റെ കയ്യിൽ നിന്നും കുപ്പി താഴെ വീണ് വെള്ളം മുഴുവനും തറയിൽ പോയി... "എന്തു പണിയാ ജിത്തേട്ടാ കാണിച്ചത്..." കുതറിക്കൊണ്ടവൾ അകന്നു മാറി അവനെ നോക്കി കണ്ണുരുട്ടി.... "അതൊന്നും സാരമില്ല...നീയിങ്ങോട്ട് വന്നേ ഒരാവശ്യമുണ്ട്..." ജിത്തു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... " എ..എന്താവശ്യം... " അവളൊന്ന് പതറി... "നീ വിചാരിക്കുന്ന പോലെയൊന്നുമല്ല അതെല്ലാം രാത്രിയിൽ..." ഒന്ന് കുനിഞ്ഞു കാതരികിൽ സ്വകാര്യമായി പറഞ്ഞു... "ഇപ്പോഴെന്റെ തലയൊന്ന് മസ്സാജ് ചെയ്ത് തന്നേ... ഭയങ്കര തലവേദന... " "ഇപ്പോഴോ... ഫ്രഷായിട്ട് പോരെ... " "No..ഇപ്പൊ തന്നെ വേണം വന്നേ..."

ജിത്തു പാറുവിനേയും വലിച്ചു ഹാളിലെ സെറ്റിയിൽ ചെന്നിരുന്നു... അവളുടെ മടിയിലേക്ക് തലവെച്ചു കണ്ണുകളടച്ചു കിടന്നു...പാറു പതിയെ അവന്റെ തല മസ്സാജ് ചെയ്തു കൊണ്ടിരുന്നു...അതിനിടയിൽ എപ്പോഴോ അവളും ഉറങ്ങിയിരുന്നു... നല്ലൊരുറക്കം കഴിഞ്ഞു കണ്ണ് തുറന്നു നോക്കിയപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു... അവൾ മടിയിൽ തല വെച്ചു കിടന്നിരുന്ന ജിത്തുവിനെ നോക്കി... എന്നാൽ അവനവിടെയുണ്ടായിരുന്നില്ല... ഇതെവിടെപ്പോയി എന്നാലോചിച്ചു കൊണ്ട് അവളവിടെ മുഴുവനും അവനെ തിരഞ്ഞു... "ജിത്തേട്ടാ... " താഴെയൊന്നും കാണാതെ വന്നപ്പോൾ മുകളിലെ മുറിയിലേക്ക് ചെന്നു... അവിടേയും ആളുണ്ടായിരുന്നില്ല... പകരം ടേബിളിൽ നിന്നും ഒരു പേപ്പർ കിട്ടി... അവളതെടുത്ത് വായിച്ചു നോക്കവേ ഉടലാകെ കുളിരു കോരുന്നുണ്ടായിരുന്നു...വീണ്ടും വീണ്ടും ആ വരികളിലൂടെയവൾ കൊതിയോടെ മിഴികൾ പായിച്ചു...........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story