നീയും ഞാനും.. 🧡 ഭാഗം 65

neeyum njanjum shamseena

രചന: ശംസീന

പാറുവിനേയും ചേർത്ത് പിടിച്ചു നടന്നു വരുന്ന ജിത്തുവിനെ കണ്ടതും സ്റ്റേജിൽ നിന്നിരുന്ന തൻവിയുടെ മിഴികൾ തിളങ്ങി...അടുത്തുനിന്നിരുന്ന ഋഷിയേ തോണ്ടി ജിത്തുവിനേയും പാറുവിനേയും ചൂണ്ടി കാണിച്ചവൾ എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു... കറുപ്പ് നിറത്തിൽ നിറയെ വൈറ്റ് സ്റ്റോൺ കൊണ്ട് മനോഹരമാക്കിയ ലഹങ്കയിൽ തൻവി അതീവ സുന്ദരിയായിരുന്നു...അടുത്തു നിൽക്കുന്ന വരനോട് തങ്ങളെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു...പാറു അവളുടെ ഓരോ ചലനങ്ങളും വീക്ഷിച്ചു. .അവളെ നോക്കിക്കൊണ്ട് തന്നെ അവർ സ്റ്റേജിലേക്ക് കയറി...

"ഇത്രയും സമയമായപ്പോൾ ഞാൻ കരുതി നിങ്ങൾ വരത്തില്ലെന്ന്... എന്തായാലും വന്നല്ലോ ഒത്തിരി സന്തോഷം... " നിറഞ്ഞ ചിരിയോടെ പറയവേ അതേ പുഞ്ചിരി ഒട്ടും മാങ്ങാതെ അവരും തിരിച്ചു നൽകി...പരിഭ്രമിച്ചു നിൽക്കുന്ന പാറുവിനെ തൻവി ആലിംഗനം ചെയ്തതും അത്രയും സമയം അവളുടെ മനസ്സിനെ അലട്ടിയിരുന്ന സങ്കോചമെല്ലാം വിട്ടുമാറിയിരുന്നു... "ഋഷി.. ഇതാണ്.. " "പ്രേത്യേകമായിട്ടൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.. അല്ലാതെ തന്നെ എനിക്കിവരെ അറിയാം..." ആ ചെറുപ്പക്കാരൻ അവരെ നോക്കി പുഞ്ചിരി തൂകി ജിത്തുവിനെ ഹസ്തദാനം ചെയ്തു.... ജിത്തുവും ഋഷിയും മാറി നിന്ന് സംസാരിച്ചു തുടങ്ങിയപ്പോൾ പാറു തൻവിയുടെ അടുത്തേക്ക് നീങ്ങി..

"തൻവി മിസ്സേ.. " വിളിക്കുന്നതിനൊപ്പം പാറു അവളുടെ കൈകളെ തന്റെ കൈക്കുള്ളിലേക്ക് കവർന്നു പിടിച്ചു... "ഈ മിസ്സെന്നുള്ള വിളി ഇനി വേണോ പാറു..ആ വിളിയിൽ ഒരകലം ഫീൽ ചെയ്യുന്ന പോലെ.." തൻവിയുടെ മാറ്റം കണ്ട് പാറുവാകെ അമ്പരന്നു പോയിരുന്നു... തനിക്കറിയാവുന്ന തൻവിയും ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന തൻവിയും തമ്മിൽ രാവും പകലും വ്യത്യാസമുണ്ട്...എന്നാലും ഉള്ളിൽ വിങ്ങിപ്പൊട്ടിയിരുന്ന കാര്യം പാറുവിന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല... "ഈ മനസ്സിൽ എന്നോടെന്തെങ്കിലും തരത്തിലുള്ള വെറുപ്പുണ്ടോ..? " ചോദിക്കേ അവളുടെ മിഴികൾ നിറഞ്ഞു തൂവി...

"ഉണ്ടായിരുന്നു.. ഇല്ലെന്ന് പറഞ്ഞാൽ അതൊരു പക്ഷേ കള്ളമായിരിക്കും..." തൻവി അവളുടെ കൈകളൊന്ന് തഴുകി വിട്ടു ... "നഷ്ട പ്രണയത്തെയോർത്ത് ഓരോ രാത്രിയും നെഞ്ച്പൊട്ടി കരഞ്ഞിട്ടുണ്ട്...നിന്നെ ഒത്തിരി ശപിച്ചിട്ടുണ്ട് വെറുത്തിട്ടുണ്ട് ... പക്ഷേ അതെല്ലാം ഇപ്പൊ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ...അന്നേരത്തെ ഓരോ പൊട്ടത്തരം അല്ലാതെന്ത്.. ദൈവം ഓരോരുത്തർക്കും ഓരോ ഇണയെ സൃഷ്ടിച്ചിട്ടുണ്ട് എത്ര പ്രതിരോധിച്ച് നിന്നാലും നമുക്കുള്ളതാണേൽ അത് നമ്മളിലേക്ക് തന്നെയെത്തും... ഇപ്പൊ അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം... ജിത്തു നിന്റേത് മാത്രമാണെന്നുള്ള സത്യം എന്ന് ഞാൻ ഉൾക്കൊണ്ടുവോ ആ നിമിഷം മുതൽ എനിക്ക് നിന്നോട് ഒരു മണൽ തരിയുടെ അത്രപോലും വെറുപ്പോ വിദ്വേഷമോയില്ല...

സത്യം.. ഇനി അതോർത്ത് സങ്കടപ്പെടേണ്ട... ആകെയൊരു ജീവിതമല്ലേയുള്ളൂ അത് സന്തോഷത്തോടെ തന്നെ മുന്നോട്ട് പോവട്ടെ..." തൻവി വാത്സല്യത്തോടെ അവളുടെ കവിളിൽ തട്ടി.. "തൻവി... " സ്റ്റേജിന്റെ സൈഡിൽ നിന്നും ആരോ വിളിച്ചതും തൻവി പാറുവിനോട് ഇപ്പൊ വരാമെന്നും പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി... പാറുവിന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം വന്നു നിറഞ്ഞു.. ജിത്തുവിനെ നോക്കിയപ്പോൾ അവനും ഇരു കണ്ണുകളും ചിമ്മി കാണിച്ചു... ഋഷിയോടുള്ള സംസാരം മതിയാക്കി ജിത്തു പാറുവിനടുത്തേക്ക് വന്നു.. "എന്തായിരുന്നു രണ്ടാളും കൂടെ,,സംസാരം തുടങ്ങിയിട്ട് കുറച്ച് നേരമായല്ലോ... "

സ്റ്റേജിൽ നിന്നും ഇറങ്ങുന്നതിനിടയിൽ ജിത്തു അവളുടെ കാതോരം വന്നു സ്വകാര്യത്തിൽ ചോദിച്ചു... "പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കുവായിരുന്നു...എത്രയൊക്കെ പുറമെ ചിരിച്ചെന്ന് കാണിച്ചാലും ഉള്ളിന്റെയുള്ളിൽ തൻവി മിസ്സിനെ ആലോചിച്ച് ചെറിയൊരു കുറ്റബോധമുണ്ടായിരുന്നു... ഇനിയിപ്പോ അതിന്റെയും ആവശ്യമില്ല... കിട്ടാവുന്നതിൽ നല്ലൊരു ലൈഫ് പാർട്ണറേ തന്നെയാണ് മിസ്സിന് കിട്ടിയിരിക്കുന്നത്..." സ്റ്റേജിൽ നിൽക്കുന്ന തൻവിയിലേക്കും ഋഷിയിലേക്കും അവളുടെ മിഴികൾ വീണ്ടും ഉടക്കി... "അപ്പൊ ഞാനത്ര പോരാ എന്നുള്ളൊരു ധ്വനി അതിലുണ്ടല്ലോ... " കുറുമ്പൊളിപ്പിച്ചു ജിത്തു പറഞ്ഞതും പാറു അവനെ നോക്കി കണ്ണുരുട്ടി...

"അങ്ങനെ ഞാൻ പറഞ്ഞോ... ഇല്ലല്ലോ...എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളയാളെ തന്നെയാ കിട്ടിയിരിക്കുന്നത്... കുറച്ച് സങ്കടങ്ങൾ അനുഭവിച്ചെങ്കിലും ഒടുവിൽ ഈ മൊതലിനെ എനിക്ക് തന്നെ കിട്ടിയില്ലേ..." പാറു അവന്റെ ഇടതൂർന്ന താടിയിൽ പിടിച്ചു വലിച്ചു... "ആഹ്.. അടങ്ങിയിരിക്കെടി പെണ്ണേ.. ആളുകൾ ശ്രദ്ധിക്കുന്നു.. " പാറു ചുറ്റും നോക്കി... ചിലരെല്ലാം എന്തോ അത്ഭുതം കണ്ടത് പോലെ തുറിച്ചു നോക്കുന്നുണ്ട്.. അവൾക്കാകെ ചമ്മൽ തോന്നി... പിന്നീട് അടങ്ങിയൊതുങ്ങി നല്ലകുട്ടിയായി ജിത്തുവിനോടൊപ്പം ഫുഡ്‌ കഴിക്കാൻ പോയി... ******

തിരിച്ചു പോവാനുള്ള പാക്കിങ്ങിലാണ് പാറു...വലിച്ചു വാരിയിട്ടതെല്ലാം അത് പോലെ തന്നെ ബാഗിലേക്ക് കുത്തി നിറച്ചു... "നിന്റെ മുഖമെന്താ മത്തങ്ങ വീർത്തത് പോലെ വീർത്തിരിക്കുന്നത്... എന്തേലും പ്രശ്നമുണ്ടോ...? " ജിത്തു പതിയെ അവൾക്കരികിലേക്കിരുന്നു... "അതേയ് ജിത്തേട്ടാ... ഇത്രയൊക്കെയായ സ്ഥിതിക്ക് ഞാൻ തിരിച്ചു പോവണോ.." അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ തെരുത്തു പിടിച്ചവൾ കൊഞ്ചലോടെ ചോദിച്ചു.. "എത്രയുമൊക്കെ ആയ സ്ഥിതിക്ക്.. " ജിത്തു ഒന്നുമറിയാത്ത മട്ടിൽ അവളെ നോക്കി.. "ഓ,, ഒന്നുമറിയാത്ത ഇള്ളക്കുഞ്ഞ്... " അവൾ പരിഭവത്തോടെ അവനിൽ നിന്നും മുഖം വെട്ടിച്ചു... "ഹാ പിണങ്ങല്ലേ കുഞ്ഞാ ഞാൻ പറയട്ടേ..."

ജിത്തു അവളെ വലിച്ച് തന്റെ മടിയിലേക്കിരുത്തി അരയിലൂടെ ചുറ്റിപ്പിടിച്ചു... ജിത്തേട്ടനൊന്നും പറയണ്ട.. എന്നോട് ഒട്ടും സ്നേഹമില്ല ജിത്തേട്ടന്...അതുകൊണ്ടല്ലേ പോകാൻ നിർബന്ധിക്കുന്നത്... അവിടെ ചെന്നാൽ എനിക്ക് എത്രത്തോളം മിസ്സ്‌ ചെയ്യുമെന്നറിയോ ജിത്തേട്ടനെ..." അവൾ വീണ്ടും കൊഞ്ചി കൊണ്ടവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. "ഇനി എന്തൊക്കെ അടവെടുത്താലും അതിലൊന്നും ഞാൻ വീഴാൻ പോവുന്നില്ല.. പിന്നെന്തിനാ മോള് കഷ്ടപ്പെടുന്നേ... " കുസൃതിയൊളിപ്പിച്ചവൻ പറയുന്നത് കേൾക്കെ പാറു അവന്റെ നെഞ്ചിലൊന്നിടിച്ചു.. "ജിത്തേട്ടാ... " "എന്റെ കുഞ്ഞൻ പോയിട്ട് പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങി തിരിച്ചു വാ... നിനക്ക് എപ്പോഴെന്നെ കാണണമെന്ന് തോന്നുന്നോ അപ്പൊ ഞാനങ്ങോട്ട് ഓടിയെത്തില്ലേ.. പിന്നെന്താ..."

കരയാൻ തുടങ്ങുന്നവളെ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു വാത്സല്യത്തോടെ പറഞ്ഞു... "എന്നാലും ജിത്തേട്ടനെ വിട്ട് നിൽക്കുവാ എന്ന് പറയുമ്പോ നെഞ്ച് വിങ്ങുന്നു... " അവൾ പതം പറഞ്ഞു... അവളുടെ സങ്കടം കാണെ അവനും വിഷമം തോന്നുന്നുണ്ടെങ്കിലും താൻ കൂടി കരയുന്നത് കണ്ടാൽ അവളുടെ വിഷമം ഇരട്ടിക്കുമെന്ന് കരുതി തന്റെ നോവിനെ അമർത്തിപ്പിടിച്ചു... ഏറെ നേരം അവന്റെ നെഞ്ചോരം ചേർന്നിരുന്നവൾ തേങ്ങി....അവന്റെ പ്രണയചൂടിൽ ഉരുകിയൊലിക്കുമ്പോഴും അവനെ വിട്ടു നിൽക്കുന്ന സങ്കടം അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു... ***** പിറ്റേന്ന് രാവിലെ മീരയോട് യാത്ര പറഞ്ഞ് അവൾ ജിത്തുവിനൊപ്പം കാറിൽ കയറി...

കാറിൽ കയറിക്കഴിഞ്ഞാലും വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നവളന്ന് പതിവിലും വിപരീതമായി മൂകയായിരുന്നു...അവളുടെ വിഷമം അറിയാവുന്നത് കൊണ്ട് ജിത്തുവും സംസാരിക്കാൻ തുനിഞ്ഞില്ല... റെയിൽവേ സ്റ്റേഷനടുത്തുള്ള പാർക്കിന്റെ അരിക് പറ്റി കാർ പാർക്ക്‌ ചെയ്തപ്പോൾ പാറു നെറ്റിച്ചുളിച്ചവനെ നോക്കി... "ഇറങ്ങ്.. " അവർ കാറിൽ നിന്നും ഇറങ്ങി പാർക്കിനകത്തേക്ക് നടന്നു.. "എവിടേക്കാ ജിത്തേട്ടാ... " "താൻ വാ ഞാൻ പറയാം... " ജിത്തു അവളുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു...

ഇടക്ക് ഫോണെടുത്ത് ആർക്കോ മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു...അവൻ അവളുമായി ഒരു മരച്ചുവട്ടിലേക്കിരുന്നു... "ജിത്തേട്ടാ.. കാര്യം പറ.. എന്തിനാ നമ്മളിവിടേക്ക് വന്നത്.. " അവൾ അക്ഷമയോടെ ജിത്തുവിനെ നോക്കി... "കുറച്ചു നേരം കൂടെ ഇപ്പൊ വരും.. " ജിത്തു അവളെ സമാധാനപ്പെടുത്തി... പാറു പരിസരമൊക്കെ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന രണ്ട് പേരെ കണ്ടത്... അവൾ അമ്പരപ്പോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നിന്നു............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story