നീയും ഞാനും.. 🧡 ഭാഗം 66

neeyum njanjum shamseena

രചന: ശംസീന

അവൾ അക്ഷമയോടെ ജിത്തുവിനെ നോക്കി... "കുറച്ചു നേരം കൂടെ ഇപ്പൊ വരും.. " ജിത്തു അവളെ സമാധാനപ്പെടുത്തി... പാറു പരിസരമൊക്കെ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന രണ്ട് പേരെ കണ്ടത്... അവൾ അമ്പരപ്പോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നിന്നു... "വിച്ചേട്ടൻ... " ചുണ്ടുകൾ മന്ത്രിച്ചു... കൂടെയുള്ള നിമിഷയുടെ മുഖത്ത് പുഞ്ചിരിയാണേൽ വിച്ചുവിന്റെ മുഖം കടുപ്പിച്ചു തന്നെയായിരുന്നു.. ജിത്തു അവരെ കണ്ട് പുഞ്ചിരിച്ചെങ്കിലും വിച്ചു മുഖം വെട്ടിച്ചു... ചെറുപ്പത്തിൽ ക്രിക്കറ്റ് കളിക്കിടെ തോൽക്കുമെന്നുറപ്പായാൽ പരിഭവിച്ചു മാറി നിൽക്കുന്ന വിച്ചുവിന്റെ മുഖമവന് ആ സമയം ഓർമ വന്നു.. "ജിത്തു,, നമുക്കങ്ങോട്ട് മാറി നിൽക്കാം...ആങ്ങളയും പെങ്ങളും കൂടി എന്താന്ന് വെച്ചാ സംസാരിച്ചു തീർക്കട്ടെ.." നിമിഷം ചെറു ചിരിയുടെ അകമ്പടിയോടെ പറഞ്ഞു...

അവൻ നിമിഷയോടൊപ്പം പോവാൻ തുനിഞ്ഞതും പാറു കൈകൾ പിടിച്ചു പോവരുതെന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു... "സംസാരിക്ക്...നീയും ആഗ്രഹിച്ചിരുന്നതല്ലേ ഈയൊരു മുഹൂർത്തത്തിന് വേണ്ടി..." ജിത്തു കൈ വിടുവിച്ചു കുറച്ചപ്പുറത്തേക്ക് മാറി നിന്നു... അവൻ പോവുന്നതും നോക്കി നിന്ന വിച്ചു ഒരു ദീർഘനിശ്വാസം അയച്ചുവിട്ട് പാറുവിനെ നോക്കി... ഇരുവർക്കും എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന ചെറിയൊരു ആശങ്കയുണ്ടായിരുന്നു... വർഷങ്ങൾക്ക് ശേഷം നേരിൽ കാണുന്ന ജാള്യത ഇരുവരേയും പൊതിഞ്ഞു.... മുന്നിൽ നിൽക്കുന്ന വിച്ചു ഒന്നും സംസാരിക്കാത്തത് അവളുടെ മിഴികളെ ഈറനണിയിച്ചു...ഇനിയും തന്നോടുള്ള പിണക്കം മാറിയില്ലേ എന്നവൾ ചിന്തിക്കുന്നതിന് മുന്നേ വിച്ചു അവളെ ഇറുകെ പുണർന്നിരുന്നു... "മോളെ... " അവനിൽ നിന്നോരേങ്ങൽ പുറത്തേക്ക് വന്നു...

പാറു ഒരു നിമിഷം സ്തംഭിച്ചു നിന്നു... പിന്നീട് അവളുടെ കൈകളും അവനെ വരിഞ്ഞു മുറുക്കി... ഇരുവരുടേയും മിഴികൾ തോരാതെ പെയ്തു തുടങ്ങി... ഒരു വിളിപ്പുറത്തുണ്ടായിട്ടും വർഷങ്ങളിത്രയും തമ്മിൽ കാണാതെ മിണ്ടാതെ നടന്ന സങ്കടം ഒരു പേമാരിയായി പുറത്തേക്കൊഴുകി... ഈ രംഗങ്ങൾ കാണെ നിമിഷയുടെയും ജിത്തുവിന്റെയും ചൊടികളിൽ നിർവൃതിയുടെ മനോഹരമായാ പുഞ്ചിരി മൊട്ടിട്ടു... വിച്ചു പാറുവിനെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി നിറ മിഴികളാലെ തന്നെ നോക്കുന്നവളുടെ നെറുകയിൽ മുകർന്നു... അവളേയും ചേർത്ത് പിടിച്ചു സിമന്റ് പാകിയ ബെഞ്ചിലേക്കിരിക്കുമ്പോൾ അവന്റെ ഹൃദയം ആശ്വാസം പൂണ്ടിരുന്നു... "വിച്ചേട്ടന് എന്നോടിപ്പോഴും പിണക്കമാണോ...? " പാറു കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ടുകൾ പിളർത്തി ചോദിച്ചു ....

"ഇല്ലെടാ പൊന്നേ... ഏട്ടന് നിന്നോട് അന്നും ഇന്നും യാതൊരു പിണക്കവുമില്ല... നമ്മുടെ അമ്മക്ക് വേണ്ടി നിന്നെ മനഃപൂർവം അവഗണിക്കേണ്ടി വന്നു... അത് നിനക്കിത്രയും വേദന സമ്മാനിക്കുമെന്ന് ഏട്ടൻ കരുതിയില്ലെടാ..." വിച്ചു അവളുടെ മിഴിനീർ തുള്ളികളെ തുടച്ചു മാറ്റി...വിച്ചേട്ടന് നിന്നോട് പിണക്കമൊന്നുമില്ലെന്ന് അന്ന് അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ നിമിഷ പറഞ്ഞതവൾക്ക് ഓർമ വന്നു... "ഞാൻ.. ഞാനൊന്നും അറിഞ്ഞിട്ടല്ല.. അന്നത്തെ ആ പ്രശ്നം..." പറയുന്നതിനൊപ്പം അവളിൽ നിന്നൊരു തേങ്ങൽ പുറത്തേക്കുതിർന്നു... "അറിയാം പൊന്നാ... ഏട്ടന് എല്ലാം അറിയാം... പക്ഷേ നിന്റെ വേദന മനസ്സിലാക്കാൻ ഏട്ടന് കഴിയാതെപോയി... മാത്രവുമല്ല അതിന് മറ്റൊരാളുടെ സഹായവും വേണ്ടി വന്നു... നീ ഏട്ടനോട് ക്ഷമിക്കില്ലെടി..." വിച്ചു വേദനയോടെ അവളുടെ കൈകൾ കവർന്നു പിടിച്ചു... "വിച്ചേട്ടാ..ഏട്ടന്റെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ... എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നടന്നതല്ലേ... എനിക്ക് ജിത്തേട്ടനോട് പ്രണയമുണ്ടായിരുന്നു എന്നത് ശെരി തന്നെയാണ്...

പക്ഷേ ആൾടെ വിവാഹം ഉറപ്പിച്ചപ്പോൾ ആ പ്രണയം ഞാൻ ഉപേക്ഷിക്കാൻ തയ്യാറായി,,, പക്ഷേ എന്നെക്കൊണ്ടതിന് കഴിഞ്ഞില്ല... എന്നിട്ടും നിങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി മാത്രമാണ് ഞാൻ അന്ന് ആ വിവാഹത്തിന് സമ്മതം മൂളിയത്..." പാറു തന്റെ ഭാഗം തുറന്നു പറഞ്ഞു...ഇനിയും ഒരാളുടേയും മുന്നിൽ തെറ്റുകാരിയായി നിൽക്കാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല... "ജിത്തുവുമായിട്ടുള്ള വിവാഹം നടക്കാനായിരിക്കും നിന്റെ യോഗം... അതല്ലേ അത്രയേറെ പ്രശ്നങ്ങൾക്കിടയിലും ഈശ്വരൻ നിങ്ങളെ ചേർത്ത് വെച്ചത്... നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ എനിക്കിപ്പോ സന്തോഷമേയുള്ളൂ...ആരേക്കാളും നന്നായി ജിത്തു നിന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്..." വിച്ചുവിന്റെ കണ്ണുകൾ നിമിഷയോട് സംസാരിച്ചു നിൽക്കുന്ന ജിത്തുവിലേക്ക് നീണ്ടു... അവന്റെ കൺകോണിൽ ഒരു നീരുറവ പൊടിഞ്ഞു....

ഒരു നിമിഷത്തേ തെറ്റിദ്ധാരണയുടെ പുറത്ത് തന്റെ നിഴല് പോലെ നടന്ന ഉറ്റകൂട്ടുകാരനെ തള്ളിപ്പറഞ്ഞ നോവിൽ അവന്റെ മനം വേദനപൂണ്ടു... "വിച്ചേട്ടാ.. അമ്മ.. അമ്മക്കിപ്പോഴും എന്നോട് പിണക്കം തന്നെയാണല്ലേ...!" "മ്മ്,,, നിനക്കറിയാലോ അമ്മയുടെ വാശി... ആ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നത് കൊണ്ടാണ് ഇത്രയും വർഷം നിന്നെ അകറ്റി നിർത്തേണ്ടി വന്നത്... ഇനിയും വയ്യ മോളെ നിന്നെ പിരിഞ്ഞു ജീവിക്കാൻ... അമ്മയെ പതിയെ പറഞ്ഞു മനസ്സിലാക്കണം... പിണക്കമെല്ലാം മാറി അമ്മയുമായി നിന്നെ ഞാൻ കാണാൻ വരും..." വിച്ചു അവളുടെ കൈകളിൽ വാത്സല്യത്തോടെ തഴുകി... പാറു ഒരിക്കൽ കൂടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... വിച്ചു അവളെ ചേർത്ത് പിടിച്ചു നെറുകിൽ തലോടി കൊണ്ടിരുന്നു... "കഴിഞ്ഞോ ഏട്ടന്റെയും കുഞ്ഞുപെങ്ങളുടെയും കരച്ചിലും പരിഭവം പറയലുമൊക്കെ... "

നിമിഷയും ജിത്തുവും അവരുടെ അടുത്തേക്ക് വന്നു... വിച്ചുവും പാറുവും പരസ്പരം നോക്കി ചിരിച്ചു അകന്നു മാറി.. "ഹോ ഇപ്പോഴാ സമാധാനമായത്... എന്തോരം പണിപ്പെട്ടന്നോ ഈ കലിപ്പനേയും വലിച്ചു ഇങ്ങോട്ട് കൊണ്ടുവരാൻ... കൊണ്ടുവന്നപ്പോഴോ നമ്മള് പുറത്ത് നിങ്ങള് ആങ്ങളും പെങ്ങളും അകത്ത്..." നിമിഷ ഊരക്ക് കൈ കൊടുത്ത് അവരെ കൂർപ്പിച്ചു നോക്കി... "ഈ ഏട്ടത്തിക്ക് അസൂയയാണേട്ടാ... " നിമിഷയെ നോക്കി മുഖം വീർപ്പിച്ചു പാറു വീണ്ടും വിച്ചുവിനെ ചുറ്റിപ്പിടിച്ചു.. "ഞാനില്ലെങ്കിൽ കാണാമായിരുന്നു...രണ്ടും ഇപ്പോഴും കീരിയും പാമ്പും പോലെ നടന്നേനെ... അല്ലേ ജിത്തു..." എല്ലാം കണ്ട് കൊണ്ട് ചിരിയോടെ നിൽക്കുന്ന ജിത്തുവിനോടായി നിമിഷ ചോദിച്ചതും അവൻ അതേയെന്ന മട്ടിൽ തലയനക്കി... വിച്ചു പാറുവിൽ നിന്നും മാറി ജിത്തുവിനരികിലേക്ക് വന്നു... "സോറി ഡാ... നിന്നെ ഞാൻ മനസ്സിലാക്കാതെ പോയി...

ഒത്തിരി വേദനിപ്പിച്ചു... സോറി.." കെട്ടിപ്പിടിച്ചു ഇടറുന്ന ശബ്‍ദത്തോടെ പറയുന്ന വിച്ചുവിന്റെ പുറത്തവൻ സാരമില്ലെന്ന പോലെ തട്ടി... "ഇപ്പോഴെങ്കിലും നിനക്ക് വെളിവും വെള്ളിയാഴ്ചയും വന്നല്ലോ അതുമതി... " യാതൊരു തരത്തിലുള്ള ഈർഷ്യയും മനസ്സിൽ വെക്കാതെ ജിത്തു കുറുമ്പോടെ പറഞ്ഞതും വിച്ചു അവന്റെ വയറ്റിൽ നല്ലത് പോലെ പഞ്ച് ചെയ്തു... "നീ മനുഷ്യനെ കൊല്ലുമോടാ...?" ജിത്തു വയറിൽ അമർത്തി കല്ലിച്ചവനെ നോക്കിയതും വിച്ചു അവന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... നാല് പേരുടേയും ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിടർന്നു...കാറും കോളും വിട്ടകന്ന ആകാശത്തെ പോലെ തെളിഞ്ഞ മനസ്സോടെ അവർ കുറച്ചു നേരം കൂടെ അവിടെ ചിലവിട്ടു... "ഞങ്ങളെന്നാലങ്ങോട്ട്... ട്രെയിനിന് സമയമായി..." ജിത്തു വാച്ചിലേക്ക് നോക്കി ധൃതി കൂട്ടി....

"എന്നാ ശെരി നിങ്ങള് പോയി വാ...ഞങ്ങളും ഇറങ്ങുവാ,, ഇപ്പോൾ തന്നെ എവിടെയെന്നു ചോദിച്ചു അമ്മ ഒരു നൂറ് തവണയെങ്കിലും വിളിച്ചിട്ടുണ്ട്..." വിച്ചു പറഞ്ഞു... പാറുവും ജിത്തുവും യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി... "താങ്ക് യു... " അവർ പോയതും നിമിഷയുടെ ഇരു ചുമലിലും കൈകളമർത്തി വിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... "എന്തിന്... " "എന്റെ പ്രാണനായിരുന്നവരെ തിരികെ തന്നതിന്..." "അപ്പൊ ഞാൻ നിങ്ങടെ ആരുമല്ലേ മനുഷ്യാ.... " അവൻ ആർദ്രമായി പറയവേ അവൾ വെറുതെ പരിഭവിച്ചു.... "നീയല്ലേ എന്റെ എല്ലാം... നീയില്ലെങ്കിൽ ഇന്ന് ഞാൻ ഏകനാണ്... എന്റെ ഒരു ദിനം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലല്ലേ അപ്പൊ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ...

ഇനി അത്രക്ക് പരിഭവമാണേൽ അത് മാറ്റിയെടുക്കാനുള്ള വഴിയൊക്കെ എന്റെ അടുത്തുണ്ട്..." വിച്ചുവിന്റെ നോട്ടം അവളുടെ ചുവന്ന ചുണ്ടുകളിൽ എത്തി നിന്നു... "അങ്ങനെയിപ്പോ മാറ്റേണ്ട... എന്റെ പഞ്ചാരകുഞ്ചു വീട്ടിലേക്ക് നടന്നാട്ടെ..ഇതേ പൊതു സ്ഥലമാണ്...." നിമിഷയവന്റെ തള്ളിമാറ്റി... അവളിൽ നാണത്തിൻറെ അലകൾ പൂവിട്ടു...രാത്രിയിൽ ഈ പരിഭവമെല്ലാം തീർക്കാമെന്നവൻ കാതോരം വന്നു സ്വകാര്യമായി പറയുമ്പോൾ അവളുടെ ഉടലാകെ കുളിരുകോരി... അവളേയും ചേർത്ത് പിടിച്ചു നടക്കുമ്പോൾ അവന്റെയുള്ളിലും അവളോടുള്ള അടങ്ങാത്ത പ്രണയം പതിവിനേക്കാളേറെ തളിരിട്ട് തുടങ്ങിയിരുന്നു...........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story