നീയും ഞാനും.. 🧡 ഭാഗം 68

neeyum njanjum shamseena

രചന: ശംസീന

രാവിലെ ജിത്തു തിരിച്ചു പോവാൻ റെഡിയായി... കട്ടിലിലിരുന്ന് പരിഭവം പറയുന്ന പാറുവിനെ മുടി ചീകിയൊതുക്കുന്നതിനിടയിൽ കണ്ണാടിയിലൂടെ കണ്ടെങ്കിലും തിരിഞ്ഞു നോക്കിയില്ല... ഒരു പക്ഷേ അവളെ കാണുമ്പോൾ ചിലപ്പോൾ തന്റെ പിടിയും വിട്ടുപോവും... രാത്രി മുതൽ തുടങ്ങിയതാണ് പരിഭവം പറച്ചിലും കണ്ണ് നിറക്കലും,, ഒന്നര വർഷം കൂടെ എങ്ങനെയെങ്കിലും തള്ളി നീക്കിയിട്ട് വേണം അവളെ എന്നും തന്റെ കൂടെ നിർത്താൻ.. ജിത്തു ബാഗിൽ എല്ലാ സാധനങ്ങളും എടുത്ത് വെച്ചില്ലേയെന്ന് ഒന്നുകൂടെ ഉറപ്പു വരുത്തി... അവൻ മുറിക്ക് പുറത്തേക്ക് ധൃതിയിൽ പോവാൻ തുടങ്ങിയതും പാറു മുന്നിൽ വന്നു നിന്നു.. "എന്നോട് പറയാതെ പോകുവാണോ... " അവന്റെ കണ്ണുകളിലേക്ക് നോക്കിയവൾ ചോദിച്ചു... നിറഞ്ഞു തുളുമ്പാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന മിഴിനീർ തുള്ളികൾ കാണെ അവന്റെ നേത്ര ഗോളങ്ങളിലും ഒരു നീർതുള്ളി ഉരുണ്ട് കൂടി... അവളെ നെഞ്ചോട് ചേർത്ത് നെറുകയിൽ അമർത്തി ചുംബിച്ച് താഴേക്ക് പോയി..

.ഇനിയും അവളുടെ അരികിൽ നിൽക്കുവാണേൽ അവളേയും കൂടെ കൂട്ടാൻ തന്റെ മനസ്സ് നിർബന്ധം പിടിക്കും...കൊച്ചു കുഞ്ഞുങ്ങളെ പോലെ വാശിപിടിക്കും... ടീച്ചർക്ക് ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിനാൽ കിരൺ അവർക്ക് പോവാനൊരു ടാക്സി അറേഞ്ച് ചെയ്തിരുന്നു...ഉമ്മറത്ത് നിൽക്കുന്ന ടാക്സിയിലേക്ക് ബാഗുകൾ എടുത്ത് വെച്ചു... എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറുമ്പോൾ അവന്റെ മിഴികൾ ഒരുവട്ടം കൂടെ പാറുവിനെ തേടി.... അവളുടെ അസാന്നിധ്യം മനസ്സിൽ നോവ് പടർത്തി... കലങ്ങിയ കണ്ണുകളോടെ സീറ്റിലേക്ക് ചാരിക്കിടക്കുമ്പോൾ കണ്ടു ജ്യോതിയുടെ തോളിൽ തലചായ്ച്ചു നോവോടെ തന്നെ നോക്കുന്ന പ്രിയപ്പെട്ടവളെ... ചുണ്ടിന്റെ കോണിൽ അവൾക്കായി മാത്രം തളിരിട്ട പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി ആ കുഞ്ഞു മുഖം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴത്തിൽ പതിപ്പിച്ചു...കാർ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് അവളുടെ രൂപം പൊട്ടുപോലെ മാഞ്ഞു മാഞ്ഞു അകലങ്ങളിലേക്ക് പോയി...

അവൾ നൽകിയ ചുംബന ചൂടും നിശ്വാസങ്ങളുടെ നേർത്ത തണുപ്പും ശരീരത്തിലിപ്പോഴും തങ്ങി നിൽക്കുന്നത് പോലെ... കൊഞ്ചിയുള്ള ജിത്തേട്ടാ എന്നുള്ള വിളിയും ചിരിയൊച്ചകളും കാതിൽ അലയടിക്കുന്ന പോലെ... അവളുടെ ഓർമകളെ മനസ്സിലേക്കാവാഹിച്ചു വിരഹവും പേറിയവൻ യാത്ര തുടർന്നു... ****** ജിത്തു പോയ വിഷമത്തിലിരിക്കുന്ന പാറുവിനെ കാവേരി പിടിച്ചു വലിച്ചു കോളേജിലേക്ക് കൊണ്ടുപോയി... അവളെ ക്ലാസ്സ്‌ മുറിയിലാക്കിയ ശേഷം കാവേരി തന്റെ ഡിപ്പാർട്ട്മെന്റിലേക്ക് നടന്നു... കുറേ ദിവസത്തിന് ശേഷം ക്ലാസ്സിലേക്ക് വന്ന പാറുവിന് വല്ലാത്ത വിരസത തോന്നി... എങ്ങനേയും ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോയാൽ മതിയെന്നായി... ക്ലാസ്സിനിടയിലിരുന്ന് ഉറക്കം തൂങ്ങിയ അവളെ പല തവണ സാറ് കയ്യിലിരുന്ന ചോക്ക് കഷ്ണം എറിഞ്ഞു ഉണർത്തി...

അവസാനം സഹിക്കെട്ടവളെ ക്ലാസ്സിൽ നിന്നും പുറത്താക്കി... ആ സമാധാനത്തിലവൾ കാന്റീനിൽ നിന്നൊരു ജ്യൂസും കുടിച്ച് ഗ്രൗണ്ടിലെ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു... ഓർമ്മകളത്രയും ജിത്തേട്ടനരികിലാണ്... പ്രേമിക്കുമ്പോൾ തോന്നാത്തത്രയും വിരഹ വേദനയാണിപ്പോൾ... അവന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങി വിയർത്തൊലിച്ചു നാണത്തോടെ നെഞ്ചിലേക്ക് പതുങ്ങിക്കിടന്നവളിന്ന് അവനില്ലായ്മയിൽ ഉരുകിയൊലിക്കുകയാണ്... തന്നെ പ്രണയത്തോടെ ചുംബിക്കുന്ന,, വാരിപുണരുന്ന,,, സ്വകാര്യം പറയുന്ന,,, ജിത്തുവിന്റെ മുഖം ഹൃദയത്തെ കൊളുത്തി വലിക്കുന്നപോലെ... തന്നിൽ നിന്ന് അകന്ന് പോയിട്ട് നിമിഷങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ആ നെഞ്ചോട് ചേരാൻ ഹൃദയം വെമ്പുന്ന പോലെ... ഫോണെടുത്ത് എവിടെയെത്തി എന്ന് ചോദിച്ച് ജിത്തുവിനൊരു മെസ്സേജ് അയച്ചു.. കുറച്ചു ദൂരം കൂടെയുണ്ടെന്ന് പറഞ്ഞു അവന്റെ മറുപടിയും വന്നു.. എത്തിയാൽ വിളിക്കാമെന്നും പറഞ്ഞവൻ ഓൺലൈനിൽ നിന്നും പോയി... പാറു നിരാശയോടെ ഫോൺ തിരികെ ബാഗിലേക്ക് വെച്ചു...

സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നിയതും അവൾ കോളേജ് മുഴുവനും ചുറ്റിക്കണ്ടു...ഇവിടേക്ക് വരാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ആദ്യമായിട്ടാണ് മുഴുവനും കാണുന്നത്... ലഞ്ച് ബ്രേക്കായതും ഫോണെടുത്ത് കാവേരിയെ വിളിച്ചു വരുത്തി.... ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പങ്കുവെക്കാൻ വിശേഷങ്ങളൊത്തിരിയായിരുന്നു... ഉച്ചക്ക് ശേഷം ലീവാക്കാമെന്ന് പാറു പറഞ്ഞു... അന്നൊരു തവണ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് കറങ്ങാൻ പോയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂട് ഇപ്പോഴും പിൻഭാഗത്ത് തങ്ങി നിൽക്കുന്നത് കൊണ്ട് അവളുടെ മോഹന വാഗ്ദാനങ്ങളിൽ കാവേരി വീണില്ല....അവളോട് പിണങ്ങി പാറു ചാടിത്തുള്ളി ക്ലാസ്സിലേക്ക് പോയി... വീണ്ടും വിരസതയുടെ മണിക്കൂറുകൾ... എങ്ങനെയൊക്കെയോ വൈകുന്നേരം തള്ളിനീക്കി... ബാഗെടുത്ത് ദൃതിയിൽ ക്ലാസ്സിന് പുറത്തേക്കോടുന്ന തന്നെ ഏതോ അത്ഭുത ജീവിയെ പോലെ പിള്ളേർ നോക്കിക്കാണുന്നുണ്ടായിരുന്നു...

കോളേജ് കാവാടത്തിന് പുറത്തെത്തിയതും ആദ്യമെടുത്ത് നോക്കിയത് ഫോണാണ്... ജിത്തേട്ടന്റെ രണ്ട് മൂന്ന് മിസ്സ്‌ കാളുകൾ കിടപ്പുണ്ടെന്ന് കണ്ടതും പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു... ആ കനത്ത സ്വരം കാതിൽ വന്നു പതിച്ചപ്പോൾ ജീവശ്വാസം തിരിച്ചു കിട്ടിയ പോലെയായിരുന്നു... കുറച്ചു നേരം വിശേഷമൊക്കെ പറഞ്ഞിരുന്നപ്പോഴേക്കും കാവേരിയും വന്നിരുന്നു..അവളോടൊപ്പം സ്കൂട്ടിയുടെ പിന്നിൽ കയറുമ്പോഴും വർത്തമാനം തുടർന്നു കൊണ്ടേയിരുന്നു...ഏറെ നേരം സംസാരം നീണ്ടു പോയി... കുറച്ചു കഴിഞ്ഞതും അല്പം ജോലിയുണ്ടെന്ന് പറഞ്ഞു ജിത്തു ഫോൺ വെച്ചു... പിന്നെ കാവേരിയോടായി സംസാരം... ചെവിതല കേൾപ്പിക്കാതെയുള്ള പാറുവിന്റെ വർത്തമാനത്തിന് വെറുതെ മൂളിക്കൊടുത്ത് കാവേരി ഡ്രൈവിംങ്ങിലേക്ക് ശ്രദ്ധ കൊടുത്തു... മെയിൻ റോഡ് കഴിഞ്ഞ് വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡിലേക്ക് കടന്നതും വേഗത്തിൽ വന്നൊരു ഡ്യൂക്ക് അവരുടെ മുന്നിൽ സഡൻ ബ്രെക്കിട്ട് നിന്നു...കാവേരിയും പെട്ടന്ന് ബ്രേക്ക്‌ പിടിച്ചതും അവർ മുന്നിലേക്കൊന്നാഞ്ഞു...

"ഏതാടി ഈ വധൂരി.." പാറു ശബ്‍ദം താഴ്ത്തി ചോദിച്ചു.. "ജീവിക്കാൻ വലിയ മോഹമൊന്നുമില്ലാത്തവനാണെന്നുറപ്പാ.. " പറഞ്ഞിട്ട് കാവേരി അയാളെ തുറിച്ചു നോക്കി... ഹെൽമെറ്റ് തലയിൽ നിന്നും ഊരി ചെമ്പൻ തലയിലെ മുടി കുടഞ്ഞു പിന്നിലേക്ക് വിരലുകൾ കൊണ്ട് കൊതിയൊതുക്കി ഡ്യുക്കിൽ വന്ന ചെറുപ്പക്കാരൻ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു... അവന്റെ സൗന്ദര്യത്തിൽ മയങ്ങിയ കാവേരി കണ്ണുകൾ തുറിച്ച് വായും പൊളിച്ചവനെ നോക്കി നിന്നു... അവൻ ബൈക്ക് സ്റ്റാന്റിലിട്ട് അവരുടെ അടുത്തേക്ക് വന്നതൊന്നും അവളറിഞ്ഞിരുന്നില്ല... അവന്റെ ചിരിയടക്കിപ്പിടിച്ചുള്ള നോട്ടം കണ്ട് പാറു അവളുടെ തോളിൽ തല്ലിയതും കാവേരി സ്വപ്‌നലോകത്ത് നിന്നും ഞെട്ടിയുണർന്നു... "Hello i'am അഖിൽ... " അവൻ കാവേരിക്ക് നേരെ കൈ നീട്ടി... ആ നിമിഷം അവളുടെയുള്ളിലെ പിടക്കോഴി സടകുടഞ്ഞെഴുന്നേറ്റു... തന്റെ കയ്യിലേക്കൊന്ന് നോക്കി തിരികെ കൈ കൊടുക്കാൻ നിന്നതും പാറു അവളുടെ കൈ തട്ടിമാറ്റി...കാവേരി കണ്ണുകൾ കൂർപ്പിച്ചവളെ നോക്കിയതും പാറു തിരികെ കണ്ണുരുട്ടിയവളെ ശാസിച്ചു നിർത്തി..

"ഇയാൾക്കെന്ത് വേണം,, എന്തിനാ വഴി തടഞ്ഞത്..." പാറു കടുത്ത മുഖത്തോടെ ചോദിച്ചു.. 'കൂട്ടുകാരി ഭയങ്കര ദേഷ്യക്കാരിയാണെന്ന് തോന്നുന്നല്ലോ...? " അഖിൽ കാവേരിയെ നോക്കി ചോദിച്ചതും അവൾ പാറുവിനെ നോക്കി പല്ല് കടിച്ചു.. "ഇയാൾ വഴിയിൽ നിന്ന് മാറിയാട്ടെ.. ഞങ്ങൾക്ക് പോയിട്ടല്പം തിരക്കുണ്ട്.. " "ഒരഞ്ചു മിനിറ്റ് എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊക്കോ.. " അവൻ കെഞ്ചി... പാറു എന്താണെന്നർത്ഥത്തിൽ അവനെ നോക്കി.. "എനിക്കീ കുട്ടിയേ ഭയങ്കര ഇഷ്ടമാ...ഇഷ്ടമെന്ന് പറഞ്ഞാൽ കുറേ നാളായിട്ട് ഞാനിവളുടെ പിറകെ തന്നെയാ.. നിങ്ങളെന്നെ കണ്ടിട്ടില്ലെന്ന് മാത്രം... ഞാൻ അമ്മയേയും കൂട്ടി ഇയാളെ പെണ്ണ് കാണാൻ വന്നോട്ടെ.." കാവേരിയെ നോക്കിയിട്ടുള്ള അവന്റെ പ്രസ്ഥാവനയിൽ അവളും പാറുവും പകച്ചു പണ്ടാരമടങ്ങി.. ഇത്രയും സമയം അവനെ വായിനോക്കി നിന്ന കാവേരിയുടെ മിഴികൾ താനെ നോട്ടം മാറ്റി..

"അതിനാണോ താൻ വഴി തടഞ്ഞത്.. വീട്ടിലേക്ക് വന്നു ചോദിച്ചാൽ പോരെ... " പാറുവിന്റെ നെറ്റിചുളിഞ്ഞു... "മതിയായിരുന്നു... പക്ഷേ ഇയാൾക്ക് വേറെ ആരോടെങ്കിലും പ്രേമം ഉണ്ടോയെന്ന് മുൻകൂട്ടി അറിഞ്ഞാൽ അവിടം വരെ വന്നു മടങ്ങേണ്ട ആവശ്യമില്ലല്ലോ,, അതുകൊണ്ടാ ഞാൻ... " അവൻ ജാള്യതയോടെ തലയുടെ പിൻവശം ചൊറിഞ്ഞു... "ഇയാളാള് കൊള്ളാലോ.." പാറു അവനെ അടിമുടിയൊന്ന് നോക്കി.. "താൽക്കാലത്തേക്കിവൾക്ക് പ്രണയമൊന്നുമില്ല ഇനി പക്ഷേ നാളെ ഉണ്ടായിക്കൊള്ളണമെന്നുമില്ല.. അതുകൊണ്ട് പൊന്നുമോൻ വന്ന വഴിയേ വണ്ടി തിരിച്ചു വിട്ടോ.." പാറു പറഞ്ഞതും മറുപടിക്ക് കാത്ത് നിൽക്കാതെ കാവേരി അവനെ മറികടന്നു പോയി... തങ്ങൾ പോവുന്നതും നോക്കി നിരാശയോടെ നിൽക്കുന്ന അഖിലിനെ കാവേരി തിരിഞ്ഞു നോക്കി മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു...

അത് കാണെ അവനും തിരികെയൊരു പുഞ്ചിരി സമ്മാനിച്ച് ബൈക്കും എടുത്ത് തിരികെ പോയി.. "ചെക്കന് അസ്ഥിക്ക് പിടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. അതാ ഇന്നൊരു വഴിതടയൽ പ്രതിഷേധം... " പാറു കുറുമ്പോടെ പറഞ്ഞു... "വരട്ടെ നോക്കാം... " അവന്റെ മുഖം വീണ്ടും ഓർത്തെടുത്ത് കൊണ്ട് കാവേരി മറുപടി പറഞ്ഞു... വീട്ടിലെത്തിയിട്ടും കാവേരിയുടെ മനസ്സിൽ നിന്ന് വൈകുന്നേരം നടന്ന രംഗങ്ങൾ മാഞ്ഞു പോകുന്നില്ലായിരുന്നു.. കണ്ണടച്ചാലും തുറന്നാലും അവന്റെ ചെമ്പൻ മുടിയിഴകളും കുസൃതി നിറഞ്ഞ നോട്ടവും മനസ്സിലേക്കോടിയെത്തുന്നു....അവൾ കണ്ണുകൾ ഇറുകെ മൂടി ബെഡിലേക്ക് ചാഞ്ഞു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story