നീയും ഞാനും.. 🧡 ഭാഗം 69

neeyum njanjum shamseena

രചന: ശംസീന

പാറുവിന് തനിയേ ഒരു വീട് കൊണ്ടു നടത്തി പരിചയമില്ലാത്തത് കൊണ്ട് ടീച്ചർ തിരിച്ചു വന്നപ്പോഴേക്കും ഒരു വിധമൊക്കെ അലങ്കോലപ്പെട്ടു കിടപ്പുണ്ട് അകവും പുറവുമൊക്കെ... ടീച്ചർക്ക് ദേഷ്യമൊന്നും തോന്നിയില്ല... വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് നിർബന്ധമുള്ള ജിത്തുവിനെന്തോ അമ്മയുടെ മുഖത്ത് നോക്കാൻ ജാള്യത തോന്നി... ടീച്ചർ ഒരരികിൽ നിന്ന് ഓരോന്നായി ചെയ്തു തുടങ്ങിയപ്പോൾ അവനും കൂടെ കൂടി... അകത്തെ ജോലിയെല്ലാം ഒരുവിധം ഒതുങ്ങിയപ്പോൾ ബാക്കി ഞാൻ ചെയ്‌തോളാമെന്ന് പറഞ്ഞു ടീച്ചർ അവനെ പറഞ്ഞു വിട്ടു... ജിത്തു മുറ്റത്ത് മുളച്ച പുല്ല് പറിച്ചു ചപ്പിലകളെല്ലാം അടിച്ചു വാരിക്കൂട്ടി തീയിട്ടു... അപ്പോഴേക്കും നേരം സന്ധ്യ മയങ്ങിയിരുന്നു... മുഷിഞ്ഞിട്ട് വീടിനകത്തേക്ക് കയറാതെ അഴയിൽ കിടന്നിരുന്ന തോർത്തും ലുങ്കിയുമെടുത്ത് കുളത്തിലേക്ക് നടന്നു...

ഇരുളിന്റെ നിഷബ്ദതയിൽ അവന്റെ ചെരുപ്പും കരിയിലകളും നേർത്ത ഉരസൽ ശബ്‍ദത്തോടെ പ്രണയം പങ്ക് വെച്ചു...പാടത്തിനോട് ചേർന്നുള്ള കുളത്തിൽ രാത്രിയിൽ വരാൻ ആരുമൊന്ന് ഭയക്കും...പൂർണ ചന്ദ്രന്റെ നിലാവിൽ കുളത്തിലെ ജലം വൈരം പോലെ തിളങ്ങി... ഒതുക്കുകളിറങ്ങി ഉടുത്തിരുന്ന മുണ്ട് മാറ്റി തോർത്തെടുത്തുടുത്ത് കുളത്തിലേക്ക് ചാടി മുങ്ങാം കുഴിയിട്ടു... ശരീരമാകെയൊന്നുലച്ചു കൊണ്ട് മുങ്ങി നിവർന്നതും കുളത്തിലേക്ക് വലിയ ശബ്‍ദത്തോടെ എന്തോ ഒന്ന് വന്നു ചാടി... അവനൊന്ന് ഭയന്ന് പിന്നോട്ട് മാറിയെങ്കിലും പടവിലിരിക്കുന്ന ഷർട്ടും മുണ്ടും കണ്ടപ്പോൾ അത് വിച്ചുവാണെന്ന് മനസ്സിലായി... വിച്ചു വെള്ളത്തിൽ നിന്നും ഉയർന്നു പൊന്തി അവനെ നോക്കി ചിരിച്ചു... "പന്നി... മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി... " ജിത്തു അടിക്കാനായി കയ്യുയർത്തിയതും വിച്ചു വേഗത്തിൽ മുന്നോട്ട് നീന്തിയിരുന്നു... ജിത്തു പിറകെ നീന്തി... ഇരുവരും മത്സരിച്ച് നീന്തിയെങ്കിലും തളർച്ച തോന്നിയപ്പോൾ കിതപ്പോടെ പടവിലേക്ക് ചാരി നിന്നു...

"ട്രിവാൻഡ്രത്ത് നിന്ന് എപ്പോ എത്തി.. " വിച്ചു മുഖത്തെ വെള്ളം കൈകൊണ്ട് വകഞ്ഞു മാറ്റി... "ഉച്ചയോടെ എത്തി... നീയിന്ന് കടയിൽ പോയില്ലേ.." "ഇല്ല ലീവാക്കി... നിമ്മിക്കൊരു പനി...ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ട് വന്നതേയുള്ളൂ..." "മ്മ്.. " കുറച്ചു സമയം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി... "ഇവിടെ വന്നിരുന്ന് ഇത് പോലെ കൊച്ചു വർത്തമാനമൊക്കെ പറഞ്ഞിരുന്നത് ഒരുപാട് മിസ്സ്‌ ചെയ്തു അല്ലേ വിച്ചു.. " കനത്ത ഇരുട്ടിലേക്ക് മിഴികൾ പായിച്ചു ജിത്തു ചോദിക്കേ വിച്ചു അലസമായി മൂളി... "ഇനി ഇതെല്ലാം മധുരമുള്ള ഓർമ്മകൾ മാത്രമായിരിക്കുമെന്നാണ് കരുതിയിരുന്നത്... എല്ലാം വീണ്ടും തിരിച്ചു കിട്ടിയപ്പോൾ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമാണ്..." ജിത്തു വിച്ചുവിനെ നോക്കി... ഓർമ്മകൾ ഇരുവരുടെയുള്ളിലും വലിയൊരു സ്ഫോടനം തന്നെ സൃഷ്ടിക്കുന്നുണ്ടായിരുന്നു... "പഴയതെല്ലാം ചികഞ്ഞത് കൊണ്ടെന്ത്‌ പ്രയോജനം ജിത്തു... സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു എല്ലാം നല്ലതിനാണെന്ന് കരുതി സമാധാനിക്കാം..." വിച്ചു വീണ്ടും മുങ്ങി നിവർന്നു...

"അതേ എല്ലാം നല്ലതിനായിരുന്നു... ദൈവം എന്നിൽ നിന്ന് തട്ടിയെടുത്തതിന് പകരം അതിനേക്കാൾ നല്ലതിനെ കൈ വെള്ളയിലേക്ക് വെച്ച് തന്നു.. ഞാൻ കാരണം അവളൊരുപാട് വേദനിച്ചിട്ടുണ്ട് കണ്ണീരൊഴുക്കിയിട്ടുണ്ട് അതിനെല്ലാം പ്രായശ്ചിതം ചെയ്തു കൊണ്ടിരിക്കുവാണ് ഞാനിപ്പോൾ..." പാറുവിന്റെ ഓർമയിൽ അവന്റെ ഉള്ളം കുളിർന്നു... "പ്രായത്തിന്റെതായ കുറച്ച് പക്വത കുറവുണ്ടെങ്കിലും എന്റെ പാറു പാവമാടാ... ഞാനും അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്റെ ഈ കൈകൾ കൊണ്ട് പ്രഹരമേൽപ്പിച്ചിട്ടുണ്ട് അതിനേക്കാൾ മൂർച്ചയുള്ള വാക്കുകൾ അവൾക്ക് നേരെ തൊടുത്തു വിട്ടിട്ടുണ്ട്... ഈ പാപമെല്ലാം ഏത് ഗംഗയിൽ കൊണ്ടൊഴുക്കിയാലും തീരില്ലെടാ..." വിച്ചുവിന്റെ കണ്ണുകളിൽ നനവ് പടർന്നു... "ഏതൊരു പ്രതിസന്ധി ഘട്ടത്തിലും അവളുടെ കൂടെ നിന്ന് ചേർത്ത് നിർത്തി സ്നേഹിച്ചാൽ മതി വിച്ചു എല്ലാം പാപവും താനെ ഒഴുകി പൊക്കോളും..."

ജിത്തു വിച്ചുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു... "ടീച്ചർക്കും ജ്യോതിക്കുമൊക്കെ എന്നോട് ദേഷ്യമായിരിക്കുമല്ലേ.. അത് പോലെയായിരുന്നല്ലോ എന്റെ പ്രവർത്തികൾ... " "നിന്നോടാർക്കും ഒരു ദേഷ്യവുമില്ല വിച്ചു എല്ലാം നിന്റെ തോന്നലുകളാണ്...കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അമ്മ നിന്നേയും നിമിഷയേയും വീട്ടിലേക്ക് ക്ഷണിക്കണമെന്ന് പറഞ്ഞു ഒറ്റക്കാലിലാണ്... എനിക്കും കൂടി ഒഴിവുള്ളൊരു ദിവസം നോക്കി ഞാൻ വിളിക്കാം അന്ന് രണ്ട് പേരും കൂടെ മുടക്കമൊന്നും പറയാതെ വന്നേക്കണം..." "ഓ ഉത്തരവ്... " ജിത്തു കണ്ണുരുട്ടി പറഞ്ഞതും വിച്ചു അവനെ നോക്കി കുസൃതിയോടെ കൈ കൂപ്പി...ഇരുവരും കുളത്തിൽ നിന്നും കയറി തലത്തുടച്ച് വസ്ത്രം മാറി... "പാറു എന്ത് പറയുന്നു... " വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിച്ചു തിരക്കി.. ഓ സ്ഥിരം കരച്ചിലും പരിഭവവും തന്നെ... "കുറേ തവണ വിളിച്ചിട്ടുണ്ട് ഫോണിലേക്ക് ഞാനെടുത്തില്ല...ചെന്നിട്ട് വേണം വിളിക്കാൻ..." "ഇപ്പോഴും പിണക്കത്തിനും കുറുമ്പിനുമൊന്നും ഒട്ടും കുറവില്ലല്ലേ..." "മ്മ് കൂടിയെങ്കിലേയുള്ളൂ...

അമ്മയാ വളം വെച്ചു കൊടുക്കുന്നെ... ഞാനിത്തിരി മസിലു പിടിച്ചു നിൽക്കും ഇല്ലേൽ തലയിൽ കയറി തിരുവാതിര കളിക്കും പെണ്ണ്..." ജിത്തുവിന്റെ പറച്ചിലും മുഖത്തെ ഭാവവും കണ്ട് വിച്ചുവിൽ ചിരി പൊട്ടി.... വിശേഷമൊക്കെ പറഞ്ഞ് വീടെത്തിയതറിഞ്ഞില്ല.. "കയറിയിട്ട് പോടാ... " ജിത്തു അവനെ ക്ഷണിച്ചു.. "ഇല്ലെടാ നിമ്മിയേയും കൂട്ടി പിന്നൊരിക്കൽ വരാം... അമ്മയും അവളും കാത്തിരിക്കുന്നുണ്ടാവും അത്താഴം കഴിക്കാൻ നേരം ഒരുപാടായില്ലേ.." ചെറു ചിരിയോടെ പറഞ്ഞ് വിച്ചു അവിടെ നിന്നും പോയി.. "അവനെന്തേ കയറാതെ പോയേ... " ഉമ്മറത്തിരുന്നിരുന്ന ടീച്ചർ ജിത്തുവിനെ കണ്ടതും ഇടവഴിയിലേക്കെത്തി നോക്കി പരിഭവിച്ചു... "അവന് പോയിട്ട് തിരക്കുണ്ടെന്ന്... അമ്മ വാ നമുക്ക് കഴിക്കാം... " ജിത്തു അവരേയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.. ***** നാളെയൊരു ക്ലാസ്സ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുണ്ട് അതിനുള്ള പ്രെപറേഷൻസൊക്കെ കഴിഞ്ഞു പാറു കിടന്നപ്പോഴേക്കും നേരം വൈകിയിരുന്നു... കാവേരിക്ക് പിന്നെ ഉറക്കം കഴിഞ്ഞേ വേറെന്തും ഉള്ളൂ...

മൂടിപ്പുതച്ചുറങ്ങുന്ന കാവേരിയുടെ നടുവിനിട്ടൊരു ചവിട്ടും കൊടുത്ത് പാറു കട്ടിലിൽ കയറിക്കിടന്നു... വേദനയെടുത്ത കാവേരി ഉറക്കത്തിൽ ഭരണിപ്പാട്ട് തുടങ്ങിയതും പാറു തലവഴി പുതപ്പ് മൂടി... സൈലന്റിൽ ഇട്ടിരുന്ന ഫോൺ പ്രകാശിക്കുന്നതഗ് കണ്ടതും കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു... "ഹെലോ..." അവളുടെ പതിഞ്ഞ സ്വരം കാതിൽ തട്ടിയതും അവന്റെ ശരീരം കഴിഞ്ഞ രാത്രിയിലെ ഓർമ്മകളിൽ കിടുങ്ങി..അധരങ്ങൾ പുഞ്ചിരി പൊഴിച്ചു... "നീയെന്താടി പെണ്ണേ മെല്ലെ സംസാരിക്കുന്നെ.. " ജിത്തുവും സ്വകാര്യത്തോടെ ചോദിച്ചു.. "അപ്പുറത്ത് കാവേരിയുണ്ട്.. അവളെങ്ങാനും കേട്ടാൽ സംസാരിച്ചതെല്ലാം അതേ പോലെ രാവിലെ റിപ്പീറ്റ് ചെയ്യേണ്ടി വരും.. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നെ..." പാറു തലയുയർത്തി കാവേരിയെ നോക്കി അവളുറങ്ങുകയല്ലേയെന്ന് ഉറപ്പു വരുത്തി... "എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ഭാര്യേ...നീയടുത്തില്ലാഞ്ഞിട്ട് ഒരു സുഖവുമില്ല..." അവന്റെ വാക്കുകളിൽ പരിഭവവും പ്രണയവും ഒരുപോലെ കലർന്നിരുന്നു.. "എനിക്കും അങ്ങനെ തന്നെയാ ജിത്തേട്ടാ...ഉറക്കം പോലും വരുന്നില്ല... ജിത്തേട്ടൻ ഇനിയെന്നാ ഇങ്ങോട്ട് വരുവാ..."

സങ്കടം കൊണ്ടവളുടെ ചുണ്ടുകൾ പിളർന്നു.. പ്രണയം പകരുന്ന നോവിനേക്കാൾ എത്രയോ വലുതാണ് ഇപ്പോഴുള്ള വിരഹ വേദനയെന്നവർ ഒരുപോലെ ചിന്തിച്ചു... "ഉടനെ വരാം കുഞ്ഞാ...നിന്നെ കാണാതെ ഒരുപാട് ദിവസമൊന്നും പിടിച്ചു നിൽക്കാൻ എന്നെക്കൊണ്ട് കഴിയില്ലായെന്നറിയില്ലേ..." അവൻ പറഞ്ഞതിനവൾ വെറുതെ മൂളി... അന്നത്തെ വിശേഷങ്ങൾ പരസ്പരം പങ്കു വെച്ച് അവരുടെ സംസാരം ഒരുപാട് നേരം നീണ്ടു... "ഹെലോ.. കുഞ്ഞാ... " പാറുവിന്റെ ശബ്‍ദമൊന്നും കേൾക്കാതെ വന്നപ്പോൾ ജിത്തു ചോദിച്ചു.. അവളുടെ നിശ്വാസവും ഇടക്കുള്ള കൂർക്കം വലിയും നേർത്ത സ്വരത്തിൽ കേട്ടപ്പോൾ അവളുറങ്ങിയെന്ന് മനസ്സിലായി... അവനും ചെറു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു... സൈഡ് ടേബിളിലിരിക്കുന്ന അവളുടെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേർത്തവനും നിദ്രയെ പുൽകി............കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story