നീയും ഞാനും.. 🧡 ഭാഗം 70

neeyum njanjum shamseena

രചന: ശംസീന

ആഴ്ചകൾ കടന്നു പോയി... പഠിക്കാതെ ഉഴപ്പി നടക്കുന്ന പാറുവിനേയും കാവേരിയേയും കണ്ട് ജ്യോതി തന്റെ ഭദ്രകാളീ രൂപം പുറത്തെടുത്തു... രാവെന്നോ പകലെന്നോ ഇല്ലാതെ ഫോണിൽ ജിത്തുവിനോട് സംസാരിച്ചിരുന്ന പാറുവിന് അതിലും വിലക്ക് വീണു... കോളേജിൽ നിന്ന് വന്നു കഴിഞ്ഞാൽ അര മണിക്കൂർ സംസാരിക്കാം അത് കഴിഞ്ഞാൽ പിന്നെ രാത്രി ഒമ്പതാവണം...അപ്പോഴും മാക്സിമം ഒരു മണിക്കൂർ ഏറിപ്പോയാൽ ഒന്നര മണിക്കൂർ... ആദ്യമൊക്കെ പാറു ജിത്തുവിനോടും ടീച്ചറോടും വിളിച്ചിട്ട് പരാതി പറയുമായിരുന്നു... പിന്നീട് അവരും ജ്യോതിയുടെ ഭാഗമാണെന്നറിഞ്ഞപ്പോൾ അവളാ പരിപാടിയങ്ങ് നിർത്തി... ഒരു ദിവസം കോളേജിൽ നിന്നും തിരിച്ചു വരുമ്പോൾ മുറ്റത്ത് രണ്ട് കാറ് കിടപ്പുണ്ട്.. ദൂരെ നിന്ന് കണ്ടപ്പോൾ ജിത്തുവിന്റെ കാറായിരിക്കുമെന്ന് കരുതിയെങ്കിലും അടുത്തെത്തിയപ്പോൾ അതല്ലെന്ന് മനസ്സിലായി.... കാവേരി സ്കൂട്ടി മുറ്റത്തൊതുക്കി നിർത്തി.. അന്നത്തെ അപകടത്തിന് ശേഷം ജീവനിൽ കൊതിയുള്ളത് കൊണ്ട് കാവേരി പാറുവിന് സ്കൂട്ടി ഓടിക്കാൻ കൊടുക്കാറില്ല...

ഉമ്മറത്തു നിന്ന് പുരുഷ ശബ്‍ദങ്ങൾ മുഴങ്ങി കേൾപ്പുണ്ടായിരുന്നു.. തൂണിന്റെ മറവിൽ നിന്ന് അവരങ്ങോട്ട് എത്തി നോക്കി.. പരിചിതമല്ലാത്ത കുറേ മുഖങ്ങൾ... ഉമ്മറത്തു കൂടെ കയറിയാൽ അവരെയെല്ലാം അഭിമുഖീകരിക്കണമല്ലോ എന്ന മടികൊണ്ട് അവർ വീടിന്റെ സൈഡിലൂടെ അടുക്കള ഭാഗത്തേക്ക്‌ നടന്നു.. അകത്തേക്ക് കയറുമ്പോൾ ജ്യോതിയും അമ്മയുമെല്ലാം തിരക്കിട്ട പണികളിലാണ്.. "നിങ്ങള് വന്നോ... " ചായ ഗ്ലാസുകളെടുത്ത് ട്രെയിലേക്ക് നിരത്തുന്ന ജ്യോതി അവരെ കണ്ടതും ചോദിച്ചു... "ആരാ ജോയേച്ചി ഉമ്മറത്ത്... " പാറു സ്ലാബിലേക്ക് ചാരി നിന്ന് പ്ലേറ്റിൽ അടുക്കി വെച്ചിരുന്ന ലഡു എടുത്ത് വായിലേക്കിട്ടു.. "ഹാ അടങ്ങിയിരി കൊച്ചേ... " ജ്യോതി അവളുടെ കൈ തണ്ടയിൽ നോവാത്ത വിധം തല്ലി...പാറു പെട്ടന്ന് കൈ പിൻവലിച്ചു കൂർപ്പിച്ചു നോക്കി... "ഏട്ടത്തി ആരാ വന്നിരിക്കുന്നെന്ന് പറ... " കാവേരി തിടുക്കം കൂട്ടി.. "അമ്മേ ഇത് കൂടി പാത്രത്തിലേക്കാക്കിയേക്ക്... " ഷെൽഫിൽ നിന്ന് ബേക്കറിയുടെ ഒരു പൊതി കൂടെ എടുത്ത് ജ്യോതി പുറത്തേക്ക് വെച്ചു...

"ചേച്ചി.. " പാറു ചിണുങ്ങി.. "എന്റെ പൊന്നു പിള്ളേരെ ആരാ വന്നിരിക്കുന്നെന്നൊക്കെ വഴിയേ അറിയാം... ഇപ്പൊ നീ പോയി കാവേരിയെ റെഡിയാക്കി കൊണ്ടുവാ.." "എന്നെയോ അതെന്തിനാ..?" കാവേരി നെറ്റിച്ചുളിച്ചു ചോദിച്ചു.... "പിന്നെ ഞാനാണോ പോയി നിൽക്കേണ്ടത്.. നിന്നെയല്ലേ പെണ്ണ് കാണാൻ വന്നിരിക്കുന്നത്.. " "എന്നെയോ...!" അവളുടെ മിഴികൾ പുറത്തേക്ക് തുറിച്ചു വന്നു.. "കൂടുതൽ എക്സ്പ്രക്ഷനിടാതെ പൊന്നു മോള് പോയി റെഡിയായിക്കെ.. അവരൊക്കെ വന്നിട്ട് ഒരുപാട് നേരായി.. " ജ്യോതി തിരക്ക് കൂട്ടി... "എനിക്കെങ്ങും വയ്യാ.. അല്ലേലും ഈ പെണ്ണ് കാണാലൊക്കെ ഔട്ട്‌ ഓഫ് ഫാഷനാ... " അവൾ പരിഭവിച്ചു നിന്നു.. "കാവു.. കൊഞ്ചാതെ പോയി റെഡിയായിക്കെ... അച്ഛനും ഏട്ടനും ഇങ്ങോട്ട് വന്നാലറിയാമല്ലോ...?" അമ്മ ഭീഷണിയുടെ സ്വരം പുറത്തെടുത്തതും കാവേരി ചാടിത്തുള്ളി മുറിയിലേക്ക് പോയി. പിറകെ തന്നെ പാറുവും..

കാവേരി ഒരുങ്ങാതെ മടിപിടിച്ചിരിക്കുന്നത് കണ്ട് പാറു തന്നെ അവളെ സിംപിളായി ഒരുക്കി.. കാവേരിയുടെ മനസ്സിൽ അഖിലിന്റെ മുഖം തെളിഞ്ഞു വന്നു... ഒരു നോട്ടമേ കണ്ടിരുന്നുള്ളൂവെങ്കിലും അവനത്രയും അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു...അവന് വേണ്ടി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കുറേ അരിച്ചു പെറുക്കിയെങ്കിലും ഒരു വിവരം പോലും കിട്ടിയില്ല..അന്നത്തെ കണ്ട് മുട്ടലിന് ശേഷം അവനെ പിന്നീട് കണ്ടതുമില്ല..ആ നിരാശയിലിരിക്കുമ്പോഴാണ് ഈ പെണ്ണ് കാണൽ... "പാറു എനിക്ക് വയ്യെടി.. അവരുടെ മുന്നിൽ പോയി നിൽക്കാൻ..എനിക്കീ വിവാഹം തന്നെ വേണമെന്നില്ല..." പുറത്തേക്ക് പോവാൻ തുടങ്ങിയ പാറുവിനെ പിടിച്ചു നിർത്തി കാവേരി തന്റെ സങ്കടം പറഞ്ഞു.. "എനിക്കറിയാം കാവു നിന്റെ മനസ്സിൽ അന്ന് നമ്മൾ കണ്ട പയ്യനാണെന്ന്...

വിവാഹം ഉറപ്പിച്ചിട്ടൊന്നുമില്ലല്ലോ ജസ്റ്റ്‌ ഒരു പെണ്ണ് കാണൽ.. അത് കഴിഞ്ഞ് വിവാഹത്തിലേക്ക് എത്തണമെങ്കിൽ എത്രയോ കടമ്പകൾ കടക്കണം... അതുകൊണ്ട് നീ ടെൻഷനാവാതെ നമുക്ക് വഴിയുണ്ടാക്കാം.. എന്തായാലും നിന്നോട് ചെറുക്കനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കും അപ്പോ നിന്റെ മനസ്സിലുള്ളത് തുറന്ന് പറഞ്ഞാൽ മതി..." പാറു അവളെ ആശ്വസിപ്പിച്ചു താഴേക്ക് കൊണ്ടു പോയി.. താഴെയെത്തിയതും അവളുടെ കയ്യിലേക്ക് ചായ നിറച്ച ട്രേ വെച്ച് കൊടുത്ത് കൊണ്ടു കൊടുക്കാൻ പറഞ്ഞു അമ്മ... അവൾ മടിച്ചു മടിച്ചു അതുമായി ഉമ്മറത്തേക്ക് ചെന്നു... ആദ്യം തന്നെ അവളുടെ നോട്ടം ചെന്നെത്തിയത് പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന അഖിലിന്റെ മുഖത്തേക്കാണ്... അവളൊന്ന് ഞെട്ടി,,കണ്ണുകളിൽ അത്ഭുതം കൂറി.. തിരിഞ്ഞു പാറുവിനെ നോക്കുമ്പോഴും അവളുടെ മുഖത്തും അതേ ഞെട്ടലുണ്ടായിരുന്നു.. അത്രയും നേരം ഇല്ലാതിരുന്ന പരവേശവും വിറയലും അവളെ ഞൊടിയിടയിൽ പിടിമുറുക്കി... ചായ അഖിലിന് കൊടുക്കാനായി കിരൺ പറഞ്ഞു..

ജാള്യതയോടെ അവനെ നോക്കി ചായ കൊടുക്കുമ്പോൾ തിരികെ അവൻ ഇരു കണ്ണുകളും ചിമ്മി കുസൃതിയോടെ പുഞ്ചിരിച്ചു...അവൾ പൊടുന്നനെ നോട്ടം മാറ്റി ചായ മറ്റുള്ളവർക്കും കൊടുത്തു.. അഖിലും അവന്റെ അമ്മാവനും അച്ഛനും ഏട്ടനും രണ്ട് കൂട്ടുകാരുമാണ് വന്നിരുന്നത്.. ചെറുക്കന് കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷം പെൺ പടകളുമായി വരാമെന്നായിരുന്നു തീരുമാനം... ചായ കുടിച്ചു കഴിഞ്ഞതും അഖിൽ കാവേരിയേയും കൂട്ടി സംസാരിക്കാനായി മുറ്റത്തേക്കിറങ്ങി... പേടിച്ചു വിറച്ച കാവേരി പാറുവിനേയും വലിച്ചു കൂടെ കൂട്ടി. "ഇയാളെന്താ തന്റെ വാലാണോ.എപ്പോഴും കൂടെ കാണുമല്ലോ...!" പാറുവിനെ നോക്കി അഖിൽ തമാശ പോലെ പറഞ്ഞു... അത് രസിക്കാതിരുന്ന പാറു അവനെ നോക്കി കണ്ണുരുട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു... "തന്റെ കൂട്ടുകാരി പിണങ്ങിയെന്ന് തോന്നുന്നു... ആൾക്കിത്തിരി ദേഷ്യം കൂടുതലാണല്ലേ..." അഖിൽ മാറി നിന്ന് ഫോണിൽ സംസാരിക്കുന്ന പാറുവിനെ നോക്കി കാവേരിയോട് ചോദിച്ചു... "ഏയ്‌ അവളൊരു പാവാ...ഇതൊക്കെ ചുമ്മാതാ.."

കാവേരി ഒരിളം പുഞ്ചിരിയോടെ പറഞ്ഞു... "മ്മ് അത് വിട്...എങ്ങനെയുണ്ട് സർപ്രൈസ്..." അവൻ ചോദിച്ചതും അവൾ മറുപടി പറയാതെ അവനെ നോക്കി നിന്നു... സംസാരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും വിടരുന്ന അധരങ്ങളും അവളിൽ കൗതുകമുണർത്തി... "തനിക്കെന്നെ ഇഷ്ടമായോ..." അവൻ അവളുടെ അടുത്തേക്ക് നീങ്ങി ശബ്‍ദം താഴ്ത്തി ചോദിച്ചു... അവൾ നാണത്തോടെ മിഴികൾ താഴ്ത്തി പുഞ്ചിരിച്ചു... "ഇതിൽ നിന്ന് ഞാനെന്താ മനസ്സിലാക്കേണ്ടേ.. ഇഷ്ടമാണെന്നോ അല്ലെന്നോ...!" അവൻ വീണ്ടും ചോദിച്ചതും കാവേരി മിഴികളുയർത്തി... "പറയെടോ...വേറെ ആര് പറഞ്ഞു കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം തന്റെ അടുത്ത് നിന്ന് കേൾക്കുന്നതാണ്.. ഞാൻ കാണാറുണ്ട് കോളേജിന്റെ മുന്നിലൊക്കെ താനെന്നെ തിരയുന്നത്.. അതെല്ലാം ഞാൻ മറഞ്ഞു നിന്ന് ആസ്വദിക്കുകയായിരുന്നു..

ഇനിയും തന്നെ സങ്കടപ്പെടുത്തേണ്ടാ എന്ന് കരുതിയാണ് നേരെ ഇങ്ങോട്ട് പോന്നത്..." "അതിനെന്റെ വീടൊക്കെ എങ്ങനെ കണ്ടുപിടിച്ചു..." അവൻ പറഞ്ഞതിന് മറുചോദ്യം അവളുന്നയിച്ചു... "അപ്പൊ തന്നോടാരും ഒന്നും പറഞ്ഞിരുന്നില്ലേ...!" അവൻ ചോദ്യ ഭാവേന അവളെ നോക്കി..അവൾ കാര്യം മനസ്സിലാവാതെ ഇല്ലെന്ന് തല ചലിപ്പിച്ചു... "എടോ അന്ന് തന്നെ വന്നു കാണുന്നതിന് മുന്നേ ഞാൻ കിരണേട്ടനോട് തന്നെയെനിക്ക് ഇഷ്ടമാണെന്ന് സൂചിപ്പിച്ചിരുന്നു... " "കിരണേട്ടനോടോ..? " "പിന്നെ വേറെ ആരോടാ... ഞാനും കിരണേട്ടനും ഒരേ കമ്പനിയിലാണ് വർക്ക്‌ ചെയ്യുന്നത്.... കിരണേട്ടന്റെ ഫോണിൽ അപ്രതീക്ഷിതമായാണ് ഞാൻ തന്റെ ഫോട്ടോ കാണുന്നത്... കണ്ട ഉടനെ തന്നെ ഉള്ളിലൊരു സ്പാർക്ക് വീണു.. നീ തന്നെയാണെന്റെ പെണ്ണെന്ന് ഉറപ്പിച്ചു... വീട്ടിലെനിക്ക് വിവാഹം നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ തന്റെ കാര്യം അവതരിപ്പിച്ചു അവർക്കാർക്കും എതിർപ്പില്ലായിരുന്നു..കിരണേട്ടനോടും ഇക്കാര്യം പറഞ്ഞു... അപ്പോഴാണ് ഏട്ടൻ പറഞ്ഞത് നിന്റെ ഇഷ്ടമറിയാൻ..

. അതിനെന്താണ് വഴിയെന്ന് കുറേ തവണ ആലോചിച്ചു അതിന് ശേഷമാണ് ഞാൻ തന്റെ മുന്നിലേക്ക് വന്നത്.. തന്റെ അന്നത്തെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസ്സിലായി തന്റെ ഹൃദയത്തിൽ ആരും കയറിപ്പറ്റിയിട്ടില്ലെന്ന്.. അതൊന്ന് കൂടി ഉറപ്പിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഒളിച്ചു നിന്നത്.. എന്തായാലും അതിന് ഫലമുണ്ടായി..." അവസാനത്തെ വാചകം അതിശയത്താൽ വിടർന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അവനും കാണുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിന്റെ തിരയിളക്കം... പിന്നീടെല്ലാം പെട്ടന്നായിരുന്നു.പെണ്ണിനും ചെക്കനും ഇഷ്ടമായ സ്ഥിതിക്ക് നിശ്ചയം നടത്തി വെക്കാമെന്ന് പറഞ്ഞു. കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞ് വിവാഹവും...എല്ലാവർക്കും ആ തീരുമാനത്തോട് സമ്മതമായിരുന്നു... അധികം ആഘോഷങ്ങളൊന്നുമില്ലാതെ ചെറിയ രീതിയിൽ അഖിലിന്റെയും കാവേരിയുടെയും മോതിരം മാറൽ ചടങ്ങ് നടത്തി... ജിത്തുവിന് കോളേജിൽ നിന്ന് ലീവെടുക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ അവനും ടീച്ചറും ചടങ്ങിന് പങ്കെടുത്തില്ല...

അതിന്റെ പരിഭവം തീർക്കാൻ വിവാഹത്തിന് ഒരാഴ്ച്ച മുന്നേ ഇവിടെ എത്തിയേക്കണമെന്നാണ് കിരണിന്റെ അച്ഛന്റെയും അമ്മയുടേയും ഓർഡർ.. അഖിലും കാവേരിയും അവരുടെ പ്രണയകാലം ആഘോഷിക്കുകയായിരുന്നു... എപ്പോഴും ഫോൺ വിളിയും മിക്ക ദിവസവും കറക്കവും.. ഇതെല്ലാം കാണുമ്പോൾ പാറുവിന് ജിത്തുവിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യും.. എത്രയും വേഗം അവനടുത്തെത്താൻ മനസ്സ് തിടുക്കം കൂട്ടും... ഇതിനിടയിൽ ഒന്ന് രണ്ട് തവണ ജിത്തു അവധി ദിവസങ്ങളിൽ പാറുവിന്റെ പരിഭവം തീർക്കാൻ കാണാൻ വന്നിരുന്നു..പിന്നീട് തിരിച്ചു പോവുമ്പോൾ അവളുടെ സങ്കടം സഹിക്കാൻ കഴിയാത്തത് കൊണ്ട് അങ്ങോട്ടുള്ള വരവും നിർത്തി.. ഒന്നര വർഷം പെട്ടന്ന് കടന്നുപോയി...........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story