നീയും ഞാനും.. 🧡 ഭാഗം 72

neeyum njanjum shamseena

രചന: ശംസീന

കണ്ണാടിയിലുള്ള പൊട്ടെടുത്ത് നെറ്റിയിൽ വെച്ചതും പിന്നിൽ നിന്നും കരുത്തുറ്റ രണ്ട് കരങ്ങൾ അവളെ ചുറ്റിവരിഞ്ഞു.. കാലുകൾ നിലത്തൂന്നി അവൾ മുകളിലേക്കുയർന്നു അയാളുടെ നെഞ്ചിൽ തട്ടി നിന്നു...അയാളുടെ നിശ്വാസവും ഗന്ധവും തിരിച്ചറിഞ്ഞവളുടെ അധരങ്ങൾ മനോഹരമായി വിടർന്നു... "എന്തേ വൈകിയേ... " ജിത്തു അവളെ തിരിച്ചു നിർത്തിയതും പിടക്കുന്ന മിഴികളിലേക്ക് നോട്ടമെയ്തവൾ ചോദിച്ചു... "ട്രെയിൻ ലേറ്റായെടാ.. ഇല്ലേൽ ഞാൻ പെട്ടന്നിങ്ങ് വരത്തില്ലായിരുന്നോ... " ജിത്തു അവളുടെ താടിയിൽ കൊഞ്ചിക്കുന്ന പോലെ പിടിച്ചു... "നോക്കിയിരുന്ന് നോക്കിയിരുന്നെന്റെ കണ്ണ് കഴച്ചു... " പരിഭവത്തോടെ അതിലേറെ നൊമ്പരത്തോടെ പാറുവിന്റെ ചുണ്ടുകൾ കൂർത്തു.. "ആണോടാ പൊന്നേ.. സോറി.. ഇനി ഞാൻ ശ്രദ്ധിച്ചോളാം.. " അവൻ താഴ്ന്നു വന്നു കൂർപ്പിച്ചു പിടിച്ച ചുണ്ടിൽ അമർത്തി ചുംബിച്ച് അകന്നു മാറി..പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവനും അവളെ തന്നിലേക്ക് ഒതുക്കിപ്പിടിച്ചു.... ഏറെ നാളായുള്ള വിരഹ വേദന ആ ചേർത്ത് പിടിക്കലിൽ അലിഞ്ഞില്ലാതായി പോയിരുന്നു...

കുറച്ച് നിമിഷങ്ങൾ മൗനമായി കടന്നുപോയി... അതിനെ ഭേധിച്ചു കൊണ്ട് പാറു അവനെ നോക്കി.. "പ്രവിയെ കണ്ടില്ലേ... " "മ്മ് കണ്ടു. സംസാരിക്കുകയും ചെയ്തു...നാട്ടിലേക്ക് വരുന്നതിന് മുന്നേ അവൻ മുൻ‌കൂർ ജാമ്യം എടുത്തത് കൊണ്ട് താൽക്കാലത്തേക്ക് രക്ഷപ്പെട്ടു..." ജിത്തു കുസൃതിയൊളിപ്പിച്ചു പറഞ്ഞു... "ജിത്തേട്ടൻ അവനെ വല്ലതും പറയുമോ എന്നെനിക്ക് പേടിയുണ്ടായിരുന്നു.. " അവൾ അവന്റെ ഷർട്ടിന്റെ ബട്ടൺസ് വലിച്ചു വിട്ടു.. "അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളല്ലേ.. വീണ്ടും വീണ്ടും അത് കുത്തി പൊക്കി നമുക്ക് ചുറ്റും ദുർഗന്ധം പരത്തണോ.." അവൾ വേണ്ടെന്ന പോലെ തല ചലിപ്പിച്ചു.. "Miss you ... " പാറു ജിത്തുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു... കണ്ണുകളിലെ നനവ് കവിളിൽ പതിഞ്ഞതും ജിത്തു അവളെ എടുത്തുയർത്തി കട്ടിലിൽ ചെന്നിരുന്നു... "ഇവിടെ നോക്കിക്കേ... " മുഖമുയർത്താതെ ഇരിക്കുന്നവളുടെ കവിളുകളെ പൊതിഞ്ഞു പിടിച്ചു ബലമായി ഉയർത്തി... "ഞാൻ വന്നില്ലേ പിന്നെന്താ... " "ഇത്രയും വൈകിയപ്പോൾ ഞാൻ കരുതി.. "

ബാക്കി പറയാൻ കഴിയാതെ അവളിരുന്ന് വിതുമ്പിയതും ജിത്തുവിന്റെ നെഞ്ചോന്ന് പിടഞ്ഞു... പണ്ട് ഇവളുടെ കണ്ണുനീരിന് മുന്നിൽ പോലും തോൽക്കാതിരുന്ന തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ബലഹീനതയും ഈ കണ്ണീരാണ്.. അവളുടെ കണ്ണൊന്നു നിറഞ്ഞാൽ ശബ്‍ദമൊന്നിടറിയാൽ നോവുന്നത് തന്റെ ഹൃദയമാണ്.. പിടയുന്നത് തന്റെ പ്രാണനാണ്.. അവനവളെ വാരിപ്പുണർന്നു..മിഴിക്കോണിൽ നിന്നും അടർന്നു വീണ ചെറു ബാഷ്പം അവളുടെ മുടിയിഴകളിൽ പോയൊളിച്ചു... പാറുവിന്റെ കണ്ണുനീരിനാൽ അവന്റെ നെഞ്ചിലെ രോമങ്ങൾ കുതിർന്നു തൊലിയോടൊട്ടി... "നിമിഷയെ ഡെലിവറിക്ക്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ജിത്തു വിളിച്ചിരുന്നു.. നിന്നെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു.. " നിമിഷയെ കുറിച്ച് കേട്ടതും പാറു അവനിൽ നിന്നും അടർന്നു മാറി.. "ഫോൺ ചാർജിൽ ഇട്ടിരിക്കുവായിരുന്നു.. ഞാനൊന്ന് വിളിച്ചു നോക്കട്ടെ... " വെപ്രാളത്തോടെ ഫോണെടുക്കാൻ പോകാൻ തുനിഞ്ഞവളെ ജിത്തു കയ്യിൽ പിടിച്ചു വലിച്ചു മടിയിലേക്കിരുത്തി..

"പേടിക്കാനൊന്നുമില്ല.. ഞാനിവിടേക്ക് വരുന്നതിന് മുന്നേ വിളിച്ചു വെച്ചതേയുള്ളൂ.. ഹോസ്പിറ്റലല്ലേ ചിലപ്പോൾ അവനെന്തെങ്കിലും തിരക്കിലാവും.. കുറച്ച് കഴിഞ്ഞു വിളിക്കാം..." പറഞ്ഞു കഴിഞ്ഞതും ജിത്തുവിന്റെ നോട്ടം അവളുടെ ചെഞ്ചുണ്ടുകളിൽ വന്നു പതിഞ്ഞു.. തന്റെ അദരങ്ങളാൽ അവയെ നുണഞ്ഞെടുക്കാൻ ആശ തോന്നി.. അതറിഞ്ഞെന്ന പോലെ പോലെ അവളിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നു... പാറുവിന്റെ മുഖം അവനിലേക്ക് താഴ്ന്നു വന്നു.. ജിത്തുവിന്റെ ഇടം കൈ അവളുടെ തലയ്ക്കു പിന്നിൽ താങ്ങായി കൊടുത്ത് ഒറ്റക്കുതിപ്പിന് അവളുടെ ചുണ്ടുകൾ കവർന്നെടുത്തു നുണഞ്ഞു തുടങ്ങി ... അതേ നിമിഷം തന്നെ പുറത്ത് നിന്നും അവൾക്കേറെ പ്രിയമുള്ള പാട്ട് പ്ലേ ചെയ്തു... 🧡കുറുമ്പോടെ കൊഞ്ചുന്ന തേൻകിളി ചിറകാണു നിന്നിലീ ഞാ..ൻ പ്രിയമോടെ വന്നൊന്നു ചായുവാൻ അലിവിൻ്റെ ചില്ലയിൽ ഞാൻ...🧡 വികാര തീവ്രതയിൽ ചുംബനത്തിന്റെ ആഴവും വർധിച്ചു... ഇരുവരും മത്സരിച്ചു ചുംബിച്ചുകൊണ്ടിരുന്നു... വിരഹവും പ്രണയവും ഇടകലർന്ന മനോഹരമായ ചുംബനം...

🧡നീയും ഞാനും ഏതു ജന്മ നിലാവിൽ കണ്ടുവോ നീല നീല രാക്കിനാ പുഴയോരം നിന്നുവോ പറയാൻ... മൊഴി ഇഴകൾ കൊണ്ട് തുന്നും ഇരു മാനസം സദാ മിഴിയിൽ... തിരി തെളിയുമെന്നുമെ നീ... അനുരാഗ നാളമായ് നെഞ്ചിൻ എൻ നെഞ്ചിൻ അകമിടിയും നീ ചുടുനിനവും നീ മണ്ണിൽ ഈ മണ്ണിൽ പകലിരവും നീ പൊരുളറിവും നീ... 🧡 ശ്വാസം വിലങ്ങിയതും ഇരുവരും കിതപ്പോടെ അകന്നു മാറി... ജിത്തു അവളെ നോക്കി തന്റെ ചുണ്ട് നാവ് കൊണ്ടൊന്ന് നനച്ചു വിട്ടു.. നാണത്തിൽ കുതിർന്നവൾ അവനെ തള്ളിമാറ്റി പുറത്തേക്കോടി... "ഡീ.. " ജിത്തു പിറകെ ഓടിയെങ്കിലും അവളപ്പോഴേക്കും താഴേക്കെത്തിയിരുന്നു.. കൈ വരിയിൽ കൈകളൂന്നിയവൻ പുറത്തേക്ക് നടക്കുന്ന പാറുവിനെ ചിരിയോടെ നോക്കി നിന്നു... ആളുകൾക്കിടയിലേക്ക് മറയുന്നതിന് മുന്നേ പാറു അവനെ തിരിഞ്ഞുനോക്കി ഇരു മിഴികളും കുസൃതിയോടെ ചിമ്മി... ******

സ്റ്റേജിൽ നിന്ന് ഡാൻസ് ചെയ്യുന്ന പാറുവിന്റെ മിഴികൾ ജിത്തുവിനെ തേടിയലഞ്ഞു... കുറച്ചുമാറി ജ്യോതിയോടും കിരണിനോടും സംസാരിച്ചു നിൽക്കുന്നവനിൽ മിഴികളുടക്കി... മഞ്ഞ നിറത്തിലുള്ള ടി ഷർട്ടും നീല ബ്ലാക്ക് ജീൻസുമാണ് വേഷം... ജിത്തു അധികം ടി ഷർട്ടും ജീനും യൂസ് ചെയ്യാത്ത ആളാണ്.. പക്ഷേ അതവന് നന്നായി ചേരുന്നുണ്ടെന്ന് തോന്നി.. ജ്യോതിയോട് കാര്യമായിട്ട് സംസാരിക്കുകയാണെങ്കിലും ശ്രദ്ധ മുഴുവൻ പാറുവിലാണ്... അവളുടെ ഓരോ ചലനങ്ങളിലും പ്രണയം കണ്ടെത്തി മിഴികൾ അവളിലേക്ക് മാത്രമായി ചുരുങ്ങി... "അങ്ങേര് നിന്നെ ആദ്യമായിട്ട് കാണുവാ.. ഇങ്ങനെ നോക്കി നിൽക്കാൻ... " ഇരുവരുടേയും കണ്ണുകൾ കൊണ്ടുള്ള സംവാദം കാണെ പ്രവി സ്വകാര്യത്തോടെ ചോദിച്ചു.. "ആണല്ലോ.. അത് നിനക്കിപ്പോ മനസ്സിലാവില്ല... ഈ കഴുത്തിൽ ആരെങ്കിലുമൊന്ന് തൂങ്ങട്ടെ.. അപ്പൊ മനസ്സിലാവും... " അവന്റെ കവിളിൽ ചുണ്ടു വിരൽ കുത്തി വേദനിപ്പിച്ചിട്ട് പാറു അച്ചുമോളെയും എടുത്ത് ടീച്ചറിന്റെ അടുത്തേക്ക് നടന്നു... ******

രാത്രി എല്ലാവരും കൂടെ എവിടെ കിടക്കും എന്നാലോചിച്ചു നിൽക്കുമ്പോഴാണ് ജിത്തു വന്നു പാറുവിനേയും കൂട്ടി മുകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറിയിലേക്ക് പോയത്... അവളെ ഇനി പ്രതീക്ഷിക്കേണ്ടെന്ന് കരുതി മീരയും കാവേരിയും ഒരു സൈഡിൽ ചുരുണ്ട് കൂടി... പ്രവി നാളെ നേരത്തേ വരാമെന്ന് പറഞ്ഞ് തിരിച്ച് ഹോട്ടലിലേക്ക് പോയിരുന്നു... "ഇതെന്താ ഈ മുറിയിൽ.. ഇതാരും ഉപയോഗിക്കാത്തതാണല്ലോ... " വാതിലടക്കുന്ന ജിത്തുവിനെ കണ്ടവളുടെ നെറ്റിചുളിഞ്ഞു.. "ഇന്ന് നമുക്കുപയോഗിക്കാം... വാ..." ജിത്തു അവളേയും കൂട്ടി കട്ടിലിലേക്ക് കിടന്നു.. "ഒരു മിനിറ്റ്... " പറഞ്ഞിട്ടവൾ പെട്ടന്ന് പുറത്തേക്ക് പോയി നൈറ്റ്‌ സ്യൂട്ട് ധരിച്ച് തിരികെ വന്നു... "ചൂടല്ലേ.. അതിട്ട് ഉറങ്ങാൻ കഴിയില്ല... " തന്നെ നോക്കുന്ന ജിത്തുവിനോട് പറഞ്ഞു മുടിയെ നെറുകിലേക്ക് വാരിച്ചുറ്റി കെട്ടിവെച്ചു...

"മുടി അഴിച്ചിട്ടേക്ക് കുഞ്ഞാ....അതാണ് ഭംഗി... " ജിത്തു അവളെ നോക്കി കൊണ്ട് മലർന്നു കിടന്നു... "ഈ ജിത്തേട്ടന് വട്ടാ.. രാത്രിയിൽ ആരെങ്കിലും മുടി അഴിച്ചിടുവോ... " "അതൊന്നും എനിക്കറിയില്ല...നീ കെട്ടേണ്ട അത്രയേയുള്ളൂ.. പ്ലീസ്..." അവൻ കെഞ്ചുന്ന പോലെ അവളെ നോക്കി... പാറു ചിരിയോടെ മുടി അഴിച്ചിട്ടു വിരിച്ചു വെച്ച അവന്റെ കയ്യിന്റെ മുകളിലേക്ക് തല വെച്ച് കെട്ടിപിടിച്ചു കിടന്നു..ജിത്തു അവൾക്കു നേരെ തിരിഞ്ഞു കിടന്നു മുടിയിഴകൾ പതിയെ തലോടി വിട്ടു... ഇടക്ക് ചുണ്ടുകൾ നേർമയോടെ അതിലുപരി വാത്സല്യത്തോടെ അവളുടെ നെറ്റിയിലമർന്നു...ഇത്രയും നേരം സ്റ്റേജിൽ കിടന്ന് തുള്ളി കളിച്ചത് നല്ല ക്ഷീണം അവൾക്കുണ്ടായിരുന്നു... അവന്റെ ചേർത്ത് പിടിക്കലിലും തലോടലിലും അവളുടെ മിഴികൾ താനെ അടഞ്ഞു ഉറക്കത്തിലേക്ക് വഴുതി വീണു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story