നീയും ഞാനും.. 🧡 ഭാഗം 73

neeyum njanjum shamseena

രചന: ശംസീന

വിവാഹ ദിവസം രാവിലെ കാവേരി മീരയേയും കൂട്ടി ക്ഷേത്രത്തിൽ പോയി തൊഴുത് വന്നു... പാറുവിനേയും കൂടെ കൂട്ടമെന്ന് കരുതി അവളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫായിരുന്നു..ക്ഷേത്രത്തിൽ പോയി തിരികെ വന്നപ്പോഴേക്കും ബ്രൈഡൽ മേക്കപ്പ് ചെയ്യാനുള്ള ചേച്ചി വന്നിരുന്നു.. കൂടെ സഹായത്തിനായി ഒരു പെൺകുട്ടിയുമുണ്ട്.. കാവേരിയെ മുറിയിലാക്കി മീര അടുക്കളയിലേക്ക് ചെന്നു...എല്ലാവരും രാവിലത്തെ ചായ കുടിക്കുന്ന തിരക്കിലാണ്.. അത് കഴിഞ്ഞിട്ട് വേണമല്ലോ ഒരുങ്ങാൻ..മീരയും ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ഇഡലിയും അതിന് മുകളിൽ സാമ്പാറും ഒഴിച്ചു അതുമായി സ്ലാബിലേക്ക് കയറിയിരുന്നു.. "പാറു എഴുന്നേറ്റില്ലേ മീരേ.. " അവിടേക്ക് വന്ന ടീച്ചർ ചോദിച്ചു.. "ഇല്ല ടീച്ചറെ.. കുറച്ചു കഴിയുമ്പോഴേക്കും എണീക്കുമായിരിക്കും.." മീര കഴിപ്പ് തുടർന്നു.. "ജ്യോതി.. നീ പോയവളെ വിളിച്ചിട്ട് വന്നേ... ഇല്ലേൽ സമയത്തിന് മണ്ഡപത്തിലേക്ക് ഇറങ്ങാൻ പറ്റില്ല..." ടീച്ചർ അടുത്ത് നിന്ന ജ്യോതിയോട് പറഞ്ഞു.. കഴുകി കൊണ്ടിരുന്ന പാത്രം അവിടെയിട്ട് ജ്യോതി മുകളിലെ മുറിയിലേക്ക് നടന്നു...

വാതിലിലുള്ള തട്ട് കേട്ട് ജിത്തു കണ്ണുകൾ തുറന്നു... അവനൊന്ന് ഞെട്ടി സമയം നോക്കി... ഏഴ് മണി കഴിഞ്ഞിട്ടുണ്ട്... ദേഹത്ത് അള്ളിപ്പിടിച്ചു കിടക്കുന്ന പാറുവിനെ ബെഡിലേക്കിറക്കി കിടത്തി... അവന്റെ ദേഹത്തിന്റെ ചൂടകന്നതും ചിണുങ്ങലോടെ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി... ജിത്തു ചെന്ന് വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന ജ്യോതിയെ കണ്ടവൻ ചമ്മിയ ചിരിച്ചിരിച്ച് ബാത്‌റൂമിലേക്ക് കയറി....ജ്യോതി മുറിക്കകത്തേക്ക് പ്രവേശിച്ചു.. "ഡീ.. പാറു.." ജ്യോതി അവളുടെ മേലെ നിന്നും പുതപ്പ് വലിച്ചു മാറ്റി..എന്നിട്ടും അവളുറങ്ങുകയാണ്... "ഡീ പെണ്ണെ... " വിളിക്കുന്നതിനൊപ്പം അവളുടെ തുടയിൽ ഒരടി വെച്ചു കൊടുത്തതും പാറു ഞെട്ടിയുണർന്നവളെ നോക്കി.. "എന്തുവാ ചേച്ചി... " ആദ്യത്തെ പകപ്പൊന്ന് മാറിയതും പാറു ജ്യോതിയെ നോക്കി പല്ല് കടിച്ചു... ജിത്തുവിനെ കിട്ടിയപ്പോൾ പെണ്ണ് വിവാഹത്തിന്റെ കാര്യം തന്നെ മറന്നു പോയ മട്ടാണ്... "നീ എഴുന്നേൽക്കുന്നൊന്നും ഇല്ലേ... റെഡിയാവാൻ വൈകിയാൽ നിന്നെ കൂട്ടാതെ ഞങ്ങളങ്ങ് പോവും... "

ജ്യോതി തമാശ രൂപേണ പറഞ്ഞതും പാറു മുഖം വീർപ്പിച്ചു കട്ടിലിൽ നിന്നും എഴുന്നേറ്റ് താഴെയിറങ്ങി... "നിങ്ങള് പൊക്കോ.. ഞാനെന്റെ ജിത്തേട്ടന്റെ കൂടെ വന്നോളാം.." ചുണ്ട് പുച്ഛത്തോടെ ഒരു ഭാഗത്തേക്ക്‌ കോട്ടി പാറു മുറിവിട്ട് പുറത്തേക്കിറങ്ങി.. ജ്യോതി അവർ കിടന്നിരുന്ന ഷീറ്റും തലയിണയുമെല്ലാം മടക്കി ഒതുക്കി വെച്ചു... "നിന്റെ ഡ്രസ്സ്‌ ഞാൻ കിരണേട്ടനോട് കൊണ്ടുവന്നു തരാൻ പറയാം.. അങ്ങേർക്കേ അറിയൂ എവിടെയാ വെച്ചിരിക്കുന്നതെന്ന്... " കുളി കഴിഞ്ഞിറങ്ങിയ ജിത്തുവിനോടായി പറഞ്ഞിട്ട് ജ്യോതി അവിടെ നിന്നും പോയി.. കൊണ്ടു വന്നതിൽ നിന്നൊരു ട്രാക്ക് പാന്റും ടി ഷർട്ടും എടുത്ത് ധരിച്ച് താഴേക്കിറങ്ങി...അടുക്കളയിലേക്ക് ചെല്ലുന്നതിനിടയിൽ തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് വെറുതെയൊന്ന് എത്തി നോക്കി... പാറുവും മീരയുമടക്കം എല്ലാ പെൺ പടകളും അതിനുള്ളിലുണ്ട്.. എല്ലാവരും വിവാഹത്തിന് വേണ്ടി ഒരുങ്ങുന്ന തിരക്കിലാണ്.. ജിത്തു അതെല്ലാം കണ്ട് ചിരിയോടെ അടുക്കള വാതിൽ കടന്നു... "നിനക്ക് ചായ എടുക്കട്ടെ ജിത്തുട്ടാ... "

ടീച്ചറുടെ ജിത്തുട്ടാന്നുള്ള വിളി കേട്ട് അവിടെയുള്ള മുതിർന്ന സ്ത്രീകൾ അവനെ നോക്കി കളിയാക്കി ചിരിച്ചു... അവൻ ടീച്ചറെ കടുപ്പിച്ചു നോക്കി പിന്നാമ്പുറത്തെ തിണ്ണയിൽ ചെന്നിരുന്നു.. ടീച്ചറൊരു ഗ്ലാസ്‌ ചായയെടുത്ത് അവനടുത്തേക്ക് നടന്നു.. "അമ്മയോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ ജിത്തുട്ടാന്ന് വിളിക്കരുതെന്ന്.. " ജിത്തു ടീച്ചറെ നോക്കിയപ്പോൾ അവരുടെ മുഖത്തൊരു കള്ളച്ചിരി പടർന്നു.. "ഇതാപ്പോ നന്നായേ.. എന്റെ കുഞ്ഞിനെ ഞാനെനിക്ക് ഇഷ്ടമുള്ളതല്ലേ വിളിക്കാ.. ഇനിയിപ്പോ നിനക്കൊരു കുഞ്ഞുണ്ടായാലും ഞാനിത് തന്നെ വിളിക്കൂ.." ടീച്ചർ പറയുന്നത് കേട്ടവൻ തലയൊന്ന് കുടഞ്ഞു.. "പാറു എഴുന്നേറ്റോടാ.. " അവർ അവന്റെ തലയിൽ തഴുകി.. "എഴുന്നേറ്റല്ലോ.. അമ്മ കണ്ടില്ലേ.. " ചുണ്ടോടടുപ്പിച്ച ചായ വലിച്ചു കുടിച്ചു... "എന്റെ അടുത്തേക്കെത്തിയിട്ടില്ല.. ആ അവിടെ എവിടേലും കാണുമായിരിക്കും..

അല്ല വിച്ചു വിളിച്ചിരുന്നോ.. ഹോസ്പിറ്റലിലെ കാര്യം എന്തായി.." "അയ്യോ.. ഞാനത് മറന്നു...ഒന്ന് വിളിച്ചു നോക്കട്ടെ..." ജിത്തു ഒഴിഞ്ഞ ഗ്ലാസ്‌ അമ്മയുടെ കയ്യിലേക്ക് കൊടുത്ത് അകത്തേക്കോടി... ഫോണെടുത്ത് വിച്ചുവിന് വിളിച്ചു.. രണ്ട് മൂന്നു തവണ വിളിച്ചതിന് ശേഷമായിരുന്നവൻ ഫോണെടുത്തത്.. "ഹെലോ.. എവിടെയായിരുന്നെടാ.. " "അടുത്ത് അമ്മയുണ്ടായിരുന്നു അതാ എടുക്കാതിരുന്നത്... " വിച്ചു ലതയുടെ അടുത്ത് നിന്നും അല്പം മാറി നിന്നു... "എന്തായി കാര്യങ്ങൾ.. പൈനുണ്ടോ... " "കുറവായിരുന്നു.. വേദനക്കുള്ള ഇൻജെക്ഷൻ വെച്ചിട്ടുണ്ട്.. ഉച്ചയോടെ ഡെലിവറിയുണ്ടാവുമെന്നാ ഡോക്ടർ പറഞ്ഞത്.." "മ്മ്.. നീ പേടിക്കാതെ.. എന്താവശ്യമുണ്ടേലും എന്നെ വിളിച്ചാൽ മതി... " അവന്റെ സംസാരത്തിലെ പിടപ്പറിഞ്ഞ് ജിത്തു ആശ്വാസം പകർന്നു.. "പാറു എവിടെ.. അവളോട് പറഞ്ഞിരുന്നോ... "

"അവളവിടെ തിരക്കിലാ.. കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്.. നാളെ ഞങ്ങളങ്ങോട്ട് തിരിക്കും.. " "എന്നാ ok ഡാ.. അമ്മ വിളിക്കുന്നുണ്ട്. കൂടുതൽ നേരം മാറി നിന്ന് സംസാരിച്ചാൽ അമ്മക്ക് സംശയമാവും.. പിന്നെ അത് മതി മുഖം വീർപ്പിക്കാൻ... " അതും പറഞ്ഞു വിച്ചു ഫോൺ വെച്ചു... "ആരായിരുന്നു ഫോണിൽ.. " കയ്യിലൊരു കവറുമായി മുറിയിലേക്ക് വന്ന കിരൺ തിരക്കി... "വിച്ചുവായിരുന്നു.. നിമിഷയെ ഡെലിവറിക്ക് അഡ്മിറ്റ് ചെയ്തിരിക്കുവല്ലേ.. " ജിത്തു കയ്യിലുണ്ടായിരുന്ന ഫോൺ ടേബിളിലേക്ക് വെച്ചു.. "ജ്യോതി പറഞ്ഞു കേട്ടിരുന്നു... "നിന്റെ കുളി കഴിഞ്ഞതല്ലേ. ഇതിട്ടോ.. നീ സൈസ് പറയാത്തത് കൊണ്ട് പാറു തന്നെ ഏകദേശം ഒരളവ് പറഞ്ഞെടുത്തതാ...." കിരൺ കയ്യിലുണ്ടായിരുന്ന കവർ അവനെ ഏൽപ്പിച്ചു... കിരൺ മുറിവിട്ട് പോയതും ജിത്തു അതെടുത്ത് തുറന്ന് നോക്കി... റോയൽ ഗ്രീൻ നിറത്തിലുള്ള ഷോർട് ഫുൾ സ്ലീവ് കുർത്തയും അതിന് മാച്ചായാ ഗോൾഡൻ കസവുള്ള മുണ്ടും... ജിത്തു അതെടുത്ത് ധരിച്ചു.. കറക്റ്റ് ഫിറ്റായിരുന്നു... "പെണ്ണിനെന്റെ സൈസൊക്കൊ മനഃപാഠമാണല്ലോ.."

നേർത്ത ചിരിയോടെ അവനോർത്തു... താഴെ നിന്നും കിരൺ വിളിച്ചതും അവൻ പെട്ടന്ന് റെഡിയായി അവിടേക്ക് ചെന്നു.. ഒരുവിധം എല്ലാവരും പോവാൻ റെഡിയായി നിൽപ്പുണ്ട്... കാവേരി മുതിർന്നവർക്കെല്ലാം ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി... എല്ലാം കണ്ട് ചിരിയോടെ നിൽക്കുന്ന ജിത്തുവിനടുത്തേക്കും അവൾ അനുഗ്രഹം വാങ്ങാൻ വന്നു.. അവൻ വേണ്ടെന്ന് പറഞ്ഞെങ്കിലും മറ്റുള്ളവരുടെ നിർബന്ധ പ്രകാരം ദക്ഷിണ വാങ്ങിച്ചു.... കാലിൽ തൊട്ട് വണങ്ങാൻ തുനിഞ്ഞ കാവേരിയെ തടഞ്ഞ് നെറുകിൽ കൈ വെച്ചവൻ അവളെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു... കൂട്ടത്തിലെ കാരണവർ എല്ലാവരോടും ചെന്ന് വണ്ടിയിൽ കയറാൻ പറഞ്ഞു...മണ്ഡപത്തിലേക്ക് കുറച്ച് ദൂരമുള്ളതിനാൽ എല്ലാവരുടേയും സൗകര്യം നോക്കി ട്രാവലർ ബുക്ക്‌ ചെയ്തിരുന്നു.. കല്യാണപ്പെണ്ണും അമ്മയും അച്ഛനും ടീച്ചറും കിരണിനോടൊപ്പം കാറിൽ പോയി... അവശേഷിക്കുന്ന പാറുവിനേയും മീരയേയും ജ്യോതിയേയും കൂട്ടി അവൻ വേറൊരു കാറിൽ വന്നോളാമെന്ന് പറഞ്ഞു..

സമയമായിട്ടും അവരെ കാണാതെ വന്നപ്പോൾ ജിത്തു അവരെ തിരക്കി മുറിയിലേക്ക് പോയി... ജിത്തുവിനെ കണ്ടതും അച്ചുമോൾ ഓടി വന്നു കയ്യിൽ തൂങ്ങി... "കഴിഞ്ഞില്ലേ ജ്യോതി... " ജിത്തുവിന്റെ മുതിർന്നതാണ് ജ്യോതിയെങ്കിലും ഇടക്ക് മാത്രമേ അവൻ ചേച്ചിയെന്ന് വിളിക്കാറുള്ളൂ... "ദാ വരുന്നു.. നീ പോയി കാർ തിരിച്ചിട്ടോ.. " അവസാന ഒരുക്കാമെന്നോണം ജ്യോതി നെറ്റിയിൽ സ്റ്റോണിന്റെ പൊട്ട് വെച്ച് അവന് നേരെ തിരിഞ്ഞു.. "അതൊക്കെ ഞാൻ ചെയ്‌തോളാം..പാറു എവിടെ..?" മുറിയിലവളെ കാണാത്തത് കൊണ്ടവൻ ചോദിച്ചു... "ഇവിടെ ഉണ്ടായിരുന്നല്ലോ.. ചിലപ്പോൾ പുറത്തേക്കിറങ്ങിയിട്ടുണ്ടാവും.." ജ്യോതി മുറിയുടെ വാതിൽ വലിച്ചടച്ച് അവനോടൊപ്പം ഇറങ്ങി... മുറ്റത്ത് അവരെ കാത്ത് പാറുവും മീരയും നിൽപ്പുണ്ടായിരുന്നു... ജിത്തുവിന്റെ കണ്ണുകൾ ഒരുങ്ങി നിൽക്കുന്ന പാറുവിൽ ചെന്ന് പതിച്ചു... റോയൽ ഗ്രീൻ നിറത്തിലുള്ള ഷിഫോൺ സാരിയും ഡിസൈനർ ബ്ലൗസുമായിരുന്നു അവളുടെ വേഷം.. കഴുത്തിൽ ഗ്രീൻ നിറത്തിൽ ഗോൾഡൻ ഷേഡ് വരുന്ന സിംപിൾ ചോക്കറും താലിമാലയും അതിനിണങ്ങുന്ന കമ്മലും..

മുടി ഇരുവശത്ത് നിന്നും കുറച്ചെടുത്ത് പിന്നിലേക്ക് പിൻ ചെയ്ത് വെച്ചിട്ടുണ്ട് ബാക്കി മുടി വിടർത്തിയിട്ടിട്ടുണ്ട്... നെറ്റിയിൽ സ്റ്റോൺ വർക്കുള്ള കുഞ്ഞ് വട്ടപ്പൊട്ടും സിന്ദൂരവും...ആകെ മൊത്തം അവളൊരു സുന്ദരിയായിട്ടുണ്ടെന്നവന് തോന്നി.. "എന്റെ പൊന്നു മാഷേ സ്വന്തം കെട്ടിയോളെ തന്നെ ഇങ്ങനെ വായിനോക്കാമോ..." മീര അടുത്ത് വന്നു പതിഞ്ഞ ശബ്‍ദത്തിൽ ചോദിച്ചതും അവൻ നോട്ടം മാറ്റി അവളെ അടിക്കാനായി കയ്യോങ്ങി.. അതിന് മുന്നേ അവൾ ജ്യോതിയോടൊപ്പം കാറിന്റെ പിൻ സീറ്റിലേക്ക് കയറിയിരുന്നു...പാറു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവൾക്കായി പ്രണയം നിറച്ചൊരു പുഞ്ചിരി പകുത്തു നൽകി കാറിലേക്ക് കയറാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു... അവൻ സമ്മാനിച്ച അതേ ചിരിയോടെ പാറു അവന്റെ കൂടെ മുൻ സീറ്റിൽ കയറി... അപ്പോഴും ഇരുവരുടേയും മിഴികൾ ഇടയ്ക്കിടെ തമ്മിൽ കൊരുക്കുന്നുണ്ടായിരുന്നു... അപ്പോഴെല്ലാം ജിത്തു അവളുടെ വിരലുകൾ അമർത്തി ഞെക്കി വിടും.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story