നീയും ഞാനും.. 🧡 ഭാഗം 74

neeyum njanjum shamseena

രചന: ശംസീന

ഓഡിറ്റോറിയത്തിന് മുന്നിൽ തന്നെ കിരണിന്റെയൊപ്പം പ്രവിയും നിൽക്കുന്നുണ്ടായിരുന്നു..അവരെ കണ്ടതും പ്രവി പുഞ്ചിരിച്ചു... പെൺപടകൾ അകത്തേക്ക് പോയതും ജിത്തു കിരണിന്റെയും പ്രവിയുടെയും കൂടെ അവിടെ നിന്നു.. അതിഥികൾ ഓരോരുത്തരായി വന്നു തുടങ്ങി.. ഓഡിറ്റോറിയത്തിനകത്ത് നിന്നും മുഴക്കം പോലെ ചിരിക്കുന്നതും വർത്തമാനം പറയുന്നതും ഇടക്ക് കുഞ്ഞുങ്ങളുടെ കരച്ചിലുമെല്ലാം പുറത്തേക്ക് കേൾക്കുന്നുണ്ട്.. ഫോട്ടോ ഗ്രാഫർ വന്നു എല്ലാവരുടേയും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു .. ജിത്തുവിന്റെ ആവശ്യ പ്രകാരം അവനും പാറുവും തനിയേയുള്ള കുറച്ച് സ്റ്റിൽസ് എടുത്ത് ഫോണിലേക്ക് വാട്ട്‌സപ്പ് ചെയ്തു.. വരനും കൂട്ടരും വന്നെന്ന് ആരോ പറഞ്ഞതും എല്ലാവരും ഓഡിറ്റോറിയത്തിന്റെ മുന്നിൽ വന്നു തിക്കും തിരക്കും കൂട്ടി.. പാറുവും മീരയുമാണേൽ കാവേരിയെ നല്ലത് പോലെ കളിയാക്കുന്നുണ്ട്... കിരൺ അഖിലിന്റെ കാല് കഴുകി പൂമാലയിട്ട് അകത്തേക്ക് ക്ഷണിച്ചു...

മുഹൂർത്തമായതും താലപ്പൊലിയുടേയും സംഗീതത്തിന്റേയും അകമ്പടിയോടെ കാവേരി വേദിയിലേക്ക് വന്നു...അച്ഛന്റെ കയ്യിൽ പിടിച്ചു മണ്ഡപത്തിനെ മൂന്ന് തവണ വലം ചെയ്ത് അഖിലിന്റെ വാമഭാഗത്തായി ഇരിപ്പുറപ്പിച്ചു... അഖിലിന്റെ മിഴികൾ അവളോടെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. ഇരുവർക്കും മാത്രം മനസ്സിലാവുന്ന മൗനമായ ഭാഷയിൽ അവളുടെ മുഖം ചുവന്നു തുടുത്തു.. പത്തിനും പത്തരക്കുമുള്ള ശുഭമുഹൂർത്തത്തിൽ അഖിൽ കാവേരിയുടെ കഴുത്തിൽ താലി ചാർത്തി.. നെറ്റിയിൽ സിന്ദൂരം അണിയിക്കുന്നതിനൊപ്പം അധരങ്ങളാൽ അവിടെ സ്നേഹ മുദ്രണം ചാർത്തി...അത് കാണെ എല്ലാവരും ആർപ്പ് വിളിച്ചു... ചടങ്ങുകളെല്ലാം കഴിഞ്ഞ് പെണ്ണും ചെക്കനും ഫോട്ടോയെടുക്കുന്ന തിരക്കിലേക്ക് ഊളിയിട്ടതും ബാക്കിയുള്ളവർ സദ്യ കഴിക്കാനിരുന്നു...ജ്യോതി അവിടെ തിരക്കിലായത് കൊണ്ട് പാറുവായിരുന്നു അച്ചുമോൾക്ക് വാരി കൊടുത്തത്...

ഇടക്ക് ജിത്തു അവളുടെ അരികിലേക്ക് വന്നപ്പോൾ അവനും കൊടുത്തു ഒരുരുള.. ഗൃഹ പ്രവേശനത്തിനുള്ള ചടങ്ങിനായി കാവേരി അഖിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. വൈകുന്നേരം റിസപ്ഷനുണ്ട്.. അപ്പോൾ വീണ്ടും വീട്ടിലുള്ളവരെ കാണാമല്ലോ എന്ന ആശ്വാസത്തിൽ യാത്ര ചോദിക്കുമ്പോൾ കാവേരിയിൽ വലിയ സങ്കടമൊന്നും ഉണ്ടായിരുന്നില്ല... അതിഥികൾ ഓരോരുത്തരായി മടങ്ങിയതും പ്രവിയും തിരിച്ച് നാട്ടിലേക്ക് പോയി.. ദുബായിൽ നിന്നും നേരെ ഇവിടെക്കായിരുന്നു വന്നത്.. സ്വന്തം വീട്ടിൽ പോലുമവൻ പോയിട്ടില്ലായിരുന്നു... പ്രവി പോകുന്ന വഴിയിൽ മീരയെ ഡ്രോപ്പ് ചെയ്യാമെന്ന് മുന്നേ പറഞ്ഞിട്ടുണ്ടായിരുന്നു... ജിത്തുവിന്റെ കാറിൽ നിന്നും തന്റെ സാധനങ്ങളെടുത്ത് മീര പ്രവിയുടെ കൂടെ പോയി...അവരും കൂടെ പോയപ്പോൾ പാറുവിനാകെ സങ്കടമായി... അവരെ വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ...

തിരികെ കിരണിന്റെ വീട്ടിലേക്കെത്തിയതും അവരെല്ലാം ഒന്ന് മയങ്ങാൻ കിടന്നു.. ഒരാഴ്ച്ചയായിട്ടുള്ള അലച്ചിലല്ലേ പോരെങ്കിൽ വൈകീട്ട് റിസപ്ഷനും.. അച്ചുമോളെയും എടുത്ത് പാറു അവളും കാവേരിയും കിടക്കാറുള്ള മുറിയിലേക്ക് പോയി.. തോളിൽ കിടന്നുറങ്ങുന്ന അച്ചുവിനെ കട്ടിലിലേക്ക് കിടത്തി ഇട്ടിരുന്ന വസ്ത്രമൊക്കെ മാറ്റി മേല് കഴുകി പാന്റും ബനിയനും എടുത്ത് ധരിച്ച് അവളും കയറിക്കിടന്നു... കിടന്നതേ ഉറക്കം പിടിച്ചു... ഓഡിറ്റോറിയത്തിലെ പണികളെല്ലാം തീർത്ത് തിരിച്ചെത്തിയ ജിത്തു കാണുന്നത് അച്ചുവിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന പാറുവിനെയാണ്... തന്റെ സ്ഥാനത്ത് വേറൊരാൾ കിടക്കുന്നത് കണ്ടതും അവന് ചെറുതല്ലാത്തൊരു കുശുമ്പ് തോന്നി... ഫ്രഷായി വന്നു അവനും അവളുടെ അടുത്ത് കിടന്നു.. അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടത്.. നോക്കുമ്പോൾ വിച്ചുവാണ്.. മറു തലക്കൽ നിന്നും കേട്ട വാർത്തയിൽ അവന്റെ ഉള്ളം കുളിർന്നു..

പാറുവിനോട് പറയാനായി തുനിഞ്ഞെങ്കിലും അവളുടെ ഉറക്കം കണ്ടപ്പോൾ അതിന് കഴിഞ്ഞില്ല... ഉണർന്നിട്ട് പറയാമെന്നു കരുതി... അവരെ ശല്യം ചെയ്യാതെ ജിത്തു ഒരരികിലേക്ക് ചെരിഞ്ഞു കിടന്ന് കണ്ണുകളടച്ചു.. ***** വൈകീട്ട് അഞ്ച് മണിയോടെ എല്ലാവരും റിസപ്ഷനിൽ പങ്കെടുക്കാൻ അഖിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു... അലങ്കരിച്ച സ്റ്റേജിൽ നിൽക്കുന്ന അഖിലിനെയും കാവേരിയേയും കാണെ പാറുവിന്റെ മിഴികൾ തിളങ്ങി..തന്റെ വിവാഹം ഇതുപോലെയൊന്നും നടന്നില്ലല്ലോ എന്നാലോചിക്കെ അവളുടെയുള്ളിൽ ചെറിയൊരു നഷ്ടബോധം ഉടലെടുത്തു.. അതറിഞ്ഞെന്നപോൽ ജിത്തു വന്നവളെ ചേർത്ത് പിടിച്ചു.. ഏകദേശം പത്ത് മണിയോടെ അവർ തിരികെ മടങ്ങി.... വീട്ടിലെത്തിയതേ പാറു കുളിച്ചു ഫ്രഷായി കട്ടിലിൽ കയറിക്കിടന്നു... ജിത്തു അവളുടെയും തന്റെയും സാധനങ്ങളെല്ലാമെടുത്ത് പെട്ടിയിലേക്ക് വെച്ചു....

അവളൊന്നും ചെയ്യാതെ കിടക്കുന്നത് കണ്ടവൻ അവളെ കണ്ണുരുട്ടി നോക്കുന്നുണ്ടെങ്കിലും അവളത് ഗൗനിക്കാതെ ഫോണിൽ തോണ്ടിയിരുന്നു... ഒരുവിധം എല്ലാ സാധനങ്ങളും എടുത്ത് വെച്ച് ജിത്തു അവളുടെ അടുത്ത് വന്നു കിടന്നു കയ്യിലെ ഫോൺ വാങ്ങി മാറ്റിവെച്ചു.. അവളുടെ നീളൻ വിരലുകളിൽ അലസമായി തഴുകി.. "നിമിഷയുടെ ഡെലിവറി കഴിഞ്ഞു.. പെൺകുഞ്ഞാ... " പാറു അതിശയത്തോടെ അവനെ നോക്കി.. "എപ്പോ.. ഞാനറിഞ്ഞില്ലല്ലോ.." അവൾ എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു... "വൈകുന്നേരം ആയിക്കാണും..." "എന്നിട്ടിപ്പോഴാണോ പറയുന്നേ... " അവന്റെ കയ്യിൽ നുള്ളിക്കൊണ്ടവൾ ദേഷ്യം തീർത്തു... "ഹാ.. ഞാൻ മറന്നതാ പെണ്ണേ... ഫോട്ടോയുണ്ട് ഞാൻ കാണിച്ചു തരാം.." ജിത്തു ഫോണെടുത്തു.. "ഏയ്‌ അത് വേണ്ടാ.. എനിക്ക് നേരിട്ട് കണ്ടാൽ മതി.. " അവളാ കുഞ്ഞിപ്പെണ്ണിന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു... "അതിന് നിന്റെ അമ്മ സമ്മതിക്കുമോ..!"

"സമ്മതിച്ചാലും സമ്മതിച്ചില്ലേലും എനിക്ക് കണ്ടേ പറ്റൂ.. കുഞ്ഞ് ന്റെ വിച്ചേട്ടനെ പോലെയായിരിക്കും അല്ലേ....." അവൾ വെറുതെയിരുന്ന് ചിരിച്ചു... "ഈ പെണ്ണിന് വട്ടാണോ.. ഫോട്ടോ കാണിക്കാമെന്ന് പറഞ്ഞപ്പോൾ അത് വേണ്ട... എന്നിട്ട് വെറുതെയിരുന്ന് ചിരിക്കുന്നു..." അവൻ പിറുപിറുത്ത് മലർന്ന് കിടന്നു.. "അതേയ് ജിത്തേട്ടാ.." പാറു അവന്റെ ദേഹത്തേക്ക് ചാഞ്ഞു... ജിത്തു മിഴികൾ താഴ്ത്തി എന്താണെന്ന രീതിയിലവളെ നോക്കി.. " നമുക്ക് നാളെ തന്നെ പോയാലോ..? " "എവിടേക്ക്..!" "കുഞ്ഞിനെ കാണാൻ... " "അതിനെന്താ പോവാലോ.. പക്ഷേ നാളെയല്ല.. വിച്ചുവിനോടും കൂടെ ആലോചിച്ചിട്ട് നമുക്ക് പോവാം.. വെറുതെ നമ്മളായിട്ടങ്ങോട്ട് ചെന്ന് അവർക്കൊരു പ്രശ്നം വേണ്ടാ..." ജിത്തു പറഞ്ഞതും പാറു മങ്ങിയ മുഖഭാവത്തോടെ ദേഹത്ത് നിന്നും ഇറങ്ങി കിടന്നു.. "അതേയ്...ഇങ്ങനെ മുഖം വീർപ്പിച്ച് കിടന്ന് നല്ലൊരു രാത്രി മിസ്സാക്കണോ.. മനുഷ്യൻ മാസങ്ങളായിട്ട് പട്ടിണിയിലാ..."

പറയുന്നതിനൊപ്പം ജിത്തുവിന്റെ വിരലുകൾ അവളിൽ കുസൃതി കാട്ടി.. "എന്നാലേ പൊന്നുമോൻ ഒരാഴ്ച്ച കൂടെ പട്ടിണി കിടന്നോ.. റെഡ് സിഗ്നലാണ്... " പാറു ചിരിയടക്കി പിടിച്ചു തലവഴി പുതപ്പിട്ടു... ചെറിയൊരു നിരാശ തോന്നിയെങ്കിലും ജിത്തുവും ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി... "ഒരു മുത്തം തരാൻ പാടില്ലെന്നൊന്നും നിന്റെ ഉപ്പൂപ്പ പറഞ്ഞിട്ടില്ലല്ലോ.. " നാടകീയതയോടെ സിനിമാ ഡയലോഗും പറഞ്ഞിട്ട് ജിത്തു അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...പാറുവിന്റെ പൊട്ടിച്ചിരികൾ അവിടമാകെ ഉയർന്നു... ****** പിറ്റേന്ന് രാവിലെ തന്നെ പാറുവും ജിത്തുവും ടീച്ചറും നാട്ടിലേക്ക് തിരിച്ചിരുന്നു... പാറു പോവുന്നതിൽ ഏറെ സങ്കടം ജ്യോതിക്കായിരുന്നു... രണ്ട് വർഷങ്ങൾ പാറുവിനെ അവൾ തന്റെ ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ചു സംരക്ഷിച്ചു... സഹോദരിയെന്ന സ്ഥാനത്തേക്കാൾ മകളെന്ന സ്ഥാനത്തിനായിരുന്നു മുൻഗണന...

ജ്യോതി പാറുവിനെ കെട്ടിപ്പിടിച്ചു വിതുമ്പിയപ്പോൾ ഇടയ്ക്കിടെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞു പാറു സമാധാനപ്പെടുത്തി... വീട്ടിലെത്തിയതും വേഷം പോലും മാറാതെ പാറു നേരെ ചെന്നത് മീരയുടെ അടുത്തേക്കാണ്... റിസപ്ഷന്റെ വിശേഷങ്ങളൊക്കെ അവളുമായി പങ്ക് വെച്ചു..തിരികെ മടങ്ങുമ്പോൾ അവളുടെ വീട്ടിലേക്കെത്തി നോക്കിയെങ്കിലും ആരേയും അവിടെ കണ്ടില്ല... ***** "ജിത്തേട്ടനെന്താ ചെയ്യുന്നേ.. " രാത്രി മുറിയിലേക്ക് വന്ന പാറു എഴുതിക്കൊണ്ടിരിക്കുന്ന ജിത്തുവിനെ കണ്ട് ചോദിച്ചു... കയ്യിലുള്ള വെള്ളം നിറച്ച ജഗ് ടേബിളിലേക്ക് വെച്ച് അവനടുത്തേക്ക് ചാരി നിന്നു.. "ഒന്നുമില്ലന്നെ... നാളത്തെ ക്ലാസിനുള്ള പ്രിപറേഷനാണ്... താൻ കിടന്നോ,,എനിക്കിത്തിരി കൂടെ ജോലിയുണ്ട്..."

ജിത്തു വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോൾ പാറു പിന്നീടവിടെ നിൽക്കാതെ വന്നു കിടന്നു... ഉറക്കം വരാത്തത് കാരണം പഴയ കാര്യങ്ങളോരോന്നും ആലോചിച്ചവൾ കിടന്നു...ജിത്തുവിനോട് പ്രണയം തോന്നിയതും അവനെ മാത്രം മനസ്സിൽ നിനച്ച് രാവും പകലും തള്ളി നീക്കിയതും അങ്ങനെയെല്ലാം...തൻവിയുമായുള്ള വിവാഹം നിശ്ചയിച്ചെന്നറിഞ്ഞ നിമിഷമായിരുന്നു താനേറ്റവും വേദന അനുഭവിച്ചത്... ഓർക്കുമ്പോൾ ഇപ്പോഴും മനസ്സ് വിങ്ങുന്ന പോലെ... പിന്നീട് നടന്നതെല്ലാം അവിചാരിതമായിട്ടുള്ള കാര്യങ്ങളാണെങ്കിലും ജിത്തേട്ടന്റെ താലി കഴുത്തിലേറിയ വേളയിൽ താനേറെ സന്തോഷിച്ചിരുന്നു... തിരിച്ചൊരു പുഞ്ചിരി കിട്ടില്ലെന്നറിഞ്ഞിട്ടും ആ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി നിന്നിട്ടുണ്ട്... അവഗണനയുടേയും വെറുപ്പിന്റെയും നാളുകൾ എങ്ങനെ അതിജീവിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല...

എല്ലാത്തിനും ഒടുവിൽ എന്റെ പ്രണയം ഏറ്റുവാങ്ങാൻ ഒരുങ്ങിയ ജിത്തേട്ടന്റെ ഹൃദയത്തെ അവഗണിക്കാൻ തോന്നിയില്ല... കഴിഞ്ഞുപോയതെല്ലാം ഒരു ചുംബനത്തിലൂടെ തന്നിൽ നിന്നും മായ്ച്ചു കളയുമ്പോൾ ആ ഇടുങ്ങിയ ചെറിയ കണ്ണുകളിൽ താനും അടിമപ്പെട്ടു പോയിരുന്നു.... പ്രണയം സത്യമാണേൽ അത് നമ്മളിലേക്ക് തന്നെ എത്തിച്ചേരുമെന്ന് പറയുന്നത് എത്രയോ ശെരിയാണ്... അവളൊരു പുഞ്ചിരിയോടെ തിരിഞ്ഞ് ജിത്തുവിനെ നോക്കിക്കിടന്നു... അവന്റെ ശാന്തമായ മുഖത്തേക്ക് നോക്കി കിടക്കുമ്പോൾ അവളുടെയുള്ളിൽ അവനോടുള്ള പ്രണയം കൂടുതൽ കൂടുതൽ ആഴത്തിൽ പതിയുകയായിരുന്നു.........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story