നീയും ഞാനും.. 🧡 ഭാഗം 75

neeyum njanjum shamseena

രചന: ശംസീന

നേരം പുലരുന്നതിന് മുന്നേയുള്ള അലാറത്തിന്റെ ശബ്ദം കേട്ടാണ് ജിത്തു കണ്ണുകൾ തുറന്നത്... സമയം നോക്കുമ്പോൾ അഞ്ചു മണി.. ഇതാരാ ഈ നേരത്ത് അലാറം വെച്ചതെന്ന് മനസിലാവാതെ അത് ഓഫ്‌ ചെയ്ത് വീണ്ടും തിരിഞ്ഞു കിടന്ന് പാറുവിനെ കെട്ടിപ്പിടിക്കാൻ തുനിഞ്ഞതും അവൾ പിടഞ്ഞു മാറി.. "നീയെങ്ങോട്ടാ ഓടുന്നേ... " തലയൊന്നുയർത്തി സംശയത്തോടെ ചോദിച്ചു... "ഞാൻ കുളിക്കാൻ.. എന്നിട്ട് വേണം കിച്ചണിൽ കയറാൻ... " "നിന്റെ തലക്കെന്താ വെളിവില്ലെ..വെട്ടം പോലും വീണിട്ടില്ല, അതിന് മുന്നേ അടുക്കളയിലോട്ട് ഓടാൻ.." അവൻ നെറ്റിച്ചുളിച്ചു എഴുന്നേറ്റിരുന്നു.. "കുളിക്കുന്നത് ഓക്കേ,, പക്ഷേ അടുക്കളയിൽ നീ അതും ഇത്ര രാവിലെ... ഇമ്പോസിബിൾ..." വിശ്വാസം വരാത്തത് പോലെ അവൻ തലയൊന്ന് കുടഞ്ഞു..

"ഇമ്പോസിബിൾ ആണോ പോസിബിൾ ആണോ എന്നൊക്കെ എന്റെ മാഷ് കണ്ടറിഞ്ഞോ...ഇപ്പൊ ഞാനെന്തായാലും ചെല്ലട്ടെ..." അവന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചവൾ ബാത്‌റൂമിലേക്ക് കയറി.. "മനുഷ്യന്റെ ഉറക്കവും പോയി.. കാര്യം പറഞ്ഞിട്ട് പോടി... " ജിത്തു വിളിച്ചു ചോദിച്ചെങ്കിലും അവളപ്പോഴേക്കും ഷവർ ഓൺ ചെയ്ത് കുളി തുടങ്ങിയിരുന്നു... കുറച്ച് കഴിഞ്ഞതും അവളിറങ്ങി വന്നു... സാധാരണ ടി ഷർട്ടും ആഫ് സ്കെർട്ടും ധരിച്ചു വരാറുള്ള പാറു അന്ന് ചുരിദാർ ധരിച്ചാണ് ഇറങ്ങിയത്.. നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്... അവളുടെ പുതിയ മാറ്റങ്ങൾ കണ്ട് ജിത്തുവിന്റെ കണ്ണൊന്നു മിഴിഞ്ഞു...അവൻ താടിക്കും കൈകൊടുത്ത് അവളെ തന്നെ നോക്കിയിരുന്നു... "എന്തിയേ ഇങ്ങനെ നോക്കുന്നേ.. " നെറ്റിയിൽ സിന്ദൂരം തൊട്ട് അവനെ തിരിഞ്ഞു നോക്കി ചോദിച്ചു... "കുഞ്ഞു കളി മാറാത്ത എന്റെ ഭാര്യയുടെ പുതിയ ശീലങ്ങൾ കണ്ട് നോക്കിയിരുന്നതാ..

ഇനി വല്ല കാക്കയോ മറ്റോ മലർന്നു പറന്നാലോ.." "ജിത്തേട്ടാ..." അവന്റെ പറച്ചിലും ഭാവവുമെല്ലാം കണ്ടവൾ നിന്ന് തുള്ളി.. "ഓ ഞാൻ വിട്ട്.. നീ എന്താന്ന് വെച്ചാ ആയിക്കോ.. " കൈകൂപ്പി തൊഴുതവൻ കട്ടിലിലേക്ക് തന്നെ കിടന്നു.. "അതേയ്... " പാറു അവനെ തോണ്ടി... "മ്മ്.. " കണ്ണടച്ചവനും മൂളി.. "ജിത്തേട്ടനും ആഗ്രഹമുണ്ടാവില്ലേ നല്ലൊരു ഭാര്യയായിട്ടെന്നെ കാണാൻ.." "അങ്ങനെ ഒരത്യാഗ്രഹവും എനിക്കില്ല മോളെ... " പറഞ്ഞിട്ടവനൊന്ന് ഇളകി കിടന്നു.. "ജിത്തേട്ടാ..." അവൾ ചിണുങ്ങി.. "മ്മ് ബാക്കി പറ.. " "രാവിലെ എഴുന്നേറ്റു വരുമ്പോൾ ഞാനിട്ട് കൊണ്ടു വരുന്ന ചായകുടിക്കാനും അലക്കി തേച്ച വസ്ത്രം ധരിക്കാനുമൊക്കെ... " "തേപ്പിന്റെ കാര്യം നീ ഓർമിപ്പിക്കല്ലേ...കഴിഞ്ഞ തവണത്തെ ലീവിന് വന്നിട്ട് തിരിച്ചുപോവുമ്പോ എന്റെ ആയിരത്തി അഞ്ഞൂറ് രൂപ വിലവരുന്ന ഷർട്ടാ നീ കരിച്ചു കളഞ്ഞത്.." "അത് പിന്നെ ഒരബദ്ധം ഏത് ബുദ്ധിമാനും പറ്റുമല്ലോ..."

അവൾ അവനെ നോക്കി ഇളിച്ചു.. "പക്ഷേ നിനക്ക് പറ്റുന്നത് മൊത്തം അബദ്ധമാണെന്ന് മാത്രം..." അവൻ ചിരി കടിച്ചു പിടിച്ചവളെ നോക്കി... "ദേ മനുഷ്യാ..വല്ലാതങ്ങ് ഓവറാക്കിയാലുണ്ടല്ലോ രാവിലത്തെ ചായയിൽ ഞാൻ വിമ്മ് കലക്കിത്തരും പറഞ്ഞില്ലെന്ന് വേണ്ടാ.." അവന് നേരെ വിരൽചൂണ്ടി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടവൾ പുറത്തേക്ക് നടന്നു.. "മനുഷ്യനെ നന്നാവാനും സമ്മതിക്കില്ല... " പോവുന്നതിനിടക്കവൾ പിറുപിറുത്തു... "പാറൂസേ എനിക്ക് എട്ടരക്കിറങ്ങണം കേട്ടോ... അടുക്കള ഭരണം നീ ഏറ്റെടുത്ത സ്ഥിതിക്കെന്റെ കഞ്ഞികുടി മുട്ടിക്കരുത്.. " കളിയാക്കി പറയുന്നവനെ നോക്കി കൊഞ്ഞനം കുത്തി താഴേക്കോടി... ടീച്ചറമ്മ എണീറ്റിട്ടുണ്ടായിരുന്നില്ല..നേരെ അടുക്കളയിലേക്ക് ചെന്ന് ചായക്കുള്ള വെള്ളം വെച്ചു...വെള്ളം തിളച്ചതും പൊടിയും മധുരവും ചേർത്ത് ഫ്ലാസ്കിലേക്ക് ഒഴിച്ചു വെച്ചു... ഗ്രീൻ പീസ് തലേന്ന് വെള്ളത്തിലിട്ടു വെച്ചിട്ടുണ്ടായിരുന്നു..

അതെടുത്ത് കഴുകി കുക്കറിലിട്ട് അടുപ്പിലേക്ക് വെച്ചു... ഇടിയപ്പത്തിനുള്ള മാവും തയ്യാറാക്കി... വിസിലടിക്കുന്ന ശബ്‍ദം കേട്ടാണ് ടീച്ചർ എഴുന്നേറ്റ് വന്നത്... "നീയെന്താ മോളെ ഈ ചെയ്യുന്നേ... " അടുക്കളയിൽ നിൽക്കുന്ന പാറുവിനെ കണ്ടവർ തിരക്കി... "ഒന്നുല്ലന്നെ...ടീച്ചറമ്മ പോയി കുറച്ചു നേരം കൂടെ കിടന്നോ.. " പറഞ്ഞതിനൊപ്പം അവൾ കുക്കർ അടുപ്പിൽ നിന്നും ഇറക്കി വെച്ചതും അടുത്തിരുന്ന് ചൂടായിരുന്ന ഇഡലി ചെമ്പിൽ കൈ കൊണ്ടു.. "ആഹ്.. " നിലവിളിയോടെ കുക്കർ സ്ലേബിലേക്കിട്ടു.. "അയ്യോ എന്തു പറ്റി.. " ടീച്ചർ അടുത്തേക്കോടി വന്നു കൈ നോക്കി... തൊലി ചുവന്നു കിടപ്പുണ്ടായിരുന്നു.. പൈപ്പിൻ ചുവട്ടിലേക്ക് നീട്ടി വെള്ളം തിരിച്ചതും അവളെരി വലിച്ചു കണ്ണുകൾ മൂടി.. "അറിയാത്ത പണിക്ക് നിൽക്കേണ്ട ആവശ്യമുണ്ടോ നിനക്ക്.. ഞാൻ ചെയ്യത്തില്ലേ ഇതൊക്കെ... "

കയ്യിൽ തേൻ പുരട്ടി കൊടുക്കുന്നതിനിടയിലവർ ശകാരിച്ചു..ഒപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു.. "ഇനി അവിടെ എവിടേലും പോയിരിക്ക്.. ഈ പരിസരത്ത് കണ്ടു പോവരുത്... " ടീച്ചർ കണ്ണുരുട്ടി.. "വേണ്ടമ്മേ ..ഇനി ഇങ്ങനെ പറ്റില്ല. ഞാൻ ശ്രദ്ധിച്ചോളാം... ഇത്ര കാലം ടീച്ചറമ്മയെല്ലാം ഒറ്റക്ക് ചെയ്തില്ലേ ഇനി ഞാൻ ചെയ്യാം പ്ലീസ്..." അവൾ കൊഞ്ചി.. "മ്മ് കൊഞ്ചണ്ട.. ഇനി ഇങ്ങനെ വല്ലതും സംഭവിച്ചാൽ പൂച്ചകുഞ്ഞിനെ തൂക്കുന്ന പോലെ ചെവിയിൽ പിടിച്ചു നിന്നെ ഞാൻ അടുക്കളയിൽ നിന്ന് പുറത്തിടും.. " ചിരിയോടെ പറഞ്ഞിട്ട് ടീച്ചറവിടെ നിന്നും പോയി... പാറു തന്റെ ജോലിയിലേക്ക് തിരിഞ്ഞു... ജിത്തുവിന് കോളേജിലേക്ക് കൊടുത്തു വിടാനുള്ള ഉച്ചക്കത്തെ ചോറും കൂടെ പാത്രത്തിലാക്കി കഴിഞ്ഞതും ഒരുവിധം പണികളൊക്കെ ഒരുങ്ങി...

അപ്പോഴേക്കും ജിത്തു റെഡിയായി താഴേക്ക് വന്നിരുന്നു... അവൾ ഇടിയപ്പവും കറിയും കൊണ്ടു വന്നു വെച്ചു... എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു... ആദ്യമായിട്ട് ഉണ്ടാക്കിയത് കാരണം പാറു അവരുടെ മുഖത്തേക്ക് നോക്കി എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാൻ.. ആരുമൊന്നും പറയുന്നില്ലെന്ന് കണ്ടതും അവൾ കഴിപ്പ് തുടർന്നു.. കറിയിൽ ഉപ്പ് കൂടിയ കാര്യം മനസ്സിലായിട്ടും അവൾക്ക് വിഷമമാവുമെന്ന് അവരൊന്നും മിണ്ടിയില്ല... ടീച്ചർ ജിത്തുവിനെ നോക്കിയപ്പോൾ അവൻ കണ്ണുകൾ ചിമ്മി മിണ്ടരുതെന്ന് പറഞ്ഞു.. കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നിട്ടും പാറു ജിത്തുവിനടുത്ത് തത്തി തത്തി നിന്നു.. "എന്താടോ... " അവൻ വാത്സല്യത്തോടെ ചോദിച്ചു.. "ബ്രേക്ക്‌ ഫാസ്റ്റ് നന്നായിരുന്നോ.... "

"മ്മ്.. നന്നായിരുന്നു... ഞാനിറങ്ങട്ടെ ഇപ്പൊ തന്നെ വൈകി..." കസേരയിലിരുന്ന ബാഗെടുത്ത് ജിത്തു പുറത്തേക്ക് നടന്നു... പാറു ഓടിച്ചെന്നു അടുക്കളയിൽ നിന്നും ടിഫിൻ എടുത്തിട്ട് വന്നു.. "ജിത്തേട്ടാ... " ബൈക്കിൽ കയറാനൊരുങ്ങുന്നവനെ വിളിച്ച് ടിഫിൻ ബാഗിലേക്ക് വെച്ചു കൊടുത്തു... "പോയിട്ട് വരാം.. " അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ച് യാത്ര പറഞ്ഞിട്ടവൻ കോളേജിലേക്ക് പോയി.... ഉച്ചക്കത്തെ കറിക്കെന്തെങ്കിലും കിട്ടുമോ എന്നറിയാൻ ടീച്ചർ ജിത്തുവിന്റെ പച്ചക്കറി തോട്ടത്തിലേക്കിറങ്ങി... ഒരു വീട്ടിലേക്കാവശ്യമായ അത്യാവശ്യം പച്ചക്കറിയൊക്കെ അവനവിടെ നട്ട് നനച്ചുണ്ടാക്കിയിരുന്നു... പാറു ആ സമയം കൊണ്ട് മറ്റു പണികളൊക്കെ തീർത്തു.. അകം പണി കഴിഞ്ഞ് മുറ്റം തൂക്കുമ്പോഴാണ് ഇടവഴിയിലൂടെ പോവുന്ന മീരയെ കണ്ടത്.. "മീരേ.. " അവളോടി ഗേറ്റിനടുത്തേക്ക് ചെന്നു... "നേരമില്ലെടി പെണ്ണേ.. ഞാൻ വൈകീട്ട് വരാം... "

ബസിന്റെ ഹോണടി കേട്ടതും ഉറക്കെ വിളിച്ചു പറഞ്ഞിട്ട് മീര പാടത്തേക്കിറങ്ങി ഓടി... ****** ദിവസങ്ങൾ പോകെ പാറു ജിത്തുവിന് നല്ലൊരു ഭാര്യയും ടീച്ചർക്ക് നല്ലൊരു മരുമകളും ആവാനുള്ള പരിശ്രമം തുടർന്നു കൊണ്ടേയിരുന്നു.. അതിന്റെ ഫലമായി കയ്യിലെ പൊള്ളലിന്റെയും വിരലുകളിലെ മുറിവുകളുടെയും എണ്ണം വർധിച്ചു... പലപ്പോഴും ജിത്തുവും ടീച്ചറും ഇതേ ചൊല്ലി കണ്ണ് പൊട്ടുന്ന ചീത്ത പറയുമെങ്കിലും അവളതൊന്നും കാര്യമാക്കാറില്ല...അവർക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളിലുമവൾ സന്തോഷം കണ്ടെത്തിയിരുന്നു... "മോളെ.. ഞാൻ ക്ഷേത്രത്തിലോട്ടൊന്ന് പോകുവാ.. ജിത്തു എണീറ്റാൽ തൈ കൾക്കൊക്കെ വെള്ളം നനച്ചിടാൻ പറയണം... " അവരോർമപ്പെടുത്തി.. "ഞാൻ നനച്ചോ... " പാതിയിൽ നിർത്തി നാക്ക് കടിച്ചവൾ അബദ്ധം പറ്റിയ പോലെ അവരെ നോക്കി... ടീച്ചറവളെ ദഹിപ്പിച്ചൊന്ന് നോക്കി പുറത്തേക്കിറങ്ങി..

വേറൊന്നുമല്ല കഴിഞ്ഞയാഴ്ച വെള്ളം നനക്കാനാണെന്നും പറഞ്ഞ് തൊടിയിലേക്കിറങ്ങിയ പാറു വീട്ടിലേക്ക് വന്നത് ഞൊണ്ടി ഞൊണ്ടിയാണ്...കാല് മറിഞ്ഞു തൊടിയിൽ വീണു... വേദന കാരണം രാത്രിക്ക് രാത്രി ജിത്തു അവളേയും കൊണ്ട് ഹോസ്പിറ്റലിലേക്കോടി...മൂന്ന് ദിവസമാണ് ബാൻഡേഡ്ജും ചുറ്റിയവൾ കിടന്നത്... ടീച്ചർ പോയതും ഉമ്മറത്തെ വാതിലടച്ച് തേങ്ങ ചിരവാൻ നിന്നു... അവധി ദിവസമായത് കൊണ്ട് വൈകി എഴുന്നേറ്റു വന്ന ജിത്തു തേങ്ങ ചിരവുന്നവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു കഴുത്തിലേക്ക് മുഖമമർത്തി.. അവളൊന്ന് പിടഞ്ഞു പോയി...വീണ്ടുമവൻ മുഖമിട്ടുരസിയതും കുറുകി കൊണ്ടവൾ നെഞ്ചിലേക്ക് ചാരി... രാവിലെ തന്നെയുള്ള പെണ്ണിന്റെ ദേഹത്തെ ഇളം തണുപ്പും ചന്ദ്രിക സോപ്പിന്റെ മനം മടുപ്പിക്കുന്ന ഗന്ധവും അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു..പൊടുന്നനെ തിരിച്ചു നിർത്തി അധരങ്ങൾ കവർന്നെടുക്കുമ്പോൾ ഇരുവരും ഏതോ മായിക ലോകത്തെത്തിയിരുന്നു...

ഏറെ നേരം നീണ്ടു നിന്ന ചുംബനത്തിനൊടുവിൽ അവളുടെ തണുത്തു വിറങ്ങലിച്ച ചുണ്ടിൽ തന്റെ അധരങ്ങളാൽ മുദ്ര ചാർത്തിയവൻ അകന്നു മാറി.. "സ്സ്.. " അവളറിയാതെ എരി വലിച്ചു...വിരല് കൊണ്ട് ചുണ്ടു പിളർത്തി മുറിവുണ്ടോയെന്ന് നോക്കുന്നവളെ വലിച്ചു നെഞ്ചോട് ചേർത്തു.. "വൈകുന്നേരം റെഡിയായി നിൽക്ക്.. കുഞ്ഞിനെ കാണാൻ പോവാം.. " കാതോരം കാറ്റുപോലെ പറഞ്ഞിട്ടവൻ അടുക്കള വഴി തൊടിയിലേക്കിറങ്ങി... കുഞ്ഞിനെ കാണാൻ പോവാമെന്ന് പറഞ്ഞതും പാറു വേഗത്തിൽ പണികൾ തീർക്കാനൊരുങ്ങി... അവളുടെ ഉത്സാഹം കാണെ ജിത്തുവിന്റെ ചൊടികളും എന്തിനോ വേണ്ടി പുഞ്ചിരി പൊഴിച്ചു........കാത്തിരിക്കൂ......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story